night news hd 13

ഇന്ത്യയുടെ കാലാവസ്ഥ നിരീക്ഷണ ഉപഗ്രഹമായ INSAT-3DS ഭ്രമണപഥത്തിൽ. ജിഎസ്എൽവി എഫ് 14 റോക്കറ്റ് മൂന്ന് സ്റ്റേജുകളും വിജയകരമായി പൂർത്തിയാക്കി. ദൗത്യം വിജയകരമാണെന്നും ഇൻസാറ്റ് ത്രീ ഡിഎസ് നൂതന സങ്കേതങ്ങളുള്ള സാറ്റലൈറ്റാണെന്നും ഐഎസ്ആർഒ ചെയർമാൻ എസ്. സോമനാഥ് പ്രതികരിച്ചു.

കാട്ടാന അക്രമണത്തിൽ ഒരാഴ്ചക്കിടെ രണ്ടുപേർ കൊല്ലപ്പട്ടതിൽ പ്രതിഷേധിച്ച് വയനാട് ഇന്ന് നടന്ന ഹർത്താലിനിടെയുള്ള സംഘർഷങ്ങളിൽ കേസെടുക്കാൻ പൊലീസ് തീരുമാനം. പുൽപ്പള്ളിയിൽ അരങ്ങേറിയ അക്രമ സംഭവങ്ങളിൽ ജാമ്യമില്ല വകുപ്പുകൾ പ്രകാരമായിരിക്കും പൊലീസ് കേസ് എടുക്കുക

വയനാട്ടിൽ വന്യജീവി ആക്രമണത്തിൽ പൊറുതുമുട്ടിയ ജനതയുടെ രോഷം ദേശീയ ശ്രദ്ധയാകർഷിക്കുന്നു. ഒരാഴ്ചക്കിടെ രണ്ട് പേർക്ക് ജീവൻ നഷ്ടമായത്. ദേശീയ തലത്തിലേക്ക് വിഷയം ഉയർന്നതോടെ സ്ഥലം എം പിയും കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷനുമായ രാഹുൽ ഗാന്ധിയും ഭാരത് ജോ‍ഡോ ന്യായ് യാത്രക്ക് ഇടവേള നൽകി വയനാടൻ ജനതക്കൊപ്പമെത്തും.

വയനാട്ടിൽ തുടര്‍ച്ചയായി ഉണ്ടാകുന്ന വന്യജീവി ആക്രമണങ്ങളിൽ വനംവകുപ്പ് നടപടിയുണ്ടാകാത്തതിനെതിരെ അണപൊട്ടി ജന രോഷം. കഴിഞ്ഞ ദിവസം കാട്ടാന ചവിട്ടിക്കൊന്ന പാക്കം സ്വദേശി പോളിന്‍റെ മൃതദേഹവുമായി പുൽപ്പള്ളിയിൽ ജനക്കൂട്ടം മണിക്കൂറുകൾ പ്രതിഷേധിച്ചു. പ്രതിഷേധം സംഘര്‍ഷത്തിലേക്ക് നീങ്ങിയതോടെ പുൽപള്ളി പഞ്ചായത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

വയനാട് പുൽപ്പളളിയിൽ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട പോളിന്റെ കുടുംബത്തിന് 50 ലക്ഷം നഷ്ടപരിഹാരത്തിന് സർക്കാരിനോട് ശുപാർശ ചെയ്യും. ഇൻഷുറൻസ് തുക ഒരു ലക്ഷം അടക്കം 11 ലക്ഷം ഉടൻ നൽകും.  ഭാര്യക്ക് ജോലിയും നൽകാൻ പുൽപ്പളളി പഞ്ചായത്തിൽ നടന്ന ഉന്നതതലയോഗത്തിൽ തീരുമാനമായി.  കനത്ത പ്രതിഷേധത്തിനിടെയാണ് തീരുമാനം.

വയനാട്ടിലെ വന്യജീവി ആക്രമണത്തെ തുടര്‍ന്നുണ്ടായ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേര്‍ന്നു. വന്യമൃഗങ്ങള്‍ ജനവാസ മേഖലയില്‍ വരുന്നത് കണ്ടെത്താന്‍ 250 പുതിയ ക്യാമറകള്‍ കൂടി സ്ഥാപിക്കും. ആവശ്യമുള്ള ഇടങ്ങളില്‍ പൊലിസ്, വനംവകുപ്പ് ജീവനക്കാരുടെ സാന്നിധ്യം  ശക്തിപ്പെടുത്താനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

വയനാട്ടിലെ സാഹചര്യം സംബന്ധിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണില്‍ സംസാരിച്ചു. ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണമെന്നും വന്യജീവി അക്രമത്തില്‍ നിന്ന് ജനങ്ങള്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. സ്ഥിതിഗതികള്‍ കൈവിട്ടു പോകാതിരിക്കാന്‍ സര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തണമെന്നും പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

എക്സാലോജിക് – സിഎംആർഎൽ ഇടപാടുകളിൽ സിഎഫ്ആഒ അന്വേഷണം തുടരാമെന്ന വിധിയിൽ വീണ വിജയന് കുരുക്കായി ഹൈക്കോടതി പരാമർശങ്ങൾ. നിയമപരമായാണ് കേസ് സിഎഫ്ആഒയ്ക്ക് കൈമാറിയത്. അന്വേഷണ ഏജൻസികൾ ഇടപാടുകളിൽ നിയമലംഘനമുണ്ടെന്ന് കണ്ടെത്തിയെങ്കിൽ തുടരന്വേഷണത്തിന് കൂച്ചുവിലങ്ങിടില്ലെന്ന് ഹൈക്കോടതി വിധി.

മാസപ്പടി വിവാദത്തിൽ കൂടുതൽ രേഖകൾ പുറത്ത് വിട്ട് മാത്യു കുഴൽ നാടൻ എംഎൽഎ. കമ്പനി നഷ്ടത്തിലാണെന്നും ഇൽമനൈറ്റ് ലഭ്യമാക്കാൻ മുഖ്യമന്ത്രിയുടെ ഇടപെടൽ തേടിയും 2017ൽ മുഖ്യമന്ത്രിക്ക് സിഎംആർഎൽ നിവേദനം സമർപ്പിച്ചതായും കുഴൽനാടൻ പറഞ്ഞു.കുട്ടനാട് വെള്ളപ്പൊക്കത്തിന്റെ പേരിൽ തോട്ടപ്പള്ളിയിലെ മണൽ  നീക്കം ചെയ്ത്തിലൂടെ സർക്കാരിന് കോടികളുടെ നഷ്ടം ഉണ്ടായി. ഇതിന്റെ ലാഭം കൊയ്തത് സിഎംആർഎൽ ആണെന്നും അതിന്റെ പ്രതിഫലമാണ് എക്‌സാലോജിക്കിന് ലഭിച്ചതെന്നും കുഴൽനാടൻ വ്യക്തമാക്കി.

ശ്രീരുധിരമഹാകാളിക്കാവ് ക്ഷേത്രത്തിലെ പൂരാഘോഷത്തോടനുബന്ധിച്ച് പറ പുറപ്പാട് ചടങ്ങിന്റെ ഭാഗമായുള്ള വെടിക്കെട്ടിന് അനുമതി നിഷേധിച്ചു. വെടിക്കെട്ട് പൊതു പ്രദര്‍ശനത്തിന് ലൈസന്‍സ് അനുവദിക്കുന്നതിനായി സമര്‍പ്പിച്ച അപേക്ഷ എ.ഡി.എം ടി.മുരളി നിരസിച്ച്  ഉത്തരവിട്ടത്.

കൊല്ലത്ത് ലോക്സഭാ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥിയായി നടനും എംഎൽഎയുമായ മുകേഷിൻ്റെ പേര് നിർദ്ദേശിച്ച് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ്. വിഷയത്തിൽ ഏക കണ്ഠമായ തീരുമാനം പാർട്ടി നേതൃത്വത്തെ അറിയിച്ചു. യുഡിഎഫ് സ്ഥാനാർത്ഥിയായി എൻകെ പ്രേമചന്ദ്രനെ നാളെ ഔദ്യോഗികമായി പ്രഖ്യാപിക്കും.

വനം മന്ത്രി എകെ ശശീന്ദ്രനെതിരെ രൂക്ഷ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുല്‍ മാങ്കൂട്ടത്തില്‍. വയനാട്ടിലെ വന്യജീവി ആക്രമണത്തില്‍ വന്യമൃഗങ്ങളും വനംവകുപ്പ് മന്ത്രിയും ഒരുപോലെ ഉത്തരവാദികളാണ്. അട്ടര്‍ വേസ്റ്റായ വനം മന്ത്രിയെ മ്യൂസിയത്തില്‍ പ്രതിഷ്ഠിക്കണമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. വനം മന്ത്രി രാജിവെയ്ക്കും വരെ യൂത്ത് കോണ്‍ഗ്രസ് വഴിയിൽ തടയും. ജനങ്ങളുടെ ജീവനേക്കാള്‍ വലുതല്ല മന്ത്രിയുടെ ആഡംബരമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

സംസ്ഥാനത്ത് ഉയര്‍ന്ന ചൂട് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് പൊതുജനങ്ങള്‍ക്കായി ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.സൂര്യാതപവുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്‌നങ്ങള്‍ യഥാസമയം കണ്ടെത്തി ശരിയായ ചികിത്സ ഉറപ്പുവരുത്തുന്നതിനായി എല്ലാ പി.എച്ച്.സി/സി.എച്ച്.സി മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും, താലൂക്ക്/ജില്ലാ/ജനറല്‍ ആശുപത്രി/മെഡിക്കല്‍ കോളേജ് സൂപ്രണ്ടുമാര്‍ക്കും അടിയന്തിര നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

വന്യമൃഗ ശല്യങ്ങളിൽ കർഷകരുടെ പ്രതിഷേധം സർക്കാർ കേൾക്കുന്നില്ലെന്നും വാച്ചർ പോളിന്റെ മരണത്തിൽ വീഴ്ച സംഭവിച്ചുവെന്നും ബിഷപ്പ് ജോസഫ് പാംപ്ലാനി. എയർ ആംബുലൻസ് സൗകര്യം ഒരുക്കിയില്ല. സർക്കാരിന്റെ കർഷകദ്രോഹ സമീപനം തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും അദ്ദേഹം ആഞ്ഞടിച്ചു.

സംസ്കൃത പണ്ഡിതന്‍ ജഗദ്ഗുരു രാമഭദ്രാചാര്യയ്ക്കും പ്രശസ്ത ഉറുദു കവി ഗുല്‍സാറിനും ജ്ഞാനപീഠം.ഏറ്റവും മികച്ച ഉർദു കവികളിൽ ഒരാളാണ് ഗുൽസാർ. ചിത്രകൂട് ആസ്ഥാനമായുള്ള തുളസീപീഠം സ്ഥാപകനും ഹൈന്ദവാചാര്യനുമാണ് രാമഭദ്രാചാര്യ. ജന്മനാ അന്ധനായ അദ്ദേഹം 100-ൽ അധികം പുസ്തകളുടെയും 50 ലധികം പ്രബന്ധങ്ങളുടെയും രചയിതാവാണ്.

 

 

 

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *