ഇക്കോളജിക്കല്‍ പാര്‍ക്കിലെ അമ്മയും മകനും ഭക്ഷണം കഴിക്കുന്നതിനിടെ തീന്‍മേശയിലേക്കു ചാടിക്കയറി ഒരു കരടി. ഞെട്ടിവിറച്ച അമ്മയും മകനും സമനില കൈവിടാതെ നിശബ്ദരായി അനങ്ങാതെ അവിടെയിരുന്നു. തൊട്ടരികിലെ മേശപ്പുറത്തുനിന്ന് കരടി ചെയ്യുന്നതു കണ്ട് മകന്‍ ഭയന്ന് അലമുറയിട്ടു കരയാതിരിക്കാന്‍ അമ്മ മകന്റെ കണ്ണുകള്‍ കൈകൊണ്ട് പൊത്തിപ്പിടിച്ച് ശിലപോലെ ഇരുന്നു. അനങ്ങിയാല്‍ കരടി ആക്രമിക്കുമെന്ന് ഉറപ്പാണ്. കരടി മേശപ്പുറത്തെ പ്ളേറ്റുകളിലുള്ള ഭക്ഷ്യവിഭവങ്ങള്‍ ശാപ്പിടുന്നതിനിടെ ശിലപോലെ ഇരിക്കുന്ന ഈ അമ്മയേയും മകനേയും മണത്തു നോക്കി. അപ്പോഴും സമചിത്തത വിടാതെ അനങ്ങാതെ അവര്‍ ഇരുന്നു. മെക്‌സിക്കോയിലെ ചിപിന്‍ക്യൂ ഇക്കോളജിക്കല്‍ പാര്‍ക്കിലാണ് ഈ സംഭവം. തീന്‍മേശയില്‍ കയറിനിന്ന് പ്ലേറ്റുകളിലെ ഭക്ഷണം കഴിക്കുന്ന കരടിയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. മെക്‌സിക്കോ സിറ്റിയിലെ സില്‍വിയ മാസിയാസ് മകന്‍ സാന്റിയാഗോയുടെ 15-ാം ജന്മദിനം ആഘോഷിക്കാനാണ് ഇക്കോളജിക്കല്‍ പാര്‍ക്കില്‍ എത്തിയത്. ജന്മദിനാഘോഷത്തിനു മേശപ്പുറത്തു നിരത്തിയ ഭക്ഷ്യവിഭവങ്ങള്‍ തിന്നുകഴിഞ്ഞപ്പോള്‍ കരടി മേശപ്പുറത്തുനിന്ന് ഇറങ്ങിപ്പോകുകയും ചെയ്തു. സില്‍വിയ മാസിയസിന്റെ സുഹൃത്ത് ഏഞ്ചല ചാപ്പയാണ് വീഡിയോ ചിത്രീകരിച്ചത്. വീഡിയോ കണ്ടവരെല്ലാം സില്‍വിയ മാസിയസിന്റെ ധീരതയെയും മനഃസാന്നിധ്യത്തെയും അഭിനന്ദിച്ചു.