പ്രധാനമന്ത്രി നരേന്ദ്രമോദി വ്യോമസേന ഉദ്യോഗസ്ഥരെ കാണ്ടു. ജലന്ധറിനടുത്തുള്ള ആദംപുർ വിമാനത്താവളത്തിൽ എത്തിയാണ് വ്യോമസൈനികരെ കണ്ടത്. സൈനികരുമായി പ്രധാനമന്ത്രി സംസാരിക്കുകയും സമയം ചിലവഴിക്കുകയും ചെയ്തു. സന്ദര്‍ശനം അപ്രതീക്ഷിതമായിരുന്നു. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം പ്രധാനമന്ത്രി സൈനികര്‍ക്ക് നന്ദി അറിയിച്ചിരുന്നു. ഇപ്പോള്‍ പ്രധാനമന്ത്രി രാജ്യത്തിന്‍റെ നന്ദി സൈനികരെ നേരിട്ട് അറിയിച്ചു.

ഓപ്പറേഷൻ സിന്ദൂരിനെചൊല്ലി ഇന്ത്യ സഖ്യത്തിൽ ഭിന്നത.പാർലമെന്‍റ്  സമ്മേളനം  വിളിക്കണമെന്ന കോൺഗ്രസ് ആവശ്യം തള്ളി ശരദ് പവാർ രംഗത്തെത്തി.രഹസ്യാത്മകത സൂക്ഷിക്കേണ്ട വിഷയമാണിത്.പാർലമെന്‍റ്  സമ്മേളനം വിളിച്ചല്ല സൈനിക നീക്കം ചർച്ച ചെയ്യേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അമേരിക്കയുടെ ഇടപെടല്‍ വ്യക്തമാക്കണം, പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ സര്‍വകക്ഷിയോഗം, പ്രത്യേക പാര്‍ലമെന്‍റ് സമ്മേളനം തുടങ്ങിയ ആവശ്യങ്ങള്‍ കോണ്‍ഗ്രസടക്കം പ്രതിപക്ഷ കക്ഷികള്‍ ശക്തമാക്കുമ്പോഴാണ് ശരദ് പവാറിന്‍റെ പ്രതികരണം.

 

പാക് സൈന്യത്തിന്റെ നേതൃതലത്തിലുള്ള വിള്ളൽ വ്യക്തമാക്കുന്നതാണ് ഇന്ത്യ പാക് വെടിനിർത്തൽ ധാരണയിലെത്തിയതിന് ശേഷമുള്ള അതിർത്തിയിലെ പ്രകോപനമെന്ന് യുദ്ധ തന്ത്രജ്ഞരുടെ നിരീക്ഷണം. വെടിനിർത്തലിനായുള്ള വ്യക്തമായ നിർദ്ദേശം ലഭിച്ച ശേഷവും രാത്രിയിൽ പ്രകോപനം തുടരുന്നതിൽ നിന്ന് പാകിസ്ഥാൻ പൂർണമായി പിൻമാറിയിട്ടില്ല. പാക് സൈന്യത്തിലെ ഉന്നത തലത്തിലുള്ള ആശയക്കുഴപ്പം വ്യക്തമാക്കുന്നതാണ് ഇത്തരം സംഭവങ്ങളെന്നാണ് സെന്റർ ഫോർ ലാൻഡ് വാർഫേസ് സ്റ്റഡീസിലെ അസോസിയേറ്റ് ഫെലോ ആയ അഷു മാൻ നിരീക്ഷിക്കുന്നത്.

 

ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. മൂന്ന് ലഷ്കറെ ഭീകരരെ വധിച്ചതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇവരിൽ പ്രദേശവാസിയായ ഷാഹിദ് എന്ന ലഷ്‌കറെ ഭീകരനെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.

കെ.പി.സി.സി, ഡി.സി.സി ഭാരവാഹികളുടെ പുന:സംഘടനയിൽ വിവിധ സ്ഥാനങ്ങളിൽ വർഷങ്ങളായി മാറി മാറി തുടരുന്ന സ്ഥിരം മുഖങ്ങളെ ഒഴിവാക്കണമെന്ന് ചെറിയാന്‍ ഫിലിപ്പ് ആവശ്യപ്പെട്ടു.ഗ്രൂപ്പു നേതാക്കളുടെ പിന്തുണയില്ലാത്തതിനാൽ കാലാകാലങ്ങളിൽ അവഗണിക്കപ്പെട്ട കോൺഗ്രസിനു വേണ്ടി ജീവിതം ഹോമിച്ച പാരമ്പര്യവും അർഹതയും യോഗ്യതയുമുള്ളവരെയാണ് ആദ്യം പരിഗണിക്കേണ്ടത്.

ചെന്നൈ പാലക്കാട് എക്സ്പ്രസിൽ മിഡിൽ ബർത്ത് വീണ് യുവതിക്ക് ഗുരുതര പരിക്ക്. ചെന്നൈയിൽ നിന്ന് പാലക്കാട്ടേക്ക് തിരിച്ച 22651 ട്രെയിനിലെ സ്ലീപ്പർ കോച്ചിലെ മിഡിൽ ബെർത്താണ് വീണത്. തിങ്കളാഴ്ച ജോളാർപേട്ട് പിന്നിടുമ്പോഴാണ് അപകടമുണ്ടായത്. പരിക്കേറ്റ യുവതിക്ക് പ്രാഥമിക ചികിത്സ പോലും ട്രെയിനിൽ ലഭ്യമായില്ലെന്നാണ് യുവതിയുടെ ഭർത്താവ് ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചത്.

ഓപ്പറേഷൻ സിന്ദൂറിൽ 11 സൈനികർ കൊല്ലപ്പെട്ടതായും 78 പേർക്ക് പരിക്കേറ്റതായും വ്യക്തമാക്കി പാകിസ്ഥാൻ. പഹൽഗാം ഭീകരാക്രമണത്തിന് ഇന്ത്യയുടെ മറുപടിയായുള്ള ഓപ്പറേഷൻ സിന്ദൂറിൽ കഴിഞ്ഞ ആഴ്ച നേരിട്ട നാശനഷ്ടമാണ് ഒടുവിൽ പാകിസ്ഥാൻ സമ്മതിക്കുന്നത്. പാക് സൈന്യത്തിലെ ആറ് സൈനികരും പാക് വ്യോമസേനയിലെ 5 സൈനികരുമാണ് കൊല്ലപ്പെട്ടതെന്നാണ് പാകിസ്ഥാൻ വ്യക്തമാക്കിയിട്ടുള്ളത്. പഹൽഗാം ഭീകരാക്രമണത്തിന് ശക്തമായ തിരിച്ചടിച്ച ഇന്ത്യൻ സേനയുടെ ആക്രമണത്തിലുണ്ടായ നാശനഷ്ടത്തേക്കുറിച്ച് പാകിസ്ഥാൻ നടത്തുന്ന ആദ്യത്തെ സ്ഥിരീകരണമാണ് ഇത്.

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയിലെ വെബ്സൈറ്റുകള്‍ ലക്ഷ്യമിട്ട് പാക് ഹാക്കിങ് ഗ്രൂപ്പുകള്‍ നടത്തിയത് 15 ലക്ഷത്തിലധികം സൈബര്‍ ആക്രമണങ്ങള്‍. എന്നാല്‍ ഇതില്‍ 150 എണ്ണം മാത്രമാണ് വിജയിച്ചതെന്ന് പിടിഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു.

സിബിഎസ്ഇ) പന്ത്രണ്ടാം ക്ലാസ് ബോർ‌ഡ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ചൊവ്വാഴ്ച രാവിലെയാണ് ഫലം പ്രസിദ്ധീകരിച്ചത്. cbse.gov.in, results.cbse.nic.in, cbseresults.nic.in എന്നീ ഔദ്യോ​ഗിക വെബ്സൈറ്റുകളിൽ ഫലം ലഭ്യമാണ്.

 

അവസാന സെമസ്റ്റർ ബിരുദ പരീക്ഷ പൂർത്തിയായി, തൊട്ടടുത്ത പ്രവൃത്തി ദിവസം മഹാത്മാഗാന്ധി സർവകലാശാല ഫലം പ്രസിദ്ധീകരിച്ചു. ഏപ്രിൽ, മേയ് മാസങ്ങളിൽ നടന്ന ആറാം സെമസ്റ്റർ റെഗുലർ ബിഎ, ബിഎസ്‌സി, ബികോം, ബിബിഎ, ബിസിഎ, ബിഎസ്ഡബ്ല്യു, ബിടിടിഎം, ബിഎസ്എം തുടങ്ങിയ പരീക്ഷകളുടെ ഫലമാണ് തിങ്കളാഴ്ച പ്രസിദ്ധീകരിച്ചത്.

സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സർക്കാർ വകുപ്പുകളിലെ വിവിധ തസ്തികകളിലുള്ള ഒഴിവുകൾ എന്തു കൊണ്ട് നികത്തുന്നില്ലെന്ന് ബിനോയ് വിശ്വം ചോദിച്ചു. സർക്കാർ വകുപ്പുകളിൽ നിരവധി ഒഴിവുകളാണുള്ളത്. എന്നാൽ ഇത് സമയത്ത് നികത്തുന്നില്ല. ഐഎഎസ്, ഐപിഎസ് പോലുള്ള വലിയ തലകൾക്കാണ് സർക്കാർ പ്രാധാന്യം നൽകുന്നതെന്നും ബിനോയ് വിശ്വം ആരോപിച്ചു.

കെപിസിസി പുനസംഘടനയില്‍ നേതാക്കൾക്ക് പരിഭവം.ഹൈക്കമാൻഡ് വിളിച്ച ചർച്ചയ്ക്ക് മുൻ അധ്യക്ഷന്മാർ ദില്ലിക്ക് പോയില്ല.കെ സുധാകരൻ അതൃപ്തിയിലാണ്.മുല്ലപ്പള്ളി, വിഎം സുധീരൻ കെ മുരളീധരൻ, എന്നിവരും ദില്ലി ചര്‍ച്ചക്ക് പോയില്ല.കേരളത്തിലെ പുതിയ ഭാരവാഹികളെയും മുൻ അധ്യക്ഷന്മാരെയുമാണ് ഹൈക്കമാന്‍റ് വിളിപ്പിച്ചത്.അസൗകര്യം കേരളത്തിന്‍റെ ചുമതലയുള്ള ജനറൽ സെക്രട്ടറിയെ വിളിച്ചറിയിച്ചെന്നാണ് നേതാക്കളുടെ നിലപാട്

 

സമസ്തയുടെ പ്രവർത്തനങ്ങൾക്ക് രാഷ്ട്രീയപാർട്ടികളുടേയും രാഷ്ട്രീയക്കാരുടേയും സഹായം ആവശ്യമാണെന്ന് സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ. ഭരണത്തിൽ ഇരിക്കുന്നവരുടേയും ഭരണമില്ലാത്തവരുടേയും സഹായം സമസ്തക്ക് ആവശ്യമാണ്. സമസ്ത ഭിന്നിപ്പിന് വേണ്ടി പ്രവർത്തിക്കുന്ന സംഘടനയല്ല. അനൈക്യം ഉണ്ടാവാൻ പാടില്ല. വിട്ടു വീഴ്ചയ്ക്ക് എല്ലാവരും തയ്യാറാവണമെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ ആവശ്യപ്പെട്ടു. മലപ്പുറം  കോട്ടക്കലിൽ നടന്നഎസ് കെ എസ് എസ് എഫ് പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ജിഫ്രി തങ്ങൾ.

 

സംസ്ഥാനത്ത് വേനൽ ചൂട് ഏറി വരുന്ന സാഹചര്യത്തിൽ വെയിലത്ത് തൊഴിലെടുക്കുന്നവർക്കായി നിശ്ചയിച്ചിരുന്ന ജോലി സമയത്തിലെ സമയ പുനഃക്രമീകരണം മെയ് 30 വരെ നീട്ടിയെന്ന് തൊഴിൽ വകുപ്പ് അറിയിച്ചു. നേരെത്തെ മെയ് 10 വരെയായിരുന്നു ജോലി സമയം ക്രമീകരിച്ചുകൊണ്ട് ഉത്തരവ് പുറത്തിറക്കിയിരുന്നത്. ഇതാണ് 30 വരെ നീട്ടിയത്. വേനലിന്റെ തീവ്രതയേറി വരുന്ന സഹചര്യത്തിലാണ് പുതിയ കാലപരിധി നിശ്ചയിച്ചതെന്ന് അറിയിപ്പിൽ പറയുന്നു.

 

കണ്ണൂർ പാനൂരില്‍ സ്റ്റീൽ ബോംബ് കണ്ടെത്തി. രണ്ട് സ്റ്റീല്‍ ബോംബുകളാണ് പാനൂരിലെ ചെണ്ടയാടെന്ന പ്രദേശത്ത് കണ്ടെത്തിയത്. പ്രദേശത്ത് കാട് വെട്ടിത്തെളിക്കാന്‍ എത്തിയവരാണ് സ്റ്റീല്‍ ബോംബ് കാണുന്നത്. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ഈ പ്രദേശത്ത് ബോംബ് നിര്‍മ്മാണത്തിനിടെ ഒരാള്‍ മരിക്കുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഭവത്തെ തുടര്‍ന്ന് ബോംബ് സ്ക്വാഡ് പ്രദേശത്ത് വ്യാപക പരിശോധനയും നടത്തിയതാണ്.

പാലക്കാട് യാക്കരപ്പുഴയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. 40 വയസാണ് പ്രായം. മൃതശരീരത്തിന് അ‍ഞ്ച് ദിവസത്തെ പഴക്കം ഉണ്ടെന്നാണ് പൊലീസ് പറയുന്നത്. പുഴയില്‍ മൃതശരീരം കണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് പാലക്കാട് സൗത്ത് പൊലീസ് സ്ഥലത്തെത്തിയത്. ചുരിദാറായിരുന്നു യുവതി ധരിച്ചിരുന്നത്. എന്നാൽ മൃതശരീരത്തില്‍ അടിവസ്ത്രമോ, പാന്‍റോ ഉണ്ടായിരുന്നില്ല. മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് പൊലീസിന്‍റെ പ്രാധമിക നിഗമനം.

 

കോൺഗ്രസ് അധ്യക്ഷനായിരുന്ന ചേറ്റൂർ ശങ്കരൻ നായരെ ഏറ്റെടുക്കാൻ ശ്രമിച്ചതിന് പിന്നാലെ സ്വാതന്ത്ര്യസമര സേനാനിയും കോൺഗ്രസ് നേതാവുമായിരുന്ന വി ആർ കൃഷ്ണൻ എഴുത്തച്ഛനെയും ബിജെപി ലക്ഷ്യമിടുന്നു. കൃഷ്ണൻ എഴുത്തച്ഛന്‍റെ  ഇരുപത്തിയൊന്നാം ചരമവാർഷിക ദിനമായ ഇന്ന് അനുസ്മരണ സദസ്സ് സംഘടിപ്പിക്കുകയാണ് ബിജെപി .

 

കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയയ്ക്ക് പിന്നാലെ യുവതി ഗുരുതരാവസ്ഥയിലായ സംഭവത്തിൽ മെഡിക്കൽ ബോർഡിനെതിരെ യുവതിയുടെ കുടുംബം. അന്വേഷണം അട്ടിമറിച്ചാണ് മെഡിക്കൽ ബോർഡ് റിപ്പോർട്ട് നൽകിയതെന്ന് കുടുംബം ആരോപിച്ചു. നീതി കിട്ടുമെന്ന  പ്രതീക്ഷകളില്ലാതെയായി. ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച ആശുപത്രി ഉടമകൾക്കെതിരെ നടപടി എടുത്തില്ല. കേസിൽ പ്രതിചേർക്കപ്പെട്ട ആശുപത്രി ഉടമകൾ മുൻകൂർ ജാമ്യത്തിന് ശ്രമിക്കുകയാണ്. അന്വേഷണം ശരിയായ ദിശയിൽ അല്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും യുവതിയുടെ കുടുംബം കേരളത്തിൽ പറഞ്ഞു.

 

സെക്സ് റാക്കറ്റിന്‍റെ കെണിയില്‍ കുടുങ്ങിയ പെണ്‍കുട്ടി പൊലീസ് സ്റ്റേഷനില്‍ അഭയം തേടിയ സംഭവത്തിലെ പ്രതി പിടിയില്‍. പെണ്‍കുട്ടിയെ കേരളത്തില്‍ എത്തിച്ച ആളാണ് പിടിയിലായത്. അസാം സ്വദേശിയാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് കേരളത്തില്‍ എത്തിച്ചത്. ഒറീസയില്‍ നിന്നാണ് ഇയാള്‍ പിടിയിലായിട്ടുള്ളത്.

 

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരീച്ചു. 93.66 ആണ് ഇത്തവണത്തെ വിജയശതമാനം.24.12 ലക്ഷം വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയിട്ടുണ്ട്.

 

നന്തന്‍കോട്ട് കുടുംബാംഗങ്ങളായ നാലുപേരെ കൂട്ടക്കൊലചെയ്ത കേസില്‍ ശിക്ഷാവിധി സംബന്ധിച്ച വാദം അവസാനിച്ചു . പ്രതി കേഡല്‍ ജിന്‍സണ്‍ രാജ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയതിന് പിന്നാലെ ഇന്ന് ഉച്ചയ്ക്ക് ശിക്ഷ വിധിക്കും. കുടുംബത്തിലെ എല്ലാവരേയും കൊലപ്പെടുത്തിയിട്ടും പ്രതിക്ക് മാനസാന്തരമില്ലെന്ന് പറഞ്ഞ പ്രോസിക്യൂഷൻ പ്രതിക്ക് വധശിക്ഷ തന്നെ നല്‍കണമെന്നാണ് ആവശ്യപ്പെട്ടത്. അതേസമയം, വിധിയ പറയുന്നതില്‍ പ്രതിയുടെ പ്രായംകൂടി കണക്കിലെടുക്കണം എന്നാണ് പ്രതിഭാഗം.ആവശ്യപ്പെട്ടത്.

 

സംസ്ഥാനത്ത് നെൽകര്‍ഷകരെ സഹായിക്കാൻ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പിആർഎസ് വായ്പാ സംവിധാനം നിലച്ചിട്ട് രണ്ട് മാസം. രണ്ടാം വിളയുടെ സംഭരണത്തിൽ 766.5 കോടിയാണ് കുടിശിക. വായ്പ ലഭ്യമാക്കാൻ സര്‍ക്കാരുണ്ടാക്കിയ ധാരണയുടെ കാലാവധി അവസാനിച്ചെന്ന കാരണം പറഞ്ഞ് ബാങ്കുകൾ പിൻമാറിയതോടെയാണ് പ്രതിസന്ധി.

കൊല്ലം ചടയമംഗലം ഇട്ടിവയിൽ 20 ലിറ്റർ ചാരായവുമായി രണ്ട് പേർ പിടിയിൽ. മണലുവെട്ടം സ്വദേശി പ്രസന്നൻ, തിരുവനന്തപുരം തൊളിക്കോട് സ്വദേശി ഷാജഹാൻ എന്നിവരാണ് അറസ്റ്റിലായത്. ചടയമംഗലം എക്സൈസ് റേഞ്ച് സംഘം നടത്തിയ റെയ്ഡിലാണ് വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന ചാരായം പിടിച്ചെടുത്തത്.

മലപ്പുറം വാഴക്കാട് ബസ്സിടിച്ച് കാൽനടയാത്രക്കാരന് ദാരുണാന്ത്യം. വാഴക്കാട് സ്വദേശി ചീരക്കുന്നത് ആലിയാണ് (54) മരിച്ചത്. ഇന്ന് രാവിലെ ഏഴുമണിയോടെയാണ് അപകടം നടന്നത്. പരിക്കേറ്റ ആലിയെ നാട്ടുകാർ ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

 

പൊള്ളാച്ചി ലൈംഗികാതിക്രമ കേസില്‍ ഒമ്പത് പ്രതികളും കുറ്റക്കാർ എന്ന് കൊയമ്പത്തൂർ കോടതി കണ്ടെത്തി. ഇന്ന് ശിക്ഷാവിധി പറയും. 2016 നും 2019 നും ഇടയിൽ ഇരുന്നൂറോളം യുവതികളെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത് നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ച കേസിലാണ് കോയമ്പത്തൂരിലെ മഹിളാ കോടതി വിധി പറയുന്നത്.

 

ഇന്ത്യ – പാകിസ്ഥാൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ വ്യോമയാന മേഖലയിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം ഏതാണ്ട് അവസാനിച്ചെങ്കിലും വിമാന സർവീസുകൾ പൂർണമായി പഴയനിലയിലേക്ക് വന്നിട്ടില്ല. ഇന്നും ചില നഗരങ്ങളിലേക്കുള്ള സർവീസുകൾ റദ്ദാക്കി ഇന്റിഗോയും എയർ ഇന്ത്യയും. രണ്ട് വിമാനക്കമ്പനികളും സർവീസ് റദ്ദാക്കുന്നത് സംബന്ധിച്ച പുതിയ അറിയിപ്പുകൾ രാവിലെ പുറത്തിറക്കി.

 

പഞ്ചാബിൽ വ്യാജ മദ്യദുരന്തത്തിൽ 14 പേർ മരിച്ചു. ആറ് പേർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. അമൃത്സറിലെ മജിട്ട മണ്ഡലത്തിൽ ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. 5 ഗ്രാമങ്ങളിലുള്ളവരാണ് വ്യാജമദ്യം കഴിച്ചത്. മദ്യം വിതരണം ചെയ്തവരെ അറസ്റ്റ് ചെയ്തതായി അമൃതസർ ഡെപ്യൂട്ടി കമ്മീഷണർ അറിയിച്ചു.

 

കടലിൽ വിഷമുള്ള പ്ലവകങ്ങൾ നിറഞ്ഞതിന് പിന്നാലെ ചത്തൊടുങ്ങിയത് 200ലേറെ കടൽ ജീവികൾ. ഓസ്ട്രേലിയയിലെ തെക്കൻ തീരമാണ് സ്രാവുകളും നീരാളികളും അടക്കമുള്ള ജീവികൾക്ക് മരണക്കെണിയായി മാറിയിരിക്കുന്നത്. മാർച്ച് മാസം മുതലാണ് മേഖലയിൽ അസാധാരണമായ നിലയിൽ ആൽഗകളുടെ സാന്നിധ്യം കണ്ട് തുടങ്ങിയത്. വിഷമുള്ള ഈ ആൽഗകൾ നിറഞ്ഞതോടെ കടലിന് അടിത്തട്ടിലുള്ള ജീവികളാണ് ചത്തവയിൽ ഏറെും. ഇതിൽ  തന്നെ 26 ശതമാനം മത്സ്യങ്ങൾ സ്രാവുകളാണെന്നാണ് പുറത്തുവരുന്ന കണക്കുകൾ.

ഗാസ ക്ഷാമത്തിന്റെ വക്കിലെന്ന് ലോകാരോഗ്യ സംഘടന. ഉപരോധം കാരണം ഭക്ഷണം, മരുന്ന് തുടങ്ങിയ അവശ്യവസ്തുക്കൾ എന്നിവയുൾപ്പെടെയുള്ള സഹായങ്ങൾ ഗാസയിലേയ്ക്ക് എത്തുന്നില്ല. 21 ലക്ഷത്തോളം വരുന്ന മുഴുവൻ ജനസംഖ്യയും പട്ടിണി നേരിടുകയാണെന്നും ഏകദേശം 5 ലക്ഷത്തോളം പേർ ഇതിനകം തന്നെ വിനാശകരമായ അവസ്ഥയിലാണെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. കണക്കുകൾ പ്രകാരം ഈ പ്രതിസന്ധി ലോകത്തിലെ ഏറ്റവും മോശമായ പട്ടിണി പ്രതിസന്ധിയായി മാറിയിരിക്കുകയാണെന്നും ലോകാരോഗ്യ സംഘടന അഭിപ്രായപ്പെട്ടു.

 

50 ലക്ഷം വില വരുന്ന 1,469 റോമൻ വെള്ളി നാണയങ്ങളുടെ ശേഖരം തന്നെ കണ്ടെത്തി യുവാവ്. റൊമാനിയയിൽ നിന്നുള്ള മാരിയസ് മൻജിയാക്കാണ് ശനിയാഴ്ച ദിവസം ഈ നാണയശേഖരം കണ്ടെത്തിയത്. മെറ്റൽ ഡിറ്റക്ടിങ് വലിയ താല്പര്യമുള്ള മാരിയസ് അന്ന് ലെറ്റ്കാ വെച്ചേയിലുള്ള ഒരു ​ഗ്രാമത്തിലെ വയലിൽ മെറ്റൽ ഡിക്ടറ്ററുമായി പരിശോധന നടത്തവയേ ആണ് ഈ നാണയശേഖരം കണ്ടെത്തിയത് എന്നും റിപ്പോർട്ടുകൾ പറയുന്നു.

ഡോണൾഡ് ട്രംപിന്‍റെ  പ്രസ്താവന ഉയർത്തിയ സംശയങ്ങൾക്ക് പ്രധാനമന്ത്രി മറുപടി പറയണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.പ്രധാനമന്ത്രിയുടെ പ്രസംഗത്തിൽ ഇക്കാര്യങ്ങളിൽ മൗനം പാലിച്ചെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു.നിഷ്പക്ഷ സ്ഥലത്ത് വച്ച് ചർച്ചയ്ക്ക് ഇന്ത്യ തയ്യാറായോ എന്ന് സർക്കാർ വ്യക്തമാക്കണം.പ്രധാനമന്ത്രി രാഷ്ട്രീയ പാർട്ടികളെ വിളിച്ച് സ്ഥിതി ചർച്ച ചെയ്യണം..യുഎസ് കാറുകൾ അടക്കമുള്ള ഉത്പന്നങ്ങൾ കുറഞ്ഞ തീരുവയ്ക്ക് ഇറക്കുമതി ചെയ്യാൻ സമ്മതിച്ചോ എന്നും അദ്ദേഹം ചോദിച്ചു.

 

മലേഷ്യൻ എയർലൈൻസ് വിമാനം 2014-ൽ യുക്രൈനിൽ തകർന്നുവീണ് 298 പേർ കൊല്ലപ്പെട്ട സംഭവത്തിന് പിന്നിൽ റഷ്യയാണെന്ന് ഐക്യരാഷ്ട്രസഭയുടെ വ്യോമയാന ഏജൻസി. ഓസ്‌ട്രേലിയയും നെതർലൻഡ്‌സും ഉന്നയിച്ച വാദങ്ങൾ വസ്തുതാപരമാണെന്നും മോൺട്രിയൽ ആസ്ഥാനമായുള്ള ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ (ICAO) വ്യക്തമാക്കി.

 

 

 

 

Sharing is caring!

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *