സോവിയേറ്റ് യൂണിയന്റെ അവസാന പ്രസിഡന്റ് മിഖായേൽ ഗോർബച്ചേവ് അന്തരിച്ചു .ഏറെക്കാലമായി രോഗ ബാധിതനായിരുന്നു. 91 വയസ് ആയിരുന്നു. 1990 ൽ സമാധാനത്തിന് ഉളള നൊബേൽ സമ്മാനം നേടിയിട്ടുണ്ട്. ഗ്ലാസ്നോസ്റ്റ്, പെരെസ്ട്രോയിക്ക എന്നിവയുടെ ഉപജ്ഞാതാവായി അറിയപ്പെട്ടിരുന്ന മിഖായേൽ ഗോർബച്ചേവ് ഇക്കാരണത്താൽ നിശിതമായി വിമർശിക്കപ്പെട്ടിട്ടുണ്ട്.
പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ മിന്നൽ പരിശോധനാ സമയത്ത് ഓഫീസിലില്ലാതിരുന്ന പിഡബ്ല്യൂഡി അസിസ്റ്റന്റ് എഞ്ചിനിയർക്ക് സ്ഥലമാറ്റം. പൂജപ്പുര അസി. എഞ്ചിനിയർ മംമ്ദയെ എറണാകുളത്തേക്കാണ് മാറ്റിയത്. അസി.എഞ്ചിനിയർ അനുമതി വാങ്ങാതെ ഓഫീസിൽ നിന്നും വിട്ടു നിന്നുവെന്ന് ചീഫ് എഞ്ചിനിയർ റിപ്പോർട്ട് നൽകിയിരുന്നു. ഇതേ തുടർന്നാണ് സ്ഥലം മാറ്റം.
കാക്കി യൂണിഫോം പൊലീസിന് മാത്രമാക്കണമെന്ന് ഡിജിപി. ഫയർഫോഴ്സ്, വനം, എക്സൈസ്, ജയിൽ എന്നീ സേന വിഭാഗങ്ങൾക്കും ഹെൽത്ത് ഇൻസ്പെകടർമാർ, സ്റ്റുഡ് പൊലീസ് കേഡറ്റ് അധ്യാപകർ എന്നിവരുടേയും കാക്കി യൂണിഫോം മാറ്റണമെന്നും പൊലീസ് മേധാവി സർക്കാരിനോട് ആവശ്യപ്പെട്ടു. എഡിജിപിമാരുടെ യോഗത്തിലാണ് കാക്കി പൊലീസിന് മാത്രമാക്കി പരിമിതിപ്പെടുത്തണമെന്ന നിർദ്ദേശം ഉയർന്നത്. ഇതേ പരാതിയിൽ സെക്യൂരിറ്റി ജീവനക്കാരുടെ കാക്കി യൂണിഫോം മാറ്റിയിരുന്നു.
വിഴിഞ്ഞം തുറമുഖ ഉപരോധ സമരം ഇന്ന് പതിനാറാം ദിനം.വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളുടെ സമരത്തിൽ നിന്നും പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പും കരാർ കമ്പനിയും നൽകിയ ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കഴിഞ്ഞ ഞായറാഴ്ച നടത്താനിരുന്ന മന്ത്രി തല ചർച്ചയിൽ നിന്ന് ലത്തീൻ രൂപതാ ഭാരവാഹികൾ വിട്ടു നിന്നിരുന്നു. തുറമുഖം നിർമ്മാണം നിർത്തുന്നതൊഴികെ മറ്റെന്തും ചർച്ച ചെയ്യാം എന്ന് മുഖ്യമന്ത്രിയും പറഞ്ഞിരുന്നു.
നവോത്ഥാന തന്ത്രം നടപ്പാക്കാൻ കഴിവുള്ള നേതൃത്വമാണ് കോൺഗ്രസിന് വേണ്ടതെന്ന് ശശി തരൂര്‍ അഭിപ്രായപ്പെട്ടു. കോൺഗ്രസ്സ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചേക്കും എന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹ. ഒരു കുടുംബം തന്നെ കോൺഗ്രസ് പാര്‍ട്ടിയെ നയിക്കണമെന്ന അവസ്ഥ പാടില്ല. അദ്ധ്യക്ഷ പദവിയിലെ ഒഴിവ് എത്രയും പെട്ടന്ന് നികത്തണം, നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള മാര്‍ഗമാകും തെരഞ്ഞെടുപ്പെന്നു തരൂർ പറഞ്ഞു.
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. എല്ലാ ജില്ലകളിലും യെല്ലോ അലർട്ട് . തിരുവനന്തപുരം മുതല്‍ എറണാകുളം വരെയാണ് കൂടുതല്‍ മഴ സാധ്യത .ഉച്ചയ്ക്ക് ശേഷം മഴ ശക്തമാകാനും പുലർച്ചെ വരെ മഴ തുടരാനും സാധ്യത ഉണ്ട്. അതിനാൽ മലയോരമേഖലകളിൽ അടക്കം കനത്ത ജാഗ്രത വേണം എന്ന് നിർദ്ദേശം. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്.