കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇന്നലെ കെട്ടിടം തകർന്ന് വീണ് മരിച്ച തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിന്റെ സംസ്കാരം പൂർത്തിയായി. സ്ഥലമില്ലാത്തതിനാൽ സഹോദരിയുടെ വീട്ടുവളപ്പിലാണ് ബിന്ദുവിന് ചിതയൊരുക്കിയത്. ബിന്ദുവിനെ അവസാനമായി ഒരു നോക്ക് കാണാനും ആദരാജ്ഞലി അർപ്പിക്കാനും ഒരു നാട് മുഴുവൻ തലയോലപ്പറമ്പിലെ വീട്ടിലേക്ക് ഒഴുകിയെത്തിയിരുന്നു.
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലുണ്ടായ അപകടത്തിൽ മരിച്ച ബിന്ദുവിൻ്റെ കുടുംബത്തിന് ധന സഹായം നൽകുമെന്ന് മന്ത്രി വിഎൻ വാസവൻ. സംസ്കാര ചടങ്ങിൻ്റെ ചിലവിനു 50,000 രൂപ ഇന്ന് നൽകും. ബാക്കി ധനസഹായം പിന്നാലെ നൽകും. ഇന്ന് വൈകുന്നേരം തന്നെ ബിന്ദുവിന്റെ വീട്ടിലേക്ക് പോകുമെന്നും മന്ത്രി പറഞ്ഞു. ഇന്ന് രാവിലെ തിരുവനന്തപുരത്താണ് മന്ത്രി മാധ്യമങ്ങളെ കണ്ടത്.
കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നു വീണ് മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് ചാണ്ടി ഉമ്മൻ എംഎൽഎ. 5 ലക്ഷം രൂപയാണ് ചാണ്ടി ഉമ്മൻ പ്രഖ്യാപിച്ചത്. ഈ തുക ഉമ്മൻ ചാണ്ടി ഫൗണ്ടേഷനാണ് നൽകുക.അപകടം നടന്നയുടൻ ചാണ്ടി ഉമ്മൻ സ്ഥലത്തെത്തിയിരുന്നു. പിന്നീട് രക്ഷാപ്രവർത്തനമുൾപ്പെടെ നടന്നത് ചാണ്ടി ഉമ്മൻ്റേയും പ്രതിഷേധത്തെ തുടർന്നാണ്.
മെഡിക്കൽ കോളേജിൽ തകർന്നുവീണ കെട്ടിടത്തിനുള്ളിൽ കുടുങ്ങിപ്പോയ തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിന്റെ മരണത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം. ബിന്ദുവിന്റെ മരണത്തിന് കാരണമായത് മന്ത്രിമാരുടെ നിരുത്തരവാദിത്ത പരമായ സമീപനമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. ധാർമ്മിക ഉത്തരവാദിത്തമേറ്റെടുത്ത് മന്ത്രി വീണാ ജോർജ് രാജിവെക്കണമെന്നും കുടുംബത്തെ സർക്കാർ ഏറ്റെടുക്കണമെന്നും പ്രതിപക്ഷ നേതാക്കൾ ആവശ്യപ്പെട്ടു.
കോട്ടയം മെഡിക്കല്‍ കോളേജ് അപകടത്തില്‍ സർക്കാരിനും മന്ത്രിമാർക്കുമെതിരെ മരിച്ച ബിന്ദുവിന്‍റെ ഭര്‍ത്താവ്. മന്ത്രിമാര്‍ നുണ പറഞ്ഞത് ആശുപത്രിയുടെ വീഴ്ച മറയ്ക്കാനെന്ന് ബിന്ദുവിന്‍റെ ഭര്‍ത്താവ് വിശ്രുതന്‍ പറയുന്നു. കെട്ടിടം ഉപയോഗിച്ചിരുന്നില്ല എന്ന് പറയുന്നത് നുണയാണ്. മന്ത്രിമാരാരും ഇതുവരെ വിളിച്ചില്ല. സ്ഥലത്തുണ്ടായിരുന്നിട്ടും മന്ത്രിമാർ ആരും തന്നെ വന്ന് കാണുകയോ വിളിക്കുകയോ ചെയ്തിട്ടില്ലെന്നും വിശ്രുതൻ ആരോപിക്കുന്നു. ബിന്ദുവിന്‍റെ വരുമാനമായിരുന്നു ഏക ആശ്രയമെന്നും ഭര്‍ത്താവ് വിശ്രുതന്‍ കൂട്ടിച്ചേര്‍ത്തു.
കോട്ടയം മെഡിക്കൽ കോളേജിൽ അപകടമുണ്ടായ കെട്ടിടത്തിന് പഞ്ചായത്തിന്‍റെ ഫിറ്റ്നസ് ഇല്ലായിരുന്നെന്ന് ആർപ്പൂക്കര പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് അരുൺ കെ. ഫിലിപ്പ്. കാലാകാലങ്ങളായി മെഡിക്കൽ കോളേജ് സംബന്ധിച്ച കാര്യങ്ങളിൽ അധികൃതർ പഞ്ചായത്തുമായി സഹകരിക്കുന്നില്ലെന്നാണ് ആക്ഷേപം.
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കെട്ടിടം തകർന്ന് വീണ് ഒരു സ്ത്രീ മരിച്ച സംഭവത്തിൽ ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം തുടങ്ങും. അപകടം നടന്ന സ്ഥലത്ത് തെളിവെടുപ്പ് നടത്തും. അതിവേഗത്തിൽ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് നൽകാനാണ് സർക്കാർ കളക്ടർക്ക് നൽകിയ നിർദേശം. രക്ഷാപ്രവർത്തനത്തിലുണ്ടായ കാലതാമസം അടക്കം കളക്ടറുടെ സംഘം അന്വേഷിക്കും.
കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്ന് വീണ് സത്രീ മരിച്ച സംഭവത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ വിമർശിച്ച് മുൻ ആരോഗ്യവകുപ്പ് ഡയറക്ടർ. മന്ത്രിമാരുടെ സാന്നിധ്യം ഉണ്ടായിട്ടും കോട്ടയത്ത് രക്ഷാദൗത്യം വൈകി എന്ന വാർത്ത കണ്ടപ്പോൾ ഭൂതകാലം ഓർത്തുപോയി എന്നാണ് മുൻ ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. സരിത ശിവരാമൻ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്. പഴയ കാലത്തെ രക്ഷാദൗത്യത്തിൽ ജന പ്രതിനിധികളുടെ പ്രവർത്തനം ഓര്‍മിപ്പിച്ച് കൊണ്ടാണ് ഡോ. സരിത ശിവരാമൻ്റെ ഫേസ്ബുക്ക് കുറിപ്പ്.
ബിന്ദുവിന്റെ മരണത്തിൽ, ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം ശക്തം. ബിന്ദുവിന്റെ മരണത്തിന്റെ ധാർമ്മിക ഉത്തരവാദിത്തമേറ്റെടുത്ത് മന്ത്രി വീണാ ജോർജ് രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, മഹിളാ കോൺഗ്രസ്, യൂത്ത് ലീഗ്, ബിജെപി, യുവമോർച്ച പ്രവർത്തകർ പത്തനംതിട്ടയിലും കോട്ടയത്തും തൃശ്ശൂരിലും കൊല്ലത്തും തിരുവനന്തപുരത്തുമടക്കം പ്രതിഷേധിക്കുകയാണ്. പലയിടത്തും പ്രതിഷേധം സംഘർഷത്തിലേക്ക് എത്തി. പൊലീസ് ലാത്തി വീശി. ചിലയിടങ്ങളിൽ ജലപീരങ്കി പ്രയോഗിച്ചു.
ആരോഗ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യമന്ത്രിയുടെ തിരുവനന്തപുരത്തെ വസതിയിലേക്ക് ബിജെപി പ്രവർത്തകർ മാർച്ച് നടത്തി. തിരുവനന്തപുരത്ത് പ്രതിഷേധക്കാർക്ക് നേരെ പൊലീസ് ലാത്തി വീശി. ജലപീരങ്കി പ്രയോഗിച്ചു. മന്ത്രി വീണാ ജോർജിന്‍റെ തിരുവനന്തപുരത്തെ ഓഫീസിലേക്ക് മഹിളാ കോൺഗ്രസ് പ്രതിഷേധവും സംഘർഷത്തിലേക്ക് എത്തി. ഓഫീസിനുള്ളിലേക്ക് തള്ളിക്കയറാൻ മഹിളാ കോൺഗ്രസ് പ്രവർത്തകർ ശ്രമിച്ചതോടെ സ്ഥലത്ത് സംഘർഷാവസ്ഥയുണ്ടായി.
കൊല്ലത്ത് ജില്ലാ ആശുപത്രിയിൽ യുവമോർച്ചയുടെ നേതൃത്വത്തിലാണ് ഉപരോധം. സൂപ്രണ്ട് ഓഫീസിലേക്ക് യുവമോർച്ച പ്രവർത്തകർ തള്ളിക്കയറി. മുദ്രാവാക്യം വിളിയുമായി പ്രവർത്തകർ സൂപ്രണ്ടിനെ ക്യാബിനുള്ളിൽ പ്രതിഷേധിച്ചു. യുവമോർച്ചാ പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി.തൃശ്ശൂരിൽ യൂത്ത് ലീഗ് ഡിഎംഒ ഓഫീസിലേക്ക് യൂത്ത് ലീഗ് പ്രവർത്തകർ മാർച്ച് നടത്തി. ആരോഗ്യമന്ത്രി രാജി വെക്കണാവശ്യപ്പെട്ടാണ് പ്രതിഷേധം.
ജീവനക്കാർ മദ്യപിച്ച് ജോലിക്ക് എത്താൻ പാടില്ലെന്ന് പത്തനംതിട്ട ജനറൽ ആശുപത്രി സൂപ്രണ്ടിന്റെ സർക്കുലർ. ജോലിക്കല്ലാതെ ജനറൽ ആശുപത്രിയിൽ എത്തുന്നുവെങ്കിൽ അതിനു മുൻപ് സി എം ഒ യുടെ അനുമതി തേടണമെന്നും സർക്കുലറിലുണ്ട്. ആർഎംഒ വളർത്തു നായയുമായി ഓഫീസിൽ എത്തിയതിന്റെ ചിത്രങ്ങൾ പുറത്തായതിന് പിന്നാലെയാണ് സർക്കുലർ. താത്ക്കാലിക ജീവനക്കാരിൽ ചിലർ മദ്യപിച്ച് ജോലിക്ക് എത്തിയതായി പരാതികൾ ലഭിച്ചിരുന്നുവെന്നാണ് ഇത് സംബന്ധിച്ച ചോദ്യത്തോട് സൂപ്രണ്ടിന്റെ വിശദീകരണം.
ആരോഗ്യ മന്ത്രി വീണാ ജോർജ് സ്വീകരിച്ചത് നിരുത്തരവാദപരമായ സമീപനമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ . ആരോഗ്യ രംഗത്തെ മന്ത്രി വെന്റിലേറ്ററിലാക്കി. സംഭവത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് ആരോഗ്യമന്ത്രി വീണാ ജോർജ് രാജിവയ്ക്കണം. സംസ്ഥാനത്ത് സർക്കാരില്ലായ്മ എന്ന അവസ്ഥയാണെന്നും ആവശ്യമുള്ളപ്പോൾ മിണ്ടാതിരിക്കുക എന്ന കൗശലമാണ് സ്ഥലത്തെത്തിയ മുഖ്യമന്ത്രി സ്വീകരിച്ചതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിൽ ബിന്ദുവിന്റെ മരണത്തിന് ഇടയാക്കിയത് രക്ഷാപ്രവർത്തനങ്ങൾ വൈകിയതാണെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ആരോപിച്ചു. മെഡിക്കൽ കോളേജിലെ രോഗികളും ബന്ധുക്കളും ഉപയോഗിച്ചിരുന്ന ഒരു കെട്ടിടമാണ് തകർന്നത്. സ്ഥലത്തെത്തിയ രണ്ട് മന്ത്രിമാരും ആരെങ്കിലും തകർന്ന കെട്ടിടത്തിനുള്ളിൽ അകപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാതെ സംഭവത്തെ ലഘൂകരിക്കാനും വെള്ളപൂശാനുമാണ് ശ്രമിച്ചത് എന്നും കുറ്റപ്പെടുത്തി.ജുഡീഷ്യൽ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സിസ്റ്റവും അത് റൺ ചെയ്യേണ്ട മന്ത്രിയും തോൽവിയാണെന്ന് മുസ്ലിം ലീഗ് നേതാവ് പി. കെ. കുഞ്ഞാലിക്കുട്ടി. അപകടം ഉണ്ടായാൽ ആദ്യം മാധ്യമങ്ങളെ കാണുകയാണോ വേണ്ടത്? രക്ഷാപ്രവർത്തനം പൂർത്തീകരിക്കേണ്ടേ? ഉദ്യോഗസ്ഥർ പറയുന്നത് മാത്രം വിശ്വസിക്കൽ ആണോ മന്ത്രിയുടെ പണി? മന്ത്രിക്ക് ജനങ്ങളോട് ഉത്തരവാദിത്തം ഇല്ലേ. പറ്റില്ലെങ്കിൽ മന്ത്രി രാജി വെച്ച് പോകണമെന്നും കുഞ്ഞാലിക്കുട്ടി തുറന്നടിച്ചു.
കണ്ണൂർ ജില്ലാ ആശുപത്രി കെട്ടിടവും അപകടാവസ്ഥയിൽ. ഓക്സിജൻ സിലിണ്ടറുകൾ സൂക്ഷിക്കുന്നത് ചോർന്നൊലിക്കുന്ന കെട്ടിടത്തിലാണ്. കാലപ്പഴക്കം കാരണം കെട്ടിടം പൊളിക്കാൻ തീരുമാനം എടുത്തിട്ട് ഒരു വർഷം കഴിഞ്ഞു. സ്ത്രീകളുടെയും കുട്ടികളുടെയും വാർഡിന് അരികെയാണ് അപകടവസ്ഥയിലുള്ള കെട്ടിടം.കോഴിക്കോട് മെഡിക്കൽ കോളേജിന്റെ ഡെന്റൽ കോളേജിനോട് ചേർന്നുള്ള ചുറ്റുമതിലും അപകടാവസ്ഥയിലാണ്.
പത്തനംതിട്ടയിൽ മന്ത്രി വീണാ ജോർജിനെതിരെ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടവർക്കെതിരെ നടപടി വന്നേക്കും. പോസ്റ്റുകൾ വിശദമായി പരിശോധിക്കുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി രാജു എബ്രഹാം പ്രതികരിച്ചു. പുറത്താക്കപ്പെട്ട സിഡബ്ലുസി ചെയർമാൻ എൻ രാജീവാണ് പരിഹസിച്ചവരിൽ ഒരാൾ. മന്ത്രി അല്ല എംഎൽഎ പോലും ആകാൻ അർഹതയില്ലെന്നായിരുന്നു ഇലന്തൂർ ലോക്കൽ കമ്മിറ്റി അംഗം പിജെ ജോൺസൻ്റെ പോസ്റ്റ്.
കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി കെട്ടിടം തകര്‍ന്ന് വീണ ബിന്ദു എന്ന സ്ത്രീ മരിച്ച സംഭവത്തിലും ഡോക്ടർ ഹാരിസിന്‍റെ വെളിപ്പെടുത്തലിലും കോടതി ഇടപെടൽ ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതുതാല്‍പര്യ ഹർജി. സംസ്ഥാനത്തെ ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് തുടർച്ചയായി ഉണ്ടാകുന്ന സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കോടതി ഇടപെടണം എന്നാണ് പൊതുതാല്‍പര്യ ഹർജിയിലെ ആവശ്യം.
സ്കൂൾ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ നടത്തുന്ന ‘ഓപ്പറേഷൻ ലാസ്റ്റ് ബെൽ’ ശക്തമാക്കി. കഴിഞ്ഞ ദിവസം സ്കൂൾ പരിസരങ്ങളിൽ നടത്തിയ വാഹന പരിശോധനയിൽ ഇരുന്നൂറോളം വാഹനങ്ങൾ പിടിച്ചെടുക്കുകയും, 36 രക്ഷിതാക്കൾക്കെതിരെ കേസെടുക്കുകയും ചെയ്തു. സ്കൂൾ പരിസരങ്ങളിലെ അക്രമങ്ങൾ, അനധികൃത വാഹന ഉപയോഗം, ലഹരി ഉപയോഗം എന്നിവ തടയുന്നതിനാണ് ഈ പ്രത്യേക പരിശോധന.
പാലക്കാട് തച്ചനാട്ടുകര സ്വദേശിനിക്ക് നിപ തന്നയെന്ന് സ്ഥിരീകരണം. പൂനെ വൈറോളജി ലാബിൽ നിന്നുള്ള 38 കാരിയുടെ പരിശോധന ഫലം പോസിറ്റിവാണെന്ന് സ്ഥിരീകരിച്ചതോടെ മേഖലയിൽ നിയന്ത്രണമേർപ്പെടുത്തി. രോഗിയുടെ സമ്പർക്കപ്പട്ടികയിലെ നൂറിലധികം പേർ ഹൈറിസ്ക് സമ്പർക്ക പട്ടികയിലാണ്.
രണ്ട് നിപ കേസുകളുമായി ബന്ധപ്പെട്ട് കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.മൂന്ന് ജില്ലകളില്‍ ഒരേ സമയം പ്രതിരോധ പ്രവര്‍ത്തനം നടത്താന്‍ നിര്‍ദേശം നല്‍കി. 26 കമ്മിറ്റികള്‍ വീതം മൂന്ന് ജില്ലകളില്‍ രൂപീകരിച്ചു. സമ്പര്‍ക്ക പട്ടിക തയ്യാറാക്കുന്നതിന് പോലീസിന്റെ കൂടി സഹായം തേടും.
പാലക്കാട് 38കാരിയ്ക്ക് നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കി ജില്ലാ ഭരണകൂടം. പ്രദേശത്തെ ആരാധനാലയങ്ങൾ അടച്ചിടാനും പള്ളികളിലെ വെള്ളിയാഴ്ച പ്രാർത്ഥന ഒഴിവാക്കണമെന്നും അധികൃതർ അറിയിച്ചു. പാലക്കാട്ടെ 5 വാർഡുകൾ കണ്ടെയ്ൻമെൻ്റ് സോണാക്കി ജില്ലാ ഭരണകൂടം പ്രഖ്യാപിച്ചു. തച്ഛനാട്ടുകര ഗ്രാമപഞ്ചായത്തിലെ 7,8,9 11 വാർഡുകൾ കണ്ടെയ്ൻമെൻ്റ് സോണായി പ്രഖ്യാപിച്ചു. കരിമ്പുഴ പഞ്ചായത്തിലെ 17, 18 വാർഡുകളും കണ്ടെയ്ൻമെൻ്റ് സോൺ ആണ്. വീട്ടുകാർ, അയൽവാസികൾ, നാട്ടുകാർ എന്നിവരും ഹൈറിസ്ക് പട്ടികയിലാണ് ഉൾപ്പെടുന്നത്.
മൃഗങ്ങളെ ആകർഷിക്കുന്ന പൈനാപ്പിൾ, കശുവണ്ടി, പ്ലാവ്, മാവ്, വാഴ എന്നിവയുടെ കൃഷി വനാതിർത്തികളിൽ ഒഴിവാക്കണമെന്ന് കളക്ടർ എൻ. ദേവിദാസ്. മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണ-നിയന്ത്രണ സമിതിയുടെ ജില്ലാതലയോഗത്തിലാണ് നിർദേശം. ബോധവത്കരണം നടത്താനും പ്രാദേശിക ജാഗ്രതാസമിതികൾ പുനഃസംഘടിപ്പിക്കാനും നിർദേശം നൽകി.
യൂണിയന്‍ ബാങ്ക് മഞ്ഞുമ്മല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥയെ ജോലിക്കിടെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം. ബാങ്ക് അസിസ്റ്റന്റ് മാനേജര്‍ ഇന്ദു കൃഷ്ണയ്ക്ക് (35) നേരേയായിരുന്നു ബാങ്കിലെ മുന്‍ അപ്രൈസര്‍ സെന്തില്‍കുമാറി (44) ന്റെ അക്രമം. ഇറച്ചിവെട്ടുന്ന കത്തികൊണ്ടുള്ള വെട്ടേറ്റ് ഇന്ദുവിന്റെ വലത് കൈപ്പത്തിക്ക് ഗുരുതര പരിക്കേറ്റു.
വാഹനം ഹോണ്‍ അടിച്ചത് ചോദ്യം ചെയ്തതിന് സിവിൽ ഡിഫൻസ് അംഗത്തെ മർദിച്ച ഒരാൾ അറസ്റ്റിൽ. ബേപ്പൂർ നടുവട്ടം സ്വദേശി അനുരാഗ് (29) ആണ് അറസ്റ്റിലായത്. മെയ് 18നാണ് സംഭവം. അഞ്ചംഗ സംഘം പുതിയപാലം സ്വദേശിയായ അനീസിനെ മർദിക്കുകയായിരുന്നു. അന്വേഷണത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. നിലവിൽ മറ്റ് നാല് പേർക്കായി പൊലീസിന്റെ തെരച്ചിൽ തുടരുകയാണ്.
മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന്‍റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിന്റെ സഹായത്തോടെ അച്യുതാനന്ദന്‍റെ ചികിത്സ. രക്തസമ്മർദ്ദവും വൃക്കകളുടെ പ്രവർത്തനവും സാധാരണ നിലയിലാക്കാനാണ് ശ്രമം. വിദഗ്ധ ഡോക്ടർമാരുടെ സംഘം നിർദ്ദേശിച്ചത് അനുസരിച്ച് ഡയാലിസിസ് നൽകുന്നുണ്ട്.
കൊവിഡ് വാക്സിൻ വികസനത്തിന് പിന്നിലെ ശാസ്ത്രത്തെ അംഗീകരിക്കാതെ പഴഞ്ചൻ കുറ്റപ്പെടുത്തലുകളിൽ ഏർപ്പെടരുതെന്ന ബയോകോൺ ലിമിറ്റഡ് എക്സിക്യൂട്ടീവ് ചെയർപേഴ്സൺ കിരൺ മജുംദാർ-ഷായുടെ വിമർശനത്തിന് മറുപടിയുമായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ . “ഉത്തരം തേടുന്നത് പഴഞ്ചൻ കുറ്റപ്പെടുത്തലല്ല. ഓരോ ജീവനും വിലമതിക്കുന്ന ഒരു സർക്കാരിൻ്റെ കടമയാണത്’ എന്ന് സിദ്ധരാമയ്യ തിരിച്ചടിച്ചു
റോഡ് നികുതി അടയ്ക്കാതെ ചീറിപ്പാഞ്ഞ ഫെരാരി പിടിച്ചെടുത്ത് ബെംഗളൂരു സൗത്ത് ആർടിഒ. കാറുടമയെക്കൊണ്ട് 1.41 കോടി രൂപയിലധികം പിഴയായി അടപ്പിച്ചു. മഹാരാഷ്ട്രയിൽ രജിസ്റ്റർ ചെയ്ത ഈ ആഡംബര കാർ കർണാടകയിൽ റോഡ് നികുതി അടയ്ക്കാതെയാണ് ഓടിയിരുന്നത്.
വിവാദങ്ങളെ കൂസാതെ ഒരുമിച്ചാഘോഷിച്ച് ലളിത് മോദിയും വിജയ് മല്യയും.ഒരു ആഡംബര പാർട്ടിയിലാണ് ഇരുവരും ഒരുമിച്ച് പ്രത്യക്ഷപ്പെട്ടത്. ലണ്ടനിലെ ലളിത് മോദിയുടെ വസതിയിൽ നടന്ന വാർഷിക സമ്മർ പാർട്ടിയിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.തന്റെ “വാർഷിക സമ്മർ പാർട്ടി” എന്ന് ലളിത് മോദി വിശേഷിപ്പിച്ച പരിപാടിയിൽ വെച്ച് ഇരുവരും ഫ്രാങ്ക് സിനാത്രയുടെ “മൈ വേ” എന്ന ഗാനം ആലപിക്കുന്ന വീഡിയോ ക്ലിപ്പ് ലളിത് മോദി തന്നെയാണ് പങ്കുവെച്ചത്.
അമേരിക്കയുടെ കുടിയേറ്റ, സാമ്പത്തിക നയങ്ങളിൽ വലിയ മാറ്റം ലക്ഷ്യമിട്ടുള്ള യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ വിവാദ ‘ബിഗ് ബ്യൂട്ടിഫുൾ’ ബില്ലിന് യുഎസ് കോൺഗ്രസിന്‍റെ അംഗീകാരം. ബജറ്റ് ബിൽ ജനപ്രതിനിധി സഭയിൽ പാസായി. റിപ്പബ്ലിക്കൻ പാർട്ടിക്ക് ഭൂരിപക്ഷമുള്ള സഭയിൽ 218-214 വോട്ടിനാണ് ബില്ല് പാസായത്. രണ്ട് റിപ്പബ്ലിക്കൻ അംഗങ്ങൾ ബില്ലിനെതിരെ വോട്ട് ചെയ്തു. നേരത്തെ യുഎസ് സെനറ്റ് ബിൽ അംഗീകരിച്ചിരുന്നു. ബില്ലിൽ യുഎസിന്റെ സ്വാതന്ത്ര്യദിനമായ ഇന്ന് ട്രംപ് ഒപ്പുവയ്ക്കും.
സ്കോട്ട്ലൻഡിന്‍റെ ആകാശത്തുണ്ടായ ഉൽക്കാപതനത്തിന്‍റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. രാത്രി ആകാശത്ത് വെളിച്ചം വിതറി ചീറിപ്പായുന്ന ഉൽക്കയുടെ ദൃശ്യങ്ങളാണ് വൈറലാകുന്നത്. ഗ്ലാസ്‌ഗോയിലെ സ്റ്റിർലിംഗിലെയും ലൂയിസ് ദ്വീപിലെയും ആർഗിൽ ആൻഡ് ബ്യൂട്ടിലെയും ജനങ്ങളാണ് ഓറഞ്ച് വെളിച്ചവും ഒപ്പം വലിയ സ്ഫോടന ശബ്‍ദത്തിനും സാക്ഷ്യം വഹിച്ചതെന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു.
രാജ്യത്തെ ഞെട്ടിച്ച മേഘാലയയിലെ ഹണിമൂണ്‍ കൊലപാതകത്തില്‍ പുതിയ വെളിപ്പെടുത്തല്‍. കേസിലെ മുഖ്യപ്രതിയായ സോനം രഘുവംശിയില്‍നിന്ന് മേഘാലയ പോലീസ് രണ്ട് താലിമാലകള്‍ കണ്ടെടുത്തതായി കൊല്ലപ്പെട്ട രാജ രഘുവംശിയുടെ സഹോദരന്‍ മാധ്യമങ്ങളോട് പറഞ്ഞു. കാമുകനായ രാജ് കുശ്വാഹ അണിയിച്ചതാകാം രണ്ടാമത്തെ താലിമാലയെന്നും കൊലപാതകത്തിന് ശേഷം കമിതാക്കളായ ഇരുവരും വിവാഹംചെയ്തിരിക്കാമെന്നും സഹോദരന്‍ പറഞ്ഞു.
ബിജെപിയുടെ ദേശീയ അധ്യക്ഷസ്ഥാനത്തേക്ക് വനിത എത്തിയേക്കുമെന്ന് സൂചന. ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാടുഡേയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. മുതിര്‍ന്ന നേതാക്കള്‍ വിശദമായ ചര്‍ച്ചയിലാണെന്നും നിര്‍മലാ സീതാരാമന്‍, ഡി. പുരന്ദേശ്വരി, വാനതി ശ്രീനിവാസന്‍ തുടങ്ങിയവര്‍ അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന പേരുകളുടെ മുന്‍നിരയിലുണ്ടെന്നാണ് വിവരം.
അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടത്തെ ഔദ്യോഗികമായി അംഗീകരിച്ച ആദ്യ രാജ്യമായി റഷ്യ. താലിബാന്‍ വിദേശകാര്യ വക്താവ് സിയ അഹമ്മദ് തക്കാല്‍ ആണ് ഇക്കാര്യം അറിയിച്ചത്..റഷ്യയുടേത് ധീരമായ തീരുമാനമെന്ന് താലിബാന്‍ വിദേശകാര്യ മന്ത്രി ആമിര്‍ ഖാന്‍ മുത്തഖി വിശേഷിപ്പിച്ചു.
ആപ്പിള്‍ ഐഫോണ്‍ നിര്‍മാണക്കമ്പനിയായ ഫോക്‌സ്‌കോണ്‍ ടെക്‌നോളജീസ് ഇന്ത്യയിലെ പ്ലാന്റുകളില്‍നിന്ന് ചൈനീസ് പൗരന്മാരെ തിരിച്ചയക്കുന്നു. ഐഫോണ്‍ ഉത്പാദനത്തിന് നേതൃത്വം നല്‍കാനും ഇന്ത്യയില്‍നിന്നുള്ളവര്‍ക്ക് പരിശീലനം നല്‍കാനുമാണ് ഫോക്‌സ്‌കോണിന്റെ ചൈനയിലെ പ്ലാന്റില്‍നിന്നുള്ള എന്‍ജിനിയര്‍മാരെത്തിയത്.
ചൊവ്വയിലെ പൊടിപടലങ്ങൾ ഊര്‍ജ പ്രവാഹങ്ങൾ കൊണ്ട് മിന്നൽപ്പിണരുകൾ സൃഷ്‍ടിക്കുമെന്ന് സൂചന നൽകി ഒരു പുതിയ കമ്പ്യൂട്ടർ മോഡലിംഗ് പഠനം. അത്തരം ചാർജുകള്‍ സൃഷ്ടിക്കപ്പെടുന്നത് ചൊവ്വയുടെ ഉപരിതലത്തിൽ കറങ്ങുന്ന റോവറുകൾക്ക് അപകടകരമാണ് എന്നതിനാൽ ശാസ്ത്രലോകം ആശങ്കയിലാണെന്നാണ് റിപ്പോർട്ടുകൾ.
ടിബറ്റൻ ആത്മീയ ആചാര്യൻ ദലൈലാമയുടെ പിൻഗാമിയെ നിർണ്ണയിക്കുന്ന കാര്യത്തിലുള്ള ചൈനയുടെ വാദം തള്ളി കേന്ദ്ര സർക്കാർ. പിൻഗാമിയെ നിശ്ചയിക്കാൻ ദലൈലാമയ്ക്ക് മാത്രമേ അവകാശമുള്ളു എന്ന് കേന്ദ്ര മന്ത്രി കിരൺ റിജിജു അഭിപ്രായപ്പെട്ടു. ദലൈലാമയുടെ ജന്മദിനാഘോഷത്തിൽ രണ്ട് മന്ത്രിമാർ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. പിൻഗാമിയെ നിശ്ചയിക്കുന്നതിൽ ചൈനയുടെ ഇടപെടൽ തടഞ്ഞ് നേരത്തെ ദലൈലാമയും രംഗത്തെത്തിയിരുന്നു.
തുടർച്ചയായി പെയ്യുന്ന കനത്ത മഴയിൽ ഹിമാചല്‍പ്രദേശിൽ ഇതുവരെ 63 മരണവും 400 കോടിയുടെ നാശനഷ്ടവും ഉണ്ടായെന്ന് സംസ്ഥാന ദുരന്ത നിവാരണ സേന. രക്ഷാപ്രവർത്തനം നടക്കുന്ന സാഹചര്യത്തിൽ മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന. ജൂലൈ ഏഴുവരെ ദേശീയ കാലാവസ്ഥാ വകുപ്പ് സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത് സംബന്ധിച്ചുള്ള ജാഗ്രത നിർദേശങ്ങൾ ജനങ്ങൾക് നൽകുന്നുണ്ടെന്ന് സർക്കാർ അറിയിച്ചു.