സിദ്ധാർത്ഥിൻ്റെ മരണത്തിലെ അന്വേഷണം സിബിഐക്ക് വിട്ടുകൊണ്ടുള്ള രേഖകൾ ഇന്ന് കേന്ദ്ര സർക്കാരിന് നേരിട്ട് കൈമാറും. ഇന്നലെ രേഖകളുമായി ദില്ലിയിലെത്തിയ സ്പെഷ്യൽ സെൽ ഡിവൈഎസ്പി ശ്രീകാന്ത് ഇന്ന് കേന്ദ്ര പേഴ്സണൽ മന്ത്രാലയത്തിനും സിബിഐ ഡയറക്ടറേറ്റിലും രേഖകൾ കൈമാറും. ഇന്നലെ ഇ മെയിൽ മുഖേനയും വിജ്ഞാപനം കൈമാറിയിരുന്നു.

കലാമണ്ഡലം സത്യഭാമക്കെതിരെ പൊലീസിൽ പരാതി നൽകി ആർഎൽവി രാമകൃഷ്ണൻ. സത്യഭാമ തനിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയെന്ന്ആരോപിച്ചാണ്  ചാലക്കുടി ഡിവൈഎസ്പിക്ക്‌ പരാതി നൽകിയത്. ജാതീയമായി അധിക്ഷേപിക്കാൻ ശ്രമിച്ചെന്നുകാട്ടിയാണ് പരാതി നൽകിയിരിക്കുന്നത്. സത്യഭാമ, രാമകൃഷ്ണനെതിരെ അധിക്ഷേപ പരാമർശം നടത്തുന്ന  വീഡിയോയുടെ ലിങ്കും പൊലീസിന് കൈമാറി.

കണ്ണൂർ മയ്യിൽ വേളം ഗണപതി ക്ഷേത്രത്തിലെ ഭണ്ഡാരം തുറന്ന് എണ്ണുന്നതിനിടെ പണം അപഹരിച്ചെന്നു കണ്ടെത്തിയതിനെ തുടർന്ന് ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ മോഹന ചന്ദ്രന് സസ്‌പെൻഷൻ. സിഐടിയുവിന് കീഴിലുള്ള ദേവസ്വം എംപ്ലോയീസ് യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗമാണ് മോഹന ചന്ദ്രൻ. കഴിഞ്ഞ മാസം 22 ന് ക്ഷേത്ര ഭണ്ഡാരങ്ങൾ തുറന്ന് എണ്ണിയ സമയത്ത് ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ പണം അപഹരിച്ചെന്നാണ് പരാതി.

കാസർകോട് പാലായിയിൽ പറമ്പിൽ തേങ്ങയിടുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ സംഘർഷത്തിൽ മൂന്ന് പരാതികളിലായി രണ്ട് സിപിഎം ബ്രാഞ്ച് അംഗങ്ങൾ ഉൾപ്പെടെ ഒൻപത് പേർക്കെതിരെ നീലേശ്വരം പൊലീസ് കേസ് എടുത്തു. സ്വന്തം പറമ്പില്‍ നിന്ന് തേങ്ങയിടാന്‍ തൊഴിലാളികളുമായി എത്തിയപ്പോൾ ഭീഷണി ഉണ്ടായെന്നും, സിപിഎമ്മിന്‍റെ വിലക്കെന്നുമായിരുന്നു പരാതി. എന്നാല്‍, പുറത്ത് നിന്ന് തൊഴിലാളികള്‍ എത്തിയത് പാലായി ഭാഗത്തെ തൊഴിലാളികള്‍ ചോദ്യം ചെയ്യുക മാത്രമാണ് ഉണ്ടായതെന്നാണ് സിപിഎമ്മിന്റെ പ്രതികരണം.

തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിനു മുന്നില്‍ പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ച് സിഐടിയു. ഡ്രൈവിംഗ് ടെസ്ററിലും ലൈസന്‍സ് എടുക്കുന്നതിലും പുതിയ പരിഷ്കാരങ്ങള്‍ നടപ്പിലാക്കാനുള്ള മന്ത്രി ഗണേഷ്കുമാറിന്‍റെ നീക്കത്തിനെതിരെയാണ് പ്രതിഷേധം. ആവശ്യമെങ്കിൽ മന്ത്രിയെ തടയും, ഡ്രൈവിംഗ് ലൈസൻസ് പരിഷ്ക്കരണം അംഗീകരിക്കില്ലെന്നും സിഐടിയു വ്യക്തമാക്കി.

വീട്ടില്‍ വോട്ടു ചെയ്യുന്നവരുടെ പ്രായം സ്ഥിരീകരിക്കുന്നതിന് തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് ആധികാരിക രേഖയാക്കുന്നതിന്, പകരം ആധാര്‍ ഉള്‍പ്പെടെയുള്ള മറ്റ് തിരിച്ചറിയല്‍ രേഖകള്‍ നിര്‍ബന്ധമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.വീടുകളില്‍ തന്നെ വോട്ട് രേഖപ്പെടുത്താനുള്ള നടപടിയുമായി ബന്ധപ്പെട്ട പരാതികളും ആശങ്കകളും പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ ഐ.എ.എസിന് ആണ് വി.ഡി സതീശന്‍ കത്ത് നല്‍കിയത്.

വിയ്യൂർ അതീവ സുരക്ഷ ജയിലിൽ നിന്നും പ്രതിയായ മാവോയിസ്റ്റ് ടി കെ രാജീവനുമായി പോയ വാഹനവും രണ്ടു അകമ്പടി വാഹനങ്ങളുo അപകടത്തിൽപ്പെട്ടു. മലപ്പുറം തിരൂരങ്ങാടിയിൽ വെച്ച് ഒന്നിന് പിറകെ ഒന്നായി മൂന്നു വാഹനങ്ങളും ഇടിച്ചാണ് അപകടം. ഇവരെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മോഹിനിയാട്ടം പഠിക്കാൻ കേരള കലാമണ്ഡലത്തിൽ ആൺകുട്ടികൾക്കും അവസരo. ഇന്ന് ചേരുന്ന ഭരണസമിതി യോഗത്തിൽ ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായേക്കും. ജെൻട്രൽ ന്യൂട്രലായ അക്കാദമിക സ്ഥാപനമായി കലാമണ്ഡലം നിലനിൽക്കാനാണ് ആഗ്രഹം, അതിനാല്‍ ആൺകുട്ടികൾക്കും പ്രവേശനം അനുവദിക്കുമെന്നും വൈസ് ചാൻസിലർ അറിയിച്ചു.

ഇടുക്കിയില്‍ ആറിടങ്ങളില്‍ ഇന്നലെയും ഇന്നുമായി കാട്ടാന ആക്രമണം. വേനല്‍ കടുത്തതാണോ ഇങ്ങനെ കാട്ടാനകളെ നാട്ടിലെത്തിക്കുന്നത് എന്ന സംശയമുണ്ട്. കാട്ടിനകത്തെ നീരുറവകള്‍ വറ്റുന്നതോടെ ആനകള്‍ നാട്ടിലേക്കിറങ്ങുകയാണ്. പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ് നിര്‍ദേശം നല്‍കി.

പത്തനംതിട്ടയിലെ മുതിർന്ന സിപിഎം നേതാക്കൾക്കെതിരെ കർശന നടപടി ഉണ്ടായേക്കാം. അന്വേഷണ കമ്മീഷനെ നിയോഗിക്കാനാണ് ഇപ്പോള്‍ സംസ്ഥാന നേതൃത്വത്തിന്‍റെ തീരുമാനം. മുതിർന്ന നേതാവ് എ പത്മകുമാറും അടൂരിൽ നിന്നുള്ള നേതാവ് ഹർഷകുമാറും തമ്മിൽ ഏറെക്കാലമായുള്ള തർക്കമാണ് കഴിഞ്ഞദിവസം തോമസ് ഐസക്കിന്റെ വോട്ടെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട സംഭവത്തിൽ കയ്യാങ്കളിയിൽ എത്തിയത്. പ്രതിപക്ഷം ഇത് തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഒരു ആയുധമാക്കുകയും ചെയ്തു.

ഇന്ന് മുതല്‍ സംസ്ഥാനത്തെ എല്ലാ തെരഞ്ഞെടുക്കപ്പെട്ട ഒരു സപ്ലൈക്കോ ഔട്ട്ലെറ്റില്‍ ഈസ്റ്റര്‍-റംസാൻ-വിഷു ഫെയര്‍ വിപണി ആരംഭിക്കും.ബ്രാന്‍ഡഡ് നിത്യോപയോഗ സാധനങ്ങള്‍ക്ക് വന്‍ വിലക്കുറവ് നല്‍കുന്ന ‘ഗോള്‍ഡന്‍ ഓഫര്‍’ പദ്ധതിയാണ്സപ്ലൈക്കോ നടപ്പാക്കുന്നത്.

തിരുവനന്തപുരത്തെ റോഡ് നവീകരണ പ്രവർത്തനങ്ങൾ ഉടൻ പൂർത്തിയാകുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. 29 റോഡുകൾ ഗതാഗത യോഗ്യമായി കഴിഞ്ഞു. സ്റ്റാച്ച്യൂ- ജനറല്‍ ഹോസ്പിറ്റല്‍ റോഡ്, നോര്‍ക്ക- ഗാന്ധി ഭവന്‍ റോഡ് എന്നിവ ഉടനെ തുറക്കുമെന്നും മന്ത്രി ഉറപ്പുനൽകി.

തൃശൂർ ഉൾപ്പെടെ സംസ്ഥാനത്ത് 11 ജില്ലകളിൽ യെല്ലോ അലർട്ട് . തൃശൂരിൽ ഉയർന്ന താപനില  40 ഡിഗ്രി സെല്‍ഷ്യസ് വരെയാകാമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ്അറിയിക്കുന്നത്. ചൂട് ഉയരുന്നതിനാല്‍ തന്നെ പകൽ സമയങ്ങളിൽ പുറത്തിറങ്ങുന്നവർ ജാഗ്രത പാലിക്കാനും നിർ​ദേശമുണ്ട്.

ആലുവ ഈസ്റ്റ്‌ പോലീസ് സ്റ്റേഷൻ ഗ്രേഡ് എസ് ഐ ബാബുരാജ് പുലിയനത്തെ വീട്ടുവളപ്പിൽ തൂങ്ങിമരിച്ച നിലയിൽ . 49 വയസ്സ് ആയിരുന്നു. മൃതദേഹം അങ്കമാലി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

വെള്ളനാട് സ്വദേശിനി ഡോ. അഭിരാമിയുടെ ആത്മഹത്യക്കുറിപ്പ് പുറത്ത്.മരണത്തിന് ആരും ഉത്തരവാദികളല്ലെന്നും ജീവിതം മടുത്തത് കൊണ്ട് പോകുന്നു എന്നുമുള്ള ആത്മഹത്യക്കുറിപ്പ് മെ‍ഡിക്കൽ കോളേജിന് അടുത്തുള്ള വീട്ടിൽ നിന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ഇന്നലെ വൈകിട്ടാണ് മരണവാർത്ത ഇവരുടെ വീട്ടിലേക്ക് എത്തുന്നത്. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം ഉടൻ തന്നെ വീട്ടിലേക്ക് എത്തിക്കും.

മൂന്നാറിലെ എംആർഎസ് ഹോസ്റ്റലിലെ ആദിവാസി വിദ്യാർത്ഥികളെ മർദിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു. സംഭവത്തിൽ ഹോസ്റ്റൽ ജീവനക്കാരനായ സത്താറിനെതിരെയാണ്പൊലീസ് കേസെടുത്തത്.

പാലക്കാട് ഡിസിസി സെക്രട്ടറിയും നഗരസഭ കൗണ്‍സിലറുമായ ഷൊര്‍ണൂര്‍ വിജയന്‍ സിപിഎം പാലക്കാട് കമ്മിറ്റി ഓഫീസിൽ എത്തി അംഗത്വം എടുത്തു. 41 വർഷം കോൺഗ്രസിനൊപ്പം നിന്നിട്ടും അർഹമായ പരിഗണന ലഭിച്ചില്ലെന്നും, അനർഹരായവർക്ക് പ്രാധാന്യം നൽകുന്നെന്നും അദ്ദേഹം ആരോപിച്ചു. താൻ മാത്രമല്ല മറ്റു പലരും പല പാർട്ടികളിലേക്കും പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഹർജി ഇന്ന് പരിഗണിക്കും. ഇ ഡി നടപടി നിയമവിരുദ്ധമെന്നാണ്ഹർജിയിൽ വാദം. ഇഡി കസ്റ്റഡിയിലുള്ള കെജ്രിവാളിന് കമ്പ്യൂട്ടറോ പേപ്പറോ അനുവദിച്ചിട്ടില്ലെന്ന് ഇഡി റിപ്പോര്‍ട്ട്. ജലവിഭവ വകുപ്പുമായി ബന്ധപ്പെട്ട ഉത്തരവ് കസ്റ്റഡിയിലിരിക്കെ കെജ്‌രിവാള്‍ പുറത്തിറക്കിയെന്ന ജലവിഭവ വകുപ്പ് മന്ത്രി അതിഷി മെര്‍ലേനയുടെ പ്രസ്താവനയെ തുടര്‍ന്നാണ് ഇഡിയുടെ വിശദീകരണം.

മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ സമർപ്പിച്ച ഹർജിയിൽ മറുപടി നൽകാൻ ഈ ഡി മൂന്നാഴ്ച സമയം തേടി. നാളെ കെജ്രിവാളിന്റെ റിമാൻഡ് കാലാവധി അവസാനിക്കുകയാണ്. അദ്ദേഹത്തെ ജയിലിൽ അടയ്ക്കാൻ വേണ്ടിയാണ് ഈ ഡി ഇങ്ങനെയൊരു ആവശ്യം മുന്നോട്ടുവച്ചതെന്ന് കേജ്രിവാളിന്റെ അഭിഭാഷകൻ ആരോപിച്ചു. മറ്റു കേസുകൾ പരിഗണിച്ച ശേഷം ഹർജിയിൽ ഇന്ന് ഹൈക്കോടതി വാദം കേൾക്കും.

ടിഎംസി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയതിന് പിന്നാലെ പശ്ചിമബംഗാൾ മുഖ്യമന്ത്രി‌ മമത ബാനർജിക്ക് എതിരെ ബിജെപി നേതാവ് ദിലീപ് ഘോഷ് നടത്തിയ അധിക്ഷേപ പരാമർശത്തിൽ ബിജെപി നേതൃത്വം വിശദീകരണം തേടി. ഗോവയുടെയും ത്രിപുരയുടെയും മകളാണ് താൻ എന്ന് അവകാശപ്പെടുന്ന മമത തന്‍റെ അച്ഛൻ ആരാണെന്ന് തീരുമാനിക്കണമെന്നും എല്ലാവരുടെയും മകളാകുന്നത് നല്ലതല്ലെന്നുമാണ് ബിജെപി ബംഗാള്‍ മുൻ അധ്യക്ഷൻ കൂടിയായ ദിലീപ് ഘോഷ് പറഞ്ഞത്.

കപ്പലിടിച്ച് പാലം തകര്‍ന്ന് വെള്ളത്തില്‍ വീണ ആറ് പേര്‍ക്കായുള്ള തിരച്ചില്‍ അവസാനിപ്പിച്ചു.അമേരിക്കയിലെ ബാള്‍ട്ടിമോറില്‍ കഴിഞ്ഞ ദിവസമാണ് കപ്പൽ പാലത്തിൽ ഇടിച്ച് അപകടം ഉണ്ടായത്.  തിരച്ചില്‍ തുടര്‍ന്നാലും ഇവരെ ജീവനോടെ കണ്ടെത്താൻ സാധിക്കില്ലെന്ന് കോസ്റ്റ് ഗാര്‍ഡ് വ്യക്തമാക്കി. അപകടസമയത്ത് പാലത്തിലുണ്ടായിരുന്ന നിര്‍മ്മാണ തൊഴിലാളികളെയാണ് ഇനിയും കണ്ടെത്താനുള്ളത്. രണ്ടുപേരെ രക്ഷപ്പെടുത്തിയിരുന്നു, കൂടാതെ പാലത്തിൽ നിന്നും താഴേക്ക് വീണ വാഹനവും കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.

അമേരിക്കയിലെ ബാള്‍ട്ടിമോറില്‍ ചരക്കുകപ്പലിടിച്ച് പാലം തകര്‍ന്ന സംഭവത്തില്‍, കപ്പലിലുണ്ടായിരുന്ന ഇന്ത്യന്‍ ജീവനക്കാരെ പ്രസിഡന്റ് ജോ ബൈഡൻ അഭിനന്ദിച്ചു. മെയ്‌ഡേ മുന്നറിയിപ്പ് കൃത്യമായി നൽകിയതിനാണ് അദ്ദേഹം ഇന്ത്യൻ ജീവനക്കാരെ അഭിനന്ദിച്ചത്. മുന്നറിയിപ്പ് ലഭിച്ചത് കൊണ്ട് മാത്രമാണ് നിരവധി ജീവനുകൾ രക്ഷിക്കാൻ സാധിച്ചത്, ഇല്ലെങ്കിൽ അപകടത്തിന്റെ വ്യാപ്തി വളരെ വലുതാകും ആയിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

ഇഡി വീട്ടിൽ നിന്നും അഴിമതി പണമൊന്നും കണ്ടെത്തിയില്ലെന്നും കേസിന്‍റെ സത്യാവസ്ഥ നാളെ കോടതിയില്‍ അറിയിക്കുമെന്നും അരവിന്ദ് കെജ്രിവാളിന്റെ ഭാര്യ സുനിത കെജ്രിവാൾ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.കെജ്രിവാളിനെ ജയിലില്‍ പോയി കണ്ടിരുന്നു, അദ്ദേഹത്തിന് ഷുഗറുണ്ട്, ആരോഗ്യനില അത്ര സുഖകരമല്ല എങ്കിലും കുഴപ്പമില്ല, രാജ്യത്തോട് ഏറെ സ്നേഹം കാത്തുസൂക്ഷിക്കുന്നയാളാണ് കെജ്രിവാള്‍ എന്നും സുനിത പറഞ്ഞു.

അഫ്സപ പിന്‍വലിക്കുന്നത് പരിഗണനയിലാണെന്നും ക്രമസമാധാന ചുമതല പൂർണമായും ജമ്മുകശ്മീർ പൊലീസിന് നല്‍കുമെന്നും അമിത് ഷാ . സൈന്യത്തെ ജമ്മുകശ്മീരില്‍ നിന്ന് പിന്‍വലിക്കുന്നത് ആലോചിക്കുന്നുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു . തെരഞ്ഞെടുപ്പിൽ കശ്മീർ താഴ്വരയുടെ കൂടി പിന്തുണ നേടാനാണ് ബിജെപിയുടെ ഈ അപ്രതീക്ഷിത നീക്കം. പ്രത്യേക അധികാരം റദ്ദാക്കിയതിന് ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പായതിനാല്‍ ജമ്മുകശ്മീരിലെ ജനവിധി ബിജെപിക്ക്  നിർണായകമാണ്.

സിക്കിം നിയമസഭ തെരഞ്ഞെടുപ്പിനുള്ള 9 സ്ഥാനാർഥികളുടെ പട്ടിക ബിജെപി പ്രഖ്യാപിച്ചു. ഭരണകക്ഷിയായ സിക്കിം ക്രാന്തികാരി മോർച്ചയുമായുള്ള ബന്ധം വിച്ഛേജിച്ചാണ് ബിജെപി സിക്കിമില്‍ ഇത്തവണ നിയമസഭ തെരഞ്ഞെടുപ്പിനെ നേരിടുന്നത്.  സിക്കിമിന് പുറമെ ആന്ധ്ര പ്രദേശ്, ഒഡിഷ, അരുണാചല്‍ പ്രദേശ് എന്നിവിടങ്ങളിലാണ് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുക.

ഇന്ത്യ മാലദ്വീപിന്റെ ഏറ്റവും അടുത്ത സഖ്യകക്ഷിയായി തുടരും. അതിനെക്കുറിച്ച് ഒരു ചോദ്യവുമില്ല എന്ന് പ്രഖ്യാപിച്ച് മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു. മാലിദ്വീപിനെ കടാശ്വാസം നൽകണമെന്നും അദ്ദേഹം ഇന്ത്യയോട് അഭ്യർത്ഥിച്ചു. മാത്രമല്ല ഇന്ത്യയെ തന്റെ രാജ്യത്തിന്റെ അടുത്ത സഖ്യകക്ഷി എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മാലദ്വീപിന് സഹായം നല്‍കുന്നതില്‍ ഇന്ത്യ നിര്‍ണായകമാണെന്ന് മുയിസു പ്രഖ്യാപിച്ചത്.

മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ താമസിക്കാനായി തീഹാർ ജയിലിൽ തയ്യാറെടുപ്പുകൾ ആരംഭിച്ചു. കൊടുംകുറ്റവാളികൾ താമസിക്കുന്ന സെല്ലുകളിൽ നിന്നും അകലെയായിട്ടായിരിക്കും അദ്ദേഹത്തെ താമസിപ്പിക്കുക എന്നാണ് സൂചന. ഇ.ഡി. കസ്റ്റഡിയിൽ ആവശ്യപ്പെടാനുള്ള സാധ്യത കുറവായതിനാലാണ് തിഹാർ ജയിലിൽ ഒരുക്കങ്ങൾ ആരംഭിച്ചത്.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *