2015 ല്‍ പുറത്തിറങ്ങി, ഏറെ പ്രേക്ഷക- നിരൂപക പ്രശംസകള്‍ ഏറ്റുവാങ്ങിയ ‘മാസാന്‍’ എന്ന ചിത്രത്തിന് ശേഷം നീരജ് ഗായ്വാന്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രം ‘ഹോംബൗണ്ട്’ ട്രെയ്ലര്‍ പുറത്ത്. ഇഷാന്‍ ഖട്ടര്‍, വിശാല്‍ ജെത്വ, ജാന്‍വി കപൂര്‍ എന്നിവര്‍ അഭിനയിച്ച ചിത്രം 2025 ലെ ടൊറന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ഇന്റര്‍നാഷണല്‍ പീപ്പിള്‍സ് ചോയ്സ് അവാര്‍ഡ് വിഭാഗത്തില്‍ രണ്ടാം സ്ഥാനവും നേടിയിരുന്നു. സെപ്റ്റംബര്‍ 26 നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. നോര്‍ത്തിന്ത്യയില്‍ നിന്നുള്ള രണ്ട് ബാല്യകാല സുഹൃത്തുക്കള്‍ പോലീസ് സേനയില്‍ ചേരാനുള്ള ആഗ്രഹം നിറവേറ്റാനായി മുന്നിട്ടിറങ്ങുകയും, അതുവഴി സമൂഹത്തില്‍ നിന്നും തങ്ങള്‍ക്ക് ഇതുവരെ ലഭിക്കാത്ത ബഹുമാനം നേടാന്‍ കഴിയുമെന്നുമാണ് അവര്‍ കരുതുന്നത്. എന്നാല്‍ ഈ യാത്രയില്‍ ഇരുവരും നേരിടുന്ന പ്രതിസന്ധികളാണ് നീരജ് ഗായ്വാന്‍ തന്റെ പുതിയ ചിത്രത്തിലൂടെ ചര്‍ച്ച ചെയ്യുന്നത്.