വയനാട് ദുരന്തത്തില്‍ സത്യവാങ്മൂലവുമായി കേന്ദ്രസര്‍ക്കാര്‍. നവംബര്‍ 13-നാണ് സംസ്ഥാനസര്‍ക്കാര്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കിയത്. 2219 കോടി രൂപ ആവശ്യപ്പെട്ടുകൊണ്ടുള്ള ഈ റിപ്പോര്‍ട്ട് പരിഗണനയിലാണെന്നും കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. രക്ഷാപ്രവര്‍ത്തനത്തിനെത്തിയ വ്യോമസേനയുടെ ബില്‍ പ്രകാരമുള്ള തുക നല്‍കാന്‍ തീരുമാനിച്ചുവെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.
വയനാട്ടിലെ ഹര്‍ത്താലിനെതിരെ ഹൈക്കോടതിയുടെ കടുത്ത വിമര്‍ശനം . വയനാട്ടിലെ എല്‍ഡിഎഫ് – യുഡിഎഫ് ഹര്‍ത്താല്‍ നിരുത്തരവാദപരമായ സമീപനമാണ് . പെട്ടെന്നുള്ള ഹര്‍ത്താല്‍ അംഗീകരിക്കാനാകില്ലെന്നും പറഞ്ഞ ഡിവിഷന്‍ ബെഞ്ച്, ഹര്‍ത്താലിനെ എങ്ങനെ ന്യായീകരിക്കുമെന്നും ചോദിച്ചു. ഹര്‍ത്താല്‍ നടത്തിയത് എന്തിനാണെന്നായിരുന്നു കോടതിയുടെ ചോദ്യം. ഹര്‍ത്താല്‍ മാത്രമാണോ ഏക സമര മാര്‍ഗ്ഗo. ദുരന്തമേഖലയിലെ ജനങ്ങളോടുള്ള ഹര്‍ത്താല്‍ നിരാശപ്പെടുത്തുന്നു. ഇത്തരം ഹര്‍ത്താല്‍ അംഗീകരിക്കാനാകില്ലെന്ന് കടുത്ത ഭാഷയിലായിരുന്നു കോടതിയുടെ വിമർശനം.
വയനാട് ദുരന്തത്തെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിച്ച ഇന്ത്യ മുന്നണിക്കുള്ള പ്രഹരമാണ് ഇന്ന് ഹൈക്കോടതിയിൽ ലഭിച്ചതെന്ന് ബിജെപി നേതാവ് വി മുരളീധരൻ. ഹർത്താലിൻ്റെ സാധുതയെ കോടതി വിമർശിച്ചിരിക്കുന്നു. കേന്ദ്രം നൽകിയ 153 കോടി രൂപ മറച്ചുവച്ചുള്ള സമീപനം ജനങ്ങളെ കബളിപ്പിക്കാൻ ഏതറ്റം വരെ പോകും എന്നതിന് തെളിവാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഹേമ കമ്മിറ്റിക്ക് ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തുന്ന അന്വേഷണത്തെ തടസ്സപെടുത്താന്‍ ശ്രമമെന്ന് സംസ്ഥാന വനിത കമ്മീഷന്‍. അന്വേഷണം നടത്താനുള്ള ഹൈക്കോടതി ഉത്തരവിനെതിരേ നിര്‍മാതാവ് സജിമോന്‍ പാറയില്‍ നല്‍കിയ ഹര്‍ജി ഇതിന്റെ ഭാഗമാണെന്നും കമ്മീഷന്‍ ആരോപിച്ചു. സുപ്രീംകോടതിയില്‍ ചെയ്ത സത്യവാങ്മൂലത്തിലാണ് സംസ്ഥാന വനിത കമ്മീഷന്‍ നിലപാട് വ്യക്തമാക്കിയത്.
മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തി കോഴിക്കോട് വഖഫ് ട്രൈബ്യൂണൽ . മുനമ്പം കേസിലെ കോടതി നടപടികൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യേണ്ടതില്ലെന്ന് ജഡ്ജ് രാജൻ തട്ടിൽ വ്യക്തമാക്കി. മുനമ്പം കേസിൽ ഫറൂഖ് കോളേജ് മാനേജ്മെൻ്റിൻ്റെ അപ്പീൽ ഇന്ന് പരിഗണിക്കാൻ ഇരിക്കെയാണ് മാധ്യമങ്ങളെ വിലക്കിക്കൊണ്ട് ട്രൈബ്യൂണൽ നിലപാടെടുത്തത്.
രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം നാളെ. വയനാട്, പാലക്കാട്, ചേലക്കര മണ്ഡലങ്ങളിൽ അവസാനവട്ട കണക്കുകൂട്ടലിലാണ് മുന്നണികൾ. നാളെ രാവിലെ 8 മണിക്കാണ് വോട്ടെണ്ണൽ തുടങ്ങുക. 10 മണിയോടെ വിജയികൾ ആരെന്നതിൽ വ്യക്തതയുണ്ടാകും.
ഭരണഘടനാവിരുദ്ധ പ്രസംഗത്തിന്റെപേരില്‍ സജി ചെറിയാന്‍ മന്ത്രിസ്ഥാനം രാജിവെക്കേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ തീരുമാനം. കേസ് നിയമപരമായി നേരിടുമെന്നാണ് സിപിഎം വ്യക്തമാക്കുന്നത്. വിഷയം സെക്രട്ടേറിയറ്റ് വിശദമായി ചർച്ച ചെയ്തു. ഭരണഘടനയെ വിമർശിച്ചുളള പ്രസംഗത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് നിർദ്ദേശിച്ച ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീൽ നൽക്കാൻ മന്ത്രി സജി ചെറിയാൻ നീക്കം തുടങ്ങിയിട്ടുണ്ട്.
മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണത്തിന്റെ ഭാഗമായി വനംവകുപ്പ് കർമപദ്ധതി തയ്യാറാക്കുന്നു. സംഘർഷം കൂടുതലുള്ള പ്രദേശങ്ങളെ 12 ലാൻഡ് സ്‌കേപ്പുകളായി തിരിച്ചായിരിക്കും കർമപദ്ധതി തയ്യാറാക്കുക. ഇവ ക്രോഡീകരിച്ച് സംസ്ഥാനതല കർമപദ്ധതി തയ്യാറാക്കും. ഇതിന്റെഭാഗമായി സേഫ്-ഹാബിറ്റാറ്റ് ഹാക്ക് എന്ന പേരിൽ ഹാക്കത്തൺ സംഘടിപ്പിക്കുമെന്നും മന്ത്രി എ.കെ. ശശീന്ദ്രൻ പത്രസമ്മേളനത്തിൽ അറിയിച്ചു.
ലൈംഗിക ആരോപണ കേസിൽ മുകേഷ് അടക്കം നടൻമാർക്കെതിരായ പരാതികൾ പിൻവലിക്കുകയാണെന്ന് പരാതിക്കാരിയായ നടി . കേസുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘത്തിന് ഉടൻ ഇമെയിൽ അയക്കുമെന്നും, തനിക്ക് സർക്കാരിൽ നിന്നും പിന്തുണ കിട്ടിയില്ലെന്നും തനിക്കെതിരെ ചുമത്തിയ പോക്സോ കേസിൻ്റെ സത്യാവസ്ഥ തെളിയിക്കാൻ സർക്കാർ തയാറായില്ലെന്നും ഇവർ ആരോപിക്കുന്നു. നടന്മാരായ എം മുകേഷ് എംഎൽഎ, മണിയൻപിള്ള രാജു, ഇടവേള ബാബു, ജയസൂര്യ എന്നിവർക്കെതിരെയാണ് നടി ആരോപണവുമായി രംഗത്ത് വന്നത്.
പത്തനംതിട്ടയിലെ നഴ്സിംഗ് വിദ്യാർഥിനി അമ്മു സജീവന്റെ മരണത്തിൽ മൂന്ന് സഹപാഠികൾക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയതിന് നിരവധി തെളിവുകൾ . പ്രതികളായ മൂന്ന് പേരുടെയും വിശദീകരണ കുറിപ്പടക്കം കേസെടുക്കുന്നതിലും അറസ്റ്റ് നടപടികളിലും നിർണായകമായി. അറസ്റ്റിലായ പ്രതികളെ രാവിലെ വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കി. അലീന ദിലീപ്, എ.ടി അക്ഷിത, അഞ്ജന മധു എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ നിരന്തര മാനസിക പീഡനം മൂലമാണ് അമ്മു ജീവനൊടുക്കിയതെന്ന് കുടുംബം മൊഴി നൽകിയിരുന്നു.
അമ്മു സജീവിൻ്റെ മരണത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് കെഎസ്‍യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ സംസ്ഥാന പൊലീസ് മേധാവിക്ക് കത്ത് നൽകി. അമ്മു സജീവിൻ്റെ മരണത്തിൽ അടിമുടി ദുരൂഹതയാണ് നില നിൽക്കുന്നതെന്നും സംഭവത്തിൻ്റെ ഗൗരവം കണക്കിലെടുത്ത് ക്രൈംബ്രാഞ്ചിന് കേസ് കൈമാറണമെന്നുമാണ് കത്തിലെ പ്രധാന ആവശ്യം.
കരുനാഗപ്പള്ളിയിൽ നിന്നും കാണാതായി തൃശൂരിൽ ധ്യാനകേന്ദ്രത്തിൽ നിന്നും കണ്ടെത്തിയ യുവതിയുടെ അമ്മക്കെതിരെ കേസെടുത്തു. അമ്മയുടെ ഉപദ്രവം കാരണമാണ് വീട് വിട്ടിറങ്ങിയതെന്ന് മകൾ കൊരട്ടി പൊലീസിന് മൊഴി നൽകിയിരുന്നു. കൗൺസിലിങിന് ശേഷം യുവതിയെ മാതാപിതാക്കൾക്കൊപ്പം വിട്ടയച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് കേസെടുത്തത്.
മുരിങ്ങൂർ ഡിവൈൻ നഗർ റെയിൽവേ സ്റ്റേഷനിൽ പാളം മുറിച്ച് കടക്കുന്നതിനിടയിൽ രണ്ട് സ്ത്രീകളെ ട്രെയിൻ തട്ടി. ഒരു സ്ത്രീ തൽക്ഷണം മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു. ഡിവൈൻ ധ്യാനകേന്ദ്രത്തിൽ ധ്യാനത്തിന് എത്തിയ കാഞ്ഞങ്ങാട് സ്വദേശിയാണ് മരിച്ചത്.മൂന്നു പേർ ഒരേസമയം ട്രാക്ക് കടക്കുന്നതിനിടയിൽ എറണാകുളം ഭാഗത്ത് നിന്ന് വന്ന ട്രെയിനാണ് ഇടിച്ചത്.
ആത്മകഥാ വിവാദത്തിൽ അന്വേഷണസംഘം മൊഴി രേഖപ്പെടുത്തിയതിനു പിന്നാലെ മാധ്യമങ്ങളോട് പ്രതികരിച്ച് സി.പി.എം നേതാവ് ഇ.പി.ജയരാജൻ. നേരത്തേ വ്യക്തമാക്കിയ കാര്യങ്ങൾ തന്നെയാണ് പോലീസിനോടും പറഞ്ഞതെന്ന് അദ്ദേഹം വ്യക്തമാക്കി. ‘എന്റെ കാര്യങ്ങൾ എനിക്ക് അറിയാം. എപ്പോഴും അത് ഓർമയിൽ ഉള്ളതാണ്. ഞാൻ പരാതി കൊടുത്തു. ..അതിന്റെ അടിസ്ഥാനത്തിൽ മൊഴി നൽകുകയും ചെയ്തു. അത് അന്വേഷണത്തിന്റെ ഭാഗമായ നടപടിയാണ്’, ഇ.പി കൂട്ടിച്ചേർത്തു.
ആംബുലന്‍സിന് വഴി നല്‍കാതെ അപകടകരമായി കാറോടിച്ചെന്ന് പരാതി. കാസര്‍കോട് നിന്ന് രോഗിയുമായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് പോകുന്ന ആംബുലന്‍സിനാണ് വഴി തടഞ്ഞത്. മഡിയന്‍ മുതല്‍ കാഞ്ഞങ്ങാട് വരെ ആംബുലന്‍സിന് മുന്നില്‍ കെഎല്‍ 48 കെ 9888 എന്ന കാര്‍ വഴി തടഞ്ഞ് ഓടിച്ചു. സംഭവത്തിൽ ആംബുന്‍സ് ഡ്രൈവര്‍ മോട്ടോര്‍ വാഹന വകുപ്പിന് പരാതി നല്‍കി.സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് ആർടിഒ രാജേഷ് പറഞ്ഞു.
ശബരിമല തീർഥാടനത്തിനുശേഷം കന്യാകുമാരിയിലേക്കുപോയ തിരുനെൽവേലി സ്വദേശികളുടെ കാറിടിച്ച് ബൈക്ക് യാത്രക്കാരനായ പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു. തിരുവല്ലം പോലീസ് സ്‌റ്റേഷനിലെ സീനിയർ സി.പി.ഒ.യും കാഞ്ഞിരംകുളം വലിയവിള പ്ലാവ്നിന്ന പുത്തൻവീട്ടിൽ ശ്രീനിവാസന്റെയും ലീലയുടെയും മകൻ ശ്രീജിത്ത്(38) ആണ് മരിച്ചത്.
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാതചുഴി തീവ്ര ന്യൂനമർദ്ദമാകുന്നുവെന്ന് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടെയുള്ള ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം.
തെരഞ്ഞെടുപ്പ് ഫലം വരാന്‍ മണിക്കൂറുള്‍ ബാക്കി നിൽക്കെ മഹാരാഷട്രയില്‍ ചരടുവലികളും ചര്‍ച്ചകളും സജീവം . തൂക്കുസഭയെന്ന സംശയമുള്ളതുകൊണ്ട് ഇരുമുന്നണികളും ചെറു പാര്‍ട്ടികളുമായും സ്വതന്ത്രരുമായി ചര്‍ച്ച നടത്തുകയാണ്. മഹാരാഷ്ട്രയിൽ സർക്കാർ രൂപികരിക്കാന്‍ കഴിയുന്ന മുന്നണിക്കൊപ്പം നില്‍ക്കുമെന്ന് വഞ്ചിത് ബഹുജന്‍ അഗാഡി അധ്യക്ഷന്‍ പ്രകാശ് അംബേദ്കർ നിലപാട് വ്യക്തമാക്കി. സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ എക്സിലെ പുതിയ കുറിപ്പിലൂടെയാണ് പ്രകാശ് അംബേദ്കർ നിലപാട് വ്യക്തമാക്കിയത്.
ഡിജിറ്റൽ തട്ടിപ്പിലൂടെ നേടിയ പണം നിക്ഷേപിക്കാനായി ഒരേ ബാങ്കിൽ ബന്ധുക്കളുടെ പേരിൽ തുടങ്ങിയത് 35ഓളം അക്കൌണ്ടുകൾ. ബാങ്ക് മാനേജരുടെ സംശയത്തിൽ കള്ളക്കളി പൊളിഞ്ഞു. സൈബർ തട്ടിപ്പുകാരൻ അറസ്റ്റിലായി. മുംബൈയിലെ കുർളയിലെ പഞ്ചാബ് നാഷണൽ ബാങ്കിലാണ് സംഭവം. വ്യാഴാഴ്ചയാണ് കർജാത് സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തത്.
രാജസ്ഥാന്‍റെ ഉടമസ്ഥതയിലുള്ള ദില്ലിയിലെ പ്രശസ്തമായ ബിക്കാനേര്‍ ഹൗസ് പാട്യാല ഹൗസ് കണ്ടുകെട്ടാൻ കോടതി ഉത്തരവ്. സ്വകാര്യ കമ്പനിക്ക് 50 ലക്ഷം രൂപ നല്‍കാത്തതിനെത്തുടര്‍ന്നാണ് നടപടി.2020 ലാണ് ഒത്തുതീർപ്പിന്‍റെ ഭാഗമായി ഈ കമ്പനിക്ക് 50 ലക്ഷം രൂപ നല്‍കാന്‍ കോടതി ബിക്കനേര്‍ ഹൗസിന്‍റെ ഉടമസ്ഥതയുള്ള രാജസ്ഥാനിലെ നോഖ മുനിസിപ്പല്‍ കൗണ്‍സിലിനോട് ഉത്തരവിട്ടത്.
ഖലിസ്താൻ ഭീകരന്‍ ഹര്‍ദീപ് സിങ് നിജ്ജര്‍ വധത്തെക്കുറിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിയാമായിരുന്നുവെന്ന റിപ്പോര്‍ട്ട് തള്ളി കാനഡ സര്‍ക്കാര്‍. വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍, ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവരെ വധത്തെക്കുറിച്ച് അറിയിച്ചതായുമുള്ള ദി ഗ്ലോബ് ആന്‍ഡ് മെയിലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടാണ് കാനഡ തള്ളിയത്.
വ്യാഴാഴ്ച യുക്രൈനില്‍ നടത്തിയ ആക്രമണത്തില്‍ ഉപയോഗിച്ചത് പുതിയതായി വികസിപ്പിച്ച മധ്യദൂര ഹൈപ്പര്‍സോണിക് മിസൈലാണെന്ന് റഷ്യ. യു.എസ്, ബ്രീട്ടീഷ് മിസൈലുകള്‍ഉപയോഗിച്ച് ഈ ആഴ്ച ആദ്യം റഷ്യയ്‌ക്കെതിരെ നടത്തിയ ആക്രമണങ്ങള്‍ക്കുള്ള തിരിച്ചടിയാണിതെന്നും റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിന്‍ വ്യക്തമാക്കി. രാജ്യവ്യാപകമായി സംപ്രേഷണം ചെയ്ത ടെലിവിഷന്‍ പ്രസംഗത്തില്‍ ആണ് പുതിന്റെ പ്രതികരണം.
വടക്കന്‍ ഗാസയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 66 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ബൈത്ത് ലാഹിയയിലെ കമാല്‍ അദ്‌വാൻ ആശുപത്രിക്ക് സമീപമാണ്ആക്രമണമുണ്ടായത്. കൊല്ലപ്പെട്ടവരില്‍ സ്ത്രീകളും കുട്ടികളുമുണ്ടെന്നാണ് ഹമാസിനോടടുത്ത വൃത്തങ്ങള്‍ പറയുന്നത്. ഗാസയിലെ ഷെയ്ഖ് റദ്‌വാൻ പരിസരത്ത് ഒരു വീടിന് നേരെയുണ്ടായ ആക്രമണത്തില്‍ 22 പേര്‍ കൂടി കൊല്ലപ്പെട്ടതായി ഹമാസ് നടത്തുന്ന സിവില്‍ ഡിഫന്‍സ് ഏജന്‍സി പറയുന്നു.
ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി ആദ്യ ടെസ്റ്റില്‍ ഒന്നാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിക്ക് മുന്‍പില്‍ തകര്‍ന്നടിഞ്ഞ് ഇന്ത്യ. 49.4 ഓവറില്‍ 150 റണ്‍സ് ചേര്‍ക്കുന്നതിനിടെ പത്തുവിക്കറ്റും വീണു. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു ഇന്ത്യ. രോഹിത് ശര്‍മയുടെ അഭാവത്തില്‍ ജസ്പ്രീത് ബുംറയാണ് ക്യാപ്റ്റന്‍. ഓസ്‌ട്രേലിയയെ പാറ്റ് കമിന്‍സാണ് നയിക്കുന്നത്. സ്വന്തം നാട്ടില്‍ ന്യൂസീലന്‍ഡിനോടേറ്റ തോല്‍വിയുടെ ക്ഷീണം തീര്‍ക്കലാണ് ഇന്ത്യയുടെ ലക്ഷ്യം.