കരിവന്നൂർ ബാങ്കിൽ സിപിഎം ജില്ലാക്കമ്മിറ്റിയ്ക്ക് അക്കൗണ്ടില്ലെന്ന് ഇഡിയ്ക്ക് ബോധ്യപ്പെട്ടുവെന്ന് കരിവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ച കെ രാധാകൃഷ്ണൻ എംപി പറഞ്ഞു. ആവർത്തിച്ച് ചോദിച്ചപ്പോൾ ഉദ്യോഗസ്ഥരോട് പരിശോധിക്കാൻ പറഞ്ഞുവെന്നും കെ രാധാകൃഷ്ണൻ പറഞ്ഞു. തൃശൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വീണ വിജയനെതിരായ മാസപ്പടി കേസ് ആവിയാകില്ലെന്ന് കെപിസിസി പ്രസിഡണ്ട് കെ.സുധാകരൻ. കേസ് തേച്ച് മായ്ച്ച് കളയാൻ കഴിയില്ല. ആരോപണത്തില്‍ വസ്തുതയുണ്ടെന്ന് തെളിഞ്ഞു. മുഖ്യമന്ത്രി എല്ലാ ഒത്താശയും ചെയ്തു കൊടുത്തുവെന്ന് തെളിയാൻ പോകുന്നുവെന്നും സുധാകരൻ പറഞ്ഞു.മുഖ്യമന്ത്രിയുടെ മകൾ വീണയ്ക്കെതിരെ ഇഡി കേസെടുക്കും എന്ന് റിപ്പോര്‍ട്ടിനോട് പ്രതികരിക്കുകയായിരുന്നു കെ.സുധാകരൻ.

 

മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണക്കെതിരായ തെളിവുകൾ വിലയിരുത്തി എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. കള്ളപണ നിരോധന നിയമപ്രകാരം നടപടിയെടുക്കാമെന്നാണ് വിലയിരുത്തൽ. അതേസമയം, എസ്എഫ്ഐഒ കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിൽ വീണയ്ക്കെതിരെ കള്ളപ്പണ നിരോധന നിയമപ്രകാരമുള്ള കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കാൻ ഇഡി ഡയറക്ടറുടെ അനുമതി ലഭിച്ചു.

 

മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണയ്ക്കെതിരെ ഇഡി കേസെടുക്കുമെന്ന് റിപ്പോർട്ട്. എസ്എഫ്ഐഒയോട് ഇഡി രേഖകൾ ആവശ്യപ്പെട്ടെന്നാണ് വിവരം. കള്ളപ്പണം തടയുന്നതിനുള്ള നിയമത്തിന്റെ പരിധിയിൽ വരുമെന്നാണ് ഇഡിയുടെ നിരീക്ഷണം. ഇഡി കേസ് രജിസ്റ്റർ ചെയ്യും. രേഖകൾ കിട്ടിയതിന് ശേഷമായിരിക്കും നടപടികളിലേക്ക് നീങ്ങുക. ഇഡി ഉദ്യോഗസ്ഥരെ ക്വാട്ട് ചെയ്ത് കൊണ്ട് ദില്ലിയിൽ നിന്ന് പ്രധാനപ്പെട്ട ദേശീയ ദിനപത്രമാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.

 

എഐസിസി സമ്മേളനം ചരിത്ര നിമിഷമെന്ന് പ്രവര്‍ത്തക സമിതി അംഗം ശശി തരൂര്‍. ഓരോ കോണ്‍ഗ്രസുകാരനും ഇത് അഭിമാന നിമിഷമാണ്. കോൺഗ്രസ് ഉയിർത്തെഴുന്നേൽക്കുന്നുവെന്ന സന്ദേശം ഈ സമ്മേളനം നൽകുന്നു.സാധാരണ പ്രവർത്തകരാണ് ഈ പാർട്ടിയുടെ ശക്തി.നിങ്ങളില്ലെങ്കിൽ ഈ പാർട്ടിയില്ലെന്നും ശശ തരൂര്‍ കൂട്ടിച്ചേര്‍ത്തു

 

 

വെള്ളാപ്പള്ളിയുടെ മലപ്പുറം പരാമർശത്തിൽ പ്രതികരണവുമായി കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ. സമുദായ നേതാക്കൾ സമുദായത്തിനു വേണ്ടിയാണ് പറയുന്നതെന്ന് ജോർജ് കുര്യൻ പറഞ്ഞു. വെള്ളാപ്പള്ളി പറഞ്ഞത് അവരുടെ സമുദായത്തിന് വേണ്ടിയാണ്. അങ്ങനെ പറയാൻ പാടില്ല എന്ന് പറയാൻ കഴിയില്ല. ഗുരുദേവന്റെ ആശയം വെള്ളാപ്പള്ളിയോട് നിങ്ങൾ പറഞ്ഞാൽ മതിയെന്നും മലപ്പുറം നല്ല രാജ്യം എന്ന് പറഞ്ഞത് ആ ജില്ലയുടെ കരുത്താണെന്നും ജോർജ് കുര്യൻ പറഞ്ഞു.

 

സസ്‌പെൻഷനിൽ തുടരുന്ന എൻ പ്രശാന്ത് ഐഎഎസിന്റെ പരാതികൾ നേരിട്ട് കേൾക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം. ചീഫ് സെക്രട്ടറി നേരിട്ട് ഹിയറിങ് നടത്തും. വകുപ്പുതല നടപടികളിൽ പരസ്പരം ആരോപണം ഉന്നയിച്ച് നീണ്ടുപോകുന്ന സാഹചര്യത്തിലാണ് നേരിട്ട് ഹിയറിംഗ് നടത്തുന്നത്. അടുത്ത ആഴ്ച നേരിട്ട് ഹാജരാകാൻ എൻ പ്രശാന്ത് ഐഎഎസിന് നോട്ടീസ് നല്‍കി. കഴിഞ്ഞ നവംബറിലാണ് പ്രശാന്ത് സസ്പെൻഷനിലായത്.

 

കൊല്ലം പത്തനാപുരത്ത് മദ്യപിച്ച് ജോലി ചെയ്തതിന് സസ്പെൻഷനിലായ പൊലീസുകാർക്കെതിരെ നേരത്തെയും നടപടി. അച്ചടക്ക ലംഘനത്തിന് ഗ്രേഡ് എസ് ഐ സുമേഷ് ലാലിനെതിരെ റൂറൽ എസ് പി മുമ്പും നടപടിയെടുത്തിരുന്നു. സിപിഒ മഹേഷും സ്വഭാവ ദൂഷ്യത്തിൻ്റെ പേരിൽ സ്ഥലം മാറ്റപ്പെട്ടയാളാണ്. ഡ്യൂട്ടിക്കിടെ മദ്യപിച്ച ഇരുവരെയും നാട്ടുകാർ തടഞ്ഞുവെച്ച ദൃശ്യം പ്രചരിച്ചതിന് പിന്നാലെയാണ് പൊലീസുകാരെ സസ്പെൻഡ് ചെയ്തത്.

 

മുനമ്പം വഖഫ് കേസിൽ മലക്കം മറിഞ്ഞ് ഭൂമി വഖഫ് ചെയ്ത സിദ്ദിഖ് സേഠിന്‍റെ മകളുടെ കുടുംബം. ഭൂമി വഖഫല്ലെന്ന് സിദ്ദിഖ് സേഠിന്‍റെ മകള്‍ സുബൈദയുടെ മക്കളുടെ അഭിഭാഷന്‍ വഖഫ് ട്രൈബ്യൂണലില്‍ വാദിച്ചു. മുനമ്പത്തെ ഭൂമി വഖഫാണെന്നും തിരിച്ചെടുക്കണമെന്നും വഖഫ് ബോ‍ർഡിൽ ഹർ‍ജി നൽകിയ വ്യക്തിയുടെ മക്കളാണ് നിലപാട് മാറ്റിയത്.

മലപ്പുറത്തെ വഖഫ് ബില്ലിനെതിരായ സോളിഡാരിറ്റി- എസ്ഐഒ കരിപ്പൂർ വിമാനത്താവളം ഉപരോധം തട‌യാൻ നടപടിയുമായി പൊലീസ്. പ്രവർത്തകരുമായി വരുന്ന വാഹനങ്ങൾ പിടിച്ചെടുക്കുമെന്ന് പൊലീസ് അറിയിച്ചു. വാഹന ഉടമകൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കൊണ്ടോട്ടി ഡിവൈ.എസ്പി മുന്നറിയിപ്പ് നൽകി. വിലക്ക് അറിയിച്ച് കൊണ്ടോട്ടി ഡിവൈ.എസ്പി ടൂറിസ്റ്റ് ബസ് ഉടമകൾക്ക് നോട്ടീസയച്ചു.

 

പാതിവില തട്ടിപ്പ് കേസിൽ അറസ്റ്റിലായ സായിഗ്രാം ട്രസ്റ്റ് ചെയർമാൻ ആനന്ദകുമാറിന്‍റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി. ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ആനന്ദകുമാറിന്‍റെ ജാമ്യാപേക്ഷ തള്ളിയത്. പാതിവില തട്ടിപ്പ് കേസിൽ രണ്ടാം പ്രതിയാണ് ആനന്ദകുമാര്‍. തട്ടിപ്പിൽ ആനന്ദ കുമാറിന് നിർണായ പങ്കുണ്ടെന്നാണ് ഒന്നാം പ്രതി അനന്തു കൃഷ്ണന്റെ മൊഴി.

 

ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ ഒരാൾ കൂടി കസ്റ്റഡിയിൽ. അറസ്റ്റിലായ തസ്ലീമ സുൽത്താനയുടെ ഭർത്താവ് സുൽത്താനാണ് പിടിയിലായത്. ചെന്നൈയിലെ എന്നൂർ എന്ന സ്ഥലത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. ഇയാൾക്ക് ലഹരിക്കടത്തുമായി ബന്ധമുണ്ടെന്ന് എക്സൈസ് കണ്ടെത്തി.കേസില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകും എന്നാണ് വിവരം.

ഈങ്ങാപ്പുഴ ഷിബില കൊലക്കേസുമായി ബന്ധപ്പെട്ട് താമരശ്ശേരി പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ നൗഷാദിന്റെ സസ്‌പെൻഷൻ പിൻവലിച്ചു. കണ്ണൂർ റേഞ്ച് ഡി ഐ ജി യുടേതാണ് നടപടി. കൊല്ലപ്പെടുന്നതിനു മുമ്പ് ഷിബിലയുടെ പരാതിയിൽ നടപടി സ്വീകരിക്കുന്നതിൽ വീഴ്ച വരുത്തിയത്തിനായിരുന്നു നടപടി. സംഭവത്തിൽ നൗഷാദിന്റെ ബലിയാടാക്കുകയായിരുന്നുവെന്ന് നേരത്തെ തന്നെ ആരോപണം ഉയർന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് സസ്പെൻഷൻ പിൻവലിച്ചത്.

 

തേനെടുക്കാൻ പോയി കാണാതായ യുവാവിന്‍റെ മൃതദേഹം വെള്ളംനിറഞ്ഞ കുഴിയിൽ കണ്ടെത്തി. അട്ടപ്പാടിയില്‍നിന്ന് തേനെടുക്കാനെത്തിയ സംഘത്തിലെ കരുവാര ഉന്നതിയിലെ മണികണ്ഠന്റെ (24) മൃതദേഹമാണ് കണ്ടെത്തിയത്. കരിമ്പ പഞ്ചായത്തിലെ ആറ്റില വെള്ളച്ചാട്ടത്തിനുതാഴെ തരിപ്പപ്പതി മുണ്ടനാട് കരിമല മാവിന്‍ചോടിനുസമീപമാണ് മൃതദേഹം കണ്ടെത്തിയത്.

 

 

മലപ്പുറത്തെ വീട്ടിലെ പ്രസവത്തെ തുടർന്ന് യുവതി മരിച്ച സംഭവത്തിൽ പ്രതികരണവുമായി സിറാജുദ്ദീന്റെ സുഹൃത്ത് നൗഷാദ് അഹ്സാനി. വീട്ടിൽ പ്രസവിക്കാൻ ഭാര്യയെ നിർബന്ധിക്കരുതെന്ന് പലതവണ സിറാജുദ്ദീനോട് പറഞ്ഞിരുന്നുവെന്ന് സുഹൃത്ത് പറഞ്ഞു. വീട്ടു പ്രസവങ്ങളെ ന്യായീകരിക്കുന്ന പ്രഭാഷണങ്ങളുടെ സ്ഥിരം കേൾവിക്കാരൻ ആയിരുന്നു സിറാജുദ്ദീൻ എന്നും നൗഷാദ് അഹ്സാനി പറ‍ഞ്ഞു.

 

വീട്ടിലെ പ്രസവം പ്രോത്സാഹിപ്പിക്കുന്നതിനെതിരെ മുജാഹിദ് വനിതാ വിഭാഗം രംഗത്ത്. പ്രസവം വീട്ടില്‍ നടത്തണമെന്നത് അന്ധവിശ്വാസമെന്ന് എം ജി എം സംസ്ഥാന വൈസ് പ്രസി‍ഡന്‍റ് വി സി മറിയക്കുട്ടി സുല്ലമിയ്യ പ്രതികരിച്ചു. പ്രസവത്തിനായി ആരോഗ്യ കേന്ദ്രങ്ങളെയാണ് സമീപിക്കേണ്ടത്. വാക്സിന്‍ എടുക്കരുതെന്ന് പ്രചരിപ്പിക്കുന്നതും തെറ്റാണെന്ന് മറിയക്കുട്ടി സുല്ലമിയ്യ പറഞ്ഞു.

 

മലപ്പുറത്ത് വീട്ടിൽ നടന്ന പ്രസവത്തിൽ യുവതി മരിക്കാൻ ഇടയായ സാഹചര്യം സംബന്ധിച്ച് സംഘടന ശക്തമായ ആശങ്കയും പ്രതിഷേധവും രേഖപ്പെടുത്തി ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎ. ആധുനിക വൈദ്യശാസ്ത്രം ഇത്രയേറെ പുരോഗമിച്ച ഈ കാലഘട്ടത്തിലും യാതൊരു ശാസ്ത്രീയ അടിത്തറയും ഇല്ലാത്ത  ചികിത്സാരീതികൾക്ക് ആളുകൾ വിധേയരാകാൻ തയ്യാറാകുന്നു എന്നത് വളരെ ഗൗരവത്തോടുകൂടി കാണേണ്ട വിഷയമാണ്. ഇത്തരം കുറ്റകരമായ നിലപാടുകൾക്കെതിരെ ശക്തമായ നിയമനിർമാണം ഉണ്ടാവണമെന്ന് സംഘടന ആവശ്യപ്പെട്ടു.

 

ഭീഷണിപ്പെടുത്തി സ്വർണം തട്ടിയെടുത്തെന്ന പരാതിയിൽ മുൻ എംഎൽഎ മാത്യു സ്റ്റീഫനടക്കം മൂന്ന് പേർക്കെതിരെ തൊടുപുഴ പോലീസ് കേസെടുത്തു. തൊടുപുഴയിലെ ജ്വല്ലറി ഉടമയുടെ പരാതിയിലാണ് നടപടി. കടമായി സ്വർണം വാങ്ങിയ ശേഷം പണം നൽകാതെ വഞ്ചിച്ചെന്നും, പണം ചോദിച്ചപ്പോൾ ഭീഷണിപ്പെടുത്തിയെന്നുമാണ് ജ്വല്ലറി ഉടമയുടെ പരാതി.

 

ഒറ്റപ്പാലത്ത് അമ്മയെയും കുഞ്ഞുങ്ങളെയും കാണാനില്ലെന്ന് പരാതി. ഒറ്റപ്പാലം തോട്ടക്കര സ്വദേശി ഷഫീറിൻ്റെ ഭാര്യ ബാസില, ദമ്പതികളുടെ ഏഴും രണ്ടും വയസുള്ള മക്കളായ ഗാസി, ഗാനി എന്നിവരെയാണ് കാണാതായത്. ഷഫീറിൻ്റെ പരാതിയിൽ ഒറ്റപ്പാലം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്നലെ വൈകിട്ട് നാലരയോടെ വീട്ടിൽ നിന്ന് മക്കളെയും കൂട്ടിയിറങ്ങിയ ബാസില പട്ടാമ്പിയിലേക്ക് പോകുന്നുവെന്നാണ് പറഞ്ഞിരുന്നത്. രാത്രി വൈകിയും കാണാതായതോടെയാണ് ഷഫീർ പരാതി നൽകിയത്.

 

തിരുവനന്തപുരത്ത് പതിനൊന്നുകാരിയെ അമ്മയുടെ സുഹൃത്ത് പീഡിപ്പിച്ചെന്ന് മൊഴി. പീഡനം അമ്മയുടെ ഒത്താശയോടെയെന്നും കുട്ടി മൊഴി നല്‍കി. രക്ഷിതാക്കളുടെ വിവാഹമോചന കൗൺസിലിങ്ങിനിടെയാണ് കുട്ടി മൊഴി നൽകിയത്. സംഭവത്തില്‍ കോടതി നിർദേശപ്രകാരം വഞ്ചിയൂർ പൊലീസ് കേസെടുത്തു.

കേന്ദ്ര വിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീ അംഗീകരിക്കുന്നതിൽ മന്ത്രിസഭാ യോഗം തീരുമാനമെടുത്തില്ല. പദ്ധതിയിൽ ചേരാതെ ഫണ്ട് നൽകില്ലെന്ന കേന്ദ്ര നിലപാടിനെ തുടർന്ന് കേരളവും വഴങ്ങുമെന്നാണ് കരുതിയതെങ്കിലും വിശദമായ ചർച്ച വേണമെന്ന നിലപാടിൽ മന്ത്രിസഭാ യോഗം തീരുമാനം മാറ്റിവച്ചു. മൂന്ന് വർഷമായുള്ള എതിർപ്പ് തുടരാൻ സിപിഐയുടെ വിമുഖതയാണ് കാരണമായത് എന്നാണ് സൂചന.

 

അഴിമതിക്കേസിൽ അറസ്റ്റിലായ ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ സുധീഷ് കുമാറിന് സസ്പെൻഷൻ. വനം മേധാവിയാണ് സസ്പെൻഡ് ചെയ്തത്. പാലോട് റെയ്ഞ്ച് ഓഫീസറായിരുന്നു സുധീഷ് കുമാർ. ഇരുതല മൂരിയെ കടത്തിയ കേസിലെ പ്രതികളിൽ നിന്നും 1.45ലക്ഷം കൈക്കൂലി വാങ്ങിയതിനാൽ സുധീഷ് കുമാറിനെ സസ്പെൻ്റ് ചെയ്തിരുന്നു.

 

ലോകത്തെ ഏറ്റവും വലിയ ചരക്കുകപ്പൽ ഇന്ന് വിഴിഞ്ഞത്തെത്തും. എംഎസ്‍സിയുടെ തുർക്കി എന്ന കപ്പലാണ് ഉച്ചയോടെ തീരമണയുന്നത്. എട്ടുമാസം കൊണ്ട് അഞ്ചേകാൽ ലക്ഷം കണ്ടെയ്നറുകളാണ് വിഴിഞ്ഞം തുറമുഖത്ത് കൈകാര്യം ചെയ്തത്. ഈ മാസം അവസാനത്തോടെ തുറമുഖം കമ്മീഷൻ ചെയ്തേക്കും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നുവെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇടുക്കിയും വയനാടും ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പാലക്കാട്, കൊല്ലം, തൃശ്ശൂർ ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്നാണ് മുന്നറിയിപ്പ്. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ 36 ഡിഗ്രി വരെ താപനില ഉയരാമെന്നാണ് മുന്നറിയിപ്പ്.

ഗുരുവായൂർ  ക്ഷേത്രത്തിൽ വിഷുക്കണി ദർശനം ഏപ്രിൽ 14ന് പുലർച്ചെ 2.45 മുതൽ 3.45 വരെയായിരിക്കുമെന്ന് ദേവസ്വം അറിയിച്ചു. ക്ഷേത്ര ശ്രീകോവിലിൽ ഗുരുവായൂരപ്പന്‍റെ വിഗ്രഹത്തിന് വലതുഭാഗത്താണ് വിഷുക്കണി ഒരുക്കുക.

പാതിവില തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍. ആനന്ദകുമാറിന് ജാമ്യമില്ല. ക്രൈംബ്രാഞ്ചിന്റെ വാദം അംഗീകരിച്ച കോടതി കെ.എന്‍. ആനന്ദകുമാറിന്റെ ജാമ്യഹര്‍ജി തള്ളുകയായിരുന്നു. ജാമ്യത്തിനെതിരേ ശക്തമായ എതിര്‍പ്പാണ് ക്രൈംബ്രാഞ്ച് കോടതിയില്‍ ഉന്നയിച്ചത്.

അഭിഭാഷകരായി പ്രാക്ടീസ് ചെയ്തിരുന്ന സമയം സര്‍വീസ് കാലയളവായി കണക്കാക്കണമെന്ന കേരളത്തിലെ നിയമ വകുപ്പിലെ ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ ആവശ്യത്തില്‍ സുപ്രീംകോടതി നോട്ടീസ് അയച്ചു. ജസ്റ്റിസുമാരായ മനോജ് മിശ്ര, രാജേഷ് ബിന്ദാല്‍ എന്നിവരടങ്ങിയ ബെഞ്ചാണ് സംസ്ഥാന സര്‍ക്കാര്‍ ഉള്‍പ്പടെയുള്ള എതിര്‍കക്ഷികള്‍ക്നോട്ടീസ് അയച്ചത്.

 

ഒഡീഷയിൽ മലയാളി വൈദികന് മർദ്ദനമേറ്റ സംഭവത്തിൽ വൈദികൻ പൊലീസിൽ പരാതി നൽകി. ലോക്കൽ പൊലീസിലാണ് പരാതി നൽകിയത്. പരാതിയുടെ പകർപ്പ് എസ്പിക്കും ജില്ലാ കളക്ടർക്കും നൽകിയിട്ടുണ്ട്. പള്ളിയിൽ എത്തി അതിക്രമം കാണിച്ച പൊലീസുകാർക്കെതിരെയാണ് പരാതി നൽകിയത്. മാർച്ച് 22നാണ് പൊലീസ് പള്ളിയിൽ കയറി ഫാദർ ജോഷി ജോർജിനെയും സഹവികാരിയെയും പൊലീസ് മർദ്ദിച്ചത്.

വികസിത രാജ്യങ്ങൾ പോലും തെരഞ്ഞെടുപ്പിന് ബാലറ്റ് പേപ്പറാണ് ഉപയോഗിക്കുന്നതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ. ഇവിടെ മാത്രം ഇവിഎം ഉപയോഗിക്കുന്നു. അട്ടിമറിയുണ്ടെന്ന് തെളിയിക്കാനാണ് വെല്ലുവിളിക്കുന്നത്. അത് തിരിച്ചറിയാൻ കഴിയാത്ത സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് മെഷീനുകൾ നിർമ്മിക്കുന്നത്പിന്നെ എങ്ങനെ തെളിയിക്കാനാകുമെന്നും അദ്ദേഹം ചോദിച്ചു. രാഹുൽ ഗാന്ധിയുടെ ഊർജ്ജം പാർട്ടിക്ക് ശക്തിയാകുമെന്നും മല്ലികാര്‍ജുന്‍ ഖര്‍ഗെ കൂട്ടിച്ചേര്‍ത്തു.

തുണി കഴുകാനുള്ള സോപ്പ് പൊടി മുതൽ എല്ലുകൾ ദുർബലമാക്കുന്ന മരുന്നുകൾ അടക്കം ഉപയോഗിച്ച് ഐസ്ക്രീം നിർമ്മാണം. ബെംഗളൂരുവിൽ 97 ഐസ്ക്രീം കടകൾക്ക് നോട്ടീസുമായി ഭക്ഷ്യ സുരക്ഷാ വകുപ്പ്. ബെംഗളൂരുവിൽ പ്രവർത്തിക്കുന്ന 220 ഐസ് ക്രീം കടകളിൽ 97 എണ്ണത്തിനാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് നോട്ടീസ് നൽകിയിരിക്കുന്നത്. നിലവാരം കുറഞ്ഞ ഐസ്ക്രീം, ഐസ് കാൻഡി, കൂൾ ഡ്രിങ്കുകൾ എന്നിവ വിൽപ്പന നടത്തിയതിനാണ് നോട്ടീസ്.

 

ബിജെപിക്ക് വേണ്ടി പണിയെടുക്കുന്നവർ ഗുജറാത്ത് കോൺഗ്രസിലുണ്ടെന്ന് ജിഗ്നേഷ് മേവാനി. രാഹുൽ ഗാന്ധിയുടെ ആരോപണം ശരിയാണ്. പാർട്ടി തിരിച്ചുവരും. പുനസംഘടന പാർട്ടിയുടെ ശക്തി കൂട്ടും. നേട്ടങ്ങളും, തിരിച്ചടികളും കൂട്ടായ ഉത്തരവാദിത്തമായി കാണണമെന്നും മേവാനി പറഞ്ഞു.

 

മുംബൈ ഭീകരാക്രമണ കേസിലെ സൂത്രധാരൻ തഹാവൂർ റാണയെ ഇന്ന് ഇന്ത്യയിൽ എത്തിക്കും. റാണയെ കൊണ്ടുവരാനായി അയച്ച പ്രത്യേക വിമാനം അമേരിക്കയിൽ നിന്ന് പുറപ്പെട്ടു.  തിഹാർ ജയിയിൽ റാണയെ പാർപ്പിക്കാൻ സൗകര്യം ഒരുക്കാൻ കേന്ദ്രം നിർദേശം നൽകി. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിൻറെ നേരിട്ടുള്ള നിരീക്ഷണത്തിലാണ് നീക്കം.

അമേരിക്കയുടെ തീരുവ ചൂഷണത്തിനെതിരേ ഒരുമിച്ചുനില്‍ക്കണമെന്ന് ഇന്ത്യയോട് അഭ്യര്‍ഥിച്ച് ചൈന. ഇന്ത്യയിലെ ചൈനീസ് എംബസിയിലെ വക്താവ് യു ജിങ്ങിന്റെ സാമൂഹികമാധ്യമമായ എക്‌സിലെ കുറിപ്പിലാണ് ഇത്തരമൊരു പരാമര്‍ശമുള്ളത്.

 

 

 

Sharing is caring!

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *