ടൊവിനോ തോമസ് കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം ‘നീലവെളിച്ച’ത്തിന്റെ റിലീസ് പ്രഖ്യാപിച്ചു. ഏപ്രില്‍ 21ന് ചിത്രം തിയറ്ററുകളില്‍ എത്തും. വൈക്കം മുഹമ്മദ് ബഷീറിന്റെ നീലവെളിച്ചം എന്ന പ്രശസ്ത ചെറുകഥയെ ആസ്പദമാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘നീലവെളിച്ചം’. ടൊവിനോ തോമസ്, റിമ കല്ലിങ്കല്‍, റോഷന് മാത്യു, ഷൈന്‍ ടോം ചാക്കോ തുടങ്ങി വലിയ താരനിര തന്നെയാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. കഥകളുടെ സുല്‍ത്താനായ ബഷീറിനെയാണ് ടൊവിനോ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഒപിഎം സിനിമാസിന്റെ ബാനറില്‍ നിര്‍മിക്കുന്ന ‘നീലവെളിച്ചം’ 1964-ല്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ തിരക്കഥയില്‍ എ വിന്‍സന്റിന്റെ സംവിധാനത്തില്‍ മധു, പ്രേംനസീര്‍, വിജയനിര്‍മല, അടൂര്‍ ഭാസി, കുതിരവട്ടം പപ്പു തുടങ്ങിയവര്‍ അഭിനയിച്ച ക്ലാസിക് സിനിമയായ ഭാര്‍ഗ്ഗവീനിലയത്തിന്റെ പുനരാവിഷ്കാരമാണ്. പ്രേതബാധയ്ക്കു കുപ്രസിദ്ധമായ വീട്ടില്‍ താമസിക്കാനെത്തുന്ന എഴുത്തുകാരനും അവിടെ ഉണ്ടെന്നു വിശ്വസിക്കപ്പെടുന്ന പ്രേതവും തമ്മില്‍ രൂപപ്പെടുന്ന ആതമബന്ധത്തിന്റെ കഥയാണ് നീലവെളിച്ചം.