മാസപ്പടി കേസുമായി ബന്ധപ്പെട്ട് മാത്യു കുഴൽനാടൻ എംഎൽഎ സമര്‍പ്പിച്ച ഹര്‍ജി തിരുവനന്തപുരം വിജിലൻസ് കോടതി തള്ളി. സിഎംആർഎൽ എന്ന സ്വകാര്യ സ്ഥാപനത്തിന് ധാതുമണൽ ഖനനത്തിന് വഴിവിട്ട സഹായം നൽകിയതിന് പ്രതിഫലമായി മുഖ്യമന്ത്രിയുടെ മകള്‍ക്ക് മാസപ്പടി നൽകിയെന്നായിരുന്നു മാത്യു കുഴൽനാടന്റെ ആരോപണം. ഇതിൽ തെളിവുകള്‍ ഹാജരാക്കാൻ മാത്യുകുഴൽ നാടനോട് കോടതി ആവശ്യപ്പെട്ടിരുന്നു. ചില രേഖകള്‍ കുഴൽനാടൻെറ അഭിഭാഷകൻ ഹാജരാക്കിയിരുന്നു. എന്നാൽ ഈ രേഖളിലൊന്നും സർക്കാർ വഴിവിട്ട് സഹായം ചെയ്തതായി കണ്ടെത്താനായിട്ടില്ലെന്ന് വിജിലൻസും വാദിച്ചു.
മാസപ്പടിയില്‍ മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ നിയമപോരാട്ടം തുടരുമെന്ന് മാത്യു കുഴല്‍നാടന്‍ എം എൽ എ . കോടതിയുടെ ഈ തീരുമാനം അപ്രതീക്ഷിതമെന്ന് അദ്ദേഹം പ്രതികരിച്ചു. ഉത്തരവിന്‍റെ പകര്‍പ്പ് ലഭിച്ചശേഷം വിശദമായി പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു. കോടതി നേരിട്ട് അന്വേഷിക്കണമെന്നായിരുന്നു കുഴല്‍നാടന്റെ ആവശ്യം.
സിഐടിയു ഒഴികെയുള്ള സംഘടനകള്‍ പ്രതിഷേധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഇന്നും ഡ്രൈംവിഗ് ടെസ്റ്റുകൾ മുടങ്ങി. ഐഎൻടിയുസിയും സ്വതന്ത്ര സംഘടനകളും സമരം തുടരുകയാണ്. തിരുവനന്തപുരം മുട്ടത്തറയില്‍ ആരെയും ടെസ്റ്റിന് കയറ്റില്ലെന്നാണ് സമരക്കാർ എംവിഡി ഉദ്യോഗസ്ഥരെ അറിയിച്ചിരിക്കുന്നത്. കണ്ണൂർ തോട്ടടയിൽ സംയുക്ത സമിതിയുടെ ടെസ്റ്റ് ഗ്രൗണ്ടിൽ കിടന്നാണ് സമരക്കാര്‍ പ്രതിഷേധിക്കുന്നത്. എറണാകുളത്തും ഡ്രൈവിംഗ് സ്കൂളുകാർ ഡ്രൈവിംഗ് ടെസ്റ്റ് ബഹിഷ്ക്കരിച്ചു.
കെപിസിസി അധ്യക്ഷ പദവി, കെ സുധാകരന് തിരിച്ചുനല്‍കുന്നതില്‍ പാര്‍ട്ടി നേതൃത്വത്തില്‍ എതിര്‍പ്പുണ്ടെന്ന് സൂചന. പുതിയ അധ്യക്ഷനെ കണ്ടെത്തുംവരെ എംഎം ഹസന്‍ തുടരട്ടെയെന്നാണ് പ്രധാന നേതാക്കളുടെ അഭിപ്രായം. എഐസിസി പറഞ്ഞാല്‍ സ്ഥാനം ഒഴിയുമെന്ന് ഹസന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും പ്രശ്നങ്ങളില്ലാതെ വിഷയം പരിഹരിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കെപിസിസി പ്രസിഡന്‍റായി കെ സുധാകരന്‍ വന്നത് പാര്‍ട്ടിയില്‍ മാറ്റങ്ങളൊന്നും കൊണ്ടുവന്നില്ലെന്നാണ് പൊതുവെയുള്ള വിമര്‍ശനം.
സംസ്ഥാനത്ത് പ്രതിദിന വൈദ്യുതി ഉപയോഗത്തിൽ നേരിയ കുറവ്. ഇന്നലത്തെ ആകെ ഉപയോഗം 103.28 ദശലക്ഷം യൂണിറ്റിലെത്തി. ശനിയാഴ്ച 112.52 ദശലക്ഷം യൂണിറ്റ് ആയിരുന്നു ഉപയോഗം. മേഖല തിരിച്ചുളള വൈദ്യുതി നിയന്ത്രണം ഉപയോഗം കുറയാൻ കാരണമായെന്നാണ് കെഎസ്ഇബിയുടെ വിലയിരുത്തൽ.
നഴ്സിംഗ് പഠനം കഴിഞ്ഞാല്‍ ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ടെന്ന് സുപ്രീംകോടതി വ്യക്തമാക്കി. നിര്‍ബന്ധിത പരീശീലനം വേണ്ടെന്ന കേരള സര്‍ക്കാര്‍ തീരുമാനം സുപ്രീംകോടതി ശരിവെച്ചു. സര്‍ക്കാര്‍ തീരുമാനത്തെ ചോദ്യം ചെയ്തുള്ള സ്വകാര്യ ആശുപത്രികളുടെ ഹര്‍ജി സുപ്രീംകോടതി തള്ളി. നാല് വര്‍ഷത്തെ പഠനത്തിനിടയില്‍ ആറ് മാസം പരിശീലനം ലഭിക്കുന്നുണ്ടെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.
കാറിലിരുന്ന് തലപുറത്തേക്കിട്ട് അപകടകരമായ യാത്ര ചെയതതിന് നൂറനാട് സ്വദേശികളായ ഡ്രൈവര്‍ അല്‍ ഗാലിബ് ബിൻ നസീര്‍, അഫ്താര് അലി, ബിലാല് നസീര്‍, മുഹമ്മദ് സജാദ്, സജാസ് എന്നിവര്‍ക്ക് ശിക്ഷയായി ഇന്ന് മുതല്‍ ഒരാഴ്ചത്തേക്ക് സാമൂഹ്യ സേവനം നടത്തണമെന്ന് മോട്ടോര്‍ വാഹന വകുപ്പിന്‍റെ നിര്‍ദേശം. മാവേലിക്കര ജോയിന്‍റ് ആര്‍ടിഒ ആണ് യുവാക്കള്‍ക്ക് നല്ലനടപ്പിന് കമ്യൂണിറ്റി സര്‍വീസ് ശിക്ഷ നല്‍കിയത്. നാലു ദിവസത്തെ മെഡിക്കല്‍ കോളേജിലെ സേവനത്തിനുശേഷം പത്തനാപുരം ഗാന്ധിഭവനിൽ മൂന്ന് ദിവസത്തേ സേവനവും ചെയ്യണം എന്നതാണ് ശിക്ഷ.
ഡ്രൈവിങ്ങ് ടെസ്റ്റും രജിസ്ട്രേഷനും പൂർത്തിയാക്കി ലൈസൻസിനും ആർസി ബുക്കിനുമായി കാത്തിരിക്കുന്നത് 17 ലക്ഷത്തിലധികം ആളുകളുണ്ടെന്ന് റിപ്പോർട്ട്. സ്വകാര്യ കമ്പനിയായ ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസാണ് കാർഡുകൾ പ്രിന്റ് ചെയ്യുന്നത്. പ്രിൻറിംഗ് നിർത്തിയതോടെ കഴിഞ്ഞ ജൂലൈയിൽ സർക്കാർ കമ്പനിക്ക് ഏഴരകോടി രൂപ നൽകി. പിന്നീട് പണം കൊടുക്കാതിരുന്നതോടെ കമ്പനി വീണ്ടും പ്രിന്റിങ്ങും നിർത്തി. ഒടുവിൽ ഇക്കഴിഞ്ഞ ജനുവരിയിലാണ് കുടിശികയുണ്ടായിരുന്ന പണം നൽകിയത്. അതിന് ശേഷം പ്രിന്റിങ്ങ് തുടങ്ങിയെങ്കിലും നവംബർ ഡിസംബർ ജനുവരി മാസങ്ങളിലെ അപേക്ഷകൾ കുന്ന്കൂടി കിടക്കുകയാണ്.
പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിയെ ശക്തിപ്പെടുത്തുമെന്നും, കോണ്‍ഗ്രസിന് കേരളത്തിൽ എല്ലായിടത്തും സംഘടന ദൗർബല്യം ഉണ്ടെന്നും കെ.മുരളീധരന്‍. മുൻ അനുഭവം വച്ച് പ്രവർത്തനം ശക്തമാക്കും. കൂടാതെ പത്മജ കോൺഗ്രസിന്‍റെ കാര്യം നോക്കണ്ട. പ്രശ്നങ്ങൾ ഉണ്ടെങ്കിൽ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. തൃശൂർ മാത്രം ആയി പ്രശ്നം ഇല്ല, സെമി കേഡർ അല്ല കോണ്‍ഗ്രസിന് വേണ്ടതെന്നും താഴെക്കിടയിലുള്ള പ്രവർത്തനം ആണ് വേണ്ടത് ആള് കൂടണമെന്നും ഒപ്പം തൃശൂരിൽ യുഡിഎഫിന് പരാജയ ഭീതി ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കെ മുരളീധരനോട് തന്നെ പറ്റി ഒന്നും ചോദിക്കരുതെന്ന് മാധ്യമങ്ങളോട് അപേക്ഷിക്കുകയാണെന്ന് ബിജെപി നേതാവും മുരളീധരന്റെ സഹോദരിയുമായ പദ്മജ വേണുഗോപാൽ. ബന്ധങ്ങളെ രാഷ്ട്രീയമായി കാണുന്ന ഒരു വികാരജീവിയാണ് മുരളീധരനെന്നും ഒരു മറുപടിയും അർഹിക്കുന്നില്ലെന്നും പദ്മജ പറഞ്ഞു. കോൺഗ്രസിന്റെ കാര്യം നോക്കേണ്ടെന്ന മുരളീധരന്റെ പരാമർശത്തോടാണ് പദ്മജയുടെ പ്രതികരണം.
സ്വകാര്യ സന്ദർശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബൈയിലേക്ക് യാത്ര തിരിച്ചു. ഇന്ന് പുലർച്ചെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നാണ് മുഖ്യമന്ത്രിയും കുടുംബാംഗങ്ങളും ദുബൈയിലേക്ക് പോയത്. ഇന്നലെയാണ് മുഖ്യമന്ത്രിയുടെ യാത്രയ്ക്ക് കേന്ദ്രാനുമതി കിട്ടിയത്.
മഴ പെയ്യാൻ പത്തനംതിട്ട സലഫി മസ്ജിദിൽ പ്രത്യേക പ്രാർത്ഥന. പള്ളി മുറ്റത്താണ് വിശ്വാസി സമൂഹം ഒത്തുകൂടിയത്. സമൂഹത്തിനാകെ ആശ്വാസമേകി മഴ പെയ്യട്ടെ എന്ന ആഗ്രഹത്തോടെയാണ് ഒത്തൊരുമിച്ചുള്ള പ്രാർത്ഥനയെന്ന് പള്ളി ഭാരവാഹികള്‍ പറഞ്ഞു.
കൊച്ചി ഇൻഫോ പാർക്കിനോട് ചേർന്നുള്ള സ്മാർട്ട് സിറ്റിയിൽ കെട്ടിട നിര്‍മാണത്തിനിടെ ഉണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ഗുരുതര പരിക്കേറ്റ ബിഹാർ സ്വദേശി ഉത്തം ആണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ അഞ്ച് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതില്‍ ഒരാളുടെ പരിക്ക് ഗുരുതരമാണ്. കെട്ടിടത്തിന് പെയിന്‍റിങ്ങിനായി നിര്‍മിച്ച ഇരുമ്പ് ഫ്രെയിമാണ് തകര്‍ന്ന് വീണത്.
തൃശ്ശൂർ നെടുമ്പാളിൽ വീടിനുള്ളിൽ കിടപ്പുരോഗിയെ മരിച്ച നിലയിൽ കണ്ട സംഭവം കൊലപാതകമെന്ന് വെളിപ്പെടുത്തൽ. നെടുമ്പാൾ വഞ്ചിക്കടവ് കാരിക്കുറ്റി വീട്ടിൽ രാമകൃഷ്ണന്റെ മകൻ 45 വയസുള്ള, കിടപ്പുരോഗിയായ സന്തോഷ് ആണ് മരിച്ചത്. തൻ്റെ ഭർത്താവാണ് കൊല ചെയ്തതെന്ന് സന്തോഷിന്റെ സഹോദരി ഷീബ പോലീസിന് മൊഴി നൽകി. പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നശേഷം തുടർ നടപടികൾ കൈക്കാെള്ളുമെന്ന് പുതുക്കാട് പോലീസ് അറിയിച്ചു.
പാലക്കാട് കല്ലേക്കാട് മേട്ടുപ്പാറയിൽ വെട്ടിലും ഏറിലും പത്ത് പേർക്ക് പരുക്കേറ്റു. ഓട്ടോ നിർത്തിയിടുന്നതിനെച്ചൊല്ലിയാണ് സംഘർഷം ഉണ്ടായത്. മേട്ടുപ്പാറ സ്വദേശി കുമാരൻ, മകൻ കാർത്തി, കുമാരൻ്റെ സഹോദരൻ നടരാജൻ, ഭാര്യ സെൽവി മക്കളായ ജീവൻ, ജിഷ്ണു എന്നിവർക്കാണ് വെട്ടേറ്റത്. കഴുത്തിൽ വെട്ടേറ്റ കുമാരനെ തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
പത്തനംതിട്ട തെങ്ങമത്ത് അരളി ചെടിയുടെ ഇല തിന്ന പശുവും കിടാവും ചത്തു വെന്ന് റിപ്പോർട്ട്. രണ്ട് ദിവസം മുൻപ് തെങ്ങമം മഞ്ജു ഭവനത്തിൽ പങ്കജവല്ലിയമ്മയുടെ വീട്ടിലെ പശുവും കിടാവുമാണ് ചത്തത്. സമീപത്തെ വീട്ടുകാർ വെട്ടികളഞ്ഞ അരളി തീറ്റയ്ക്ക് ഒപ്പം അബദ്ധത്തിൽ നൽകിയതാണ് മരണ കാരണമെന്നാണ് സൂചന.
രാജ്യത്ത് ഐഎസ്‌സി ഐസിഎസ്‌ഇ സിലബസ് പ്രകാരമുള്ള പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. രാജ്യത്താകെ പരീക്ഷയെഴുതിയവരിൽ 99.47% വിദ്യാര്‍ത്ഥികളും പത്താം ക്ലാസിൽ വിജയിച്ചു. പന്ത്രണ്ടാം ക്ലാസിലേക്ക് 98.19% ആണ് രാജ്യത്തെ വിജയം. കേരളം അടങ്ങുന്ന തെക്കൻ മേഖലയിൽ പരീക്ഷയെഴുതിയവരിൽ 99.95% പേരും പന്ത്രണ്ടാം ക്ലാസിൽ വിജയിച്ചു. കേരളത്തിൽ പത്താം ക്ലാസിൽ 99.99% വിദ്യാര്‍ത്ഥികളും പന്ത്രണ്ടാം ക്ലാസിൽ 99.93% വിദ്യാര്‍ത്ഥികളും വിജയിച്ചു. www.cisce.org, results.cisce.org എന്നീ വെബ്സൈറ്റുകളിൽ ഫലം അറിയാനാവും.
വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനക്കെതിരെ കടുത്ത പ്രതിഷേധവുമായി വിസിമാരുടെ തുറന്ന കത്ത്. വൈസ് ചാന്‍സലര്‍മാര്‍ ഉള്‍പ്പടെ 181 അക്കാദമിക് പണ്ഡിതന്‍മാര്‍ ഒപ്പിട്ട കത്ത് രാഹുല്‍ ഗാന്ധിക്കയച്ചു. വൈസ് ചാന്‍സലര്‍മാരുടേത് രാഷ്ട്രീയ നിയമനമാണെന്നും , ആര്‍എസ്എസ് പശ്ചാത്തലമുള്ളവരാണ് മിക്ക വിസിമാരെന്നും രാഹുല്‍ വിമര്‍ശിച്ചതായി കത്തില്‍ സൂചിപ്പിക്കുന്നു.
അസാധാരണ നടപടിയുമായി കോടതി. ഏഴ് വർഷം മുൻപ് വിവാഹിതയായ യുവതിക്കും മൂന്ന് കുഞ്ഞുങ്ങൾക്കും ജീവനാംശം തേടിയ യുവതിക്ക് നിയമത്തിലെ നൂലാമാലകൾ മുൻനിർത്തി ജീവനാംശം നൽകാനാവില്ലെന്ന് വാദിച്ച രണ്ടാം ഭർത്താവിന് തിരിച്ചടി നൽകുന്നതാണ് മധ്യപ്രദേശ് ഹൈക്കോടതിയുടെ തീരുമാനം. ക്രിമിനൽ പ്രൊസീജ്യറിലെ 125ാം വകുപ്പ് അനുസരിച്ചാണ് യുവതി ജീവനാംശം തേടിയത്. എന്നാൽ ആദ്യ വിവാഹിതയായ യുവതി ആ ബന്ധം നിയമപരമായി വിവാഹ മോചനം നേടിയിട്ടില്ലാത്തതിൽ രണ്ടാം വിവാഹത്തിന് സാധുതയില്ലെന്നായിരുന്നു ഭർത്താവിന്റെ വാദം. എന്നാൽ നിയമത്തിലെ പഴുതുകൾ വിദ്യയാക്കി ജീവനാംശം നൽകേണ്ടതില്ലെന്ന് വ്യക്തമാക്കിയ കോടതി യുവതിക്ക് രണ്ടാം ഭർത്താവിനെതിരെ ഗാർഹിക പീഡനത്തിന് കോടതിയെ സമീപിക്കാമെന്ന് വ്യക്തമാക്കി.
മെഡിക്കൽ പ്രവേശന പരീക്ഷയിൽ ആള്‍മാറാട്ടം നടത്തിയ കേസിൽ എംബിബിഎസ് വിദ്യാർത്ഥി ഉള്‍പ്പെടെ ആറ് പേർ പിടിയിൽ. നീറ്റ് പരീക്ഷ മറ്റൊരാള്‍ക്കു വേണ്ടി എഴുതാനാണ് എംബിബിഎസ് വിദ്യാർത്ഥി അഭിഷേക് ഗുപ്ത ആള്‍മാറാട്ടം നടത്തിയത്. 10 ലക്ഷം രൂപ കൈപ്പറ്റിയാണ് പരീക്ഷയ്ക്ക് എത്തിയത്. രാജസ്ഥാനിലെ ഭരത്പൂരിൽ നിന്നാണ് ആറ് പേരെയും പിടികൂടിയത്.
ഗുജറാത്തിലെ അഹമ്മദാബാദിൽ സ്കൂളുകൾ തകർക്കുമെന്ന് ഭീഷണി സന്ദേശം. ദില്ലി പബ്ലിക് സ്കൂൾ, ആനന്ദ് നികേതൻ തുടങ്ങിയ സ്കൂളുകൾക്കും ബോംബ് ഭീഷണിയുള്ള ഇമെയിലുകൾ ലഭിച്ചതായും പൊലീസ് പറയുന്നു. സംഭവത്തെ തുടർന്ന് പൊലീസ് സംഘം നഗരത്തിലെ വിവിധ സ്‌കൂളുകളിൽ പരിശോധന നടത്തി വരികയാണ്.
സ്കൂളിൽ എസി സൗകര്യം ഏർപ്പെടുത്തിയതിന് വിദ്യാർത്ഥികളിൽ നിന്ന് ഫീസ് ഈടാക്കിയതിനെതിരായ പൊതുതാൽപര്യ ഹർജി തള്ളി ദില്ലി ഹൈക്കോടതി. എസിക്കായി ഫീസ് ഈടാക്കുന്നത് നിർത്താൻ ആവശ്യപ്പെടാൻ ദില്ലി സർക്കാരിന്റെ വിദ്യാഭ്യാസ വകുപ്പിന് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ടുള്ളതായിരുന്നു പൊതുതാൽപര്യ ഹർജി. എസിക്കായി ഏർപ്പെടുത്തിയ ഫീസ് സ്കൂളിലെ ലാബ്, സ്മാർട്ട് ക്ലാസ് എന്നിവയ്ക്കായി ഈടാക്കുന്ന ഫീസിന് തുല്യമാണെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി തീരുമാനം.
ജാർഖണ്ഡിൽ ഇഡി റെയ്ഡിൽ 25 കോടി രൂപ പിടികൂടി. മന്ത്രി അലംഗീർ ആലമിന്‍റെ സഹായിയുടെ വീട്ടിലെ പരിശോധനയിലാണ് പണം പിടികൂടിയത്. തദ്ദേശ വികസന വകുപ്പിലെ അഴിമതി കേസിലാണ് പരിശോധന. റാഞ്ചിയിൽ ഒമ്പത് സ്ഥലങ്ങളിലാണ് അന്വേഷണ ഏജൻസി ഒരേസമയം റെയ്ഡ് നടത്തിയത്.
അമേഠിയിലുള്ള കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസ് അജ്ഞാതര്‍ ആക്രമിച്ചതായി റിപ്പോര്‍ട്ട്. ഞായറാഴ്‌ച അര്‍ധരാത്രിയോടെയുണ്ടായ ആക്രമണത്തില്‍ ഓഫീസിന് പുറത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ ആക്രമികള്‍ അടിച്ചുതകര്‍ത്ത ശേഷം കടന്നുകളഞ്ഞു. ബിജെപി പ്രവര്‍ത്തകരാണ് ഓഫീസ് ആക്രമിച്ചതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. എന്നാല്‍ സംഭവത്തില്‍ പ്രതികളെ ആരെയും പിടികൂടിയിട്ടില്ല. സംഭവത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് പാര്‍ട്ടി പ്രവര്‍ത്തകര്‍ സ്ഥലത്ത് പ്രതിഷേധിച്ചു. സ്ഥലത്ത് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സംഭവത്തെ കുറിച്ച് വിശദമായി അന്വേഷിക്കുമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.