Untitled 1 23

ചിലമ്പരശന്റെ കരിയറിലെ ശ്രദ്ധേയ കഥാപാത്രമാണ് നിലവില്‍ തിയറ്ററുകളിലുള്ള ഗൌതം മേനോന്‍ ചിത്രം ‘വെന്തു തനിന്തതു കാടി’ലേത്. ഗ്യാങ്സ്റ്റര്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ മുത്തുവീരന്‍ എന്ന മുത്തുവിനെയാണ് ചിമ്പു അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ മുത്തുവിന്റെ പ്രണയം ആവിഷ്‌കരിക്കുന്ന ഒരു വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. ‘ഉന്ന നെനച്ചതും’ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് താമരൈ ആണ്. എ ആര്‍ റഹ്മാന്റെ സംഗീതത്തില്‍ ഗാനം ആലപിച്ചിരിക്കുന്നത് ശ്രേയ ഘോഷാലും സാര്‍ഥക് കല്യാണിയും ചേര്‍ന്നാണ്. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദങ്ങളാല്‍ കുറ്റകൃത്യങ്ങളുടെ ലോകത്തേക്ക് എത്തുന്ന ഒരു സാധാരണ മനുഷ്യന്റെ കഥയാണ് ചിത്രം പറയുന്നത്. രണ്ട് ഭാഗങ്ങള്‍ ഉള്ള ഫ്രാഞ്ചൈസിയായിട്ടാണ് ഗൌതം മേനോന്‍ വെന്തു തനിന്തതു കാട് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ദ് കിന്‍ഡ്‌ലിംഗ് എന്നു പേരിട്ടിരിക്കുന്ന ആദ്യ ഭാഗമാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്.

95-ാമത് അക്കാദമി അവാര്‍ഡിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രി പ്രഖ്യാപിച്ചു. ഗുജറാത്തി ചിത്രം ഛെല്ലോ ഷോ ആണ് നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. വരുന്ന ഓസ്‌കര്‍ പുരസ്‌കാരങ്ങളിലെ മികച്ച അന്തര്‍ദേശീയ ചിത്രത്തിനുള്ള മത്സരത്തിലാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് ചിത്രം മത്സരിക്കുക. കമിംഗ് ഓഫ് ഏജ് ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. എസ് എസ് രാജമൌലിയുടെ ആര്‍ആര്‍ആര്‍, വിവേക് അഗ്‌നിഹോത്രിയുടെ ദ് കശ്മീര്‍ ഫയല്‍സ് തുടങ്ങിയ ചിത്രങ്ങളൊക്കെ ഇന്ത്യയുടെ ഓസ്‌കര്‍ എന്‍ട്രിയാവാനുള്ള സാധ്യതകളെക്കുറിച്ച് ചര്‍ച്ചകള്‍ നടന്നിരുന്നു. പാന്‍ നളിന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രമാണ് ഛെല്ലോ ഷോ. അവസാന സിനിമാ പ്രദര്‍ശനം എന്നാണ് ഈ പേരിന്റെ അര്‍ഥം. സംവിധായകന്റെ ആത്മകഥാംശമുള്ള ചിത്രം സമയ് എന്ന ഒന്‍പത് വയസുകാരന്‍ ആണ്‍കുട്ടിയുടെ സിനിമയുമായുള്ള ബന്ധത്തെക്കുറിച്ചാണ്. ഭവിന്‍ രബാരിയാണ് സമയ് എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഭവേഷ് ശ്രീമലി, റിച്ച മീണ, ദീപന്‍ റാവല്‍, പരേഷ് മെഹ്ത തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

കര്‍ഷകര്‍ക്ക് ഉടനടി വായ്പ ലഭ്യമാക്കുന്ന ഇന്‍സ്റ്റന്റ് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് പ്രകിയ ഡിജിറ്റല്‍ ആക്കുന്ന പദ്ധതിക്ക് ഫെഡറല്‍ ബാങ്കും യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയും തുടക്കം കുറിച്ചു. നേരിട്ട് ബാങ്ക് ശാഖ സന്ദര്‍ശിക്കുക, ഭൂമിയുടെ ഉടമസ്ഥാവകാശവും മറ്റ് രേഖകളും സമര്‍പ്പിക്കല്‍, കെസിസി ലഭിക്കുന്നതിനുള്ള ദീര്‍ഘമായ കാലയളവ് തുടങ്ങി കര്‍ഷകര്‍ നേരിടുന്ന വെല്ലുവിളികളെ മറികടക്കാന്‍ ലക്ഷ്യമിട്ട് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാര്‍ഗനിര്‍ദേശപ്രകാരം റിസര്‍വ് ബാങ്ക് ഇന്നവേഷന്‍ ഹബ്ബുമായി സഹകരിച്ചാണ് ബാങ്കുകള്‍ കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ ഡിജിറ്റല്‍വല്‍ക്കരണം നടപ്പാക്കുന്നത്. യൂണിയന്‍ ബാങ്ക് മധ്യപ്രദേശിലെ ഹര്‍ദ ജില്ലയിലും ഫെഡറല്‍ ബാങ്ക് തമിഴ്‌നാട്ടിലുമാണ് പൈലറ്റ് പദ്ധതി തുടങ്ങിയത്. ബ്രാഞ്ച് സന്ദര്‍ശിക്കേണ്ട ആവശ്യമില്ല. രേഖ സമര്‍പ്പിക്കേണ്ടതില്ല. കൃഷിഭൂമി പരിശോധന ഓണ്‍ലൈനായി നടത്തും. 2 മണിക്കൂറിനുള്ളില്‍ മുഴുവന്‍ അനുമതിയും വിതരണവും പൂര്‍ത്തിയാകുമെന്നും അറിയിച്ചു.

ബാങ്കുകളുടെ കിട്ടാക്കട പ്രതിസന്ധി പരിഹരിക്കാനായി സര്‍ക്കാര്‍ രൂപീകരിച്ച നാഷനല്‍ അസറ്റ് റീ കണ്‍സ്ട്രക്ഷന്‍ കമ്പനി ലിമിറ്റഡ് അഥവാ ‘ബാഡ് ബാങ്ക്’ ഒക്ടോബര്‍ 31ന് മുന്‍പായി വിവിധ ബാങ്കുകളില്‍ നിന്ന് 39,921 കോടി രൂപയുടെ നിഷ്‌ക്രിയ ആസ്തി ഏറ്റെടുക്കും. രണ്ടുഘട്ടമായി 18 വായ്പാ അക്കൗണ്ടുകളാണ് ഏറ്റെടുക്കുന്നത്. ജയ്പീ ഇന്‍ഫ്രാസ്ട്രക്ചര്‍, മീനാക്ഷി എനര്‍ജി, മിത്തല്‍ കോര്‍പറേഷന്‍ അടക്കമുള്ള കമ്പനികളുടേതാണ് ആദ്യഘട്ടം. കോസ്റ്റല്‍ എനര്‍ജന്‍, റോള്‍ട്ട തുടങ്ങിയവയാണ് രണ്ടാം ഘട്ടത്തില്‍. 2021 കേന്ദ്രബജറ്റില്‍ പ്രഖ്യാപിച്ച ഈ സംവിധാനം ബാങ്കുകളുടെ കിട്ടാക്കടം ഏറ്റെടുത്തിട്ട്, പണയവസ്തുക്കള്‍ വിറ്റ് പണമീടാക്കും. ബാങ്കുകളുടെ മോശം ആസ്തി ഏറ്റെടുക്കുന്ന ബാങ്ക് എന്ന നിലയ്ക്കാണ് ഇതിന് ബാഡ് ബാങ്ക് എന്നു പേരു വീണത്.

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര തങ്ങളുടെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന എസ്യുവിയായ ബൊലേറോയുടെ വില 22,000 രൂപ വര്‍ധിപ്പിച്ചു. യഥാക്രമം 20,701 രൂപയും 22,000 രൂപയും വിലയുള്ള ബി4, ബി6 വേരിയന്റുകളില്‍ എസ്യുവി മോഡല്‍ ലൈനപ്പ് വരുന്നു. മഹീന്ദ്ര ബൊലേറോ നിയോ എന്‍4, എന്‍10, എന്‍10 (ഒ) എന്നിവയുടെ വില യഥാക്രമം 18,800 രൂപ, 21,007 രൂപ, 20,502 രൂപ എന്നിങ്ങനെ വാഹന നിര്‍മാതാക്കള്‍ വര്‍ധിപ്പിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. മഹീന്ദ്ര ബൊലേറോ നിയോ പ്ലസ് ഏഴ്, ഒമ്പത് സീറ്റ് കോണ്‍ഫിഗറേഷനുകളില്‍ ലഭ്യമാക്കും. ഒപ്പം നാല് സീറ്റുകളും രോഗികളുടെ കിടക്കയും ഉള്ള ആംബുലന്‍സ് പതിപ്പും എത്തുന്നുണ്ട്. പി4, പി10 എന്നീ രണ്ട് വേരിയന്റുകളും ഉണ്ടാകും. ഇവയ്ക്ക് യഥാക്രമം 10 ലക്ഷം രൂപയും 12 ലക്ഷം രൂപയും വില പ്രതീക്ഷിക്കുന്നു.

ഈ ഓര്‍മ്മകളിലൂടെ സഞ്ചരിക്കുമ്പോള്‍ അനുഭവചരിത്രം ജീവനുള്ള ഒരു യാഥാര്‍ത്ഥ്യമായി അനുഭവപ്പെടുന്നു. എത്രയെത്ര എഴുത്തുകാര്‍, ബുദ്ധിജീവികള്‍, അഭിനേതാക്കള്‍, ഗായകര്‍, കലാകാരന്മാര്‍, സഹൃദയര്‍… ആറു പതിറ്റാണ്ടായി സാംസ്‌കാരിക മാധ്യമരംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ ഓര്‍മ്മകളുടെ ഭൂപടം നിവര്‍ത്തുമ്പോള്‍ അവരുടെയെല്ലാം ജീവിതത്തിലെ അറിയപ്പെടാത്ത ദൃശ്യങ്ങളാണ് മനസ്സിലേക്ക് കടന്നുവരുന്നത്. എല്ലാവരും അറിയുന്ന മമ്മൂട്ടി മുതല്‍ ആരും അറിയാത്ത മമ്മ വരെ ഇക്കൂട്ടത്തിലുണ്ട്. ‘ഓര്‍മ്മകളുടെ ഗാലറി’. ജമാല്‍ കൊച്ചങ്ങാടി. ടെല്‍ബ്രെയ്ന്‍ ബുക്‌സ്. വില 342 രൂപ.

വൃക്കകള്‍ ശരിയായി പ്രവര്‍ത്തിക്കുന്നുണ്ടോ അല്ലെങ്കില്‍ അവ തകരാറിലാണോ? വൃക്കകളുടെ പ്രവര്‍ത്തനം നിലയ്ക്കുമ്പോള്‍ ശരീരത്തില്‍ അനാവശ്യമായ ദ്രാവകം, ഇലക്ട്രോലൈറ്റുകള്‍, മാലിന്യങ്ങള്‍ എന്നിവയുടെ ശേഖരണം ഉണ്ടാകാം. വേദനസംഹാരി കഴിക്കുന്ന ശീലവും കിഡ്നിയ്ക്ക് ദോഷകരമാണ്. കോള പോലുള്ള കാര്‍ബോണേറ്റഡ് പാനീയങ്ങള്‍ കിഡ്നി ആരോഗ്യത്തിന് ദോഷകരമാണ്. അമിതമായി ശരീരത്തില്‍ എത്തുന്ന ഉപ്പും കിഡ്നിയെ കേടുവരുത്തുന്ന ഒന്നാണ്. ഉറക്കക്കുറവ്, വെള്ളം കുടി കുറയുന്നത്, മഗ്‌നീഷ്യം, വൈറ്റമിന്‍ ബി 6 എന്നിവയുടെ കുറവ് എന്നിവയെല്ലാം കിഡ്നി ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു.നിങ്ങള്‍ക്ക് ക്രോണിക് കിഡ്‌നി ഡിസീസ് ഉണ്ടെങ്കില്‍ പ്രകടമാകുന്ന പ്രധാനപ്പെട്ട ലക്ഷണങ്ങള്‍. ഇടയ്ക്കിടെ മൂത്രമൊഴിക്കല്‍, മൂത്രമൊഴിക്കുന്നതില്‍ ബുദ്ധിമുട്ട്, പെട്ടെന്നുള്ള വിശപ്പില്ലായ്മ, ഉറക്കമില്ലായ്മ അല്ലെങ്കില്‍ ഉറങ്ങുന്നതില്‍ പ്രശ്‌നം, പേശീവലിവ്, ഛര്‍ദ്ദി, കാലുകളില്‍ വീക്കം, ശരിയായി ശ്വസിക്കാന്‍ കഴിയാതെ വരിക. മൂത്രത്തിന്റെ നിറത്തില്‍ വരുന്ന വ്യത്യാസങ്ങള്‍ കിഡ്നി തകരാറിലെന്നതിന്റെ ലക്ഷണങ്ങള്‍ കൂടിയാകും. മൂത്രം ഒഴിയ്ക്കുന്നതിന്റെ അളവും തവണങ്ങളും കൂടുന്നതും കുറയുന്നതുമെല്ലാം, അതായത് പ്രത്യേകിച്ചു മറ്റു കാരണങ്ങളില്ലാതെ, കിഡ്നി തകരാറിലെന്നതിന്റെ സൂചനയുമാകാം. കിഡ്നി പ്രശ്നങ്ങള്‍ ശരീരത്തിലെത്തുന്ന ഓക്സിജന്‍ അളവു കുറയ്ക്കുന്നത് കൊണ്ടു തന്നെ തലചുറ്റലും കാര്യങ്ങളില്‍ ഏകാഗ്രതക്കുറവും തോന്നാം. ഛര്‍ദിയും മനംപിരട്ടലും അനുഭവപ്പെടുന്നതും കിഡ്നി തകരാറെങ്കില്‍ വരുന്ന ലക്ഷണങ്ങളില്‍ ചിലതാണ്. എപ്പോഴും ക്ഷീണവും ഉറക്കം തൂങ്ങലുമെല്ലാം കിഡ്നി പ്രശ്നങ്ങളുടെ മറ്റു സൂചനകളാണ്. പ്രത്യേകിച്ചു കാരണമില്ലാതെ ക്ഷീണം തോന്നുന്നതാണ് ഇതിന്റെ ഒരു ലക്ഷണം.

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *