മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതി ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിനെക്കുറിച്ച് പഠിച്ച സമിതിയുടെ റിപ്പോർട്ട് ഇന്ന് സമർപ്പിക്കും. സമഗ്രമായ റിപ്പോർട്ടിൽ ഒറ്റ പദ്ധതി മുന്നോട്ട് വച്ചേക്കും. 2029 ൽ തെരഞ്ഞെടുപ്പ് ഒന്നിച്ച് നടത്താൻ ശുപാർശ ചെയ്യുമെന്നും, ഒറ്റ തെരഞ്ഞെടുപ്പ് മുന്നോട്ട് വെയ്ക്കുമ്പോൾ കേരളം ഉൾപ്പടെ ചില നിയമസഭകളുടെ കാലാവധി ഒറ്റതവണത്തേക്ക് വെട്ടിചുരുക്കാൻ നിർദ്ദേശിക്കുമെന്നുമാണ് സൂചന.
കേരള സര്‍വകലാശാല കലോത്സവുമായി ബന്ധപ്പെട്ട് കോഴക്കേസിൽ ജോമെറ്റ് മൈക്കിൾ, സൂരജ് എന്നീ നൃത്ത പരിശീലകർ മുൻകൂര്‍ ജാമ്യത്തിനായി ഹർജി നൽകി. പരാതിക്ക് പിന്നിൽ രാഷ്ട്രീയ സമ്മർദ്ദമാണെന്നും പോലീസ് അറസ്റ്റ് ചെയ്തു പീഡിപ്പിക്കാൻ ശ്രമിക്കുന്നുവെന്നുമാണ് പരാതി.
കേരള സര്‍വകലാശാല കലോത്സവത്തിലെ വിധികര്‍ത്താവായിരുന്ന കണ്ണൂര്‍ സ്വദേശി ഷാജിയുടെ മരണത്തിന്‍റെ ഉത്തരവാദി എസ്എഫ്ഐ ആണെന്ന് എബിവിപി. ഒരു കലോത്സവത്തിന്‍റെ നടത്തിപ്പ് ഏറ്റവും ദുർഗതിയിൽ ആക്കിക്കൊണ്ട് ഒരു കലോത്സവത്തെ കോഴയിൽ മുക്കി കലാപത്തിന്‍റെ ഗതിയിലെത്തിച്ചത് സംഘാടകരാണെന്നും എ ബി വിപി കുററപ്പെടുത്തി. കേസിലെ ഒന്നാം പ്രതിയായ പി.എൻ.ഷാജിയെ ഇന്നലെയാണ് കണ്ണൂരിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
വൈദ്യുതി ഉപയോഗം തുടർച്ചയായ ദിവസങ്ങളിൽ 100 ദശലക്ഷം യൂണിറ്റ് കടന്ന സാഹചര്യത്തിൽ, സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നതതല യോഗം വിളിച്ചു. സംസ്ഥാനത്തെ വൈദ്യുതി സാഹചര്യം രൂക്ഷമാകുന്നുവെന്ന് കാട്ടി വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടി മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു.
മുഖ്യമന്ത്രിക്കും മകള്‍ക്കും എതിരായ മാത്യു കുഴൽനാടന്റെ ഹർജി തള്ളണമെന്ന് വിജിലൻസ്.ഈ ഹര്‍ജി നിലനിൽക്കില്ലെന്നും ആദായ നികുതി സെറ്റിൽമെന്റ് ബോര്‍ഡിന്റെ തീരുമാനം വിജിലൻസിന്റെ പരിധിയിൽ പരിശോധിക്കാനാകില്ലെന്നുമാണ് വിജിലൻസിൻറെ നിലപാട്.മാത്യു കുഴൽനാടന്റെ ഹര്‍ജി ഇന്ന് തിരുവനന്തപുരം വിജിലൻസ് കോടതി പരിഗണിക്കും.
കോൺഗ്രസ് നേതാക്കളിൽ പ്രമുഖനായ തമ്പാനൂര്‍ സതീഷ്, മറ്റൊരു കോൺഗ്രസ് നേതാവ് പദ്‌മിനി തോമസ് എന്നിവർ ബിജെപിയിൽ ചേർന്നു. തിരുവനന്തപുരത്ത് ബിജെപിയുടെ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിലെത്തിയാണ് ഇരുവരും അംഗത്വം സ്വീകരിച്ചത്. തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറും പാർട്ടി സംസ്ഥാന അധ്യക്ഷനും ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുത്തു. ഇന്നലെ തന്നെ ബിജെപി നേതൃത്വം ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ പാര്‍ട്ടി വിട്ട് തങ്ങൾക്കൊപ്പം വരുമെന്ന് വ്യക്തമാക്കിയിരുന്നു.
കെ-റൈസ് സംസ്ഥാന സര്‍ക്കാരിന്റെ അൽപ്പത്തരമാണെന്നും, ഇപി ജയരാജന്റെ കുടുംബത്തിന് രാജീവ് ചന്ദ്രശേഖറുമായി ബിസിനസ് ബന്ധമുണ്ടെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പൗരത്വ നിയമ ഭേദഗതി നിയമം കേരളത്തിൽ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പറയുന്നത് കാപട്യമാണെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി . കേരള സർവകലാശാല കലോത്സവത്തിലെ കോഴക്കേസിൽ കുറ്റാരോപിതനായ വിധികര്‍ത്താവ് പിഎൻ ഷാജിയുടെ മരണത്തിന് കാരണം എസ്എഫ്ഐയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആരോപിച്ചു.
പുൽവാമയിൽ സംഭവിച്ച ഭീകരാക്രമണത്തിന്റെ ഉത്തരവാദി പാക്കിസ്ഥാൻ തന്നെയാണെന്ന് ഡോക്ടർ തോമസ് ഐസക്. ആന്റോ ആന്റണിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പുൽവാമ ആക്രമണത്തിൽ പാകിസ്ഥാന് എന്ത് പങ്കെന്നു ആന്റോ ചോദിച്ചത് കടന്ന കൈയാണ്. പുൽവാമ സംഭവം കേന്ദ്രസര്‍ക്കാര്‍ ലാഘവത്തോടെ കൈകാര്യം ചെയ്തെന്നാണ് ജമ്മു കശ്മീര്‍ മുൻ ഗവര്‍ണര്‍ സത്യപാൽ മാലിക് പറഞ്ഞത്. അതിന് ബിജെപി മറുപടി പറയണം എന്നും തോമസ് ഐസക് പറഞ്ഞു.
കോഴക്കേസില്‍ ആരോപണവിധേയനായ വിധികര്‍ത്താവ് പിഎൻ ഷാജി ആത്മഹത്യ ചെയ്തതിന് പിന്നാലെ, ആരോപിതരായ വിധികാർത്താക്കൾക്ക് എതിരായ എഫ്ഐആര്‍ പുറത്ത് വന്നു. വിധികർത്താവ് പരിശീലകരുടെ സ്വാധീനത്തിന് വഴങ്ങി ഫലം അട്ടിമറിക്കാൻ ശ്രമിച്ചു എന്നാണ് എഫ്ഐആര്‍.
ശമ്പളം മുടങ്ങിയതിൽ തലകുത്തി നിന്ന് പ്രതിഷേധിച്ച് കെഎസ് ആർടിസി ജീവനക്കാരൻ. ആയോധനകലയില്‍ പ്രാവീണ്യമുള്ള മൂന്നാർ ഡിപ്പോയിലെ ഡ്രൈവർ കെഎസ് ജയകുമാറാണ് വ്യത്യസ്തമായ പ്രതിഷേധം നടത്തിയത്. സഹപ്രവര്‍ത്തകരും ജയകുമാറിന് പിന്തുണയോടെ അര മണിക്കൂറോളം തലകുത്തി നിന്ന് ജയകുമാര്‍ പ്രതിഷേധം തുടര്‍ന്നു.
പൗരത്വ ഭേദഗതി നിയമം ഒരു കാരണവശാലും പിൻവലിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യത്ത് ഇന്ത്യൻ പൗരത്വം ഉറപ്പാക്കുക എന്ന പരമാധികാര അവകാശത്തിൽ വിട്ടുവീഴ്ച ചെയ്യില്ല. സിഎഎ മുസ്ലീങ്ങൾക്ക് എതിരല്ലെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
ലീഗിന്റെ വോട്ട് ഇത്തവണ കൃത്യമായി കൈപ്പത്തി ചിഹ്നിത്തിൽ വീഴില്ലെന്ന് എ.കെ ബാലൻ. ലീഗിന്റെ 70 ശതമാനം അണികളും കോൺഗ്രസിന്റെ ഒപ്പം നിൽക്കാൻ മാനസികമായി വിയോജിപ്പുള്ളവരാണെന്നും ഒരു രൂപത്തിലും കോൺഗ്രസിനെ വിശ്വസിക്കാൻ പറ്റില്ല എന്ന് അവർ ആത്മാർഥമായി വിശ്വസിക്കുന്നു. അതുകൊണ്ട് അധികകാലം അവർക്ക് അതിൽ നിൽക്കാൻ പറ്റില്ലെന്നും എ.കെ ബാലൻ വ്യക്തമാക്കി.
സംസ്ഥാനത്ത് ഒൻപത് ജില്ലകളിൽ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.സാധാരണ രേഖപ്പെടുത്തുന്നതിനേക്കാൾ രണ്ടു മുതൽ നാലു ഡിഗ്രി സെൽഷ്യസ് വരെ താപനില വർധനവ് ഉണ്ടായേക്കാം. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകുമെന്നതിനാൽ പൊതുജനങ്ങൾ മുന്നറിയിപ്പുകൾ പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി.
കേരള സര്‍വ്വകലാശാല കലോത്സവത്തിനിടയിലെ സംഘര്‍ഷം സംഘാടകരുടെ ഭാഗത്തുനിന്നുണ്ടായ പ്രശ്‌നമല്ല, നുഴഞ്ഞു കയറിയവരാണ് പ്രശ്നമുണ്ടാക്കിയതെന്ന് മന്ത്രി ആര്‍ ബിന്ദു. സംസ്ഥാനത്തെ ക്യാമ്പസുകളില്‍ സംഘര്‍ഷമുണ്ടാക്കാന്‍ ചിലര്‍ ബോധപൂര്‍വ്വം ശ്രമം നടത്തുന്നുണ്ട്. ഉന്നത വിദ്യാഭ്യാസ രംഗത്തെ നേട്ടങ്ങളുടെ നിറംകെടുത്താനുള്ള ചിലരുടെ ഗൂഢാലോചനയുടെ ഭാഗമാണ് അത്തരം നീക്കങ്ങളെന്നും മന്ത്രി ബിന്ദു പറഞ്ഞു.
എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ ഒരു റിക്രൂട്ടിങ് ഏജന്റായി പ്രവര്‍ത്തിക്കുകയാണെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറിയും എ.ഐ.സി.സി അംഗവുമായ ദീപ്തി മേരി വര്‍ഗീസ്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സമയത്ത് അവർ തന്നെ സമീപിച്ചിരുന്നു, സിപിഎമ്മിലേക്ക് മാത്രമല്ല ബിജെപിയിലേക്കും അവർ ആളുകളെ നോക്കിയിരുന്നു എന്ന് ദീപ്തി മേരി വർഗീസ് പറഞ്ഞു.
അശ്ലീല ഉള്ളടക്കം പ്രക്ഷേപണം ചെയ്തതിനാൽ യെസ്മ അടക്കം 18 ഒടിടി പ്ലാറ്റ്ഫോമുകളുടെ പ്രക്ഷേപണം തടഞ്ഞ് കേന്ദ്രം. ഐടി നിയമം, ഇന്ത്യൻ ശിക്ഷാ നിയമം, സ്ത്രീകളുടെ അസഭ്യമായ പ്രാതിനിധ്യ (നിരോധനം) നിയമം എന്നിവ അടിസ്ഥാനമാക്കി നടപടി സ്വീകരിച്ചു. ഈ ഒടിടി പ്ലാറ്റ്ഫോമുകളുടെ 19 വെബ്‌സൈറ്റുകളും 10 ആപ്പുകളും 57 സോഷ്യൽ മീഡിയ ഹാൻഡിലുകളും തടഞ്ഞിട്ടുണ്ട്.
മാലിന്യവണ്ടിയിൽ നിന്ന് ഭക്ഷണാവശിഷ്ടങ്ങൾ റോഡിൽ വീണ് വാഹനാപകടം.ബ്രഹ്മപുരത്തേക്ക് പോകുന്ന മാലിന്യ വണ്ടിയിൽ നിന്നുള്ള അവശിഷ്ടങ്ങളാണ് റോഡിൽ വീണത്. കാക്കനാട് സിഗ്നലില്‍ ആണ് സംഭവം. നഗരസഭ അധികൃതര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധിച്ചു. ഇത്തരത്തിലുള്ള അപകടം ഇവിടെ പതിവാണെന്ന് ഫയർഫോഴ്സും വ്യക്തമാക്കി.
മയക്കുമരുന്ന് കേസിലെ പ്രതി എക്സൈസ് ഓഫീസിനുള്ളിൽ തൂങ്ങിമരിച്ച സംഭവത്തിൽ അന്വേഷണം തുടങ്ങിയതായി പാലക്കാട് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ. സ്റ്റേഷനകത്തെ സിസിടിവി ക്യാമറയിൽ ഷോജോ തൂങ്ങിമരിക്കുന്നതിന്റെ ദൃശ്യങ്ങളുണ്ട്. ഇന്നലെ വൈകീട്ടാണ് വീട്ടിൽ നിന്ന് ഷോജോയെ എക്സൈസ് സംഘം കസ്റ്റഡിയിൽ എടുത്തത്. രാവിലെ 7 മണിക്കാണ് ഇയാൾ സ്റ്റേഷനകത്തെ ലോക്കപ്പ് മുറിയിൽ തൂങ്ങി മരിച്ചത്. സംഭവത്തിൽ ദുരൂഹതയുണ്ടോ എന്ന് അന്വേഷണം നടത്തിവരിക്കുകയാണ്.
തമിഴ്‌നാട്ടിൽ ഡിഎംകെ നേതാവ് കെ പൊന്മുടിയെ വീണ്ടും മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ഗവര്‍ണര്‍ ആര്‍എൻ രവിക്ക് കത്തയച്ചു. എന്നാൽ രാവിലെ ദില്ലിക്ക് പോകുമെന്ന് ഗവര്‍ണര്‍ ആര്‍എൻ രവി വാര്‍ത്താക്കുറിപ്പ് ഇറക്കി. അനധികൃത സ്വത്ത് സമ്പാദന കേസിൽ അറസ്റ്റിലായിരുന്ന മുൻ മന്ത്രി പൊന്മുടിയുടെ സത്യപ്രതിജ്ഞ നാളെ നടത്തണമെന്നായിരുന്നു സ്റ്റാലിന്റെ ആവശ്യം.