◾രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് ഇന്നു തുടക്കം. കന്യാകുമാരിയില്‍ ഇന്നു വൈകുന്നേരം അഞ്ചിന് യാത്ര ഉദ്ഘാടനം ചെയ്യും. രാജീവ്ഗാന്ധി വീരമൃത്യു വരിച്ച തമിഴ്‌നാട്ടിലെ ശ്രീപെരുമ്പുത്തൂരില്‍ രാവിലെ പ്രാര്‍ത്ഥനയ്ക്കുശേഷമാണ് രാഹുല്‍ തിരുവനന്തപുരം വഴി കന്യാകുമാരിയില്‍ എത്തുക. 12 സംസ്ഥാനങ്ങളിലൂടെ 3,570 കിലോമീറ്റര്‍ നടന്ന് 150 ാം ദിവസം യാത്ര ജമ്മു കാഷ്മീരില്‍ സമാപിക്കും. യാത്രയില്‍ രാഹുല്‍ഗാന്ധിക്കൊപ്പം 117 സ്ഥിരാംഗങ്ങളുണ്ടാകും.
◾ഇന്ന് ഉത്രാടം. നാളെ തിരുവോണത്തിന്റെ ഒരുക്കങ്ങള്‍ക്കുള്ള ഉത്രാടപാച്ചില്‍ ഇന്നലെതന്നെ തുടങ്ങി. പുടവയും പച്ചക്കറിയും പൂക്കളും വാങ്ങാന്‍ ഓടുന്നവര്‍. ഓണാഘോഷത്തിനു നാടണയുന്നവരുടെ തിരക്ക് വേറെ. വാഹന ബാഹുല്യം മൂലം നഗരങ്ങളിലെല്ലാം ഗതാഗതക്കുരുക്ക്.
◾
*_KSFE_ GOLD LOAN*
*മനുഷ്യപ്പറ്റുള്ള ഗോള്‍ഡ് ലോണ്‍*
നിങ്ങളുടെ അടിയന്തിര സാമ്പത്തിക ആവശ്യങ്ങള്‍ക്ക് *_KSFE_* നല്‍കുന്നു സ്വര്‍ണ പണയ വായ്പ. മിതമായ പലിശ നിരക്കില്‍ ലളിതമായ നടപടിക്രമങ്ങളിലൂടെ 25 ലക്ഷം രൂപ വരെ പ്രതിദിനം നിങ്ങള്‍ക്ക് നേടാം. 12 മാസത്തെ വായ്പാ കാലയളവില്‍ നിശ്ചിത പലിശ അടച്ചതിന് ശേഷം ഒരു വര്‍ഷത്തേക്ക് വായ്പ പുതുക്കാന്‍ കഴിയും, കൂടാതെ പരമാവധി 36 മാസം വരെ ഈ സൗകര്യം ഉപയോഗിക്കാം. *കൂടുതല്‍ വിവരങ്ങള്‍ക്ക് : www.ksfe.com*
◾കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സുരക്ഷാ ജീവനക്കാരെ ആക്രമിച്ച കേസിലെ പ്രതികള്‍ക്ക് പോലീസ് ഒത്താശ ചെയ്തെന്ന് മര്‍ദനമേറ്റ സുരക്ഷാ ജീവനക്കാര്‍. പോലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്ന് ആരോപിച്ച് അവര്‍ ഹൈക്കോടതിയെ സമീപിച്ചു.
◾രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ എംപി ഓഫീസ് ആക്രമിച്ചതിനു നേതൃത്വം നല്‍കിയതിനു പിരിച്ചുവിട്ട എസ്എഫ്ഐ വയനാട് ജില്ലാ കമ്മിറ്റിയെ പുനസ്ഥാപിച്ചു. ജില്ലാ സെക്രട്ടറിയായി ജിഷ്ണു ഷാജിയും പ്രസിഡന്റായി ജോയല്‍ ജോസഫും തുടരും. പതിനൊന്നംഗ ജില്ലാ കമ്മിറ്റിയെ വീണ്ടും തെരഞ്ഞെടുത്തു. എസ്എഫ്ഐ ജില്ലാ കണ്‍വെന്‍ഷനിലാണ് തീരുമാനം.
◾ഹയര്‍സെക്കണ്ടറി വൊക്കേഷണല്‍ ഒന്നാം വര്‍ഷ ഏകജാലക പ്രവേശനത്തിനുള്ള സപ്ലിമെന്ററി അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു.
◾മുതലപ്പൊഴി ബോട്ടപകടത്തില്‍ കാണാതായ മൂന്നു പേരെ തെരയുന്നതിന് വിഴിഞ്ഞം തുറമുഖത്തെ വലിയ ക്രെയിന്‍ എത്തിക്കാന്‍ വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളി സമരപ്പന്തല്‍ പൊളിക്കും. പന്തല്‍ പൊളിക്കാന്‍ ലത്തീന്‍ അതിരൂപത സന്നദ്ധത അറിയിക്കുകയായിരുന്നു. പ്രദേശത്തെ വല പൊക്കി പരിശോധിക്കാന്‍ ചെറിയ ക്രെയിന്‍ ഉപയോഗിച്ചെങ്കിലും പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് വലിയ ക്രെയിന്‍ ഉപയോഗിക്കുന്നത്.
*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*
ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.
➖➖➖➖➖➖➖➖
◾തിരുവോണമായ നാളെ മദ്യശാലകള്‍ക്ക് അവധി. എന്നാല്‍ ബാറുകള്‍ക്ക് അവധിയില്ല. ചതയദിനമായ ശനിയാഴ്ചയും മദ്യശാലകള്‍ തുറക്കില്ല. അന്ന് ബാറുകളിലും മദ്യം ലഭിക്കില്ല.
◾യുക്രെയിനില്‍നിന്നു മടങ്ങിയെത്തിയ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് മറ്റു രാജ്യങ്ങളിലെ സര്‍വകലാശാലകളില്‍ പഠനം പൂര്‍ത്തിയാക്കാന്‍ അനുമതി. ഒരേ സര്‍വകലാശാലയില്‍തന്നെ പഠനം പൂര്‍ത്തിയാക്കണമെന്ന നിബന്ധന ഒഴിവാക്കിക്കൊണ്ട് നാഷണല്‍ മെഡിക്കല്‍ കമ്മീഷനാണ് അനുമതി നല്‍കുന്നത്.
◾വാഹനങ്ങളില്‍ എല്ലാ യാത്രക്കാരും സീറ്റ് ബെല്‍റ്റ് ധരിക്കണമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ കാറിലെ അലാം പ്രവര്‍ത്തിക്കാതിരിക്കാനുള്ള ഉപകരണങ്ങള്‍ നിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ടാറ്റ സണ്‍സ് മുന്‍ ചെയര്‍മാന്‍ സൈറസ് മിസ്ത്രിയുടെ ജീവനെടുത്ത അപകടത്തിന്റെ പശ്ചാത്തലത്തിലാണ് ഇങ്ങനെ തീരുമാനിച്ചത്.
◾മണ്ണിടിച്ചലില്‍ വട്ടവട ഗവണ്‍മെന്റ് ഹയര്‍ക്കന്‍ഡറി സ്‌കൂളിന്റെ ഒരുഭാഗം തകര്‍ന്നു. ക്ലാസുകള്‍ നടത്താനാവാത്ത അവസ്ഥയിലാണു കെട്ടിടം. വട്ടവട-കൊട്ടക്കമ്പൂര്‍ റോഡില്‍ മണ്ണിടിഞ്ഞും സമീപത്തെ വൈദ്യുതി പോസ്റ്റുകള്‍ ഒടിഞ്ഞ് വീണും ഗതാഗതം സ്തംഭിച്ചു.
◾കോഴിക്കോട് തിരുവമ്പാടി പഞ്ചായത്തിലെ മേലെ മറിപ്പുഴ വനത്തില്‍ ഉരുള്‍പൊട്ടല്‍. വന്‍തോതില്‍ മണ്ണും വെള്ളവും ഒഴുകിപ്പോയി. ജനവാസ മേഖലയില്‍ അല്ലാത്തതിനാല്‍ ആളപായവും കൃഷിനാശവും ഉണ്ടായില്ല.
◾പേവിഷബാധ പ്രതിരോധ വാക്‌സിന്റെ ഗുണനിലവാരം വീണ്ടും പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് കേന്ദ്ര ആരോഗ്യ മന്ത്രിക്ക് കത്തയച്ചു. കേന്ദ്ര ഡ്രഗ്‌സ് ആന്‍ഡ് കോസ്‌മെറ്റിക്‌സ് ആക്ട് പ്രകാരം വാക്‌സിന്റെ ഗുണനിലവാരം ഉറപ്പ് വരുത്തി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് കേന്ദ്ര ഡ്രഗ് ലബോറട്ടറിയാണ്.
◾വിഴിഞ്ഞം സമരം ഒത്തുതീര്‍ക്കാന്‍ മുഖ്യമന്ത്രി മുന്‍കൈയെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മുഖ്യമന്ത്രി മന്ത്രിമാരെ പറഞ്ഞു വിടുന്നു, മന്ത്രിമാര്‍ക്ക് അവിടെ ഒന്നും ചെയ്യാനില്ല. മുഖ്യമന്ത്രി ദുര്‍വാശി വിടണം. സമരം ചെയ്യുന്നവരെ മുഖ്യമന്ത്രി ശത്രുക്കളെ പോലെയാണ് കാണുന്നത്. അവരെ അര്‍ബന്‍ നെക്സ്റ്റ്ലേറ്റുകളെന്ന് ആക്ഷേപിക്കുകയാണെന്നും സതീശന്‍ കുറ്റപ്പെടുത്തി.
◾കോട്ടയം വടവാതൂരില്‍ നിരോധിത പുകയില ഉല്‍പന്നങ്ങളുടെ പാക്കിംഗ് യൂണിറ്റ് കണ്ടെത്തി. 25 ലക്ഷം രൂപയോളം വില വരുന്ന പുകയില ഉല്‍പന്നങ്ങളും പന്ത്രണ്ട് കുപ്പി വിദേശ മദ്യവും കണ്ടെടുത്തു. വടവാതൂര്‍ സ്വദേശിയായ അരുണ്‍ കുമാറിനെ അറസ്റ്റു ചെയ്തു. രണ്ടു പേരെകൂടി പിടികൂടാനുണ്ടെന്ന് എക്സൈസ്.
◾രാജ്യത്തിന്റെ ഐക്യവും ഭരണഘടനയും തകര്‍ക്കാനുള്ള നീക്കങ്ങളെ ചെറുക്കാന്‍ ഇടതു മാധ്യമങ്ങള്‍ക്കു വലിയ ഉത്തരവാദിത്വമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദേശാഭിമാനി പത്രത്തിന്റെ 80 ാം വാര്‍ഷികാഘോഷ പരിപാടി കോഴിക്കോട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
◾മലപ്പുറം പരപ്പനങ്ങാടിയില്‍ റോഡ് ബ്ലോക്ക് ചെയ്ത് ഓണാഘോഷം നടത്തിയ അമ്പതോളം വിദ്യാര്‍ത്ഥികള്‍ക്കെതിരേ കേസ്. പരപ്പനങ്ങാടി കോ ഒപ്പറേറ്റീവ് കോളേജിലെ വിദ്യാര്‍ഥികളാണ് രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ അടക്കം റോഡിലിറക്കി ഗതാഗതം തടഞ്ഞുകൊണ്ട് ഓണാഘോഷം നടത്തിയത്. ലാത്തിവീശിയാണ് വിദ്യാര്‍ഥികളെ പിരിച്ചുവിട്ടത്.
◾നടു റോഡില്‍ പോലീസിന്റെ ഓണാഘോഷം. വടംവലിയും കസേരകളിയും നടത്തിയത് റോഡിലാണ്. തൃശൂര്‍ വടക്കേക്കാട് പോലീസ സ്റ്റേഷനു മുന്നിലെ റോഡിലാണു പോലീസുകാര്‍ ഓണാഘോഷം നടത്തിയത്. ഗതാഗതത്തിരക്കില്ലാത്ത റോഡാണെന്നാണ് പോലീസിന്റെ വിശദീകരണം.
◾ബാര്‍ബര്‍ ഷോപ്പിലെത്തിയയാളുടെ ഫോണ്‍നമ്പര്‍ കരസ്ഥമാക്കി വ്യാജ വാട്സാപ്പ് അക്കൗണ്ട് നിര്‍മിച്ച ബാര്‍ബര്‍ തിരുവനന്തപുരത്ത് അറസ്റ്റില്‍. യുപി സ്വദേശി മുഹമ്മദ് ഹസ്സനാണ് അറസ്റ്റിലായത്. പാകിസ്ഥാന്‍ പതാക ഡിപിയാക്കിയുള്ള വാട്സ്ആപ് ഗ്രൂപ്പുണ്ടാക്കുകയും ചെയ്തിരുന്നു.
◾പാലക്കാട് പല്ലശ്ശനയില്‍ കെഎസ്ഇബിയുടെ ഒന്നര ലക്ഷം രൂപയുടെ അലുമിനിയം കമ്പി മോഷ്ടിച്ചു വിറ്റ കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. കുളത്തുപ്പുഴ സ്വദേശി ഷിബു, എലവംഞ്ചേരി സ്വദേശി പത്മനാഭന്‍, നെന്മാറ സ്വദേശി വഹാബ് എന്നിവരെയാണ് കൊല്ലംകോട് പൊലിസ് അറസ്റ്റ് ചെയ്തത്. പ്രതി ഷിബു മുതലമടയില്‍ കെ എസ് ഇ ബിയുടെ ഇലട്രിക് ലൈറ്റുകള്‍ പരിപാലിക്കുന്ന ആളാണ്.
◾കൊല്ലം പരവൂരില്‍ എഴുപത്താറുകാരനെ തലയ്ക്കടിച്ച് കൊന്ന ബന്ധുവായ യുവാവ് പിടിയിലായി. പൂതകുളം ഇടയാടി സ്വദേശി ഗോപാലനാണ് കൊല്ലപ്പെട്ടത്. അയല്‍വാസിയും ബന്ധുവുമായ അനില്‍കുമാറാണു പിടിയിലായത്.
◾ചേര്‍ത്തല തെക്ക് പഞ്ചായത്തില്‍ ഭര്‍ത്താവിനെയും ഭാര്യയെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. 21 ാം വാര്‍ഡ് സ്വദേശിയായ തയ്യില്‍ വീട്ടില്‍ ഷിബു (45), ഭാര്യ റാണിയെന്ന ജാസ്മിന്‍ (38) എന്നിവരാണു മരിച്ചത്.
◾ബംഗളൂരുവിലെ വെള്ളപ്പൊക്കത്തിനു കാരണം മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ ദുര്‍ഭരണമാണെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. മഴയില്‍ തകര്‍ന്ന ബെംഗളൂരു നഗരത്തെ പുനഃസ്ഥാപിക്കുക എന്നത് തന്റെ സര്‍ക്കാറിന് വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.
◾ബംഗളൂരുവില്‍ മഴയെത്തുടര്‍ന്നുണ്ടായ വെള്ളക്കെട്ടില്‍ സ്‌കൂട്ടര്‍ തെന്നി വീണുണ്ടായ അപകടത്തിനിടെ വൈദ്യുതാഘാതമേറ്റ് 23 കാരി മരിച്ചു. കൂളിലെ അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന അഖിലയാണു മരിച്ചത്. വൈറ്റ്ഫീല്‍ഡ് ഏരിയയ്ക്കു സമീപമായിരുന്നു സംഭവം.
◾വിമാനത്തില്‍ യാത്രക്കാരിയുടെ ലഗേജ് മുകളിലെ ഷെല്‍ഫിലേക്കു വയ്ക്കാന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി സഹായിക്കുന്ന ചിത്രം വൈറലായി. ഇന്നലെ അഹമ്മദാബാദിലേക്കുള്ള വിമാനത്തിലാണ് സംഭവം. മധ്യപ്രദേശിലെ യൂത്ത് കോണ്‍ഗ്രസ് നേതാവായ അമന്‍ ദുബൈ ട്വിറ്ററില്‍ പങ്കുവെച്ച ചിത്രമാണ് വൈറലായത്.
◾1200 കോടി രൂപയുടെ രാസലഹരിവസ്തുക്കളുമായി രണ്ട് അഫ്ഗാന്‍ സ്വദേശികള്‍ ഡല്‍ഹി പൊലീസിന്റെ പിടിയിലായി. 312 കിലോ മെത്താംഫെറ്റമൈന്‍ ലഹരിമരുന്ന് ലക്നൗവിലെ ഒരു ഗോഡൗണില്‍നിന്നാണു പിടികൂടിയത്. ഇവരില്‍ നിന്നും 10 കിലോ ഹെറോയിനും നേരത്തെ പിടികൂടിയിരുന്നു.
◾ജമ്മുകാഷ്മീരിലെ അനന്ത്നാഗില്‍ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു ഭീകരരെ വധിച്ചു. അനന്ത്നാഗിലെ പോഷ്‌ക്രീരി മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഹിസ്ബുള്‍ മുജാഹിദീന്‍ പ്രവര്‍ത്തകരും വിവിധ കേസുകളില്‍ പ്രതികളുമായ ഡാനിഷ് ഭട്ട്, ബാഷ്റത് നബി എന്നിവരെയാണ് സൈന്യം വധിച്ചത്.
◾ഇന്ത്യയും ബംഗ്ലാദേശും തമ്മില്‍ ഏഴു ധാരണാപത്രങ്ങളില്‍ ഒപ്പിട്ടു. ഖുഷിയാര നദീജലം പങ്കുവക്കല്‍, റെയില്‍വേ രംഗത്തെ സഹകരണം, ജുഡീഷ്യറി, ശാസ്ത്ര, ബഹിരാകാശ, വാര്‍ത്താവിനിമയം എന്നീ മേഖലകളിലുള്ള സഹകരണത്തിനാണ് കരാറുണ്ടാക്കിയത്. ഇരു രാജ്യങ്ങളിലെയും പ്രധാനമന്ത്രിമാരുടെ സാന്നിധ്യത്തിലായിരുന്നു ധാരണാപത്ര കൈമാറ്റം.
◾ഏഷ്യാകപ്പ് സൂപ്പര്‍ ഫോറില്‍ ശ്രീലങ്കയോടും തോറ്റ് ടീം ഇന്ത്യ. അവസാന ഓവര്‍ വരെ ആവേശം നീണ്ടുനിന്ന നിര്‍ണായകമായ പോരാട്ടത്തില്‍ ആറു വിക്കറ്റിനായിരുന്നു ലങ്കന്‍ ജയം. ഇന്ത്യ ഉയര്‍ത്തിയ 174 റണ്‍സ് വിജയലക്ഷ്യം ഒരു പന്ത് മാത്രം ബാക്കിനില്‍ക്കേ നാലു വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തി ലങ്ക മറികടന്നു. സൂപ്പര്‍ ഫോറിലെ രണ്ടാം തോല്‍വിയോടെ ഇന്ത്യയുടെ ഫൈനല്‍ പ്രതീക്ഷ അനിശ്ചിതത്വത്തിലായിരിക്കുകയാണ്.
◾പ്രമുഖ പൊതുമേഖല ബാങ്കായ കാനറ ബാങ്ക് വായ്പാനിരക്ക് ഉയര്‍ത്തി. എംസിഎല്‍ആര്‍ നിരക്കില്‍ 0.15 ശതമാനത്തിന്റെ വരെ വര്‍ധനയാണ് വരുത്തിയത്. ബുധനാഴ്ച മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരുമെന്ന് കാനറ ബാങ്ക് അറിയിച്ചു. നിലവില്‍ ഒരു വര്‍ഷം വരെ കാലാവധിയുള്ള വായ്പകളുടെ എംസിഎല്‍ആര്‍ നിരക്ക് 7.65 ശതമാനമാണ്. ഇത് 7.75 ശതമാനമായാണ് ഉയര്‍ത്തിയത്. ഇതോടെ ഭവന, വാഹന, വ്യക്തിഗത വായ്പകള്‍ ചെലവേറിയതാകും. മൂന്ന് മാസം കാലാവധിയുള്ള വായ്പകളുടെ നിരക്കില്‍ 0.15 ശതമാനത്തിന്റെ വര്‍ധനയാണ് വരുത്തിയത്. 7.25 ശതമാനമാണ് പുതുക്കിയ നിരക്ക്. പണപ്പെരുപ്പനിരക്ക് പിടിച്ചുനിര്‍ത്താന്‍ റിസര്‍വ് ബാങ്ക് മുഖ്യ പലിശനിരക്കില്‍ മാറ്റം വരുത്തിയിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് കാനറ ബാങ്കിന്റെ നടപടി.
◾മുന്‍നിര സ്മാര്‍ട് ഫോണ്‍ ബ്രാന്‍ഡ് റെഡ്മിയുടെ പുതിയ ഹാന്‍ഡ്സെറ്റുകള്‍ ഇന്ത്യയിലെത്തി. റെഡ്മി പ്രൈം 11 5ജി, റെഡ്മി പ്രൈം 11 4ജി, റെഡ്മി എ1 എന്നീ മൂന്ന് ഫോണുകളാണ് കമ്പനി അവതരിപ്പിച്ചത്. എന്‍ട്രി ലെവല്‍, കുറഞ്ഞ വിലയ്ക്ക് ഫോണ്‍ വാങ്ങാനാഗ്രഹിക്കുന്നവരെ കണക്കിലെടുത്താണ് ഈ സ്മാര്‍ട് ഫോണുകള്‍ പുറത്തിറക്കിയിരിക്കുന്നത്. 50 മെഗാപിക്സല്‍ പ്രൈമറി സെന്‍സര്‍, മീഡിയടെക് 700 പ്രോസസറുമായാണ് റെഡ്മി പ്രൈം 11 5ജി വരുന്നത്. റെഡ്മി പ്രൈം 11 5ജി 4ജിബി+64ജിബി വേരിയന്റിന് 12,999 രൂപയ്ക്കും 6ജിബി+128ജിബി വേരിയന്റിന് 14,999 രൂപയുമാണ് വില. സെപ്റ്റംബര്‍ 9ന് ഉച്ചയ്ക്ക് 12ന് സ്മാര്‍ട് ഫോണ്‍ വില്‍പനയ്‌ക്കെത്തും. അതേസമയം, റെഡ്മി എ1, സിംഗിള്‍ വേരിയന്റിന് 6,499 രൂപയ്ക്ക് ലഭിക്കും.
◾ഗൗതം വാസുദേവ് മേനോന്റെ സംവിധാനത്തില്‍ ചിമ്പു നായകനാകുന്ന പുത്തന്‍ ചിത്രമാണ് ‘വെന്ത് തനിന്തതു കാട്’. ഇപ്പോഴിതാ ചിമ്പു ചിത്രത്തിലെ ഒരു ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്. ‘മല്ലിപ്പൂ’ എന്ന മനോഹരമായ ഒരു ഗാനത്തിന്റ ലിറിക്കല്‍ വീഡിയോ ആണ് പുറത്തുവിട്ടിരിക്കുന്നത്. എ ആര്‍ റഹ്‌മാന്‍ ആണ് സംഗീത സംവിധായകന്‍. ഡീഗ്ലാമറൈസ്ഡ് ഗെറ്റപ്പിലാണ് ചിമ്പു ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. മലയാളി താരം നീരജ് മാധവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സെപ്റ്റംബര് 15ന് ആണ് ചിത്രം റിലീസ് ചെയ്യുക. ഉദയനിധി സ്റ്റാലിന്റെ റെഡ് ജിയാന്റ് മൂവീസ് ആണ് ചിത്രം വിതരണം ചെയ്യുക.
◾മമ്മൂട്ടിയെ ടൈറ്റില്‍ കഥാപാത്രമാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. നിയമം എവിടെ നിര്‍ത്തുന്നുവോ, അവിടെ നീതി ആരംഭിക്കുന്നു എന്നാണ് പോസ്റ്ററിലെ വാക്യം. ബയോഗ്രഫി ഓഫ് എ വിജിലാന്റെ കോപ്പ് എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രമാണിത്. ചിത്രത്തില്‍ ഒരു പോലീസ് ഓഫീസറുടെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. ഉദയകൃഷ്ണയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മൂന്ന് നായികമാരാണ് ചിത്രത്തില്‍. സ്നേഹ, അമല പോള്‍, ഐശ്വര്യ ലക്ഷ്മി എന്നിവര്‍. തെന്നിന്ത്യന്‍ താരം വിനയ് റായ് ഒരു സുപ്രധാന വേഷത്തില്‍ എത്തുന്നു എന്നതും പ്രത്യേകതയാണ്. ഷൈന്‍ ടോം ചാക്കോ, ദിലീഷ് പോത്തന്‍, സിദ്ദിഖ്, ജിനു എബ്രഹാം, വിനീത കോശി, വാസന്തി തുടങ്ങിയവരോടൊപ്പം മുപ്പത്തിയഞ്ചോളം പുതുമുഖങ്ങളും ചിത്രത്തിലെ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
◾പ്രമേയധീരതയും ആഖ്യാനപ്പുതുമയും കൊണ്ട് മലയാളകഥയുടെ സമകാലികതയെ അതിശയിപ്പിച്ച കഥാകൃത്ത് പ്രമോദ് രാമന്റെ പ്രഥമ നോവല്‍. കുടുംബം, ഭരണകൂടം, മതം എന്നിങ്ങനെയുള്ള വിവിധ അധികാര സ്ഥാപനങ്ങള്‍ മനുഷ്യജീവിതത്തിലിടെപെട്ടുകൊണ്ട് അവരുടെ വിധിദര്‍ശികളാവുന്ന ദുരവസ്ഥയെ വര്‍ത്തമാനകാല രാഷ്ട്രീയാവസ്ഥകളുടെപശ്ചാത്തലത്തില്‍ ആവിഷ്‌കരിക്കുന്ന നോവലാണ് ‘രക്തവിലാസം’. ഡിസി ബുക്സ്. വില 189 രൂപ.
◾വെന്യുവിന്റെ പെര്‍ഫോമന്‍സ് പതിപ്പായ എന്‍ലൈന്‍ പുറത്തിറക്കി ഹ്യുണ്ടേയ്. എന്‍ 6, എന്‍ 8 എന്നീ രണ്ടു വകഭേദങ്ങളിലായി എത്തിയ വാഹനത്തിന്റെ എക്സ്ഷോറൂം വില 12.16 ലക്ഷം രൂപയും 13.15 ലക്ഷം രൂപയുമാണ്. വെന്യുവിന്റെ സാധാരണ വകഭേദത്തില്‍നിന്ന് വ്യത്യസ്തമായി സ്പോര്‍ട്ടിയര്‍ സസ്പെന്‍ഷനും എക്സ്ഹോസ്റ്റ് നോട്ടുമാണ് പുതിയ വാഹനത്തിന്. ഒരു ലീറ്റര്‍ പെട്രോള്‍ എന്‍ജിനാണ് എന്‍ലൈനില്‍. 120 എച്ച്പി കരുത്തും 1720 എന്‍എം ടോര്‍ക്കും. 7 സ്പീഡ് ഡിസിടി ഗിയര്‍ബോക്സ്. മൂന്നു ഡ്യുവല്‍ടോണ്‍ നിറങ്ങള്‍ അടക്കം 5 നിറങ്ങളില്‍ പുതിയ വാഹനം ലഭിക്കും.
◾ജീവിതശൈലിയും ഭക്ഷണക്രമവും ശ്വാസകോശത്തിന്റെ ആരോഗ്യത്തില്‍ മുഖ്യ പങ്ക് വഹിക്കുന്നു. ശ്വാസകോശം അപകടത്തിലാണോ എന്ന് തിരിച്ചറിയാന്‍ സഹായിക്കുന്ന ചില രോഗലക്ഷണങ്ങളുണ്ട്. അതില്‍ ഒന്നാണ് ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട്. ഹൃദ്രോഗം ഉള്‍പ്പെടെ മറ്റ് ആരോഗ്യ പ്രശ്നങ്ങളുടെ ഭാഗമായും ശ്വാസംമുട്ടല്‍ വരാമെങ്കിലും ശ്വാസകോശത്തിന്റെ ആരോഗ്യത്തെ സംബന്ധിച്ച നിര്‍ണായക സൂചനയാണ് ഇത്. പുറത്തിറങ്ങി നിന്നാല്‍ പോലും ആവശ്യത്തിന് വായു ശ്വസിക്കാന്‍ ലഭിക്കുന്നില്ലെന്ന തോന്നലും ഇതിന്റെ ഭാഗമാണ്. ശ്വാസം പുറത്തേക്ക് വിടാന്‍ ബുദ്ധിമുട്ട് തോന്നുക, വേദന അനുഭവപ്പെടുക എന്നതെല്ലാം മോശം ശ്വാസകോശ ആരോഗ്യത്തിന്റെ കൃത്യമായ സൂചനകളാണ്. വിട്ടുമാറാത്ത ചുമ ശ്വാസകോശം പതിയെ അപകടാവസ്ഥയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു എന്നതിന്റെ ലക്ഷണമാണ്. ചുമയ്ക്കുമ്പോള്‍ രക്തം പുറത്ത് വരുന്നത് വളരെ അപകടകരമായ അവസ്ഥയിലാണ് ശ്വാസകോശം എന്നതിന്റെ ലക്ഷണമാണ്. ഇത്തരം ലക്ഷണങ്ങളെ നിസ്സാരമായി അവഗണിക്കരുത്. ശ്വാസകോശം അപകടത്തിലാകുന്നതോടെ പല സുപ്രധാന അവയവങ്ങള്‍ക്കും ആവശ്യത്തിന് ഓക്സിജന്‍ ലഭിക്കാത്ത സാഹചര്യം ഉണ്ടാകും. ഇത് നിരന്തരമായ നെഞ്ചു വേദന ഉള്‍പ്പെടെ പലതരം സങ്കീര്‍ണതകളിലേക്ക് നയിക്കാം. ചുമയ്ക്കുമ്പോള്‍ നെഞ്ചിന് അസ്വസ്ഥത, നെഞ്ചില്‍ കഫം കെട്ടിക്കിടക്കല്‍ എന്നിവയെല്ലാം ശ്വാസകോശ പ്രശ്നത്തിന്റെ സൂചനയാണ്. ഇത് ഒരാഴ്ചയില്‍ കൂടുതല്‍ തുടര്‍ന്നാല്‍ ഉടനടി ഡോക്ടറുടെ സഹായം തേടേണ്ടതാണ്. ചികിത്സ തേടാന്‍ വൈകിയാല്‍ ശ്വാസകോശം കൂടുതല്‍ ദുര്‍ബലമായി ആരോഗ്യനില വഷളാകാന്‍ സാധ്യതയുണ്ട്. നടക്കാനും വ്യായാമം ചെയ്യാനുമുള്ള ശേഷിക്കുറവ്, നെഞ്ചിന് ഭാരം എന്നിവയും ശ്വാസകോശത്തിന്റെ ആരോഗ്യത്തെ സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കുന്നു. പുകവലി നിര്‍ത്തിയും ആരോഗ്യകരമായ ഭക്ഷണം കഴിച്ചും നിത്യവും വ്യായാമം ചെയ്തും ഇടയ്ക്കിടെ ആരോഗ്യ പരിശോധനകള്‍ നടത്തിയും ശ്വാസകോശത്തിന്റെ ആരോഗ്യം ഉറപ്പാക്കാവുന്നതാണ്.
*ശുഭദിനം*
*കവിത കണ്ണന്‍*
വിജയന്‍ ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ കൂലിപ്പണിക്കാരനായ അച്ഛന്‍ മണി എന്നത്തേയും പോലെ വൈകിട്ട് സൈക്കിളില്‍ റേഷന്‍ കടയില്‍ പോയി, പിന്നീട് വിജയന്‍ കണ്ടത് അച്ഛന്റെ ചേതനയറ്റ ശരീരമായിരുന്നു. ജീവിതത്തോടുള്ള വിജയന്റെ പോരാട്ടം അവിടെ തുടങ്ങുന്നു…. തൃശൂര്‍ തേക്കിന്‍കാട് മൈതാനത്ത് സോഡയും മറ്റും വിറ്റാണ് വിജയന്‍ പഠിക്കാനുള്ള പണം കണ്ടെത്തിയത്. ഫെഡറേഷന്‍ കപ്പ് ജയിച്ചപ്പോള്‍ ലഭിച്ച മികച്ച പ്ലെയര്‍ക്കുള്ള ബ്ലാക്ക് & വൈറ്റ് ടിവി സൂക്ഷിക്കാന്‍ പക്ഷേ കോലോത്തുമ്പാടത്തെ ആ ഓല മേഞ്ഞ വീട്ടില്‍ സ്ഥലമുണ്ടായിരുന്നില്ല. ഈയൊരു സമയത്ത്, തന്റെയും കുടുംബത്തിന്റെയും ബുദ്ധിമുട്ടുകള്‍ മറി കടക്കാന്‍ ഉള്ള ഏക ആശ്രയം തനിക്ക് ജന്മസിദ്ധമായ ഫുട്ബോള്‍ കളിക്കാനുള്ള കഴിവാണെന്ന് തിരിച്ചറിഞ്ഞു കഴിഞ്ഞ വിജയനെ , ഇന്ത്യയിലെ നമ്പര്‍ വണ്‍ ക്ലബായ മോഹന്‍ ബഗാന്‍ കാത്ത് നില്‍ക്കുന്നുണ്ടായിരുന്നു. പോലീസിനെയും കേരളത്തെയും വിട്ട് കല്‍ക്കട്ടക്ക് വണ്ടി കയറുമ്പോള്‍ മലയാളികള്‍ മുഴുവനും തള്ളിപ്പറഞ്ഞെങ്കിലും കൂടെ നിന്നത് മുഖ്യമന്ത്രി ശ്രീ. കരുണാകരനായിരുന്നു. കൊല്‍ക്കത്തയിലെ മാത്രമല്ല ഇന്ത്യന്‍ ഫുട്ബോള്‍ ലോകത്തെ തന്നെ ആവേശമായ കാലോ ഹരിണ്‍ ഉദയം കൊണ്ടത് ഇങ്ങനെയാണ്. ഇന്ത്യന്‍ ഫുട്ബോളില്‍ പ്രൊഫഷണലിസത്തിന്റെ ലാഞ്ഛനകള്‍ കാണിച്ചു തുടങ്ങിയ തൊണ്ണൂറുകളില്‍ രാജ്യത്തെ ഏറ്റവും വിലപിടിപ്പുള്ള കാലുകള്‍ ഈ കോലോത്തുമ്പാടത്തുകാരന്റേതായിരുന്നു. 93 ലെ നഹ്റു കപ്പില്‍ റോജര്‍ മില്ലയുടെ കാമറൂണിനെതിരെയുള്ള ലോങ് റേഞ്ചര്‍ ഗോള്‍, 99 സാഫ് കപ്പില്‍ ഭൂട്ടാനെതിരെ നേടിയ 12ആം സെക്കന്റിലെ, ഇന്നും ഇന്ത്യന്‍ റെക്കോര്‍ഡായ ഗോള്‍, JCTക്കു വേണ്ടി നേടിയ ബൈസിക്കിള്‍ കിക്ക് ഗോള്‍ എന്നിവ ഏതെങ്കിലും ഫുട്ബോള്‍ പ്രേമി മറക്കുമെന്ന് തോന്നുന്നില്ല. മലേഷ്യയില്‍ നിന്നും തായ്ലാന്റില്‍ നിന്നും ഓഫറുകള്‍ വന്നെങ്കിലും, ഇന്ത്യന്‍ ഫുട്ബോളില്‍ ഉറച്ചു നിന്ന വിജയന്‍ ബഗാന്‍, JCT, ഈസ്റ്റ് ബംഗാള്‍, ചര്‍ച്ചില്‍ ബ്രദേഴ്സ്, മഹീന്ദ്ര, FC കൊച്ചിന്‍ തുടങ്ങിയവര്‍ക്ക് വേണ്ടി തന്റെ ഇരുപതോളം വര്‍ഷം നീണ്ട കരിയറില്‍ കളിച്ചു. 79 തവണ ഇന്ത്യക്ക് കളിച്ച് 40 ഗോള്‍ നേടിയതിനും, ആകെ 330 മത്സരങ്ങളില്‍ 250 ഗോളുകള്‍ക്കും, ബൈച്ചുങ് ബൂട്ടിയക്കൊപ്പം ഇന്ത്യ കണ്ട ഏറ്റവും മികച്ച സ്ട്രൈര്‍ക്കര്‍ ആയതിനുമെല്ലാം തുടക്കമായത് വിജയന്റെ തൃശൂര്‍ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിലെ പരിശീലനമായിരുന്നു. തൃശൂരിലെ ചെറിയ ക്ലബുകള്‍ക്ക് കളിച്ചു ട്രോഫികളും പുരസ്‌കാരങ്ങളും വാങ്ങിയിരുന്ന ആ കൗമാരക്കാരന്‍ ചെന്നെത്തിയത് മൂന്നു തവണ (1993,97,99) വര്‍ഷത്തെ ഏറ്റവും മികച്ച ഇന്ത്യന്‍ കളിക്കാരന്‍ എന്ന AIFF ന്റെ ബഹുമതിയിലേക്കും 2003 ലെ അര്‍ജുന അവാര്‍ഡിലേക്കുമാണ്. താന്‍ സോഡ വിറ്റു നടന്ന് കളി പഠിച്ച തൃശൂര്‍ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിലെ ഒരു ബ്ലോക്കിന് ഇന്ന് വിജയന്റെ പേരാണ്…അതെ… കഠിനധ്വാനത്തിന് ഒരു പേരുണ്ടെങ്കില്‍ നമ്മള്‍ മലയാളികള്‍ക്ക് അഭിമാനത്തോടെ പറയാം.. ഐ എം വിജയന്‍ എന്ന്… – ശുഭദിനം