ടൊവിനോ നായകനായി എത്തുന്ന പുതിയ ചിത്രം ‘നീലവെളിച്ച’ത്തിന്റെ പുതിയ റിലീസ് തിയതി പ്രഖ്യാപിച്ചു. ഏപ്രില്‍ 20-ന് ആണ് ചിത്രം റിലീസ് ചെയ്യുക. ഈദ് ദിനത്തോട് അനുബന്ധിച്ചാണ് റിലീസ്. അടുത്ത മാസം 21-ന് റിലീസ് ചെയ്യുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ നേരത്തെ അറിയിച്ചിരുന്നത്. സിനിമയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്. വൈക്കം മുഹമ്മദ് ബഷീറിന്റെ നീലവെളിച്ചം എന്ന പ്രശസ്ത കഥയെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രമാണ് ‘നീലവെളിച്ചം’. ആഷിക് അബുവാണ് നീലവെളിച്ചം സംവിധാനം ചെയ്യുന്നത്. പ്രേതബാധയുടെ പേരില്‍ കുപ്രസിദ്ധി നേടിയ ഒരു വീട്ടില്‍ താമസിക്കേണ്ടിവരുന്ന ഒരു യുവകഥാകൃത്തിന്റെ അനുഭവങ്ങളാണ് നീലവെളിച്ചം എന്ന കഥ. കഥാനായകനും ആ വീടിനെ ആവേശിച്ചിരിക്കുന്നതെന്ന് വിശ്വസിക്കപ്പെടുന്ന പെണ്‍കുട്ടിയുടെ ആത്മാവിനുമിടയില്‍ സംഭവിക്കുന്ന ബന്ധമാണ് കഥയുടെ പ്രമേയം. റിമ കല്ലിങ്കല്‍, ടൊവിനോ തോമസ്, റോഷന് മാത്യു, ഷൈന്‍ ടോം ചാക്കോ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.