sriram

ആലപ്പുഴ ജില്ലാ കളക്ടർ സ്ഥാനത്ത് നിന്ന് ശ്രീറാം വെങ്കിട്ടരാമനെ മാറ്റി കൊച്ചിയിൽ  സപ്ലൈകോ ജനറൽ മാനേജരായി നിയമിച്ചു. പകരം പട്ടികജാതി വികസന വകുപ്പ് ഡയറക്ടർ വി.ആർ കൃഷ്ണ തേജയെ ആലപ്പുഴ കളക്ടറായി നിയമിച്ചു. ആലപ്പുഴയിലെ ശ്രീറാമിന്റെ നിയമനത്തിൽ വിവിധ സംഘടനകൾ അതൃപ്തി അറിയിച്ചിരുന്നു.

സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു.  തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് നാളെ (ഓഗസ്റ്റ് -02 ചൊവ്വാഴ്ച) അവധി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ അടുത്ത മൂന്ന് ദിവസങ്ങളിൽ കൂടി അതിതീവ്ര മഴയ്ക്കു സാധ്യത പ്രവചിച്ചിട്ടുണ്ട്. പ്രൊഫഷണൽ കൊളജ് സഹിതം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.

സംസ്ഥാനത്ത് കനത്ത മഴ  തുടരുന്ന സാഹചര്യത്തില്‍ ജില്ലാ പൊലീസ് മേധാവിമാർ ജാഗ്രത പുലർത്തണമെന്ന് സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത്. 112 കൺട്രോൾ റൂമിലേക്ക് വരുന്ന കോളുകളിൽ അടിയന്തര നടപടി വേണം എന്നും , ജെ സി ബി, ബോട്ടുകള്‍, മറ്റു ജീവന്‍രക്ഷാ ഉപകരണങ്ങള്‍ എന്നിവ എല്ലാ പൊലീസ് സ്റ്റേഷനുകളിലും തയ്യാറാക്കി വെയ്ക്കണം എന്നും നിർദ്ദേശമുണ്ട് . തീരപ്രദേശങ്ങളില്‍ സുരക്ഷാ ബോട്ടുകള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഒരുക്കാന്‍ തീരദേശ പോലീസ് സ്റ്റേഷനുകളോടും ആവശ്യപ്പെട്ടിട്ടുണ്ട് .

ലോക്സഭയിൽ കോൺഗ്രസ്സ്  എം പി മാരായ ടി എൻ പ്രതാപൻ ,രമ്യ ഹരിദാസ്, മാണിക്കം ടാഗോർ, ജ്യോതി മണി എന്നിവരുടെ സസ്പെൻഷൻ പിൻവലിച്ചു. സഭയിൽ പ്ലക്കാർഡുയർത്തി പ്രതിഷേധം പാടില്ലെന്നും ഭരണപക്ഷമെന്നോ, പ്രതിപക്ഷമെന്നോ നോക്കാതെ നടപടിയെടുക്കുമെന്നും സ്പീക്കർ അറിയിച്ചു.

ആലപ്പുഴ ജില്ലാ കളക്ടർ ശ്രീറാം വെങ്കട്ടറാമിനെ സിവിൽ സർവീസിൽ നിന്നും നീക്കം ചെയ്യണമെന്ന് കേന്ദ്ര പേഴ്സണൽ മന്ത്രാലയത്തോട് ശുപാർശ ചെയ്യണമെന്നാവശ്യപ്പെട്ട് സെൻട്രൽ വിജിലൻസ് കമ്മീഷന് പരാതി. എൽജെഡി സംസ്ഥാന ജനറൽ സെക്രട്ടറി സലീം മടവൂറാണ് സെൻട്രൽ വിജിലൻസ് കമ്മീഷന് പരാതി നൽകിയത്. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോക്ടർമാർ ഇദ്ദേഹത്തിന് റിട്രോഗ്രേഡ് അംനീഷ്യ എന്ന മാനസികരോഗമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ആയതിൽ ഉത്തരവാദപ്പെട്ട ജോലികൾ ചെയ്യാൻ ഇദ്ദേഹം യോഗ്യനല്ലെന്നും പരാതിയിൽ സലീം മടവൂർ വ്യക്തമാക്കുന്നു.

കരിപ്പൂര്‍ രാജ്യാന്തര വിമാനത്താവളത്തിൽ  മിഷൻ ടൊര്‍ണാഡോ എന്ന പേരിൽ നടത്തിയ പ്രത്യേക ഓപ്പറേഷനിൽ ആറ് കോടിയോളം രൂപ വിലമതിക്കുന്ന 11 കിലോ സ്വര്‍ണം കസ്റ്റംസ് പിടികൂടി. സ്വർണ്ണവുമായി  കരിപ്പൂർ  വിമാനത്താവളത്തിൽ എത്തിയ പത്ത് യാത്രക്കാരും പിടിയിലായി. നെടുമ്പാശ്ശേരിയിലും രണ്ടു യാത്രക്കാരിൽ നിന്ന് 1968 ഗ്രാം സ്വർണ്ണം പിടികൂടി.

ഓൺലൈനിലൂടെ  മലയാളിയില്‍ നിന്നും 21 ലക്ഷം തട്ടിയെടുത്ത നൈജീരിയൻ സ്വദേശിയെ കേരള പോലീസ് പിടികൂടി. ഫേസ്ബൂക്കിലൂടെ സൗഹൃദമുണ്ടാക്കി കൂറ്റനാട് സ്വദേശിയിൽ നിന്നു 21.65 ലക്ഷം രൂപ തട്ടിയെടുത്ത നൈജീരിയൻ പൗരൻ റെയ്മണ്ട് ഒനിയാമ (35)  ആണ് സൈബർ പൊലീസിന്റെ പിടിയിലായത് അമേരിക്കയിലെ ടെക്സാസിൽ ഡോക്ടറാണെന്നു പറഞ്ഞാണ് ഇയാൾ  കോളജ് അധ്യാപകനുമായി  ഫേസ്ബുക്കിലൂടെ സൗഹൃദം സ്ഥാപിച്ചത്.

ജെൻഡർ ന്യൂട്രാലിറ്റിക്കെതിരെ എംഎസ്എഫ് വേദിയിൽ  ഡോ എം.കെ മുനീർ നടത്തിയ പ്രസംഗത്തിൽ   മുസ്ലിം ലീഗിന്‍റെയും എം എസ് എഫിന്‍റെയും പുരുഷാധിപത്യ മനോഭാവമാണ് വ്യക്തമാകുന്നത് എന്ന്  എസ്എഫ്ഐ. പെൺകുട്ടികൾ എന്നും രണ്ടാംതരക്കാരായി ജീവിക്കണം എന്ന് ആഗ്രഹിക്കുന്നവരാണ് ഈ നിലപാട് സ്വീകരിക്കുന്നതെന്ന് എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി കുറ്റപ്പെടുത്തി. കാലം മാറിയത് മുനീർ  അറിഞ്ഞിട്ടില്ല. സി എച്ച് ജീവിച്ചിരുന്നേൽ മുനീറിന് വേണ്ടി മാപ്പ് പറഞ്ഞേനെ എന്ന് വിദ്യാഭാസമന്ത്രി വി ശിവൻ കുട്ടി പ്രതികരിച്ചു. എന്നാൽ  ലിംഗ സമത്വത്തിനെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്ന് മുനീർ പറഞ്ഞു.

കണ്ണൂർ പാനൂരിൽ വ്യവസായിയുടെ മകളുടെ കല്യാണത്തിന് പൊലീസുകാരെ വാടകയ്ക്ക് നൽകി. സംഭവത്തില്‍ പ്രതിഷേധം അറിയിച്ച പൊലീസ് സംഘടന, മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി.കണ്ണൂർ അഡീഷണൽ സൂപ്രണ്ടിന്‍റെ ഉത്തരവാണ് വിവാദമായത്. ബാങ്കുകളിലേക്ക് പണം കൊണ്ടുപോകുമ്പോഴും ഉത്സവം സമ്മേളനം പോലെ നിരവധി ആളുകൾ കൂടുമ്പോഴും പോലീസിന്റെ സേവനം വിട്ട് നൽകാറുണ്ട്. എന്നാൽ  സ്വകാര്യ ചടങ്ങുകൾക്ക് പോലീസിനെ ഉപയോഗിച്ചതിനെതിരെയാണ് സേനയിൽ പ്രതിഷേധം ഉയർന്നത് .ഇതിനെതിരെ പൊലീസ് ഓഫീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി സി ആർ ബിജു ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചു.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *