ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്ക് അടുത്ത മാസം തെരഞ്ഞെടുപ്പ്. ഫെബ്രുവരി 16 ന് ത്രിപുരയിലും ഫെബ്രുവരി 27 ന് മേഘാലയിലും നാഗാലാന്‍ഡിലും വോട്ടെടുപ്പ് നടക്കും. മാര്‍ച്ച് രണ്ടിനാണു മൂന്നിടത്തും വോട്ടെണ്ണുന്നത്. മൂന്നിടത്തും മാതൃകാ പെരുമാറ്റ ചട്ടം നിലവില്‍ വന്നതായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കിയതിനാല്‍ ലക്ഷ ദ്വീപ് ലോക്‌സഭാ സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് തിയതിയും പ്രഖ്യാപിച്ചു. ഫെബ്രുവരി 27 നാണു ലക്ഷദ്വീപില്‍ തെരഞ്ഞെടുപ്പ്.
ലക്ഷദീപില്‍ തിരക്കിട്ട് തെരഞ്ഞെടുപ്പു നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍. വധശ്രമക്കേസില്‍ മുന്‍ എംപി ജയിലില്‍ ആയതോടെയാണ് ലക്ഷദ്വീപില്‍ അപ്രതീക്ഷിത തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചത്. ശിക്ഷ നടപ്പാക്കുന്നത് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുഹമ്മദ് ഫൈസല്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. അംഗീകരിച്ചാല്‍ അയോഗ്യത ഇല്ലാതാകും. വിജ്ഞാപനം വരുംമുമ്പേ ഹൈക്കോടതി ഉത്തരവുണ്ടാകുമോയെന്നാണു കണ്ടറിയേണ്ടത്. ക്രിമിനല്‍ കേസില്‍ രണ്ടു വര്‍ഷത്തിലേറെ ശിക്ഷിക്കപ്പെട്ടാല്‍ അംഗത്വത്തില്‍നിന്ന് അയോഗ്യനാക്കാമെന്നാണ് ചട്ടം. 10 വര്‍ഷത്തെ തടവിനു ശിക്ഷിച്ചതിനാലാണ് ലോകസഭ സെക്രട്ടറി മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കിയത്.
സംസ്ഥാനത്തെ ഭക്ഷ്യവിഷബാധ കേസുകളില്‍ എന്തെല്ലാം നടപടിയെടുത്തെന്ന് ഹൈക്കോടതി. ആരോഗ്യ കുടുംബ ക്ഷേമ സെക്രട്ടറിയോട് ചീഫ് ജസ്റ്റിസ് റിപ്പോര്‍ട്ട് തേടി. രണ്ടാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് വേണമെന്നാണു നിര്‍ദ്ദേശം.
ആലപ്പുഴ നഗരസഭയിലെ സിപിഎം കൗണ്‍സിലര്‍ ഷാനവാസിനു ലഹരി, ക്വട്ടേഷന്‍ ബന്ധങ്ങളുണ്ടെന്നു പൊലിസിന്റെ രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. ഷാനവാസിന്റ ബിനാമിയാണു കരുനാഗപ്പള്ളി ലഹരിക്കടത്ത് കേസില്‍ പിടിയിലായ ഇജാസ് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കൊല്ലത്ത് അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ മുഹമ്മദ് സാദിഖ് നിരോധിത സംഘടനയുടെ റിപ്പോര്‍ട്ടറെന്ന് എന്‍ഐഎ. അക്രമിക്കേണ്ട ഇതര സമുദായക്കാരുടെ പേര് ശേഖരിക്കുന്നത് സാദിഖാണ്. ഇതനുസരിച്ചാണ് ഹിറ്റ് സ്‌ക്വാഡ് ആക്രമണം നടത്തുന്നത്. സാദിഖിന്റെ കൊല്ലത്തെ വീട്ടില്‍നിന്ന് രേഖകളും ഡിജിറ്റല്‍ തെളിവുകളും പിടികൂടിയിരുന്നു.
സിറോ മലബാര്‍ സഭ ഭൂമിയിടപാട് സംബന്ധിച്ച ഹര്‍ജികള്‍ സുപ്രീം കോടതി വിധി പറയാന്‍ മാറ്റി. പള്ളികളുടെ ഭൂമിയും ആസ്തിയും വില്‍ക്കാന്‍ ബിഷപ്പുമാര്‍ക്ക് അധികാരമില്ലെന്ന ഹൈക്കോടതി ഉത്തരവിലും തുടര്‍നടപടികളിലും സുപ്രീംകോടതി വാക്കാല്‍ അതൃപ്തി രേഖപ്പെടുത്തി.
രഞ്ജിത്ത് ശ്രീനിവാസന്‍ കൊലക്കേസിന്റെ വിചാരണ ഹൈക്കോടതി ഒരു മാസത്തേക്കു നീട്ടി. കേസ് കോട്ടയത്തേക്ക് മാറ്റണമെന്ന പ്രതികളുടെ ആവശ്യം കോടതി തള്ളി. പ്രതികളുടെ അഭിഭാഷകര്‍ക്കു കോടതിയില്‍ എത്താന്‍ ഭയമാണെന്ന പരാതിയില്‍ അവര്‍ക്കു മാവോലിക്കര കോടതിയില്‍ സുരക്ഷ ഉറപ്പാക്കണമെന്നു കോടതി നിര്‍ദേശിച്ചു.
ശബരിമലയില്‍ എണ്ണി തിട്ടപ്പെടുത്താനാകാത്തത്രയും കാണിക്ക എത്തിയിരിക്കേ, ഹൈക്കോടതി ഇടപെടല്‍. കാണിക്ക എണ്ണലിന്റെ പുരോഗതി അറിയിക്കണമെന്ന് സ്‌പെഷ്യല്‍ കമ്മീഷണര്‍ക്കു കോടതി നിര്‍ദേശം നല്‍കി. റിക്കാര്‍ഡ് വരുമാനമാണ് ഇത്തവണ എത്തിയതെന്ന് കമ്മീഷണര്‍ കോടതിയെ അറിയിച്ചു. അന്നദാന മണ്ഡപത്തിലും പണം കൂനയായി കൂട്ടിയിട്ടിരിക്കുകയാണ്. വ്യാഴാഴ്ച വരെ 310.40 കോടി രൂപയാണ് കാണിക്കയായി കിട്ടിയത്. അപ്പം അരവണ വില്‍പനയിലൂടെ 141 കോടി രൂപയും കിട്ടി.
വെള്ളക്കരം ഉയര്‍ത്തി ജനങ്ങളുടെ കുടിവെള്ളം മുട്ടിക്കരുതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. കെടുകാര്യസ്ഥത കൊണ്ട് ഖജനാവ് കാലിയാക്കിയശേഷം ജനത്തെ പിഴിഞ്ഞ് പള്ളവീര്‍പ്പിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സിനിമാ ചിത്രീകരണത്തിനിടെ ബോട്ടുകള്‍ കൂട്ടിയിടിച്ച് നടന്‍ വിജയ് ആന്റണിക്ക് ഗുരുതര പരിക്ക്. വിജയ് ആന്റണിയുടെ സംവിധാന അരങ്ങേറ്റം കൂടിയായ പിച്ചൈക്കാരന്‍ 2 എന്ന ചിത്രത്തിന്റെ മലേഷ്യയിലെ ചിത്രീകരണത്തിനിടെ തിങ്കളാഴ്ചയാണ് സംഭവം. നടി കാവ്യ ഥാപ്പറും അപകടം നടന്ന ബോട്ടില്‍ ഉണ്ടായിരുന്നെങ്കിലും അവരുടെ പരിക്ക് ഗുരുതരമല്ല.
കേരളത്തിലെ ജനങ്ങള്‍ തെലുങ്കാന മുഖ്യമന്ത്രി കെസിആറിനൊപ്പമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രസര്‍ക്കാരിനെതിരെ സംഘടിപ്പിച്ച റാലിയില്‍ പ്രസംഗിക്കുകയായിരുന്നു പിണറായി. ബിജെപിക്കെതിരേ ശക്തമായ നിലപാടെടുക്കുന്നതിലും സമാന മനസ്‌കരായ സംസ്ഥാന മുഖ്യമന്ത്രിമാരെയും പരിപാടിയിലേക്ക് ക്ഷണിച്ചതിനും മുഖ്യമന്ത്രി തെലുങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിനെ പ്രശംസിച്ചു.
കത്വകേസിലെ അഭിഭാഷകയും ജമ്മുകാഷ്മീരിലെ കോണ്‍ഗ്രസ് വക്താവുമായ ദീപിക രജാവത്ത് കോണ്‍ഗ്രസില്‍ നിന്ന് രാജി വച്ചു. ആരോപണ വിധേയനായ മുന്‍ മന്ത്രി ചൗധരി ലാല്‍ സിംഗിനെ ഭാരത് ജോഡോ യാത്രയില്‍ ഉള്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ചാണ് ദീപിക രജാവത്തിന്റെ രാജി.
കാറുമായി കൂട്ടിയിടിച്ചതു ചോദ്യം ചെയ്ത വയോധികനായ കാര്‍ ഡ്രൈവറെ സ്‌കൂട്ടറിനു പിന്നില്‍ റോഡിലൂടെ വലിച്ചിഴച്ചു. ഒരു കിലോമീറ്റര്‍ ദൂരം റോഡിലൂടെ വലിച്ചിഴച്ചതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍. ബംഗളൂരുവിലെ മഗഡി റോഡിലാണ് സംഭവം.
തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചപ്പോഴേക്കും ത്രിപുരയില്‍ സംഘര്‍ഷം. കോണ്‍ഗ്രസ് – ബി ജെ പി പ്രവര്‍ത്തകര്‍ തെരുവില്‍ ഏറ്റുമുട്ടി. നിരവധി വാഹനങ്ങള്‍ കത്തിച്ചു. എഐസിസി അംഗവും ത്രിപുരയുടെ ചുമതലയുള്ള നേതാവുമായ അജോയ് കുമാറിനടക്കം പരിക്കേറ്റു.
റസലിംഗ് ഫെഡറേഷനെതിരെ ലൈംഗിക ചൂഷണം അടക്കമുള്ള ആരോപണങ്ങളുമായി താരങ്ങള്‍. ബിജെപി എംപിയും ഫെഡറേഷന്‍ അധ്യക്ഷനുമായ ബ്രിജ് ഭൂഷണും പരിശീലകരും അടക്കമുള്ളവര്‍ക്കെതിരേയാണ് വനിതാ താരങ്ങള്‍ പരാതിപ്പെടുന്നത്. ഒളിമ്പിക്‌സ് മെഡല്‍ ജേതാവ് സാക്ഷി മാലിക്, വിനേഷ് ഫോഗത്, ബജരംഗ് പുനിയ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് റസ്ലിംഗ് താരങ്ങളുടെ പരാതി.
തട്ടികൊണ്ടുപോകല്‍, പിടിച്ചുപറി എന്നീ കുറ്റങ്ങള്‍ ആരോപിച്ച് മുന്‍ ഇന്ത്യന്‍ അണ്ടര്‍ 19 ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിജയ് സോളിനെതിരെ കേസ്. സഹോദരന്‍ വിക്രം സോള്‍ ഉള്‍പ്പെടെ ഇരുപതു പേര്‍ക്കെതിരെയാണ് ജല്‍ന പൊലീസ് കേസെടുത്തത്. ക്രിപ്റ്റോ കറന്‍സി ഇന്‍വെസ്റ്റ്മെന്റ് മാനേജര്‍ നല്‍കിയ പരാതിയിലാണ് കേസ്.
യുക്രൈനിലെ കീവില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് ആഭ്യന്തര മന്ത്രിയും സെക്രട്ടറിയും അടക്കം 18 പേര്‍ കൊല്ലപ്പെട്ടു. ശിശു പരിപാലന കേന്ദ്രത്തിനു സമീപമാണ് കോപ്റ്റര്‍ തകര്‍ന്നു വീണത്.