റേറ്റിംഗ് ഏജന്‍സിയായ മൂഡീസ്, ഈവര്‍ഷത്തെ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദന (ജി.ഡി.പി) വളര്‍ച്ചാ അനുമാനം ഉയര്‍ത്തി. നടപ്പ് വര്‍ഷത്തില്‍ രാജ്യത്തെ ജി.ഡി.പി വളര്‍ച്ച 6.7 ശതമാനമാകുമെന്നാണ് പുതിയ കണക്കുകൂട്ടല്‍. 5.5 ശതമാനമായിരുന്നു നേരത്തെയുള്ള അനുമാനം. ഏപ്രില്‍-ജൂണ്‍ പാദത്തില്‍ രാജ്യം 7.8 ശതമാനം വളര്‍ച്ച കൈവരിച്ചിരുന്നു. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് മൂഡീസ് മുഴുവന്‍ വര്‍ഷത്തെ വളര്‍ച്ചാ നിരക്ക് ഉയര്‍ത്തിയത്. അതേസമയം 2024 കലണ്ടര്‍ വര്‍ഷത്തെ ജി.ഡി.പി. വളര്‍ച്ചാ അനുമാനം നേരത്തെ 6.5 ശതമാനമായിരുന്നത് 6.1 ശതമാനമാക്കി മൂഡീസ് കുറച്ചു. മഴ ശരാശരിയില്‍ ഒതുങ്ങുന്നതിനാല്‍ ഭക്ഷ്യവസ്തുക്കളുടെ വില ഉയരും. കൂടാതെ, 2023 ന്റെ രണ്ടാം പകുതിയിലും 2024 ന്റെ തുടക്കത്തിലും കാര്‍ഷിക ചരക്കുകളുടെ വിലയും ഉയരും. ആര്‍.ബി.ഐയ്ക്ക് പണപ്പെരുപ്പം വെല്ലുവിളിയായി തുടരുകയാണ്. റിപ്പോ നിരക്ക് 6.5 ശതമാനത്തില്‍ നിലനിര്‍ത്താന്‍ റിസര്‍വ് ബാങ്ക്, മോണിറ്ററി പോളിസി കമ്മിറ്റി ആഗസ്റ്റില്‍ തീരുമാനിച്ചിരുന്നു. മാത്രമല്ല 2023-24 സാമ്പത്തികവര്‍ഷത്തെ വളര്‍ച്ചാ പ്രവചനം 6.5 ശതമാനത്തില്‍ നിലനിര്‍ത്താനും കേന്ദ്ര ബാങ്ക് തയ്യാറായി. ആഭ്യന്തര പണപ്പെരുപ്പ സമ്മര്‍ദങ്ങള്‍ കൂടുതല്‍ ഉയരുന്നത് തടയാന്‍ ആര്‍.ബി.ഐ കടുത്ത നടപടികളിലേക്ക് നീങ്ങിയേക്കും. എങ്കിലും ആഗോള ചരക്ക് വിലയില്‍ പെട്ടെന്നുള്ള കുറവ് ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് കാര്യമായ നേട്ടമുണ്ടാക്കുമെന്ന് മൂഡീസ് വ്യക്തമാക്കി.