പാര്‍ക്കിന്‍സണ്‍സ് രോഗം മൂലം നാഡീവ്യവസ്ഥയ്ക്കുണ്ടാകുന്ന തകരാറുകള്‍ പരിഹരിക്കാന്‍ പുതിയ സംവിധാനം വികസിച്ച് ഗവേഷകര്‍. നാനോപാര്‍ട്ടിക്കിള്‍ അധിഷ്ഠിത വയര്‍ലെസ് ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷനിലൂടെ ന്യൂറോണ്‍ ഡീജനറേഷന്‍ ഇല്ലാതാക്കാനാകും. കൂടാതെ ഡോപാമിന്‍ ന്യൂറോണുകള്‍ക്ക് ചുറ്റുമുള്ള ദോഷകരമായ ഫൈബ്രിലുകള്‍ അടിഞ്ഞുകൂടുന്നത് നീക്കം ചെയ്യാനും അതിലൂടെ ഡോപാമൈന്‍ അളവ് വര്‍ധിപ്പിക്കാനുമാകും. ചൈനീസ് അക്കാദമി ഓഫ് സയന്‍സസിലെ നാഷണല്‍ സെന്റര്‍ ഫോര്‍ നാനോസയന്‍സ് ആന്റ് ടെക്‌നോളജി ഗവേഷകര്‍ എലികളില്‍ നടത്തിയ പരീക്ഷണം വിജയം കണ്ടതോടെ മനുഷ്യരിലും പരീക്ഷിക്കാനുള്ള ഒരുക്കത്തിലാണ്. സയന്‍സ് അഡ്വാന്‍സിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. തലച്ചോറിലെ സുപ്രധാനമായ ധര്‍മ്മങ്ങള്‍ നിര്‍വഹിക്കുന്ന ചില കോശങ്ങള്‍ക്ക് സംഭവിക്കുന്ന നാശമാണ് പാര്‍ക്കിന്‍സണ്‍സ് എന്ന രോഗാവസ്ഥയ്ക്ക് കാരണമാകുന്നത്. ശരീരചലനങ്ങളെ നിയന്ത്രിക്കുന്ന ഡോപാമിന്‍ എന്ന ന്യൂറോട്രാന്‍സ്മിറ്റര്‍ ഉത്പാദിപ്പിക്കുന്ന കോശങ്ങളില്‍ ആല്‍ഫ-സിന്യൂക്ലിന്‍ പ്രോട്ടീന്‍ അടിഞ്ഞുകൂടുന്നതാണ് പ്രധാനമായും തകരാറിന് കാരണമാകുന്നത്. തുടര്‍ന്ന് ശരീരചലന നിയന്ത്രണം നഷ്ടപ്പെടുന്നതിനും കാരണമാകുന്നു. ആന്റിബോഡികളും പെപ്‌റ്റൈഡുകളും കൊണ്ടുള്ള നാനോകണള്‍ ഡിബിഎസ് ചെയ്തു തലച്ചോറിന്റെ ഈ ഭാഗത്തെത്തിക്കുകയാണ് പുതിയ പരീക്ഷണത്തില്‍ നടത്തിയത്. നാനോപാര്‍ട്ടിക്കിള്‍ സിസ്റ്റം കേടായ ന്യൂറോണുകളെ വീണ്ടും സജീവമാക്കുന്നതിലൂടെ സ്വാഭാവികമായി ഡോപാമിന്‍ ഉത്പാദിപ്പാദനം വര്‍ധിക്കുന്നു. പാര്‍ശ്വഫലങ്ങളൊന്നുമില്ലാതെ എലികളില്‍ പാര്‍ക്കിന്‍സണ്‍സ് ലക്ഷണങ്ങള്‍ ലഘൂകരിക്കാന്‍ ചികിത്സയ്ക്കായെന്നും ഗവേഷകര്‍ പറയുന്നു.