Untitled design 20240624 134401 0000

കേരള സര്‍വകലാശാല കാര്യവട്ടം ക്യാമ്പസില്‍ പുറത്തു നിന്നുള്ള ആൾക്കാര്‍ കെഎസ് യു ക്കാർക്ക് ഒപ്പം എത്തിയതാണ് സംഘർഷത്തിന് കാരണമായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പതിനഞ്ചോളം എസ്എഫ്ഐ പ്രവർത്തകക്കെതിരെയും, ഇരുപതോളം കെഎസ്‌യു യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് എതിരെയും കേസെടുത്തിട്ടുണ്ട്. രാഷ്ട്രീയ വിവേചനം ഇല്ലാതെയാണ് പൊലീസ് നടപടികൾ എടുത്തതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. എം വിന്‍സെന്‍റിന്‍റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.

 

 

 

 

എസ്എഫ്ഐയുടെ അതിക്രമങ്ങളെ ന്യായീകരിക്കുന്ന നടപടിയാണ് എന്നും മുഖ്യമന്ത്രി സ്വീകരിച്ചിട്ടുള്ളതെന്ന് എം വിന്‍സന്‍റ് പറഞ്ഞു. എസ്എഫ്ഐക്ക് മുഖ്യമന്ത്രി രാഷ്ട്രീയ പിന്തുണ നൽകുന്നു. ഇതിനുള്ള ചുട്ട മറുപടിയാണ് പാർലമെന്‍റ് തിരഞ്ഞെടുപ്പിലെ റിസൾട്ട്. സിദ്ധാർഥന്‍റെ മരണത്തിലെ പ്രതികൾക്ക് പരീക്ഷ എഴുതാൻ വരെ സൗകര്യം ചെയ്തു കൊടുത്തുവെന്നും എം വിൻസന്റ് പറഞ്ഞു. എന്നാൽ എസ്എഫ്ഐ പ്രവർത്തകരായതു കൊണ്ട് മാത്രം 35 എസ്എഫ്ഐക്കാർ കൊല ചെയ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി മറുപടി പറഞ്ഞു. ഇത്തരത്തിൽ ഏതെങ്കിലും ഒരു അനുഭവം കെഎസ്‌യുവിന് പറയാനുണ്ടോയെന്നും, പ്രതിപക്ഷം ബഹളം വെച്ചതുകൊണ്ടോ അവർക്ക് വേണ്ടി മാധ്യമങ്ങൾ ബഹളം വച്ചത് കൊണ്ടോ വസ്തുത വസ്തുതയല്ലാതാകില്ല എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

 

 

 

 

 

കാര്യവട്ടം ക്യാമ്പസില്‍ പുറത്തു നിന്നുള്ള ആൾക്കാര്‍ കെ എസ് യു ക്കാർക്ക് ഒപ്പം എത്തിയതാണ് സംഘർഷത്തിന് കാരണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിയമസഭയിലെ പ്രസംഗത്തിന് മറുപടിയായി നെറികെട്ട രാഷ്ട്രീയത്തിന്റെ ഇങ്കുബേറ്ററിൽ വിരിയിക്കുന്ന ഗുണ്ടപട നിങ്ങളെയും കൊണ്ടേ പോകുവെന്ന് എസ്എഫ്ഐയെ കുറിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. ആശുപത്രിയിൽ കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ടാണ് കെഎസ്‌യു ധർണയിരുന്നത്, ശ്രീകാര്യം സ്റ്റേഷനിൽ എന്തിനാണ് എസ്എഫ്ഐക്കാർ വന്നതെന്നും, കൊയിലാണ്ടി കോളേജിൽ പ്രിൻസിപ്പലിനെ വരെ എസ്എഫ്ഐ ആക്രമിച്ചു. പ്രിൻസിപ്പാളിന്റെ രണ്ട് കാലും കൊത്തിയെടുക്കുമെന്നാണ് എസ്എഫ്ഐയുടെ ഏരിയ സെക്രട്ടറി പറഞ്ഞതെന്നും വിഡി സതീശൻ പറഞ്ഞു.

 

 

 

സ്ഥാനത്തിന് ചേരാത്ത പ്രസംഗമാണ് മുഖ്യമന്ത്രി സഭയിൽ നടത്തിയതെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ. മുഖ്യമന്ത്രി നിങ്ങൾ മഹാരാജാവല്ല നിങ്ങൾ കേരളത്തിന്റെ മുഖ്യമന്ത്രിയാണെന്ന് മറക്കരുതെന്നും വിഡി സതീശൻ പറഞ്ഞു. എന്നാൽ ഞാൻ മഹാരാജാവല്ലെന്നും ജനങ്ങളുടെ ദാസനാണെന്നും എല്ലാകാലത്തും ജനങ്ങൾക്കൊപ്പമാണ് ജനങ്ങൾക്ക് വേണ്ടി എന്തും ചെയ്യുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകി. ഇതോടെ മുഖ്യമന്ത്രി മഹാരാജാവ് അല്ലെന്ന് വീണ്ടും ജനങ്ങൾ ഓർമപ്പെടുത്തുന്നുവെന്നായിരുന്നു വിഡി സതീശൻ നൽകിയ മറുപടി.

 

 

 

 

 

ഇത് കേരളമാണോയെന്ന പ്രതിപക്ഷ നേതാവിന്റെ ചോദ്യത്തെ തുടർന്ന് സഭയിൽ ഭരണപക്ഷ ബഹളം. 29 വർഷം സിപിഎമ്മിന്റെ അധ്യാപക സംഘടനയിൽ പ്രവർത്തിച്ച ആളാണ് എസ്എഫ്ഐയുടെ അതിക്രമമൂലം ബിജെപിയിലെത്തിയത്. അവരായിരുന്നു ആലത്തൂരിലെ സ്ഥാനാർഥിയെന്നും വിഡി സതീശൻ പറഞ്ഞു. ബഹളമായതോടെ സ്പീക്കർ ഇടപെട്ടുവെങ്കിലും മുഴുവൻ പറഞ്ഞിട്ടെ പോകുവെന്ന് വിഡി സതീശൻ വ്യക്തമാക്കി. ഫാസിസ്റ്റ് കഴുകൻ കൂട്ടങ്ങൾ എന്നാണ് ജനയുഗം എസ്എഫ്ഐക്കാരെ വിശേഷിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

 

 

 

 

നിയമസഭയിൽ ഭരണപക്ഷവും പ്രതിപക്ഷവും വാക്കേറ്റമായതോടെ ഇരുപക്ഷവും സഭയുടെ നടുത്തളത്തിന് അരികിലേക്കിറങ്ങി. സഭയിൽ നിന്നും ഇറങ്ങി പോകുമെന്ന് പ്രതിപക്ഷ നേതാവ് പറയാതിരുന്നതോടെ വാക്കോവർ നടത്തുകയാണോ എന്ന് പ്രതിപക്ഷ നേതാവിനോട് സ്പീക്കർ ആവർത്തിച്ച് ചോദിച്ചു. എന്നാൽ വി ഡി സതീശൻ മറുപടി നൽകിയില്ല. ഇതോടെ പ്രതിപക്ഷ നേതാവ് ചെയറിനെ ഭീഷണിപ്പെടുത്തുന്നുവെന്ന് എംബി രാജേഷ് മറുപടി നൽകി. ചെയറിന് നേരെ ആക്ഷേപസ്വരങ്ങൾ ചൊരിയുന്നത് ശരിയല്ലെന്ന് സ്പീക്കറും മറുപടി നൽകി. പരാതികൾ ഉണ്ടെങ്കിൽ ചേമ്പറിൽ വന്നു പറയണമെന്നും സ്പീക്കർ നിിർദ്ദേശിച്ചതോടെ പ്രതിപക്ഷം പ്ലക്കാർഡ് ഉയർത്തി നടുത്തളത്തിലിറങ്ങി പ്രതിഷേധമായി. പിന്നാലെ നടപടികൾ വേഗത്തിലാക്കി സഭ ഇന്നത്തേക്ക് പിരിഞ്ഞു.

 

 

 

എസ് എഫ് ഐ ക്കെതിരെ വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വം. എസ് എഫ് ഐ തുടരുന്നത് പ്രാകൃതമായ സംസ്കാരമാണ്, പുതിയ എസ് എഫ് ഐ ക്കാർക്ക് ഇടതുപക്ഷം എന്ന വാക്കിന്‍റെ അർത്ഥം അറിയില്ല. ആശയത്തിന്‍റെ ആഴം അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. കാര്യങ്ങൾ ശരിയായി പഠിപ്പിക്കണം, നേർവഴിക്ക് നയിക്കണം. തിരുത്തിയില്ലെങ്കിൽ ഇടതുപക്ഷത്തിന് ബാധ്യതയാകുമെന്നും എസ് എഫ് ഐ തിരുത്തിയേ തീരു എന്നും അദ്ദേഹം പറഞ്ഞു. കാര്യവട്ടം ക്യാംപസിലെ ഇടിമുറി ആക്രമണവും, കൊയിലാണ്ടി ഗുരുദേവ കോളേജിലെ പ്രിന്‍സിപ്പലിനെ അടിക്കുകയും ഭീഷണി പ്രസംഗം നടത്തുകയും ചെയ്ത സംഭവങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

 

 

 

പോരായ്മകളും കുറവുകളും പരിഹരിച്ച് പാർട്ടി തിരിച്ചു വരുമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഇതിന് മുൻപും സിപിഎമ്മിന് തിരിച്ചടിയേറ്റിട്ടുണ്ട്. അന്നും പോരായ്‌മകൾ പരിഹരിച്ച് പാര്‍ട്ടി തിരിച്ചു വന്നിട്ടുണ്ട്. അത് ഇനിയും തുടരും. സംസ്ഥാനത്ത് സിപിഎം എങ്ങനെ മുന്നോട്ട് പോകണമെന്നത് സംസ്ഥാന കമ്മിറ്റി ചര്‍ച്ച ചെയ്യും. ഉചിതമായ തീരുമാനവും ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.

 

 

 

എസ്.എഫ്.ക്കെതിരെ വിമർശനം ഉന്നയിച്ച അധ്യാപികയ്ക്ക് പെൻഷൻ നിഷേധിക്കുന്നതായി പരാതി. കാസർകോട് ഗവൺമെന്‍റ് കോളേജ് മുൻ പ്രിൻസിപ്പൽ എം. രമയാണ് പരാതി ഉന്നയിച്ചത്. ഹൈക്കോടതി വിധിയുണ്ടായിട്ടും രാഷ്ടീയ ഇടപെടൽ കാരണമാണ് പെൻഷൻ നിഷേധിക്കുന്നതെന്നും കോളേജിൽ ഇപ്പോഴും ക്രമക്കേടുകൾ നടക്കുന്നുണ്ടെന്നും രമ ആരോപിച്ചു. എസ്.എഫ്.ഐയും ഇടത് അധ്യാപക സംഘടനകളുമാണ് തന്നെ വേട്ടയാടുന്നതെന്നും അവര്‍ പറഞ്ഞു.

 

 

 

മാന്നാറിൽ കൊല്ലപ്പെട്ട കലയുടെ മൃതദേഹം ആദ്യം ആറ്റിൽ കളയാനാണ് പ്രതികൾ തീരുമാനിച്ചതെന്ന് സൂചന. ഇതിനാണ് വലിയ പെരുമ്പുഴ പാലത്തിനടുത്ത് മൃതദേഹം കാറിൽ എത്തിച്ചതെന്നും എന്നാൽ സാഹചര്യം അനുകൂലമല്ലാത്തതിനാൽ മൃതദേഹം ആറ്റിലുപേക്ഷിച്ചില്ല. പിന്നീട് മൃതദേഹം വീട്ടിലെത്തിച്ച് സെപ്റ്റിക് ടാങ്കിൽ ഉപേക്ഷിക്കുകയായിരുന്നു. എന്നാൽ മൃതദേഹം സെപ്റ്റിക് ടാങ്കിൽ നിന്ന് മാറ്റിയതായും പൊലീസ് ഇപ്പോൾ സംശയിക്കുന്നുണ്ട്. 15 വർഷത്തിനിടെ രണ്ട് തവണ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കിയിരുന്നുവെന്നാണ് കണ്ടെത്തൽ. സെപ്റ്റിക് ടാങ്കിൽ നിന്ന് ലഭിച്ച വസ്തുക്കൾ കോടതിക്ക് കൈമാറി. ചെങ്ങന്നൂർ ഡിവൈഎസ്പി നേതൃത്വം നൽകുന്ന പ്രത്യേക അന്വേഷണ സംഘം പോലിസ് കസ്റ്റഡിയിൽ ഉള്ള മൂന്ന് പ്രതികളെയും ചോദ്യം ചെയ്യുന്നത് തുടരുകയാണ്.

 

 

 

മാന്നാര്‍ കല കൊലക്കേസില്‍ ഡിഎന്‍എ സാമ്പിള്‍ സെപ്റ്റിക് ടാങ്കില്‍ നിന്നും ലഭിക്കാന്‍ സാധ്യതയില്ലെന്ന് മുതിര്‍ന്ന പൊലീസ് ഫോറന്‍സിക് സര്‍ജൻ വ്യക്തമാക്കി. എന്നാല്‍ വസ്ത്രത്തിന്റെ ഇലാസ്റ്റിക്, അസ്ഥിയുടെ ഭാഗം തുടങ്ങി ലഭിച്ചിരിക്കുന്ന വസ്തുക്കള്‍ ഈ കേസില്‍ അമൂല്യമാകും. മാപ്പു സാക്ഷി, സാഹചര്യതെളിവുകള്‍, ശക്തമായ മൊഴികള്‍ തുടങ്ങിയ ഘടകങ്ങള്‍ കൊണ്ട് കുറ്റം തെളിയിക്കാന്‍ പൊലീസിന് കഴിയുമെന്നും സർജൻ പറഞ്ഞു.

 

 

 

പത്താം ക്ലാസ് പാസായ കുട്ടികൾക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന മന്ത്രി സജി ചെറിയാൻ്റെ പ്രസ്താവന സംസ്ഥാന സര്‍ക്കാരിന്റെ നിലപാടല്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിയമസഭയിൽ വ്യക്തമാക്കി. മന്ത്രി സജി ചെറിയാൻ പ്രസംഗത്തിന്റെ ഒരു ഒഴുക്കിനു വേണ്ടി പറഞ്ഞതാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. കഷ്ടപ്പെട്ട് പഠിച്ചാണ് കുട്ടികൾ പത്താം ക്ലാസ് പരീക്ഷ പാസാകുന്നത്. അതുകൊണ്ടാണ് അവര്‍ക്കെല്ലാം പ്ലസ് ടു പഠനത്തിനുള്ള അവസരം സര്‍ക്കാര്‍ ഒരുക്കിയതെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു.

 

 

 

പത്താം ക്ലാസ് പാസായ ചില കുട്ടികൾക്ക് എഴുതാനും വായിക്കാനും അറിയില്ല എന്നാണ് താൻ പറഞ്ഞതെന്നും പറഞ്ഞ കാര്യത്തിൽ ഉറച്ചു നിൽക്കുന്നുവെന്നും മന്ത്രി സജി ചെറിയാൻ സഭയിൽ വ്യക്തമാക്കി. വീടിനടുത്തുള്ള വിഷ്ണുരാജ് എന്ന് പേരുള്ള ഒരു കുട്ടി വീട്ടിൽ വന്ന് തനിക്കൊരു അപേക്ഷ തന്നു. അതിൽ നിരവധി അക്ഷരത്തെറ്റ് കണ്ടു, അത് കണ്ടപ്പോൾ വിഷമം തോന്നിയെന്നും അതാണ് എഴുത്തും വായനയും അറിയാത്ത ചില കുട്ടികളുണ്ടെന്ന് പ്രസംഗത്തിൽ പറയാൻ കാരണം അത് മൊത്തത്തിൽ കേരളത്തിൽ പ്രശ്നമാക്കേണ്ടതില്ല. താനൊരു വിഷയം പറഞ്ഞു, ജനാധിപത്യ രാജ്യമല്ലേ ചർച്ചകൾ നടക്കട്ടെയെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു.

 

 

 

കേരളത്തിലെ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ക്ക് റേറ്റിങ് കൊണ്ടുവരുമെന്ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ഇതിന്റെ ട്രയല്‍ തിരുവനന്തപുരം ജില്ലയില്‍ നടത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സഞ്ചാരികള്‍ എത്തിചേരുന്ന ഇടങ്ങളില്‍ ക്യു.ആര്‍. കോഡ് സ്‌കാന്‍ ചെയ്ത് അവിടുത്തെ സൗകര്യങ്ങളെ റേറ്റ് ചെയ്ത് അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ സാധിക്കും. ഈ നിലയില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ നിലവാരം നമുക്ക് വര്‍ധിപ്പിക്കാനാകുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

 

 

പാലക്കാട് സിപിഐ ജില്ലാ എക്സിക്യൂട്ടീവി ൽ എംഎൽഎയും സിപിഐയുടെ യുവനേതാവുമായ മുഹമ്മദ് മുഹ്സീനെതിരെ വിമർശനം. ജില്ലയിൽ വിഭാഗീയതയ്ക്ക് നേതൃത്വം നൽകുന്നത് മുഹ്സീനാണെന്നും, സംഘടനയ്ക്ക് അതീതനായി പ്രവർത്തിക്കുന്നു, പാർട്ടി യോഗങ്ങളിൽ തുടർച്ചയായി പങ്കെടുക്കുന്നില്ലെന്നുമാണ് വിമര്‍ശനം. സംഘടനാ വ്യവസ്ഥയ്ക്ക് കീഴ്പ്പെട്ട് പ്രവർത്തിക്കാൻ മുഹമ്മദ് മുഹ്സീൻ എംഎൽഎ തയ്യാറാകണമെന്നും പാര്‍ട്ടിയുടെ ജില്ലാ എക്സിക്യുട്ടീവ് യോഗത്തിൽ നേതാക്കൾ ആവശ്യപ്പെട്ടു.

 

 

 

 

മലപ്പുറം തിരൂരങ്ങാടിയിൽ വ്യാജ ആർ സി നിർമ്മാണവുമായി ബന്ധപ്പെട്ട കേസിൽ അഞ്ച് വാഹനങ്ങൾ പൊലീസ് കസ്റ്റഡിയിലെടുത്തു. താനൂർ ഡിവൈഎസ്‌പി വി.വി ബെന്നിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. പൊലീസ് സംഘം ആര്‍ടി ഓഫീസിലെത്തി വിവരങ്ങൾ ശേഖരിച്ചു. ഓൺലൈനായാണ് ആര്‍സി ബുക്കിലെ പേര് മാറ്റിയതെന്നും മോട്ടോര്‍ വാഹന വകുപ്പിൻ്റെ വെബ്സൈറ്റിലെ പഴുത് ഉപയോഗിച്ച് കൃത്രിമം കാണിച്ചുവെന്നുമാണ് ആർടിഒ ഓഫീസിൽ നിന്ന് പൊലീസിന് നൽകിയ വിവരം.

 

 

 

 

എഞ്ചിനീയറിംഗ് പരീക്ഷയിലെ കൂട്ടത്തോൽവിയിൽ നടപടിക്കൊരുങ്ങി സാങ്കേതിക സർവകലാശാല. വിജയശതമാനം തീരെ കുറഞ്ഞ കോളേജുകൾ അടച്ച് പൂട്ടാനുള്ള നിർദ്ദേശം നൽകിയേക്കും. 15 സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കാനാണ് നീക്കം. സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജ് മാനേജ്മെന്റുകളുമായി സർവകലാശാല ഇന്ന് ചർച്ച നടത്തും. 53 ശതമാനമായിരുന്നു ഇത്തവണ കെടിയു അവസാന വർഷ ബി.ടെക്ക് പരീക്ഷയിലെ വിജയ ശതമാനം.

 

 

 

 

നഗരസഭാ അധ്യക്ഷ പദം രാജിവെക്കില്ലെന്ന് സനീഷ് ജോര്‍ജ്ജ്. താൻ നിരപരാധിയാണെന്നും ഇക്കാര്യം സിപിഎം നേതൃത്വത്തെ ബോധ്യപ്പെടുത്തുമെന്നും പറഞ്ഞ അദ്ദേഹം രാജിവെക്കേണ്ട ആവശ്യം തത്കാലം ഇല്ലെന്നും വ്യക്തമാക്കി. രാജിവെച്ചാൽ താൻ അഴിമതിക്കാരനാണെന്ന് മുദ്രകുത്തപ്പെടും. തനിക്കെതിരായ കേസിൽ ഗൂഢാലോചനയുണ്ടോയെന്ന് ഇപ്പോൾ പറയുന്നില്ല. കൈക്കൂലി നൽകാൻ പറഞ്ഞെന്ന ആരോപണത്തെ കുറിച്ച് ഒന്നും പറയുന്നില്ലെന്നും ഇതെല്ലാം കോടതിയുടെ പരിഗണനയിലാണെന്നും സനീഷ് ജോര്‍ജ്ജ് പ്രതികരിച്ചു.

 

 

 

 

 

പാലക്കാട് തച്ചംമ്പാറയിൽ സിപിഐ പഞ്ചായത്തംഗം രാജിവെച്ച് ബിജെപിയിൽ ചേർന്നു. നാലാം വാർഡ് കോഴിയോട് പഞ്ചായത്തംഗവും സിപിഐ ലോക്കൽ സെക്രട്ടറിയും ജില്ലാ കൗൺസിൽ അംഗവുമായ ജോർജാണു രാജി വെച്ചത്. പാലക്കാട് ബിജെപി ജില്ല കമ്മിറ്റി ഓഫീസിൽ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനാണ് അംഗത്വം നൽകി സ്വീകരിച്ചത്.

 

 

 

എറണാകുളം കളമശ്ശേരിയിൽ പൊതുസ്ഥലത്ത് മാലിന്യം തള്ളാൻ എത്തിയവരെ നാട്ടുകാർ പിടികൂടി. ഇന്ന് പുലര്‍ച്ചെ മൂന്നരയോടെ കളമശേരി നഗരസഭയിലെ 12ാം വാര്‍ഡിലാണ് ഫർണിച്ചർ കടയിൽ നിന്നുള്ള മാലിന്യവുമായി എത്തിയത്. പിക്ക് അപ്പ് വാഹനത്തിൽ എത്തിയവര്‍ സ്ഥലത്ത് വാഹനം നിര്‍ത്തിയ ശേഷം മാലിന്യം തള്ളി. തിരികെ പോകാൻ വാഹനം സ്റ്റാര്‍ട്ട് ചെയ്തെങ്കിലും പരാജയപ്പെട്ടു. വാഹനം കിടക്കുന്നത് കണ്ട് വന്ന നാട്ടുകാര്‍ ഇതിലുണ്ടായിരുന്നവരെ ചോദ്യം ചെയ്തു. പിന്നീട് കൗൺസിലര്‍മാരെ വിളിച്ചുവരുത്തിയ ശേഷം ഇവരെ പൊലീസിന് കൈമാറി.

 

 

 

മലപ്പുറത്ത് വേങ്ങൂരിൽ മായം കലര്‍ന്ന ചായപ്പൊടി പിടിച്ചെടുത്തു. വേങ്ങൂര്‍ സ്വദേശി ആഷിഖ് എന്നയാളുടെ വീടിനോട് ചേര്‍ന്ന കെട്ടിടത്തിൽ നിന്നാണ് 140 കിലോഗ്രാമോളം ചായപ്പൊടി കണ്ടെടുത്തത്. ചായക്ക് കടുപ്പം കിട്ടാൻ വേണ്ടിയാണ് ചായപ്പൊടിയിൽ മായം കലര്‍ത്തിയതെന്നാണ് സംശയം. പിടികൂടിയ ചായപ്പൊടിയുടെ സാമ്പിൾ ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധനക്ക് അയച്ചു.

 

 

പാലക്കാട് കിഴക്കഞ്ചേരിയിൽ പശുക്കളെ ചത്ത നിലയിൽ കണ്ടെത്തി. പാണ്ടാങ്കോട് അശോകന്റെ വീട്ടിലെ 4 പശുക്കളാണ് ചത്തത്. ഒരു പശു അവശനിലയിലാണ്. ഭക്ഷ്യവിഷബാധയാണ് മരണ കാരണമെന്നാണ് വിവരം. പുറത്ത് മേയാൻ വിട്ട പശുക്കൾ തിരിച്ചെത്തിയപ്പോഴാണ് ചത്തു തുടങ്ങിയത്.

 

 

തിരുവനന്തപുരം വിതുര ബോണക്കാട് കരടിയുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു. ബോണക്കാട് കാറ്റാടിമുക്ക് സ്വദേശി ലാലായ്ക്കാണ് പരിക്കേറ്റത്‌. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് സംഭവം. ലാലായെ അടിച്ച് നിലത്തിട്ട ശേഷം ഇടതുകാലിൻ്റെ മുട്ടിലും വലതു കൈയുടെ മുട്ടിലുമാണ് കരടികൾ കടിച്ച് പരുക്കേൽപ്പിച്ചത് നിലവിളി കേട്ട് വീട്ടുകാരും അയൽക്കാരും ഓടിയെത്തിയപ്പോൾ കരടി ഓടി രക്ഷപ്പെട്ടു. കടിയേറ്റയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

 

 

ആറളം പോലീസ് സ്റ്റേഷനിലെ പോലീസുകാർ സഞ്ചരിച്ച ജീപ്പ് പൊന്നാനി വെളിയംകോട് വെച്ച് തലകീഴായി മറഞ്ഞു. സ്കൂട്ടർ യാത്രക്കാരെ രക്ഷിക്കാൻ ശ്രമിച്ച പൊലീസ് ജീപ്പ് നിയന്ത്രണം വിട്ടു മറിഞ്ഞെന്നാണ് വിവരം. പൊലീസുകാര്‍ക്ക് അപകടത്തിൽ പരിക്കേറ്റു. ഇവരെ ചാവക്കാട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

 

 

 

സ്‌കൂള്‍ പരിസരത്തുവച്ച് രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് തെരുവ് നായയുടെ കടിയേറ്റു. ഉച്ചഭക്ഷണം കഴിക്കാന്‍ പുറത്തിറങ്ങിയ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെയാണ് തെരുവ് നായ ആക്രമിച്ചത്. കോഴിക്കോട് തോട്ടുമുക്കം ഗവ. യു.പി സ്‌കൂളിലെ വിദ്യാര്‍ത്ഥി ഏബല്‍ ജോണിനാണ് പരിക്കേറ്റത്.

 

 

 

കണ്ണൂർ ഇരിട്ടി പുഴയിൽ കാണാതായ രണ്ട് കോളേജ് വിദ്യാർത്ഥിനികളില്‍ ഒരാളുടെ മൃതദേഹം കിട്ടി. എടയന്നൂർ സ്വദേശി ഷഹർബാനയുടെ മൃതദേഹമാണ് കണ്ടെത്തിയത്. കാണാതായ അഞ്ചരക്കണ്ടി സ്വദേശി സൂര്യക്കായി തെരച്ചിൽ തുടരുകയാണ്. രണ്ടു പേരും ഇരിക്കൂർ സിബ്ഗ കോളേജിലെ വിദ്യാർത്ഥികളായിരുന്നു.

 

 

 

ബെംഗളുരുവിലെ കോളേജിൽ വിദ്യാർത്ഥി സെക്യൂരിറ്റി ജീവനക്കാരനെ കുത്തിക്കൊന്നു. പശ്ചിമബംഗാൾ സ്വദേശി ജയ് കിഷൻ റോയ് എന്ന സെക്യൂരിറ്റി ജീവനക്കാരനാണ് മരിച്ചത്. അസം സ്വദേശി ഭാർഗവ് ജ്യോതി ബർമൻ എന്ന വിദ്യാർത്ഥിയെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യപിച്ചെത്തിയ വിദ്യാർത്ഥിയെ ക്യാമ്പസിനകത്ത് കയറ്റാത്തതിനാണ് കൊല നടത്തിയത്. ഇന്നലെ ഉച്ചയ്ക്ക് ബെംഗളുരു കെംപെപുരയിലെ സിന്ധി കോളേജിലാണ് സംഭവമുണ്ടായത്.

 

 

 

ഹാത്രസ് ദുരന്തവുമായി ബന്ധപ്പെട്ട കേസിൽ നാല് പേരെ യുപി പൊലീസ് കസ്റ്റഡിയിലെടുത്തു. സത്‌സംഗം നടത്തിയ ആത്മീയ പ്രഭാഷകൻ ഭോലെ ബാബയുടെ അനുയായികളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഭോലോ ബാബയുടെ ആശ്രമത്തിൽ വീണ്ടും പൊലീസ് പരിശോധന നടത്തി. ദുരന്തമായി മാറിയ പരിപാടിയിൽ രണ്ടര ലക്ഷം പേർ പങ്കെടുത്തെന്ന് പൊലീസ് എഫ്ഐആറിൽ പറയുന്നു.

 

 

 

 

സൗദിയിൽ തൊഴിലാളികളുടെ ശമ്പളം ഡിജിറ്റൽ വാലറ്റുകൾ വഴി നൽകണമെന്ന തീരുമാനത്തിന്റെ ആദ്യഘട്ടം നടപ്പിലായി. ആകെ അഞ്ച് ഘട്ടങ്ങളിലായി നടപ്പാക്കുന്ന ശമ്പള രീതി പരിഷ്കാരത്തിന്റെ ഒന്നാംഘട്ടം തിങ്കളാഴ്ച മുതലാണ് പ്രാബല്യത്തിലായത്. ഗാർഹിക തൊഴിലാളി സേവന പ്ലാറ്റ്‌ഫോം അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. തൊഴിലാളിയുടെയും തൊഴിലുടമയുടെയും കരാർപ്രകാരമുള്ള അവകാശങ്ങൾ സംരക്ഷിക്കുക, ശമ്പളം നൽകുന്ന പ്രക്രിയയിൽ സുതാര്യത ഉറപ്പുവരുത്തുക, ഗുണഭോക്താക്കൾക്ക് സൗകര്യമൊരുക്കുക എന്നിവയാണ് ഈ രീതി പരിഷ്കരണത്തിലൂടെ ലക്ഷ്യമിടുന്നത്.

 

 

കുമാരസ്വാമി എംപിയായി തെരഞ്ഞെടുക്കപ്പെട്ട പശ്ചാത്തലത്തിൽ അദ്ദേഹം ഒഴിയുന്ന ചന്നപട്ടണ നിയോജക മണ്ഡലത്തിൽ ദേവഗൗഡയുടെ മകൾ അനസൂയ മഞ്ജുനാഥ എൻഡിഎ സ്ഥാനാർഥിയായി മത്സരിച്ചേക്കും. ഇന്ന് ചേരുന്ന ബിജെപി സംസ്ഥാന എക്‌സിക്യൂട്ടീവിൽ സീറ്റ് ജെഡിഎസ്സിന് നൽകുന്നതിൽ തീരുമാനം ഉണ്ടാകും. ശനിയാഴ്ച ജെഡിഎസ് സംസ്ഥാന സമിതി ചേർന്ന് അനസൂയയുടെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചേക്കും.

 

 

 

 

ജനങ്ങളുടെ ശക്തമായ പ്രതിഷേധത്തിന് പിന്നാലെ മന്ത്രിമാർക്കും ജനപ്രതിനിധികൾക്കും നിശ്ചയിച്ചിരുന്ന ശമ്പള വർധന വെട്ടി കെനിയ. വലിയ രീതിയിൽ ജനത്തിന് നികുതി ഭാരം വരുന്ന ബിൽ അവതരിപ്പിച്ചതിന് പിന്നാലെ കെനിയയിൽ വലിയ രീതിയിലുള്ള പ്രതിഷേധമാണ് നടന്നത്. രാജ്യ വ്യാപകമായി നടന്ന പ്രക്ഷോഭത്തിൽ 23 പേരാണ് കെനിയയിൽ കൊല്ലപ്പെട്ടത്.

 

 

 

ഇന്ത്യൻ ക്രിക്കറ്റ് ടീമംഗങ്ങൾ 2024 ലെ ട്വന്‍റി 20 ലോകകപ്പ് കിരീടവുമായി മടങ്ങിയെത്തി. ബാർബഡോസില്‍ ചുഴലിക്കാറ്റ് വീശിയടിച്ചതാണ് താരങ്ങളുടെ മടക്കയാത്ര വൈകാന്‍ കാരണം. എയർ ഇന്ത്യ ചാമ്പ്യൻസ് 2024 വേൾഡ് കപ്പ് എന്ന കോഡിലുള്ള പ്രത്യേക വിമാനത്തില്‍ ഇന്ത്യന്‍ ടീമിനെ നാട്ടിലെത്തിക്കുകയായിരുന്നു. ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ ടീമിന് പ്രൗഢഗംഭീരമായ സ്വീകരണമാണ് ലഭിച്ചത്. രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം പ്രഭാത ഭക്ഷണം കഴിച്ച ശേഷം, ടീമംഗങ്ങൾ മുംബൈയ്ക്ക് തിരിക്കും. ബിസിസിഐ വൈകിട്ട് വാങ്കഡെ സ്റ്റേഡിയത്തിന് സമീപം വിക്ടറി പരേഡും സംഘടിപ്പിക്കുന്നുണ്ട്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *