പാർലമെന്റിൽ പ്രതിപക്ഷ ബഹളം. ബിജെപിക്കെതിരായ രാഹുൽ ഗാന്ധിയുടെ ചില പരാമർശങ്ങൾ രേഖകളിൽ നിന്ന് നീക്കിയ നടപടി പ്രതിപക്ഷം ചോദ്യം ചെയ്തതിനെ തുടർന്നാണ് ബഹളം ആരംഭിച്ചത്. രാഹുൽ ഗാന്ധി ഹിന്ദുക്കൾക്കെതിരായി പ്രസംഗിച്ചുവെന്ന ബിജെപിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് സ്പീക്കർ പരാമർശങ്ങൾ നീക്കിയത്. എന്നാൽ സത്യം തുടച്ച് നീക്കാനാകില്ലെന്ന് രാഹുൽഗാന്ധി പ്രതികരിച്ചു. എന്തുകൊണ്ട് രാഹുലിന്റെ പ്രസംഗം മാത്രം നീക്കം ചെയ്തുവെന്ന് കെസി വേണുഗോപാൽ എംപിയും ചോദിച്ചു. സ്പീക്കർ നിഷ്പക്ഷമായി പ്രവർത്തിക്കണമെന്ന് പ്രതിപക്ഷം ഒറ്റക്കെട്ടായി ആവശ്യപ്പെടുകയായിരുന്നു.
കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയുടെ ചില പരാമർശങ്ങൾ സ്പീക്കർ സഭാ രേഖകളിൽ നിന്ന് നീക്കം ചെയ്തിരുന്നു. ഹിന്ദുക്കളുടെ പേരിൽ അക്രമം നടക്കുന്നുവെന്ന പരാമർശവും ആർഎസ്എസിനെതിരായ പരാമർശവുമാണ് നീക്കിയത്. അതോടൊപ്പം രാഹുൽ ഗാന്ധിയുടെ ഹിന്ദു പരാമർശം വിവാദമാക്കുന്നത് ബിജെപിയുടെ തന്ത്രമാണെന്ന് അഖിലേഷ് യാദവ് പ്രതികരിച്ചു. അഗ്നിവീർ, കർഷകരുടെ പ്രശ്നങ്ങൾ, പഴയ പെൻഷൻ പദ്ധതി തുടങ്ങി രാഹുൽ ഉന്നയിച്ച വിഷയങ്ങൾ ഇപ്പോഴും സജീവമാണ്. സർക്കാർ പുതിയതായിരിക്കും പ്രശ്നങ്ങൾ അവസാനിച്ചിട്ടില്ലെന്നും അഖിലേഷ് യാദവ് കൂട്ടിച്ചേർത്തു.
പകർച്ചപ്പനി വ്യാപിക്കുന്നതിനിടെ സർക്കാരിനെതിരെ വിമർശനവുമായി പ്രതിപക്ഷം. കേരളത്തിന്‍റെ ആരോഗ്യവകുപ്പ് പനിപിടിച്ച് പുതച്ചു കിടക്കുകയാണെന്ന് TV ഇബ്രാഹിം കുറ്റപ്പെടുത്തി. എന്നാൽ ആരോഗ്യവകുപ്പ് പനിപിടിച്ചു കിടക്കുകയായിരുന്നെങ്കിൽ കൊണ്ടോട്ടിയിൽ 33 കോടി രൂപയുടെ ആശുപത്രി വികസന പ്രവർത്തനങ്ങൾ നടക്കില്ലായിരുന്നുവെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് മറുപടി നല്‍കി. മഞ്ഞപ്പിത്തം പടരുന്ന സാഹചര്യം സഭ നിർത്തി ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് TV ഇബ്രാഹിം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടിയായി
സംസ്ഥാനത്ത് മഞ്ഞപ്പിത്തം നിയന്ത്രണ വിധേയമാണെന്നും, വള്ളികുന്നിൽ ആരും മഞ്ഞപ്പിത്തം ബാധിച്ച് ഇപ്പോൾ ചികിത്സയിൽ ഇല്ലെന്നും മന്ത്രി വ്യക്തമാക്കി.
പൊതുജനാരോഗ്യത്തെ സംബന്ധിച്ച കാര്യങ്ങൾ പറയുമ്പോൾ ആരോഗ്യ മന്ത്രി വ്യക്തിപരമായി എടുക്കേണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. പോരായ്മകൾ ചോദ്യം ചെയ്യപ്പെടുമെന്നും
തിരുവന്തപുരം നഗര മധ്യത്തിൽ വെള്ളക്കെട്ട് ഉണ്ടായിട്ട് ഒരു മന്ത്രി പോലും തിരിഞ്ഞു നോക്കിയിട്ടില്ല. ഇതാണ് സംസ്ഥാനം മുഴുവനുള്ള അവസ്ഥ. മഴക്കാലപൂർവ്വ ശുചീകരണം ഏറ്റവും മോശമായ വർഷമാണിതെന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു.
മഴ പെയ്താൽ ലോകത്ത് എല്ലായിടത്തും വെള്ളം കയറുമെന്ന് മന്ത്രി എം ബി രാജേഷ്. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ മാർഗ്ഗനിർദ്ദേശങ്ങൾ ഉള്ളതുകൊണ്ടാണ് മഴക്കാലപൂർവ്വ ശുചീകരണത്തിനായുള്ള യോഗങ്ങൾ പലതും ചേരാൻ കഴിയാഞ്ഞതെന്നും മന്ത്രി പറഞ്ഞു. എന്നാൽ യോഗം ചേരുന്നതിന് മാത്രമാണ് കമ്മീഷന്‍റെ വിലക്ക് ഉണ്ടായിരുന്നത്. മഴക്കാലപൂർവ്വ ശുചീകരണത്തിന് വിലക്കുണ്ടായിരുന്നില്ലെന്നും പ്രതിപക്ഷനേതാവ് വിഡി സതീശന്‍ മറുപടി നൽകി. സംസ്ഥാനത്ത് മലിന ജലമാണ് കുടിവെള്ളമായി വിതരണം ചെയ്യുന്നത്. പൊതുജനാരോഗ്യത്തിൽ സർക്കാരിന് ശ്രദ്ധയില്ലെന്നും പ്രതിപക്ഷം വിമർശിച്ചു.
വടക്കൻ മലബാറിലെ ട്രെയിൻ യാത്രാക്ലേശം രൂക്ഷമാണെന്ന് നിയമസഭയില്‍ ഇ.കെ. വിജയന്‍റെ ശ്രദ്ധക്ഷണിക്കല്‍. കോച്ചുകളുടെ എണ്ണം വെട്ടിച്ചുരുക്കിയതാണ് കാരണം.തിരക്ക് വർധിച്ചിട്ടും നടപടിയില്ല. ഇങ്ങനെയെങ്കിൽ വാഗൺ ട്രാജഡിക്കാണ് സാധ്യതയെന്നും. വന്ദേ ഭാരത് വന്നശേഷം മറ്റ് ട്രെയിനുകൾ പിടിച്ചിടുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംസ്ഥാനത്തെ റെയിൽ യാത്രയിൽ ഗുരുതര പ്രശ്നങ്ങളെന്ന് മന്ത്രി വി.അബ്ദുറഹ്മാന്‍ മറുപടി നല്‍കി. ജനറൽ കമ്പാർട്ട്മെൻ്റുകളുടെ കുറവുണ്ട്. കേരളത്തിലെ റെയിൽ സംബന്ധിച്ച കാര്യങ്ങളിൽ കാലാകാലങ്ങളിലായി കേന്ദ്ര സർക്കാരുകൾ മന്ദഗതിയിലാണെന്നും, കൂടുതൽ കോച്ചുകളും സ്റ്റോപ്പുകളും അനുവദിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ നിന്നും രാജ്യസഭാ എംപിമാരായി തെരഞ്ഞെടുക്കപ്പെട്ട മൂന്ന് അംഗങ്ങളുടെ കൂടി സത്യപ്രതിജ്ഞ പൂർത്തിയായി. ഹാരീസ് ബീരാൻ, പിപി സുനീർ, ജോസ് കെ മാണി എന്നിവരാണ് രാവിലെ 11 മണിക്ക് സത്യപ്രതിജ്ഞ ചെയ്തത്. മുസ്ലീം ലീഗിന്റെ രാജ്യസഭാ അംഗമായാണ് പ്രമുഖ സുപ്രീം കോടതി അഭിഭാഷകൻ കൂടിയായ ഹാരീസ് ബീരാൻ രാജ്യസഭയിൽ എത്തുന്നത്. സിപിഐ പ്രതിനിധിയാണ് പിപി സുനീർ. ജോസ് കെ മാണി ഇത് രണ്ടാം തവണയാണ് രാജ്യസഭാ അംഗമാകുന്നത്. ബിനോയ് വിശ്വം, എളമരം കരീം, അബ്ദുൾ വഹാബ് എന്നിവരുടെ കാലാവധി കഴിഞ്ഞ ദിവസമാണ് പൂർത്തിയായത്.
സംസ്ഥാന പൊലീസ് മേധാവി ദർവേഷ് സാഹിബ് ഉൾപ്പെട്ട ഭൂമി ഇടപാട് കേസ് വൻവിവാദമായതോടെ ഒത്ത് തീർപ്പിനായി ശ്രമം നടക്കുന്നതായി സൂചന. പരാതിക്കാരനായ പ്രവാസിക്ക് മുഴുവൻ തുകയും ഡിജിപി ഇന്ന് തന്നെ തിരിച്ച് നൽകാനാണ് ശ്രമം. ഇതിനിടെ ബാധ്യത മറച്ചുവെച്ച് ഡിജിപി നടത്തിയ ഭൂമി ഇടപാടിനെ കുറിച്ച് മുഖ്യമന്ത്രിക്ക് നേരത്തെ പരാതി നൽകിയെന്ന് പരാതിക്കാരൻ ഉമർ ഷെരീഫ് വ്യക്തമാക്കി.
തിരുവല്ലയിലെ സിപിഎം നേതാവ് സി.സി. സജിമോനെ പാർട്ടിയിൽ തിരിച്ചെടുത്തത് എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ ഇടപെട്ടെന്ന് ആരോപണം. സജിമോൻ പ്രതിയായ പീഡനക്കേസിലെ അതിജീവിതയുടെ സഹോദരനാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. തിരുവല്ലയിലെ ഒരു പുരോഹിതൻ വഴി ഇ.പി. ഇടപെട്ടാണ് സംസ്ഥാന സെക്രട്ടറിയേറ്റ് പുറത്താക്കിയ സജിമോനെ ലോക്കൽ കമ്മിറ്റിയിൽ തിരിച്ചെത്തിച്ചതെന്നാണ് ആരോപണം.
പീഡനക്കേസ് പ്രതിയെ തിരിച്ചെടുത്തതിനെ തുടർന്നുണ്ടായ സംഭവത്തിൽ തർക്കവും വിവാദവും അന്വേഷിക്കാൻ കമ്മീഷനെ നിയോഗിച്ച് സിപിഎം. സി.സി. സജിമോനെ പാർട്ടിയിൽ തിരിച്ചെടുത്തതും തുടർന്നുള്ള തർക്കവും സംസ്ഥാന നേതൃത്വത്തിൻ്റെ നിർദ്ദേശ പ്രകാരം മൂന്നംഗ കമ്മീഷൻ അന്വേഷിക്കും. ഇ.പി ജയരാജൻ ഇടപെട്ടാണ് പുറത്താക്കൽ നടപടി റദ്ദാക്കിയെന്ന ആരോപണം ഉയർന്നതിന് പിന്നാലെയാണ് അന്വേഷണ കമ്മീഷനെ നിയോഗിച്ചത്.
എ.കെ.ജി. സെന്റർ ആക്രമണക്കേസിൽ ഒളിവിലായിരുന്ന രണ്ടാംപ്രതി പിടിയിൽ. കേസിലെ മുഖ്യ ആസൂത്രകനായ സുഹൈൽ ഷാജഹാനെ ഡൽഹി വിമാനത്താവളത്തിൽ വെച്ചാണ് പിടികൂടിയത്. സുഹൈൽ കെ.പി.സി.സി. അധ്യക്ഷൻ കെ സുധാകരന്റെ അടുത്ത അനുയായി ആണെന്നാണ് വിവരം. എ.കെ.ജി. സെന്റർ ആക്രമണക്കേസിൽ രണ്ടുപേരെയായിരുന്നു അറസ്റ്റ് ചെയ്തത്. ബോംബ് എറിഞ്ഞ ജിതിൻ ഇയാൾക്ക് സഹായം ഒരുക്കിയ ടി.നവ്യ എന്നിവരെയായിരുന്നു നേരത്തെ അറസ്റ്റ് ചെയ്തത്.
തിരുവനന്തപുരം വെൺപാലവട്ടത്ത് സ്കൂട്ടറിൽ നിന്നും സിമി എന്ന യുവതി വീണുമരിച്ച സംഭവത്തിൽ സ്കൂട്ടർ ഓടിച്ച സഹോദരി സിനിക്കെതിരെ പേട്ട പൊലീസ് കേസെടുത്തു. അശ്രദ്ധമായും അമിത വേഗത്തിലും വാഹനമോടിച്ചതാണ് അപകട കാരണമെന്ന് പൊലീസ് വ്യക്തമാക്കി. ഇന്നലെയുണ്ടായ അപകടത്തിൽ സിനിയുടെ സഹോദരി സിമി മരിച്ചിരുന്നു. ഇവർക്കൊപ്പമുണ്ടായിരുന്ന നാലുവയസുളള പെൺകുഞ്ഞും സിനിയും ചികിത്സയിലാണ്.
ഏകീകൃത കുര്‍ബാന വിഷയത്തിൽ സിറോ മലബാര്‍ സഭയിൽ സമവായം. ഞായറാഴ്ചകളിലും കടം കൊണ്ട ദിവസങ്ങളിലും ഒരു കുർബാന സിനഡ് കുർബാനയായി നടത്താനാണ് തീരുമാനം. ഒരു ഇടവകയിൽ ഒരു പള്ളിയിൽ മാത്രമാകും സിനഡ് കുർബാന നടത്തുക. ഉപാധികളോടെയാവും സിനഡ് കുർബാന അർപ്പണമെന്നും അൽമായ മുന്നേറ്റം പ്രതിനിധികൾ മേജര്‍ ആര്‍ച്ച് ബിഷപ്പ് റാഫേൽ തട്ടിലുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിച്ചു.
കൊടുമൺ കാന വിവാദത്തിൽ മന്ത്രി വീണ ജോര്‍ജ്ജിനും കോൺഗ്രസിനും ആശ്വാസം. പുറമ്പോക്ക് സർവേയിൽ സ്ഥലം കൈയ്യേറിയിട്ടില്ലെന്ന് കോൺഗ്രസും മന്ത്രി വീണാ ജോര്‍ജ്ജിൻ്റെ ഭര്‍ത്താവും പറഞ്ഞു. പത്തനംതിട്ട ജില്ലാ കളക്ടറാണ് പുറമ്പോക്ക് സംബന്ധിച്ച ഔദ്യോഗിക തീരുമാനം പറയേണ്ടത്.മന്ത്രി വീണാ ജോര്‍ജ്ജിൻ്റെ ഭര്‍ത്താവിനെതിരെ ശക്തമായ പ്രതിഷേധവുമായി നേരത്തെ കോൺഗ്രസ് രംഗത്ത് വന്നിരുന്നു. റോഡിനോട് ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഓട മന്ത്രിയുടെ ഭര്‍ത്താവിൻ്റെ കെട്ടിടത്തിന് മുന്നിലെത്തിയപ്പോൾ അലൈൻമെന്റ് മാറിയെന്നായിരുന്നു ആരോപണം. സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ് അംഗമായ കൊടുമൺ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീധരൻ ആദ്യം മന്ത്രിയുടെ ഭര്‍ത്താവിനെതിരെ നിലപാടെടുത്തെങ്കിലും പിന്നീട് നിലപാട് മാറ്റി.
മസ്റ്ററിംഗിനായി ഗ്യാസ് ഏജൻസികളിൽ തിരക്ക്. എല്‍പിജി ഗ്യാസ് സിലിണ്ടർ മസ്റ്ററിംഗ് നിർബന്ധം ആണെന്ന വിവരം അറിഞ്ഞതോടെ ഒട്ടേറെ പേരാണ് ഏജൻസികളിൽ നേരിട്ട് എത്തി ബയോ മെട്രിക് രജിസ്റ്റർ ചെയ്യുന്നത്. അവസാന തിയ്യതി പറഞ്ഞിട്ടില്ലെങ്കിലും എത്രയും വേഗം മസ്റ്ററിംഗ് പൂർത്തിയാക്കാൻ ആണ് വിതരണ കമ്പനികളിൽ നിന്നുള്ള നിർദേശമെന്ന് ഏജൻസി പ്രതിനിധികൾ പറഞ്ഞു.
ആര്‍ഡിഎക്സ് സിനിമ നിർമാതാക്കൾക്കെതിരെ സാമ്പത്തിക തട്ടിപ്പ് പരാതി. വാഗ്ദാനം ചെയ്ത പണം നൽകിയില്ല എന്ന് ആരോപിച്ച് തൃപ്പൂണിത്തുറ സ്വദേശി അഞ്ജന എബ്രഹാം ആണ് ഹിൽ പാലസ് പൊലീസിന് പരാതി നൽകിയത്. ആര്‍ഡിഎക്സ് നിർമാതാക്കളായ സോഫിയ പോൾ ജെയിംസ് പോൾ എന്നിവർക്കെതിരെയാണ് ആരോപണം.
കോഴിക്കോട് കൊടുവള്ളി ഹയർസെക്കന്ററി സ്കൂളിലുണ്ടായ റാഗിംങിൽ 4 വിദ്യാർഥികൾക്ക് പരിക്ക്. കോമ്പസ് കൊണ്ട് വിദ്യാർഥിയുടെ മുതുകിൽ വരയുകയായിരുന്നു. കൂടാതെ രണ്ടു വിദ്യാർത്ഥികളുടെ കൈക്ക് പൊട്ടലും ഉണ്ടായി. പ്ലസ് ടു വിദ്യാർത്ഥികളും പ്ലസ് വൺ വിദ്യാർത്ഥികളുമാണ് റാഗിംങിന്റെ പേരിൽ ഏറ്റുമുട്ടിയത്.
സോളാർ ഉപഭോക്താക്കൾ KSEB ക്ക് വിൽക്കുന്ന വൈദ്യുതിയുടെ നിരക്ക് കൂട്ടി,ഇനി വിൽക്കുന്ന ഓരോ യൂണിറ്റിനും 3 രൂപ 15 പൈസ നൽകാനാണ് റഗുലേറ്ററി കമ്മീഷൻ തീരുമാനം. 2023 ഏപ്രിൽ 1 മുതൽ 2024 മാർച്ച് 31 വരെ നൽകിയ വൈദ്യുതിക്കാണ് നിരക്ക് ബാധകമാവുക. നേരത്തെ ഇത് 2 രൂപ 69 പൈസയായിരുന്നു.
കണ്ണൂരിൽ ബുക്ക് ഡിപ്പോയുടെ മേൽക്കൂരയിലെ ഓട് വീണ് അധ്യാപകന് പരിക്കേറ്റു. അങ്ങാടിക്കടവ് സ്കൂളിലെ അധ്യാപകൻ ബെന്നിക്കാണ് തലയിൽ ഓട് വീണ് പരിക്കേറ്റത്. പയ്യാമ്പലത്തെ ജില്ലാ ബുക്ക് ഡിപ്പോയുടെ 80 വർഷം പഴക്കമുള്ള കെട്ടിടത്തിലെ ഓടാണ് താഴേക്ക് വീണത്. അപകടവസ്ഥയിലായ കെട്ടിടത്തിലാണ് ബുക്ക് ഡിപ്പോയും അംഗനവാടിയും പ്രവർത്തിക്കുന്നത്.
കൊയിലാണ്ടി ഗുരുദേവ കോളേജ് സംഘർഷവുമായി ബന്ധപ്പെട്ട് വെളിപ്പടുത്തലുമായി പ്രിൻസിപ്പൽ. കോളേജിന് പുറത്തുനിന്ന് എത്തിയ ഒരു സംഘം എസ്എഫ്ഐ പ്രവർത്തകർ എന്ന് പറഞ്ഞാണ് തന്നെ മർദ്ദിച്ചതെന്നും, കൈപിടിച്ച് തിരിക്കുകയും മുഖത്തടിക്കുകയും പുറത്ത് മർദ്ദിക്കുകയും ചെയ്തു. യാതൊരു പ്രകോപനവുമില്ലാതെയായിരുന്നു മർദ്ദനമെന്നും പ്രിൻസിപ്പൽ വിശദമാക്കി.
ഫിറ്റ്നസ് സെന്ററിലെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ കണ്ണൂരിലെ മുതിർന്ന കോൺഗ്രസ് നേതാവിന്റെ മകൻ അറസ്റ്റിൽ. കണ്ണൂരിലെ മുതിർന്ന കോൺഗ്രസ് നേതാവ് എം നാരായണൻകുട്ടിയുടെ മകനും പയ്യന്നൂരിൽ ഫിറ്റ്നസ് സെന്റർ ഉടമയുമായ ശരത് നമ്പ്യാരാണ് അറസ്റ്റിലായത്. ഫിറ്റ്നസ് സെന്ററിലെത്തിയ യുവതിയെ ഇയാൾ പീഡിപ്പിച്ചെന്നാണ് പരാതി.
സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജ് കർമ്മത്തിന് പോയ തീർത്ഥാടകരുടെ ആദ്യ സംഘം കരിപ്പൂരിൽ തിരിച്ചെത്തി. കരിപ്പൂരിൽ നിന്ന് മെയ് 21 ന് പുലർച്ചെ ആദ്യ ഹജ്ജ് വിമാനത്തിൽ യാത്ര പുറപ്പെട്ട 166 ഹാജിമാരാണ് ഇന്നലെ വൈകുന്നേരം എയർ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിൽ തിരിച്ചെത്തിയത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി ടെർമിനലിന് പുറത്തെത്തിയ ഹാജിമാരെ ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരിച്ചു.
കണ്ണൂർ പയ്യന്നൂരിൽ ക്ഷേത്രത്തിൽ കവർച്ച. വെള്ളാരങ്ങര ഭഗവതി ക്ഷേത്രത്തിലെ തിരുവാഭരണങ്ങൾ കവർന്നു. രണ്ടര പവനോളം വരുന്ന ആഭരണങ്ങളാണ് മോഷ്ടിച്ചത്. ക്ഷേത്രത്തിന് അടുത്തുള്ള ഭണ്ടാരപ്പുരയിലെ മുറിയിലാണ് ആഭരണങ്ങൾ സൂക്ഷിച്ചിരുന്നത്. മുറിയിൽ വെള്ളിയാഭരണങ്ങളും ഉണ്ടായിരുന്നുവെന്നും അത് കള്ളൻ കൊണ്ടുപോയിട്ടില്ലെന്നും ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു. പയ്യന്നൂർ പൊലീസ് അന്വേഷണം തുടങ്ങി.
മൂന്നാർ ഗ്യാപ്പ് റോഡിൽ സാഹസിക യാത്ര നടത്തിയതുമായി ബന്ധപ്പെട്ട് തെലങ്കാന രജിസ്ട്രേഷൻ വാഹനം മോട്ടോർവാഹനവകുപ്പ് പിടികൂടി. കാറിന്റെ ഡോറിലിരുന്നായിരുന്നു യുവാവിന്റെ സാഹസിക യാത്ര. രാവിലെ 7.45 ഓടുകൂടി ഗ്യാപ്പ് റോഡ് പെരിയക്കനാൽ ഭാഗത്തായിരുന്നു സംഭവം. തെലങ്കാനിൽ നിന്നും മൂന്നാർ സന്ദർശനത്തിന് എത്തിയ യുവാക്കളാണ് അഭ്യാസപ്രകടനം നടത്തിയത്. ദേവികുളത്ത് വെച്ച് മോട്ടോർ വാഹന വകുപ്പ് വാഹനം പിടികൂടി.
വടകര ലോകാനാര്‍കാവിലെ വലിയ ചിറയില്‍ നീന്താനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. മേമുണ്ട സ്വദേശി അഭിനവ് കൃഷ്ണയാണ് മരിച്ചത്. ഇന്നലെ വൈകിട്ട് ആറു മണിയോടെ കൂട്ടുകാര്‍ക്കൊപ്പം നീന്തുമ്പോഴായിരുന്നു അപകടം. ചിറയുടെ ഒരുഭാഗത്തേക്ക് നീന്തി തിരികെ വരികയായിരുന്ന അഭിനവ് വെള്ളത്തില്‍ മുങ്ങിപ്പോവുകയായിരുന്നു. കൂടെയുണ്ടായിരുന്നവര്‍ ഉടന്‍ തന്നെ അഭിനവിനെ വടകര ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പെരുമ്പാവൂർ വട്ടക്കാട്ട്പടിയിൽ അതിഥി തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തി. വട്ടയ്ക്കാട്ടുപടി എസ്എൻഡിപിക്ക് സമീപം കുടുംബമായി വാടകയ്ക്ക് താമസിച്ചിരുന്ന ഒഡീഷ സ്വദേശി ആകാശ് ഡിഗൽ ആണ് മരിച്ചത്. വട്ടക്കാട്ടുപടി നെടുംപുറത്ത് ബിജുവിന്റെ വാടക കെട്ടിടത്തിലാണ് ഇവർ താമസിച്ചുവന്നത്. ഇതേ കെട്ടിടത്തിൽ താമസിച്ചിരുന്ന ഒഡീഷ സ്വദേശി അഞ്ജന നായിക്കാണ് പ്രതി. ഇയാൾ സംഭവശേഷം ഓടി രക്ഷപ്പെട്ടു.
പൂനെ ലോണാവാലയിൽ മലവെള്ളപ്പാച്ചിലിൽ പെട്ട് കാണാതായ നാലുവയസ്സുകാരന്‍റെ മൃതദേഹം കണ്ടെത്തി. സംഭവം നടന്ന സ്ഥലത്തുനിന്നും ഏതാണ് 100 മീറ്റര്‍ അകലെയുള്ള ഖുഷി അണക്കെട്ടില്‍ വെച്ചാണ് മൃതദേഹം കിട്ടിയത്. ഇതോടെ മരണം അഞ്ചായി. അപകടം നടന്ന പ്രദേശത്തെ വിനോദസഞ്ചാരം പൂർണ്ണമായും നിരോധിച്ചു.
സൈനിക സേവനത്തിനിടെ വീരമൃത്യു വരിക്കുന്ന അഗ്നീവീർമാരുടെ കുടുംബത്തിന് സർക്കാർ സഹായം ലഭിക്കുന്നില്ലെന്ന രാഹുൽ ഗാന്ധിയുടെ ആരോപണം തള്ളി മുൻ അഗ്നിവീറിന്റെ കുടുംബം. 2023 ഒക്ടോബറിൽ സിയാച്ചിനിൽ വെച്ച് വീരമൃത്യു വരിച്ച അഗ്നിവീർ അക്ഷയ് ഗവാതെയുടെ അച്ഛൻ ലക്ഷ്മൺ ഗവാതെ ആണ് തങ്ങൾക്ക് സർക്കാരിന്റെ ഭാഗത്ത് നിന്ന് ലഭിച്ച സഹായം വ്യക്തമാക്കിയത്. അക്ഷയ് വീരമൃത്യു വരിച്ച ശേഷം കുടുംബത്തിന് 48 ലക്ഷം രൂപ ഇൻഷുറൻസ് തുക ആയി ലഭിച്ചെന്നും ഇതിനുപുറമെ കേന്ദ്ര സർക്കാരിൽ നിന്ന് 50ലക്ഷം രൂപയും, സംസ്ഥാന സർക്കാരിൽ നിന്ന് 10 ലക്ഷം രൂപയും ലഭിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.
വോട്ടിങ് യന്ത്രത്തെ ഇപ്പോഴും വിശ്വാസമില്ലെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. ഉത്തര്‍പ്രദേശിലെ 80 മണ്ഡലങ്ങളിലും വിജയിക്കാന്‍ സാധിച്ചാലും വോട്ടിങ് യന്ത്രം സംബന്ധിച്ച മുന്‍ നിലപാടില്‍ മാറ്റമില്ലെന്ന് പാര്‍ലമെന്റില്‍ രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
ചൈനയിൽ പരീക്ഷണത്തിനിടെ അബദ്ധത്തിൽ വിക്ഷേപിച്ച ബഹിരാകാശ റോക്കറ്റ് തകർന്നുവീണു. ഒരു സ്വകാര്യ ചൈനീസ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള ടിയാൻലോങ്-3 എന്ന ബഹിരാകാശ റോക്കറ്റാണ് പൊട്ടിത്തെറിച്ച് കുന്നിൻ ചെരുവിലേക്ക് പതിച്ചത്. മധ്യ ചൈനയിലെ ഹെനാൻ പ്രവിശ്യയിലായിരുന്നു സംഭവം.