പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. തിരുത്തലുണ്ടെങ്കില്‍ തിങ്കളാഴ്ചയ്ക്കകം പൂര്‍ത്തിയാക്കണം. മൂന്നാം തീയതിയാണ് ആദ്യ അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കുക. ഓഗസ്റ്റ് 22 ന് ക്ലാസുകള്‍ തുടങ്ങും.
സിപിഎം നേതാക്കള്‍ ധനാപഹരണം നടത്തിയ കരുവന്നൂര്‍ സഹകരണ ബാങ്കിലെ നിക്ഷേപകര്‍ക്ക് ഓണത്തിനു മുമ്പു നിക്ഷേപത്തിന്റെ ഒരു ഭാഗമെങ്കിലും നല്‍കാന്‍ ശ്രമിക്കുമെന്ന് കേരള ബാങ്ക് വൈസ് പ്രസിഡന്റ എം.കെ. കണ്ണന്‍. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ രൂപീകരിച്ച സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍നിന്ന് 50 കോടി രൂപ സമാഹരിക്കാനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
തിരുവല്ല ഈസ്റ്റ് കോപ്പറേറ്റീവ് ബാങ്കില്‍ റിസര്‍വ് ബാങ്കിന്റെ വായ്പാ നിയന്ത്രണം. ചില ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നിയന്ത്രണം. റിസര്‍ബാങ്കിന്റെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് ബാങ്ക് ഭരണസമിതി.
എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജനെ വിമാനത്തില്‍ കൊല്ലാന്‍ ശ്രമിച്ചെന്ന കേസില്‍ മൊഴി നല്‍കാന്‍ ഹാജരാകാന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു വീണ്ടും പൊലീസിന്റെ നോട്ടീസ്. തിങ്കളാഴ്ച ഹാജരാകണമെന്നാണ് നോട്ടീസ്. കഴിഞ്ഞ ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ഹാജരാകാന്‍ നോട്ടീസ് നല്‍കിയെങ്കിലും തിരുവനന്തപുരം ജില്ലയില്‍ പ്രവേശിക്കരുതെന്ന ഹൈക്കോടതി ജാമ്യ വ്യവസ്ഥയനുസരിച്ച് ഹാജരാകില്ലെന്ന് മറുപടി നല്‍കിയിരുന്നു.
‘ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങളെന്ന’ ലക്ഷ്യം നേടുന്നതോടെ സംസ്ഥാനത്ത് തൊഴിലില്ലായ്മ ഇല്ലാതാകുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍. ഈ പ്രവര്‍ത്തനങ്ങളില്‍ പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി, കോര്‍പറേഷനുകള്‍ക്ക് വലിയ പങ്കുവഹിക്കാനുണ്ടെന്നും മന്ത്രി പറഞ്ഞു. തദ്ദേശ സ്വയംഭരണ വകുപ്പില്‍ നിയമിതരായ എന്‍ജിനിയര്‍മാര്‍ക്കുള്ള പരിശീലനത്തിന്റെ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യുകയായിരുന്നു മന്ത്രി.
സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസില്‍ യൂട്യൂബര്‍ സൂരജ് പാലാക്കാരന്‍ കൊച്ചി അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ക്കു മുന്നില്‍ കീഴടങ്ങി. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ക്രൈം നന്ദകുമാറിനെതിരേ പരാതി നല്‍കിയ മുന്‍ജീവനക്കാരിയെ അപമാനിച്ചെന്ന കേസിലാണ് കീഴടങ്ങിയത്.
കരിക്കു വിറ്റുകിട്ടിയ പണം പങ്കുവയ്ക്കുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ യുവാവ് സഹോദരനെ അടിച്ചു കൊന്നു. അട്ടപ്പാടി പട്ടണക്കല്‍ ഊരിലെ മരുതനാണ് കൊല്ലപ്പെട്ടത്. സഹോദരന്‍ പണലിയെ പോലീസ് തെരയുന്നു.
കഴിഞ്ഞ വര്‍ഷത്തെ കൂറ്റനാട് പോക്‌സോ കേസിലെ പ്രതി ജീവനൊടുക്കി. പാലക്കാട് കൂറ്റനാട് സ്വദേശി സുലൈമാന്‍ (55) ആണ് ആത്മഹത്യ ചെയ്തത്.
പശ്ചിമ ബംഗാളില്‍ അധ്യാപക നിയമന അഴിമതിക്കേസില്‍ അറസ്റ്റിലായ മുന്‍മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജിയുടെ വീട്ടില്‍ മോഷണം. തെളിവുകള്‍ അടക്കമുള്ള രേഖകള്‍ കടത്തിക്കൊണ്ടുപോയെന്നു സംശയം. അന്വേഷണത്തിന് എന്‍ഫോഴ്‌സ്‌മെന്റ് ഐബിയുടെ സഹായം തേടി.
മംഗ്ലൂരുവില്‍ കൊല്ലപ്പെട്ട ഫാസിലിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. തലയ്ക്കും കഴുത്തിനും വെട്ടേറ്റതാണ് മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. മുഖം മറച്ച് മങ്കി ക്യാപ് ധരിച്ചെത്തിയവരാണ് കൊലപാതകം നടത്തിയത്.
മധ്യപ്രദേശില്‍ മലിന ജലം കുടിച്ച് രണ്ടു പേര്‍ മരിച്ചു. നാല്പത്തഞ്ചു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കേന്ദ്ര ജലശക്തി സഹമന്ത്രി പ്രഹ്‌ളാദ് പട്ടേലിന്റെ ലോക്‌സഭ മണ്ഡലത്തിലാണ് സംഭവം
മുംബൈയില്‍ യുവതിയെ സംശയരോഗംമൂലം കൊലപ്പെടുത്തിയ കാമുകന്‍ അറസ്റ്റില്‍. മനീഷ ജയ്ശ്വര്‍ എന്ന 27 കാരിയാണ് കൊല്ലപ്പെട്ടത്. പ്രതിയായ അഖിലേഷ് പ്യാരേലാല്‍ എന്ന 24 കാരനെ പൊലീസ് പിടികൂടി.
രാജസ്ഥാനിലെ ദോല്‍പ്പുരില്‍ 14 കാരിയെ ഏഴു പേര്‍ ചേര്‍ന്ന് കൂട്ട ബലാത്സംഗം ചെയ്തു. മൂന്നു പേരെ അറസ്റ്റു ചെയ്തു. മറ്റു പ്രതികള്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതം.
അസമിലെ ജോറത്ത് വിമാനത്താവളത്തില്‍ ഇന്‍ഡിഗോ വിമാനം പറന്നുയരുന്നതിനിടെ റണ്‍വേയില്‍നിന്ന് തെന്നി മാറി. ഇന്‍ഡിഗോയുടെ കൊല്‍ക്കത്ത വിമാനമാണ് റണ്‍വേക്കു പുറത്തെത്തിയത്. യാത്രക്കാര്‍ക്കു പരിക്കില്ല.
സൗദി അറേബ്യയില്‍ മാസപ്പിറവി ദൃശ്യമാവാത്തതിനാല്‍ ശനിയാഴ്ച മുഹറം ഒന്നാം തീയ്യതിയായി കണക്കാക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു.