ലോകമെമ്പാടുമുള്ള, സിനിമയെ ഗൗരവമായി കാണുന്ന പ്രേക്ഷകരുടെ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സര്‍വ്വീസാണ് ലെറ്റര്‍ബോക്‌സ്ഡ്. ഇപ്പോഴിതാ 2023 ല്‍ അന്തര്‍ദേശീയ തലത്തില്‍ ഇതുവരെയിറങ്ങിയ സിനിമകളില്‍ റേറ്റിംഗില്‍ മുന്നിലെത്തിയ 50 ചിത്രങ്ങളുടെ ലിസ്റ്റ് പുറത്തുവിട്ടിരിക്കുകയാണ് ലെറ്റര്‍ബോക്‌സ്ഡ്. നിലവിലെ സ്റ്റാന്‍ഡിംഗ് അനുസരിച്ച് മലയാള ചിത്രം ‘നന്‍പകല്‍ നേരത്ത് മയക്കം’ അഞ്ചാം സ്ഥാനത്താണ് ഉള്ളത്. നവാഗതനായ ജിത്തു മാധവന്റെ സംവിധാനത്തിലെത്തിയ ഹൊറര്‍ കോമഡി ചിത്രം ‘രോമാഞ്ചം’, ജോജു ജോര്‍ജ് ഇരട്ട വേഷത്തിലെത്തിയ രോഹിത്ത് എം ജി കൃഷ്ണന്‍ ചിത്രം ‘ഇരട്ട’ എന്നിവയാണ് ലെറ്റര്‍ബോക്‌സ്ഡ് ടോപ്പ് റേറ്റഡ് ലിസ്റ്റില്‍ ഇടംപിടിച്ചിരിക്കുന്ന മറ്റ് രണ്ട് ചിത്രങ്ങള്‍. ഇതില്‍ രോമാഞ്ചം 30-ാം സ്ഥാനത്തും ഇരട്ട 48-ാം സ്ഥാനത്തുമാണ്. തമിഴ് ചിത്രം ദാദ 40-ാം സ്ഥാനത്തും ഇടംപിടിച്ചു.