വൈപ്പിൻ ഞാറക്കലിൽ ഒന്നരവർഷം മുമ്പ് ഭാര്യയെ കൊന്ന് കുഴിച്ചുമൂടിയ ശേഷം കാണ്മാനില്ലെന്ന് പ്രചരിപ്പിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വാച്ചാക്കലിൽ വാടകക്ക് താമസിച്ച് വരുന്നതിനിടെ 2021 ഒക്ടോബർ 16 നാണ് രമ്യയെ കൊലപ്പെടുത്തിയതെന്നാണ് ഭർത്താവ് സജീവൻ പൊലീസിന് നൽകിയ മൊഴി. ഭാര്യയെ സംബന്ധിച്ച് ചില സംശയങ്ങൾ സജീവനുണ്ടായിരുന്നു. ഒക്ടോബർ 16 ന് രമ്യയുമായി വാക്കുതർക്കമായി. തർക്കത്തിനിടെ കഴുത്തിൽ കയർ കുരുക്കി കൊലപ്പെടുത്തി. പകൽ സമയത്താണ് കൊലപാതകം നടത്തിയത്. മൃതദേഹം ഒളിപ്പിച്ച ശേഷം രാത്രി വീട്ടു മുറ്റത്ത് കുഴിച്ചുമൂടുകയായിരുന്നുവെന്നാണ് മൊഴി.
‘വഴക്കിട്ട് അമ്മ മറ്റൊരാളുടെ കൂടെ പോയി’ എന്നാണ് അമ്മയെ അന്വേഷിച്ച മക്കളോട് ഇയാൾ പറഞ്ഞത്. എന്നാൽ രമ്യയെ അന്വേഷിച്ച ബന്ധുക്കളോടും അയൽവാസികളോടും അവർ ബാംഗ്ലൂർ പഠിക്കാൻ പോയെന്നും പറഞ്ഞു. ഭാര്യയെ താൻ കൊന്ന് മൃതദേഹം പറമ്പിൽ തന്നെ കുഴിച്ച് മൂടിയെന്നായിരുന്നു ഒടുവിൽ സജീവൻ നടത്തിയ കുറ്റസമ്മതം. പത്തനംതിട്ടയിലെ നരബലി കേസുകൾ പുറത്ത് വന്ന സമയത്ത് പൊലീസ് രമ്യയുടെ തിരോധാനവും അന്വേഷിച്ചു. ഇതുമായി ബന്ധപ്പെട്ട മൊഴിയെടുക്കലിനൊടുവിലാണ് കൊലപാതക വിവരം പുറത്തായത്.