ചരിത്രത്തിലാദ്യമായി ലോക്സഭാ സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരം. എന്‍ഡിഎ സ്ഥാനാര്‍ഥിയായി ഓം ബിര്‍ളയും ഇന്ത്യ സഖ്യത്തിന്റെ സ്ഥാനാര്‍ഥിയായി കൊടിക്കുന്നില്‍ സുരേഷും മത്സരിക്കും. ബുധനാഴ്ച 11 മണിക്കാണ് ലോക്‌സഭയില്‍ വോട്ടെടുപ്പ് നടക്കുക. സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ പദവികള്‍ സംബന്ധിച്ച് ഭരണ പ്രതിപക്ഷ നേതാക്കള്‍ നടത്തിയ ചര്‍ച്ചകള്‍ സമവായത്തിലെത്താത്തതിനെ തുടര്‍ന്നാണ് മത്സരത്തിലേക്ക് നീങ്ങിയത്.
കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പ്രതിപക്ഷ കക്ഷികളുമായി ചര്‍ച്ചനടത്തിയതിനെ തുടർന്ന് ഓം ബിര്‍ളയെ സ്പീക്കര്‍ പദവിയിലേക്ക് പിന്തുണയ്ക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍, ഡെപ്യൂട്ടി സ്പീക്കര്‍ പദവി വേണമെന്ന് ഖാര്‍ഗെ അടക്കമുള്ള ഇന്ത്യസഖ്യ നേതാക്കള്‍ നിലപാടെടുത്തു. എന്നാല്‍, അക്കാര്യം പിന്നീട് ചര്‍ച്ചചെയ്യാമെന്നായിരുന്നു രാജ്‌നാഥ് സ്വീകരിച്ച നിലപാട്. തുടര്‍ന്ന് കെ.സി.വേണുഗോപാലടക്കമുള്ള ഇന്ത്യ നേതാക്കള്‍ ബിജെപി നേതൃത്വവുമായും സംസാരിച്ചു. ഡെപ്യൂട്ടി സ്പീക്കര്‍ പദവി വിട്ടുനല്‍കുമെന്ന് ബിജെപി നേതാക്കള്‍ ഉറപ്പ് നല്‍കാതായതോടെ മാവേലിക്കര എംപി കൊടിക്കുന്നില്‍ സുരേഷ് നാമനിര്‍ദേശ പത്രിക സമർപ്പിക്കുകയായിരുന്നു.
ടിപി ചന്ദ്രശേഖരൻ വധക്കേസിലെ കുറ്റവാളികളെ ശിക്ഷാ ഇളവ് നൽകി വിട്ടയക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ കെകെരമയുടെ അടിയന്തരപ്രമേയ നോട്ടീസ് സ്പീക്കര്‍ തള്ളി. പ്രതികൾക്ക് ശിക്ഷ ഇളവ് നല്കാൻ നീക്കം ഇല്ലെന്നു സർക്കാർ അറിയിച്ചു എന്ന് സ്പീക്കർ വ്യക്തമാക്കി. സബ് മിഷൻ ആയി ഉന്നയിക്കാം എന്ന് സ്പീക്കർ അറിയിച്ചു. ടിപി കേസ് പ്രതികളെ വിട്ടയക്കാൻ ശ്രമം നടക്കുന്നു എന്ന് ആക്ഷേപിച്ചാണ് നോട്ടീസ്, അങ്ങനെ ഒരു നീക്കം ഇല്ലാത്തതിനാൽ നോട്ടീസ് തള്ളുന്നു എന്നാണ് സ്പീക്കർ വ്യക്തമാക്കിയത്. എന്നാൽ ഇളവ് നല്‍കാനുള്ള നീക്കത്തിന് തെളിവായി കത്തു പുറത്ത് വന്നിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. തുടർന്ന് പ്രതിപക്ഷം നടുത്തളത്തിൽ ഇറങ്ങി. ശിക്ഷ ഇളവില്ലെന്ന് പറയേണ്ടത് സ്പീക്കറല്ല, മുഖ്യമന്ത്രിയാണെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. പ്രതിഷേധത്തിനിടെ സഭ നടപടികള്‍ പൂര്‍ത്തിയാക്കി സഭ ഇന്നത്തേക്ക് പിരിഞ്ഞു.
ടിപി കേസ് പ്രതികൾക്ക് ശിക്ഷ ഇളവ് നൽകാനുള്ള നീക്കത്തിനെതിരായ അടിയന്തരപ്രമേയ നോട്ടീസ് തള്ളിയ സ്പീക്കറുടെ നടപടിക്കെതിരെ കെ കെ രമ. പ്രതികളെ വിട്ടയക്കാന്‍ നീക്കമില്ലെന്ന് സഭയില്‍ പറയേണ്ടത് മുഖ്യമന്ത്രിയായിരുന്നു, സ്പീക്കറല്ല. ചോദ്യങ്ങളെ മുഖ്യമന്ത്രിക്ക് ഭയമാണെന്നും അവര്‍ പറഞ്ഞു. ഹൈക്കോടതി വിധിയെ വെല്ലുവിളിക്കുന്നതാണ് സർക്കാർ നടപടി. പെരുമാറ്റ ചട്ടം നിലനിൽക്കെയാണ് ശിക്ഷ ഇളവിന് ശുപാർശ കത്ത് കൊടുത്തത്. ക്രിമിനലുകളെ പ്രീതിപ്പെടുത്താനുള്ള നടപടിയാണിതെന്നും കെ കെ രമ ആരോപിച്ചു.
ടിപി ചന്ദ്രശേഖരൻ വധകേസ് പ്രതികൾക്ക് ജയിലിൽ പോലും അനർഹ പരിഗണന കിട്ടുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സിപിഎമ്മിനെ പ്രതികൾ ബ്ലാക്മെയ്ൽ ചെയ്യുകയാണെന്നും, ജയിൽ ഭക്ഷണത്തിന്‍റെ മെന്യു തീരുമാനിക്കുന്നത് പോലും അവരാണ്, ഫൈവ് സ്റ്റാർ സൗകര്യങ്ങളോടെയാണ് പ്രതികൾ ജയിലിൽ കഴിയുന്നതെന്നും വിഡി സതീശൻ പറഞ്ഞു.
മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ നിയമസഭാ മാര്‍ച്ചില്‍ സംഘര്‍ഷം. സെക്രട്ടേറിയറ്റ് പരിസരത്ത് ബാരിക്കേഡ് ഉപയോഗിച്ച് പൊലീസ് മാര്‍ച്ച് തടഞ്ഞു. യൂത്ത് ലീഗ്, മുസ്ലീം ലീഗ് നേതാക്കള്‍ മാര്‍ച്ചിനെ അഭിസംബോധന ചെയ്ത് സംസാരിച്ചശേഷമാണ് സംഘര്‍ഷമുണ്ടായത്.
പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട്
ഇന്ന് ഉച്ചയ്ക്ക് മന്ത്രി നടത്തുന്ന ചർച്ചയിൽ തീരുമാനം ഉണ്ടായേ മതിയാകുവെന്ന് പികെ കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. പ്രശ്ന പരിഹാരം ഉണ്ടായില്ലെങ്കില്‍ പ്രക്ഷോഭം ശക്തമാക്കുമെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മന്ത്രിതല ചര്‍ച്ചയ്ക്ക് മുന്നോടിയായി യൂത്ത് ലീഗ് നേതാക്കള്‍ ചര്‍ച്ച നടത്തി.
പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ ഇന്ന് പ്രശ്ന പരിഹാരമുണ്ടായില്ലെങ്കില്‍ അനിശ്ചിതകാല സമരം പ്രഖ്യാപിക്കുമെന്ന് യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ പികെ ഫിറോസ് പറഞ്ഞു. ഇത് ന്യായത്തിനുവേണ്ടിയുള്ള സമരമാണെന്നും മുഖ്യമന്ത്രിയുടെ വീട്ടില്‍ ചാണകകുഴിയുണ്ടാക്കാൻ പണമുണ്ടെന്നും അധിക ബാച്ച് അനുവദിക്കാൻ പണമില്ലെന്നും പികെ ഫിറോസ് ആരോപിച്ചു. പ്രശ്ന പരിഹാരമുണ്ടായില്ലെങ്കില്‍ തിരുവനന്തപുരത്ത് രാപ്പകല്‍ സമരം നടത്തും. താത്കാലിക ബാച്ച് അനുവദിച്ചാല്‍ സമരം തീരില്ലെന്നും പികെ ഫിറോസ് പറഞ്ഞു.
സിപിഎം കൊല്ലം ജില്ലാ കമ്മിറ്റിയിൽ മുഖ്യമന്ത്രിക്കും സർക്കാരിനും വിമർശനം. മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന ആഭ്യന്തരവകുപ്പ് സർക്കാരിന് നാണക്കേടുണ്ടാക്കിയെന്നും, പരിചയ സമ്പത്തില്ലാത്ത മന്ത്രിമാർ ഭാരമായിമാറി. മന്ത്രിസഭ ഉടൻ പുന:സംഘടിപ്പിക്കണമെന്നും കമ്മിറ്റിയിൽ അഭിപ്രായമുണ്ടായി. തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെയുള്ള മാർ കൂറിലോസിൻ്റെ വിമർശനത്തോട് മുഖ്യമന്ത്രി രൂക്ഷമായ ഭാഷ ഉപയോഗിച്ചുവെന്നും കമ്മിറ്റിയിൽ വിമർശനം ഉയർന്നു.
കേരളം വിഭജിക്കണമെന്ന സമസ്തയുടെ ആവശ്യം വിഘടന വാദത്തിന്‍റെ ശബ്ദമാണെന്നും ഇത് പ്രതിഷേധാര്‍ഹമാണെന്നും ബിജെപി നേതാവ് പികെ കൃഷ്ണദാസ് പറഞ്ഞു. മലബാർ കേന്ദ്രീകരിച്ച് പ്രത്യേക സംസ്ഥാനം വേണമെന്നാണ് ആവശ്യം. സമസ്തയുമായി പൊക്കിൾക്കൊടി ബന്ധമെന്നാണ് മുസ്ലിം ലീഗ് പറയുന്നത്. അതിനാല്‍ തന്നെ മുസ്ലിം ലീഗിന്‍റെ ശബ്ദമാണ് സമസ്തയിലൂടെ പുറത്തുവന്നത്. ഇത് കേരളത്തിലെ ഭീകരവാദ സംഘനകളുടെ ശബ്ദമാണെന്നും മാർക്സിസ്റ്റ് പാർട്ടി അവർക്ക് പിന്തുണ നൽകുകയാണെന്നും പികെ കൃഷ്ണദാസ് ആരോപിച്ചു.
സിപിഎം നേതൃത്വത്തിനെതിരെ വെളിപ്പെടുത്തലുകളുമായി പുറത്താക്കപ്പെട്ട കണ്ണൂര്‍ ജില്ലാ കമ്മിറ്റിയംഗം മനു തോമസ്. മനസുമടുത്തിട്ടാണ് പാര്‍ട്ടി പ്രവര്‍ത്തനം അവസാനിപ്പിച്ചത്. സ്വര്‍ണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് എം.ഷാജിറിനെതിരെ പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല. പാര്‍ട്ടി തിരുത്തുന്നില്ലെന്നും അഡ്ജസ്റ്റ് ചെയ്തുപോവുകയാണെന്നും മനു പറഞ്ഞു. ആകാശ് തില്ലങ്കേരി അടക്കമുള്ളവര്‍ക്ക് പാര്‍ട്ടിയില്‍ നിന്ന് സഹായം കിട്ടുന്നുണ്ടെന്നും തുറന്നുപറയാന്‍ ഭയമില്ലെന്നും മനു തോമസ് കൂട്ടിച്ചേര്‍ത്തു.
കണ്ണൂരിൽ ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റിനെ പുറത്താക്കിയതിൽ പ്രതികരിക്കേണ്ട നിലയിൽ പ്രാധാന്യമില്ലെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യാ അധ്യക്ഷൻ എഎ റഹീം. താൻ ആ കാര്യത്തിൽ മറുപടി പറയേണ്ടതില്ല. ഡിവൈഎഫ്ഐയെ പോറലേൽപ്പിക്കാമെന്ന് ആരും കരുതേണ്ടെന്നും രാജ്യസഭാംഗം കൂടിയായ അദ്ദേഹം പറഞ്ഞു.
നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട കേസിൽ 17 പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കരമന അഷറഫ് തങ്ങൾ ഉൾപ്പെടെയുള്ള പിഎഫ്ഐ സംസ്ഥാന നേതാക്കളുൾപ്പെടെ 9 പേരുടെ ജാമ്യാപേക്ഷ തള്ളി. കർശന ഉപാധികളോടെയാണ് 17 പോപ്പുലർഫ്രണ്ട് പ്രവർത്തകർക്കും ഹൈക്കോടതി ജാമ്യം നൽകിയത്.
കളയിക്കാവിളയിൽ കൊല്ലപ്പെട്ട കരമന സ്വദേശി ക്വാറി ഉടമ ദീപുവിനെ പണത്തിന് വേണ്ടി ചിലര്‍ ഭീഷണിപ്പെടുത്തിയിരുന്നതായി ഭാര്യയും മകനും വ്യക്തമാക്കി. എന്നാൽ ഇവര്‍ ആരാണെന്ന് തങ്ങൾക്ക് അറിയില്ലെന്നും ഇരുവരും പറഞ്ഞു. പണത്തിൻ്റെ തർക്കത്തിൽ നെടുമങ്ങാട് സ്വദേശിയുടെ ഭൂമി അറ്റാച്ച് ചെയ്തിരുന്നുവെന്നും ആ കേസ് കോടതിയിലാണെന്നും ഇവര്‍ പറയുന്നു.
മലപ്പുറത്ത് സ്വർണ വ്യാപാരിയായ തമിഴ്നാട് സ്വദേശിയെ തട്ടിക്കൊണ്ടുപോയി 19 ലക്ഷം രൂപ കവർന്ന കേസിൽ മുഖ്യപ്രതികൾ പിടിയിൽ. കണ്ണൂർ തില്ലങ്കേരി സ്വദേശികളായ രതീഷ് , വരുൺ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മധുരയിലെ കാമരാജൻ സാലെയിലെ ജ്വല്ലറി ഉടമയായ ആർ ബാലസുബ്രഹ്മണ്യം മലപ്പുറം ജില്ലാ പൊലീസ് മേധാവിക്കു പരാതി നൽകിയതോടെയാണ് അന്വേഷണം തുടങ്ങിയത്. കഴിഞ്ഞ മാർച്ചിൽ ജ്വല്ലറിയിലേക്ക് സ്വർണം വാങ്ങാനായി ബാലസുബ്രഹ്മണ്യം പൂക്കോട്ടൂർ അറവങ്കരയിൽ ടൂറിസ്റ്റ് ബസിലെത്തിയപ്പോൾ കണ്ണൂർ സ്വദേശികളായ നാലംഗ സംഘം കവർച്ച നടത്തുകയായിരുന്നു.
നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും ലണ്ടനിലേക്കുളള എയർ ഇന്ത്യാ വിമാനത്തിൽ ബോംബ് ഭീഷണി മുഴക്കിയ യുവാവ് പിടിയിൽ. മലപ്പുറം സ്വദേശി സുഹൈബിനെയാണ് സുരക്ഷാ വിഭാഗം പിടികൂടിയത്. ഒരാഴ്ച്ച മുമ്പ് വിമാനത്തിൽ നിന്നും ഭക്ഷണം കഴിച്ച് ഭക്ഷ്യ വിഷബാധയുണ്ടായെന്ന് ഇയാൾ പറയുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി എയർ ഇന്ത്യ അധികൃതരെ ബന്ധപ്പെടുകയും മടക്ക യാത്രാ ടിക്കറ്റ് മറ്റൊരു ദിവസത്തേക്ക് മാറ്റി കൊടുക്കണമെന്ന് ആവശ്യപ്പെടുകയുമുണ്ടായി. എന്നാൽ ഇതിന് എയർ ഇന്ത്യ കൂടുതൽ തുക ആവശ്യപ്പെട്ടു. ഇതിൽ പ്രകോപിതനായാണ് സുഹൈബ് ബോംബ് ഭീഷണി ഉയർത്തിയത്.
മാടവനയിൽ ഒരാളുടെ മരണത്തിനും നിരവധി യാത്രക്കാർക്ക് പരിക്കേൽക്കാനും കാരണമായ അപകടത്തിൽ ബസ് ഡ്രൈവർക്കെതിരെ കടുത്ത നടപടിയെടുക്കാൻ മോട്ടോർ വാഹന വകുപ്പിന്റെ നീക്കം. ബസ് ഓടിച്ചിരുന്ന തമിഴ്നാട് സ്വദേശിയുടെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കാൻ കേരള മോട്ടോർ വാഹന വകുപ്പ് തമിഴ്നാട് മോട്ടോർ വാഹന വകുപ്പിന് റിപ്പോർട്ട് നൽകും.
ഇടുക്കി കല്ലാറിൽ അങ്കണവാടി കെട്ടിടത്തിന്റെ രണ്ടാം നിലയിൽ നിന്ന് വീണ് നാലുവയസുകാരിക്ക് ഗുരുതര പരിക്ക്. ഇന്നലെ ഉച്ചകഴിഞ്ഞാണ് സംഭവം നടന്നത്. 20 അടിയോളം താഴ്ചയിലേക്ക് വീണതിനെ തുടർന്ന് തലയ്ക്ക് ഗുരുതര പരിക്കേറ്റ കുട്ടി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ആൻ്റോ- അനീഷ ദമ്പതികളുടെ മകൾ മെറീന ആണ് അപകടത്തിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ താഴെക്ക് ചാടിയ അങ്കണവാടി അധ്യാപികക്കും പരിക്കേറ്റിട്ടുണ്ട്.
തൃശ്ശൂർ ഒല്ലൂരിൽ വേണാട് എക്സ്പ്രസ് ട്രെയിൻ തട്ടി റെയിൽവേ ജീവനക്കാരൻ മരിച്ച സംഭവത്തിൽ കേന്ദ്ര സർക്കാരിനെതിരെ എം പി എ എ റഹീം. കേന്ദ്ര സർക്കാരിന്റെ കെടുകാര്യസ്ഥതയാണ് ഉത്തമന്റെ മരണത്തിന് കാരണമെന്ന് എ എ റഹീം ആരോപിച്ചു. റെയിൽവേ ട്രാക്കുകളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്ന കീമാൻമാർക്ക് സ്വന്തം ജീവൻ രക്ഷിക്കാൻ സുരക്ഷാ ഉപകരണമായ രക്ഷക്ക് നൽകണമെന്ന ആവശ്യം നിരന്തരമായി ജീവനക്കാരുടെ സംഘടനകൾ ഉന്നയിച്ചിരുന്നതാണ്. എന്നാൽ തികഞ്ഞ അലംഭാവമാണ് കേന്ദ്ര റെയിൽവേ മന്ത്രാലയം ഇക്കാര്യത്തിൽ പുലർത്തുന്നതെന്നാണ് എ എ റഹീം ആരോപിക്കുന്നത്.
കൊല്ലം പരവൂരിൽ പ്രവർത്തനം തുടങ്ങാനിരുന്ന പലഹാര നിർമ്മാണ യൂണിറ്റിൽ മോഷണം. പൂതക്കുളം സ്വദേശി മോഹനൻ പിള്ളയുടെ സ്ഥാപനത്തിന്റെ പിൻവാതിൽ തകർത്താണ് മോഷണം നടന്നത്. ഒന്നര ലക്ഷം രൂപ വില വരുന്ന ഹൈഡ്രോളിക് മെഷീനും, കേക്ക് നിർമ്മാണത്തിന് ഉപയോഗിക്കുന്ന ഇലക്ട്രിക് ഓവൻ്റെ ലക്ഷങ്ങൾ വില വരുന്ന ഉപകരണങ്ങളുമാണ് നഷ്ടമായത്. പ്രദേശത്ത് ലഹരി വിൽപന നടത്തുന്നയാളാണ് കവർച്ചയ്ക്ക് പിന്നിലെന്നാണ് മോഹനൻ പിള്ളയുടെ ആരോപണം.
കണ്ണൂരിൽ കാറിലെത്തിയ സംഘം സ്കൂട്ടർ ഇടിച്ചിട്ട് യുവാവിനെ തട്ടിക്കൊണ്ടുപോയെന്ന് പരാതി. കണ്ണൂർ മുണ്ടേരി സ്വദേശി സുറൂറിനെയാണ് തട്ടിക്കൊണ്ടുപോയത്. രാവിലെ കടയിൽ നിന്ന് വീട്ടിലേക്ക് സാധനങ്ങളുമായി പോവുകയായിരുന്ന സുറൂറിനെ പിന്നാലെ കാറിലെത്തിയ സംഘം ഇടിച്ചിട്ട ശേഷം തട്ടിക്കൊണ്ടുപോവുകയായിരുന്നു. വണ്ടിക്കച്ചവടവുമായി ബന്ധപ്പെട്ട പണമിടപാട് തർക്കത്തെ തുടർന്ന് കാസര്‍കോട് ജില്ലയിലെ പാണത്തൂരിൽ നിന്നുള്ള സംഘമാണ് ഇയാളെ തട്ടിക്കൊണ്ടുപോയതെന്നാണ് സംശയം.
ബൈക്കിലെത്തിയ യുവാക്കൾ പൊലീസ് സ്റ്റേഷന്റെ ജനൽ ചില്ല് എറിഞ്ഞു തകർത്തു. മങ്കര പൊലീസ് സ്റ്റേഷനിലാണ് സംഭവം. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസുകാർ നഗരിപുരം സ്വദേശികളായ അനിൽകുമാർ, മണികണ്ഠൻ എന്നിവരെ തിരിച്ചറിയുകയും യുവാക്കളെ അവരുടെ വീട്ടിലെത്തി അറസ്റ്റ് ചെയ്യുകയും ചെയ്തു. കഴിഞ്ഞ ദിവസം ഒരു കേസുമായി ബന്ധപ്പെട്ട് ഇവർ രണ്ട് പേരെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു.
ഇതിന് ശേഷം പൊലീസിനോടുള്ള വൈരാഗ്യം തീർക്കാനായി അർദ്ധരാത്രി ബൈക്കിലെത്തി സ്റ്റേഷനിൽ ആക്രമണം നടത്തുകയായിരുന്നു.
തൃശൂർ നെല്ലായിയിൽ ആനന്ദപുരത്ത് എടുക്കാത്ത വായ്പയുടെ പേരിൽ 44 സ്ത്രീകൾക്ക് ജപ്തിനോട്ടീസ്. കുടുംബശ്രീക്കാരുടെ പേരില്‍ വായ്പ എടുത്തത് സ്ഥലം സിഡിഎസ് മെമ്പര്‍ ഗീതുവാണെന്നാണ് പരാതി. പൊലീസില്‍ പരാതിപ്പെട്ടിട്ടും നടപടിയില്ലെന്ന് ജപ്തി നോട്ടീസ് ലഭിച്ചവര്‍ പറയുന്നു.
കേരളത്തിൽ നിന്നും ചൈനീസ് സംഘം മനുഷ്യക്കടത്ത് നടത്തുന്ന പശ്ചാത്തലത്തിൽ വിദേശത്തേക്ക് ജോലിക്ക് പോകുന്നവർ പ്രത്യേകം ശ്രദ്ധിക്കണമെന്ന് പ്രോക്ടർ ഓഫ് എമിഗ്രൻസ്. മ്യാൻമാർ, ലാവോസ്, തായ്ലന്റ് എന്നീ രാജ്യങ്ങളിൽ ജോലിക്കായി പോകുന്നവർ പ്രത്യേകം ശ്രദ്ധിക്കണമെന്നാണ് മുന്നറിയിപ്പ്. ലേബർ കോണ്‍ട്രാക്ട് വിശദമായി പരിശോധിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
കോഴിക്കോട് പുതുപ്പാടിയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ കെഎസ്ആർടിസി ബസ് ഇടിച്ചു കാൽ നടയാത്രക്കാരൻ മരിച്ചു. കൈതപ്പൊയിൽ സ്വദേശി കളപ്പുരക്കൽ ജോയ് ആണ് മരിച്ചത്. ആശുപത്രിയിലേക്ക് എത്തിച്ചപ്പോഴേക്കും ജോയ് മരിച്ചിരുന്നു.
എറണാകുളം മൂവാറ്റുപുഴയിൽ ടിവി ദേഹത്തേക്ക് മറിഞ്ഞു വീണ് ഒന്നര വയസുകാരന് ദാരുണാന്ത്യം. പായിപ്ര മൈക്രോ ജംഗ്ഷൻ പൂവത്തുംചുവട്ടിൽ അനസിന്റെ മകൻ അബ്ദുൽ സമദാണ് മരിച്ചത്. വീട്ടിലെ മുറിയിൽ സ്റ്റാൻഡിൽ വച്ചിരുന്ന ടിവി സ്റ്റാൻ്റിനൊപ്പം കുഞ്ഞിന്റെ ദേഹത്തേക്ക് മറിഞ്ഞു വീഴുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
അടിയന്തിരാവസ്ഥയുടെ ഓർമകൾക്ക് ഇന്ന് 49 വയസ്. 1975 ൽ ഇന്നേ ദിവസമാണ് പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നത്. പൗരാവകാശങ്ങൾ മരവിപ്പിക്കപ്പെടുകയും ആയിരക്കണക്കിന് ആളുകൾ വിചാരണയില്ലാതെ തടവിലാക്കപ്പെടുകയും മാധ്യമ സ്വാതന്ത്ര്യം ഇല്ലാതാവുകയും ചെയ്യപ്പെട്ട ആ കറുത്ത ദിനങ്ങളെ പ്രതിരോധിച്ചവർക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ആദരം അർപ്പിച്ചു.
സനാതന ധർമ്മ വിരുദ്ധ പരാമർശത്തിൽ ബെംഗളൂരുവിൽ രജിസ്റ്റർ ചെയ്ത കേസിൽ തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന് ജാമ്യം. ജനപ്രതിനിധികൾക്കായുള്ള കേസുകൾ പരിഗണിക്കുന്ന കോടതിയാണ് ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപ ജാമ്യതുകയായി കെട്ടിവയ്ക്കാൻ കോടതി നിർദ്ദേശിച്ചു. സനാതനധർമ്മം പകർച്ചവ്യാധി പോലെയാണെന്നായിരുന്നു ഉദയനിധിയുടെ വിവാദ പരാമർശം. ഓഗസ്റ്റ് എട്ടിന് കേസ് വീണ്ടും പരിഗണിക്കും.
നീറ്റ് പരീക്ഷക്രമക്കേടിൽ കൂടുതൽ കേസുകൾ ഏറ്റെടുത്ത് സിബിഐ. ബീഹാറിലെയും ജാർഖണ്ടിലെയും പരീക്ഷ കേന്ദ്രങ്ങൾ സിബിഐ പരിശോധിച്ചു. ക്രമക്കേട് നടന്നുവെന്ന് സംശയിക്കുന്ന ചിലപരീക്ഷാ കേന്ദ്രങ്ങളിലാണ് സിബിഐ പരിശോധന നടത്തിയത്. കഴിഞ്ഞ പരീക്ഷകളിൽ ചില കേന്ദ്രങ്ങൾ തെരഞ്ഞെടുത്ത വിദ്യാർത്ഥികളെക്കുറിച്ചും, രണ്ടാം വട്ടം അസാധാരണമായി റാങ്ക് ഉയർത്തിയവരെക്കുറിച്ചുമാണ് അന്വേഷണം.
ചാള്‍സ് മൂന്നാമന്‍ രാജാവിന്‍റെ ഏക സഹോദരി ആനി രാജകുമാരിയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകുന്നേരം ഗ്ലോസെസ്റ്റർഷെയറിലെ ഗാറ്റ്‌കോംബ് പാർക്ക് എസ്റ്റേറ്റിൽ വച്ചാണ് 73 വയസ്സുള്ള രാജകുമാരിക്ക് തലയ്ക്ക് പരിക്കേറ്റത്.
രാജകുമാരി സുഖം പ്രാപിച്ച് വരികയാണെന്ന് ബക്കിങ്ഹാം കൊട്ടാരം അറിയിച്ചു.
അമേരിക്കയിലെ മിനസോട്ടയിലെ മാൻകാറ്റോയിലെ റാപിഡാൻ അണക്കെട്ടിനെ ചുറ്റിയൊഴുകി പ്രളയജലം എത്തിയതോടെ വൈദ്യുതി സബ്സ്റ്റേഷൻ തകർന്നു. നദീ തീരത്തെ വീടുകൾ ഒലിച്ച് പോയി. അണക്കെട്ട് ഏതു നിമിഷവും തകർന്നേക്കുമെന്ന അവസ്ഥയിലുള്ളത്. തിങ്കളാഴ്ച ഉച്ച കഴിഞ്ഞാണ് സംഭവം. അണക്കെട്ടിലേക്ക് കുതിച്ചെത്തിയ പ്രളയജലം ഷട്ടറുകൾ ഉയർത്തിയിട്ടും നിയന്ത്രണ വിധേയമായിരുന്നില്ല.
വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാൻജ് ജയിൽ മോചിതനായി. അമേരിക്കയുമായുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ് മോചനം. ബ്രിട്ടൻ വിട്ട ജൂലിയൻ അസാൻജ് ഓസ്ട്രേലിയയിലേക്ക് മടങ്ങിയെന്നാണ് റിപ്പോർട്ട്. അമേരിക്കയുടെ പ്രതിരോധ രഹസ്യങ്ങൾ ചോർത്തിയെന്ന കുറ്റത്തിനാണ് അസാൻജിനെ ജയിലിലടച്ചത്.
ബംഗ്ലാദേശിനെ മറികടന്ന് അഫ്ഗാനിസ്ഥാന്‍ ടി20 ലോകകപ്പിന്റെ സെമി ഫൈനലില്‍. സൂപ്പര്‍ എട്ട് ഗ്രൂപ്പ് ഒന്നിലെ നിര്‍ണായക മത്സരത്തില്‍ എട്ട് റണ്‍സിനായിരുന്നു അഫ്ഗാനിസ്ഥാന്റെ ജയം. അഫ്ഗാന്റെ സെമി പ്രവേശനത്തോടെ ഓസ്‌ട്രേലിയയും സൂപ്പര്‍ എട്ടില്‍ പുറത്തായി. സെമിയില്‍ ദക്ഷിണാഫ്രിക്കയാണ്, അഫ്ഗാനിസ്ഥാന്റെ എതിരാളി.