web cover 11

◼️കോവിഡ് പ്രതിസന്ധിമൂലം ചൈനയില്‍നിന്നും യുദ്ധംമൂലം യുക്രെയിനില്‍നിന്നും മടങ്ങിയെത്തിയ അവസാന വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് വദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ ഇന്ത്യയില്‍തന്നെ അവസരം. നാഷണല്‍ മെഡിക്കല്‍ കമ്മീഷനാണ് തീരുമാനമെടുത്തത്. ഫോറിന്‍ മെഡിക്കല്‍ ഗ്രാജുവേറ്റ് എക്സാം എഴുതാന്‍ ഇവര്‍ക്ക് അവസരം നല്‍കും. രണ്ടു വര്‍ഷം ഇന്ത്യയില്‍ നിര്‍ബന്ധിത ഇന്റേണ്‍ഷിപ് ചെയ്യണം.

◼️രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ രാഷ്ട്രപത്നിയെന്നു വിശേഷിപ്പിച്ചതു നാക്കുപിഴയാണെന്നും മാപ്പപേക്ഷിക്കുന്നുവെന്നും ലോക്സഭയിലെ പ്രതിപക്ഷ നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി. മാപ്പപേക്ഷിച്ചുകൊണ്ടുള്ള കത്ത് അധിര്‍ രഞ്ജന്‍ ചൗധരി രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനു നല്‍കി. വിവാദ പരാമര്‍ശത്തിനെതിരെ പാര്‍ലമെന്റില്‍ അടക്കം വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്.

◼️അഞ്ചു വര്‍ഷത്തിനകം ഐടി മേഖലയില്‍ 63 ലക്ഷം ചതുരശ്ര അടി ഐടി സ്പേസുകളും 67,000 തൊഴിലവസരങ്ങളും ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊച്ചി ഇന്‍ഫോപാര്‍ക്ക് ഫേസ് രണ്ടില്‍ പുതിയ ഐടി സ്പേസുകളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. 1,61,000 ചതുരശ്ര അടി ഐടി സ്പേസാണ് ഇന്‍ഫോപാര്‍ക്കില്‍ ആരംഭിക്കുന്നത്. കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ മൂന്നു നിലകളിലായുള്ള കൊഗ്‌നിസന്റ് ടെക്നോളജീസിന്റെ കെട്ടിടത്തില്‍ 1,00,998 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഐടി സ്പേസും ഒരുക്കുമെന്ന് അദ്ദേഹം പറഞ്ഞു.

*_KSFE_ GOLD LOAN*
*മനുഷ്യപ്പറ്റുള്ള ഗോള്‍ഡ് ലോണ്‍*
നിങ്ങളുടെ അടിയന്തിര സാമ്പത്തിക ആവശ്യങ്ങള്‍ക്ക് *_KSFE_* നല്‍കുന്നു സ്വര്‍ണ പണയ വായ്പ. മിതമായ പലിശ നിരക്കില്‍ ലളിതമായ നടപടിക്രമങ്ങളിലൂടെ 25 ലക്ഷം രൂപ വരെ പ്രതിദിനം നിങ്ങള്‍ക്ക് നേടാം. 12 മാസത്തെ വായ്പാ കാലയളവില്‍ നിശ്ചിത പലിശ അടച്ചതിന് ശേഷം ഒരു വര്‍ഷത്തേക്ക് വായ്പ പുതുക്കാന്‍ കഴിയും, കൂടാതെ പരമാവധി 36 മാസം വരെ ഈ സൗകര്യം ഉപയോഗിക്കാം. *കൂടുതല്‍ വിവരങ്ങള്‍ക്ക് : www.ksfe.com*

◼️കേരളത്തിന്റെ വെട്ടിക്കുറച്ച ഗോതമ്പു വിഹിതത്തിനു പകരം റാഗി തരണമെന്ന് കേന്ദ്ര സര്‍ക്കാരിനോടു കേരളം. കേന്ദ്രമന്ത്രി പീയൂഷ് ഗോയലിനെ കണ്ട് ഭക്ഷ്യമന്ത്രി മന്ത്രി ജി.ആര്‍ അനില്‍ ആവശ്യപ്പെട്ടതിനുസരിച്ച് 991 ടണ്‍ റാഗി ലഭിക്കും. 6450.074 ടണ്‍ ഗോതമ്പ് കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തലാക്കിയിരുന്നു. തുടക്കമെന്ന നിലയില്‍ സംസ്ഥാനത്ത് ഒരു പഞ്ചായത്തിലെ ഒരു റേഷന്‍ കടയിലും ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലെ എല്ലാ റേഷന്‍ കടകളിലൂടെയും റാഗി പൊടിച്ച് മാവാക്കി നല്‍കും.

◼️നടിയെ ആക്രമിച്ച കേസില്‍ തനിക്കെതിരായ കേസ് അതിജീവിതയും തന്റെ മുന്‍ഭാര്യയും അവരുടെ അടുത്ത സുഹൃത്തായ ഉന്നത പൊലീസ് ഓഫീസറും ചേര്‍ന്നുണ്ടാക്കിയ കള്ളക്കേസാണെന്ന് ആരോപിച്ച് ദിലീപ് സുപ്രീം കോടതിയില്‍. കേസിന്റെ വിചാരണ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും ദിലീപ് ആവശ്യപ്പെട്ടു. വിചാരണ പൂര്‍ത്തിയാക്കി വിധി പറയാതിരിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍, പ്രോസിക്യൂഷന്‍, അതിജീവിത എന്നിവര്‍ വിചാരണ കോടതി ജഡ്ജിയെ തടസപ്പെടുത്തുന്നുവെന്നും ഹര്‍ജിയില്‍ ആരോപിച്ചു.

◼️കണ്ണൂര്‍ തളിപ്പറമ്പില്‍ നൂറു കോടിയോളം രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തി ഒളിവില്‍ പോയ 22 വയസുകാരനെതിരെ കേസ്. തളിപ്പറമ്പ് ചപ്പാരക്കടവ് സ്വദേശി മുഹമ്മദ് അബിനാസിനെതിരേയാണ് കേസ്. ഇയാളും രണ്ടു സഹായികളും ഒളിവിലാണ്. തളിപ്പറമ്പ് സ്വദേശിയായ അബ്ദുള്‍ ജലീലിന്റെ പരാതിയിലാണ് മുഹമ്മദ് അബിനാസിനും സഹായി സുഹൈറിനുമെതിരെ തളിപ്പറമ്പ് പൊലീസ് കേസെടുത്തത്.

*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*
ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.

◼️കറി പൗഡറുകളിലെ മായം പരിശോധന വ്യാപകമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പ്രത്യേക സ്‌ക്വാഡുകളായിരിക്കും പരിശോധന നടത്തുക. ഭക്ഷ്യയോഗ്യമല്ലാത്ത സാമ്പിളുകള്‍ കണ്ടെത്തിയാല്‍ ആ ബാച്ചിലെ കറിപൗഡറുകള്‍ പൂര്‍ണമായും പിന്‍വലിപ്പിക്കും. വില്‍പ്പനക്കാരനും കമ്പനിയ്ക്കും നോട്ടീസ് നല്‍കുമെന്നും മന്ത്രി പറഞ്ഞു.

◼️ഷാര്‍ജ ഭരണാധികാരി സന്ദര്‍ശിച്ചപ്പോള്‍ കാണാനോ ആതിഥേയത്വം നല്‍കാനോ കേരള സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി വാങ്ങിയിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. വിദേശകാര്യ വകുപ്പ് മന്ത്രി രാജ്കുമാര്‍ രഞ്ജന്‍സിംഗാണ് എന്‍.കെ. പ്രേമചന്ദ്രന്‍ എംപിയുടെ ചോദ്യത്തിന് ലോകസഭയില്‍ ഇങ്ങനെ മറുപടി നല്‍കിയത്. ഷാര്‍ജ ഭരണാധികാരിക്കു മുഖ്യമന്ത്രി ആതിഥ്യം നല്‍കിയതു നിയമവിരുദ്ധമാണെന്ന് സ്വപ്ന സുരേഷ് ആരോപിച്ചിരുന്നു.

◼️സംഗീത സംവിധായകന്‍ ബാലഭാസ്‌കറിന്റെത് അപകട മരണം തന്നെയെന്ന് തിരുവനന്തപുരം സിജെഎം കോടതി. സിബിഐ റിപ്പോര്‍ട്ട് അംഗീകരിച്ച കോടതി ബാലഭാസ്‌കറിന്റെ അച്ഛന്റെ ഹര്‍ജി തള്ളി. ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് ബാലഭാസ്‌കറിന്റെ അച്ഛന്‍ ഉണ്ണി പ്രതികരിച്ചു.

◼️

അട്ടപ്പാടി മധുകൊലക്കേസില്‍ പതിനെട്ടാം സാക്ഷിയും വനംവകുപ്പ് വാച്ചറുമായ കാളി മൂപ്പന്‍ കൂറു മാറി. ഇതോടെ കേസില്‍ മൊഴിമാറ്റിയ സാക്ഷികളുടെ എണ്ണം എട്ടായി. മൊഴിമാറ്റിയ രണ്ടു വനംവാച്ചര്‍മാരെ വനംവകുപ്പ് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. കേസില്‍ 122 സാക്ഷികളാണുള്ളത്. ഇതില്‍ 10 മുതല്‍ 17 വരെയുള്ള രഹസ്യമൊഴി നല്‍കിയ സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയായി. ഇവരില്‍ പതിമൂന്നാം സാക്ഷി സുരേഷ് മാത്രമാണ് പ്രോസിക്യൂഷന് അനുകൂലമായി മൊഴി നല്‍കിയത്.

◼️മുസ്ലീം ലീഗിനെ ഇടതു മുന്നണിയിലേക്കു ക്ഷണിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. കോണ്‍ഗ്രസുമായുള്ള ചങ്ങാത്തം ലീഗിന്റെ രാഷ്ട്രീയ തകര്‍ച്ചക്ക് ഇടയാക്കുമെന്ന് ഇ.പി ജയരാജന്‍ പറഞ്ഞു.

◼️കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നിരസിക്കുന്നുവെന്ന് മികച്ച ആത്മകഥയ്ക്കുള്ള പുരസ്‌കാരം നേടിയ എം കുഞ്ഞാമന്‍. ബഹുമതികളുടെ ഭാഗമാകാന്‍ ആഗ്രഹിക്കാത്തതിനാലാണ് അവാര്‍ഡ് നിരസിക്കുന്നതെന്നു ‘എതിര്’ എന്ന കൃതി രചിച്ചു പുരസ്‌കാര ജേതാവായ കുഞ്ഞാമന്‍ പ്രതികരിച്ചു.

◼️സഹപ്രവര്‍ത്തകനായ മലയാളിയെ കൊലപ്പെടത്തിയ പ്രവാസിക്കു സൗദി കോടതി വിധിച്ച വധശിക്ഷയില്‍നിന്ന് മോചനം. കൊല്ലപ്പെട്ട കോട്ടയം സ്വദേശി തോമസ് മാത്യുവിന്റെ കുടുംബം മാപ്പ് നല്‍കിയതിനെത്തുടര്‍ന്ന് കൊല്ലം പള്ളിത്തോട്ടം ഗാന്ധിനഗര്‍ സ്വദേശി എച്ച്.ആന്‍.സി കോമ്പൗണ്ടില്‍ സക്കീര്‍ ഹുസൈന്‍ (32) ജയില്‍മോചിതനായി നാട്ടിലെത്തി. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെയുടേയും സൗദിയിലെ സാമൂഹിക പ്രവര്‍ത്തകരുടെയും ഇടപെടലിലൂടെയാണ് മോചനം സാധ്യമായത്.

◼️മഞ്ചേശ്വരത്ത് കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് ബസില്‍ കടത്തുകയായിരുന്ന 36 ലക്ഷം രൂപയുടെ കുഴല്‍പണം പിടികൂടി. മുംബൈയില്‍നിന്ന് പണം കടത്തിയ മഹാരാഷ്ട്രയിലെ സാംഗ്ലി സ്വദേശിയായ അഭിജിത്ത് ഗോപാല്‍ ചോപഡെയെ അറസ്റ്റു ചെയ്തു.

◼️പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ 20 കിലോ കഞ്ചാവുമായി കോട്ടയം താഴത്തെങ്ങാടി നബീല്‍ മുഹമ്മദ്(25) അറസ്റ്റിലായി.

◼️അങ്കമാലി ഡയറീസ് എന്ന സിനിമയിലെ നടന്‍ ശരത് ചന്ദ്രന്‍ (37) മരിച്ച നിലയില്‍. പിറവം കക്കാട്ട് ഊട്ടോളില്‍ ചന്ദ്രന്റെയും ലീലയുടെയും മകനാണ്.

◼️കോഴിക്കോട് പന്തിരിക്കരയില്‍ യുവാവിനെ സ്വര്‍ണ്ണക്കടത്തു സംഘം തട്ടിക്കൊണ്ടു പോയി മര്‍ദിച്ച് അവശനിലയിലാക്കി. പന്തിരിക്കര സ്വദേശി ഇര്‍ഷാദിനെ വിവസ്ത്രനാക്കി കൈകള്‍ കെട്ടിയിട്ട നിലയിലുള്ള ഫോട്ടോ ബന്ധുക്കള്‍ക്ക് അയച്ചുകൊടുത്തു. തട്ടിക്കൊണ്ടുപോയി മര്‍ദിച്ച സംഘത്തിനെതിരേ നടപടി ആവശ്യപ്പെട്ട് ബന്ധുക്കള്‍ പെരുവണ്ണാമുഴി പോലീസില്‍ പരാതി നല്‍കി.

◼️പിഎസ്സിയുടെ ബിരുദതല പ്രിലിമിനറി പൊതുപരീക്ഷ ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലായി നടത്തും. മൂന്നു ഘട്ടമായാണ് പരീക്ഷ നടത്തുക. ഒക്ടോബര്‍ 22 നാണ് ആദ്യ ഘട്ട പരീക്ഷ. കണ്‍ഫര്‍മേഷന്‍ നല്‍കേണ്ട അവസാന തീയതി ഓഗസ്റ്റ് 11.

◼️പെന്‍ഷന്‍ ഉറപ്പാക്കാന്‍ മുന്‍ മന്ത്രി സജി ചെറിയാന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളെ പുനര്‍ നിയമിച്ചതു നിയമവിരുദ്ധമാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നിയമമാണ് പ്രധാനം, വ്യക്തിയല്ല. ഗവര്‍ണര്‍ പറഞ്ഞു. മുഖ്യമന്ത്രിയുടേയും മൂന്ന് മന്ത്രിമാരുടേയും സ്റ്റാഫിലേക്കാണ് സജി ചെറിയാന്റെ സ്റ്റാഫ് അംഗങ്ങളെ മാറ്റി നിയമിച്ചത്.

◼️ദേശീയ തലത്തില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ പുനരേകീകരണം വേണമെന്ന് സിപിഐ കരട് രാഷ്ട്രീയ പ്രമേയം. വിജയവാഡയില്‍ പാര്‍ട്ടി കോണ്‍ഗ്രസ് നടക്കാനിരിക്കെയാണു പ്രമേയം സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ പുറത്തിറക്കിയത്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി വയനാട്ടില്‍ മത്സരിച്ചത് ഇടതു പാര്‍ട്ടികള്‍ക്കു ക്ഷീണമുണ്ടാക്കിയെന്നും പ്രമേയത്തിലുണ്ട്.

◼️എസ്എന്‍ കോളജുകളിലെ അധ്യാപക നിയമനം റദ്ദാക്കിയ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ നടപടി സുപ്രീംകോടതി സ്റ്റേ ചെയ്തു. ഹര്‍ജി തീര്‍പ്പാകുന്നതു വരെ അധ്യാപകരെ പിരിച്ചു വിടരുത്. വികലാംഗര്‍ക്കുള്ള നാലു ശതമാനം നിയമനം നടപ്പാക്കിയില്ലെന്നു ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജിയിലാണ് ഹൈക്കോടതി നിയമനം സ്റ്റേ ചെയ്തത്.

◼️തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലേക്കുള്ള അരിക്കടത്തിന് ഒത്താശ ചെയ്ത രണ്ട് സിപിഎം പ്രാദേശിക നേതാക്കള്‍ക്കെതിരെ നടപടി. സിപിഎം വാളയാര്‍ ലോക്കല്‍ കമ്മിറ്റി അംഗവും പുതുശ്ശേരി പഞ്ചായത്ത് മെമ്പറുമായ ആല്‍ബര്‍ട്ട് എസ് കുമാര്‍, വാളയാര്‍ ബ്രാഞ്ച് കമ്മിറ്റി അംഗം ശിവകുമാര്‍ എന്നിവരെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു.

◼️കോഴിക്കോട് പന്തിരിക്കരയില്‍ ഇര്‍ഷാദ് എന്ന യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച സ്വര്‍ണക്കടത്തു സംഘത്തിലെ പ്രതിയെ പിടികൂടി. പ്രതിയെന്നു സംശയിക്കുന്ന സമീര്‍ പോലീസ് എത്തിയതോടെ ഗ്യാസ് തുറന്നുവിട്ട് ആത്മഹത്യ ഭീഷണി മുഴക്കി. ഇയാളെ കസ്റ്റഡിയിലെടുത്തു. പണം ആവശ്യപ്പെട്ട് സ്വര്‍ണക്കടത്തു സംഘം ഇര്‍ഷാദിനെ കെട്ടിയിട്ട ഫോട്ടോ ബന്ധുക്കള്‍ക്ക് അയച്ച് കൊടുത്തിരുന്നു.

◼️സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസില്‍ അറസ്റ്റിലായ യൂട്യൂബര്‍ സൂരജ് പാലാക്കാരനെ കോടതി 14 ദിവസത്തേക്കു റിമാന്റ് ചെയ്തു. ക്രൈം നന്ദകുമാറിനെതിരെ പരാതി നല്‍കിയ യുവതിക്കെതിരേ വ്ളോഗിലൂടെ അധിക്ഷേപിച്ചെന്ന കേസിലാണ് അറസ്റ്റും റിമാന്‍ഡും.

◼️വിഴിഞ്ഞം ഉച്ചക്കടയില്‍ ജ്വല്ലറി ഉടമയെ ബൈക്ക് കൊണ്ടിടിച്ചിട്ട് 20 പവന്റെ സ്വര്‍ണ്ണാഭരണങ്ങളും നാലു ലക്ഷത്തോളം രൂപയും കവര്‍ന്നു. കോട്ടുകാല്‍ ഉദിനിന്നവിള പുത്തന്‍ വീട്ടില്‍ പദ്മകുമാറാണ് (60) കവര്‍ച്ചയ്ക്ക് ഇരയായത്. ഇടിയുടെ ആഘാതത്തില്‍ റോഡില്‍ വീണ് ഇദ്ദേഹത്തന്റെ ഇടത് കൈയക്ക് പരിക്കേറ്റു.

◼️നാല് മാസം ഗര്‍ഭിണിയായ പതിനെട്ടുകാരിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പരാതിയുമായി പെണ്‍കുട്ടിയുടെ വീട്ടുകാര്‍. കോഴിക്കോട് എലത്തൂര്‍ ചെട്ടിക്കുളം വെളുത്തനാം വീട്ടില്‍ അനന്തുവിന്റെ ഭാര്യ ഭാഗ്യയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാഗ്യയെ ഭര്‍ത്താവും ഭര്‍തൃമാതാവും പീഡിപ്പിച്ചിരുന്നെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തു.

◼️തിരുവനന്തപുരം നേമം മണലിവിളയില്‍ കാറിലെത്തിയ സംഘം സ്ത്രീയെ തട്ടിക്കൊണ്ടു പോയി ആഭരണങ്ങള്‍ കവര്‍ന്നു. ഇടക്കോട് സ്വദേശി പത്മകുമാരിയെയാണ് കാറില്‍ കയറ്റിക്കൊണ്ട് പോയി ആഭരണങ്ങള്‍ കവര്‍ന്ന് വഴിയില്‍ ഉപേക്ഷിച്ചത്.

◼️കേസ് നടത്തിത്തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് അടിപിടിക്കേസിലെ പ്രതിയില്‍നിന്ന് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ രണ്ട് പേര്‍ വളാഞ്ചേരി പൊലീസിന്റെ പിടിയിലായി. താനൂര്‍ ചെറുപുരക്കല്‍ അസ്‌കര്‍(35), പുറമണ്ണൂര്‍ ഇരുമ്പലയില്‍ സിയാദ് (40) എന്നിവരാണ് അറസ്റ്റിലായത്. വലിയകുന്ന് സ്വദേശിയായ ബൈജുവിന്റെ ഭാര്യയുടെ പരാതിയിലാണ് കേസ്.

◼️വയനാട് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ രോഗി നഴ്സിനെ ചവിട്ടി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതിയെ കോടതി റിമാന്റ് ചെയ്തു. നല്ലൂര്‍നാട് സ്വദേശി ജോഷ്വാ ജോയിയെയാണ് മാനന്തവാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി റിമാന്‍ഡ് ചെയ്തത്.

◼️എണാകുളത്ത് ഡ്യൂട്ടിക്കിടെ ട്രാഫിക് എസ്ഐ കുഴഞ്ഞു വീണു മരിച്ചു. ആലുവ ട്രാഫിക് സ്റ്റേഷനിലെ എസ് ഐ പെരുമ്പാവൂര്‍ കീഴില്ലം അറക്കല്‍ വീട്ടില്‍ വിനോദ് ബാബുവാണ് മരിച്ചത്. 52 വയസായിരുന്നു.

◼️തൃശൂരില്‍ അപകടത്തില്‍പ്പെട്ട വാഹനത്തില്‍ നിന്ന് 50 ലക്ഷം രൂപയുടെ പാന്‍മസാല പിടികൂടി. മതിലകം സി കെ വളവില്‍ പുലര്‍ച്ചെ നിയന്ത്രണം വിട്ട് മറിഞ്ഞ മിനിലോറിയില്‍ നിന്നാണ് പാന്‍മസാല കണ്ടെത്തിയത്. പ്രതികള്‍ ഓടി രക്ഷപ്പെട്ടു.

◼️വിലക്കയറ്റത്തെക്കുറിച്ച് തിങ്കളാഴ്ച പാര്‍ലമെന്റില്‍ ചര്‍ച്ച നടത്താമെന്നു കേന്ദ്രസര്‍ക്കാര്‍. പാര്‍ലമെന്റില്‍ വിലക്കയറ്റത്തെക്കുറിച്ച് ചര്‍ച്ച നടത്തണമെന്ന് ആവശ്യപ്പെട്ട് ലോക്സഭയിലും രാജ്യസഭയിലും പ്രതിപക്ഷം സഭ നടപടികള്‍ തടസപ്പെടുത്തിയിരുന്നു.

◼️ജഡ്ജിമാരുടെ ശമ്പള പരിഷ്‌കരണത്തിനായി രണ്ടാം ദേശീയ ജുഡീഷ്യല്‍ പേ കമ്മീഷന്‍ നല്‍കിയ ശുപാര്‍ശകള്‍ 2016 ജനുവരി ഒന്നു മുതല്‍ മുന്‍കാല പ്രാബല്യത്തോടെ നടപ്പാക്കണമെന്ന് സുപ്രീംകോടതി. കുടിശികയുടെ 25 ശതമാനം മൂന്നു മാസങ്ങളായും ബാക്കിയുള്ള 25 ശതമാനം അടുത്ത മൂന്നു മാസങ്ങളായും ബാക്കിയുള്ള തുക 2023 ജൂണ്‍ 30 ന് മുന്‍പും നല്‍കണമെന്നും ചീഫ് ജസ്റ്റീസ് എന്‍.വി രമണ അധ്യക്ഷനായ ബെഞ്ച് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക നിര്‍ദ്ദേശം നല്‍കി.

◼️മംഗലാപുരം സുള്ള്യയിലെ യുവമോര്‍ച്ച പ്രവര്‍ത്തകന്റെ കൊലപാതക കേസ് എന്‍ഐഎക്ക്. കര്‍ണാടക സര്‍ക്കാരാണു തീരുമാനമെടുത്തത്. കേസില്‍ രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തിരുന്നു.

◼️കല്‍ക്കരി അഴിമതിക്കേസില്‍ മുന്‍ കല്‍ക്കരി സെക്രട്ടറി എച്ച് സി ഗുപ്ത കുറ്റക്കാരനെന്ന് പ്രത്യേക സിബിഐ കോടതി. നാഗ്പൂരിലെ സ്വകാര്യ കമ്പനിക്ക് ഖനനത്തിനായി കല്‍ക്കരി പാടം അനുവദിച്ച കേസിലാണ് ഡല്‍ഹിയിലെ പ്രത്യേക സിബിഐ കോടതി വിധി പ്രസ്താവിച്ചത. മുന്‍ ജോയിന്റ് സെക്രട്ടറി കെ സി ക്രോഫ, നാഗ്പൂര്‍ ആസ്ഥാനമായ ഗ്രേസ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ഡയറക്ടര്‍ മുകേഷ് ഗുപ്ത എന്നിവരെയും കോടതി കുറ്റക്കാരാണെന്നു വിധിച്ചു. ശിക്ഷ പിന്നീടു വിധിക്കും.

◼️പ്രതിഷേധക്കാര്‍ക്കു നേരെ വാഹനം ഓടിച്ചു കയറ്റിയ കേസില്‍ ഒരു വര്‍ഷത്തേക്ക് സ്വന്തം മണ്ഡലത്തില്‍ കാലുകുത്തിപ്പോകരുതെന്നു ഒഡീഷ എംഎല്‍എയോട് സുപ്രീംകോടതി. ഒരു തരത്തിലുള്ള പൊതുയോഗങ്ങളിലും ഒരു വര്‍ഷത്തേക്ക് പ്രസംഗിച്ചു പോകരുതെന്നും ബിജെഡി എംഎല്‍എ പ്രശാന്ത് കുമാര്‍ ജഗ്‌ദേവിനോട് നിര്‍ദേശിച്ചു.

◼️കോയമ്പത്തൂരില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളോട് അപമര്യാദയായി പെരുമാറിയ കായികാദ്ധ്യാപകന്‍ അറസ്റ്റില്‍. സുഗുണപുരത്തെ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകനായ പ്രഭാകരനാണ് അറസ്റ്റിലായത്. ശരീരത്തില്‍ മോശമായി തൊടുന്നുവെന്ന പരാതികളെത്തുടര്‍ന്ന് മാതാപിതാക്കള്‍ സ്‌കൂള്‍ ഉപരോധിച്ചിരുന്നു.

◼️ശിവസേന തര്‍ക്കത്തിനിടെ ഉദ്ധവ് താക്കറെയുടെ അനന്തരവന്‍ നിഹാര്‍ താക്കറെ മറുപക്ഷത്തേക്കു ചാടി. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ ക്യാമ്പിന് പിന്തുണ പ്രഖ്യാപിച്ച നിഹാര്‍ താക്കറെയ്ക്കു ഷിന്‍ഡെ പക്ഷം സ്വീകരണവും നല്‍കി.

◼️ബംഗാളിലെ അധ്യാപക നിയമനക്കേസില്‍ അറസ്റ്റിലായ നടി അര്‍പിത മുഖര്‍ജി അലമുറയിട്ടു കരയുന്ന വീഡിയോ വൈറലായി. കോടതി നിര്‍ദേശത്തെ തുടര്‍ന്ന് ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനിടെയാണ് അലമുറയിട്ടുകരഞ്ഞത്. വാഹനത്തില്‍ കയറാന്‍ വിസമ്മതിച്ച നടിയെ ബലം പ്രയോഗിച്ചാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ എത്തിച്ചത്.

◼️രാജ്യത്തെ ആദ്യത്തെ അന്താരാഷ്ട്ര ബുള്ളിയന്‍ എക്‌സ്‌ചേഞ്ചായ ഇന്ത്യ ഇന്റര്‍നാഷണല്‍ ബുള്ളിയന്‍ എക്‌സ്‌ചേഞ്ച് ഗാന്ധിനഗറിലെ ഗുജറാത്ത് ഇന്റര്‍നാഷണല്‍ ഫിനാന്‍സ് ടെക്-സിറ്റിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു.

◼️സൗദി അറേബ്യയില്‍ ക്ഷേത്രത്തിന്റേതടക്കം എണ്ണായിരം വര്‍ഷം പഴക്കമുള്ള മനുഷ്യവാസശേഷിപ്പുകള്‍ കണ്ടെത്തി. റിയാദ് പ്രവിശ്യയുടെ തെക്കുള്ള അല്‍ഫാവ് മേഖലയില്‍ സൗദി ഹെരിറ്റേജ് കമീഷന്റെ നേതൃത്വത്തില്‍ സൗദിയിലേയും ഫ്രാന്‍സിലെയും പുരാവസ്തു ഗവേഷകരാണ് ഇതു കണ്ടെത്തിയത്.

◼️വെസ്റ്റിന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് 68 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സ് നേടിയപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസിന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 122 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. 44 പന്തില്‍ 64 റണ്‍സ് നേടിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടേയും 19 പന്തില്‍ 41 റണ്‍സ് നേടിയ ദിനേശ് കാര്‍ത്തികിന്റേയും പ്രകടനമാണ് ഇന്ത്യക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.

◼️ഇന്ത്യയിലെ സ്വര്‍ണ ഡിമാന്‍ഡ് വാര്‍ഷികാടിസ്ഥാനത്തില്‍ 43 ശതമാനം വര്‍ദ്ധിച്ച് 170.7 ടണ്ണിലെത്തിയെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ റിപ്പോര്‍ട്ട്. നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം ത്രൈമാസത്തില്‍ സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് ആഗോള തലത്തില്‍ എട്ടു ശതമാനം കുറഞ്ഞ് 948 ടണിലെത്തി. 79,270 കോടി രൂപയുടെ മൂല്യമാണ് രണ്ടാം ത്രൈമാസത്തിലെ ഇന്ത്യയിലെ ഈ സ്വര്‍ണ ഡിമാന്‍ഡിനുള്ളത്. ഇന്ത്യയിലെ ആഭരണ രംഗത്ത് രണ്ടാം ത്രൈമാസത്തിലെ ആകെ ഡിമാന്‍ഡ് 49 ശതമാനം വര്‍ദ്ധിച്ച് 140.3 ടണിലുമെത്തി. നിക്ഷേപ മേഖലയില്‍ 20 ശതമാനം ഡിമാന്‍ഡ് വര്‍ദ്ധനയും രാജ്യത്ത് ദൃശ്യമായെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. സ്വര്‍ണ നാണയങ്ങള്‍ക്കും ബാറുകള്‍ക്കുമുള്ള ഡിമാന്‍ഡ് 20 ശതമാനം ഉയര്‍ന്ന് 30 ടണ്ണിലെത്തിയതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

◼️മുന്‍നിര ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ് ഗൃഹോപകരണ നിര്‍മാതാക്കളായ വിഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് 2022-23 സാമ്പത്തിക വര്‍ഷം ആദ്യ പാദം 1018.29 കോടി രൂപ സംയോജിത പ്രവര്‍ത്തന വരുമാനം രേഖപ്പെടുത്തി. മുന്‍ വര്‍ഷം ഇതേ കാലയളവിലെ 565.18 കോടി രൂപയില്‍ നിന്നും 80 ശതമാനമാണ് വളര്‍ച്ച രേഖപ്പെടുത്തിയത്. 2022 ജൂണ്‍ 30ന് അവസാനിച്ച പാദത്തില്‍ 53.37 കോടി രൂപയുടെ സംയോജിത അറ്റാദായവും നേടി. മുന്‍വര്‍ഷത്തെ 25.54 കോടി രൂപയില്‍ നിന്നും 109 ശതമാനമാണ് വര്‍ദ്ധന.

◼️മലയാളികളുടെ പ്രിയതാരം മോഹന്‍ലാല്‍ ആദ്യമായി സംവിധായകന്റെ കുപ്പായം അണിയുന്ന ചിത്രമാണ് ബറോസ്. ഏറെനാളത്തെ ഷൂട്ടിംഗിന് ശേഷം ചിത്രത്തിന് പാക്കപ്പ് പറഞ്ഞിരിക്കുകയാണ് മോഹന്‍ലാല്‍. ബറോസിന്റെ എല്ലാ അണിയറ പ്രവര്‍ത്തകര്‍ക്കും ഒപ്പമുള്ള ഫോട്ടോ സഹിതമാണ് ചിത്രീകരണം പൂര്‍ത്തിയായ വിവരം മോഹന്‍ലാല്‍ അറിയിച്ചത്. ആശിര്‍വാദ് സിനിമാസാണ് ‘ബറോസ്’ നിര്‍മ്മിക്കുന്നത്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കുന്നത്. 400 വര്‍ഷം പഴക്കമുള്ള ഒരു ഭൂതത്തിന്റെ കഥയാണ് പറയുന്നത്. പാസ് വേഗ, റാഫേല്‍ അമാര്‍ഗോ എന്നീ സ്പാനിഷ് താരങ്ങളും സിനിമയില്‍ അഭിനയിക്കുന്നു.

◼️വിജയ് ദേവെരകൊണ്ട നായകനാകുന്ന ‘ലൈഗര്‍’ എന്ന ചിത്രത്തിന്റെ തീം സോംഗ് പുറത്തുവിട്ടു. ബോക്സിംഗ് ഇതിഹാസം മൈക്ക് ടൈസണും ചിത്രത്തില്‍ അഭിനയിക്കുന്നു. ആവേശമുണര്‍ത്തുന്ന തീം സോംഗാണ് ചിത്രത്തിന്റേതായി പുറത്തുവിട്ടിരിക്കുന്നത്. ലാസ് വെഗാസിലെ ‘മിക്സഡ് മാര്‍ഷല്‍ ആര്‍ട്സ്’ ചാമ്പ്യനാകാന്‍ നടത്തുന്ന ശ്രമങ്ങളുടെ ശ്രമങ്ങളാണ് ചിത്രത്തില്‍ പറയുന്നത്. പുരി ജഗന്നാഥ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. യുഎസിലായിരുന്നു ‘ലൈഗര്‍’ എന്ന ചിത്രത്തിന്റെ ചില രംഗങ്ങള്‍ ചിത്രീകരിച്ചത്. ഓഗസ്റ്റ് 25ന് ആണ് ചിത്രം തിയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തുക. അനന്യ പാണ്ഡെ ആണ് ചിത്രത്തില്‍ നായികയായി എത്തുക.

◼️ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തിലെ കണക്കനുസരിച്ചാണ് ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കിയുടെ ലാഭത്തില്‍ വന്‍ വര്‍ദ്ധന. 2022-2023ലെ ആദ്യ പാദത്തില്‍ മാരുതി സുസുക്കിയുടെ ഏകീകൃത അറ്റാദായം, കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ രേഖപ്പെടുത്തിയ 475 കോടി രൂപയില്‍ നിന്ന് 1,036 കോടി രൂപയായി കുതിച്ചു. വളര്‍ച്ച 118 ശതമാനം. ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ മാരുതി സുസുക്കിയുടെ മൊത്തം കാറുകളുടെ വില്‍പ്പന 26,512 കോടി രൂപയായി ഉയര്‍ന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ 17,776 കോടി രൂപയായിരുന്നു. ഈ മൂന്ന് മാസങ്ങളില്‍, മാരുതി സുസുക്കി 467,931 യൂണിറ്റുകള്‍ വിറ്റു. അതില്‍ 398,494 യൂണിറ്റുകള്‍ ഇന്ത്യയില്‍ ആണ് വിറ്റത്. 69,437 യൂണിറ്റുകള്‍ കയറ്റുമതി ചെയ്തു.

◼️വൈജ്ഞാനിക സാഹിത്യം വിഭാഗത്തില്‍ 2021 കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ച കൃതി. ആഗോളതാപനത്തിന്റെ ഫലമായി കാലാവസ്ഥ വ്യതിയാനത്തിന്റെ ഏറ്റവും രൂക്ഷമായ പ്രതിസന്ധി നേരിടുകയാണ് ലോകം. കാലാവസ്ഥ പ്രതിഭാസങ്ങള്‍ കാലവസ്ഥയിലെ മാറ്റങ്ങള്‍ പ്രകൃതിലെ വിവിധ ആവാസ വ്യവസ്ഥകളെ തകിട, മറിക്കുകയും ആഗോള സാമ്പത്തിക രംഗത്തെ അവതാളത്തിലാക്കുകയും ചെയ്യുന്നു. ഭൂമിയുടെ അന്തരീക്ഷ ഊഷ്മാവ് ക്രമാതീതമായി ഉയരുമ്പോള്‍ കൃഷിലധിഷ്ഠിതമായ ജനജീവിതത്തിന്റെ താളം തെറ്റുന്നു. ‘കാലാവസ്ഥാവ്യതിയാനവും കേരളവും സൂചനകളും കാരണവും’. ഡോ. ഗോപകുമാര്‍ ചോലയില്‍. കറന്റ് ബുക്സ് തൃശൂര്‍. വില 315 രൂപ.

◼️നിരന്തരമുള്ള ഇത്തരം പകലുറക്കങ്ങള്‍ അമിത രക്തസമ്മര്‍ദം, പക്ഷാഘാത സാധ്യത എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നതായി പുതിയ പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. യുകെയിലെ ബയോബാങ്ക് രേഖകളിലെ 358451 പേരുടെ വിവരങ്ങള്‍ ഉപയോഗിച്ചാണ് ഗവേഷണം നടത്തിയത്. ഇത്തരത്തില്‍ നിരന്തരം പകല്‍ ഉറക്കത്തില്‍ ഏര്‍പ്പെടുന്നവര്‍ അധികവും പുരുഷന്മാരും, പുകവലിക്കാരും സ്ഥിരം മദ്യം കഴിക്കുന്നവരും കുറഞ്ഞ വിദ്യാഭ്യാസ, വരുമാന തോതുള്ളവരും ആണെന്ന് ഗവേഷകര്‍ നിരീക്ഷിച്ചു. ഇവരില്‍ പലരും രാത്രിയില്‍ ഉറക്കമില്ലായ്മ നേരിടുന്നവരും കൂര്‍ക്കംവലി പ്രശ്നങ്ങളുള്ളവരുമാണെന്നും ഗവേഷണറിപ്പോര്‍ട്ട് പറയുന്നു. സ്ഥിരം ഇത്തരത്തില്‍ പകല്‍ ഉറങ്ങുന്നവര്‍ക്ക് പകല്‍ ഉറങ്ങാത്തവരെ അപേക്ഷിച്ച് ഉയര്‍ന്ന രക്തസമ്മര്‍ദത്തിനുള്ള സാധ്യത 12 ശതമാനം അധികമാണെന്ന് ഗവേഷകര്‍ പറയുന്നു. പക്ഷാഘാതത്തിനുള്ള സാധ്യത ഇവരില്‍ 24 ശതമാനവും അധികമാണ്. 60 വയസ്സില്‍ താഴെയുള്ളവരില്‍ അതിനു മുകളില്‍ ഉള്ളവരെ അപേക്ഷിച്ച് അപകടസാധ്യത അധികമാണെന്നും പഠനത്തില്‍ കണ്ടെത്തി. പകലുറക്കത്തിന്റെ തവണകള്‍ വര്‍ധിപ്പിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ സാധ്യത 40 ശതമാനം ഉയര്‍ത്തുമെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. രാത്രിയിലെ ഉറക്കത്തിന്റെ നിലവാരം ശരിയല്ലാത്തവരാണ് പലപ്പോഴും പകല്‍ ഉറങ്ങാന്‍ ഇടയാകുന്നത്. രാത്രിയില്‍ ഉറക്കപ്രശ്നം നേരിടുന്നവര്‍ക്ക് രക്തസമ്മര്‍ദം ഉയരാനുള്ള സാധ്യതയുണ്ടെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു. പകലുറക്കവും ഹൃദയാരോഗ്യവും തമ്മിലുള്ള ബന്ധം സ്ഥിരീകരിക്കുന്നതിന് കൂടുതല്‍ ഗവേഷണം ആവശ്യമാണെന്നും ഹൈപ്പര്‍ടെന്‍ഷന്‍ ജേണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *