ലോക്സഭ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണലിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍. രാജ്യത്താകെ പത്തര ലക്ഷം വോട്ടെണ്ണൽ കേന്ദ്രങ്ങൾ ഉണ്ട്. 24 മണിക്കൂറും സിസിടിവി നിരീക്ഷണം ഉണ്ടാകും. നിരീക്ഷകരുടെ മുഴുനീള സാന്നിധ്യവും ഉണ്ടാകും. വോട്ടെണ്ണൽ കേന്ദ്രങ്ങൾക്ക് മൂന്ന് തലത്തിൽ സുരക്ഷയൊരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഏഴ് ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പ് തീര്‍ത്തും സമാധാനപരമായി പൂര്‍ത്തിയാക്കാൻ സാധിച്ചത് ഒരു അത്ഭുതമായിരുന്നുവെന്നും ലോക്സഭാ തെരഞ്ഞെടുപ്പിൽ 64 കോടി പേര്‍ വോട്ട് ചെയ്തുവെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വോട്ടെണ്ണലിന് മുന്നോടിയായി ദില്ലിയിൽ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
എക്സിറ്റ് പോളുകൾ തള്ളി സോണിയ ഗാന്ധി. യഥാർത്ഥ ഫലം നേർ വിപരീതമായിരിക്കും, കാത്തിരുന്ന് കാണാമെന്നും അവര്‍ പറഞ്ഞു. എക്സിറ്റ് പോളല്ല, നടന്നത് മോദി പോളാണെന്ന് രാഹുല്‍ഗാന്ധിയും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ലോക്സഭ തിരഞ്ഞെടുപ്പിന്‍റെ ഫലം നാളെ അറിയാനിരിക്കെ എക്സിറ്റ് പോളുകളില്‍ പ്രതീക്ഷയര്‍പ്പിച്ച് വന്‍ ആഘോഷത്തിനൊരുങ്ങി ബി.ജെ.പി. പാര്‍ട്ടി ആസ്ഥാനത്തേക്ക് നാളെ വന്‍ റോഡ് ഷോയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ആഭ്യന്തര മന്ത്രി അമിത് ഷായും ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡയും ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കും. പ്രധാനമന്ത്രി നരേന്ദ്രമോദി വൈകുന്നേരം ബി.ജെ.പി ആസ്ഥാനത്ത് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും.
ഇന്ത്യ സഖ്യം നേതാക്കൾ ഉന്നയിച്ച ആവശ്യം തള്ളി തെരഞ്ഞെടുപ്പ് കമ്മീഷൻ. പോസ്റ്റൽ ബാലറ്റ് ആദ്യം എണ്ണി തീർക്കുക പ്രായോഗികമല്ലെന്നും, കൃത്രിമം നടക്കുമെന്ന വാദത്തിന് അടിസ്ഥാനമില്ലെന്നും, പോസ്റ്റൽ ബാലറ്റുകൾ സൂക്ഷിച്ചുവെക്കാൻ വ്യവസ്ഥയുണ്ടെന്നും കമ്മീഷൻ വ്യക്തമാക്കി. വോട്ടെണ്ണലിൽ സുതാര്യത വേണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ സഖ്യ നേതാക്കൾ ഇന്നലെ തെരെഞ്ഞെടുപ്പ് കമ്മീഷനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ എൽഡിഎഫിന് മികച്ച നേട്ടം ഉണ്ടാക്കുമെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. തൃശൂരിൽ സുരേഷ് ഗോപി ജയിക്കില്ലെന്നും സുരേഷ് ഗോപിക്ക് നല്ലത് സിനിമ അഭിനയം തന്നെയാണെന്നും അദ്ദേഹം പരിഹസിച്ചു. കേരളത്തിൽ ബിജെപി ഒരു സീറ്റും നേടില്ലെന്നും എക്സിറ്റ് പോൾ സിപിഎമ്മിനെതിരായ അജണ്ടയുടെ ഭാഗമാണെന്നും ഇ പി ജയരാജൻ പറഞ്ഞു.
വടകരയില്‍ വിജയമുണ്ടാവുമെന്ന് ഉറച്ച് ഇടത് സ്ഥാനാര്‍ത്ഥി കെ കെ ശൈലജ. വടകരയിൽ തോൽക്കണമെങ്കിൽ ഏതെങ്കിലും തരത്തിലുള്ള അട്ടിമറി നടക്കണം. അങ്ങനെയൊരു അട്ടിമറി നടന്നോയെന്ന് ഇപ്പോൾ പറയാൻ സാധിക്കില്ലെന്നും കെ കെ ശൈലജ പ്രതികരിച്ചു.
ലോക്സഭ തിരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ നാളെ നടക്കാനിരിക്കെ വടകരയില്‍ പ്രത്യേക സേനാവിന്യാസം. അതീവ പ്രശ്ന ബാധിത മേഖലകളില്‍ കൂടുതല്‍ പൊലീസിനെ വിന്യസിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. വടകരയിലെ വിജയാഹ്ലാദ പരിപാടികള്‍ നേരത്തെ അറിയിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. ഇന്ന് വൈകിട്ട് മുതല്‍ നാളെ വൈകിട്ട് വരെ വോട്ടെണ്ണല്‍ കേന്ദ്രത്തിന് സമീപം നിരോധനാജ്ഞയും പ്രഖ്യാപിച്ചു.
മധ്യവേനല്‍ അവധിക്ക് ശേഷം സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ തുറന്നു. സംസ്ഥാനതല പ്രവേശനോത്സവം കൊച്ചി എളമക്കര ഗവ.ഹയര്‍സെക്കണ്ടറി സ്കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷത വഹിച്ചു. രാവിലെ 9 മണി മുതല്‍ ഒന്നാം ക്ലാസിലെത്തുന്ന കുട്ടികളെ വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. 9.30ന് പ്രവേശനോത്സവ ഗാനത്തിന്‍റെ ദൃശ്യാവിഷ്കാരം കുട്ടികൾ തന്നെ അവതരിപ്പിച്ചു.
വിജ്ഞാനത്തിനും വിനോദത്തിനും ഉപാധികളുള്ള ഇടമായി സ്കൂളുകൾ മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പുതിയ അധ്യയന വര്‍ഷത്തിന് തുടക്കം കുറിച്ച് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാഠപുസ്തകങ്ങളും യൂണീഫോമുകളും ഇതിനോടകം ലഭിച്ചു. കുട്ടികൾക്ക് ബാഗും കുടകളും നൽകി. ക്ലാസ്മുറികൾ ഹൈടെക്കായി. റോബോട്ടിക് കിറ്റുകൾ ലഭ്യമാക്കും. ഇതിനെയെല്ലാം ഉപയോഗിച്ച് ജീവിതത്തിൽ മുന്നേറാൻ കുട്ടികൾക്ക് സാധിക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.
വിദ്യാർത്ഥികൾക്ക് ആശംസകളുമായി കേരള പൊലീസ്. ചുറ്റിലേക്കും തലയുയർത്തി നോക്കുക. എന്ത് ആവശ്യത്തിനും ഞങ്ങൾ കൂടെയുണ്ടെന്നും എപ്പോൾ വേണമെങ്കിലും 112 എന്ന നമ്പറിൽ വിളിയ്ക്കാം. കൂടാതെ അപരിചിതരുമായി ചങ്ങാത്തതിലാക്കുകയോ, അവർ നൽകുന്ന ഭക്ഷണം വാങ്ങി കഴിക്കുകയാ ചെയ്യരുത്. മൊബൈൽ ഫോണുകൾ ആവശ്യത്തിന് മാത്രം ഉപയോഗിക്കുക. പത്ര വായന ശീലമാക്കുക സോഷ്യൽ മീഡിയയ്ക്ക് അടിമപ്പെടാതിരിക്കുക എന്നിങ്ങനെ പോകുന്നു പൊലീസിന്റെ ഓർമ്മപ്പെടുത്തലുകൾ.
പത്തനംതിട്ട തിരുവല്ല ഗവ. പ്രീ പ്രൈമറി സ്കൂളിൽ പ്രവേശനോത്സവം വൈകി. ഏകാധ്യാപിക വിദ്യാലയത്തിൽ പുതുതായി നിയമനം ലഭിച്ച അധ്യാപിക എത്താൻ വൈകിയതിനെ തുടര്‍ന്നാണ് സ്കൂളിൽ പ്രവേശനോത്സവം വൈകിയത്. 27 ഓളം കുട്ടികൾ പഠിക്കുന്ന സ്കൂളിൽ ഉച്ചയോടെയാണ് അധ്യാപിക എത്തിയത്. നിയമനത്തിന്റെ നടപടിക്രമങ്ങൾക്കായി വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ ഓഫീസിൽ പോയതായിരുന്നു എന്നാണ് അധ്യാപികയുടെ വിശദീകരണം.
ബാർ കോഴ ആരോപണമുയർന്ന് പത്ത് മിനിറ്റിനുള്ളിൽ അന്വേഷണം പ്രഖ്യാപിക്കുമെന്ന് പ്രതിപക്ഷം പോലും കരുതിയില്ലെന്ന് സംസ്ഥാന എക്സൈസ് വകുപ്പ് മന്ത്രി എംബി രാജേഷ്. ബാർ കോഴയുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തിന്റേത് തുരുമ്പിച്ച ആയുധമാണെന്നും, ടൂറിസം വകുപ്പ് എക്സൈസ് വകുപ്പിൽ കൈ കടത്തിയിട്ടില്ലെന്നും പ്രതിപക്ഷം കുറച്ച് കൂടി നല്ല ആയുധങ്ങളുമായി വരട്ടെ അപ്പോൾ നോക്കാമെന്നും അദ്ദേഹം പറഞ്ഞു.
ഗുരുതരമായ അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടി കുവൈറ്റ് കെ.എം.സി.സി ജന. സെക്രട്ടറി ആയിരുന്ന ഷറഫുദ്ദീൻ കണ്ണോത്ത് അടക്കമുള്ള പതിനൊന്ന് നേതാക്കൾക്ക് സസ്പെൻഷൻ. മെയ് 31 ന് ചേര്‍ന്ന യോഗത്തിലാണ് സംഘര്‍ഷമുണ്ടായത്. സംഘടന തര്‍ക്കത്തെ തുടര്‍ന്ന് കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, തൃശൂര്‍ ജില്ലകളുടെ തെരഞ്ഞെടുപ്പ് നിയന്ത്രിക്കാന്‍ എത്തിയ മുതിര്‍ന്ന ലീഗ് നേതാക്കളെ തടഞ്ഞു വെച്ചതിനെ തുടർന്നാണ് നടപടി.
മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി ഇടപാടിൽ അഴിമതി നിരോധന നിയമപ്രകാരമുള്ള അന്വേഷണ ആവശ്യം തള്ളിയ വിജിലൻസ് കോടതി ഉത്തരവിനെതിരെ മാത്യു കുഴൽനാടൻ നൽകിയ ഹർജി ഹൈക്കോടതി ഈ മാസം 18 ന് പരിഗണിക്കാനായി മാറ്റി. താൻ നൽകിയ തെളിവുകൾ പരിശോധിക്കാതെയാണ് വിജിലൻസ് കോടതി ഉത്തരവിട്ടതെന്നും മുഖ്യമന്ത്രിയ്ക്കെതിരെ ആരോപണം ഉന്നയിച്ചതു കൊണ്ട് രാഷ്ട്രീയ പ്രേരിതമെന്നു പറഞ്ഞ് പരാതി തള്ളാനാവില്ലെന്നും മാത്യു കുഴൽ നാടൻ ഹർജിയിൽ പറയുന്നു.
ഇടുക്കി അറക്കുളം ആലിന്‍ചുവട് ഭാഗത്ത് കുടിവെള്ള സ്രോതസിന് സമീപം പൊതു സ്ഥലത്ത് ഭക്ഷ്യ മാലിന്യം വലിച്ചെറിഞ്ഞ കോളേജ് വിദ്യാര്‍ഥികള്‍ക്ക് 1000 രൂപ പിഴയും നൂറ് തവണ ഇംപോസിഷനും ശിക്ഷ. അറക്കുളം പഞ്ചായത്തിന്റേതാണ് ഈ ശിക്ഷാ നടപടി. ഇനി ഞാന്‍ പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയില്ല എന്ന സത്യവാചകമാണ് നൂറ് തവണയെഴുതാന്‍ പഞ്ചായത്ത് നിര്‍ദേശിച്ചത്. പഞ്ചായത്ത് ഓഫീസില്‍ വച്ചു തന്നെ നൂറു പ്രാവശ്യം എഴുതിക്കൊടുത്ത് ആയിരം രൂപ പിഴയുമടച്ച് വിദ്യാര്‍ഥികള്‍ മടങ്ങി.
കെ എസ് യു പ്രസിഡണ്ടിനെതിരായ കെപിസിസിയുടെ അന്വേഷണ റിപ്പോർട്ടിന്‍റെ കോപ്പി മാധ്യമങ്ങൾക്ക് നൽകിയതിനെതിരെ അച്ചടക്ക സമിതി അധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ പരാതി നൽകി. കെഎസ്‌യു സംസ്ഥാന കൺവീനർ ജസ്വിൻ റോയിയാണ് പരാതിക്കാരൻ.സംഘടനയെ അപമാനിക്കുന്നതും ആത്മവീര്യം തകർക്കുന്നതും ആണ് നടപടിയെന്ന് പരാതിയില്‍ പറയുന്നു.
പന്നിയങ്കര ടോൾ പ്ലാസയിൽ സ്കൂൾ വാഹനങ്ങൾക്ക് ഈ മാസം ആറ് വരെ ടോൾ ഈടാക്കേണ്ടതില്ലെന്നും എന്നാൽ ആറാം തീയതി മുതൽ നിർബന്ധമായും ടോൾ കൊടുക്കണമെന്നും നിർദേശം. സ്കൂൾ വാഹനങ്ങൾക്ക് ടോൾ ഈടാക്കാനുള്ള നീക്കത്തിനെതിരെ പ്രദേശവാസികളും സമരസമിതിയും പ്രതിഷേധത്തിന് ഒരുങ്ങിയതിന് പിന്നാലെയാണ് തീരുമാനം.
ഉപയോഗ ശൂന്യമായ വാഹനങ്ങള്‍ വിറ്റ് പണമാക്കാൻ പൊലീസ് തീരുമാനം. ആക്രി വാഹനങ്ങളുടെ മൂല്യം നിശ്ചയിക്കാൻ ഉദ്യോഗസ്ഥരെ നിയോഗിച്ച് ആഭ്യന്തര വകുപ്പ് ഉത്തരവായി. കഴിഞ്ഞ ആറു മാസത്തിനിടെ ആയിരം പൊലീസ് വാഹനങ്ങളാണ് കട്ടപ്പുറത്തായത്. ഇന്ധനം അടിക്കാൻ പോലും പണം തികയാത്ത അവസ്ഥയിലാണ് സംസ്ഥാന പൊലീസ് സേന.
കണ്ണൂർ എടൂരിൽ നിർമ്മിച്ച സമാന്തര പാത കനത്ത മഴയെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ ഒലിച്ചു പോയി. പുതിയ നാല് പൈപ്പുകൾ സ്ഥാപിച്ച് റോഡിന്റെ വീതിയും ഉയരവും കൂട്ടി പണി കഴിഞ്ഞ് അര മണിക്കൂറിനുള്ളിലൊരു മഴ പെയ്തതിനെ തുടർന്നുണ്ടായ മലവെള്ളപാച്ചിലിൽ പൈപ്പും റോഡും ഒലിച്ചുപോയി.
യൂട്യൂബർ സഞ്ജു ടെക്കിക്കെതിരെ എംവിഡി കുറ്റപത്രം നല്‍കി. ആലപ്പുഴ മജിസ്ട്രേറ്റ് കോടതിയിൽ എൻഫോഴ്സ്മെന്റ് ആർടിഒ ആണ് കുറ്റപത്രം നല്‍കിയത്. സഞ്ജുവും കാർ ഓടിച്ച സൂര്യനാരായണനുമാണ് കേസിൽ പ്രതികള്‍. ഇവര്‍ക്കെതിരെ പ്രൊസിക്യൂഷൻ നടപടികളും ആരംഭിച്ചു. ആറ് മാസം മുതൽ ഒരുവർഷം വരെ ജയിൽ ശിക്ഷ ലഭിക്കാവുന്ന അപകടമുണ്ടാക്കുന്ന രീതിയിൽ വണ്ടിയോടിച്ചുവെന്ന കുറ്റമാണ് പ്രതികൾക്കെതിരെ ചുമത്തിയത്. സുരക്ഷിതമല്ലാത്ത വാഹനം റോഡില് ഓടിച്ചതിനുള്ള വകുപ്പും ചുമത്തി. ഈകുറ്റത്തിന് മൂന്ന് മാസം തടവ് ശിക്ഷ ലഭിക്കാം. കേസിൽ പ്രതികൾ കോടതിയിൽ വിചാരണ നേരിടണം.
കോഴിക്കോട് മാവൂർ ഊർക്കടവ് റെഗുലേറ്റർ കം ബ്രിഡ്ജിന് താഴെ പുഴയിൽ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. കുറ്റിക്കാട്ടൂർ സ്വദേശിയായ അബ്ദുൽ ജലീലിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇയാൾ പുഴയിൽ ചാടിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
മധ്യപ്രദേശിലെ രാജ്ഗഡ് ജില്ലയിലെ പിപ്ലോഡിയിൽ ട്രാക്ടർ ട്രോളി മറിഞ്ഞ് നാല് കുട്ടികളടക്കം 13 പേർ മരിച്ചു. 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ 13 പേരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടുപേരുടെ പരിക്ക് ഗുരുതരമായതിനാൽ വിദഗ്ധ പരിചരണത്തിനായി ഭോപ്പാലിലേക്ക് മാറ്റിയതായി രാജ്ഗഡ് കളക്ടർ അറിയിച്ചു.
ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ജാമ്യക്കാലാവധി അവസാനിച്ചതോടെ ജയിലിലേക്ക് മടങ്ങേണ്ടി വന്ന സാഹചര്യത്തിൽ അദ്ദേഹം സർക്കാർ ഭരണ നിർവഹണ ചുമതലകൾ കൈമാറി. സംഘടന ജനറൽ സെക്രട്ടറി സന്ദീപ് പഥകിന് പാർട്ടി നിയന്ത്രണ ചുമതലയും മന്ത്രി അതിഷി മർലെനക്ക് സർക്കാർ ഭരണ ഏകോപന ചുമതലയും നൽകി. സുനിത കെജ്രിവാൾ സജീവ രാഷ്ട്രീയത്തിലേക്ക് തൽക്കാലമിറങ്ങേണ്ടെന്നും കെജരിവാൾ നിർദേശം നൽകി.
എത്ര കാലം ജയിലിൽ കഴിഞ്ഞാലും കെജ്രിവാൾ തന്നെയായിരിക്കും മുഖ്യന്ത്രിയെന്ന് എഎപി ജനറൽ സെക്രട്ടറി സന്ദീപ് പഥക്. പാർട്ടി ഒറ്റക്കെട്ടായി കെജ്രിവാളിനൊപ്പമെന്നും എക്സിറ്റ് പോളുകൾ ശുദ്ധതട്ടിപ്പാണെന്നും സന്ദീപ് പഥക് ചൂണ്ടിക്കാട്ടി. ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിലും എഎപി വിജയിക്കും. പാർട്ടിക്കുള്ളിൽ പ്രതിസന്ധിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജമ്മുകശ്മീരിലെ പുല്‍വാമയില്‍ സുരക്ഷാസേനയും ഭീകരരുമായി ഏറ്റുമുട്ടല്‍. നിഹാമ മേഖലയില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. പ്രദേശത്ത് ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് തിരച്ചിലിനെത്തിയതായിരുന്നു സുരക്ഷ ഉദ്യോഗസ്ഥര്‍. പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും ഭീകരരുമായി ഏറ്റുമുട്ടുകയാണെന്നും പ്രദേശത്ത് കനത്ത വെടിവയ്പ്പ് ഉണ്ടെന്നും അധികൃതര്‍ അറിയിച്ചു.
കുവൈത്തിന്‍റെ പുതിയ കിരീടാവകാശിയായി മുൻ പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അല്‍ സബാഹ്. ശനിയാഴ്ചയാണ് കിരീടാവകാശിയെ നിയമിച്ച് അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അല്‍ സബാഹ് ഉത്തരവിൽ ഒപ്പുവെച്ചത്. ഞായറാഴ്ച അമീറിന് മുമ്പാകെ കിരീടാവകാശി ഭരണഘടന സത്യപ്രതിജ്ഞ ചെയ്തു.
വീണ്ടും വിമാനത്തിന് ബോംബ് ഭീഷണി. ദില്ലിയിൽ നിന്നും മുംബൈയിലേക്ക് വരുന്ന ആകാശ എയറിന്റെ വിമാനത്തിലാണ് ബോംബ് ഭീഷണി സന്ദേശം എത്തിയത്. വിമാനം അഹമ്മദാബാദ് വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. സുരക്ഷ ഉദ്യോഗസ്ഥരും ഡോഗ് സ്‌ക്വാഡും വിമാനം പരിശോധിക്കുകയാണ്.
എൻഡിഎ വിജയിച്ചാൽ ബിഹാർ മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് നിതീഷ് കുമാർ കേന്ദ്രമന്ത്രിയാകുമെന്ന് സൂചന. മോദിക്ക് ഹാട്രിക് വിജയമെന്ന എക്സിറ്റ് പോൾ പ്രവചനങ്ങൾക്ക് പിന്നാലെ ജെഡിയു അധ്യക്ഷൻ നിതീഷ് കുമാർ അടുത്ത കളംമാറ്റത്തിനൊരുങ്ങുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
കനത്ത മഴയിൽ ബെംഗളൂരുവിലെ ട്രാക്കിൽ മരം പൊട്ടിവീണതോടെ ബെംഗളൂരു മെട്രോ സർവീസുകൾ ഒരു രാത്രി തടസ്സപ്പെട്ടു. എംജി റോഡിനും ട്രിനിറ്റി സ്‌റ്റേഷനും ഇടയിലുള്ള മെട്രോ ട്രാക്കിലാണ് മരം പൊട്ടിവീണത്. രാത്രി ഏഴരയോടെയാണ് സംഭവം. എംജി റോഡിനും ഇന്ദിരാനഗറിനും ഇടയിൽ ട്രെയിൻ സർവീസ് നിർത്തിവെച്ചെന്ന് ടിബിഎംആർസിഎൽ മുന്നറിയിപ്പ് നൽകി.
തെക്കൻ പോർച്ചുഗലിൽ എയർ ഷോയിൽ ആറ് വിമാനങ്ങൾ ഉൾപ്പെടുന്ന വ്യോമ പ്രകടനത്തിനിടെ രണ്ട് വിമാനങ്ങൾ അപകടത്തിൽ പെട്ടതിനെ തുടർന്ന് പൈലറ്റ് കൊല്ലപ്പെട്ടു. പ്രാദേശിക സമയം വൈകിട്ട് 4:05 നായിരുന്നു സംഭവമെന്നും പോർച്ചുഗീസ് വ്യോമസേന അറിയിച്ചു.
ഇസ്രയേൽ പൗരന്മാർക്ക് പ്രവേശന വിലക്കുമായി മാലദ്വീപ്. ഗാസയിലെ ജനങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചാണ് മാലദ്വീപിന്‍റെ ഈ നീക്കം. ഇസ്രയേൽ പാസ്‌പോർട്ടുള്ളവർക്ക് വിലക്ക് ഏർപ്പെടുത്താൻ പ്രസിഡന്റ് മുഹമ്മദ് മുയിസു തീരുമാനിച്ചെന്ന് അദ്ദേഹത്തിന്‍റെ ഓഫീസാണ് അറിയിച്ചത്. പുതിയ നിയമം എപ്പോൾ പ്രാബല്യത്തിൽ വരുമെന്ന് വ്യക്തമാക്കിയിട്ടില്ല.