mid day hd 2

ഇന്ത്യയെ വീണ്ടെടുക്കാനുള്ള തെരഞ്ഞെടുപ്പാണ് നടക്കാൻ പോകുന്നതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആൻറണി. ഇന്ത്യ അടുത്ത അഞ്ച് വർഷം ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്ന തെരഞ്ഞെടുപ്പാണ്, തെരഞ്ഞെടുപ്പ് ജീവൻ മരണ പോരാട്ടമാണെന്നും, മോദി വീണ്ടും അധികാരത്തിൽ എത്തിയാൽ ഭരണഘടനയും ജനാധിപത്യവും അട്ടിമറിക്കപ്പെടുമെന്നും, ബിജെപിയുടെ സുവർണകാലം കഴിഞ്ഞു അത് ശബരിമല പ്രശ്നമുണ്ടായ കാലത്താണെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം താന്‍ പ്രചാരണത്തിന് പോകാതെ തന്നെ പത്തനംതിട്ടയിൽ ആന്‍റോ ആന്‍റണി വൻ ഭൂരിപക്ഷത്തിൽ ജയിക്കുമെന്നും, തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകാത്തത് ആരോഗ്യ പ്രശ്നം കൊണ്ടാണെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ കോൺഗ്രസ് നേതാക്കളുടെ മക്കൾ ബിജെപിക്കൊപ്പം ചേരുന്നത് തെറ്റെന്നും, കുടുംബം വേറെ രാഷ്ട്രീയം വേറെ എന്നാണ് തുടക്കം മുതൽ നിലപാട്. മക്കളെ പറ്റി എന്നെ കൊണ്ട് അധികം പറയിപ്പിക്കരുത്. ആ ഭാഷ ശീലിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

 

 

കോണ്‍ഗ്രസിലുള്ളത് കാലഹരണപ്പെട്ട നേതാക്കളാണെന്നും അച്ഛനോട് സഹതാപം മാത്രമാണുള്ളതെന്നും അനിൽ ആന്റണി. രാജ്യവിരുദ്ധ നിലപാട് എടുക്കുന്ന ആന്‍റോയ്ക്കായി സംസാരിക്കുകയും ഗാന്ധി കുടുംബത്തിനായി നിലകൊള്ളുകയും ചെയ്യുന്ന എ കെ ആൻ്റണിയോട് സഹതാപമാണെന്നും , പത്തനംതിട്ടയില്‍ താന്‍ തന്നെ ജയിക്കുമെന്നും അനിൽ ആന്റണി കൂട്ടിച്ചേര്‍ത്തു.

 

 

കേരളത്തെ കുറിച്ച് പച്ച നുണ പ്രചരിപ്പിക്കുന്ന സിനിമയാണ് ദി കേരളാ സ്റ്റോറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ ചിത്രത്തിന് കൃത്യമായ രാഷ്ട്രീയ ഉദ്ദേശമുണ്ടെന്നും, ആർ എസ് എസിന്റെ കെണിയിൽ വീഴരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഹിറ്റ്ലറുടെ ആശയം അതേ പോലെ പകർത്തിവെച്ചിരിക്കുന്നവരാണ് ആർഎസ്എസുകാരെന്നും, ജർമ്മനിയിൽ ജൂതരാണെങ്കിൽ ഇവിടെ മുസ്ലിം വിഭാഗവും ക്രിസ്ത്യാനികളുമാണ് ഇരയാക്കപ്പെടുന്നത്. രാഷ്ട്രീയ ഉദ്ദേശത്തോടെയുള്ള സിനിമ പ്രചരിപ്പിക്കുന്നതിന് പിന്നിൽ കൃത്യമായ ഉദ്ദേശമുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

 

കേരള സ്റ്റോറി മുസ്ലിം വിരുദ്ധമാണ്, കമ്മ്യൂണിസ്റ്റ് വിരുദ്ധമാണ്, കേരളവിരുദ്ധമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവിഗോവിന്ദന്‍. ദൂരദർശനിൽ ചിത്രം പ്രദർശിപ്പിച്ചപ്പോഴാണ് എതിർത്തതെന്നും, ചിത്രം പ്രദര്‍ശിപ്പിക്കാനുള്ള രൂപതയുടെ തീരുമാനം എന്തിനാണെന്ന് അവർ മനസ്സിലാക്കേണ്ടതാണെന്നും, തിയേറ്ററിൽ എത്തിയപ്പോൾ അധികമാളുകൾ കാണാത്ത സിനിമയാണത്. നിരോധിക്കണമെന്ന നിലപാട് സിപിഎമ്മിന് ഇല്ല, യാതൊരു കലാമൂലവും ഇല്ലാത്ത സിനിമയാണ് കേരള സ്റ്റോറിയെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

 

 

കേരളാ സ്റ്റോറി പ്രദർശിപ്പിക്കാനുള്ള സ്വാതന്ത്ര്യം സഭയ്ക്കുണ്ടെന്നും, എന്നാൽ ഏത് സ്വീകരിക്കണമെന്ന് ജനങ്ങൾക്കറിയാമെന്നും ചാണ്ടി ഉമ്മൻ. ഇടുക്കി രൂപതയിലെ പത്ത് മുതല്‍ പ്ലസ് ടു വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി ദ കേരള സ്റ്റോറി സിനിമാ പ്രദര്‍ശനം നടത്തിയിരുന്നു. ഇതേ തുടർന്നുണ്ടായ വിവാദത്തിൽ പ്രതികരിക്കുകയായിരുന്നു ചാണ്ടി ഉമ്മൻ.

 

ദ കേരള സ്റ്റോറി താമരശേരി രൂപതയും പ്രദർശിപ്പിച്ചേക്കും. രൂപതയിലെ എല്ലാ കെസിവൈഎം യൂണിറ്റുകളിലും ശനിയാഴ്ച ചിത്രം പ്രദർശിപ്പിക്കും. ഈ മാസം 4 ന് ഇടുക്കി രൂപത ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. സഭയുടെ മക്കളെ പ്രതിരോധത്തിന്റെ പരിശീലകരാക്കുകയെന്ന കാലഘട്ടത്തിന്റെ ആവശ്യകതയെ തിരിച്ചറിഞ്ഞ ഇടുക്കി രൂപതയ്ക്ക് അഭിനന്ദനങ്ങൾ അറിയിക്കുന്നുവെന്നും താമരശേരി കെസിവൈഎം അറിയിച്ചു.

 

പ്രതിപക്ഷ നേതാവ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷന് കത്ത് നല്‍കി. വിഷു- റമദാന്‍ ചന്തകള്‍ ആരംഭിക്കാന്‍ കണ്‍സ്യൂമര്‍ ഫെഡിന് അനുമതി നല്‍കണമെന്നും, പൊതുവിപണിയില്‍ അവശ്യസാധനങ്ങളുടെ വില കുതിക്കുന്ന സാഹചര്യത്തില്‍ ഈ ചന്തകള്‍ സാധാരണക്കാര്‍ക്ക് ആശ്വാസമാകുമെന്നും ഇത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമല്ലെന്നും പ്രതിപക്ഷ നേതാവ് കത്തില്‍ വ്യക്തമാക്കി.

 

 

പാനൂർ ബോംബ് നിർമാണക്കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിൽ പ്രാദേശിക ക്രിമിനൽ സംഘം സ്റ്റീൽ ബോംബ് നിർമിക്കാൻ പഠിച്ചത് എങ്ങനെയെന്നാണ് പൊലീസ് അന്വേഷണം. പ്രതിപ്പട്ടികയിലുള്ളവർക്കെതിരെ കാപ്പ ചുമത്താൻ ശുപാർശ നൽകിയേക്കും.പന്ത്രണ്ട് പ്രതികളിൽ ഒരാൾ മരിച്ചു. മൂന്ന് പേർ ആശുപത്രിയിൽ ചികിത്സയിലാണ്. മുഖ്യ ആസൂത്രകനായ ഷിജാൽ, അക്ഷയ് എന്നിവരെ ഇന്നലെ അറസ്റ്റ് ചെയ്തു. ഒളിവിൽ പോകാൻ ഇവർക്ക് കൂടുതൽ പേരുടെ സഹായം കിട്ടിയെന്നാണ് നിഗമനം.

 

കോഴിക്കോട് മുക്കം പൊലീസില്‍ യൂത്ത് ലീഗ് പരാതി നല്‍കി. ഏപ്രില്‍ മൂന്നിന് രാഹുല്‍ ഗാന്ധിയുടെ കല്‍പറ്റയിലെ റോഡ് ഷോയ്ക്കിടെ വാഹനത്തിലുണ്ടായിരുന്ന പികെ കുഞ്ഞാലിക്കുട്ടിക്ക് ദേഹാസ്വസ്ഥ്യം കാരണം പാതി വഴിയില്‍ ഇറങ്ങേണ്ടി വന്നിരുന്നു, രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കളുടെ സഹായത്തോടെ കുഞ്ഞാലിക്കുട്ടിയെ വാഹനത്തിൽ നിന്ന് താഴെയിറക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. എന്നാല്‍ കുഞ്ഞാലിക്കുട്ടിയെ ഇറക്കിവിട്ടുവെന്ന തരത്തില്‍ ചിലര്‍ ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. ഇതിനെതിരെയാണ് ലീഗ് പരാതി നൽകിയിരിക്കുന്നത്.

 

സർക്കാർ നൽകുന്ന സഹായം മാത്രമാണ് ക്ഷേമ പെൻഷനെന്നും, ക്ഷേമ പെൻഷൻ അവകാശമല്ലെന്നും സംസ്ഥാന സർക്കാർ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ അറിയിച്ചു. സാമൂഹ്യപെൻഷൻ കൃത്യമായി വിതരണം ചെയ്യാൻ സർക്കാർ ശ്രമിക്കുന്നുണ്ടെന്നും സാമ്പത്തിക പ്രതിസന്ധി കാരണമാണ് പെൻഷൻ വിതരണം നടക്കാത്തതെന്നും സത്യവാങ്ങ് മൂലത്തിലുണ്ട്. സാമൂഹ്യ ക്ഷേമ പെൻഷൻ വിതരണം മുടങ്ങിയതിനെതിരായ ഹർജിയിലാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്. ക്ഷേമ പെൻഷൻ വിതരണം എപ്പോൾ നടത്തണമെന്ന് തീരുമാനമെടുക്കുന്നത് സർക്കാരാണെന്നും. നിയമം അനുശാസിക്കുന്ന പെൻഷൻ ഗണത്തിൽ പെടുന്നതല്ല ക്ഷേമ പെൻഷനെന്നും സർക്കാരിന്റെ മറുപടി സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.

 

സംസ്ഥാനത്ത് രണ്ട് മാസത്തെ ക്ഷേമ പെൻഷൻ ഇന്ന് മുതല്‍ വിതരണം ചെയ്യും. 3200 രൂപ വീതമാണ്‌ ലഭിക്കുക. കഴിഞ്ഞമാസം ഒരു ഗഡു നൽകിയിരുന്നു. ബാങ്ക്‌ അക്കൗണ്ട്‌ നമ്പർ നൽകിയിട്ടുള്ളവർക്ക്‌ അക്കൗണ്ടുവഴിയും, മറ്റുള്ളവർക്ക്‌ സഹകരണ സംഘങ്ങൾ വഴി നേരിട്ട് വീട്ടിലും പെൻഷൻ എത്തിക്കും. ഇനി നാല് മാസത്തെ കുടിശിക കൂടി നൽകാനുണ്ട്.

 

 

കോൺഗ്രസിൽ നിന്ന് ഇനിയും കൂടുതൽ പേർ ബിജെപിയിലെത്തുമെന്ന് പത്മജ വേണുഗോപാൽ. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് ഒഴുക്കുണ്ടാവുമെന്നും, തന്നെ തോൽപ്പിച്ചവരാണ് ഇപ്പോള്‍ മുരളീധരനൊപ്പമുള്ളത്. ഇവിടെ ചതിയുണ്ട് എന്ന് താനന്ന് പറഞ്ഞിരുന്നുവെന്നും, തന്നെ ദ്രോഹിച്ച എല്ലാവരും മുരളീധരനെ വിടാതെ പിടികൂടിയിട്ടുണ്ട്. മുരളീധരന്‍ ജയിക്കുമെന്ന് പ്രതീക്ഷയില്ലെന്നും, തൃശ്ശൂരിൽ ജയിക്കുന്നത് സുരേഷ് ഗോപിയായിരിക്കുമെന്നും പത്മജ പറഞ്ഞു. തൃശ്ശൂരിൽ മുരളീധരന് വേണ്ടി പ്രതാപൻ മാറിക്കൊടുത്തതല്ലെന്നും നിയമസഭ ലക്ഷ്യമിട്ട് ഒരു കൊല്ലമായി പ്രവർത്തിക്കുന്നയാളാണ് പ്രതാപനെന്നും പത്മജ വേണുഗോപാൽ വ്യക്തമാക്കി.

 

 

ആൻ്റണി രാജു എംഎൽഎയുടെ അപ്പീൽ തള്ളണമെന്ന് സംസ്ഥാനം സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു. ഗൗരവകരമായ വിഷയങ്ങൾ ഉയർത്തുന്ന കേസാണിതെന്നും കേസിൽ ആൻ്റണി രാജുവിനെതിരെ തെളിവുണ്ട്. ആൻ്റണി രാജുവിനെതിരായ ആരോപണങ്ങൾ ഗുരുതരമാണെന്നും പൊലീസ് കേസ് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നും സംസ്ഥാനം സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടു.

 

സംസ്ഥാനത്ത് ആദ്യമായി പ്രതിദിന വൈദ്യുതി ഉപയോഗം 11 കോടി യൂണിറ്റ് കടന്നു. 110.10 ദശലക്ഷം യൂണിറ്റാണ് ഇന്നലത്തെ മൊത്ത വൈദ്യുതി ഉപഭോഗം. പീക് ടൈമിലെ വൈദ്യുതി ആവശ്യകതയും സർവകാല റെക്കോർഡിലാണ്. ഇന്നലെ പീക് ടൈം ആവശ്യകത 5487 മെഗാ വാട്ടായിരുന്നു എന്നാണ് കണക്ക്.

 

പ്രേമചന്ദ്രൻ ജയിച്ചാലോ, തോറ്റാലോ ബിജെപിയിൽ പോകുമോ എന്ന് എനിക്ക് അറിയില്ലെന്നും, അവസരവാദ നിലപാട് ഒരിക്കൽ സ്വീകരിച്ച ആളാണ് പ്രേമചന്ദ്രൻ. ഇനി എവിടെയൊക്കെ എത്തുമെന്ന് കണ്ടറിയേണ്ടി വരുമെന്നും, ഇക്കാര്യത്തിൽ പ്രവചനത്തിന് ഇല്ലെന്നും പിണറായി വിജയൻ. കൊല്ലത്തെ യുഡിഎഫ് സ്ഥാനാർത്ഥി എൻകെ പ്രേമചന്ദ്രൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഒപ്പം ഭക്ഷണം കഴിച്ചതിനെ കുറിച്ചുളള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

 

ജിഎസ്ടി നിരക്ക് പകുതിയായ കുറച്ചതോടെ സംസ്ഥാനത്തെ പൊലീസ് ക്യാൻറീനുകളില്‍ നിന്നും സാധനങ്ങള്‍ വാങ്ങുന്നതിൽ നിയന്ത്രണം. പൊലീസ് ക്യാൻറീനുകളിൽ നിന്നും വിൽക്കുന്ന സാധനങ്ങള്‍ക്ക് ജിഎസ്ടി ഒഴിവാക്കണമെന്നായിരുന്നു കേരള പൊലീസിൻെറ ആവശ്യം. ക്യാൻറീൻ കാര്യങ്ങള്‍ തീരുമാനിക്കുന്ന സെൻട്രൽ മാനേജുമെൻ് കമ്മിറ്റി സർക്കാരിന് പല പ്രാവശ്യം കത്ത് നൽകിയിരുന്നു. ഇക്കാര്യം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടെങ്കിലും മിലിറ്ററി ക്യാൻറീനുകള്‍ക്ക് സമാനമായ ജിഎസ്ടി പകുതിയായി കുറയ്ക്കുകയാണ് ചെയ്തത്.

 

അരുണാചൽ പ്രദേശിൽ ഹോട്ടല്‍ മുറിയില്‍ മലയാളികളായ ദമ്പതികളെയും സുഹൃത്തായ യുവതിയെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവമായി ബന്ധപ്പെട്ട് ആര്യയുടെയും നവീനിന്‍റേയും ലാപ്ടോപ്പുകളിൽ നിന്നും വ്യത്യസ്ത പേരിലുള്ള നിരവധി ഇമെയിൽ സന്ദേശങ്ങൾ ലഭിച്ചെന്ന് പൊലീസ് വ്യക്തമാക്കി. മരണാനന്തര ജീവിതത്തെ കുറിച്ചുള്ള സന്ദേശങ്ങള്‍ എത്തിയിരുന്നത് ഡോണ്‍ ബോസ്ക്കോയുടെ പേരിൽ തയ്യാറാക്കിയ വ്യാജ ഇ-മെയിൽ ഐഡിയിൽ നിന്നാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഡോൺ ബോസ്കോ എന്ന വ്യാജ പേര് ഉപയോഗിച്ചത് ആര്യ ആണെന്നാണ് പൊലീസ് സംശയിക്കുന്നത്.

 

ഭക്ഷണത്തിൽ നിന്നുണ്ടായ അലർജിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി മരിച്ചു. പാലക്കാട് അമ്പലപ്പാറ മേലൂർ നെല്ലിക്കുന്നത് ഗോപാലകൃഷ്‍ണന്റെയും നിഷയുടെയും മകൾ നിഖിതയാണ് മരിച്ചത്. ഞായറാഴ്ച ഉച്ചഭക്ഷണത്തിനിടെ കൊഞ്ച് കഴിച്ചതാണ് അലർജി ഉണ്ടാവാൻ കാരണമെന്ന് തൊടുപുഴ പൊലീസ് പറഞ്ഞു.

 

കൊടുങ്ങല്ലൂരിൽ ബസ്സിന് മുകളിൽ ഉറങ്ങാൻ കിടന്നയാൾ താഴെ വീണ് മരിച്ചു. ഊട്ടി സ്വദേശി മനീഷാണ് മരിച്ചത്. കൊടുങ്ങല്ലൂര്‍ ഭരണി ആഘോഷത്തിൽ പങ്കെടുക്കാൻ എത്തിയ മനീഷ് രാത്രി ബൈപ്പാസിൽ നിർത്തിയിട്ട ബസ്സിന് മുകളിലാണ് ഉറങ്ങാൻ കിടന്നത്. ഉറക്കത്തിൽ താഴെ വീഴുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

 

യശ്വന്ത്പൂരില്‍ നിന്നും കണ്ണൂരിലേക്കുള്ള ട്രെയിനില്‍ വന്‍ കവര്‍ച്ച. ഇരുപതോളം യാത്രക്കാരുടെ മൊബൈല്‍ഫോണുകളും പണവും ആഭരണങ്ങളും ഉള്‍പ്പെടെ ട്രെയിനില്‍നിന്ന് മോഷ്ടിച്ചതായാണ് പരാതി. കവര്‍ച്ചയ്ക്ക് ഇരയായവര്‍ ഈറോഡ് സ്റ്റേഷനില്‍ പരാതി നല്‍കിയതിനെ തുടർന്ന് സേലം പൊലീസ് അന്വേഷണം തുടങ്ങി.

 

മലയോര ജനതയുടെ വോട്ട് മാത്രമല്ല, ജീവനും സംരക്ഷിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തയ്യാറാകണമെന്ന് മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ് കർദിനാള്‍ മാർ ബസേലിയോസ് ക്ളിമീസ് കാതോലിക്കാ ബാവ. പത്തുലക്ഷം രൂപ കൊണ്ട് ഒരു കുടുംബത്തിന് വിലയിടാന്‍ കഴിയുമോയെന്നും വന്യജീവി ആക്രമണത്തില്‍ ഒന്നും ചെയ്യാൻ കഴിയുന്നില്ലെന്നും കേന്ദ്ര–സംസ്ഥാന സര്‍ക്കാരുകള്‍ ഒന്നിച്ച് പരിഹാരം കാണണമെന്നും അദ്ദേഹം വ്യക്തമാക്കി. മണിപ്പൂരിലെ അതിക്രമങ്ങളിൽ ആശങ്കയും പ്രയാസവുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

 

കരുവന്നൂരിൽ നിന്ന് തട്ടിയ പണം തൃശൂര്‍ ജില്ലയിലെ കൂടുതൽ ലോക്കല്‍, ബ്രാഞ്ച് കമ്മിറ്റികൾക്ക് ലഭിച്ചുവെന്ന് കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിൽ സിപിഎമ്മിന്‍റെ കീഴ് ഘടകങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് ഇഡി. ആദ്യഘട്ടത്തിൽ പതിനേഴ് ഏരിയ കമ്മിറ്റികളെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ വിവിധ ബാങ്കുകളിൽ വെളിപ്പെടുത്താത്ത 25 അക്കൗണ്ടുകളുണ്ടെന്ന് കണ്ടെത്തിയിരുന്നു.

 

തമിഴ്നാട്ടിൽ ഇഡി റെയ്ഡ്. ഡിഎംകെ മുൻ നേതാവും സിനിമാ നിർമ്മാതാവുമായ ജാഫർ സാദിഖ് ഉൾപ്പെട്ട ലഹരിക്കടത്ത് കേസുമായി ബന്ധപ്പെട്ട് ചെന്നൈ, മധുര, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിലായി ആകെ 35 സ്ഥലങ്ങളിലാണ് പരിശോധന നടന്നത്. നാർകോട്ടിക് കൺട്രോൾ ബ്യൂറോ, ജാഫർ അടക്കം 5 പേരെ അറസ്റ്റ് ചെയ്തതിന് പിന്നാലെ കള്ളപ്പണ നിയമം ചുമത്തി ഇഡി കേസ് രജിസ്റ്റർ ചെയ്തിരുന്നു. 2000 കോടി രൂപയുടെ ലഹരിക്കടത്തിന് ജാഫർ നേതൃത്വം നൽകിയെന്നാണ് എൻസിബിയുടെ കണ്ടെത്തൽ.

 

ലിംഗമാറ്റ ശസ്ത്രക്രിയകളും, വാടകഗർഭപാത്രം വഴിയുള്ള ജനനങ്ങളും മനുഷ്യന്റെ അന്തസ്സിന് കടുത്ത ഭീഷണികളാണെന്നുള്ള കത്തോലിക്കാസഭയുടെ പ്രസ്താവന സഭ പുറത്തിറക്കി. മനുഷ്യജീവനെക്കുറിച്ചുള്ള ദൈവത്തിന്റെ പദ്ധതിയെ ലംഘിക്കുന്ന നടപടികളെന്നാണ് ഗർഭച്ഛിദ്രം, ദയാവധം തുടങ്ങിയവയെ സഭ പ്രസ്താവനയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. കുഞ്ഞിനെ ഇല്ലാതാക്കുന്നത് എല്ലാ മനുഷ്യാവകാശങ്ങളുടേയും ലംഘനമാണെന്നും കത്തോലിക്കാ സഭ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *