kodiyeri sriram.jpg2

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത.12 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. കേരളത്തിന് മുകളിൽ അന്തരീക്ഷചുഴിയും മധ്യ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴിയും നിലനിൽക്കുന്നതാണ് മഴ തുടരുന്നതിന് കാരണം. കൂടുതൽ  മഴ ലഭിച്ച പ്രദേശങ്ങളിൽ ഉരുൾപൊട്ടലിനും മലവെള്ളപ്പാച്ചിലിനും സാധ്യത കൂടുതലാണ്. ഉയർന്ന തിരമാലകൾക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്.

ജനവികാരം കണക്കിലെടുത്താണ് ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടർ സ്ഥാനത്തു നിന്ന് മാറ്റിയത്. പാർട്ടിയിലും മുന്നണിയിലും എതിർപ്പുണ്ടായി. ജനാധിപത്യപരമായ വിയോജിപ്പുകളെ കണ്ടില്ലെന്ന് വയ്ക്കുന്ന പാർട്ടിയല്ല സി പി ഐ എം എന്ന് പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.

എറണാകുളത്ത് കളക്ടറുടെ അവധി പ്രഖ്യാപനം വൈകിയതിനെ തുടർന്ന് ആശയക്കുഴപ്പം. രാവിലെ 8.25 നാണ് ജില്ലാ കളക്ടർ എണറാകുളം ജില്ലയില്‍ അവധി പ്രഖ്യാപിച്ചത്. രാത്രിയിൽ ആരംഭിച്ച മഴ ഇപ്പോഴും  തുടരുന്നതിനാലും അപകടങ്ങൾ ഒഴിവാക്കുന്നതിനുമാണ് അവധി പ്രഖ്യാപിച്ചത് എന്നാണ് കളക്ടറുടെ വിശദീകരണം. എന്നാല്‍, ഇതിനകം പ്രവർത്തനം ആരംഭിച്ച സ്കൂളുകൾ അടക്കേണ്ടതില്ലെന്ന് പറഞ്ഞു  കളക്ടര്‍ പുതിയ അറിയിപ്പ് നൽകി.  വൈകി അറിയിപ്പ് ലഭിച്ചതിനെ തുടർന്ന് മാതാപിതാക്കൾക്കും  ഡ്രൈവർമാർക്കും ഇടയിൽ നിരവധി പ്രശ്നങ്ങൾ  ഉണ്ടാക്കി. ഇന്നലെ മൂവാറ്റുപുഴ കോതമംഗലം താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപങ്ങൾക്ക് മാത്രമാണ് എറണാകുളത്ത് അവധി നൽകിയിരുന്നത്.

പൊലീസ് വകുപ്പിന്‍റെ ആധുനികവല്‍കരണം എന്ന സ്കീമില്‍ പെടുത്തി ഉന്നത പൊലീസുദ്യോഗസ്ഥര്‍ക്ക് കൂറ്റന്‍ വില്ലകളും ഓഫീസും പണിത മുന്‍ ഡിജിപി ലോക്നാഥ് ബെഹ്റയുടെ നടപടിക്ക്  സര്‍ക്കാര്‍ അംഗീകാരം. ചട്ടപ്രകാരമുള്ള നടപടി ഇല്ലാതെ ഭാവിയില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കരുതെന്ന കര്‍ശന നിര്‍ദേശത്തോടെയാണ് ബെഹ്റയുടെ നടപടി ആഭ്യന്തര വകുപ്പ് അംഗീകരിച്ചത്. പൊലീസ് സ്റ്റാഫ് ക്വാട്ടേഴ്സിന് അനുവദിച്ച നാലരക്കോടി രൂപയാണ്  വകമാറ്റി വില്ലകൾ പണിതത്. ഇതിൽ ഒരു വില്ലയിലാണ് ബെഹ്‌റ താമസിച്ചിരുന്നത്.

മോഷണക്കുറ്റം ചുമത്തി പിങ്ക് പൊലീസ്‌ എട്ട് വയസ്സുകാരിയെയും പിതാവിനെയും അപമാനിച്ച സംഭവത്തിൽ സർക്കാർ നഷ്ടപരിഹാരം നൽകണമെന്ന സിംഗിൾ ബഞ്ച് ഉത്തരവിനെതിരെ സർക്കാർ സമർപ്പിച്ച അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും. പരാതിക്കാരിയായ കുട്ടിക്ക് സർക്കാർ നഷ്ടപരിഹാരം നൽകണമെന്നായിരുന്നു സിംഗിൾ ബഞ്ച് ഉത്തരവ്. ആറ്റിങ്ങൽ നടന്ന സംഭവത്തിൽ  പൊലീസ് ഉദ്യോഗസ്ഥയായ രജിതയിൽ നിന്ന്  ഒന്നരലക്ഷം രൂപയും കോടതി ചെലവുകൾക്കായി 25000 രൂപയും ഈടാക്കാനാണ് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കിയിട്ടുള്ളത്. ഉദ്യോഗസ്ഥർ ചെയ്യുന്ന വ്യക്തിപരമായ കുറ്റത്തിന് സർക്കാരിന് ബാധ്യതയേൽക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അപ്പീൽ .

കിഫ്ബി ഇടപാടിൽ വീണ്ടും എന്ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നോട്ടീസ് അയച്ചെങ്കിലും ഹാജരാകുന്നതില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് സിപിഎം നേതാവും മുൻ ധനമന്ത്രിയുമായ തോമസ് ഐസക്. അഭിഭാഷകരോട് ചോദിച്ചതിന് ശേഷം ഹാജരാകുന്നതില്‍ തീരുമാനമെടുക്കും. ഈ മാസം 11 ന് ഹാജരാകണമെന്നാണ് നേട്ടീസില്‍ പറയുന്നത്. ഇത് രണ്ടാം തവണയാണ് തോമസ് ഐസകിന് ഇഡി നോട്ടീസ് നൽകുന്നത്.

നിലവിലുള്ള വനിത ജഡ്ജിയുടെ കീഴിലെ വിചാരണയിൽ തനിക്ക് തൃപ്തി ഇല്ലെന്ന്  അതിജീവിത ഹൈക്കോടതി രജിസ്ട്രാർക്ക് കത്ത് നൽകി. സിബിഐ പ്രത്യേക കോടതിയിലോ മറ്റേതെങ്കിലും വനിതാ ജഡ്ജിനെ കൊണ്ടോ വിചാരണ നടത്തണം എന്നാണ്  ആവശ്യം. സിബിഐ പ്രത്യേക കോടതി ജഡ്ജ്  ഹണി എം വർഗീസിന് പകരം പുതിയ ജഡ്ജിനെ നിയമിച്ച സാഹചര്യത്തിലാണ് കേസിന്‍റെ വിചാരണ നടപടികൾ എറണാകുളം ജില്ലാ സെഷൻസ് കോടതിയിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്.കോടതി മാറ്റം ഉണ്ടാകുമെങ്കിലും നടി കേസിലെ തുടർ വിചാരണ നടത്തുക പ്രിൻസിപ്പൽ സെഷൻസ് ജ‍ഡ്ജിയായ ഹണി എം വർഗീസ് തന്നെയാകും. ഈ സാഹചര്യത്തിലാണ് അതിജീവിത ഹണി എം വര്‍ഗീസ് വിചാരണ നടത്തിയാല്‍ നീതി കിട്ടില്ലെന്ന് കത്ത് നൽകിയത്.

കോഴിക്കോട്  വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്ന് രണ്ട് പെൺകുട്ടികൾ പുറത്ത് കടന്നു. ഇന്ന് പുലർച്ചെയാണ് സംഭവം. പോക്സോ കേസുകളിലെ ഇരകളായ കുട്ടികളാണ് ഇവർ. ഈ വർഷം ജനുവരി 26 ന് സമാനമായ നിലയിൽ 6 പെൺകുട്ടികൾ പുറത്തുകടന്നിരുന്നു.ബാല മന്ദിരത്തിലെ ജീവിത സാഹചര്യം മോശമാണെന്ന് നേരത്തെയും പരാതികളുയർന്നിരുന്നു.  മെഡിക്കൽ കോളേജ് പൊലീസ് അസിസ്റ്റൻറ് കമ്മീഷണറുടെ നേതൃത്വത്തിൽ സംഭവത്തിൽ അന്വേഷണം തുടങ്ങി.

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *