Untitled design 20250128 140330 0000

ഇന്ന് ചേർന്ന മന്ത്രിസഭായോഗം പുതിയ മദ്യനയം അംഗീകരിച്ചില്ല. കള്ളു ഷാപ്പുകളുടെ ദൂരപരിധിയിലും ടൂറിസം ഡെസ്റ്റിനേഷൻ ഡ്രൈ ഡേയ്ക്ക് മദ്യം നൽകുന്നതിലും കൂടുതൽ വ്യക്തത വേണമെന്ന് മന്ത്രിസഭാ യോഗത്തിൽ അഭിപ്രായം ഉയർന്നു. കൂടുതൽ വിശദമായ ചർച്ചക്കായി മദ്യനയം മാറ്റി.

ടൂറിസം കേന്ദ്രങ്ങളിലും വിവാഹ പാർട്ടികൾക്കും ഒന്നാം തീയതി ഡ്രൈ ഡേ ദിവസം ഇളവ് അനുവദിക്കുന്നതാണ് പ്രധാനമായും പുതിയ മദ്യ നയം. ബാർ കോഴ ആരോപണത്തെ തുടർന്നാണ് പുതിയ മദ്യനയം നേരത്തെ മാറ്റി വച്ചിരുന്നത്.

 

 

 

 

എലപ്പുള്ളിയിലെ മദ്യനിര്‍മാണ കമ്പനി അനുമതി സംബന്ധിച്ച വിവാദത്തില്‍ പരസ്യ സംവാദത്തിനുള്ള മന്ത്രി എംബിരാജേഷിന്‍റെ വെല്ലുവിളി ഏറ്റെടുത്ത് രമേശ് ചെന്നിത്തല. മന്ത്രി തന്നെ സംവാദത്തിന് വെല്ലുവിളിച്ചു എന്ന് കേട്ടുവെന്നും പാലക്കാട്‌ എംപി വി.കെ.ശ്രീകണ്ഠൻ തനിക്കുവേണ്ടി സംവാദത്തിൽ പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. ബ്രൂവെറി വിഷയത്തിലെ ഏകപക്ഷീയ തീരുമാനം അഴിമതിയാണ്. സ്വന്തം ഘടക കക്ഷികളെ പോലും വിശ്വാസത്തിൽ എടുക്കാതെയാണ് സിപിഎമ്മിന്‍റെ ധാർഷ്ട്യമെന്നും അദ്ദേഹം പറഞ്ഞു.

 

 

 

ആശാവർക്കർമാർ അനാവശ്യമായി സമരം നടത്തുന്നു എന്ന ആരോഗ്യമന്ത്രിയുടെ പ്രസ്താവന വേദനിപ്പിച്ചുവെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ. ആവശ്യവും അനാവശ്യവും എന്താണെന്ന് മന്ത്രി മനസ്സിലാക്കണമെന്നും ആശാവർക്കർമാരെ കുറിച്ച് അഭിമാനത്തോടെ ലോകത്തിനു മുന്നിൽ പറയേണ്ട ആളാണ് ആരോഗ്യമന്ത്രിയെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ മുഖ്യമന്ത്രിയോട് തനിക്ക് പറയാനുള്ളത് ഇത് സ്റ്റാലിന്റെ റഷ്യയല്ല നമ്മുടെ കേരളമാണ്, സമരം ചെയ്യുന്നത് അവകാശമാണെന്നും സെക്രട്ടറിയേറ്റിന് മുന്നിൽ നടക്കുന്ന ആശാവർക്കർമാരുടെ സമരത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

 

 

 

 

ഇന്നലെ ദില്ലിയിൽ നടന്ന ശശി തരൂർ രാഹുൽ ഗാന്ധി കൂടിക്കാഴ്ചയിൽ പൂർണ്ണ സമവായമായില്ല. കോൺഗ്രസ് പാർട്ടി നയത്തോട് ചേർന്നു നിൽക്കണമെന്ന് ശശി തരൂരിനോട് രാഹുൽ ഗാന്ധി അഭ്യർത്ഥിച്ചെന്നും വ്യത്യസ്ത നിലപാട് സ്വീകരിക്കുന്നത് പ്രതിസന്ധിയുണ്ടാക്കുമെന്നുമായിരുന്നു രാഹുലിന്റെ ഉപദേശം. എന്നാൽ താൻ പാർട്ടി നയത്തെ എതിർത്തിട്ടില്ലെന്ന് തരൂർ മറുപടി നൽകി. ചില വിഷയങ്ങളിൽ എന്നും വ്യക്തിപരമായ വിലയിരുത്തൽ നടത്തിയിട്ടുണ്ടെന്നും പാർട്ടിയിൽ കുറെക്കാലമായി തന്നോട് അവഗണനയുണ്ടെന്നും കൂടിയാലോചന കുറയുന്നെന്നും തരൂർ പരാതിപ്പെട്ടതായാണ് വിവരം.

 

 

 

മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട കേസിൽ മേൽനോട്ട സമിതി ഇരുഭാഗത്തും സ്വീകാര്യമാകുന്ന പരിഹാരം കണ്ടെത്തണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു. പുതിയതായി രൂപീകരിച്ച മേൽനോട്ട സമിതി തമിഴ്നാട് ഉന്നയിക്കുന്ന വിഷയങ്ങൾ പരിഗണിക്കണം. തുടര്‍ന്ന് കേരളത്തിനും തമിഴ്നാടിനും സ്വീകാര്യമാകുന്ന പരിഹാരം കണ്ടെത്തണം. തർക്കമുണ്ടെങ്കിൽ മേൽനോട്ട സമിതി കോടതിക്ക് റിപ്പോർട്ട് നൽകണമെന്നും നിര്‍ദേശിച്ചു.

 

 

 

 

വയനാട്‌ ഉരുൾപൊട്ടലിൽ പൂർണമായും തകർന്ന ചൂരൽമല പാലം പുനർനിർമിക്കാനായി 35 കോടി രുപയുടെ പദ്ധതി നിർദേശം അംഗീകരിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ. ചൂരൽമല ടൗണിൽനിന്നു മുണ്ടക്കൈ റോഡിലേക്ക് എത്തുന്ന രീതിയിലാണ് പാലം പണിയുക. ഇനിയൊരു അപകടമുണ്ടായാൽ അതിജീവിക്കാൻ ശേഷിയുള്ള വിധത്തിലായിരിക്കും പാലത്തിന്‍റെ നിർമ്മിതി. കഴിഞ്ഞ ദുരന്തകാലത്ത്‌ പൂഴയിലുണ്ടായ പരമാവധി ഉയർന്ന വെള്ളത്തിന്‍റെ അളവ് തിട്ടപ്പെടുത്തി അതിനെക്കാൾ ഉയരത്തിലായിരിക്കും പാലം പണിയുക.

 

 

 

 

നിമിഷ പ്രിയയുടെ മോചനത്തിൽ ഇടപെട്ട് ഹൂതി നേതാവ് അബ്ദുൽ സലാമുമായി ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ച്ചി ചർച്ച നടത്തി. മസ്കത്തിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കറുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു ഹൂതി വിമത ഗ്രൂപ്പ് പ്രതിനിധിയുമായി ഇറാൻ ചർച്ച ചെയ്തത്. യെമനുമായി ഇക്കാര്യത്തിൽ ചർച്ചകൾ നടക്കുന്നുണ്ടെന്ന് ഇറാൻ വിദേശകാര്യ മന്ത്രി മുൻപ് അറിയിച്ചിരുന്നു.

 

 

 

 

തിരുവനന്തപുരത്ത് നടക്കാനിരിക്കുന്ന ഡിവൈഎഫ്ഐ പരിപാടിയിൽ ശശി തരൂരിന് ക്ഷണം. മാർച്ച് 1,2 തിയ്യതികളിൽ നടക്കുന്ന സ്റ്റാർട്ട് അപ് ഫെസ്റ്റിവലിലേക്കാണ് തരൂരിനെ ക്ഷണിച്ചത്. എന്നാൽ സൂറത്തിൽ പരിപാടി ഉള്ളത് കൊണ്ട് പങ്കെടുക്കാൻ ആകില്ലെന്ന് തരൂർ വ്യക്തമാക്കി. പരിപാടിക്ക് തരൂർ ആശംസ നേർന്നു.

 

 

 

 

കോഴിക്കോട് എരഞ്ഞിപ്പാലം ഹോളിക്രോസ് കോളേജ് ഒന്നാംവർഷ വിദ്യാർഥിക്ക് നേരെ റാഗിങ്. രണ്ട് വിദ്യാർഥികൾ ഉൾപ്പെടെ കണ്ടാലറിയുന്ന ആറു പേർക്കെതിരെ പൊലീസ് കേസെടുത്തു. ഒളവണ്ണ വളപ്പിൽ താനിക്കുന്നത് വീട്ടിൽ വിഷ്ണുവിനെയാണ് മൂന്നാം വർഷ വിദ്യാർത്ഥികളായ മുഹമ്മദ് സിനാൻ, ഗൗതം കൂടാതെ കണ്ടാലറിയുന്ന മറ്റു നാലു വിദ്യാർഥികളും ചേർന്ന് പീഡിപ്പിച്ചത്. സംഭവം ശ്രദ്ധയിൽപ്പെട്ട ഉടനെ നടപടി സ്വീകരിച്ചെന്ന് സിസ്റ്റര്‍ ഷൈനി ജോര്‍ജ് പറഞ്ഞു. സിസി ടിവി ദൃശ്യങ്ങൾ പൊലീസിന് കൈമാറിയെന്നും ആറു വിദ്യാർത്ഥികളെയും സസ്പെൻഡ് ചെയ്തുവെന്നും ഷൈനി ജോര്‍ജ് പറഞ്ഞു.

 

 

 

 

ഓൾ പാസ് ഒഴിവാക്കൽ ഹൈസ്കൂളിന് പുറമെ എഴാം ക്ലാസ് മുതൽ താഴേ തട്ടിലേക്കും ഘട്ടം ഘട്ടമായി നടപ്പാക്കാൻ വിദ്യാഭ്യാസവകുപ്പ്. 3 മുതൽ 9 വരെയുള്ള ക്ലാസുകളിൽ പ്രത്യേക വിഷയങ്ങളിൽ പഠന നിലവാരം ഉറപ്പാക്കാൻ അടുത്തവർഷം മുതൽ പ്രത്യേക പരീക്ഷയും നടത്തും. വാരിക്കോരി മാർക്കിട്ട് കുട്ടികളെ കൂട്ടത്തോടെ പാസാക്കുന്നതിനെതിരെ വ്യാപക വിമർശനം ഉയർന്നതോടെയാണ് ഓൾ പാസ് നിർത്താനുള്ള തീരുമാനം.

 

 

 

 

പിഎസ്‍സി ചെയർമാന്റെ ശമ്പളം ജില്ലാ ജഡ്ജിയുടെ സൂപ്പർ ടൈം സ്കെയിലിലെ പരമാവധി തുകക്ക് തുല്യമാക്കി. മറ്റ് സംസ്ഥാനങ്ങളിലെ പിഎസ്‍സി അംഗങ്ങളുടെയും ചെയർമാന്റെയും സേവന വേതന വ്യവസ്ഥകൾ പരിഗണിച്ചാണ് തീരുമാനമെന്ന് സർക്കാർ വിശദീകരിക്കുന്നു.

 

 

 

 

 

അരീക്കോട് തെരട്ടമ്മലിൽ സെവെൻസ് ഫുട്ബാൾ മത്സരത്തിനിടെ അപകടമുണ്ടായതിൽ അനുമതി ഇല്ലാതെ കരിമരുന്ന് പ്രയോഗിച്ചതിനും പടക്കം പൊട്ടിച്ചതിനും സംഘാടകർക്കെതിരെ കേസെടുത്തു. അപകടത്തിനു പിന്നാലെ മത്സരം ഇന്നലെ രാത്രി പൊലീസ് ഇടപെട്ട് തടഞ്ഞിരുന്നു. സ്റ്റേഡിയം നിറഞ്ഞ് കാണികളെ പ്രവേശിപ്പിച്ചെന്നും പൊലീസ് വ്യക്തമാക്കി.

 

 

 

മസ്തകത്തിൽ പരിക്കേറ്റ കാട്ടാനയ്ക്ക് ചികിത്സ നൽകുന്നതിനുള്ള ദൗത്യത്തിന്‍റെ ആദ്യഘട്ടം പൂര്‍ണം. മയക്കുവെടിയേറ്റത്തിനുശേഷം നിലത്തുവീണ ആന പ്രാഥമിക ചികിത്സക്കുശേഷം കുങ്കിയാനകളുടെ സഹായത്തോടെ അനിമൽ ആംബുലന്‍സിലേക്ക് കയറ്റിയശേഷം കോടനാട്ടിലേക്ക് കൊണ്ടുപോയി. എന്നാൽ കാട്ടാനയ്ക്ക് ചികിത്സ നൽകുന്ന ദൗത്യം പൂർണ വിജയമെന്ന് പറയാനായിട്ടില്ലെന്ന് ഡോ. അരുൺ സക്കറിയ. ഒരു അടിയോളം ആഴത്തിലുള്ളതാണ് ആനയുടെ തലയിൽ കണ്ടെത്തിയ മുറിവെന്നും ആന ആരോഗ്യവാനായാൽ മാത്രമേ ദൗത്യം വിജയകരമാകുവെന്നും ഡോ. അരുൺ സക്കറിയ അറിയിച്ചു.

 

 

 

 

ആലപ്പുഴ കുട്ടനാട്ടിൽ കാർഷിക വിളകൾ നശിപ്പിച്ച കാട്ടുപന്നിയെ വനംവകുപ്പിന്റെ അനുമതിയോടെ വെടി വച്ചു കൊന്നു. ഇന്ന് പുലർച്ചെ വീയപുരം പഞ്ചായത്തിലെ കല്ലേലിപത്തിലാണ് നാട്ടുകാർ കാട്ടുപന്നിയെകണ്ടത്. സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിലേക്ക് ഓടി കയറിയ പന്നിയെ ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം വെടിവെച്ചു കൊല്ലുകയായിരുന്നു.

 

 

മൂന്നാറിലെ റോയൽ വ്യൂ ഡബിൾ ഡെക്കർ ബസിന്‍റെ ചില്ല് തകര്‍ന്നു. കഴിഞ്ഞദിവസം അറ്റകുറ്റപ്പണിക്കായി വർക്ക് ഷോപ്പിലേക്ക് കയറ്റിയിടുന്നതിനിടെയായിരുന്നു സംഭവം. ജീവനക്കാരുടെ അശ്രദ്ധമൂലമാണ് ചില്ല് തകര്‍ന്നതെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ വിശദീകരിച്ചു. സംഭവത്തിൽ ഗതാഗത മന്ത്രിയുടെ ഓഫീസ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ചില്ല് ഇന്നുതന്നെ മാറ്റുമെന്നു കെഎസ്ആർടിസി അധികൃതര്‍ അറിയിച്ചു.

 

 

 

ആലപ്പുഴ ചെറിയനാട് തെരുവുനായ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്ക്. അഞ്ചാം ക്ലാസുകാരൻ ഉൾപ്പടെ അഞ്ചു പേരെയാണ് തെരുവ് നായ കടിച്ചത്. ഒരാളുടെ മുഖത്തും കടിയേറ്റിട്ടുണ്ട്. ചെറിയനാട് പഞ്ചായത്തിലെ നാലാം വാർഡിൽ ഇന്നലെ രാത്രിയായിരുന്നു തെരുവുനായയുടെ ആക്രമണം. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

 

 

തൃശൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി കൊല്ലപ്പെട്ടു. പാണഞ്ചേരി 14-ാം വാർഡിലെ താമരവെള്ളച്ചാൽ സങ്കേതത്തിലെ മലയൻ വീട്ടിൽ പ്രഭാകരൻ (60) ആണ് കൊല്ലപ്പെട്ടത്.

തൃശൂര്‍ താമര വെള്ളച്ചാൽ ആദിവാസി മേഖലയിലാണ് സംഭവം. വനവിഭവമായ പുന്നക്കായ ശേഖരിക്കാൻ പോയതായിരുന്നു പ്രഭാകരൻ.

 

 

 

കണ്ണൂർ തളിപ്പറമ്പിൽ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തൃക്കരിപ്പൂർ സ്വദേശി നിഖിതയാണ് മരിച്ചത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് കാണിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഗൾഫിൽ ജോലി ചെയ്യുന്ന നണിച്ചേരി സ്വദേശി വൈശാഖാണ് ഭർത്താവ്. തളിപ്പറമ്പ് ലൂർദ് നഴ്സിങ് കോളേജിൽ ഡയാലിസിസ് ടെക്നീഷ്യൻ കോഴ്സിന് പഠിക്കുകയായിരുന്നു നിഖിത.

 

 

 

ആലപ്പുഴ മുഹമ്മയിൽ മോഷണമുതൽ കണ്ടെടുക്കാൻ പൊലിസ് എത്തിയപ്പോൾ ജ്വല്ലറി ഉടമ വിഷദ്രാവകം കഴിച്ച് മരിച്ച സംഭവത്തിൽ കടുത്തുരുത്തി പൊലീസിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം. രാധാകൃഷ്ണന്‍റെ മരണം പൊലിസിന്‍റെ പീഡനത്തെ തുടർന്നാണെന്ന് മകൻ പറഞ്ഞു. അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിയ്ക്കും കുടുംബം പരാതി നൽകി.

 

 

 

കോട്ടയം മെഡിക്കൽ കോളേജിലെ കുട്ടികളുടെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മൂന്ന് വയസുകാരിയുടെ മരണത്തിൽ

പരാതിയുമായി കുടുംബം. കുട്ടിക്ക് ആശുപത്രിയിൽ വേണ്ടത്ര ചികിത്സ കിട്ടിയില്ലെന്നാണ് പരാതി. ഇടുക്കി കട്ടപ്പന സ്വദേശി വിഷ്ണുവിന്‍റെയും ആശയുടെയും മകൾ അപർണിക ആണ് മരിച്ചത്. അതേസമയം, ചികിത്സാപിഴവ് ഉണ്ടായിട്ടില്ലെന്നാണ് ആശുപത്രി സൂപ്രണ്ടിന്‍റെ വിശദീകരണം.

 

 

 

 

ആലപ്പുഴ അരൂര്‍-തുറവൂര്‍ ഉയരപ്പാത നിര്‍മാണ മേഖലയിൽ ജെസിബിയ്ക്ക് അടിയിൽപ്പെട്ട് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. തുറവൂർ സ്വദേശി പ്രവീൺ ആർ (39) ആണ് മരിച്ചത്. ചന്തിരൂർ സെന്‍റ് മേരീസ് പള്ളിക്ക് സമീപം ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.

 

 

 

ഒഡീഷയിലെ കലിംഗ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഡസ്ട്രിയൽ ടെക്നോളജി സർവകലാശാല ക്യാമ്പസിൽ നേപ്പാളി വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികൾക്കെതിരെ വിവാദ പരാമർശം നടത്തിയ അധ്യാപികമാര്‍ ക്ഷമാപണം നടത്തി. വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയെ തുടര്‍ന്ന് സഹപാഠിയും ലഖ്നോ സ്വദേശിയുമായ അദ്വിക് ശ്രീവാസ്തവയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

 

 

 

 

സൗദിയിൽ നാളെ വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് അറിയിച്ചു. മക്ക ഏരിയകളിൽ നേരിയതോ ഇടത്തരമോ ആയതും റിയാദിലും പരിസര പ്രദേശങ്ങളിലും കനത്ത മഴയും ലഭിക്കും. കൂടാതെ വെള്ളപ്പൊക്ക സാധ്യതയും ആലിപ്പഴ വർഷവും ശക്തമായ കാറ്റും അനുഭവപ്പെടുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

 

 

 

 

സൗദിയിൽ താൽക്കാലികമായി നിർത്തലാക്കിയ മൾട്ടിപ്പിൾ എൻട്രി വിസിറ്റ് വിസകൾ പുന:സ്ഥാപിക്കപ്പെട്ടു. സൗദി വിദേശകാര്യ മന്ത്രാലയത്തിന്റെ വിസ പോർട്ടലിലാണ് ഇന്നലെയോടെ മൾട്ടിപ്പിൾ എൻട്രി വിസക്കുള്ള ഓപ്ഷൻ വീണ്ടുമെത്തിയത്. അനധികൃത ഹജ്ജ് തീർത്ഥാടകരെ നിയന്ത്രിക്കുന്നതിനായി ഇന്ത്യയുൾപ്പടെ 14 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ജനുവരി 31നാണ് മൾട്ടിപ്പിൾ എൻട്രി വിസിറ്റ് വിസകൾ സൗദി നിർത്തലാക്കിയത്.

 

 

 

 

അമേരിക്കയിലെ മിയാമി ബീച്ചിൽ പലസ്തീനികളാണെന്ന് തെറ്റിദ്ധരിച്ച് ജൂത വംശജൻ രണ്ട് പേർക്ക് നേരെ വെടിയുതിർത്തു. എന്നാൽ ഇവർ ഇസ്രയേൽ സ്വദേശികളായ ടൂറിസ്റ്റുകളാണെന്ന് പിന്നീട് വ്യക്തമായി. മൊർദെചായി ബ്രഫ്മാൻ എന്ന 27കാരനെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്തു.

 

 

 

കൃത്യസമയത്ത് സിനിമ തുടങ്ങാതെ പരസ്യം കാണിച്ച് സമയം കളഞ്ഞെന്ന പരാതിയിൽ പിവിആർ – ഐനോക്സിന് പിഴ. പരാതിക്കാരന് 28,000 രൂപ നഷ്ടപരിഹാരമായും ഒരു ലക്ഷം രൂപ പിഴയായും ഒടുക്കാൻ ബെംഗളൂരു ഉപഭോക്തൃ കോടതി വിധിച്ചു. ബെംഗളൂരു സ്വദേശി അഭിഷേക് എം ആർ ആണ് പരാതി നൽകിയത്

 

 

 

കര്‍ണാടകയിലെ വിജയപുര ജില്ലയില്‍ പലയിടത്തുനിന്നായി 10 നാടന്‍ തോക്കുകളും 24 ബുള്ളറ്റുകളും പൊലീസ് പിടിച്ചെടുത്തു. തോക്കുകള്‍ കയ്യില്‍ വെക്കുകയും വിതരണം ചെയ്യുകയും ചെയ്ത പത്തു പേരെ പല സ്റ്റേഷന്‍ പരിധിയില്‍ നിന്നായി അറസ്റ്റ് ചെയ്തതിട്ടുണ്ട്. സതീഷ് രത്തോട് എന്നയാളുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലെ പ്രതിയെ ചോദ്യം ചെയ്യുന്നതിനിടയിലാണ് പൊലീസിന് രഹസ്യ വിവരം ലഭിക്കുന്നത്.

 

 

 

ഫ്രാൻസീസ് മാർപാപ്പയുടെ ആരോഗ്യനില കൂടുതൽ സങ്കീർണ്ണം. രണ്ട് ശ്വാസകോശങ്ങളിലും കടുത്ത ന്യുമോണിയ ബാധിച്ച പോപ്പിന് ആന്റിബയോട്ടിക് ചികിത്സ തുടരുകയാണെന്ന് ഡോക്ടർമാർ അറിയിച്ചു. കടുത്ത ശ്വാസതടസത്തെ തുടർന്ന് കഴിഞ്ഞ ദിവസമാണ് മാർപ്പാപ്പയെ റോമിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

 

 

 

എയർലൈനുകൾക്കെതിരെ പരാതിയുമായി പൈലറ്റുമാരുടെ സംഘടന. രാജ്യത്തെ പ്രമുഖ എയർലൈനുകളായ എയർ ഇന്ത്യയും ഇൻഡിഗോയും പരസപരം പൈലറ്റുമാരെ നിയമിക്കേണ്ടെന്ന തീരുമാനം എടുത്തിട്ടുണ്ടെന്നും എയർലൈനുകൾ തമ്മിൽ അപ്രഖ്യാപിത ധാരണയാണ് ഉള്ളതെന്നും സംഘടന ആരോപിച്ചു. വ്യോമയാന മേഖലയിലെ തൊഴിൽ മേഖലയിൽ നടക്കുന്ന അന്യായമാണിതെന്ന് ചൂണ്ടിക്കാട്ടി സംഘടന സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന് പരാതി നൽകി.

 

 

 

 

80 വർഷത്തിനിടെ ആദ്യമായി രണ്ടാം ലോക മഹായുദ്ധകാലത്ത് ലണ്ടനിലുണ്ടായിരുന്ന രഹസ്യ ഭൂഗർഭ തുരങ്കങ്ങൾ വിനോദ സഞ്ചാരികൾക്കായി തുറക്കുന്നു. ഒരിക്കൽ യുകെയുടെ ഒഫീഷ്യൽ സീക്രട്ട്സ് ആക്ട് പ്രകാരം സംരക്ഷിക്കപ്പെട്ടിരുന്ന കേന്ദ്രങ്ങളാണ് ഇവ. അന്ന് ചാരൻമാരാണ് ഈ രഹസ്യ തുരങ്കങ്ങൾ ഉപയോഗിച്ചിരുന്നത്. പ്രശസ്തരായ ഒരു കൂട്ടം ആർക്കിടെക്റ്റുകൾ ഈ രഹസ്യ തുരങ്കങ്ങൾ പഴയ രീതിയിൽ തന്നെ പുനർനിർമ്മിക്കും.

 

 

 

 

അമേരിക്കയിൽ നിന്നും തിരിച്ചയക്കുന്ന അനധികൃത കുടിയേറ്റക്കാരെ ചങ്ങലയിൽ ബന്ധിക്കുന്ന ദൃശ്യങ്ങൾ വൈറ്റ് ഹൗസിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ പങ്കുവെച്ച് വൈറ്റ്ഹൗസ്. ഡോജ് സംഘത്തലവൻ എലോൺ മസ്കാണ് ദൃശ്യങ്ങൾ ഷെയർ ചെയ്തത്. ആളുകളെ കയ്യിലും കാലിലും ചങ്ങല ബന്ധിച്ച് വിമാനത്തിൽ കയറ്റുന്നതാണ് ദൃശ്യങ്ങളിലുള്ളത്. വിവിധ രാജ്യങ്ങൾ പ്രതിഷേധം ശക്തമാക്കുന്നതിനിടെയാണ് ദൃശ്യങ്ങൾ വൈറ്റ് ഹൗസ് പങ്കുവെച്ചത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *