സംസ്ഥാനത്തെ റോഡുകളുടെ ദുരവസ്ഥ നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. റോഡുകളുടെ അറ്റകുറ്റപ്രവര്‍ത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാൻ സര്‍ക്കാര്‍ പരാജയപ്പെട്ടതും വിവിധ പദ്ധതികളുടെ ഭാഗമായി കുഴിച്ച റോഡുകള്‍ പൂര്‍വസ്ഥിതിയിലാക്കാത്തതും കാരണം റോഡുകള്‍ ഗതാഗത യോഗ്യമല്ലാതാവുകയും അപകടങ്ങള്‍ വര്‍ധിക്കുകയും ചെയ്യുന്ന ഗുരുതര സാഹചര്യം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് അടിയന്തര പ്രമേയത്തിലൂടെ നജീബ് കാന്തപുരം എംഎല്‍എ ആവശ്യപ്പെട്ടു. അതിനു മറുപടിയായി റോഡുകൾ മികച്ച നിലവാരത്തിലേക്ക് ഉയർത്തുക എന്നതാണ് പിഡബ്ല്യുഡിക്കുള്ളതെന്നും റോഡ് നിർമ്മാണത്തിനൊപ്പം പരിപാലനത്തിനും പരിഗണന നൽകുന്നുണ്ടെന്നും സംസ്ഥാനത്തെ റോഡുകളിൽ ഭൂരിപക്ഷവും ഗതാഗത യോഗ്യമാണെന്നും മന്ത്രി റിയാസ് പറഞ്ഞു.

 

 

വഴി നടക്കാനുള്ള അവകാശം നിഷേധിച്ച സര്‍ക്കാരാണിതെന്നും എത്ര റോഡിലൂടെ എല്ലൊടിയാതെ യാത്ര ചെയ്യാനാകുമെന്നും നജീബ് കാന്തപുരം എം എൽ എ നിയമസഭയിൽ ചോദിച്ചു. യുദ്ധഭൂമിയിലൂടെ പോകുന്നത് പോലെയാണ് നടു റോഡിലൂടെ പോകേണ്ടിവരുന്നതെന്നും, കുഴികള്‍ എണ്ണാനായിരുന്നു മന്ത്രി ആദ്യം പറഞ്ഞത് എന്നാല്‍, ഇപ്പോള്‍ കുളങ്ങള്‍ എണ്ണിയാല്‍ തീരുമോയെന്നും റോഡില്‍ വീണ് സ്ത്രീകള്‍ക്ക് ഗര്‍ഭം പോലും അലസുന്നുവെന്നും ജനിക്കാതെ പോയ ആ കുഞ്ഞിന്റെ കാലനാണ് പൊതുമരാമത്ത് വകുപ്പെന്നും നജീബ് കാന്തപുരം വിമർശിച്ചു.

 

 

സമീപകാല ചരിത്രത്തിലെ ഏറ്റവും മോശം റോഡുകളാണ് കേരളത്തിലെന്നും മന്ത്രി റിയാസിന്റെ മറുപടി യാഥാര്‍ഥ്യവുമായി ബന്ധം ഇല്ലാത്തതെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആരോപിച്ചു. വിഷയം അവതരിപ്പിച്ച നജീബ് കാന്തപുരത്തെ ഗംഗയെന്നും നാഗവല്ലി എന്നുമെല്ലാം റിയാസ് പരിഹസിച്ചതിനെ തുടർന്ന് നജീബ് കാന്തപുരത്തെ വ്യക്തിപരമായി റിയാസ് ആക്ഷേപിച്ചുവെന്നും വിമര്‍ശനങ്ങളെ വ്യക്തിപരമായി എടുക്കേണ്ടെന്നും വിഡി സതീശന്‍ പറഞ്ഞു. മനസ്സില്‍ ഉള്ളത് തുറന്ന് പറയുന്നത് കുഴപ്പം ആയി കാണേണ്ടെന്നും ഇങ്ങോട്ട് നല്ല നിലയില്‍ എങ്കില്‍ അങ്ങോട്ടും നല്ല നിലക്കായിരിക്കുമെന്നും, ഇന്ന് കേരളം യുഡിഎഫ് ആണ് ഭരിച്ചിരുന്നത് എങ്കിൽ കേരളവും ബിഹാറുമായി പാലം പൊളിയുന്നതിൽ ഒരു 20-20 മത്സരം നടന്നേനെയെന്നും മന്ത്രി റിയാസ് പരിഹസിച്ചു.

 

 

 

വിമർശനങ്ങളെ സ്വാഗതം ചെയ്യുന്നുവെന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് പിഎംആര്‍ഷോ. കേരളത്തിലെ ഒരു ക്യാമ്പസിലും ഇടിമുറിയില്ല ഞങ്ങൾ മാധ്യമങ്ങളെ ക്യാമ്പസുകളിലേക്ക് സ്വാഗതം ചെയ്യുന്നു. പരിശോധിക്കാം, വിദ്യാർത്ഥികളോട് ചോദിക്കാം.ഒരു പ്രസംഗത്തിലെ തെറ്റായ പ്രയോഗം പോലും തിരുത്താൻ തയ്യാറാവുകയാണെന്നും ആർഷോ പറഞ്ഞു.

 

 

 

പ്ലസ് വൺ പ്രവേശനത്തിലെ പ്രതിസന്ധി തുടരുന്നതായി റിപ്പോർട്ട്. സപ്ലിമെന്ററി അലോട്ട്മെന്റ് അപേക്ഷകരുടെ എണ്ണം പ്രസിദ്ധീകരിച്ചതോടെ മലപ്പുറത്ത് ഇനിയും സീറ്റ് വേണ്ടത് 16881 പേർക്കാണെന്നാണ് വിവരം. മലപ്പുറത്തു ഇനി ബാക്കി ഉള്ള സീറ്റുകൾ 6937 ആണ്. അതായത് പതിനായിരത്തിലേറെ സീറ്റുകൾ ഇനിയും കണ്ടെത്തണം. എന്നാൽ 7000 ത്തോളം പേർക്കാണ് സീറ്റ് വേണ്ടത് എന്നായിരുന്നു വിദ്യാഭ്യാസ മന്ത്രി പറഞ്ഞത്.

 

 

 

എസ്എഫ്ഐയുടെ രക്തം കുടിക്കാൻ അനുവദിക്കില്ലെന്ന് എ കെ ബാലൻ വ്യക്തമാക്കി. മുന്നണിക്കുള്ളിലുള്ള ആളായാലും പുറത്തുള്ള ആളായാലും ശരി, ഒരു വിദ്യാർഥി സംഘടനയെ പട്ടിയാക്കി പേപ്പട്ടിയാക്കി തല്ലിക്കൊല്ലാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ അത് സമ്മതിക്കില്ലെന്നും എസ്എഫ്ഐയെ വളർത്തിയത് ഞങ്ങളാണ്. വഴിയിൽ കെട്ടിയ ചെണ്ടയല്ല എസ്എഫ്ഐയും സിപിഎമ്മുമെന്ന് എ.കെ.ബാലൻ പറഞ്ഞു. എസ് എഫ് ഐയെ സംബന്ധിച്ചടുത്തോളം തിരുത്തേണ്ടത് തിരുത്താൻ ആ സംഘടനയ്ക്ക് കഴിയുമെന്നും എസ്എഫ്ഐയുടെ പ്രവർത്തനത്തിൽ എന്തെങ്കിലും പിശക് ഉണ്ടായിട്ടുണ്ടെങ്കിൽ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

 

കോര്‍പ്പറേഷന്‍റെ വെല്‍നെസ് സെന്‍ററിന്‍റെ ഉദ്ഘാടന ചടങ്ങിൽ പരസ്പരം പ്രശംസിച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും തൃശൂര്‍ മേയര്‍ എംകെ വര്‍ഗീസും. തന്‍റെ രാഷ്ട്രീയത്തിൽ നിന്ന് വ്യത്യസ്തമായ രാഷ്ട്രീയമാണെങ്കിലും ജനങ്ങൾക്കുവേണ്ടി തന്‍റെ ഫണ്ട് വിനിയോഗിച്ച മേയറെ ആദരിക്കാനും സ്നേഹിക്കാനും മാത്രമാണ് തോന്നുന്നതെന്ന് സുരേഷ് ഗോപിയും, തൃശൂരിന് വേണ്ടി സുരേഷ് ഗോപി വൻ പദ്ധതികൾ കൊണ്ടുവരുമെന്നാണ് പ്രതീക്ഷയെന്നും ജനം സുരേഷ് ഗോപിയെ പ്രതീക്ഷയാടെ കാണുന്നുവെന്നും മേയര്‍ എംകെ വര്‍ഗീസും പ്രസംഗത്തിനിടെ പറഞ്ഞു.

 

 

 

 

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായിരുന്ന ഡോ. വന്ദന ദാസിനെ കൊലപ്പെടുത്തിയ കേസിൽ പ്രതി സന്ദീപിന്‍റെ വിടുതൽ ഹർജി ഹൈക്കോടതി തള്ളി. കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കണമെന്ന പ്രതിയുടെ ആവശ്യം നേരത്തെ വിചാരണക്കോടതി തള്ളിയിരുന്നു. ഇതിനെതിരെയായിരുന്നു ഹൈക്കോടതിയിലെ അപ്പീൽ. അപ്പീൽ തള്ളിയതോടെ വിചാരണയ്ക്കുളള തടസവും നീങ്ങി.

 

 

 

മേയര്‍ ആര്യ രാജേന്ദ്രനുമായുള്ള കേസ് എങ്ങനെയും തേച്ചുമാച്ച് കളയാനുള്ള ശ്രമമാണ് നടക്കുന്നതെന്നും കോടതി ഇടപെടല്‍ ഇല്ലെങ്കില്‍ കേസ് എങ്ങുമെത്താന്‍ പോകുന്നില്ലെന്നും കെ എസ് ആർടിസി ഡ്രൈവർ യദു. അതുകൊണ്ട് കേസിന്റെ കാര്യത്തില്‍ ഒരു തീരുമാനം ആകുന്നതുവരെ മറ്റ് ജോലിക്ക് പോകേണ്ടതില്ല എന്നാണ് ഇപ്പോഴത്തെ തീരുമാനമെന്നും യദു പറഞ്ഞു.

 

 

 

 

ഫോറിൻ മെഡിക്കൽ ഗ്രാജുവേറ്റ് പരീക്ഷയുടെ ചോദ്യപേപ്പറും ഉത്തരങ്ങളും പണം നൽകി വാങ്ങാമെന്ന സോഷ്യൽ മീഡിയ പ്രചരണത്തിനെതിരെ തിരുവനന്തപുരം സിറ്റി പൊലീസിന്റെ അന്വേഷണം ഊർജ്ജിതമാക്കി. സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന തരത്തിൽ ചോദ്യപേപ്പറും ഉത്തരങ്ങളും ആർക്കെങ്കിലും കിട്ടിയതായി ഇതുവരെ തെളിവ് ലഭിച്ചിട്ടില്ല. ഇത്തരം തട്ടിപ്പുകളിൽ പെടാതിരിക്കാനും പണം കൈമാറാതിരിക്കാനുമുള്ള ജാഗ്രത പരീക്ഷാർത്ഥികൾ പുലർത്തണമെന്ന് കേരള പൊലീസ് അഭ്യർഥിച്ചു.

 

 

 

 

കേരള സർവകലശാല കാര്യവട്ടം കാമ്പസിലെ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ എസ് എഫ് ഐ ക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് കേരള സർവകലാശാല വൈസ് ചാൻസലർക്ക് പ്രതിപക്ഷ നേതാവ് വിഡി സതീശൻ കത്ത് നൽകി. എം.എ മലയാളം വിദ്യാര്‍ത്ഥിയും കെഎസ്‌യു ജില്ലാ ജോയിന്‍റ് സെക്രട്ടറിയുമായ സഞ്ചോസിനെ ഹോസ്റ്റൽ ഇടിമുറിയില്‍ ക്രൂരമായി മര്‍ദ്ദിച്ച, എസ്.എഫ്.ഐ നേതാക്കളെ കോളജില്‍ നിന്നും പുറത്താക്കണമെന്നും കാമ്പസിലും ഹോസ്റ്റൽ പരിസരത്തും സി.സി ടി.വി നിരീക്ഷണം കർശനമാക്കാനും സുരക്ഷാ ഉദ്യോഗസ്ഥരുടെയും പൊലീസിൻ്റെയും സാന്നിധ്യം ഉറപ്പാക്കാനും നടപടി വേണമെന്നും പ്രതിപക്ഷ നേതാവ് കത്തിൽ ആവശ്യപ്പെട്ടു.

 

 

 

കുടുംബശ്രീ ജനകീയ ഹോട്ടലുകൾക്ക് സബ്‌സിഡി വിലയ്ക്ക് നൽകിയിരുന്ന അരി നിർത്തലാക്കി സർക്കാർ. ഊണിനു സർക്കാർ നൽകിയിരുന്ന 10 രൂപ സബ്‌സിഡി നിർത്തലാക്കിയതിനു പിന്നാലെ സംസ്ഥാന സർക്കാർ കുടുംബശ്രീ ജനകീയ ഹോട്ടലുകൾക്ക് സബ്‌സിഡി വിലയ്ക്ക് നൽകിയിരുന്ന അരിയും നിർത്തലാക്കി. അരിവില ഉയർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ കുടുംബശ്രീ ജനകീയ ഹോട്ടലുകൾ പൂട്ടേണ്ട ഗതിയിലാണെന്നാണ് റിപ്പോർട്ട്.

 

 

 

എറണാകുളം പനമ്പള്ളി നഗറിൽ കുഞ്ഞിനെ ഫ്ലാറ്റിൽ നിന്ന് എറിഞ്ഞ് കൊലപെടുത്തിയ സംഭവത്തിൽ അറസ്റ്റിലായ യുവതിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ യുവാവ് മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. തൃശൂർ സ്വദേശിയും ഡാൻസ് കൊറിയോഗ്രഫറുമായ യുവാവാണ് ഹർജി നൽകിയത്. തനിക്കെതിരെയുള്ള ആരോപണം തെറ്റാണെന്നും പെണ്‍കുട്ടിയുടെ യഥാർത്ഥ പങ്കാളി താനല്ലെന്നുമാണ് ഹർജിയിൽ പറയുന്നത്. സെഷൻസ് കോടതി നേരത്തെ ഇയാളുടെ മുൻകൂർ ജാമ്യം തള്ളിയിരുന്നു. ഇത് ചോദ്യം ചെയ്താണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

 

 

വനംമേധാവിയെ മാറ്റണമെന്ന ആവശ്യപ്പെട്ട് വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകി. വനം വകുപ്പിലെ ഏകോപനത്തിലും കാര്യക്ഷമമായ ഇടപടലിലും പരാജയപ്പെട്ട ഗംഗാസിംഗിനെ മാറ്റണമെന്നാണ് ആവശ്യം. പക്ഷേ പകരം നിയമിക്കാൻ പ്രിൻസിപ്പൽ ചീഫ് കണ്‍സർവേറ്റർ തസ്തികയിലുള്ള ഉദ്യോഗസ്ഥരില്ലെന്നതാണ് സർക്കാരിനെ കുഴക്കുന്നത്. പിസിസിഎഫായിരുന്ന അമിത് മല്ലിക്കിൻെറ കാലാവധി നീട്ടി വകുപ്പ് മേധാവിയാക്കണമെന്നായിരുന്നു വനംമന്ത്രിയുടെ ശുപാർശ.

 

 

 

മദര്‍ഷിപ്പിനെ സ്വീകരിക്കാൻ വിഴിഞ്ഞം തുറമുഖം പൂർണ സജ്ജമായെന്ന് എംഡി ദിവ്യ എസ് അയ്യര്‍ അറിയിച്ചു. ആയിരത്തിലധികം കണ്ടെയ്നറുകൾ ഉള്ള പടുകൂറ്റൻ കപ്പലാണ് ആദ്യം എത്തുന്നത്. സെപ്തംബര്‍ വരെ വിഴിഞ്ഞത്ത് നടക്കുന്നത് ട്രയൽ റണ്ണാണ്. വാണിജ്യാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം സെപ്തംബറിന് ശേഷം നടക്കുമെന്നും ദിവ്യ എസ് അയ്യര്‍ വ്യക്തമാക്കി.

 

 

തൃശൂർ മനക്കൊടി ഗീവർഗീസ് സഹദായുടെ തീർത്ഥാടന കേന്ദ്രത്തിൽ മോഷണം. കപ്പേളയുടെ ഒരു വശത്തെ ജനൽ ചില്ലുകൾ തകർത്ത നിലയിലാണ്. രൂപക്കൂടിൻ്റെ ഒരു വശവും തകർത്തിട്ടുണ്ട്. ചില്ല് അടിച്ചുടച്ച മോഷ്ടാവ് രൂപത്തിൻ്റെ കഴുത്തിലുണ്ടായിരുന്ന കൊന്തമാല അപഹരിച്ചിട്ടുണ്ട്. ഭണ്ഡാരം കോൺക്രീറ്റ് കട്ട ഉപയോഗിച്ച് തകർക്കാനുള്ള ശ്രമവും നടന്നിട്ടുണ്ട്. രൂപത്തിൻ്റെ കഴുത്തിലുണ്ടായിരുന്ന സ്വർണം പൂശിയ 2 മാലകളാണ് നഷ്ടപ്പെട്ടിട്ടുള്ളതെന്ന് പൊലീസ് പറയുന്നു.

 

 

 

കൊച്ചി ചെല്ലാനത്ത് ഇന്ന് ഹർത്താൽ. ടെട്രാപോഡ് കടൽഭിത്തി വേണമെന്ന ആവശ്യവുമായി ചെല്ലാനം കണ്ണമാലി പ്രദേശത്ത് തീരദേശപാത ഉപരോധിച്ച് രാവിലെ ആറ് മുതൽ വൈകുന്നേരം ആറ് വരെയാണ് ഹർത്താൽ. ചെല്ലാനം മുതൽ പുതിയതോട് വരെ ഏഴ് കിലോമീറ്റർ ദൂരം നിലവിൽ ടെട്രാപോഡ് ഉണ്ട്. ഇവിടെ കടൽക്ഷോഭത്തിന് വലിയ തോതിൽ ആശ്വാസമുണ്ട്. ഇതിന് ശേഷമുള്ള കണ്ണമാലി, ചെറിയ കടവ് അടക്കമുള്ള ഭാഗങ്ങളിൽ കൂടി ടെട്രാപോഡ് വേണമെന്നാണ് ആവശ്യം.

ഒരു വശത്ത് മാത്രമായി ടെട്രാപോഡ് വരുമ്പോൾ മറുവശത്ത് കടൽക്ഷോഭം രൂക്ഷമാകുന്നുവെന്ന് സമര സമിതി പറയുന്നു.

 

 

 

 

കോഴിക്കോട് ബാലുശ്ശേരി സഹകരണ ബാങ്കിന്റെ കളക്ഷൻ ഏജന്റ് സ്വർണവും പണവും തട്ടിയെടുത്തതായി പരാതി. കളക്ഷൻ ഏജന്‍റായ എൻ.കെ. മിനിയാണ് നാട്ടുകാരിൽ നിന്നും 430 പവൻ സ്വർണവും 80 ലക്ഷം രൂപയും തട്ടിയത്. സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗമായ മിനിയെ തട്ടിപ്പ് പുറത്തറിഞ്ഞതോടെ പാർട്ടിയിൽ നിന്നും പുറത്താക്കി. ബാങ്കിൽ പലരുടേതായി വായ്പ തിരിച്ചടക്കാതെ മുടങ്ങിക്കിടക്കുന്ന ഈട് സ്വർണ്ണം ലേലത്തിൽ പിടിക്കാനെന്ന് പറഞ്ഞാണ് തട്ടിപ്പ്. ലേലത്തിൽ പിടിക്കുന്ന സ്വർണ്ണം വിറ്റ് ലാഭം കൈമാറാമെന്നുമായിരുന്നു വാഗ്ദാനം. സഹകരണ ബാങ്കിൽ തന്റെ ജോലി സ്ഥിരപ്പെടുത്താനെന്ന് പറഞ്ഞ് മറ്റു ചിലരിൽ നിന്നും പണവും സ്വർണ്ണവും വാങ്ങി.

 

 

 

ആലപ്പുഴ മാന്നാറിലെ കലയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം കൂടുതൽ സ്ഥലങ്ങളിൽ പരിശോധന നടത്തും. സെപ്റ്റിക് ടാങ്കിൽ നിന്ന് ലഭിച്ച വസ്തുക്കൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചെങ്കിലും ഇനിയും മൃതദേഹവശിഷ്ടങ്ങൾ കണ്ടെത്താൻ ഉണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ. അനിൽകുമാറിൻ്റെ വീടിൻ്റെ പരിസരത്ത് ഭൂമിക്ക് അടിയിൽ ടാങ്കോ മറ്റെന്തെങ്കിലും നിർമാണങ്ങളോ ഉണ്ടോ എന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്.

 

 

 

 

മലമ്പുഴയിൽ കർഷകൻ ജീവനൊടുക്കി. പച്ചക്കറി കർഷകനായ പി.കെ വിജയനാണ് കടബാധ്യതയെ തുടർന്ന് ജീവനൊടുക്കിയത്. കൃഷി ആവശ്യങ്ങൾക്കായി വിവിധ ബാങ്കുകളിൽ നിന്നായി 10 ലക്ഷം രൂപ വിജയൻ കടമെടുത്തിരുന്നു. പച്ചക്കറി കൃഷി നഷ്ടത്തിലായതോടെ തിരിച്ചടവ് പലപ്പോഴും മുടങ്ങി. ഇതിൻ്റെ മാനസിക പ്രശ്നത്തിലാണ് ആത്മഹത്യയെന്ന് ബന്ധുക്കൾ പറഞ്ഞു.

 

 

ഛത്തിസ്ഗഡിലെ ചമ്പയിൽ കിണറിനുള്ളിലെ വിഷവാതകം ശ്വസിച്ച് 5 പേർക്ക് ദാരുണാന്ത്യം. കിണറ്റിലെ തടിക്കഷ്ണം പുറത്തെടുക്കാൻ ഇറങ്ങിയവരാണ് മരിച്ചത്. ആദ്യം കിണറിൽ വീണ് ബോധരഹിതനായ ആളെ രക്ഷിക്കുന്നതിനിടെയാണ് മറ്റു 4 പേരും മരിച്ചത്. രാമചന്ദ്രൻ ജെയ്സ്വാൾ, അമീഷ് പട്ടേൽ, രാജഷ് പട്ടേൽ, ജിതേന്ദ്ര പട്ടേൽ, തികേശ്വ‍ർ പട്ടേൽ എന്നിവരാണ് മരിച്ചത്.

 

 

കേന്ദ്രസർക്കാരിനും ബിജെപിക്കും എതിരെ വിമർശനവുമായി നടൻ പ്രകാശ് രാജ്.

2014-ന് ശേഷം ഉദ്ഘാടനം ചെയ്യുകയോ പണികഴിപ്പിക്കുകയോ ചെയ്ത പാലം, കെട്ടിടങ്ങൾ, വിമാനത്താവളങ്ങൾ, ആശുപത്രികൾ തുടങ്ങിയവയുടെ അടുത്തേയ്ക്കൊന്നും പോകരുതെന്ന് പ്രകാശ് രാജ് കുറിച്ചു. മൺസൂൺ മുന്നറിയിപ്പ് എന്ന് പറ‍ഞ്ഞുകൊണ്ടാണ് താരത്തിൻ്റെ കുറിപ്പ് ആരംഭിക്കുന്നത്.

ഭാവിയില്‍ ഛിന്നഗ്രഹങ്ങള്‍ ഭൂമിയില്‍ പതിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും അവയെ പ്രതിരോധിക്കാന്‍ സാങ്കേതികവിദ്യകള്‍ വികസിപ്പിക്കാന്‍ ലോകം ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. ആര്‍ സോമനാഥ്. 99942 അപ്പോഫിസ് എന്ന ഛിന്നഗ്രഹം 2029 ഏപ്രില്‍ 13ന് ഭൂമിക്ക് വളരെ അടുത്തുകൂടെ കടന്നുപോകാനിരിക്കേയാണ് ഐഎസ്ആര്‍ഒ ചെയര്‍മാന്‍റെ വാക്കുകള്‍. 2036ല്‍ ഈ ഛിന്നഗ്രഹം വീണ്ടും ഭൂമിക്ക് അടുത്തെത്തുമെന്നാണ് ശാസ്ത്ര‌ലോകം കണക്കാക്കുന്നത്.

 

 

 

ബ്രിട്ടനിൽ വമ്പൻ ഭൂരിപക്ഷത്തോടെ ലേബർ പാർട്ടി അധികാരത്തിലെത്തി. 650 അംഗ പാര്‍ലമെന്റിൽ നാനൂറിലേറെ സീറ്റുകളാണ് ലേബർ പാർട്ടി നേടിയത്. കെയ്ർ സ്റ്റാർമർ ആണ് പുതിയ പ്രധാനമന്ത്രി. ഈ നിമിഷം മുതൽ മാറ്റം ആരംഭിക്കുന്നുവെന്നും, മാറ്റത്തിനായി പൊരുതിയവർക്ക് നന്ദിയെന്നും വിജയം നേടിയ ശേഷം നിയുക്ത ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയും കുടിയേറ്റവും ആരോഗ്യമേഖലയും മുഖ്യ ചർച്ചാവിഷയങ്ങളായ തെരഞ്ഞെടുപ്പിൽ ഋഷി സുനകിന്റെയും കൺസർവേറ്റിവ് സർക്കാരിന്റെയും നയങ്ങൾ ജനം പാടെ തള്ളുകയായിരുന്നു. ഒട്ടേറെ മുതിർന്ന കൺസർവേറ്റിവ് നേതാക്കൾ പരാജയപ്പെട്ടപ്പോൾ ഋഷി സുനക്കിന് റിച്ച്മണ്ട് ആൻഡ് നോർതലേർട്ടൻ സീറ്റ് നിലനിർത്താനായി എന്നത് മാത്രമാണ് ആശ്വാസം. കൺസർവേറ്റിവ് പാർട്ടിയുടെ പരാജയത്തിന്റെ പൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി ഋഷി സുനക് പ്രതികരിച്ചു.

 

 

ബ്രിട്ടീഷ് പാർലമെന്റ് അംഗമായി വിജയിച്ചവരിൽ മലയാളിയും. കോട്ടയം കൈപ്പുഴ സ്വദേശി സോജൻ ജോസഫാണ് ആഷ് ഫെഡ് സീറ്റിൽ നിന്ന് ലേബർ പാർട്ടി സ്ഥാനാർത്ഥിയായി വിജയിച്ചത്. ബ്രിട്ടന്റെ ആരോഗ്യ സർവീസിൽ മെന്റൽ ഹെൽത്ത് നഴ്‌സിംഗ് മേധാവിയാണ് സോജൻ ജോസഫ്. കൺസർവേറ്റീവ് പാർട്ടിയുടെ സീറ്റ് 1,779 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് സോജൻ പിടിച്ചെടുത്തത്.

 

 

ഹാത്രാസ് ദുരന്തത്തിൽ പരിക്കേറ്റവരെയും മരിച്ചവരുടെ കുടുംബാംഗങ്ങളെയും രാഹുൽ ഗാന്ധി സന്ദർശിച്ചു. കൃത്യമായ അന്വേഷണം നടത്തണമെന്നും അപകടത്തിൽപ്പെട്ടവർക്കുള്ള ധനസഹായം വർധിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഹാത്രസ് ദുരന്തത്തിന് ഉത്തരവാദി യുപി സർക്കാരാണ്. യോഗി സർക്കാരിന്‍റെ ഭാഗത്ത് ഉണ്ടായത് ഗുരുതര വീഴ്ചയാണെന്നും രാഹുൽ ഗാന്ധി വിമർശിച്ചു.

 

 

 

നീറ്റ്, നെറ്റ് പരീക്ഷകളുടെ ചോദ്യ പേപ്പർ ചോർന്നതിനെ തുടർന്ന് സംസ്ഥാനങ്ങളുടെ സഹകരണം ആവശ്യപ്പെട്ട് കേന്ദ്രം. പരീക്ഷ കേന്ദ്രങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ രണ്ട് നിരീക്ഷകരെ സംസ്ഥാനങ്ങൾ നിയോഗിക്കണമെന്ന് കേന്ദ്രം നിർദ്ദേശിച്ചു. ഇതിലൊരാൾ പൊലീസ് ഉദ്യോഗസ്ഥനാകണമെന്നും, സംസ്ഥാനതലത്തിൽ ഏകോപനത്തിന് ഒരാൾക്ക് ചുമതല നൽകണമെന്നും കേന്ദ്രം നിർദ്ദേശിച്ചു. പരീക്ഷ കേന്ദ്രങ്ങളിൽ നിലവിൽ എൻടിഎ തന്നെയാണ് നിരീക്ഷണത്തിന് പ്രതിനിധികളെ നിയോഗിച്ചിരുന്നത്. ഇത് മാറ്റി സംസ്ഥാനങ്ങൾക്ക് കൂടി പങ്കാളിത്തം നൽകാനാണ് കേന്ദ്രം ശ്രമിക്കുന്നത്.

 

 

വിമാനത്തിലെ യാത്രക്കാർക്ക് പുലർച്ചെ നൽകിയത് പഴകിയ ഭക്ഷണം. അവശരായ യാത്രക്കാരുമായി വിമാനം എമർജൻസി ലാൻഡിംഗ് നടത്തി. ബുധനാഴ്ച പുലർച്ചെ ഡിട്രോയിറ്റിൽ നിന്നും ആംസ്റ്റർഡാമിലേക്ക് പുറപ്പെട്ട വിമാനം അടിയന്തരമായി വഴി തിരിച്ച് വിട്ടത്. ഡെൽറ്റ എയർ ലൈനിന്റെ വിമാനത്തിലാണ് അസാധാരണ സംഭവമുണ്ടായത്. 277 യാത്രക്കാരാണ് ഡെൽറ്റ 136 എന്ന വിമാനത്തിലുണ്ടായിരുന്നത്. ഇതിൽ 70ലേറെ പേർക്ക് ഭക്ഷ്യ വിഷബാധയേറ്റതായാണ് റിപ്പോർട്ട്. അവശരായ യാത്രക്കാർക്ക് ചികിത്സ ലഭ്യമാക്കി. ഡെൽറ്റ വിമാനകമ്പനി സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

 

 

 

കോപ്പ അമേരിക്കയിൽ ഇക്വഡോറിനെ തോൽപ്പിച്ച് അര്‍ജന്‍റീന സെമിയിലെത്തി. പെനല്‍റ്റി ഷൂട്ടൗട്ടിലാണ് അര്‍ജന്‍റീനയുടെ ജയം. നിശ്ചിത സമയത്ത് 1-1ന് സമനിലയിലായ മത്സരത്തില്‍ ഷൂട്ടൗട്ടില്‍ നേടിയ 4-2 ജയത്തോടെയാണ് മെസ്സിയുടെയും സംഘത്തിന്റെയും സെമി പ്രവേശനം. ക്യാപ്റ്റന്‍ ലിയോണല്‍ മെസി പെനല്‍റ്റി കിക്ക് നഷ്ടമാക്കിയെങ്കിലും ഷൂട്ടൗട്ടില്‍ ഇക്വഡോറിന്‍റെ രണ്ട് താരങ്ങളുടെ കിക്ക് തടുത്തിട്ട ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസിന്‍റെ കരുത്തിലാണ് അര്‍ജന്‍റീന സെമിയിലെത്തിയത്. മെസ്സിയുടെ പനേങ്ക കിക്ക് ബാറിലിടിച്ച് മടങ്ങുകയായിരുന്നു. ജൂലിയന്‍ അല്‍വാരസ്, മാക് അലിസ്റ്റര്‍, ഗോണ്‍സാലോ മൊണ്ടിയെല്‍, നിക്കോളാസ് ഒട്ടമെന്‍ഡി എന്നിവര്‍ അര്‍ജന്റീനയ്ക്കായി ലക്ഷ്യം കണ്ടു. ഏയ്ഞ്ചല്‍ മെന, അലന്‍ മിന്‍ഡ എന്നിവരുടെ കിക്കുകള്‍ തടുത്തിട്ടാണ് മാര്‍ട്ടിനസ് രക്ഷകനായത്. എക്വഡോറിനായി ജോണ്‍ യെബോയും ജോര്‍ഡി കായ്‌സെഡോയും ലക്ഷ്യം കണ്ടെങ്കിലും ഫലമുണ്ടായില്ല.

 

 

 

.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *