ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കിന്റെ സമ്പത്തില്‍ വന്‍ ഇടിവ്. ടെസ്ലയുടെ മൂന്നാം പാദ വരുമാന റിപ്പോര്‍ട്ട് കമ്പനിയുടെ സ്റ്റോക്ക് പ്രകടനത്തെ സാരമായി ബാധിച്ചതോടെയാണ് മസ്‌കിന്റെ സമ്പത്തില്‍ ഒറ്റ ദിവസം കൊണ്ട് ഇത്ര വലിയ ഇടിവുണ്ടായിരിക്കുന്നത്. ഒറ്റ ദിവസം കൊണ്ട് മസ്‌കിന് നഷ്ടമായത് 16 മില്യണ്‍ ഡോളറാണ്. ആകെ 210 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള ലോകത്തിലേ ഏറ്റവും ധനികനായ വ്യക്തിയായ മസ്‌കിന് ടെസ്ലയില്‍ 13 ശതമാനം ഓഹരിയുണ്ട്. കൂടാതെ അദ്ദേഹത്തിന്റെ സമ്പത്തിന്റെ ഒരു പ്രധാന ഭാഗം ടെസ്ലയുമായി ബന്ധപ്പെട്ടിരിക്കുന്നു. കുത്തനെ ഇടിഞ്ഞെങ്കിലും, അദ്ദേഹത്തിന്റെ ആസ്തി ഇപ്പോഴും ലോകത്തിലെ രണ്ടാമത്തെ ധനികനായ ബെര്‍ണാഡ് അര്‍നോള്‍ട്ടിനെക്കാള്‍ 55 ബില്യണ്‍ ഡോളര്‍ അധികമാണ്. 2024 സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദ ഫലങ്ങളുടെ ചുവടുപിടിച്ച് ടെസ്ലയുടെ ഓഹരി വില 9.3 ശതമാനം ഇടിഞ്ഞതിനാലാണ് മസ്‌കിന്റെ ആസ്തി ഈ നിലയില്‍ താഴേക്ക് പോയത്. ടെസ്ലയുടെ വരുമാനവും വില്‍പ്പനയും സംബന്ധിച്ച കണക്കുകൂട്ടലുകള്‍ പാലിക്കാന്‍ കഴിയാതെ വന്നതാണ് ഈ മാന്ദ്യത്തിന് കാരണം. ഈ വര്‍ഷം ആദ്യമായാണ് ടെസ്ലയില്‍ ത്രൈമാസ വില്‍പ്പന ഇടിവ് റിപ്പോര്‍ട്ട് ചെയ്തത്. മൊത്തം 435,059 വാഹനങ്ങളാണ് കമ്പനി വിതരണം ചെയ്തത്. അതേസമയം ടെസ്ലയുടെ വാഹനങ്ങളില്‍ ഉണ്ടായ വിലക്കുറവ് കാരണം ലാഭം നാല് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി. ഈ വെല്ലുവിളികള്‍ക്കിടയിലും 2023ല്‍ മസ്‌കിന്റെ സമ്പത്ത് 71 ബില്യണ്‍ ഡോളറിലധികം ഉയര്‍ന്നിരുന്നു. ലോകത്തിലെ ഏറ്റവും മൂല്യവത്തായ വാഹന നിര്‍മ്മാതാവ് എന്ന നിലയില്‍ കമ്പനി ഇപ്പോഴും അതിന്റെ സ്ഥാനം നിലനിര്‍ത്തുന്നു. മുന്‍ നിശ്ചയിച്ചതിലും ഏകദേശം രണ്ട് വര്‍ഷങ്ങള്‍ വൈകിയാണെങ്കിലും നവംബറില്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സൈബര്‍ട്രക്കുകള്‍ വിതരണം ചെയ്യാന്‍ ഒരുങ്ങുകയാണ് കമ്പനി.