കേരളത്തിൽ 9 വരെ മഴ ഭീഷണി തുടരും . മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ ആന്ധ്രാ പ്രദേശ് തീരത്തിനു മുകളിൽ ചക്രവാതചുഴി നിലനിൽക്കുന്നതിന് പുറമേ മധ്യ കർണാടകക്ക് മുകളിൽ മറ്റൊരു ചക്രവാതചുഴി കൂടി സ്ഥിതി ചെയ്യുന്നതാണ് മഴ ഭീഷണി തുടരാൻ കാരണം.ഓഗസ്റ്റ് ഏഴാം തീയതിയോടെ വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ ന്യുനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ വിലയിരുത്തൽ. ഇതിന്‍റെ സ്വാധീനത്താൽ കേരളത്തിൽ നാളെ മുതൽ 9 വരെ വ്യാപകമായ മഴക്കും ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും അറിയിപ്പിൽ പറയുന്നു.
ആലപ്പുഴ ജില്ലയിൽ മുഴുവനായും പത്തനംതിട്ട ജില്ലയിൽ ഭാഗീകമായും സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് കളക്ടർമാർ.ആലപ്പുഴയിൽ അംഗൻവാടികൾ പ്രൊഫെഷണൽ കോളേജുകൾ ഉൾപ്പെടയും അവധി പ്രഖ്യാപനത്തിൽ പെടും. പത്തനംതിട്ടയിൽ ദുരിതാശ്വാസ ക്യാമ്പുകളായി മാറ്റിയ സ്കൂളുകളിലാണ് അവധി.
സംസ്ഥാനത്ത് മഴയ്ക്ക് ശമനമുണ്ടായെങ്കിലും നീരൊഴുക്ക് കൂടിയതിനാൽ മിക്ക ഡാമുകളും തുറന്നു. മുല്ലപ്പെരിയാറിൽ നാല് ഷട്ടറുകൾ കൂടി തുറന്നു. ആകെ തുറന്ന ഷട്ടറുകളുടെ എണ്ണം പത്തായി.മലമ്പുഴ ഡാമിന്‍റെ നാല് ഷട്ടറുകളും തെന്മല ഡാമിന്‍റെ മൂന്നു ഷട്ടറുകളും ഇന്ന് തുറന്നു.
സംസ്ഥാന കാർഷിക ഗ്രാമ വികസന ബാങ്കിൽ അഡ്മിനിസ്ട്രേറ്റർ ഭരണം ഏർപ്പെടുത്തിയ സർക്കാർ നടപടി സുപ്രിംകോടതി ശരിവെച്ചു. സംസ്ഥാന കാർഷിക ഗ്രാമ വികസന ബാങ്കിൽ അഡ്മിനിസ്ട്രേറ്റർ ഭരണം ഏർപ്പെടുത്തിയ സർക്കാർ നടപടിക്ക് എതിരെ കോണ്‍ഗ്രസ് നേതാവ് കെ. ശിവദാസൻ നായർ സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് ഈ വിധി. എന്നാൽ ശിവദാസൻ നായർ ഉൾപ്പെടെയുള്ളവർക്ക് വരുന്ന തെരെഞ്ഞെടുപ്പിൽ മത്സരിക്കാമെന്ന് കേസ് പരിഗണിച്ച ബഞ്ച് വ്യക്തമാക്കി.
തമിഴ്നാടിന്‍റെതെക്കൻ ജില്ലകളിലും മഴ തുടരുകയാണ്. തിരുപ്പൂരിൽ അമരാവതി നദിയിൽ ഒഴുക്കിൽപ്പെട്ട് ഒരു യുവാവിനെ കാണാതായി. താഴ്ന പ്രദേശങ്ങളിൽ വെള്ളം കയറി. വ്യാപകമായ കൃഷിനാശവും ഉണ്ടായിട്ടുണ്ട്.