തമിഴ് സിനിമാപ്രേമികളില്‍ ഈ വര്‍ഷം ഏറ്റവും കാത്തിരിപ്പ് ഉയര്‍ത്തിയിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ഷങ്കര്‍- കമല്‍ ഹാസന്‍ ടീം ഒന്നിക്കുന്ന ‘ഇന്ത്യന്‍ 2’. ജൂലൈ 12 ന് തിയറ്ററുകളിലെത്താനിരിക്കുന്ന ചിത്രത്തിലെ രണ്ടാം ഗാനം ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുകയാണ്. ‘നീലൊരപ്പം’ എന്നാരംഭിക്കുന്ന ഗാനത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത് അനിരുദ്ധ് രവിചന്ദര്‍ ആണ്. താമരെയാണ് ആണ് വരികള്‍ എഴുതിയിരിക്കുന്നത്. ആലപിച്ചിരിക്കുന്നത് എബി വിയും ശ്രുതിക സമുദ്രളയും ചേര്‍ന്നാണ്. സിദ്ധാര്‍ത്ഥും രാകുല്‍ പ്രീത് സിംഗുമാണ് ഈ രംഗത്ത് അഭിനയിക്കുന്നത്. ഇരുവരും ഒന്നിക്കുന്ന പ്രണയഗാനമാണ് ഇതെന്നാണ് ലിറിക്കല്‍ വീഡിയോ നല്‍കുന്ന സൂചന. ഈ വര്‍ഷം ജൂണില്‍ എത്തുമെന്ന് നേരത്തെ പ്രഖ്യാപിക്കപ്പെട്ടിരുന്ന ചിത്രമാണിത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് അണിയറക്കാര്‍ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചത്. ചിത്രത്തിന് ഒരു മൂന്നാം ഭാഗം കൂടി ഉണ്ടാവുമെന്ന് കമല്‍ ഹാസന്‍ നേരത്തെ അറിയിച്ചിരുന്നു. മൂന്നാം ഭാഗത്തിന്റെ ചിത്രീകരണവും ഇതിനകം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ആക്ഷന് പ്രാധാന്യമുള്ള ചിത്രത്തില്‍ കമല്‍ ഹാസനൊപ്പം കാജല്‍ അഗര്‍വാള്‍, സിദ്ധാര്‍ഥ്, ബോബി സിംഹ, രാകുല്‍ പ്രീത് സിംഗ്, എസ് ജെ സൂര്യ, പ്രിയ ഭവാനി ശങ്കര്‍, സമുദ്രക്കനി, ബ്രഹ്മാനന്ദം, നെടുമുടി വേണു, കാളിദാസ് ജയറാം തുടങ്ങിയവരാണ് അഭിനയിക്കുന്നത്.