ഓണക്കിറ്റിനായി എഎവൈ വിഭാഗത്തിന് 53 കോടിയും, ഓണവിപണി നടത്തിപ്പിനായി സപ്ലൈകോയ്ക്ക് 200 കോടിയും ഉള്പ്പെടെ 253 കോടി രൂപ അടിയന്തരമായി അനുവദിച്ച് സംസ്ഥാന സര്ക്കാര്. ഭക്ഷ്യ- സിവില് സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബിന്റെ അഭ്യര്ത്ഥനപ്രകാരം മുഖ്യമന്ത്രി വി ഡി സതീശന്റെ ഇടപെടലിനെ തുടര്ന്നാണ് നടപടി.
കാപ്പ കേസുമായി ബന്ധപ്പെട്ട് തടവിലുള്ള തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി കൗൺസിലർ ആർ സുഗതൻ വിയ്യൂർ ജയിലിൽ വെച്ച് സത്യപ്രതിജ്ഞ ചെയ്തു. രാവിലെ 11 മണിയോടെ ജയിൽ സൂപ്രണ്ടിന്റെ മുറിയിൽ വെച്ചായിരുന്നു സത്യപ്രതിജ്ഞ ചടങ്ങ്. മേയർ വി വി രാജേഷാണ് സുഗതന് സത്യവാചകം ചൊല്ലിക്കൊടുത്തത്.
തിരുവനന്തപുരം കോർപ്പറേഷൻ ഭരണം അഞ്ച് വർഷം സുഖമമായി മുന്നോട്ട് പോകുമെന്ന് മേയര് വി വി രാജേഷ്. നിലവില് സങ്കീർണ്ണമായ സാഹചര്യമില്ലെന്നും പ്രതിസന്ധി ഉണ്ടാകില്ലെന്നും വി വി രാജേഷ് പറഞ്ഞു. ഈ ടേമിൽ ആരും അയോഗ്യരാകില്ല ഭരണസമിതി അധികാരത്തിലേറിയത് മുതൽ പ്രതിപക്ഷം വിമർശിക്കുകയാണ്. തോറ്റത് മാനസികമായി അംഗീകരിച്ചാൽ മതിയെന്നും വി വി രാജേഷ് പരിഹസിച്ചു.
ബിജെപി നേതാക്കളുടെ പ്രസ്താവനകളിൽ പരസ്യപ്രതികരണം വേണ്ടെന്ന തീരുമാനത്തിൽ എൻഎസ്എസ് നേതൃത്വം. രാഷ്ട്രീയ പാർട്ടിയുമായി ഏറ്റുമുട്ടേണ്ട എന്നാണ് നേതൃത്വത്തിന്റെ നിലപാട്. എൻഎസ്എസ് ആഭ്യന്തരകാര്യങ്ങളിൽ ഇടപെടില്ലെന്ന രാജീവ് ചന്ദ്രശേഖറിന്റെ പ്രതികരണം സ്വാഗതം ചെയ്യുന്നുവെന്നും എൻഎസ്എസ് നേതൃത്വം അറിയിച്ചു.
പ്രിയദർശിനി കാരണം സ്വകാര്യ ബസ് മേഖലക്ക് ഒരു മാസത്തിനിടെ 65 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടായെന്ന് ഉടമകൾ. 500ലധികം ബസുകൾ ഓട്ടം നിർത്തിയെന്നും ഓടുന്നവയിൽ പകുതിയും മുഴുവൻ ട്രിപ്പും നടത്തുന്നില്ലെന്നും ഉടമകൾ അറിയിച്ചു. കഴിഞ്ഞ ദിവസം സ്വകാര്യ ബസ് മേഖലയിലെ പ്രശ്നങ്ങൾ സംബന്ധിച്ച് ഗതാഗത മന്ത്രി സി.പി. ജോൺ ബസ് ഉടമകളുമായി ചർച്ച നടത്തിയിരുന്നു.
കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ സർക്കാർ പ്രഖ്യാപിച്ച ഇരട്ട അന്വേഷണം വൈകുന്നു. ഇതിനുള്ള രണ്ട് സമിതികളും ഇതുവരെ സ്ഥലം സന്ദർശിച്ചിട്ടില്ല. തുരങ്ക പാത നിർമ്മാണവുമായി ബന്ധപ്പെട്ട് കൂട്ടിയിട്ട മണ്ണ് മാറ്റുന്നത് സംബന്ധിച്ച് പഠിക്കാൻ സർക്കാർ നിയോഗിച്ചത് മൂന്നംഗ സംഘത്തെയും, ദുരന്തത്തിന്റെ കാരണം കണ്ടെത്താൻ നിയോഗിച്ചത് അഞ്ചംഗ സംഘത്തെയുമായിരുന്നു.
പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തില് സിപിഐയുടെ പരസ്യ നിലപാടില് നീരസം വ്യക്തമാക്കി എല്ഡിഎഫ് കണ്വീനര് ടി പി രാമകൃഷ്ണന്. പുറത്ത് സംസാരിച്ചു തീര്ക്കേണ്ട വിഷയമല്ലെന്നും, പരസ്പര കൂടിയാലോചനയോടെ ധാരണയില് എത്തേണ്ടതാണ്. അതിനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ വന്നശേഷം നടപ്പിലാക്കുന്നത് ഇരട്ട നീതിയെന്ന് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയ്. കാപ്പ കേസിലെ പ്രതിയായ സുഗതനെ കൊണ്ടുവരുമ്പോൾ കയ്യിൽ വിലങ്ങ് വെച്ചിരുന്നില്ല. ബിനു ഐ പി അടക്കമുള്ള സിപിഐഎം നേതാക്കളെ കൊണ്ടുവരുമ്പോൾ കയ്യിൽ വിലങ്ങു വയ്ക്കുന്നു എന്നും ജോയ് പറഞ്ഞു.
കുട്ടികളെ ശാസിച്ചതിൽ മറ്റൊരു വ്യാഖ്യാനം കൊണ്ടുവരാൻ പലരും ശ്രമിച്ചുവെന്ന് സിപിഎം നേതാവ് കെ.ടി. ജലീൽ. ആ കുട്ടികൾക്ക് പ്രശ്നം ഉണ്ടെങ്കിൽ ക്ഷമ ചോദിക്കാമെന്നും അദ്ദേഹം പറഞ്ഞു. റിപ്പോർട്ട് സമർപ്പിച്ച് അവർ കേസ് എടുക്കട്ടെയെന്നും ആ വീഡിയോ വന്നതിലും പ്രചരിച്ചതിലും കുട്ടികൾക്ക് പ്രശ്നം ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
ആലപ്പുഴയിൽ മുൻ മുഖ്യമന്ത്രിമാരുടെ ഗൺമാന്മാർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ച സംഭവത്തിൽ എസ്ഐടി റിപ്പോർട്ടിലെ ചില ഭാഗങ്ങളിൽ കുറച്ചുകൂടി വ്യക്തവേണമെന്ന് ആവശ്യപ്പെട്ട് ഡിജിപി റിപ്പോർട്ട് മടക്കി. വ്യക്തത ആവശ്യമുള്ള ഭാഗങ്ങളിൽ എത്രയും വേഗം തുടരന്വേഷണം നടത്തി റിപോർട്ട് നൽകാനും നിർദേശിച്ചു.
മന്ത്രി കുഞ്ഞാലിക്കുട്ടിക്കെതിരെ കെ ടി ജലീൽ. കേരളം എന്നതിന് പകരം കോരളം എന്ന് എഴുതിയത് പിണറായി വന്നതിന് ശേഷം സ്കൂളിൽ പഠിച്ച ആളാണോയെന്നും വിദ്യാഭാസ മന്ത്രി ഷംസുദ്ദീൻ തെറ്റിച്ചത് കഴിഞ്ഞ 10 വർഷത്തിന് ഇടയിൽ നമ്മുടെ പൊതു വിദ്യാലയത്തിൽ പഠിച്ചത് കൊണ്ടാണോയെന്നും ജലീൽ ചോദിച്ചു.
അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് ഒന്നാം വർഷ ബി.ഡി.എസ് വിദ്യാർത്ഥിയായിരുന്ന നിതിൻ രാജിന്റെ ആത്മഹത്യയിൽ പ്രതി ചേർക്കപ്പെട്ട ഡോക്ടർ എം കെ റാം ആന്ധ്രാ പ്രദേശിൽ തന്നെയാണ് ഒളിവിൽ തുടരുന്നതെന്ന നിഗമനത്തിൽ പൊലീസ് അന്വേഷണ സംഘം. സുപ്രീം കോടതി മുൻകൂർ ജാമ്യപേക്ഷ തള്ളിയതോടെ റാം കീഴടങ്ങിയേക്കുമെന്ന് സൂചന.
സുഹൃത്തുക്കളുടെ നഗ്ന ദൃശ്യങ്ങള് സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചെന്ന കേസില്, യൂട്യൂബര് തൊപ്പി എന്ന നിഹാദിനെതിരെ ലുക്ക് ഔട്ട് സര്ക്കുലര് ഇറക്കാന് പൊലീസ്. വിദേശത്തേക്ക് കടക്കാന് സാധ്യതയുള്ളതിനാലാണ് നീക്കം.
പെരുമ്പാവൂരിൽ യുവതിക്കു നേരെ ലൈംഗികാതിക്രമം. വീട്ടിൽ കവർച്ചക്കായി കയറിയ പ്രതി യുവതിയെ ലൈംഗികമായി ആക്രമിക്കുകയായിരുന്നു. പെരുമ്പാവൂർ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
വർക്കല ക്ലിഫിൽ വിനോദസഞ്ചാരത്തിനെത്തിയ തഞ്ചാവൂർ സ്വദേശിയായ 19കാരന് കുത്തേറ്റു. തഞ്ചാവൂർ താമരംകോട്ടൈ സ്വദേശി സുദർശന് (19) ആണ് ഗുരുതരമായി പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് വർക്കല ഓടയം സ്വദേശികളായ മുഹമ്മദ് അലി, അനന്തൻ, ജെറിൻ എന്നിവരെ ടൂറിസം പൊലീസ് പിടികൂടി.
ഒരേ കമ്പനിയിൽ ജോലിചെയ്യുന്ന എൻജിനീയർമാരായ യുവതിയെയും യുവാവിനെയും രണ്ടിടങ്ങളിലായി മരിച്ചനിലയിൽ കണ്ടെത്തി. ഗുരുഗ്രാമിലെ കമ്പനിയിലെ സോഫ്റ്റ് വെയർ എൻജിനീയർമാരായ ഉത്തർപ്രദേശ് സ്വദേശിനി ഇൻഷാറ അയ്യൂബി(25) ഛത്തീസ്ഗഢ് സ്വദേശി ശ്രേസ്ത് മാലിക്(25) എന്നിവരാണ് മരിച്ചത്.
അയോധ്യ രാമക്ഷേത്ര സംഭാവന കൊള്ളയിൽ രാമക്ഷേത്ര ട്രസ്റ്റ് മുൻ അംഗം അനിൽ മിശ്ര, ഗോപാൽ റാവു എന്നിവരെ വീണ്ടും ചോദ്യം ചെയ്യാൻ എസ് ഐ റ്റി. മറ്റു ട്രസ്റ്റ് ഭാരവാഹികളിൽ നിന്നും വിവരങ്ങൾ തേടും. കൂടാതെ എസ് ഐ റ്റി സംഘം അയോധ്യ ക്ഷേത്രം സന്ദർശിക്കുകയും നിലവിലെ സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തുകയും ചെയ്യും.
സ്കൂളുകളിലും കോളജുകളിലും സമഗ്ര ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയുടെ ഭാഗമാക്കുമെന്ന് കേന്ദ്ര സര്ക്കാര് സുപ്രീംകോടതിയിൽ അറിയിച്ചു. കമ്മിറ്റി ശിപാര്ശ ചെയ്യുന്ന പ്രകാരം സ്കൂളുകളിലും കോളജുകളിലും സമഗ്ര ലൈംഗിക വിദ്യാഭ്യാസം പഠിപ്പിക്കും. കോടതി അനുമതി ലഭിച്ചാല് ഉടന് നടപ്പിലാക്കുമെന്നും കേന്ദ്രം സുപ്രീം കോടതിയില് പറഞ്ഞു.
ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് മഹാരാഷ്ട്ര അധ്യാപക യോഗ്യതാ പരീക്ഷ (ടിഇടി) റദ്ദാക്കി രണ്ടാഴ്ച കഴിഞ്ഞിട്ടും, പുതിയ പരീക്ഷാ തീയതി പ്രഖ്യാപിക്കുന്നതിലെ കാലതാമസത്തെ വിമർശിച്ച് രാഹുൽ ഗാന്ധി. സർക്കാർ അടുത്ത നടപടികളെക്കുറിച്ച് വ്യക്തമാക്കാത്തതിനാൽ ആറ് ലക്ഷത്തോളം ഉദ്യോഗാർത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
തമിഴ്നാട്ടിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ തനിച്ച് മത്സരിക്കുമെന്ന് നിലപാടിൽ ഇടതുപാർട്ടികൾ. ഒരു സഖ്യത്തിന്റെയും ഭാഗം ആകില്ലെന്ന് സിപിഐ വ്യക്തമാക്കി. സിപിഎമ്മും സിപിഐയും ഒന്നിച്ച് മത്സരിക്കുമെന്നും ഉപതെരഞ്ഞെടുപ്പിലെ നിലപാട് പിന്നീട് അറിയിക്കുമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി അറിയിച്ചു.
മലയാളിയായ അനിൽ മേനോൻ നാസയുടെ ബഹിരാകാശ ദൗത്യത്തിന്റെ ഭാഗമാകുന്ന ദൗത്യം ഇന്ന്.ബഹിരാകാശ യാത്രകളിൽ നേരിടുന്ന മെഡിക്കൽ വെല്ലുവിളികളെക്കുറിച്ചുള്ള ഗവേഷണത്തിൽ ഏറെ നിർണായകമാണ് ഈ യാത്ര. സൊയൂസ് എം എസ് 29 ബഹിരാകാശ പേടകത്തിലെ ദൗത്യത്തിന്റെ വിക്ഷേപണം ഇന്ത്യൻ സമയം രാതി 8.17ന് നടക്കും.
മധ്യേഷ്യയിലെ സംഘർഷങ്ങൾ ആഗോള തലത്തിൽ ഇന്ധന വില വർദ്ധിപ്പിക്കുകയും ഇന്ധന വിതരണ ശൃംഖലയെ ബാധിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ, രാജ്യത്ത് എൽപിജി സംബന്ധിച്ച് ഒരു സമഗ്ര നയം രൂപീകരിക്കണമെന്ന് ആവശ്യം. പൂനെ ഗ്യാസ് എന്ന കമ്പനിയാണ് രാജ്യത്തെ ആദ്യത്തെ എൽപിജി കാര്യക്ഷമത നയരൂപരേഖ ആവശ്യപ്പെട്ട് കേന്ദ്ര പെട്രോളിയം -പ്രകൃതിവാതക മന്ത്രാലയത്തിന് നിവേദനം സമർപ്പിച്ചത്.
മതിയായ രേഖകളില്ലാതെ യുഎസ് പൗരൻ അറസ്റ്റിലായി. യുഎസിലെ മുൻ സൈനികനാണെന്ന് അവകാശപ്പെടുന്ന ജോർദാൻ ബ്രൗൺ എന്നയാളെയാണ് നേപ്പാൾ അതിർത്തിയിൽവെച്ച് കസ്റ്റഡിയിലെടുത്തത്.
യുഎസ് – ഇസ്രയേൽ ആക്രമണത്തിൽ ഇറാന്റെ സൈനിക ശേഷി തകരുകയും പ്രമുഖ കമാൻഡർമാർ ഇല്ലാതാവുകയും ചെയ്തെന്ന അവകാശവാദവുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമനേയിയുടെ മകൻ മുജ്തബ ഖമേനി ’90 ശതമാനവും ഇല്ലാതായി’ കഴിഞ്ഞുവെന്ന് ട്രംപ് വെളിപ്പെടുത്തി.
ഇറാനും അമേരിക്കയും തമ്മിലെ ഏറ്റുമുട്ടൽ വർധിച്ചതോടെ പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധസമാന സാഹചര്യം. ഹോർമുസ് കടലിടുക്കിൽ രണ്ട് യുഎഇ ടാങ്കറുകൾക്ക് നേരെ ഇറാൻ മിസൈൽ ആക്രമണം നടത്തി. തൊട്ടുപിന്നാലെ, ഒമാൻ തീരത്ത് ടാങ്കർ ആക്രമിക്കപ്പെട്ടതായി യുകെ മാരിടൈം ഏജൻസി റിപ്പോർട്ട് ചെയ്തു.
