ഗൂഗിള്‍ ഫോട്ടോസില്‍ പുതിയ എഐ ടൂള്‍ അവതരിപ്പിച്ച് പ്രമുഖ ടെക് കമ്പനി ഗൂഗിള്‍. കൂട്ടുകാരനുമായി ചാറ്റ് ചെയ്യുന്നത് പോലെ ഗൂഗിള്‍ ഫോട്ടോസിനോട് ഫോട്ടോകള്‍ എഡിറ്റ് ചെയ്യാന്‍ ആവശ്യപ്പെടുന്ന തരത്തിലാണ് എഐ എഡിറ്റിങ് ടൂള്‍ വികസിപ്പിച്ചിരിക്കുന്നത്. ഈ ഫീച്ചര്‍ ആദ്യമായി ഗൂഗിള്‍ പിക്സല്‍ 10ലാണ് അവതരിപ്പിച്ചത്. ഫോട്ടോ എടുത്തതിനുശേഷം, ഗൂഗിള്‍ ഫോട്ടോസ് തുറന്ന്, എഡിറ്റ് ഐക്കണില്‍ ടാപ്പ് ചെയ്യുക എന്നതാണ് ആദ്യം ചെയ്യേണ്ട കാര്യം. മാറ്റങ്ങള്‍ തല്‍ക്ഷണം കാണുന്നതിന് റിക്വസ്റ്റ് ടൈപ്പ് ചെയ്താല്‍ മതി. ‘ആസ്‌ക് ഫോട്ടോസ്’ ഫീച്ചറാണ് എഡിറ്റിങ് ലളിതമാക്കുന്നത്. നിറങ്ങള്‍ മങ്ങിയതായി തോന്നുന്നുവെങ്കില്‍, അവ ബൂസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെടുക. ഏറ്റവും പ്രധാനപ്പെട്ട സ്ഥലത്തേക്ക് ഫോക്കസ് കൊണ്ടുവരാന്‍ ചിത്രം ക്രോപ്പ് ചെയ്യുക. ഉദാഹരണമായി ഒരു ഗ്രൂപ്പ് ഫോട്ടോ എടുക്കുക. ഒരു കുടുംബ ഫോട്ടോ എടുക്കുമ്പോള്‍ ആരെങ്കിലും കണ്ണുചിമ്മിയാല്‍ വീണ്ടും ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ പറയുന്നതാണ് രീതി. പകരം, ‘ബ്ലിങ്ക് ശരിയാക്കുക’ എന്ന് പറയുക. അപ്പോള്‍ ഗൂഗിള്‍ ഫോട്ടോസ് ഫോട്ടോ ഓട്ടോമാറ്റിക്കായി ക്രമീകരിക്കും.