അതിതീവ്ര മഴ മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് റെഡ് അലേര്‍ട്ട് അഞ്ച് ജില്ലകളിൽ പ്രഖ്യാപിച്ചു. കാസര്‍കോട് ജില്ലയിൽ റെഡ് അലർട്ട് ആയി കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഉയർത്തി. ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലളിലും നിലവില്‍ റെഡ് അലേര്‍ട്ട് ആണ്. ശക്തമായ മഴയക്ക് സാധ്യതയുള്ളതിനാൽ എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

 

പാർട്ടി സമ്മേളനങ്ങൾക്കിടെ പ്രാദേശിക തലത്തിൽ നിലനിൽക്കുന്ന വിഭാഗീയതയിൽ കടുത്ത അതൃപ്തിയുമായി സിപിഎം സംസ്ഥാന നേതൃത്വം. സമ്മേളന നടപടികൾ അലങ്കോലമാക്കും വിധം പ്രശ്നങ്ങൾ ഉണ്ടാക്കിയവർക്കെതിരെ കടുത്ത നടപടി ഉണ്ടാകും . കരുനാഗപ്പള്ളിയിലും, തിരുവല്ലയിലും, കൊഴിഞ്ഞാമ്പാറയിലും, അമ്പലപ്പുഴയിലും ഉണ്ടായ തർക്കങ്ങൾ അവഗണിക്കാൻ കഴിയുന്നതല്ലെന്നാണ് വിലയിരുത്തൽ.

 

സന്ദീപ് വാര്യര്‍ക്കെതിരെ കൊലവിളി മുദ്രാവാക്യം വിളിയുമായി യുവമോര്‍ച്ച. കണ്ണൂര്‍ അഴീക്കോടാണ് സന്ദീപ് വാര്യര്‍ക്കെതിരെ ഭീഷണി മുദ്രാവാക്യം വിളിച്ച് യുവമോര്‍ച്ച പ്രകടനം നടത്തിയത്. ജയകൃഷ്ണൻ മാസ്റ്റര്‍ ബലിദാന ദിനത്തോടനുബന്ധിച്ചുള്ള പ്രകടനത്തിനിടെയാണ് പ്രകോപന മുദ്രാവാക്യം.

 

ജി. സുധാകരന് ആരോഗ്യ പ്രശ്നങ്ങൾ ഉള്ളത് കൊണ്ടാണ് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ വീട്ടിൽ പോയി കണ്ടതെന്ന് കരുതുന്നില്ലെന്ന് കെവി തോമസ്. താൻ അദ്ദേഹത്തെ രണ്ട് ദിവസം മുൻപ് വരെ കണ്ടിരുന്നു, ഒരു കുഴപ്പവും ഇല്ല. സുധാകരൻ ഉറച്ച കമ്മ്യൂണിസ്റ്റാണ്. ആരെങ്കലും വീട്ടിൽ ചെന്നത്കൊണ്ട് മാറ്റം ഉണ്ടാകുമെന്ന് കരുതുന്നില്ലെന്നും കെവി തോമസ് പ്രതികരിച്ചു.

സി.പി.എം. നേതാവ് ജി. സുധാകരനുമായി എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാൽ നടത്തിയ കൂടിക്കാഴ്ച വ്യക്തിപരമായ സന്ദര്‍ശനമെന്ന് ആവര്‍ത്തിച്ച് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. വ്യക്തിപരമായ സന്ദര്‍ശനമാണെന്ന് രണ്ടുപേരും പറഞ്ഞു. കെ.സി. വേണുഗോപാലിനും ജി. സുധാകരനും തമ്മില്‍ വ്യക്തിപരമായ അടുപ്പമുണ്ട്.അതിനപ്പുറത്തേക്കൊന്നും അതില്‍ പോകേണ്ടെന്നും വി.ഡി. സതീശന്‍ വ്യക്തമാക്കി.

ബിജെപി ആലപ്പുഴ ജില്ലാ പ്രസിഡണ്ടും താനും ചേർന്ന് ജി സുധാകരനെ വീട്ടിൽ പോയി കണ്ടിരുന്നുവെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ബി ഗോപാലകൃഷ്ണന്‍ .ജി സുധാകരൻ കാണിച്ച സ്നേഹവും ബഹുമാനവും എടുത്തുപറയേണ്ടതാണ്.വിശിഷ്ട വ്യക്തിത്വങ്ങളെ കണ്ട് ആദരിക്കണം എന്ന നരേന്ദ്രമോഡിയുടെ ആഹ്വാനത്തിന്‍റെ ഭാഗമായാണ് പോയത്.സത്യസന്ധനായ കമ്മ്യൂണിസ്റ്റും പൊതുപ്രവർത്തകനുമാണ് ജി സുധാകരൻ.ബിജെപിയുടെ പ്രത്യയശാസ്ത്ര ഗ്രന്ഥം ജി സുധാകരന് സമ്മാനിച്ചു എന്നും അദ്ദേഹം പറഞ്ഞു.

 

40 വയസില്‍ താഴെ പ്രായമുള്ളവരുടെ ഡ്രൈവിംഗ് ലൈസൻസ് പുതുക്കുന്നതിനുള്ള നിര്‍ദേശങ്ങളുമായി മോട്ടോര്‍ വാഹന വകുപ്പ്. ഇതിനായി ഒറിജിനൽ ഡ്രൈവിംഗ് ലൈസൻസും കണ്ണു പരിശോധന സർട്ടിഫിക്കറ്റും രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോയും മാത്രം മതിയാകും. ഡ്രൈവിംഗ് ലൈസൻസിന്‍റെ കാലാവധി കഴിയുന്നതിനേക്കാൾ ഒരു വർഷം മുമ്പ് മുതൽ ലൈസൻസ് പുതുക്കുന്നതിന് അപേക്ഷിക്കാവുന്നതാണ്. അതുപോലെ ലൈസൻസിന്‍റെ കാലാവധി കഴിഞ്ഞ് ഒരു വർഷം വരെയും പിഴയില്ലാതെ ലൈസൻസ് പുതുക്കാo.

 

സിപിഎമ്മിനൊപ്പം ഇനിയില്ലെന്ന് പ്രഖ്യാപിച്ച് ഏരിയ സമ്മേളനത്തിൽ നിന്ന് ഇറങ്ങിപ്പോയ മംഗലപുരം ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരിക്കെതിരെ പാർട്ടി നടപടി സ്വീകരിക്കുമെന്ന് ജില്ലാ സെക്രട്ടറി വി ജോയി . മധു മുല്ലശേരിയെ പുറത്താക്കാൻ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് ശുപാർശ ചെയ്തു. സംസ്ഥാന സെക്രട്ടറിയേറ്റിന്റെ അനുമതിയോടെ തീരുമാനം പ്രഖ്യാപിക്കുമെന്ന് ജില്ലാ സെക്രട്ടറി വി ജോയി വ്യക്തമാക്കി.

 

നിലപാട് വ്യക്തമാക്കിയും സി.പി.എം. തിരുവനന്തപുരം ജില്ലാ സെക്രട്ടി വി. ജോയിക്കെതിരേ വിമര്‍ശനം കടുപ്പിച്ചും മംഗലപുരം മുൻ ഏരിയാ സെക്രട്ടറി മധു മുല്ലശ്ശേരി.അച്ചടക്ക നടപടി ഉണ്ടാകുമോയെന്ന് പറയാന്‍ താനിപ്പോള്‍ കമ്യൂണിസ്റ്റുകാരനല്ലെന്നും സി.പി.എമ്മിന് പിന്നെങ്ങനെ തനിക്കെതിരെ നടപടിയെടുക്കാനാകുമെന്നും അദ്ദേഹം ചോദിച്ചു.

 

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധനവ് വരുന്നു. വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കുന്നത് അനിവാര്യമാണെന്നും പ്രത്യേക സമ്മര്‍ താരിഫ് ഏര്‍പ്പെടുത്തുന്നത് പരിഗണനയിലാണെന്നും വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടി പറഞ്ഞു. ആഭ്യന്തര ഉൽപാദനം കുറഞ്ഞത് തിരിച്ചടിയായിരിക്കുകയാണ്. ഇതിനാൽ തന്നെ വൈദ്യുതി നിരക്ക് വര്‍ധനവ് അനിവാര്യമാണെന്ന് മന്ത്രി പറഞ്ഞു.

 

കനത്ത മൂടൽ മഞ്ഞും മഴയും കാരണം ശബരിമലയിലേക്കുള്ള പരമ്പരാഗത കാനന പാതകളായ സത്രം –പുല്ലുമേട്, മുക്കുഴി – സന്നിധാനം എന്നീ പാതകൾ വഴി ഇന്ന് അയ്യപ്പ ഭക്തരെ കടത്തി വിടില്ല. സത്രം – പുല്ലുമേട് വഴി സന്നിധാനത്തേക്ക് പോകാൻ അഞ്ഞൂറോളം ഭക്തർ ഇന്നലെ രാത്രി തന്നെ എത്തിയിരുന്നു. കാലാവസ്ഥ അനുകൂലമാണെങ്കിൽ മാത്രമേ കടത്തി വിടുകയുള്ളുവെന്ന് വനംവകുപ്പ് രാത്രി തന്നെ മുന്നറിയിപ്പ് നൽകി.

 

മോശം കാലാവസ്ഥയെ തുടർന്ന് ശബരിമല പരമ്പരാഗത കാനന പാത വഴിയുളള തീർത്ഥാടനം താൽക്കാലികമായി ഹൈക്കോടതി വിലക്കി. കാലാവസ്ഥ മോശമായ സാഹചര്യത്തിൽ ഇനിയൊരുത്തരവ് ഉണ്ടാകും വരെ തീർത്ഥാടനം പാടില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കളക്ടർമാർ ഇക്കാര്യം ഉറപ്പു വരുത്തണമെന്നാണ് നിർദ്ദേശം. വണ്ടിപെരിയാർ, സത്രം, പുൽമേട്, എരുമേലി വഴിയുള്ള തീർത്ഥാടനമാണ് നിർത്തിയത്.

 

കണ്ണൂര്‍ വളപട്ടണത്തെ വീട് കുത്തിതുറന്ന് 300 പവൻ സ്വര്‍ണവും ഒരു കോടിയോളം രൂപയും കവര്‍ന്ന സംഭവത്തിൽ അറസ്റ്റിലായ ലിജീഷ് മുമ്പും മോഷണം നടത്തിയെന്ന് പൊലീസ്. കഴിഞ്ഞ വര്‍ഷം കണ്ണൂര്‍ കീച്ചേരിയിൽ നടന്ന മോഷണത്തിലും ലിജീഷ് പ്രതിയാണെന്ന് പൊലീസ് കണ്ടെത്തി. അന്ന് പ്രതിയെ പൊലീസിന് പിടികൂടാനായില്ല.ഇതിനിടെ, ലിജീഷ് മോഷണം നടത്തുന്നതിന്‍റെ ദൃശ്യങ്ങളും പൊലീസ് പുറത്തുവിട്ടു.

 

കൊടകര കുഴൽപ്പണ കേസിൽ വീണ്ടും ആരോപണവുമായി തിരൂര്‍  സതീഷ്. ബിജെപിയുടെ തൃശൂര്‍ ജില്ലാ കമ്മിറ്റി ഓഫീസിൽ ഒമ്പതു കോടി രൂപ കള്ളപ്പണം സൂക്ഷിച്ചുവെന്നും പിന്നീട് ഈ പണം  എവിടേക്ക് കൊണ്ടുപോയി എന്ന കാര്യം തനിക്കറിയില്ലെന്നും ബിജെപി തൃശ്ശൂർ ജില്ലാ ഓഫീസ് മുൻ സെക്രട്ടറി തിരൂർ സതീഷ് മാധ്യമങ്ങളോട് പറഞ്ഞു.

 

കണ്ണൂര്‍ വളപട്ടണത്ത് വീട് കുത്തിതുറന്ന് 300 പവനും ഒരു കോടിയും മോഷ്ടിച്ച സംഭവത്തിൽ പ്രതിയുടെ അറസ്റ്റിന് നിര്‍ണായകമായത് സിസിടിവി ദൃശ്യങ്ങളെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍. ഡമ്മി ഉപയോഗിച്ച് ഡെമോ നടത്തിയെന്നും ദൃശ്യങ്ങള്‍ക്കൊപ്പം തന്നെ വിരലടയാളങ്ങളും നിര്‍ണായകമായെന്നും കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍, കണ്ണൂര്‍ റൂറൽ എസ്‍പി എന്നിവര്‍ മാധ്യമങ്ങളോട് പറഞ്ഞു. മോഷണത്തിന് എത്തിയപ്പോള്‍ തെളിവ് നശിപ്പിക്കാനായും ദൃശ്യങ്ങള്‍ പതിയാതിരിക്കാനും ഒരു ക്യാമറ പ്രതി തിരിച്ചുവെച്ചിരുന്നു.മുറിയുടെ ഉള്ളിലേക്ക് തിരിച്ചുവെച്ച ഈ ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് അന്വേഷണത്തിൽ വഴിത്തിരിവായത്.

 

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുകേസില്‍ സി.പി.എം. നേതാവ് പി.ആര്‍. അരവിന്ദാക്ഷന് ജാമ്യം. കേസിലെ മറ്റൊരു പ്രതി പി.കെ. ജില്‍സിനും ഹൈക്കോടതി ജാമ്യം അനുവദിച്ചു.കള്ളപ്പണക്കേസില്‍ ഇവര്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കി.

 

മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷിറിന്‍റെ മരണത്തില്‍ ശ്രീറാം വെങ്കിട്ടരാമൻ പ്രതിയായ കേസിന്‍റെ വിചാരണ നിർത്തിവച്ചു. ശ്രീറാമിന്‍റെ അഭിഭാഷകൻ രാമൻപിളളയുടെ അപേക്ഷ പരിഗണിച്ചാണ് കോടതിയുടെ തീരുമാനം. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയിൽ നിന്നും കേസ് മാറ്റണമെന്നായിരുന്നു ആവശ്യം. രണ്ടാം നിലയിലുള്ള കോടതിയിലേക്കുള്ള പടവുകൾ കയറാൻ സാധിക്കില്ലെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഇതോടെയാണ് വിചാരണ നിര്‍ത്തിവച്ചത്.

 

കൊല്ലം കുണ്ടറയിൽ സ്ത്രീധനത്തിന്‍റെ പേരിൽ നവവധുവിനെ ഭർത്താവ് ക്രൂരമർദ്ദനത്തിന് ഇരയാക്കിയെന്ന് പരാതി. വിവാഹം കഴിഞ്ഞ് അഞ്ചാംനാൾ സ്ത്രീധനത്തിന്‍റെ പേരിൽ മർദ്ദിച്ചെന്നാണ് യുവതിയുടെ ആരോപണം. ഭർത്താവ് നിതിനെതിരെ കുണ്ടറ പൊലീസ് കേസെടുത്തു. എന്നാൽ, ആരോപണങ്ങൾ നിതിന്‍റെ കുടുംബം നിഷേധിച്ചു.

 

സംഭല്‍, അദാനി വിഷയങ്ങളിലടക്കമുള്ള പ്രമേയങ്ങള്‍ തള്ളി രാജ്യസഭാ അധ്യക്ഷന്‍ ജഗധീപ് ധന്‍കര്‍. വയനാട് അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ചചെയ്യാന്‍ സഭ അനുവദിച്ചില്ല. തുടര്‍ന്നുണ്ടായ ബഹളത്തെ തുടർന്ന് സഭ 12 മണിവരെ നിര്‍ത്തിവെച്ചു. സഹകരിക്കാന്‍ ലോക് സഭ രാജ്യസഭ അധ്യക്ഷന്മാര്‍ അഭ്യര്‍ത്ഥിച്ചിട്ടും പ്രതിപക്ഷം വഴങ്ങാന്‍ തയ്യാറായില്ല.

 

രണ്ടിൽ കൂടുതൽ കുട്ടികൾ ഉള്ളവർക്ക് തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ലെന്ന നയം തെലങ്കാന റദ്ദാക്കും. നേരത്തേ ഈ നയം റദ്ദാക്കുന്നതായി ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്തെ ജനനനിരക്ക് കുറയുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നതിനാലാണ് ഈ നീക്കം. ഈ ജനനനിരക്ക് തുടർന്നാൽ തെലങ്കാന ‘വൃദ്ധസംസ്ഥാന’മായി മാറുമെന്ന കണക്കുകൂട്ടലിലാണ് നയംമാറ്റം.

 

കർണാടക ബിജെപിയിൽ കടുത്ത ഭിന്നത. ഉപതെരഞ്ഞെടുപ്പുകളിലെ തോൽവിയിൽ സംസ്ഥാനാധ്യക്ഷൻ വിജയേന്ദ്രയ്ക്കെതിരെ കടുത്ത വിമർശനം ഉയരുന്നു. കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാറുമായി അഡ്ജസ്റ്റ്‍മെന്‍റ് രാഷ്ട്രീയം കളിക്കുകയാണ് യെദിയൂരപ്പയും വിജയേന്ദ്രയുമെന്ന് തുറന്നടിച്ച് ബിജാപൂർ എംഎൽഎ രംഗത്തെത്തി. ഇതിനുള്ള തെളിവുകളും രേഖകളും തന്‍റെ പക്കലുണ്ടെന്നും ബിജാപൂർ എംഎൽഎ ബസനഗൗഡ പാട്ടീൽ യത്‍നാൽ പറഞ്ഞു.

 

ഫിൻജാൽ ചുഴലിക്കാറ്റ് ആഞ്ഞുവീശിയതോടെ തമിഴ്നാട്ടിലും പുതുച്ചേരിയിലുമായി മരണം 13 ആയി. തിരുവണാമലയിൽ ഉരുൾപൊട്ടൽ ഉണ്ടായ സ്ഥലത്ത് രാവിലെ എൻഡിആർഎഫ് സംഘം രക്ഷാപ്രവർത്തനം തുടങ്ങി. ഒൻപത് ജില്ലകളിൽ ഇന്ന് സ്കൂളുകൾക്ക് അവധി നൽകി. തമിഴ്നാട്ടിൽ ഇന്ന് മഴ മുന്നറിയിപ്പിൽ മാറ്റമുണ്ട്. റെഡ്, ഓറഞ്ച് അലേർട്ട് ഒരിടത്തുമില്ല. ചെന്നൈ, കോയമ്പത്തൂർ അടക്കം 10 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

 

പാർലമെന്‍റ് സമ്മേളനം തെക്കേയിന്ത്യയിലും നടത്തണമെന്ന് തിരുപ്പതി എംപി മാഡില ഗുരുമൂർത്തി ആവശ്യപ്പെട്ടു.രാജ്യത്തിന്‍റെ ഐക്യത്തിനും അധികാര വികേന്ദ്രീകരണത്തിനും ഇത്. സഹായിക്കും.ദില്ലിയിലെ കാലാവസ്ഥ കൂടി കണക്കിലെടുത്താണ് നിർദേശം . വൈഎസ്ആർസിപി എംപി യാണ് മാഡില ഗുരുമൂർത്തി. കേന്ദ്ര പാർലമെന്‍ററികാര്യ മന്ത്രിക്കാണ് കത്ത് നൽകിയത്.

ഡിഎംകെ എംപി കനിമൊഴിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ ബിജെപി നേതാവ് എച്ച്.രാജയ്ക്ക് 6 മാസം തടവ് ശിക്ഷ. മദ്രാസ് ഹൈക്കോടതിയാണ് ശിക്ഷ വിധിച്ചത്. തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ.അണ്ണാമലൈ യുകെയിലായിരുന്നപ്പോൾ തമിഴ്നാട് ബിജെപിയെ നയിച്ച നേതാവാണ് ബിജെപി നേതാവ് എച്ച്.രാജ. കനിമൊഴി അവിഹിത സന്തതിയെന്ന എച്ച്.രാജയുടെ പരാമർശമാണ് കേസിന് ആസ്പദമായത്.

 

ലോക്സഭയിൽ കോൺഗ്രസിന് നാല് മുൻ നിര ഇരിപ്പിടങ്ങൾ നല്കണമെന്ന നിർദ്ദേശം അംഗീകരിച്ച് ലോക്സഭ സ്പീക്കർ. കോൺഗ്രസിന്റെ അംഗസംഖ്യ 99 ആയി ഉയർന്ന പശ്ചാത്തലത്തിലാണ് നാല് ഇരിപ്പിടങ്ങൾ കിട്ടിയത്. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് പുറമെ, കൊടിക്കുന്നിൽ സുരേഷ്, കെ. സി വേണുഗോപാൽ, ഗൗരവ് ഗൊഗോയി എന്നിവർക്കും മുൻ നിരയിൽ സീറ്റു കിട്ടും. പ്രിയങ്ക ഗാന്ധി നാലാം നിരയിലെ സീറ്റാണ് തെരഞ്ഞെടുത്തത്.

 

കര്‍ഷകരുടെ ‘ഡല്‍ഹി ചലോ’ മാര്‍ച്ചിനോടനുബന്ധിച്ച് രൂക്ഷമായ ഗതാഗതക്കുരുക്കിലായി രാജ്യതലസ്ഥാനം. ഡല്‍ഹിയിലേയും നോയിഡയിലേയും വിവിധയിടങ്ങളില്‍ വലിയ വാഹനക്കുരുക്കാണ് രൂപപ്പെട്ടത്. ഇതിന്റെ വീഡിയോ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പുറത്തുവിട്ടു.

മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടേയും മുന്നണിയുടേയും ദയനീയ തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസില്‍ കലാപം. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനെതിരെ ഗുരുതര ആരോപണങ്ങളുമായി നാഗ്പുര്‍ സെന്‍ട്രലില്‍ മത്സരിച്ച യുവനേതാവ് ബണ്ടി ഷെല്‍കെ രംഗത്തെത്തി. യൂത്ത് കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറിയാണ് ബണ്ടി ഷെല്‍ക്കെ.

 

സുപ്രീം കോടതി സമുച്ചയത്തിൽ തീപിടിത്തം. തീപിടിത്തമുണ്ടായ ഉടനെ തന്നെ അണയ്ക്കാനായതിനാൽ വലിയ അപകടം ഒഴിവായി. കോടതി നമ്പര്‍ 11നും കോടതി നമ്പര്‍ 12നും ഇടയിലുള്ള വെയിറ്റിങ് ഏരിയയിലാണ് തീപിടിത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്നാണ് തീപിടിത്തമുണ്ടായത്. തീ പിടിച്ച് പുക ഉയര്‍ന്ന ഉടനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ചേര്‍ന്ന് അഗ്നിശമന ഉപകരണം ഉപയോഗിച്ച് തീ അണയ്ക്കുകയായിരുന്നു.

 

 

Sharing is caring!

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *