◾ഹര്‍ത്താലിനിടെ അക്രമങ്ങള്‍ നടത്തിയവരെ അരിച്ചുപെറുക്കി പോലീസ്. പൊതുമുതല്‍ നശിപ്പിച്ചതുമൂലമുണ്ടായ നഷ്ടം എങ്ങനെ നികത്തുമെന്ന് സര്‍ക്കാരിനോടു ഹൈക്കോടതി. പൊള്ളുമെന്നു തോന്നുന്നതുവരെ ബസുകള്‍ക്കുനേരെ ആക്രമണം തുടരുമെന്ന് ജഡ്ജി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. ഹര്‍ത്താലില്‍ 70 കെഎസ്ആര്‍ടിസി ബസുകള്‍ നശിപ്പിച്ചെന്നും ഈയിനത്തില്‍ 45 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഇന്നലെ 157 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 170 പേരെ അറസ്റ്റു ചെയ്തു. 368 പേരെ കരുതല്‍ തടവിലാക്കി. അക്രമങ്ങള്‍ നടത്തിയ കൂടുതല്‍പേരെ ഉടനേ പിടികൂടുമെന്നും സര്‍ക്കാര്‍ അറിയിച്ചു.
◾സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് ഇന്ന് പ്രവൃത്തി ദിനം. വിദ്യാഭ്യാസ കലണ്ടറനുസരിച്ച് നേരത്തെ തന്നെ തീരുമാനിച്ചതാണെന്നു വിദ്യാഭ്യാസ വകുപ്പ്. ഹര്‍ത്താല്‍ മൂലം ഇന്നലേയും ശ്രീ നാരായണ ഗുരു സമാധിദിനമായതിനാല്‍ ബുധനാഴ്ചയും അവധിയായിരുന്നു.
◾
*_KSFE_ GOLD LOAN*
*മനുഷ്യപ്പറ്റുള്ള ഗോള്‍ഡ് ലോണ്‍*
നിങ്ങളുടെ അടിയന്തിര സാമ്പത്തിക ആവശ്യങ്ങള്‍ക്ക് *_KSFE_* നല്‍കുന്നു സ്വര്‍ണ പണയ വായ്പ. മിതമായ പലിശ നിരക്കില്‍ ലളിതമായ നടപടിക്രമങ്ങളിലൂടെ 25 ലക്ഷം രൂപ വരെ പ്രതിദിനം നിങ്ങള്‍ക്ക് നേടാം. 12 മാസത്തെ വായ്പാ കാലയളവില്‍ നിശ്ചിത പലിശ അടച്ചതിന് ശേഷം ഒരു വര്‍ഷത്തേക്ക് വായ്പ പുതുക്കാന്‍ കഴിയും, കൂടാതെ പരമാവധി 36 മാസം വരെ ഈ സൗകര്യം ഉപയോഗിക്കാം. *കൂടുതല്‍ വിവരങ്ങള്‍ക്ക് : www.ksfe.com*
◾കാരുണ്യ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് 29 ാം തീയതിയിലേക്കു മാറ്റിവച്ചു. ഹര്‍ത്താല്‍ മൂലം ടിക്കറ്റുകള്‍ വില്‍ക്കാനാകാത്തതിനാലാണ് നറുക്കെടുപ്പ് മാറ്റിയത്.
◾എന്‍ഐഎ കേരളത്തില്‍ നിന്ന് അറസ്റ്റ് ചെയ്ത പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരില്‍ 11 പേരുടെ കസ്റ്റഡി അപേക്ഷ കൊച്ചിയിലെ എന്‍ഐഎ കോടതി ഇന്ന് പരിഗണിക്കും. പ്രത്യേക സമുദായത്തില്‍പ്പെട്ടവരുടെ ഹിറ്റ്ലിസ്റ്റ് തയാറാക്കിയിരുന്നതായാണ് എന്‍ഐഎ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ആരോപിച്ചത്. കരമന അഷ്റഫ് മൗലവി അടക്കമുള്ള പ്രതികളെയാണ് ചോദ്യം ചെയ്യലിലായി ഏഴു ദിവസം കസ്റ്റഡിയില്‍ വേണമെന്ന് എന്‍ഐഎ ആവശ്യപ്പെടുന്നത്.
◾കെഎസ്ആര്‍ടിസിയില്‍ സിംഗിള്‍ ഡ്യൂട്ടി പരിഷ്‌കരണം സ്റ്റേ ചെയ്യണമെന്ന യൂണിയനുകളുടെ ആവശ്യം ഹൈക്കോടതി തള്ളി. കെഎസ്ആര്‍ടിസിയെ ലാഭകരമാക്കാന്‍ നടത്തുന്ന പരിഷ്‌കാരങ്ങളെ തൊഴിലാളികള്‍ തടസപ്പെടുത്തരുതെന്ന് കോടതി നിര്‍ദേശിച്ചു.
*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*
ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.
➖➖➖➖➖➖➖➖
◾ഭാരത് ജോഡോ യാത്രയുടെ പ്രചാരണത്തിന് റോഡരികുകളില്‍ കൂറ്റന്‍ ഫ്ളക്സ് ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കിയതിനു സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി. ഇതു ഭരണപരാജയമാണെന്നു ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. കോടതി ഉത്തരവിടുന്നത് നടപ്പാക്കാനാണെന്നും കോടതി.
◾രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്നു തൃശൂര്‍ നഗരത്തില്‍. വൈകുന്നേരം തൃശൂരില്‍ ഗതാഗത നിയന്ത്രണം. രാവിലെ ചാലക്കുടി അപ്പോളോ ടയേഴ്സിനുമുന്നില്‍നിന്ന് ആരംഭിക്കുന്ന യാത്ര 11 ന് ആമ്പല്ലൂരില്‍ എത്തും. നാലിനു തലോരില്‍നിന്ന് ആരംഭിക്കുന്ന യാത്ര ശക്തന്‍ ബസ് സ്റ്റാന്‍ഡ് വഴി തെക്കേഗോപുരനടയില്‍ സമാപിക്കും. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്, ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍, ജയറാം രമേശ്, ദ്വിഗ് വിജയ് സിംഗ്, കെ.സി. വേണുഗോപാല്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. പുലിക്കളിയും കാവടിയും പൂരക്കുടകളും അടക്കമുള്ള സാംസ്‌കാരിക വിരുന്നോടെയാണ് സ്വീകരണം. യാത്രയ്ക്ക് ഇന്നലെ പ്രതിവാര അവധിദിനമായിരുന്നു.
◾ഭാരത് ജോഡോ യാത്രയുടെ പ്രചാരണ ബോര്‍ഡില്‍ സവര്‍ക്കറുടെ ചിത്രം ഉള്‍പെടുത്തിയതിനു കോണ്‍ഗ്രസിനെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സവര്‍ക്കറെ ധീര ദേശാഭിമാനിയായി ചിത്രീകരിക്കാനുള്ള ശ്രമമാണിത്. ബിജെപിയുടെ പ്രത്യയശാസ്ത്രം എത്രമാത്രം കോണ്‍ഗ്രസ് ഉള്‍ക്കൊള്ളുന്നു എന്നതിന്റെ തെളിവാണിത്. മുഖ്യമന്ത്രി പറഞ്ഞു.
◾പൊതുമരാമത്ത് വകുപ്പിനു കീഴില്‍ റണ്ണിംഗ് കോണ്‍ട്രാക്ട് പദ്ധതി നടപ്പാക്കുന്ന റോഡുകളുടെ പരിപാലനം ഉറപ്പാക്കാന്‍ സ്ഥിരം സംവിധാനം ഏര്‍പ്പെടുത്തുമെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. റോഡ് പരിപാലന പരിശോധനക്ക് സ്ഥിരമായി ഉന്നത ഉദ്യോഗസ്ഥ സംഘത്തെയാണ് നിയോഗിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
◾സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരേയുള്ള സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നതു തടയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സൈബര്‍ സുരക്ഷ ഉയര്‍ത്തി കേരള പൊലീസ് സംഘടിപ്പിച്ച കൊക്കോണ്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. അനുമതിയില്ലാതെ പറത്തുന്ന ഡ്രോണുകള്‍ പിടിച്ചെടുക്കുന്ന ഡ്രോണ്‍ ഡിറ്റക്ടര്‍ വാഹനവും കേരള പൊലീസ് കൊക്കോണില്‍ അവതരിപ്പിച്ചു.
◾സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസിലേക്കു ബോംബറിഞ്ഞ കേസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പിടിയില്‍. വിദേശത്തായിരുന്ന മൂന്നാം പ്രതി വടകര പുറമേരി സ്വദേശി നജീഷാണ് പിടിയിലായത്. 2017 ജൂണ്‍ ഏഴിന് പുലര്‍ച്ചെയായിരുന്നു ബോംബറുണ്ടായത്.
◾മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ അസിസ്റ്റന്റ് പ്രൊഫസറായി രേഖാ രാജിനെ നിയമിച്ചത് റദ്ദാക്കിയ ഹൈക്കോടതി നടപടി സുപ്രീം കോടതി ശരിവച്ചു. റാങ്ക് പട്ടിക തയാറാക്കിയതടക്കമുള്ള നിയമന നടപടികള്‍ ശുദ്ധ അസംബന്ധമാണെന്ന വിമര്‍ശനത്തോടെയാണ് സര്‍വകലാശാലയുടെയും രേഖാ രാജിന്റെയും ഹര്‍ജികള്‍ സുപ്രീം കോടതി തള്ളിയത്.
◾സ്‌കൂള്‍ കലോല്‍സവത്തിനും ശാസ്ത്രോല്‍സവത്തിനും കായികോല്‍സവത്തിനും ലോഗോ ക്ഷണിച്ചു. നവംബര്‍ 10, 11, 12 തീയതികളില്‍ എറണാകുളത്താണ് സംസ്ഥാന സ്‌കൂള്‍ ശാസ്ത്രോത്സവം. ഡിസംബര്‍ മൂന്ന്, നാല്, അഞ്ച് തീയതികളില്‍ തിരുവനന്തപുരത്താണു സ്‌കൂള്‍ കായികോത്സവം. ജനുവരി മൂന്നു മുതല്‍ ഏഴു വരെ കോഴിക്കോട്ടാണ് സ്‌കൂള്‍ കലോത്സവം. വിദ്യാര്‍ഥികള്‍, അധ്യാപകര്‍, പൊതുജനങ്ങള്‍ എന്നിവര്‍ക്ക് ലോഗോ തയ്യാറാക്കാം. അവസാന തീയതി ഒക്ടോബര്‍ 15.
◾മകള്‍ വീട്ടിലേക്കു വിളിച്ചുവരുത്തിയ ആണ്‍ സുഹൃത്തിനെ അച്ഛന്‍ വെട്ടി പരിക്കേല്‍പ്പിച്ചു. വര്‍ക്കല ചരുവിള വീട്ടില്‍ ബാലുവിനെയാണ് അച്ഛന്‍ വെട്ടി പരിക്കേല്‍പ്പിച്ചത്. മൂന്നു വര്‍ഷംമുമ്പ് പ്രായപൂര്‍ത്തിയാകാത്ത മകളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിയായ ബാലുവുമായി പെണ്‍കുട്ടി പ്രണയത്തിലാണ്. പെണ്‍കുട്ടിയുടെ പിതാവ് ജയകുമാറിനെ വര്‍ക്കല പൊലീസ് കസ്റ്റഡിയിലെടുത്തു.
◾കാട്ടാക്കട കെഎസ്ആര്‍ടിസി ഡിപ്പോയില്‍ അച്ഛനെയും മകളെയും ആക്രമിച്ച കേസില്‍ അഞ്ചാമന്‍ മെക്കാനിക് അജിയെ പ്രതി പട്ടികയില്‍ ഉള്‍പ്പെടുത്തി. അഞ്ചു പ്രതികളെയും കണ്ടെത്താനായിട്ടില്ല.
◾സ്‌കൂളില്‍ അതിക്രമിച്ചുകയറി ശുചിമുറിയില്‍ കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍. കല്ലായി ചക്കുംകടവ് സ്വദേശി നടുംപുരയ്ക്കല്‍ ജയേഷ്(32) ആണ് വെള്ളയില്‍ പോലീസിന്റെ പിടിയിലായത്. സുന്ദരിയമ്മ വധക്കേസില്‍ സംശയത്തിന്റെ ആനുകൂല്യത്തില്‍ കോടതി വെറുതെവിട്ടയാളാണ് പോക്സോ കേസില്‍ ഇപ്പോള്‍ അറസ്റ്റിലായ ജയേഷ്.
◾മുഖംമൂടി ധരിച്ചെത്തിയ ആറംഗ കവര്‍ച്ചാസംഘം ഗൃഹനാഥനെ മര്‍ദിച്ചുവീഴ്ത്തി കെട്ടിയിട്ട് 25 പവന്‍ സ്വര്‍ണവും പണവും കവര്‍ന്നു. പാലക്കാട് വടക്കഞ്ചേരി ചുവട്ടുപാടത്ത് സാം പി ജോണിന്റെ വീട്ടിലാണ് മോഷണം നടന്നത്.
◾യൂട്യൂബ് ചാനല്‍ അവതാരക നല്‍കിയ പരാതിയില്‍ നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ പൊലീസ് കേസെടുത്തു. വനിത കമ്മീഷനിലും യുവതി പരാതി നല്‍കിയിരുന്നു.
◾എറണാകുളം തൃപ്പൂണിത്തുറയില്‍ എസ്ഐ ആത്മഹത്യ ചെയ്തനിലയില്‍. കെഎപി രണ്ടാം ബറ്റാലിയനില്‍നിന്ന് കെഎപി ഒന്നാം ബറ്റാലിയനിലേക്കു സ്ഥലം മാറിയ തിരുവനന്തപുരം സ്വദേശി സജിതാണ് മരിച്ചത്.
◾വര്‍ക്കലയില്‍ മദ്യലഹരിയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടി. രഘുനാദപുരത്ത് സതി വിലാസത്തില്‍ സന്തോഷിന്റെ ഭാര്യ സതിക്കാണ് (40) വെട്ടേറ്റത്. ഭര്‍ത്താവ് സന്തോഷിനെ വര്‍ക്കല പൊലീസ് കസ്റ്റഡിയിലെടുത്തു.
◾സഹായം ആവശ്യപ്പെടുന്നവരുടെ ശല്യംമൂലം പൊറുതിമുട്ടി ഓണം ബമ്പര്‍ ജേതാവ് അനൂപ്. വീട്ടില്‍ നിരന്തരം ആളുകള്‍ സഹായം തേടിയെത്തുകയാണ്. പുറത്തിറങ്ങാന്‍ പറ്റുന്നില്ല. വീട് മാറിപ്പോകാന്‍ ആലോചിക്കുകയാണെന്നും അനൂപ് പറഞ്ഞു.
◾കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് ഗ്രൂപ്പ് 23 നേതാവായ മനീഷ് തിവാരി മത്സരിച്ചേക്കും. ശശി തരൂര്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥിയല്ലെന്ന് ഗ്രൂപ്പ് 23 വ്യക്തമാക്കി. ശശി തരൂര്‍ ആശുപത്രികിടക്കയില്‍പോലും സോണിയാഗാന്ധിയോടു മര്യാദ കാണിച്ചില്ലെന്ന് ഗാന്ധി കുടംബത്തിന്റെ വിശ്വസ്തനായ ദേശീയ വക്താവ് ഗൗരവ് വല്ലഭ് കുറ്റപ്പെടുത്തി. വല്ലഭിന്റെ പ്രസ്താവന പുറത്തുവന്നതിനു പിറകേ, മോശം പരാമര്‍ശങ്ങള്‍ അരുതെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് വിലക്കി.
◾ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരം തുടര്‍ച്ചയായ ഏഴാമത്തെ ആഴ്ചയും ഇടിഞ്ഞു. സെപ്റ്റംബര്‍ 16 വരെ വിദേശനാണ്യ കരുതല്‍ ശേഖരം 54,565.2 കോടി ഡോളറായി കുറഞ്ഞു. 2020 ഒക്ടോബറിനു ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലാണ് വിദേശനാണ്യ കരുതല്‍ ശേഖരമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ.
◾ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാര്‍ ബിഹാറിനേയും ബിജെപിയേയും ചതിച്ചെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. അടുത്ത പ്രധാനമന്ത്രിയാകാമെന്നു മോഹിച്ചാണ് നിതീഷ് കുമാര്‍ ബിജെപിയെ ചതിച്ചതെന്നാണ് അമിത് ഷായുടെ വിമര്‍ശനം. ലാലുപ്രസാദ് യാദവിന്റെ മടിയിലിരിക്കാനാണ് നിതീഷ് പോയതെന്നും അമിത് ഷാ പരിഹസിച്ചു.
◾തമിഴ്നാട്ടില്‍ ഭരണകക്ഷിയായ ഡിഎംകെക്കെതിരെ ‘കുടുംബവാഴ്ച, പണത്തട്ടിപ്പ്, കാട്ടാ പഞ്ചായത്ത്’ എന്ന വിമര്‍ശനവുമായി ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ. ഡിഎംകെയുടെ കുടുംബവാഴ്ച ജനാധിപത്യമെന്ന ആശയത്തിനു തന്നെ എതിരാണെന്നും നദ്ദ വിമര്‍ശിച്ചു.
◾ശിവസേന ഉദ്ദവ് താക്കറെ വിഭാഗത്തിന് മുംബൈ ശിവാജി പാര്‍ക്കില്‍ ദസറ റാലി നടത്താന്‍ ഹൈക്കോടതി അനുമതി നല്‍കി. മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ വിഭാഗവും ദസറ റാലിക്കായി ശിവാജി പാര്‍ക്ക് അനുവദിക്കണമെന്ന് അപേക്ഷിച്ചിരുന്നു. മുംബൈ കോര്‍പറേഷന്‍ ഇരുകൂട്ടരുടേയും അപേക്ഷ തള്ളി. ഇതു ചോദ്യം ചെയ്ത് ഉദ്ദവ് താക്കറെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
◾ഉത്തരാഖണ്ഡിലെ സ്വകാര്യ റിസോര്‍ട്ട് റിസപ്ഷനിസ്റ്റായ പതിനേഴുകാരിയെ കാണാതായ സംഭവത്തില്‍ ബിജെപി നേതാവിന്റെ മകനുള്‍പ്പടെ മൂന്നു പേര്‍ അറസ്റ്റിലായി. പൗരി ഗര്‍വാള്‍ സ്വദേശിനിയായ അങ്കിത ഭണ്ഡാരിയെയാണ് കാണാതായത.് മുന്‍മന്ത്രിയും ബിജെപി നേതാവായ വിനോദ് ആര്യയുടെ മകനും റിസോര്‍ട്ടിന്റെ ഉടമയുമായ പുല്‍കിത് ആര്യ അടക്കം മൂന്നു പേരാണ് അറസ്റ്റിലായത്. ലൈംഗിക അതിക്രമത്തിനു വഴങ്ങാതിരുന്ന യുവതിയെ കനാലിലേക്കു തള്ളിയിടുകയായിരുന്നെന്നു പോലീസ്.
◾അമേരിക്കയ്ക്കു പിറകേ, ഗള്‍ഫ് രാജ്യങ്ങളിലെ സെന്‍ട്രല്‍ ബാങ്കുകള്‍ അടിസ്ഥാന പലിശ നിരക്ക് വര്‍ധിപ്പിച്ചു. യുഎഇ, സൗദി അറേബ്യ, ഖത്തര്‍, ബഹ്റൈന്‍ എന്നീ രാജ്യങ്ങള്‍ മുക്കാല്‍ ശതമാനവും കുവൈത്ത് കാല്‍ ശതമാനവുമാണ് നിരക്ക് വര്‍ധിപ്പിച്ചത്. യു.എസ് ഫെഡറല്‍ റിസര്‍വ് തുടര്‍ച്ചയായ മൂന്നാം തവണയും പലിശ നിരക്ക് വര്‍ധിപ്പിച്ചിരുന്നു.
◾സൗദി അറേബ്യയുടെ മനുഷ്യാവകാശ കമ്മീഷന്‍ മേധാവിയായി ഒരു വനിത. ഡോ. ഹലാ ബിന്‍ത് മസീദ് ബിന്‍ മുഹമ്മദ് അല്‍ തുവൈജിരിയെയാണ് ഭരണാധികാരിയ സല്‍മാന്‍ രാജാവ് നിയമിച്ചത്. നിലവിലെ കമ്മീഷന്‍ തലവനായ ഡോ. അവാദ് ബിന്‍ സ്വാലിഹ് അല്‍ അവാദിനെ റോയല്‍ കോര്‍ട്ട് ഉപദേശകരില്‍ ഒരാളായി നിയമിച്ചു. 2017 ജൂണ്‍ മുതല്‍ ഫാമിലി അഫയേഴ്‌സ് കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ പദവി വഹിക്കുകയായിരുന്നു ഡോ. ഹലാ അല്‍തുവൈജിരി.
◾ഓസ്ട്രേലിയക്കെതിരായ രണ്ടാം ട്വന്റി 20 മത്സരത്തില്‍ ഇന്ത്യക്ക ആറ് വിക്കറ്റിന്റെ വിജയം. മഴമൂലം നനഞ്ഞ ഔട്ട്ഫീല്‍ഡ് കാരണം എട്ട് ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ഓസ്‌ട്രേലിയ ഉയര്‍ത്തിയ 91 റണ്‍സ് വിജയലക്ഷ്യം നാലു പന്തുകള്‍ ബാക്കിനില്‍ക്കേ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് ഇന്ത്യ മറികടന്നത്. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ ഒപ്പമെത്തി. 20 പന്തില്‍ നിന്ന് നാല് സിക്‌സും നാല് ഫോറുമടക്കം 46 റണ്‍സോടെ പുറത്താകാതെ നിന്ന ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് ഇന്ത്യയുടെ വിജയശില്‍പി.
◾19-ാം വയസ്സില്‍ 1000 കോടി രൂപയുടെ സമ്പത്തുമായി ഐ.ഐ.എഫ്.എല്‍ വെല്‍ത്ത് ഹുറൂണ്‍ ഇന്ത്യ റിച്ച് ലിസ്റ്റ് 2022 ല്‍ ഇടം നേടി പലചരക്ക് ഡെലിവറി സ്റ്റാര്‍ട്ടപ്പായ ‘സെപ്റ്റോ’യുടെ സ്ഥാപകന്‍ കൈവല്യ വോഹ്റ. 1000 കോടിയുടെ ആസ്തിയുള്ള ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായിരിക്കുകയാണ് വോഹ്റ. ഇന്ത്യയിലെ ധനികരുടെ പട്ടികയില്‍ 1036-ാം സ്ഥാനത്താണ്. സെപ്റ്റോയുടെ സഹസ്ഥാപകനായ ആദിത്യ പാലിച്ചയും സമ്പന്നരുടെ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. 1200 കോടിയാണ് 20കാരനായ പാലിച്ചയുടെ ആസ്തി. ഇന്ത്യയിലെ സമ്പന്നരുടെ പട്ടികയില്‍ 950-ാം സ്ഥാനത്താണ്. 900 മില്യണ്‍ യു.എസ് ഡോളറാണ് ഇവരുടെ സ്ഥാപനമായ സെപ്റ്റോയുടെ ആസ്തി. ഓണ്‍ലൈന്‍ വിദ്യാഭ്യാസ രംഗത്തെ പ്രമുഖരായ ഫിസിക്സ് വാലായുടെ സ്ഥാപകരായ അലാക് പാണ്ഡെയും പ്രതീക് മഹേശ്വരിയും ലിസ്റ്റില്‍ ഇടംനേടിയിട്ടുണ്ട്. ഇരുവര്‍ക്കും 4000 കോടി രൂപയുടെ ആസ്തിയാണുള്ളത്. ഇരുവരും ചേര്‍ന്ന് രൂപം നല്‍കിയ ഫിസിക്സ് വാലാക്ക് 1.1 മില്യണ്‍ ഡോളറിന്റെ ആസ്തിയാണുള്ളത്.
◾ഐ.സി.ഐ.സി.ഐ ബാങ്ക് ‘ഫെസ്റ്റീവ് ബൊനാന്‍സ’ എന്ന പേരില്‍ എല്ലാ ഉപഭോക്താക്കള്‍ക്കുമായി വിവിധ ഉത്സവകാല ഓഫറുകള്‍ പ്രഖ്യാപിച്ചു. ബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള ഇടപാടുകള്‍ക്കും ഇന്റര്‍നെറ്റ് ബാങ്കിംഗ്, കണ്‍സ്യൂമര്‍ ഫിനാന്‍സ്, കാര്‍ഡ് രഹിത ഇ.എം.ഐ തുടങ്ങിയ സേവനങ്ങള്‍ക്കും 25,000 രൂപ വരെയുള്ള കിഴിവുകളും കാഷ്ബാക്കുകളും ലഭ്യമാകും. ബാങ്ക് ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് ഇ.എം.ഐ അടക്കുന്ന ഉപഭോക്താക്കള്‍ക്കും ഈ ഓഫറുകള്‍ ലഭിക്കും. ഭവന, കാര്‍, സ്വര്‍ണ, വ്യക്തിഗത വായ്പകള്‍ക്ക് പ്രത്യേക ഓഫറുകള്‍ ലഭ്യമാക്കും. പ്രമുഖ ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളില്‍ 10 ശതമാനം വരെ വിലക്കിഴിവും ഇലക്ട്രോണിക്‌സ്, ഗാഡ്ജറ്റ് വിഭാഗത്തിലും ആഗോള ആഡംബര ബ്രാന്‍ഡുകളിലും 10 ശതമാനം കാഷ് ബാക്കും ലഭിക്കും.
◾തെന്നിന്ത്യന്‍ സിനിമാസ്വാദകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘പൊന്നിയിന്‍ സെല്‍വനി’ലെ പുതിയ ലിറിക് വീഡിയോ പുറത്ത്. ‘ദേവരാളന്‍ ആട്ടം’ എന്ന ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് എ ആര്‍ റഹ്‌മാന്‍ ആണ്. യോഗി ശേഖര്‍ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ഇളങ്കോ കൃഷ്ണന്‍ ആണ് ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത്. മള്‍ടി സ്റ്റാര്‍ ബ്രഹ്‌മാണ്ഡ ചിത്രമാണ് ‘പൊന്നിയിന്‍ സെല്‍വന്‍’. ഇതിഹാസ സാഹിത്യകാരന്‍ കല്‍ക്കിയുടെ വിശ്വ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കി മണിരത്നമാണ് ചിത്രം അണിയിച്ചൊരുക്കുന്നത്. രണ്ടു ഭാഗങ്ങളുള്ള ചിത്രത്തിന്റെ ഒന്നാം ഭാഗം സെപ്റ്റംബര്‍ 30ന് തിയറ്ററുകളില്‍ എത്തും. വിക്രം, കാര്‍ത്തി, ജയം രവി, ശരത്കുമാര്‍, റഹ്‌മാന്‍, ജയറാം, ബാബു ആന്റണി, ലാല്‍, പ്രകാശ് രാജ്, അശ്വിന്‍ കകുമനു,പ്രഭു, വിക്രം പ്രഭു പാര്‍ഥിപന്‍, റിയാസ് ഖാന്‍, മോഹന്‍ രാമന്‍, ഐശ്വര്യാ റായ് ബച്ചന്‍, തൃഷ കൃഷ്ണന്‍, ഐശ്വര്യ ലക്ഷ്മി, ശോഭിത ധുലിപാല, ജയചിത്ര തുടങ്ങിയവര്‍ ഉള്‍പ്പെടെ വന്‍ താര നിര തന്നെ ചിത്രത്തില്‍ അണി നിരക്കുന്നു. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നട എന്നീ അഞ്ചു ഭാഷകളിലാണ് പൊന്നിയിന്‍ സെല്‍വന്‍-1 റിലീസ് ചെയ്യുക.
◾നടന്‍ ഷെയ്ന്‍ നിഗം ആദ്യമായി സംവിധാനം ചെയ്യുന്ന ഷോര്‍ട് ഫിലിമാണ് ‘സംവെയര്‍’. സ്വന്തം ഒ ടി ടി പ്ലാറ്റുഫോമിലൂടെയാകും സംവെയര്‍ റിലീസ് ചെയ്യുക. തന്റെ സ്‌കൂള്‍കാല സുഹൃത്തുക്കള്‍ക്കൊപ്പം ഷെയ്ന്‍ കൈകോര്‍ക്കുന്ന ചിത്രമാണ് ‘സംവെയര്‍’. 26 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തില്‍ നാല് കഥാപാത്രങ്ങളുണ്ടാവും. മാജിക് റിയലിസം വിഭാഗത്തില്‍പ്പെടുന്ന ചിത്രമാണ് ‘സംവെയര്‍’. സ്‌കൂള്‍ നാളുകള്‍ മുതല്‍ ഷെയ്ന്‍ നിഗത്തിന് അറിയുന്നവരാണ് സിനിമയുടെ ഭാഗമായുള്ളവരില്‍ ഭൂരിപക്ഷവും. കഥ , തിരക്കഥ , ക്യാമറ , എഡിറ്റിംഗ് , സംഗീതം എന്നിവ നിര്‍വഹിച്ചതും ഷെയ്ന്‍ തന്നെയാണെന്നതാണ് മറ്റൊരു പ്രത്യേകത. കഥയും തിരക്കഥയും ഒരുക്കുന്നത് ഷെയിന്‍ നിഗവും, ഫയാസ് എന്‍ ഡബ്ലിയുവും ചേര്‍ന്നാണ്.
◾ടാറ്റ മോട്ടോഴ്‌സ് പഞ്ച് കാമോ എഡിഷനെ നാല് വകഭേദങ്ങളില്‍ അവതരിപ്പിച്ചു. അഡ്വഞ്ചര്‍, അഡ്വഞ്ചര്‍ റിഥം, അകംപ്ലിഷ്ഡ്, അക്കംപ്ലിഷ്ഡ് ഡാസില്‍ എന്നിവയാണ് പുതിയ പതിപ്പിന്റെ വിവിധ വകഭേദങ്ങള്‍. പ്രത്യേക പതിപ്പിന്റെ വില 6.85 ലക്ഷം രൂപയില്‍ നിന്ന് ആരംഭിക്കുന്നു അടിസ്ഥാന മാനുവല്‍ വേരിയന്റിനാണ് ഈ വില. വാഹനത്തിന്റെ ടോപ്പ് എന്‍ഡ് എഎംടി മോഡലിന് വില 8.63 ലക്ഷം രൂപ വരെ ഉയരുന്നു. ടാറ്റ പഞ്ച് കാമോ എഡിഷന് സാധാരണ മോഡലിനെ അപേക്ഷിച്ച് കുറച്ച് സൗന്ദര്യവര്‍ദ്ധക മെച്ചപ്പെടുത്തലുകള്‍ ലഭിക്കുന്നു.
◾ആത്മഹത്യയ്ക്കും ജീവിതത്തിനുമിടയിലെ നേര്‍ത്ത അതിര്‍വരമ്പ് ഇതിലെ ആഖ്യാതാവിന് ഒരു പാലത്തിന്റെ കൈവരികള്‍ മാത്രമാണ്. മരണമെന്ന് പറഞ്ഞ് ഭയപ്പെടുത്തുന്ന ജീവിതചക്രത്തിന്റെ ഈ അവസ്ഥ യഥാര്‍ത്ഥത്തില്‍ ഏറ്റവും ആസ്വാദ്യകരമായ ഒന്നാണെന്ന്, അവസാനം അയാളും ഉറക്കെപ്പറയുന്നുണ്ട്. ആത്മഹത്യയുടെ ദാര്‍ശനികമായ ഉള്‍ക്കാഴ്ചയുടെ തലമാണ് ഈ നോവല്‍ മുന്നോട്ടു വെയ്ക്കുന്നത് എന്ന് ഇതെല്ലാം തെളിയിക്കുന്നു. ‘ആത്മഹത്യയുടെ രസതന്ത്രം’. റിഹന്‍ റഷീദ്. ഗ്രീന്‍ ബുക്സ്. വില 133 രൂപ.
◾നമ്മുടെ ശരീരത്തിന്റെ ആരോഗ്യകരമായ പ്രവര്‍ത്തനത്തില്‍ ഉറക്കം ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഉറക്കമില്ലായ്മ, പ്രമേഹം, രക്താതിമര്‍ദ്ദം, ഹൃദയ സംബന്ധമായ അസുഖങ്ങള്‍, മാനസികാരോഗ്യ തകരാറുകള്‍ തുടങ്ങി നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകും. ഉറക്കത്തിന് ശരീരഭാരം കുറയ്ക്കാന്‍ നേരിട്ട് ബന്ധമുണ്ട്. നിയന്ത്രിത ഉറക്കവും മോശം ഉറക്കത്തിന്റെ ഗുണനിലവാരവും ഉപാപചയ വൈകല്യങ്ങള്‍ക്കും ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നതിനും അമിതവണ്ണത്തിനും മറ്റ് വിട്ടുമാറാത്ത ആരോഗ്യ അവസ്ഥകള്‍ക്കും കാരണമാകുമെന്ന് നിരവധി പഠനങ്ങള്‍ അഭിപ്രായപ്പെടുന്നു. മുതിര്‍ന്ന ദിവസവും കുറഞ്ഞത് 7-8 മണിക്കൂര്‍ ഉറങ്ങണം. ഇത് നിങ്ങളെ ഊര്‍ജ്ജസ്വലനാക്കുന്നു. അതുവഴി ശരീരഭാരം കുറയ്ക്കുന്നതുമായി നേരിട്ട് ബന്ധപ്പെട്ട ഒരു ശാരീരിക പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നതിനുള്ള ഒരു പ്രചോദന ഉപകരണമായി പ്രവര്‍ത്തിക്കുന്നു. ക്യത്യമായി ഉറങ്ങാത്തത് മുതിര്‍ന്നവരില്‍ വിശപ്പ് വര്‍ദ്ധിപ്പിക്കുന്നു. പ്രത്യേകിച്ച് കാര്‍ബോഹൈഡ്രേറ്റ് കൂടുതലുള്ള കലോറി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതിന് കാരണമാകും. ഉറക്കക്കുറവ് ക്ഷീണം ഉണ്ടാക്കുന്നു. ഇത് ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നതിനെയും കുറയ്ക്കുന്നതിനെയും നേരിട്ട് ബാധിക്കുന്ന ശാരീരിക പ്രവര്‍ത്തനങ്ങള്‍ കുറയുന്നതിലേക്ക് നയിക്കുന്നു എന്നതാണ് മറ്റൊരു ഫലം. കോര്‍ട്ടിസോള്‍ അല്ലെങ്കില്‍ സ്ട്രെസ് ഹോര്‍മോണാണ് ഉറക്കക്കുറവ് മൂലം ശരീരഭാരം വര്‍ദ്ധിക്കുന്നതിന് പിന്നിലെ മറ്റൊരു ഘടകം. രാവിലെ എഴുന്നേല്‍ക്കുന്നതിനും രാത്രി ഉറങ്ങുന്നതിനുമുള്ള നമ്മുടെ ശരീരത്തിന്റെ സ്വാഭാവിക കഴിവിന് കോര്‍ട്ടിസോള്‍ പങ്ക് വഹിക്കുന്നു. ഉണരുന്നതിന് തൊട്ടുമുമ്പ് അത് ഏറ്റവും ഉയര്‍ന്ന നിലയിലായിരിക്കും, രാത്രിയില്‍ അത് ഏറ്റവും താഴ്ന്ന നിലയിലെത്തുന്നതുവരെ പകല്‍ സമയത്ത് ക്രമേണ കുറയുന്നു. നമുക്ക് വേണ്ടത്ര ഉറക്കം ലഭിക്കാത്ത പകല്‍ സമയത്ത് കോര്‍ട്ടിസോളിന്റെ അളവ് കുറയുന്നില്ല. നമ്മുടെ കോര്‍ട്ടിസോളിന്റെ അളവ് വളരെക്കാലം ഉയര്‍ത്തുമ്പോള്‍ കൊഴുപ്പും ഊര്‍ജവും സംഭരിക്കാന്‍ ശരീരം സിഗ്നല്‍ നല്‍കുന്നു. ഉറങ്ങുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങളും ഉപേക്ഷിക്കുന്നത് ശീലമാക്കുക. അഞ്ച് മണിക്ക് ശേഷം കാപ്പി കുടിക്കരുത്. കൃത്യസമയത്ത് ഉറങ്ങാന്‍ രാത്രി എട്ട് മണിക്ക് ശേഷം കുറച്ച് വെള്ളം കുടിക്കണം.
*ശുഭദിനം*
*കവിത കണ്ണന്‍*
2020 ടോക്കിയോ ഒളിംപിക്‌സ് വേദി. പുരുഷന്മാരുടെ ഹൈജംപ് മത്സരം നടക്കുന്നു. ഖത്തറില്‍ നിന്നുള്ള മുംമ്താസ് ഇസാ ബാര്‍ഷിം, ഇറ്റലിയില്‍ നിന്നുള്ള ജിയാന്‍മര്‍ഗോ തംമ്പേരി. ഇവര്‍ രണ്ടുപേരും മൂന്ന് റൗണ്ട് ചാടി. രണ്ടുപേരും ഒരേ ഉയരത്തില്‍ ചാടുന്നു. തോല്‍ക്കുന്നുമില്ല, ജയിക്കുന്നുമില്ല. അവര്‍ക്ക് വീണ്ടും നാലാമതൊരവസരം കൊടുത്തു. അപ്പോള്‍ ഇറ്റലിയുടെ ജിയാന്‍ മര്‍ഗോയ്ക്ക് കാലിന് വയ്യാതായി. സ്വാഭാവികമായും അവിടെ ജയം ഖത്തറില്‍ നിന്നുള്ള ഇസാ ബാര്‍ഷിമിനാണ്. താന്‍ ഏറെ സ്വപ്നം കണ്ട സ്വര്‍ണ്ണം ഉറപ്പായ ആ നിമിഷത്തില്‍ അദ്ദേഹം ഒളിംപിക്‌സ് ഒഫീഷ്യല്‍സിനോട് ഒരു ചോദ്യം ചോദിച്ചു: ഞാന്‍ ഇപ്പോള്‍ ഈ മത്സരത്തില്‍ നിന്നും പിന്മാറിയാല്‍ ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും സ്വര്‍ണ്ണം ലഭിക്കുമോ? രണ്ടുപേര്‍ക്കും ഒന്നാം സ്ഥാനം ലഭിക്കുമോ? ലഭിക്കുമെന്നായിരുന്നു മറുപടി. ഇസാ ബാര്‍ഷിമിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. അദ്ദേഹം മത്സരത്തില്‍ നിന്നും പിന്മാറി. റിസള്‍റ്റ് പ്രഖ്യാപിച്ചു. രണ്ടുപേരും ഒന്നാം സ്ഥാനം പങ്കിട്ടിരിക്കുന്നു. രണ്ടുപേരും സ്വര്‍ണ്ണം പങ്കിട്ടിരിക്കുന്നു. അവര്‍ സന്തോഷത്തോടെ കെട്ടിപ്പിടിച്ചുനില്‍ക്കുന്ന കാഴ്ച ലോകം ഏറ്റെടുത്തു. അതെ ചിലപ്പോഴൊക്കെ, ജയിക്കുന്നതിനേക്കാള്‍ ഭംഗിയുണ്ട് ജയിപ്പിക്കുന്നതിന്. ജയിക്കുമ്പോള്‍ നമ്മള്‍ വിജയിമാത്രമേ ആകുന്നുളളൂ.. പക്ഷേ, ജയിപ്പിക്കുമ്പോള്‍ നാം അതിനൊക്കെ മുകളില്‍ ആകുന്നു. നമ്മുടെ ബന്ധങ്ങളിലും നമുക്ക് ഈ സ്‌നേഹം പിന്തുടരാം.. ജയിപ്പിക്കുന്ന സ്‌നേഹം – ശുഭദിനം.