വയനാട് ഉരുൾപൊട്ടലിൽ മരിച്ച നാലുപേരുടെ മൃതദേഹങ്ങൾകൂടി ലഭിച്ചതായി മന്ത്രി കെ. രാജൻ. ഇതോടെ 427 പേരുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചു. 130 പേരെ ഇനിയും കണ്ടെത്താനുണ്ട്. ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവരുടെ പുനരധിവാസം എത്രയും പെട്ടെന്ന് സാധ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.
ഇന്ന് ലഭിച്ച നാല് മൃതദേഹങ്ങളും തിരിച്ചറിഞ്ഞിട്ടില്ല. കാണാതായ 119 പേരുടെ ബന്ധുക്കളുടെ രക്തസാമ്പിളുകൾ ശേഖരിച്ചു. 11 പേരുടെത് ഇനിയും കിട്ടാനുണ്ടെന്ന് മന്ത്രി പറഞ്ഞു. എല്ലാവരേയും ചേർത്തുപിടിച്ചുകൊണ്ടുള്ള സ്ഥിരമായ പുനരധിവാസമാണ് സർക്കാർ ഉദ്ദേശിക്കുന്നത്. സഹായം എത്രയും വേഗം നൽകും എന്നും മന്ത്രി പറഞ്ഞു.