ക്രൈസ്തവർക്കെതിരായ ആക്രമണങ്ങളിൽ ബിജെപിക്ക് പരോക്ഷ വിമർശനവുമായി തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. മതവും രാഷ്ട്രീയവും സഖ്യം ചേരുമ്പോൾ നിഷ്കളങ്കർ ആക്രമിക്കപ്പെടുന്നുവെന്ന് ജബൽപ്പൂരും മണിപ്പൂരും പരാമർശിച്ച് അദ്ദേഹം പറഞ്ഞു. സ്വന്തം മതത്തിൽ വിശ്വസിക്കാനുളള അവകാശം നിഷേധിക്കപ്പെടുകയാണെന്നും കണ്ണൂരിൽ ദുഃഖവെളളി ദിന സന്ദേശത്തിൽ ആർച്ച് ബിഷപ്പ് പറഞ്ഞു.
കോളേജ് അധ്യാപകർ തന്നെ ചോദ്യ പേപ്പർ വാട്സാപ്പ് വഴി ചോർത്തിയെന്ന് കണ്ണൂർ സർവകലാശാലയുടെ കണ്ടത്തൽ. കാസർകോട് പാലക്കുന്ന് ഗ്രീൻവുഡ് കോളേജിൽ ചോദ്യ പേപ്പർ ചോർത്തിയെന്നാണ് കണ്ടെത്തിയത്. ഇതിന് പിന്നാലെ കണ്ണൂർ സർവകലാശാല അധികൃതർ ഗ്രീൻവുഡ് കോളേജിനെതിരെ പൊലീസിൽ പരാതി നൽകി. സിൻഡിക്കേറ്റ് സമിതിയെ അന്വേഷണത്തിന് നിയോഗിച്ചതായും വൈസ് ചാൻസലർ അറിയിച്ചു. കോളേജിലെ പരീക്ഷാകേന്ദ്രം മാറ്റിയെന്നും കണ്ണൂർ സർവകലാശാല വ്യക്തമാക്കി. ചോദ്യ പേപ്പർ ചോർച്ചയിൽ ജില്ലാ പൊലീസ് മേധാവിക്കും ബേക്കൽ പൊലീസിലും പരാതി നൽകുകയും ചെയ്തിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷ് കണ്ണൂർ സി പി എം ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ദിവ്യ എസ് അയ്യർ നടത്തിയ അഭിനന്ദനവുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് മുതിർന്ന സി പി എം നേതാവ് എ കെ ബാലൻ രംഗത്ത്. ദിവ്യക്കെതിരായ സൈബർ ആക്രമണത്തെ ശക്തമായി അപലപിച്ച ബാലൻ, അവർ ബ്യൂറോക്രസിയിലെ ഉണ്ണിയാർച്ചയെന്നും വിശേഷിപ്പിച്ചു.
നടി വിൻസി അലോഷ്യസിൻ്റെ പരാതിയിൽ നേരിട്ട് വിശദീകരികരണം നൽകാൻ നടൻ ഷൈൻ ടോം ചാക്കോ. തിങ്കളാഴ്ച ഫിലിം ചേംബർ ആസ്ഥാനത്ത് നേരിട്ട് എത്തി കാര്യങ്ങൾ വിശദീകരിക്കുമെന്ന് ഷൈനിനോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. പൊലീസ് അന്വേഷണവുമായും ഷൈൻ സഹകരിക്കും. വിൻസിയുടെ പരാതിയിൽ തന്റെ വിശദീകരണം അറിയിക്കാനാണ് ഷൈനിൻ്റെ നീക്കം. തിങ്കളാഴ്ചയാണ് പരാതി അന്വേഷിക്കുന്ന മോണിറ്ററിംഗ് കമ്മിറ്റി യോഗം ചേരുന്നത്.
പോലീസില്‍നിന്ന് ലഭിച്ച നോട്ടീസ് പ്രകാരം ഷൈന്‍ ടോം ചാക്കോ ശനിയാഴ്ച വൈകീട്ട് മൂന്നുമണിക്ക് എറണാകുളം നോര്‍ത്ത് സ്റ്റേഷനില്‍ ഹാജരാവുമെന്ന് പിതാവ് സി.പി. ചാക്കോ. കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍നിന്ന് ഇറങ്ങി ഓടിയതുമായി ബന്ധപ്പെട്ടാണ് വിളിച്ചുവരുത്തിയതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
മണ്ണടിഞ്ഞു കൂടി പൊഴി മൂടപ്പെട്ട മുതലപ്പൊഴിയിൽ, അടിയന്തിരമായി മണ്ണ് നീക്കം ചെയ്ത് സമീപ പഞ്ചായത്തുകളെ സംരക്ഷിക്കുന്നതിനുവേണ്ടി സർക്കാരിനൊപ്പം പ്രവർത്തിക്കുന്നതിന് പകരം പ്രദേശത്ത് കലാപം ഉണ്ടാക്കാനാണ് ഒരു കൂട്ടർ ശ്രമിക്കുന്നതെന്ന് മന്ത്രി വി ശിവൻകുട്ടി. കഴിഞ്ഞ ഇരുപത് വർഷത്തിനിടയിൽ കാണാത്ത വിധംപൊഴിയിൽ അസാധാരണമായി മണ്ണിടിഞ്ഞതാണ് പ്രതിസന്ധിക്ക് കാരണമായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലമ്പൂരില്‍ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാനുള്ള അവസാന വട്ട ചര്‍ച്ചകളിലേക്ക് കടന്ന് കോൺഗ്രസ് നേതൃത്വം. പിവി അൻവറുമായി തെരഞ്ഞെടുപ്പ് ചുമതലയുള്ള എപി അനില്‍കുമാര്‍ എംഎല്‍എ ഇന്ന് ചര്‍ച്ച നടത്തി. വിജയ സാധ്യത ഡിസിസി പ്രസിഡൻ്റ് വിഎസ് ജോയ്ക്കാണെന്ന നിലപാട് പിവി അൻവര്‍ ചര്‍ച്ചയില്‍ ആവര്‍ത്തിച്ചു.
നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടാകുന്നതുവരെ മാധ്യമങ്ങളോട് സംസാരിക്കില്ലെന്ന് മുൻ എംഎൽഎയും തൃണമൂൽ കോൺഗ്രസ് നേതാവുമായി പി.വി. അൻവർ. ഫേസ്ബുക്ക് കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. മാധ്യമങ്ങളുമായുള്ള ആശയവിനിമയം താൽക്കാലികമായി നിർത്തിയെന്നും ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ടെന്നും അന്‍വർ കുറിച്ചു.
നടൻ ഷൈൻ ടോം ചാക്കോയുടെ വീട്ടിൽ പൊലീസെത്തി. താരത്തോട് നാളെ എറണാകുളം ടൗൺ നോര്‍ത്ത് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകി. മകൻ നാളെ ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് സ്റ്റേഷനിൽ ഹാജരാകുമെന്നാണ് ഷൈൻ്റെ പിതാവ് നോട്ടീസ് കൈപ്പറ്റിയ ശേഷം മറുപടി നൽകിയതെന്ന് പൊലീസ് പിന്നീട് പ്രതികരിച്ചു.
സംസ്ഥാനത്ത് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ ഇടിമിന്നൽ ജാഗ്രതാ നിർദേശം. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
വയനാട്ടിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് നേരെ ആക്രമണം. ബൈക്കുകളിൽ എത്തിയ മൂന്ന് പേരാണ് ബസിന്റെ ചില്ല് തകർത്തത്. സംഭവത്തിൽ മൂന്ന് പ്രതികളും പിടിയിലായി. മീനങ്ങാടി സ്വദേശികളായ നിഹാൽ, അൻഷിദ്, ഫെബിൻ എന്നിവരാണ് പിടിയിലായത്.ബൈക്ക് നിയന്ത്രണം വിട്ട് റോഡില്‍ നിന്ന് തെന്നിമാറാന്‍ കാരണം ബസാണെന്ന് ആരോപിച്ചാണ് ആക്രമിച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.
സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റിയിൽ നിന്ന് 11 അംഗങ്ങളെ ഉൾപ്പെടുത്തി പുതിയ ജില്ലാ സെക്രട്ടേറിയേറ്റ് രൂപീകരിച്ചു. ഇവരിൽ അഞ്ച് പേർ പുതുമുഖങ്ങളാണ്. എംആർ മുരളി, കെ പ്രേംകുമാർ എംഎൽഎ, സുബൈദ ഇസ്ഹാഖ്, പൊന്നുക്കുട്ടൻ, ടി.കെ നൗഷാദ് എന്നിവരാണ് സെക്രട്ടേറിയേറ്റിലെത്തിയ പുതിയ അംഗങ്ങൾ.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷ്, സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ദിവ്യ എസ് അയ്യർ നടത്തിയ പുകഴ്ത്തൽ സർവീസ് ചട്ട ലംഘനമെന്ന് ചൂണ്ടികാട്ടി യൂത്ത് കോൺഗ്രസ് പരാതി നൽകി. കെ കെ രാഗേഷിനെ പുകഴ്ത്തിയ പോസ്റ്റ്, ദിവ്യ എസ് അയ്യരുടെ സർവീസ് ചട്ടം ലംഘനമാണെന്നും വിഷയത്തിൽ നടപടി വേണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്‍റ് വിജിൽ മോഹനാണ് പരാതി നൽകിയത്.
വഖഫ് നിയമ ഭേദഗതിയെ പിന്തുണച്ച് കാസ (CASA-ക്രിസ്ത്യൻ അലയൻസ് ആൻ്റ് അസോസിയേഷൻ ഫോർ സോഷ്യൽ ആക്ഷൻ) സുപ്രീം കോടതിയിൽ. കേരളത്തിൽ നിന്ന് നിയമത്തെ പിന്തുണച്ച് സുപ്രീം കോടതിയെ സമീപിക്കുന്ന ആദ്യ സംഘടനയാണ് കാസ. വഖഫ് ഭേദഗതി നിയമം മുനമ്പം നിവാസികളെ സംബന്ധിച്ചെടുത്തോളം നിർണ്ണായകമെന്ന് കാസ പറയുന്നു. സുപ്രീം കോടതിയിൽ നിന്ന് ഉണ്ടാകുന്ന ഏത് തീരുമാനവും മുനമ്പം നിവാസികൾക്ക് നിർണ്ണായകമാണെന്നും മുസ്ലിം ലീഗ് ഫയൽ ചെയ്ത ഹർജിയിൽ കക്ഷി ചേരാനുള്ള അപേക്ഷയിൽ കാസ നിലപാടെടുത്തു.
നാല് വയസുകാരൻ അപകടത്തിൽ മരിച്ച സംഭവത്തിൽ കോന്നി ആനകൂട് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ. ഗാർഡൻ ഫെൻസിങിൻ്റെ ഭാഗമായി സ്ഥാപിച്ച കോൺക്രീറ്റ് തൂൺ ഇളകി വീണാണ് അപകടം നടന്നത്. അടൂർ കടമ്പനാട് സ്വദേശി അഭിരാം ആണ് മരിച്ചത്. ഇന്ന് രാവിലെ ആനകളെ കാണാനായി കുടുംബത്തോടൊപ്പം എത്തിയതായിരുന്നു കുട്ടി. ഗുരുതരമായി പരുക്കേറ്റ അഭിരാമിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പ്രശസ്ത ഹൃദ്രോഗ വിദഗ്ധൻ ഡോ മാത്യൂ സാമുവേൽ കളരിക്കൽ അന്തരിച്ചു. 77 വയസായിരുന്നു. ഇന്ത്യയിൽ ആഞ്ജിയോപ്ലാസ്റ്റിയുടെ പിതാവ് എന്നാണ് ഇദ്ദേഹത്തെ ആതുര ശുശ്രൂഷ രംഗത്ത് വിശേഷിപ്പിച്ചിരുന്നത്. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം .
ബിജെപിയെ വീണ്ടും വെല്ലുവിളിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ഡൽഹിയിൽ നിന്നുള്ള ഒരു ശക്തിക്കും ഒരിക്കലും ഒരു ദക്ഷിണേന്ത്യൻ സംസ്ഥാനം ഭരിക്കാൻ കഴിയില്ലെന്ന് എംകെ സ്റ്റാലിൻ തുറന്നടിച്ചു. 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയും എഐഎഡിഎംകെയും അടുത്തിടെ വീണ്ടും ഒന്നിച്ച പശ്ചാത്തലത്തിലാണ് സ്റ്റാലിന്റെ പ്രസ്താവന.
വഖഫ് ഭേദഗതി ബില്ലിൽ സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവിന്റെ ക്രെഡിറ്റിനെ ചൊല്ലി തമിഴ്നാട്ടിൽ രാഷ്ട്രീയപ്പോര്. ബില്ലിനെതിരെ സുപ്രീം കോടതിയിൽ ഹർജി നൽകിയതിന്‍റെ പേരിൽ ഡി എം കെയും, നടൻ വിജയ് യുടെ പാർട്ടിയായ ടി വി കെയുമാണ് അവകാശവാദം ഉന്നയിക്കുന്നത്. ഫാസിസ്റ്റ് സർക്കാരിന്‍റെ ഭരണഘടനാ വിരുദ്ധമായ നടപടിയെ നിയമപോരാട്ടത്തിലൂടെ തോൽപ്പിച്ചെന്ന് അവകാശപ്പെട്ട് ടി വി കെയാണ് ആദ്യം രംഗത്തെത്തിയത്.
കർണാടകയിൽ സർക്കാർ കരാറുകളിൽ മുസ്ലിം സംവരണം നൽകുന്ന ബിൽ ഗവർണർ രാഷ്ട്രപതിക്ക് അയച്ചതിൽ നടപടി വൈകിയാൽ സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചേക്കും. ബില്ലുകളിൽ ഗവർണർമാരും രാഷ്ട്രപതിയും മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി വിധിച്ചതിന്‍റെ പശ്ചാത്തലത്തിലാണിത്. ഗവർണർ ബില്ല് നിയമമാക്കുന്നത് വൈകിപ്പിക്കുകയാണെന്നാരോപിച്ചാകും കോടതിയെ സമീപിക്കുക.
രോഹിത് വെമുല നിയമം എത്രയും പെട്ടെന്ന് നടപ്പാക്കണമെന്നാവശ്യപ്പെട്ട് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് രാഹുൽ ഗാന്ധി കത്ത് നൽകി. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ദളിത്, ആദിവാസി വിദ്യാർത്ഥികൾ വിവേചനം നേരിടുന്നത് അംഗീകരിക്കാനാകില്ലെന്നും നിയമം ഉടൻ നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ട്, അംബേദ്കർ ജയന്തി ദിവസമാണ് രാഹുൽ ഗാന്ധി കത്ത് അയച്ചത്. കത്ത് സമൂഹമാധ്യമങ്ങളിൽ പങ്ക് വച്ച രാഹുൽ, നിയമം എത്രയും പെട്ടെന്ന് നടപ്പാക്കണമെന്നും ആവശ്യപ്പെട്ടു.
ഹിമാചൽപ്രദേശിലെ ചീഫ്സെക്രട്ടറി നടത്തിയ ആഡംബര പാർട്ടി വിവാദത്തിൽ. മാർച്ച് 31 ന് വിരമിക്കേണ്ടിയിരുന്ന ചീഫ് സെക്രട്ടറി പ്രബോധ് സക്‌സേനയ്ക്ക് ആറ് മാസത്തെ കാലാവധി നീട്ടി നൽകിയതിനെത്തുടർന്ന് നടത്തിയ പാർട്ടിയിലെ ഭക്ഷണത്തിന്റെ ബിൽ ആണ് വിവാദത്തിലായിരിക്കുന്നത്. ഷിംലയിലെ ഹിമാചൽ ടൂറിസത്തിന്റെ ഫ്ലാഗ്ഷിപ്പ് ഹോട്ടലായ ഹോളിഡേ ഹോമിലാണ് പ്രബോധ് സക്‌സേന ഹോളി പാർട്ടി നടത്തിയത്.
ജെഎൻയു സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പ് പ്രക്രിയകൾ താൽക്കാലികമായി നിർത്തിവെച്ചു. കഴിഞ്ഞ ദിവസം ക്യാമ്പസിൽ ഉണ്ടായ സംഘർഷങ്ങൾ കണക്കിലെടുത്താണ് ഇലക്ഷൻ കമ്മിറ്റിയുടെ തീരുമാനം. സ്ഥാനാർത്ഥികളുടെ അവസാനഘട്ട പട്ടിക പുറത്തുവിടുന്നതും മാറ്റിവെച്ചു.