web cover 98

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനിടെ ആക്രമണങ്ങള്‍ നടത്തിയതിന് സംസ്ഥാനത്ത് 1,013 പേര്‍ അറസ്റ്റിലായി. 281 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 819 പേരെ കരുതല്‍ തടങ്കലിലാക്കിയെന്നും സര്‍ക്കാര്‍. ഹര്‍ത്താല്‍ ആക്രമണങ്ങളില്‍ തകര്‍ക്കപ്പെട്ട കെഎസ്ആര്‍ടിസി ബസുകള്‍ക്കുണ്ടായ നഷ്ടം ഈടാക്കണമെന്നു ഹൈക്കോടതി. എങ്ങനെ ഈടാക്കുമെന്ന് അടുത്ത 17 നു മുമ്പ് റിപ്പോര്‍ട്ടു വേണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി. നടപടികള്‍ കര്‍ശനമായും വേഗത്തിലും നടപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചു.

പോപ്പുലര്‍ ഫ്രണ്ട് നടത്തിയത് ആസൂത്രിത മുഖംമൂടി ആക്രമണങ്ങളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അക്രമികളില്‍ കുറച്ചുപേരെ പിടികൂടി. ബാക്കിയുള്ളവരെ ഉടനേ പിടിക്കുമെന്നു മുഖ്യമന്ത്രി പറഞ്ഞു.

മുപ്പതു മലയാളികള്‍ അടക്കം മൂന്നൂറോളം ഇന്ത്യക്കാരടക്കമുള്ളവര്‍ മ്യാന്‍മറില്‍ മാഫിയാ സംഘത്തിന്റെ പിടിയില്‍. തൊഴില്‍ തട്ടിപ്പിനിരയായി തടവിലാക്കപ്പെട്ടവരെ മാഫിയാ സംഘം മറ്റൊരു രാജ്യത്തേക്കു മാറ്റുന്നു. ട്രക്കുകളില്‍ കയറ്റി ലാവോസിലേക്കു കൊണ്ടുപോകുകയാണെന്നാണ് വിവരം. കുടുങ്ങിയ ഇന്ത്യക്കാരുമായി ഇന്ത്യന്‍ എബസി ഇന്നലെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു.

*_KSFE_ GOLD LOAN*

*മനുഷ്യപ്പറ്റുള്ള ഗോള്‍ഡ് ലോണ്‍*

നിങ്ങളുടെ അടിയന്തിര സാമ്പത്തിക ആവശ്യങ്ങള്‍ക്ക് *_KSFE_* നല്‍കുന്നു സ്വര്‍ണ പണയ വായ്പ. മിതമായ പലിശ നിരക്കില്‍ ലളിതമായ നടപടിക്രമങ്ങളിലൂടെ 25 ലക്ഷം രൂപ വരെ പ്രതിദിനം നിങ്ങള്‍ക്ക് നേടാം. 12 മാസത്തെ വായ്പാ കാലയളവില്‍ നിശ്ചിത പലിശ അടച്ചതിന് ശേഷം ഒരു വര്‍ഷത്തേക്ക് വായ്പ പുതുക്കാന്‍ കഴിയും, കൂടാതെ പരമാവധി 36 മാസം വരെ ഈ സൗകര്യം ഉപയോഗിക്കാം. *കൂടുതല്‍ വിവരങ്ങള്‍ക്ക് : www.ksfe.com*

രാജ്യത്തെ യുവാക്കള്‍ വിദേശ രാജ്യങ്ങളിലേക്കു കുടിയേറ്റക്കാരായി പോകുന്നത് തൊഴിലവസരങ്ങള്‍ ഇല്ലാത്തതുകൊണ്ടും ബിജെപി സര്‍ക്കാരിന്റെ വിദ്വേഷ സംസ്‌കാരംകൊണ്ടുമാണെന്ന് രാഹുല്‍ഗാന്ധി. ഭാരത് ജോഡോ യാത്രയുടെ തൃശൂരിലെ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് 75 വര്‍ഷം കൊണ്ട് എന്തു ചെയ്തെന്നാണ് മോദി ചോദിക്കുന്നത്. എട്ടു വര്‍ഷം കൊണ്ട് മോദി ഉണ്ടാക്കിയ തൊഴിലില്ലായ്മയും വിലക്കയറ്റവും കോണ്‍ഗ്രസ് ഉണ്ടാക്കിയിട്ടില്ലെന്നാണു മറുപടി. കേരളത്തിലെ ജനങ്ങള്‍ സ്നേഹത്തിന്റെ സന്ദേശം മുന്നോട്ടുവയ്ക്കുന്നവരാണെന്നും രാഹുല്‍ പറഞ്ഞു.

റോഡു നിറഞ്ഞൊഴുകിയ ജനസാഗരത്തിന്റെ ആവേശാരവങ്ങളോടെ രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര തൃശൂരില്‍. റോഡിനിരുവശവും തിങ്ങിനിറഞ്ഞ ജനങ്ങള്‍ക്ക് രാഹുല്‍ഗാന്ധി അഭിവാദ്യങ്ങളേകി. സുരക്ഷാക്രമീകരണങ്ങളെപോലും അവതാളത്തിലാക്കുന്നത്രയും ജനത്തിരക്കിനിടയില്‍ ത്രിവര്‍ണ പതാകകളുമേന്തി പതിനായിരക്കണക്കിനു പ്രവര്‍ത്തകരാണ് നിരന്നത്. പൂരക്കുടകളും വാദ്യമേളവുമെല്ലാമായാണ് തേക്കിന്‍കാട് മൈതാനിയിലെ വരവേല്‍പ്.

പൊലീസിന്റെ നിയമവിരുദ്ധ നടപടികള്‍ ന്യായീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍, കേരളത്തില്‍ വര്‍ഗീയ കലാപങ്ങള്‍ ഉണ്ടാകാതിരുന്നത് പൊലീസിന്റെ സമയോചിതമായ ഇടപെടല്‍കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. സീനിയര്‍ പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്റെ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.

*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിലെ അക്രമങ്ങള്‍ അപലപനീയമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. അക്രമങ്ങളെ നേരിടാന്‍ പോലീസിനു കഴിയാത്തത് ദൗഭാഗ്യകരമാണ്. അക്രമത്തെ തള്ളിപ്പറയാന്‍ മുഖ്യമന്ത്രി തയാറായില്ല. കണ്ണൂര്‍ സര്‍വകലാശാലയില്‍ നാല് ആര്‍എസ്എസ് ആചാര്യന്‍മാരുടെ അഞ്ചു പുസ്തകങ്ങള്‍ പഠിപ്പിക്കുമ്പോഴാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കര്‍ണാടകയില്‍ പോയി സിലബസ് സംഘിവത്കരിച്ചെന്നു പ്രസംഗിച്ചതെന്ന് സതീശന്‍.

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനിടെ നടത്തിയത് ഒളിപ്പോരെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഹെല്‍മെറ്റ് വച്ച് ബൈക്കില്‍ വന്നു കല്ലെറിഞ്ഞു പോയാല്‍ എങ്ങനെ പിടിക്കാനാകും? ഹര്‍ത്താലിനെതിരെ പൊലീസ് ഇന്നലെ നല്ല ഇടപെടലാണ് നടത്തിയതെന്നും കാനം പറഞ്ഞു.

മസാല ബോണ്ടിലെ ഇഡി അന്വേഷണത്തിനെതിരേ മുന്‍ ധനമന്ത്രി തോമസ് ഐസക് നല്‍കിയ ഹര്‍ജി അപക്വമാണെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍. അന്വേഷണത്തില്‍നിന്ന് ഒളിച്ചോടാന്‍ ഐസക് ശ്രമിക്കുന്നുവെന്നും സത്യവാങ്മൂലത്തില്‍ പറഞ്ഞു.

കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്ന മുഖ്യമന്ത്രിയും സിപിഎമ്മും ബിജെപിക്കുവേണ്ടി കുഴലൂത്തു നടത്തുകയാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. വര്‍ഗീയ ഫാസിസ്റ്റുകള്‍ക്കെതിരായ കോണ്‍ഗ്രസിന്റെ പോരാട്ടത്തെ ചെറുക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്വാനിക്കുന്നത്. ജനസ്വീകാര്യത ലഭിച്ച രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെ തുടരെത്തുടരെ മുഖ്യമന്ത്രി വിമര്‍ശിക്കുന്നതെന്നും സുധാകരന്‍.

വിഴിഞ്ഞം പ്രശ്നത്തില്‍ സിപിഎം ഇടപെടുമെന്ന് ഉറപ്പു ലഭിച്ചെന്നു സമരസമിതി. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ കണ്ടശേഷമാണ് സമരസമിതി നേതാക്കളുടെ പ്രതികരണം. മന്ത്രിസഭാ ഉപസമിതിയുമായി ചര്‍ച്ച ചെയ്ത് എം.വി. ഗോവിന്ദന്‍ ചര്‍ച്ച ചെയ്യും. സര്‍ക്കാര്‍ നിര്‍ദേശങ്ങളില്‍ തിങ്കളാഴ്ച്ച നിലപാടറിയിക്കും. സമരം ജീവന്മരണ പോരാട്ടമാണെന്നും സമരസമിതി.

അട്ടപ്പാടി മധു കേസില്‍ വിചാരണ നടപടികള്‍ വീഡിയോയില്‍ ചിത്രീകരിക്കണമെന്ന മധുവിന്റെ അമ്മയുടെ ഹര്‍ജിയില്‍ കോടതി തിങ്കളാഴ്ച വിധി പറയും. പ്രതിഭാഗം വിചാരണ നടപടികള്‍ അനാവശ്യമായി തടസപ്പെടുത്തുന്നതും കൂറു മാറുന്നതും വിചാരണയും വീഡിയോയില്‍ ചിത്രീകരിക്കണമെന്നാണ് മധുവിന്റെ അമ്മ മല്ലിയുടെ ആവശ്യം.

സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മാനിച്ചു. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മികച്ച നടനുള്ള അവാര്‍ഡ് ബിജു മേനോനും ജോജു ജോര്‍ജിനും മികച്ച നടിക്കുള്ള പുരസ്‌കാരം രേവതിക്കും സമ്മാനിച്ചു. മികച്ച സംവിധായകനുള്ള പുരസ്‌കാരം ദിലീഷ് പോത്തന്‍ ഏറ്റുവാങ്ങി. ജെസി ഡാനിയേല്‍ പുരസ്‌കാരം കെപി കുമാരനും മികച്ച ജനപ്രിയ ചിത്രത്തിനുള്ള അവാര്‍ഡ് വിനീത് ശ്രീനിവാസനും സമ്മാനിച്ചു.

ജോഡോ യാത്രയുടെ പ്രചാരണ ഫ്ളക്സില്‍ സവര്‍ക്കറുടെ ചിത്രം കടന്നുകൂടിയതിന് വിമര്‍ശനം നേരിട്ട സുരേഷിനെതിരെ ഒരു നടപടിയും ഉണ്ടാവില്ലെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. അറിയാതെ സംഭവിച്ച തെറ്റിനു മാപ്പു പറഞ്ഞ സുരേഷിനെ കാണാതിരിക്കാന്‍ കോണ്‍ഗ്രസിനു കഴിയില്ല. സുരേഷിനെതിരെ നടപടിയെടുക്കരുതെന്ന് നിരവധി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടെന്നും കെ സുധാകരന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ അറിയിച്ചു.

കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) നടപ്പാക്കുന്ന ഓണ്‍ലൈന്‍ പരിശീലന പദ്ധതിയായ കെഒഒഎല്‍ പരിശീലനത്തിന്റെ സ്‌കില്‍ടെസ്റ്റ് ഫലം പ്രഖ്യാപിച്ചു. 2424 അധ്യാപകരില്‍ 2364 പേര്‍ കോഴ്സ് വിജയിച്ചു.

സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ നടത്തുന്ന കമ്പൈന്‍ഡ് ഗ്രാജ്വേറ്റ് ലെവല്‍ പരീക്ഷയ്ക്ക് ഒക്ടോബര്‍ എട്ടു വരെ അപേക്ഷിക്കാം.

തിരുവനന്തപുരം മംഗലപുരം ദേശീയപാതയില്‍ ആംബുലന്‍സ് ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാര്‍ മരിച്ചു. ആറ്റിങ്ങല്‍ ഊരൂപൊയ്ക അഖില ഭവനില്‍ അനില്‍കുമാര്‍ (51), ശാസ്തവട്ടം ചോതിയില്‍ രമ (47) എന്നിവരാണ് മരിച്ചത്.

നായ കുറുകെ ചാടിയതിനെത്തുടര്‍ന്നു സൈക്കിളില്‍നിന്നു വീണ് പരുക്കേറ്റ് ചികിത്സയിലിരുന്നയാള്‍ മരിച്ചു. മറ്റം വടക്ക് പുളിമൂട്ടില്‍ തറയില്‍ എന്‍ മുരളീധരനാണ് (64) മരിച്ചത്. പത്തു ദിവസംമുമ്പ് വലിയ പെരുമ്പുഴ പാലത്തിനു സമീപമായിരുന്നു അപകടം.

ആലപ്പുഴയില്‍ 140 ഗ്രാം എം.ഡി.എം.എയുമായി രണ്ടു യുവാക്കള്‍ പിടിയിലായി. കാര്‍ത്തികപ്പള്ളി മഹാദേവികാട് വാഗനസ്ഥാനത്ത് ശ്രീമന്ദിരത്തില്‍ അതുല്‍ദേവ് (24), മുഹമ്മ പുത്തന്‍ചിറയില്‍ ഉണ്ണി എന്ന ആഷിക്ക് (28) എന്നിവരാണ് പിടിയിലായത്.

തിരുവല്ല റെയില്‍വേ സ്റ്റേഷനില്‍ സ്റ്റേഷന്‍ മാസ്റ്ററോടു തട്ടിക്കയറിയ കഞ്ചാവു സംഘത്തെ ചോദ്യം ചെയ്ത ആര്‍പിഎഫ് ഉദ്യോഗസ്ഥനു മര്‍ദനം. കഞ്ചാവ് സംഘാംഗങ്ങളും തിരുവല്ല സ്വദേശികളുമായ ലിബിന്‍, ശ്രീജിത്ത്, ആലപ്പുഴ സ്വദേശി അജി എന്നിവരെ തിരുവല്ല പൊലീസ് പിടികൂടി. ഹെഡ് കോണ്‍സ്റ്റബിള്‍ ശാന്താറാവുവിനെ ഇവര്‍ ആക്രമിച്ചെന്നാണു കേസ്.

ഓടിക്കൊണ്ടിരുന്ന വാഹനങ്ങള്‍ക്ക് മുകളില്‍ കെഎസ്ഇബി ഇലക്ട്രിക് പോസ്റ്റ് ഒടിഞ്ഞുവീണു. വെഞ്ഞാറമൂട് കോലിയക്കോടിനു സമീപം ബൈപ്പാസ് റോഡിലൂടെ കടന്നു പോവുകയായിരുന്ന വാഹനങ്ങള്‍ക്കു മുകളിലേക്കാണു പോസ്റ്റ് ഒടിഞ്ഞു വീണത്. ബൈക്കു യാത്രക്കാര്‍ റോഡിലേക്കു തെറിച്ചു വീണു.

ഫൈവ് ജി സേവനം ഒക്ടോബര്‍ ഒന്നിന് ആരംഭിക്കും. ഡല്‍ഹിയില്‍ നടക്കുന്ന ഇന്ത്യാ മൊബൈല്‍ കോണ്‍ഗ്രസില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. ടെലികോം മന്ത്രാലയം സംഘടിപ്പിക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ ടെക്നോളജി എക്സിബിഷനാണ് ഇന്ത്യാ മൊബൈല്‍ കോണ്‍ഗ്രസ്. ഫോര്‍ ജിയേക്കാള്‍ പത്തിരട്ടിയായിരിക്കും ഫൈവ് ജിയുടെ ഇന്റര്‍നെറ്റ് വേഗത. ഫൈവ് ജി ലഭ്യമാകുന്ന ഫോണുകളിലായിരിക്കും സേവനം ലഭിക്കുക.

പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതിപക്ഷ നേതാക്കളുമായി കൂടുതല്‍ കൂടിക്കാഴ്ചകള്‍ നടത്തണമെന്ന് മുന്‍ ഉപരാഷ്ട്രപതി വെങ്കയ്യനായിഡു. വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലുള്ളവര്‍ എതിരാളികളാണ്, എന്നാല്‍ ശത്രുക്കളല്ല. മറ്റ് രാഷ്ട്രീയ പാര്‍ട്ടികളിലുള്ളവരെ ബഹുമാനിക്കണമെന്നും വെങ്കയ്യ നായിഡു പറഞ്ഞു. നരേന്ദ്രമോദിയുടെ പ്രസംഗങ്ങളുടെ സമാഹാരമായ ‘സബ്കാ സാത് സബ്കാ വികാസ് സബ്കാ വിശ്വാസ്’ എന്ന പുസ്തകം ഡല്‍ഹിയില്‍ പ്രകാശനം ചെയ്യുകയായിരുന്നു വെങ്കയ്യനായിഡു.

പ്രതിപക്ഷ ഐക്യനീക്കങ്ങളുമായി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും ലാലു പ്രസാദ് യാദവും ഇന്നു സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. നിതീഷ് കുമാര്‍ രാഹുല്‍ ഗാന്ധി, സിതാറാം യെച്ചൂരി, അരവിന്ദ് കെജ്രിവാള്‍, മുലായം സിംഗ് യാദവ്, ഡി രാജ എന്നിവരുമായി ചര്‍ച്ച നടത്തിയിരുന്നു.

ചണ്ഡീഗഡ് സര്‍വകലാശാലയിലെ വിവാദ വീഡിയോ കേസില്‍ സൈനികന്‍ അറസ്റ്റില്‍. ദൃശ്യങ്ങളാവശ്യപ്പെട്ട് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയ ജമ്മു സ്വദേശി അരുണാചലിലെ സേല പാസ്സില്‍ ജോലി ചെയ്യുന്ന സഞ്ജീവ് സിംഗിനെയാണ് പഞ്ചാബ് പൊലീസ് അറസ്റ്റു ചെയ്തത്.

ഇന്ത്യയുടെ 75 വര്‍ഷക്കാലത്തെ സാമ്പത്തികവളര്‍ച്ചയില്‍ അഭിമാനം കൊള്ളുന്നതായി വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. കോളനിവല്‍ക്കരണം ഇന്ത്യയെ ഏറ്റവും ദരിദ്രമായ അവസ്ഥയിലേക്കെത്തിച്ചിരുന്നു. ഇപ്പോള്‍ ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ വളര്‍ന്നെന്നും മന്ത്രി ന്യൂയോര്‍ക്കില്‍ അഭിപ്രായപ്പെട്ടു.

പശ്ചിമബംഗാളില്‍ 21 തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലേക്ക് വരുമെന്ന അവകാശവാദം ആവര്‍ത്തിച്ച് ബിജെപി നേതാവും നടനുമായ മിഥുന്‍ ചക്രവര്‍ത്തി. 21 എംഎല്‍എമാര്‍ തന്നോടു നിരന്തരം ബന്ധപ്പെടാറുണ്ടെന്നാണ് അദ്ദേഹം അവകാശപ്പെട്ടത്.

ഉത്തര്‍പ്രദേശില്‍ നിയമസഭാ സമ്മേളനം നടക്കുമ്പോള്‍ ബിജെപി എംഎല്‍എമാര്‍ ഫോണില്‍ ഗെയിം കളിക്കുന്നതിന്റെയും ലഹരിപദാര്‍ത്ഥം ഉപയോഗിക്കുന്നതിന്റെയും വീഡിയോ പുറത്തുവിട്ട് പ്രതിപക്ഷമായ രാഷ്ട്രീയ ലോക്ദളും സമാജ് വാദി പാര്‍ട്ടിയും. നിയമസഭയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ഇരുപാര്‍ട്ടികളും പുറത്തുവിട്ടത്.

ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സൊ ആബേയുടെ സംസ്‌കാരച്ചടങ്ങുകള്‍ക്കായി ജപ്പാന്‍ ചെലവാക്കുന്നത് 166 കോടി യെന്‍. ജൂലൈയില്‍ കൊല്ലപ്പെട്ട ഷിന്‍സൊ ആബേയുടെ മൃതദേഹ സംസ്‌കാരം അടുത്ത ആഴ്ചയാണ്. ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങുകള്‍ക്കായി ചെലവാക്കിയതിലേറെ തുകയാണ് ജപ്പാന്‍ ഷിന്‍സൊ ആബേയുടെ സംസ്‌കാരത്തിനായി ചെലവാക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

ബുധനാഴ്ച നടക്കുന്ന ഇന്ത്യ- ദക്ഷിണാഫ്രിക്ക ടി20 മത്സരത്തിനു വേണ്ടി കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്പോര്‍ട്സ് ഹബ്ബില്‍ തയാറാക്കിയ വിക്കറ്റുകള്‍ ബിസിസിഐ ക്യൂറേറ്റര്‍ പരിശോധിച്ചു. കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്റെ ചീഫ് ക്യൂറേറ്ററും ബിസിസിഐ ക്യൂറേറ്റര്‍മാരുടെ എലൈറ്റ് പാനല്‍ അംഗവുമായ പ്രശാന്ത് റാവുവാണ് പിച്ച് പരിശോധിക്കാനെത്തിയത്.

ഇന്ത്യ-ഓസ്ട്രേലിയ ടി20 പരമ്പരയിലെ അവസാന മത്സരം ഇന്ന്. ഇരു ടീമുകളും ഓരോ മത്സരം വീതം ജയിച്ച് നില്‍ക്കുന്നതിനാല്‍ ഹൈദരാബാദിലെ കലാശപ്പോരാട്ടത്തില്‍ ജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാകും. വൈകുന്നേരം ഏഴ് മണി മുതലാണ് മത്സരം.

ഇന്ത്യന്‍ വനിതാ ക്രിക്കറ്റിലെ ഇതിഹാസ താരം ജൂലാന്‍ ഗോസ്വാമിക്ക് വീരോചിതമായ യാത്രയയപ്പ് നല്‍കി ടീം ഇന്ത്യ. ക്രിക്കറ്റിന്റെ മെക്കയായ ലോര്‍ഡ്‌സില്‍ നടന്ന അവസാന മത്സരത്തില്‍ ഇംഗ്ലണ്ടിനെ 16 റണ്‍സിന് തോല്‍പിച്ച് പരമ്പര സ്വന്തമാക്കിയാണ് ടീം ഇന്ത്യ ജൂലന്‍ ഗോസ്വാമിക്ക് വീരോചിതമായ യാത്രയയപ്പ് നല്‍കിയത്. തന്റെ 20 വര്‍ഷത്തെ കരിയറില്‍ 39കാരിയായ ജുലന്‍ ഇന്ത്യക്കായി 12 ടെസ്റ്റുകളിലും 201 ഏകദിനങ്ങളിലും 68 ടി20 മത്സരങ്ങളിലും ജേഴ്സിയണിഞ്ഞിട്ടുണ്ട്.

ഇന്‍ഡിഗോ എയര്‍ലൈന്‍സിനെതിരെ വിമര്‍ശനവുമായി ദേശീയ ഹോക്കി ടീം താരവും മലയാളിയുമായ പി.ആര്‍.ശ്രീജേഷ് രംഗത്ത്. വിമാനയാത്രയില്‍ തന്റെ ഹോക്കി സ്റ്റിക്ക് കൊണ്ടുപോകാന്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സ് 1500 രൂപ അധികം ഈടാക്കിയെന്നാണ് ശ്രീജേഷിന്റെ പരാതി. വിമാനക്കമ്പനിക്കെതിരെ ട്വിറ്ററിലൂടെയാണ് ശ്രീജേഷ് രംഗത്തെത്തിയത്.

ലോഹ വ്യവസായ രംഗത്തുള്ള 7 ടാറ്റ ഗ്രൂപ്പ് കമ്പനികളെ ടാറ്റ സ്റ്റീലില്‍ ലയിപ്പിക്കാന്‍ തീരുമാനിച്ചു. ടാറ്റ സ്റ്റീല്‍ ലോങ് പ്രോഡക്ട്സ്, ടാറ്റ മെറ്റാലിക്സ്, ടിന്‍പ്ലേറ്റ് കമ്പനി ഓഫ് ഇന്ത്യ. ടിആര്‍എഫ്, ഇന്ത്യന്‍ സ്റ്റീല്‍ ആന്‍ഡ് വയര്‍ പ്രോഡക്ട്സ്, ടാറ്റ സ്റ്റീല്‍ മൈനിങ്, എസ് ആന്‍ഡ് ടി മൈനിങ് എന്നിവയാണ് ടാറ്റ സ്റ്റീലില്‍ ലയിപ്പിക്കുന്നത്. നിശ്ചിത അനുപാതത്തില്‍ ടാറ്റ സ്റ്റീലിന്റെയും ലയിക്കുന്ന കമ്പനിയുടെയും ഓഹരികള്‍ കൈമാറ്റം ചെയ്താണ് ഇടപാടു നടത്തുക. നടത്തിപ്പു ചെലവു കുറയ്ക്കാനും ഉല്‍പാദന വിപണന സൗകര്യങ്ങള്‍ പങ്കിടാനും ലയനം ഉപകരിക്കുമെന്നു ടാറ്റ സ്റ്റീല്‍ അറിയിച്ചു.

യുപിഐ പിന്‍ നമ്പര്‍ ടൈപ്പ് ചെയ്യാതെ തന്നെ 200 രൂപ വരെയുള്ള തുകകള്‍ അതിവേഗം അയയ്ക്കാനുള്ള ‘യുപിഐ ലൈറ്റ്’ സേവനം നിലവില്‍ വന്നു. നിലവില്‍ ഭീം ആപ്പില്‍ മാത്രാണുള്ളതെങ്കിലും വൈകാതെ ഗൂഗിള്‍ പേ, ഫോണ്‍പേ, പേയ്ടിഎം അടക്കമുള്ള പ്ലാറ്റ്ഫോമുകളിലും സേവനം ലഭ്യമാകും. ഇന്റര്‍നെറ്റ് ഇല്ലാതെ (ഓഫ്ലൈന്‍) തന്നെ ഇതുവഴി പണമയയ്ക്കാന്‍ അവസരമൊരുങ്ങുമെന്നാണ് എന്‍പിസിഐ പറയുന്നതെങ്കിലും നിലവില്‍ സേവനം ലഭ്യമല്ല. ഉടന്‍ വന്നേക്കും. ആദ്യഘട്ടത്തില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, കനറാ ബാങ്ക്, ഇന്ത്യന്‍ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, കോട്ടക് മഹീന്ദ്ര ബാങ്ക്, പഞ്ചാബ് നാഷനല്‍ ബാങ്ക്, ഉത്കര്‍ഷ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് എന്നിവയുടെ അക്കൗണ്ട് ഉടമകള്‍ക്ക്.

വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന വെടിക്കെട്ടിന്റെ ടീസര്‍ റിലീസ് ചെയ്തു. ഒരു മാസ് എന്റര്‍ടെയ്നര്‍ ആകും ചിത്രമെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. നാളിതുവരെ കണ്ടതില്‍ വച്ച് ഏറ്റവും വ്യത്യസ്തമായ കഥാപാത്രങ്ങളായാണ് വിഷ്ണുവും ബിബിനും ചിത്രത്തില്‍ എത്തുന്നതെന്ന് ടീസറില്‍ നിന്നും വ്യക്തമാണ്. ബാല, പൃഥ്വിരാജ്, ഉണ്ണിമുകുന്ദന്‍, അനൂപ് മേനോന്‍ എന്നിവര്‍ ചേര്‍ന്നാണ് ടീസര്‍ റിലീസ് ചെയ്തത്. വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും തന്നെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ഇരുന്നൂറോളം പുതുമുഖ താരങ്ങള്‍ ആണ് അഭിനയിക്കുന്നത്. പുതുമുഖം ഐശ്യര്യ അനില്‍കുമാര്‍ ആണ് ചിത്രത്തിലെ നായിക.

നടന്‍ ശ്രീനാഥ് ഭാസി നായകനാകുന്ന പുതിയ ചിത്രം ‘ജേര്‍ണി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. സഞ്ജിത് ചന്ദ്രസേനന്‍ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ജേര്‍ണി. ശ്രീനാഥ് ഭാസിയും കിഷ്‌കിന്ധ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സഞ്ജിത് ചന്ദ്രസേനന്‍, മാത്യു പ്രസാദ്, സാഗര്‍ ദാസ് എന്നിവരും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. റോഡ് മൂവി ആയി ഒരുങ്ങുന്ന ചിത്രത്തില്‍ ധനേഷ് ആനന്ദ്, സാം സിബിന്‍ തുടങ്ങിയ താരങ്ങളും പ്രധാന വേഷങ്ങളില്‍ എത്തുന്നു. പുതുമുഖമായിരിക്കും നായികയായി എത്തുക. രാഹുല്‍ സുബ്രമണ്യന്‍ ആണ് ജേര്‍ണിക്ക് വേണ്ടി സംഗീതം ഒരുക്കുന്നത്. മാത്യു പ്രസാദ് ക്യാമറയും സാഗര്‍ ദാസ് എഡിറ്റിങ്ങും കൈകാര്യം ചെയ്യുന്നു. തെന്നിന്ത്യയിലെ പ്രശസ്ത കോസ്റ്റ്യൂം ഡിസൈനര്‍ ആയ ഉത്തര മേനോന്‍ വസ്ത്രാലങ്കാരം നിര്‍വഹിക്കുന്ന ചിതത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ധനേഷ് ആനന്ദ് ആണ്.

ചൈനീസ് വാഹന നിര്‍മ്മാതാക്കളായ ബിവൈഡിയുടെ പുതിയ ബിവൈഡി അറ്റോ 3 ഇലക്ട്രിക് എസ്യുവി 2022 ഒക്ടോബര്‍ 11-ന് രാജ്യത്ത് അവതരിപ്പിക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു . രാജ്യത്തെ സ്വകാര്യ ഉപഭോക്താക്കള്‍ക്കായി കമ്പനി അടുത്തിടെ ഇ6 ഇലക്ട്രിക് എംപിവി അവതരിപ്പിച്ചിരുന്നു. പുതിയ അറ്റോ 3 ഇലക്ട്രിക് എസ്യുവിയുടെ ഡെലിവറി 2023-ന്റെ തുടക്കത്തില്‍ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മറ്റൊരു ചൈനീസ് ബ്രാന്‍ഡായ എംജിയുടെ ഇലക്ട്രിക്ക് മോഡലിന് എതിരാളിയായി എത്തുന്ന പുതിയ ബിവൈഡി അറ്റോ 3 ഇലക്ട്രിക് എസ്യുവിയുടെ എക്സ്-ഷോറൂം വില ഏകദേശം 30 ലക്ഷം രൂപ മുതല്‍ 35 ലക്ഷം രൂപ വരെയായിരിക്കും.

വിഖ്യാത എഴുത്തുകാരന്‍ ആന്റണ്‍ ചെക്കോവിന്റെ മികച്ച കൃതികളിലൊന്നായ മൈ ലൈഫിന്റെ പരിഭാഷ. സമ്പത്തിന്റെയും അധികാരത്തിന്റെയും കുലമഹിമയുടെയും പേരില്‍ അഹങ്കരിക്കുകയും അല്പന്മാരായി അധഃപതിക്കുകയും ചെയ്യുന്നവര്‍ക്കിടയില്‍ ജീവിക്കേണ്ടി വന്ന നിസ്വാര്‍ത്ഥനായ ഒരു വ്യക്തിയുടെ ജീവിതം. കാപട്യത്തിന്റെ മുഖംമൂടി അണിയാതെ പച്ചമനുഷ്യരായി ജന്മനിയോഗം പൂര്‍ത്തിയാക്കാന്‍ ആഗ്രഹിക്കുന്നവര്‍ അനുഭവിക്കേണ്ടി വരുന്ന ദുരിതവേദനകള്‍ ഈ കൃതിയില്‍ പ്രതിഫലിക്കുന്നു. ‘എന്റെ ജീവിതം’. രണ്ടാം പതിപ്പ്. പരിഭാഷ – ഇ വാസു. ഒലീവ് പബ്ളിക്കേഷന്‍സ്. വില 199 രൂപ.

ദൈനംദിന ജീവിതത്തില്‍ ഒഴിച്ചുകൂടാനാകാത്ത ഒന്നാണല്ലോ ഉപ്പ്. പല്ലു വൃത്തിയാക്കാനും ശരീരഭാഗങ്ങളിലെ ചതവിനും വരെ ഉപ്പ് ഉപയോഗിക്കാവുന്നതാണ്. തേനീച്ചയുടെയോ മറ്റ് പ്രാണികളുടെയോ കുത്തേറ്റാല്‍ അവിടെ ഉപ്പ് തിരുമ്മിയാല്‍ വേദനയ്ക്ക് ശമനമുണ്ടാവും. കാലിലോ മറ്റോ നീരു വരുകയോ ചെയ്താല്‍ കല്ലുപ്പുപയോഗിച്ച് കെട്ടിവയ്ക്കുന്നത് നീര് കുറയ്ക്കാന്‍ സഹായിക്കും. തേങ്ങയുടെ നിറം മാറാതിരിക്കാന്‍ ഉപയോഗിക്കാവുന്ന ഒരു മാര്‍ഗമാണ് ഉപ്പ് തേയ്ക്കുക എന്നത്. മുറിച്ച തേങ്ങ നിറം മാറാതിരാക്കാനായി ഉപ്പ് കലക്കിയ വെള്ളം തേക്കുന്നത് നല്ലതാണ്. അതുപോലെ ആപ്പിള്‍,? ഉരുളക്കിഴങ്ങ് എന്നിവ കറുക്കാതിരിക്കാന്‍ ഇവ ഉപ്പു വെള്ളത്തില്‍ ഇട്ടാല്‍ മതിയാകും. പല്ലിലുള്ള അഴുക്ക് പോകുവാന്‍ ഉപ്പ് ഉപയോഗിച്ച് പല്ലു തേക്കുന്നത് നല്ലതാണ്. വായ്നാറ്റം മാറാനും ഇത് ഏറെ ഉപകരിക്കും. നീര് കുറയാനും വാത സംബന്ധമായ രോഗങ്ങള്‍ക്കും ഉപ്പ് ഉപകാര പ്രദമാണ്. ചെറിയ കിഴിപോലെ ഉപ്പ് കെട്ടി,? അത് ചെറുതായി ചട്ടിയിലോ മറ്റൊ വച്ച് ചൂടാക്കി കാലിലോ നടുവിലോ നീരുള്ള ഭാഗത്ത് വയ്ക്കുക. ശരീരത്തിലെ നീര്‍ക്കെട്ടിനും ചൂടുവെള്ളത്തില്‍ ഉപ്പിട്ട് കുളിച്ചാല്‍ മതിയാകും. യൂറിക് ആസിഡ് പോലുള്ള രോഗങ്ങള്‍ക്ക് ഭക്ഷണത്തില്‍ പൊടിഉപ്പിനു പകരം കല്ലുപ്പ് ഉപയോഗിക്കുന്നതും വളരെ നല്ലതാണ്. തൊണ്ട വേദന ഇല്ലാതാക്കാന്‍ ചെറു ചുടുവെള്ളത്തില്‍ ഉപ്പിട്ട് രണ്ടു മിനിറ്റ് വായില്‍ കൊള്ളുന്നത് വളരെ നല്ലതാണ്. വായില്‍ ഈ വെള്ളം പിടിക്കുന്നതിനാല്‍ ചെറുചുട് തൊണ്ടയ്ക്കു കിട്ടുന്നത് കഫക്കെട്ട് ഇല്ലാതാക്കാനും സഹായിക്കും.

*ശുഭദിനം*

*കവിത കണ്ണന്‍*

ഇതൊരു വാമൊഴികഥയാണ്. ആ സ്ത്രീ തന്റെ കുഞ്ഞിനെയും ഒക്കത്ത് വെച്ച് വീടുകള്‍ തോറും കയറിയിറങ്ങി ഭിക്ഷയാചിച്ചാണ് ജീവിച്ചിരുന്നത്. ഒരിക്കല്‍ ഗ്രാമാതിര്‍ത്തിയിലുളള ഒരു കാട്ടിലെ ഗുഹയില്‍ അവര്‍ പെട്ടു. ആ ഗുഹയില്‍ നിറയെ ധാരാളം സ്വര്‍ണ്ണവും പണവും ഉണ്ടായിരുന്നു. ആ ഗുഹയില്‍ താമസിച്ചിരുന്ന ഒരു സന്യാസി അവരോട് പറഞ്ഞു: ദിവസത്തില്‍ വളരെ കുറച്ച് സമയമാണ് ഈ ഗുഹ തുറന്നിരിക്കുക. നിങ്ങള്‍ക്ക് രക്ഷപ്പെടാന്‍ ഇനി കുറച്ച് സമയമേ ബാക്കിയുള്ളൂ. ഗുഹക്ക് പുറത്തേക്കിറങ്ങും മുമ്പ് അവര്‍ ഗുഹയില്‍ നിന്നും ധാരാളം പണവും സ്വര്‍ണ്ണവും ശേഖരിച്ചു. അവര്‍ ഗുഹക്ക് പുറത്തേക്ക് ഇറങ്ങിയതും ഗുഹാവാതില്‍ അടഞ്ഞതും ഒരുമിച്ചായിരുന്നു. ജീവിതകാലം മുഴുവന്‍ സന്തോഷത്തോടെ ജീവിക്കാനുള്ള സ്വര്‍ണ്ണവും പണവും കൈയ്യില്‍ കരുതിയായിരുന്നു അവര്‍ തിരിച്ചിറങ്ങിയത്. പക്ഷേ, അപ്പോഴാണ് അവര്‍ മറ്റൊരു കാര്യം മനസ്സിലാക്കിയത്.. തന്റെ കുഞ്ഞ് ഗുഹയ്ക്കകത്ത് അകപ്പെട്ടുപോയി എന്ന്. ഒരുജന്മം മുഴുവന്‍ സന്തോഷമായി ജീവിക്കാനുള്ള ധനം കയ്യില്‍ ഉണ്ടായിട്ടും അവരുടെ സന്തോഷവും സമാധാനവും ആ നിമിഷം ഇല്ലാതായി.. നമ്മുടെ ഒക്കത്തുള്ള സ്വപ്നങ്ങളെ ജീവിതത്തില്‍ എവിടെയെങ്കിലും നാം മറന്നുവെച്ചാല്‍, വേറെ എന്തൊക്കെ വാരിക്കൂട്ടിയാലും നമുക്ക് സന്തോഷം ഉണ്ടാവുകയില്ല. നമ്മള്‍ ജീവിക്കുന്നു എന്നതിലല്ല.. സ്വയം ഒരു മൂല്യമുണ്ടാവുക എന്നതാണ് പ്രധാനം. മറന്നുവെച്ച സ്വപ്നങ്ങളെ കണ്ടെത്തുക.. തിരിച്ചെടുക്കാന്‍ ശ്രമിക്കുക.. കാരണം ജീവിതം.. അതൊന്നേയുള്ളൂ – ശുഭദിനം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *