വിദ്യാർത്ഥി സ്കൂളിൽ ഷോക്കേറ്റ് മരിച്ചു. തേവലക്കര ബോയ്സ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാ‍ര്‍ത്ഥിയായ മിഥുൻ (13) ആണ് മരിച്ചത്. സ്കൂൾ കെട്ടിടത്തിന് മുകളിൽ വീണ ചെരിപ്പെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

കൊല്ലത്ത് വിദ്യാർത്ഥി സ്കൂളിൽ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ രണ്ടുതലത്തിൽ അന്വേഷണം നടത്താൻ തീരുമാനം. ചീഫ് ഇക്ട്രിക്കൽ ഇൻസ്പെക്ട‌റും കെഎസ്ഇബിയും സംഭവം അന്വേഷിക്കും. തേവലക്കര ബോയ്സ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാ‍ര്‍ത്ഥിയായ മിഥുൻ (13) ആണ് മരിച്ചത്. സ്കൂൾ കെട്ടിടത്തിന് മുകളിൽ വീണ ചെരിപ്പെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

ശാസ്താംകോട്ട തേവലക്കര ബോയ്സ് ഹൈസ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിലെ ദൃശ്യങ്ങൾ പുറത്ത്. അപകടം സംഭവിച്ച സമയത്തുള്ള സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. മിഥുൻ കെട്ടിടത്തിന് മുകളിലേക്ക് കയറുന്നത് ദൃശ്യങ്ങളിൽ കാണാം. തെന്നിവീഴാൻ പോകുന്ന സമയത്ത് മിഥുൻ വൈദ്യുത കമ്പിയിൽ പിടിക്കുന്നു. തുടർന്നാണ് ഷോക്കേൽക്കുന്നത്. കെട്ടിടത്തിന് മുകളിൽ കയറിയ ചെരിപ്പെടുക്കാൻ കയറിയതായിരുന്നു മിഥുൻ.

കൊല്ലത്ത് വിദ്യാർത്ഥി സ്കൂളിൽ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് വിഭ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കൊല്ലം തേവലക്കര ബോയ്സ് ഹൈസ്ക്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം അതീവ ദുഃഖകരമാണെന്ന് മന്ത്രി പ്രതികരിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് അടിയന്തരമായി റിപ്പോർട്ട് നൽകാൻ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകി. കൊല്ലം ജില്ലയിലെ ഉന്നത വിദ്യാഭ്യാസ ഓഫീസർമാരോട് ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്താനും നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

തൃശ്ശൂര്‍ പൂരം അലങ്കോലപ്പെട്ടതിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടായതായി സംശയിക്കുന്നുവെന്ന് മന്ത്രി രാജൻ അന്വേഷണ സംഘത്തിന് മുന്നിൽ മൊഴി നൽകി. ഗൂഢാലോചനയെ സഹായിക്കുന്ന രീതിയിലായിരുന്നു തൃശ്ശൂ‍ര്‍ പൂരം അലങ്കോലപ്പെട്ട ദിവസം പൊലീസിന്റെ നടപടികളെന്നാണ് മന്ത്രിയുടെ മൊഴി. തൃശ്ശൂര്‍ പൂരം അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട പരാതി അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘമാണ് റവന്യൂ വകുപ്പ് മന്ത്രി കെ.രാജന്റെ മൊഴിയെടുത്തത്.

ഇടുക്കി പരുന്തുംപാറയിൽ സർക്കാർ ഭൂമി കയ്യേറിയവർക്കെതിരെ സെപ്റ്റംബർ മുതൽ നടപടി ആരംഭിക്കുമെന്ന് ജില്ല കളക്ടർ വി വിഘ്നേശ്വരി. പത്ത് സെൻറിൽ താഴെ ഭൂമി കൈവശം വച്ച പാവപ്പെട്ടവ‍ര്‍ക്ക് അവരുടെ കയ്യിലുളള സ്ഥലമോ പകരം ഭൂമിയോ അനുവദിക്കും. ഭൂമി കൈവശം വച്ചിരിക്കുന്നവർ ഹാജരാക്കിയ രേഖകളുടെ പരിശോധന പുരോഗമിക്കുകയാണ്.

സംസ്ഥാനത്ത് ശക്തമായ മഴയിൽ വടക്കൻ ജില്ലകളിൽ വ്യാപക നാശം. കുറ്റ്യാടി ചുരം വഴിയുള്ള ഗതാഗതം മണ്ണിടിഞ്ഞ് വീണ് പൂർണമായും തടസപ്പെട്ടു. കോഴിക്കോട് വിലങ്ങാട് പാലത്തിൽ വെള്ളം കയറി. പുല്ലുവ പുഴയിൽ ജലനിരപ്പ് ഉയർന്നു. കോഴിക്കോട് കടന്തറ പുഴയിൽ മലവെള്ള പാച്ചിലുണ്ടായി. മരുതോങ്കര പശുക്കടവ് മേഖലകളിൽ നിന്നും 13 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. കോഴിക്കോട് ചെമ്പനോടയിൽ നിന്നും 13 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു.

നടിയെ ആക്രമിച്ച കേസിലെ അന്തിമവിചാരണ ഇന്നും തുടരും. വാദത്തിനിടെ കൂടുതൽ കാര്യങ്ങൾ ബോധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ കോടതിയെ സമീപിച്ചിരുന്നു. കോടതി സമയം നൽകിയതോടെ പ്രോസിക്യൂഷൻ വാദമാണ് നിലവിൽ തുടരുന്നത്. ഇക്കാര്യങ്ങളിലെ മറുപടി അറിയിക്കാൻ പ്രതിഭാഗത്തിന്റെ വാദവും കോടതിയിൽ നടക്കും. വിചാരണ അന്തിമ ഘട്ടത്തിലായതിനാൽ ഇരുവിഭാഗങ്ങളുടെ വാദം പൂ‍ർത്തിയാക്കി അടുത്ത മാസം പകുതിയോടെ കേസിൽ വിധി പറയുമെന്നാണ് പ്രതീക്ഷ.

മുഖ്യമന്ത്രിയുടെ നവ കേരള യാത്രയിലെ പരാമർശത്തിൽ എറണാകുളം സിജെഎം കോടതിയിലെ ഹർജിയിലുള്ള തുടർ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി. മൂന്നു മാസത്തേക്കാണ് സ്റ്റേ. എറണാകുളം ഡിസിസി പ്രസിഡണ്ട് മുഹമ്മദ് ഷിയാസ് ആണ് സിജെഎം കോടതിയെ സമീപിച്ചിരുന്നത്.

വിവാദങ്ങള്‍ ഉയര്‍ത്തി ജെഎസ്കെ എന്ന സിനിമയുടെ ആശയത്തെ വഴിതിരിച്ചുവിടാന്‍ പാടില്ലെന്ന് ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിച്ച സുരേഷ് ഗോപി. ചിത്രത്തിന്‍റെ ആദ്യ പ്രദര്‍ശനം കാണാന്‍ തൃശൂര്‍ രാഗം തിയറ്ററില്‍ എത്തിയ സുരേഷ് ഗോപി മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു,

താന്‍ നായകനായ ചിത്രത്തിന്‍റെ സഹനിര്‍മ്മാതാവ് നല്‍കിയ വഞ്ചനാ കേസില്‍ പ്രതികരണവുമായി നടന്‍ നിവിന്‍ പോളി. നേരത്തേ കോടതി നിര്‍ദേശ പ്രകാരമുള്ള മധ്യസ്ഥതയില്‍ പരിഹാരത്തിന് ശ്രമിക്കുന്ന തര്‍ക്കമാണ് ഇതെന്നും കോടതി നിര്‍ദേശത്തെ ബഹുമാനിക്കാതെയാണ് പരാതിക്കാരന്‍ അടുത്ത കേസ് നല്‍കിയിരിക്കുന്നതെന്നും നിവിന്‍ പോളി സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചു.

കർഷകരിൽ നിന്ന്‌ സംഭരിച്ച നെല്ലിന്റെ സബ്‌സിഡിയായി 100 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. നെല്ല്‌ സംഭരണ ചുമതലയുള്ള സംസ്ഥാന സിവിൽ സപ്ലൈസ്‌ കോർപറേഷനാണ്‌ തുക അനുവദിച്ചത്‌.കർഷകന്‌ നൽകുന്ന ഉൽപാദന ബോണസിന്റെയും വായ്‌പാ പലിശയുടെയും ബാധ്യത സംസ്ഥാന സർക്കാരാണ്‌ തീർക്കുന്നത്‌.കേരളത്തിൽ മാത്രമാണ്‌ നെൽ കർഷകർക്കായി ഇത്തരമൊരു പദ്ധതി നിലവിലുള്ളതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കേരളത്തിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പ്രളയ സാധ്യത മുന്നറിയിപ്പ് പുറത്തിറക്കി സംസ്ഥാന ജലസേചന വകുപ്പും, കേന്ദ്ര ജല കമ്മീഷനും. അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നതിനെ തുടർന്ന് സംസ്ഥാന ജലസേചന വകുപ്പും (IDRB), കേന്ദ്ര ജല കമ്മീഷനും (CWC) ചേർന്ന് വിവധ നദികളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു.

യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മലയാളി നേഴ്സ് നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് ശുഭപ്രതീക്ഷയുണ്ടെന്ന് മധ്യസ്ഥ സംഘം. കൊല്ലപ്പെട്ട തലാലിന്റെ കുടുംബത്തെ ഇന്നലെ വീണ്ടും കണ്ടുവെന്നും യെമനിലെ ഗോത്ര തലവന്മാരുമായി ചർച്ച നടത്തിയെന്നും മധ്യസ്ഥ സംഘം പറയുന്നു. തുടർ ചർച്ചകളിലൂടെ ധാരണയിലെത്താമെന്നാണ് പ്രതീക്ഷ. വിഷയത്തിൽ ശുഭ പ്രതീക്ഷയുണ്ടെന്നും മധ്യസ്ഥ സംഘം വ്യക്തമാക്കി.

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ മോചനത്തിനായി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ നടത്തുന്ന ഇടപെടലിനെ പുകഴ്ത്തി ശശി തരൂർ എംപി. കാന്തപുരത്തിൻ്റെ ഇടപെടൽ വലിയ പ്രത്യാശ നൽകുന്നതാണ്. ഈ ശ്രമം വിജയിക്കാൻ കേരളം മുഴുവൻ പ്രാർത്ഥിക്കുന്നു. മതത്തിൻ്റെ പേരിൽ ആളുകളെ വിഭജിക്കാൻ ശ്രമം നടക്കുമ്പോൾ കാന്തപുരം നൽകിയത് ശക്തമായ സന്ദേശമാണെന്നും ശശി തരൂർ എന്‍ഡിടിവിയില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു.

കോൺ​ഗ്രസ് വേദിയിലെത്തുന്നതിനെ കുറിച്ച് പ്രതികരണവുമായി സിപിഎം നേതാവും മുൻ എംഎൽഎയുമായ ഐഷ പോറ്റി. ഉമ്മൻചാണ്ടി അനുസ്മരണത്തിന് ക്ഷണിച്ചുവെന്ന് ഐഷ പോറ്റി പറ‍ഞ്ഞു. എല്ലാ രാഷ്ട്രീയ കക്ഷികളുടെയും പ്രതിനിധികളെ വിളിച്ചിട്ടുണ്ടെന്ന് പറഞ്ഞു. ഉമ്മൻചാണ്ടിയെ പോലെ ഒരു മനുഷ്യൻ്റെ അനുസ്മരണത്തിന് വിളിക്കുമ്പോൾ പോകാതിരിക്കേണ്ട ആവശ്യമില്ല. കോൺഗ്രസിൽ ചേരണമെന്ന് ആവശ്യപ്പെട്ട് ആരും സമീപിച്ചിട്ടില്ലെന്നും ഐഷ പോറ്റി പ്രതികരിച്ചു.

പാലക്കാട് ജില്ലയിൽ നിപ ബാധിച്ച് രണ്ടുപേർ മരിച്ച പശ്ചാത്തലത്തിൽ അതിർത്തികളിലും പരിശോധന. തമിഴ്നാടിൻ്റെ അതിർത്തികളിൽ പരിശോധന ഇന്നും തുടരുകയാണ്. ആനക്കട്ടി, മീനാക്ഷിപുരം, ഗോവിന്ദപുരം, വേലന്താവളം ചെക്പോസ്റ്റുകളിലാണ് പരിശോധന നടക്കുന്നത്. കേരളത്തിൽ നിന്നുള്ള വാഹനങ്ങളിലെ യാത്രക്കാരുടെ ശരീര താപനില പരിശോധിച്ച ശേഷം പനിയോ മറ്റ് രോഗങ്ങളോ ഇല്ലെന്ന് ഉറപ്പാക്കിയാണ് കടത്തിവിടുന്നത്.

ഹൂതി ആക്രമണത്തിൽ യെമൻ തീരത്തിന് സമീപം ചെങ്കടലിൽ മുങ്ങിയ കപ്പലിൽ ഉണ്ടായിരുന്ന മലയാളിയെ കാണാനില്ല. എന്റർനിറ്റി സി എന്ന കപ്പലിലെ ജീവനക്കാരൻ കായംകുളം പത്തിയൂർ സ്വദേശി അനിൽ കുമാറിനെ കാണാനില്ലെന്ന് സൗദിയിലെ ഇന്ത്യൻ എംബസി കുടുംബത്തെ അറിയിച്ചു. അനിൽ കുമാറിനെ കണ്ടെത്താൻ ഇടപെടൽ വേണമെന്ന് കുടുംബം ആവശ്യപ്പെട്ടു.

സാങ്കേതിക തകരാറുകൾ പരിഹരിക്കാനായതോടെ ഒരുമാസമായി തിരുവനന്തപുരത്ത് കുടുങ്ങിയ ബ്രിട്ടീഷ് നാവികസേനയുടെ യുദ്ധവിമാനം എഫ്-35 അടുത്തയാഴ്ച കേരളം വിടും. ബ്രിട്ടണിലെ നാവികസേനാ മേധാവിയുടെ അനുമതി ലഭിച്ചാലുടൻ വിമാനം അടുത്തയാഴ്ച ഇവിടെനിന്നു കൊണ്ടുപോകും. ഇതിന് മുന്നോടിയായി പരീക്ഷണ പറക്കലിനുള്ള അനുമതിക്കായുള്ള നടപടികളും ആരംഭിച്ചു.

തുണിയിൽ പൊതിഞ്ഞ് ബസിൽ വച്ച് പ്രസവിച്ച കുഞ്ഞിനെ ജനലിലൂടെ വലിച്ചെറിഞ്ഞ് കൊന്ന സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ കേസ്. മഹാരാഷ്ട്രയിലെ പർഭാനിയിൽ 19കാരിക്കും ഭർത്താവ് എന്ന് വിശദമാക്കിയ 21കാരനുമെതിരെയാണ് കേസ് എടുത്തത്. ചൊവ്വാഴ്ച രാവിലെ ആറ് മണിയോടെയാണ് 19കാരി ഓടിക്കൊണ്ടിരുന്ന ബസിനുള്ളിൽ വച്ച് പ്രസവിച്ചത്.

തമിഴ്നാട് നീലഗിരിയിൽ 15കാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത 31കാരന് ജീവപര്യന്തം തടവ്. ഊട്ടി മഹിളാ കോടതിയുടേതാണ് ഉത്തരവ്. പ്രതിക്കൊപ്പം ഉണ്ടായിരുന്ന സുഹൃത്തിനെ കോടതി വെറുതെവിട്ടു. 2020 ജനുവരിയിൽ ആണ് കേസിനാസ്പദമായ സംഭവം. സ്കൂളിലേക്ക് പോകാനായി ബസ് സ്റ്റോപ്പിൽ നിൽക്കുകയായിരുന്ന പതിനഞ്ചുകാരിയെ പ്രതി മുരളി കാറിലേക്ക് ബലമായി പിടിച്ചുകയറ്റുകയായിരുന്നു.

ഗുജറാത്തിൽ പാലം തകർന്ന് 20 യാത്രക്കാർ മരിച്ച സംഭവത്തിന് പിന്നാലെ നൂറോളം പാലങ്ങൾ അടച്ചിട്ടു. പാലങ്ങളുടെ സുരക്ഷയെ സംബന്ധിച്ച മുഴുവൻ പരാതികളും പരിശോധിക്കാനും അറ്റകുറ്റപ്പണികൾ വേഗത്തിലാക്കാനും മുഖ്യമന്ത്രി നിർദേശിച്ചതിനെ തുടർന്നാണ് പാലങ്ങൾ അടച്ചത്. ദേശീയപാതയിൽ മാത്രം 12 പാലങ്ങൾ അടച്ചതായി റിപ്പോർട്ടിൽ പറയുന്നു. ജൂലൈ ഒൻപതിനാണ് വഡോദരയിലെ പദ്രയിൽ മഹിസാഗർ നദിക്ക് കുറുകെയുള്ള പാലം പൊളിഞ്ഞുവീണ് 20 പേർ മരിച്ചത്.

ദില്ലിയിൽ നിന്ന് ഗോവയിലേക്ക് പോകുകയായിരുന്ന ഇൻഡിഗോ വിമാനം വഴി തിരിച്ചു വിട്ടു. പറക്കുന്നതിനിടെ സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് വിമാനം മുംബൈയിലേക്ക് വഴി തിരിച്ചുവിടുകയായിരുന്നു. ഇൻഡിഗോ 6E 6271 എന്ന വിമാനത്തിനാണ് സാങ്കേതിക തകരാർ കണ്ടെത്തിയത്. ഗോവയിലെ മനോഹർ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ചാർട്ട് ചെയ്ത വിമാനമിറക്കിയത് മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു.

ഉത്തരേന്ത്യയിൽ ശക്തമായ മഴ തുടരുന്നു. ഗംഗാനദി കരകവിഞ്ഞൊഴുകുകയാണ്. പ്രയാഗ് രാജിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. നിരവധിപേരെ മാറ്റിപ്പാർപ്പിച്ചു. ഹിമാചൽപ്രദേശിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 109 ആയി. ഹിമാചലിൽ 202 റോഡുകൾ അടച്ചിട്ടിരിക്കുകയാണ്. സംസ്ഥാനത്തുണ്ടായത് 883 കോടി രൂപയുടെ നാശനഷ്ടം എന്ന് സർക്കാർ കണക്കുകൾ. ജമ്മുകശ്മീരിലും കനത്ത മഴ തുടരുന്നു. അമർനാഥ് തീർഥയാത്ര നിർത്തിവച്ചു. ദില്ലിയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

എയർ ഇന്ത്യ തങ്ങളുടെ ബോയിംഗ് 787 വിമാനങ്ങളുടെ ഇന്ധന നിയന്ത്രണ സ്വിച്ചുകളുടെ (എഫ്‌സി‌എസ്) ലോക്കിംഗ് സംവിധാനത്തിന്റെ മുൻകരുതൽ പരിശോധനകൾ പൂർത്തിയാക്കിയതായും പ്രശ്‌നങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും എയർലൈൻ ഉദ്യോഗസ്ഥൻ പറഞ്ഞതായി റിപ്പോർട്ട്. ബോയിംഗ് 787, 737 വിമാനങ്ങൾ സർവീസ് നടത്തുന്ന എല്ലാ വിമാനക്കമ്പനികളോടും ഇന്ധന സ്വിച്ച് ലോക്കിംഗ് സംവിധാനങ്ങൾ പരിശോധിക്കാൻ ഏവിയേഷൻ റെഗുലേറ്റർ ഡിജിസിഎ ഈ ആഴ്ച ആദ്യം നിർദ്ദേശം നൽകിയതിനെ തുടർന്നാണ് പരിശോധന.

സമയമാറ്റത്തിൽ ചർച്ചയ്ക്ക് തയ്യാറാണെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്‌ല്യാരുമായി ബുധനാഴ്ച നടത്തിയ കൂടിക്കാഴ്ചയിൽ സിപിഎം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദൻ ഉറപ്പുനൽകി. കാന്തപുരത്തിന്റെ ഇടപെടലിനെത്തുടർന്ന് നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവെച്ചതിൽ അദ്ദേഹത്തെ അഭിനന്ദിക്കാൻ എത്തിയതെന്നാണ് ഒൗദ്യോഗിക വിശദീകരണമെങ്കിലും സ്കൂൾ സമയമാറ്റത്തെത്തുടർന്നുണ്ടായ പ്രശ്നങ്ങളാണ് സന്ദർശനത്തിനു പിന്നിൽ.

നിയമം ലംഘിച്ച് എഡിജിപി എം.ആർ. അജിത്‌കുമാർ ശബരിമലയിലേക്ക് ട്രാക്ടർയാത്ര ചെയ്തപ്പോൾ ബലിയാടായത് ഒരു പോലീസ് ഡ്രൈവർ. തിരുവല്ല പോലീസ് സ്‌റ്റേഷനിലെ ഡ്രൈവറായ വിവേക് കുമാറിനാണ് മേലുദ്യോഗസ്ഥരുടെ വാക്കാലുള്ള നിർേദശം അനുസരിക്കേണ്ടിവന്നപ്പോൾ കേസിൽ പ്രതിയാവേണ്ടിവന്നത്.

ധർമസ്ഥലയിൽ കൂട്ടത്തോടെ സ്ത്രീകളുടെ മൃതദേഹം മറവ് ചെയ്തെന്ന വെളിപ്പെടുത്തലിൽ പ്രതികരണവുമായി ജില്ലാ പൊലീസ് മേധാവി. വെളിപ്പെടുത്തൽ നടത്തിയയാൾ ഒളിവിൽ പോകാൻ സാധ്യതയെന്ന് വിവരം കിട്ടിയതായി ദക്ഷിണ കന്നഡ എസ്പി കെ അരുൺ പറഞ്ഞു. കൃത്യമായ നടപടിക്രമങ്ങൾ പാലിക്കാതെ മൃതദേഹങ്ങളുണ്ടോ എന്ന് തിരക്കിട്ട് പരിശോധന നടത്താൻ കഴിയില്ലെന്ന് എസ്പി പറഞ്ഞു.

നടന്‍ നിവിൻ പോളിക്കും സംവിധായകന്‍ എബ്രിഡ് ഷൈനിനും എതിരെ വഞ്ചനാ കുറ്റത്തിന് കേസ്. വഞ്ചനയിലൂടെ 1.90 കോടി രൂപ തട്ടിയെടുത്തുവെന്ന തലയോലപ്പറമ്പ് സ്വദേശി ഷംനാസിന്റെ പരാതിയിലാണ് കേസ്. കോട്ടയം തലയോലപ്പറമ്പ് പൊലീസ് ആണ് കേസെടുത്തിരിക്കുന്നത്.

ഡിഎംകെ സഖ്യത്തിൽ തുടരുന്ന സിപിഎമ്മിനെ ബിജെപി നയിക്കുന്ന എൻഡിഎയിലേക്ക് ക്ഷണിച്ച് തമിഴ്നാട് മുൻ മുഖ്യമന്ത്രിയും എഐഎഡിഎംകെ ജനറൽ സെക്രട്ടറിയുമായ എടപ്പാടി കെ. പളനിസാമി. അർഹമായ പരിഗണന ലഭിക്കാതെ അപമാനിക്കപ്പെട്ട് സ്റ്റാലിനൊപ്പം തുടരുന്നത് എന്തിനെന്നാണ് സിപിഎമ്മിനോട് എടപ്പാടി പളനിസ്വാമിയുടെ ചോദ്യം.

എസ്എഫ്ഐ യുകെ ഘടകത്തിന്റെ ആസ്ഥാന മന്ദിരം തുറന്നു. രക്തസാക്ഷി. പ്രദീപ് കുമാറിന്റെ ഓർമ്മദിനത്തിലായിരുന്നു മന്ദിരം ഉദ്ഘാചനം ചെയ്തത്. എസ്എഫ്ഐ യുകെ വൈസ് പ്രസിഡന്റ് നുപുർ അധ്യക്ഷത വഹിച്ചു. ഇന്ത്യൻ വർക്കേഴ്സ് അസോസിയേഷൻ ജിബിയുടെ ദേശീയ പ്രസിഡന്റ് ഹർശേവ് ബൈൻസാണ് ഉദ്ഘാടനം നിർവഹിച്ചത്. എസ്എഫ്ഐ യുകെ സെക്രട്ടറി നിഖിൽ മാത്യു, ജനറൽ സെക്രട്ടറി ലിയോസ് എന്നിവർ സംസാരിച്ചു.

ഇറാഖിലെ അൽ-കുട്ട് നഗരത്തിൽ ഹൈപ്പർമാർക്കറ്റിലുണ്ടായ വൻ തീപിടുത്തത്തിൽ 50 പേർ മരിച്ചതായി റിപ്പോർട്ട്. നിരവധിപ്പേർക്ക് പരിക്കേറ്റു. തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. എന്നാൽ പ്രാഥമിക അന്വേഷണ ഫലങ്ങൾ രണ്ട് ദിവസത്തിനുള്ളിൽ പുറത്തുവിടുമെന്ന് ഇറാന്റെ സ്റ്റേറ്റ് ന്യൂസ് ഏജൻസിയായ ഐഎൻഎ റിപ്പോർട്ട് ചെയ്തു.

ബാങ്കോക്ക്ൽ സന്യാസിമാരുമായി ലൈംഗിക ബന്ധം പുലർത്തിയ രംഗങ്ങൾ ചിത്രീകരിച്ച് ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമിച്ച യുവതി അറസ്റ്റിൽ. മിസ് ഗോൾഫ് എന്ന പേരിൽ പൊലീസ് വിളിക്കുന്ന യുവതിയാണ് അറസ്റ്റിലായത്. 9 സന്യാസിമാരുമായാണ് ഇവർ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത്. കഴിഞ്ഞ് മൂന്ന് വർഷത്തോളമായി സന്യാസിമാരെ ബ്ലാക്ക് മെയിൽ ചെയ്ത് നൂറ് കോടിയോളം രൂപയാണ് ഇവർ തട്ടിയത്.

അമേരിക്കയിൽ അലാസ്ക തീരത്ത് ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഇന്ത്യൻ സമയം പുലർച്ചെ രണ്ട് മണിയോടെയാണ് അനുഭവപ്പെട്ടത്. അലാസ്കയിലെ ദ്വീപ് നഗരമായ സാൻഡ് പോയിന്റിൽ നിന്ന് 87 കിലോമീറ്റർ അകലെ കടലിലാണ് ഭൂകമ്പത്തിൻ്റെ പ്രഭവകേന്ദ്രം. ഭൂചലനത്തെത്തുടർന്ന് സുനാമി മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്.

ലോക ഒന്നാം നമ്പര്‍ ചെസ് താരം മാഗ്നസ് കാള്‍സണെ അട്ടിമറിച്ച് ഇന്ത്യയുടെ കൗമാര വിസ്മയം ആര്‍ പ്രഗ്നാനന്ദ. ഫ്രീ സ്റ്റൈല്‍ ഗ്രാന്‍സ്ലാം ടൂറിന്‍റെ ലാസ്‌വെഗാസ് ലെഗ്ഗിലാണ് വെള്ളക്കരുക്കളുമായി കളിച്ച പ്രഗ്നാനന്ദ കാള്‍സണെ 39 നീക്കങ്ങളില്‍ അടിയറവ് പറയിച്ചത്.

കക്ഷികള്‍ തമ്മില്‍ ഒത്തുതീര്‍പ്പിലെത്തിയാല്‍ അപൂര്‍വ സാഹചര്യങ്ങളില്‍ ബലാത്സംഗക്കേസ് റദ്ദാക്കാമെന്ന് സുപ്രീംകോടതി. പരാതിക്കാരി പിന്മാറിയിട്ടും കേസ് റദ്ദാക്കാന്‍ വിസമ്മതിച്ച ബോംബെ ഹൈക്കോടതിവിധിക്കെതിരേ പ്രതി നല്‍കിയ അപ്പീലിലാണ് സുപ്രീംകോടതിയുടെ നിരീക്ഷണം.

ബിഹാറിലെ വോട്ടര്‍ പട്ടിക പരിഷ്ക്കരണത്തില്‍ വന്‍ അട്ടിമറിയെന്ന് രാഹുല്‍ ഗാന്ധി. വോട്ടര്‍മാര്‍ പൂരിപ്പിക്കേണ്ട ഫോം ഉദ്യോഗസ്ഥര്‍ പൂരിപ്പിച്ച് വ്യാജ ഒപ്പിടുന്ന വാര്‍ത്താ ദൃശ്യങ്ങള്‍ പങ്കുവെച്ചാണ് രാഹുല്‍ ഗാന്ധിയുടെ ആക്ഷേപം. വോട്ടര്‍ പട്ടിക പരിഷ്ക്കരണത്തില്‍ 35.7 ലക്ഷം പേരുടെ വിവരങ്ങള്‍ ഇനിയും ലഭ്യമായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.

മുൻ ഭർത്താവ് ക്രൂരമായി ഉപദ്രവിച്ചുവെന്ന ആരോപണവുമായി പാകിസ്ഥാനിലെ മുതിർന്ന പത്രപ്രവർത്തകയും ടെലിവിഷൻ അവതാരകയുമായ ജാസ്മീൻ മൻസൂർ. മുൻ ഭർത്താവിനെതിരെ ഗാർഹിക പീഡനം ആരോപിക്കുക മാത്രമല്ല പരിക്കേറ്റ ചിത്രങ്ങളും അവർ എക്സിൽ (ട്വിറ്റർ) പങ്കുവച്ചിട്ടുണ്ട്. ബുധനാഴ്ച രാവിലെ ഷെയർ ചെയ്തിരിക്കുന്ന പോസ്റ്റിൽ കണ്ണിനു ചുറ്റും ചതവും വീക്കവും കാണാം.

ഗുജറാത്തിൽ തകർന്നുവീണ എയർ ഇന്ത്യ വിമാനത്തിന് നേരത്തെയും സാങ്കേതി തകരാറുകളുണ്ടായിരുന്നെന്ന് റിപ്പോർട്ട്. അപകടത്തിന് തൊട്ടുമുമ്പുള്ള യാത്രയിലും വിമാനത്തിന് തകരാറുണ്ടായിരുന്നതായി പൈലറ്റ് റിപ്പോർട്ട് ചെയ്തിരുന്നു. ഡൽഹിയിൽനിന്ന് അഹമ്മദാബാദിലേക്കുള്ള യാത്രയിലാണ് സാങ്കേതിക തകരാറുള്ളതായി പൈലറ്റ് പരാതിപ്പെട്ടതെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

പാർലമെന്റിൽ ആർ.എസ്.എസിനെതിരെ കടുത്ത വിമർശനം വേണ്ടെന്ന് കോൺഗ്രസ് എം.പിമാർ ആവശ്യപ്പെട്ടതായി ജോൺ ബ്രിട്ടാസ് എംപി. വിമർശനം കടുപ്പിച്ചാൽ അപായപ്പെടുത്താൻ സാധ്യതയുണ്ടെന്നാണ് കോൺഗ്രസ് എം.പിമാർ ഉപദേശിച്ചത്. പ്രധാനമന്ത്രി അയോധ്യയിലെ ക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ നടത്തിയ സമയത്ത് പ്രധാനമന്ത്രിയുടെ ജോലി ഒരു അമ്പലത്തിൽ പ്രാണപ്രതിഷ്ഠ നടത്തുന്നതല്ലെന്ന് രാജ്യസഭയിൽ സിപിഎമ്മിനെ പ്രതിനിധീകരിച്ച് പറഞ്ഞിരുന്നു. അപ്പാഴാണ് കോൺഗ്രസ് എം.പിമാർ ഇക്കാര്യം പറഞ്ഞതെന്നും ജോൺ ബ്രിട്ടാസ് വ്യക്തമാക്കി.

വിവിധ പ്രതികൂല സാഹചര്യങ്ങളില്‍നിന്ന് രക്ഷപ്പെടുത്തി പുനരധിവസിപ്പിച്ച അഞ്ച് കഴുകന്മാരെ സ്വാഭാവിക ആവാസവ്യവസ്ഥയില്‍ തുറന്നുവിട്ടു. വടക്കന്‍ ദക്ഷിണാഫ്രിക്കയിലെ മാഗലീസ്ബര്‍ഗ് പര്‍വതനിരകളിലാണ് കഴുകന്മാരെ തുറന്നുവിട്ടത്.

ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നേ വമ്പന്‍ പ്രഖ്യാപനവുമായി മുഖ്യമന്ത്രി നിതീഷ് കുമാര്‍. ഓഗസ്റ്റ് ഒന്നാം തീയതി മുതല്‍ സംസ്ഥാനത്തെ മുഴുവന്‍ ഗാര്‍ഹിക ഉപയോക്താക്കള്‍ക്കും 125 യൂണിറ്റ് വരെ വൈദ്യുതി സൗജന്യമായിരിക്കുമെന്നാണ് പ്രഖ്യാപനം. സാമൂഹികമാധ്യമമായ എക്‌സിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

 

Sharing is caring!

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *