സംസ്ഥാനത്ത് അങ്കണവാടികൾക്ക് പുതിയ മാനദണ്ഡം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ. കൊച്ചിയിലെ അങ്കണവാടിയിൽ മൂന്നര വയസുകാരി ലൈംഗികാതിക്രമത്തിനിരയായ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. സംഭവത്തിൽ റിപ്പോർട്ട് കിട്ടിയശേഷം വേണ്ട നടപടികൾ സ്വീകരിക്കും.
പിണറായി വിജയന്റെ വീട്ടിലെ റെയ്ഡ് കഴിഞ്ഞു മടങ്ങിയ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതിക്ക് ജാമ്യം ലഭിച്ച വീഴ്ചയില്‍ പ്രോസിക്യൂട്ടറേ മാറ്റിയേക്കും. പൊലീസ് റിപ്പോര്‍ട്ട് ഉള്‍പ്പടെ മറി കടന്നു പ്രതിയേ കസ്റ്റഡിയില്‍ വേണ്ടെന്ന നിലപാട് എടുത്തതില്‍ കടുത്ത അതൃപ്തിയിലാണ് പൊലീസ്.
ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ ഗൂഢാലോചനക്ക് നിലവിൽ തെളിവുകൾ ഇല്ലെന്ന് കണ്ടെത്തൽ. എന്നാൽ ആരെങ്കിലും അക്രമത്തിനു ആഹ്വാനം ചെയ്തോയെന്ന് കണ്ടെത്താനായി ഫോണുകളുടെ സൈബർ ഫോറൻസിക് പരിശോധന നടത്തും.
തിരുവനന്തപുരം കോർപ്പറേഷനിലെ അവിശ്വാസപ്രമേയം ജില്ലാതലത്തിൽ സ്വീകരിക്കേണ്ട നിലപാടാണെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരൻ. മന്ത്രി അഭിപ്രായം പറയേണ്ട വിഷയമല്ല പകരം ശബരിനാഥനോട് അഭിപ്രായം പറയണമെന്ന് താൻ ആവശ്യപ്പെട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഗവൺമെന്റ് ഗൗരവമായി കാണുന്നത് മാലിന്യ സംസ്കരണത്തിലെ അപാകതയാണ് ഇങ്ങനെ പോയാൽ ഡെങ്കിപ്പനിക്കും മരണത്തിനും കാരണമാകും വിഷയം മേയറോടും കളക്ടറോടും സൂചിപ്പിച്ചിട്ടുണ്ടെന്നും നേതൃത്വം നൽകേണ്ട നഗരസഭയ്ക്ക് വിഷയം പരിഹരിക്കാൻ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
തിങ്കളാഴ്ച അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കെ ശബരിമല സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് ഉണ്ണികൃഷ്ണന് പോറ്റിയെ എസ്ഐടി വീണ്ടും ചോദ്യം ചെയ്തു. 2025ല്‍ സ്വര്‍ണപ്പാളികള്‍ കൊണ്ടുപോയതിലായിരുന്നു ചോദ്യം ചെയ്യല്‍.
ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠര് രാജീവരെ പ്രതിയാക്കുന്നതിൽ എസ്ഐടി ഉദ്യോഗസ്ഥർക്കിടയിൽ ആശയക്കുഴപ്പം. 2025ലെ സ്വർണപാളി കൈമാറ്റത്തിൽ തന്ത്രിക്ക് പങ്കുണ്ടെന്നായിരുന്നു പ്രാഥമിക റിപ്പോർട്ട്. എന്നാൽ ആദ്യ കേസിൽ ജാമ്യം നൽകി കോടതി നടത്തിയ പരാമർശങ്ങളാണ് എസ്ഐടി ഉന്നതരിലെ ആശയക്കുഴപ്പത്തിന് കാരണം.
മുട്ടിൽ മരം മുറി കേസിലെ മരങ്ങൾ ലേലം ചെയ്യാനുള്ള നടപടി സ്റ്റേ ചെയ്ത് ഹൈക്കോടതി. നാല് കോടി രൂപ മൂല്യം വരുന്ന മരങ്ങൾ ലേലം ചെയ്യാനാണ് സുൽത്താൻ ബത്തേരി മജിസ്ട്രേറ്റ് കോടതി അനുമതി നൽകിയിരുന്നത്. ഇതിനെതിരെ പ്രതിയായ റോജി അഗസ്റ്റിൻ നൽകിയ ഹർജിയിലാണ് ഹൈക്കോടതി നടപടി.
വഴിക്കടവ് കെ എസ് ഇ ബി ഓഫീസിൽ സൂക്ഷിച്ചിരുന്ന അലുമിനിയം കമ്പികൾ മോഷ്ടിച്ച കേസിൽ കെ എസ് ഇ ബി ജീവനക്കാരനും കരാർ തൊഴിലാളികളും അടങ്ങുന്ന അഞ്ചംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. വണ്ടൂർ സ്വദേശിയായ തോമസാണ് കെ എസ് ഇ ബി ജീവനക്കാരൻ.
വടക്കഞ്ചേരി പഞ്ചായത്തിലെ വാർഡ് മെമ്പർ സുനിൽ ചുവട്ടുപാടം വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. കോടതിവിധിയെ തുടർന്ന് സത്യപ്രതിജ്ഞ അസാധുവായ സാഹചര്യത്തിൽ വീണ്ടും സത്യപ്രതിജ്ഞ ചെയ്യുകയായിരുന്നു. മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിയുടെ പേരിലാണ് സുനിൽ സത്യപ്രതിജ്ഞ ചെയ്തത്.
ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ പ്രസിദ്ധമായ ഏഴരപ്പൊന്നാനയിലെ സ്വർണത്തിന്റെ ശുദ്ധി പരിശോധിച്ച് ഉറപ്പ് വരുത്താൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് വിജിലൻസ് ഓഫീസർക്ക് കോടതി നിർദേശം നൽകി. എ ജി പ്രസാദ് കുമാർ എന്ന ഭക്തൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ പരിശോധന.
ഗുരുവായൂരപ്പന് കാണിക്കയായി 37 പവന്റെ കനക കിരീടം. തിരുപ്പൂര്‍ വ്യവസായിയായ രാജന് പി. നായരാണ് 299.9 ഗ്രാം തൂക്കം വരുന്ന കല്ലുകള്‍ പതിച്ച സ്വര്‍ണ്ണക്കിരീടം വഴിപാടായി സമര്‍പ്പിച്ചത്.
സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ മെന്റലിസ്റ്റ് ആദി (ആദർശ്), സംവിധായകൻ ജിസ് ജോയി ഉൾപ്പെടെയുള്ളവർക്ക് എതിരായ കേസ് റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി. പരാതിക്കാരനുമായി തർക്കം ഒത്തുതീർപ്പായെന്ന വാദം ചൂണ്ടിക്കാണിച്ചാണ് പ്രതികൾ ഹർജി സമർപ്പിച്ചത്. എന്നാൽ പരാതിക്കാരൻ ഒത്തുതീർപ്പിന് തയ്യാറായിട്ടില്ലെന്ന് അറിയിച്ചതിനെ തുടർന്നാണ് ഹർജി തള്ളിയത്.
വിലങ്ങാട് വാളൂക്ക് വനമേഖലയിൽ കുടുങ്ങിയ യുവാക്കൾക്കെതിരെ കേസെടുക്കും.അനധികൃതമായി വനമേഖലയിൽ കയറിയതിനാണ് കേസ് എടുക്കുക.യുവാക്കൾ വനം വകുപ്പിന്റെ കസ്റ്റഡിയിലാണ്.വനത്തിൽ കുടുങ്ങിയ യുവാക്കളെ ഇന്നലെ രാത്രിയാണ് രക്ഷപ്പെടുത്തിയത്.
സംവിധായകനും നടനുമായ കെ. ഭാഗ്യരാജ് അന്തരിച്ചു. 73 വയസായിരുന്നു. ചെന്നൈയിൽ വെച്ച് ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. മിസ്റ്റര്‍ മരുമകൻ, ഏയ്ഞ്ചൽ ജോണ്‍ എന്നീ മലയാള സിനിമകളിലും ഭാഗ്യരാജ് അഭിനയിച്ചിട്ടുണ്ട്.
രണ്ടുദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സീഷെൽസിലേക്ക് പുറപ്പെടും. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം കൂട്ടി ഉറപ്പിക്കാനാണ് സന്ദർശനം.
ഹൈദരാബാദിലെ പ്രധാന റോഡിന് തന്റെ പേര് നൽകിയതിൽ നന്ദി അറിയിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇത്തരമൊരു ആദരവ് ലഭിക്കുന്ന ആദ്യത്തെ യുഎസ് പ്രസിഡന്റാണ് താനെന്ന് അദ്ദേഹം കുറിച്ചു. എന്നാൽ കോൺഗ്രസ് ഭരിക്കുന്ന തെലങ്കാന സർക്കാരിന്റെ ഈ നീക്കത്തിനെതിരെ ബിജെപി ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി.
തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്യുടെ നിയമനങ്ങളിൽ വീണ്ടും പ്രതിഷേധം. വിജയ് നായകനായി അഭിനയിച്ച ‘ജനനായകന്റെ നിർമാതാവ് വെങ്കട് കെ. രമണയെ ഡൽഹിയിലെ തമിഴ്നാട് സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായി നിയമിച്ചതാണ് വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്.
ഗാസയിലെ ഇസ്രായേൽ നടപടികൾക്കെതിരെ ലോകമെമ്പാടും പ്രതിഷേധം ശക്തമാകുമ്പോഴും കേന്ദ്ര സർക്കാർ തുടരുന്ന മൗനത്തെ രൂക്ഷമായി വിമർശിച്ച് സോണിയാ ഗാന്ധി. ലോകം ഇസ്രായേലിൽ നിന്ന് അകലുമ്പോൾ ഇന്ത്യ കൂടുതൽ അവരുടെ തന്ത്രപ്രധാന സ്വാധീനവലയത്തിലേക്ക് വീഴുകയാണെന്ന് സോണിയാ ഗാന്ധി ആരോപിച്ചു.
പാകിസ്താന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ ഭൂചലനം. ഇന്ന് രാവിലെയാണ് റിക്ടർ സ്കെയിലിൽ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. 24 മണിക്കൂറിനിടെ നാല് തവണ ഭൂചലനം അനുഭവപ്പെട്ടു.
കൃഷി സഹമന്ത്രി ഭഗീരഥ് ചൗധരിക്കെതിരെ ഗുരുതര ആരോപണം. പച്ചക്കറി കൃഷിക്ക് വേണ്ടി കേന്ദ്രമന്ത്രി ഒരു കോടി സബിസിഡി വാങ്ങിയെന്നാണ് ആരോപണം ഉയരുന്നത്. മന്ത്രി സ്വന്തം തോട്ടത്തിലെ കൃഷിക്കാണ് സബ്സിഡി വാങ്ങിയത്. രാജസ്ഥാനിലെ അജ്മീറിൽ നിന്നുള്ള എംപിയാണ് ഭഗീരഥ് ചൗധരി
വ്യവസായി ഗൗതം അദാനിക്കെതിരായ ക്രിമിനല്‍ കുറ്റങ്ങള്‍ പിന്‍വലിച്ച നടപടിയില്‍ അമേരിക്കന്‍ ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റിനോട് വിശദീകരണം തേടി യുഎസ് കോടതി. അദാനിക്കെതിരായ കേസ് ഉടന്‍ തള്ളാന്‍ കഴിയില്ലെന്ന് ബ്രൂക്ലിന്‍ ഡിസ്ട്രിക്ട് ജഡ്ജി നിക്കോളാസ് ഗരൗഫിസ് വ്യക്തമാക്കി.
അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന കൊള്ളയില്‍ പ്രതികള്‍ പണവും ആഭരണങ്ങളും മോഷ്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. ഏപ്രില്‍ 25 മുതല്‍ ജൂണ്‍ 5 വരെ ഉള്ള സിസിടിവി ദൃശ്യങ്ങളാണ് പ്രത്യേക അന്വേഷണസംഘം പരിശോധിച്ചത്. ഇതിൽ 70 തവണ സംഭാവന തട്ടിപ്പ് നടന്നതായി കണ്ടെത്തി.
വെനസ്വേലയിലെ ഇരട്ട ഭൂകമ്പത്തില്‍ 920 പേരുടെ മരണം സ്ഥിരീകരിച്ചു. മരണനിരക്ക് ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ലാ ഗ്വയ്റയില്‍ 250ഓളം പേരെ കെട്ടിടാവശിഷ്ടങ്ങളില്‍ നിന്നും പുറത്തെത്തിച്ചു.
ലോകകപ്പിൽ നോർവേയുമായുള്ള മത്സരത്തിൽ മുപ്പത്തിരണ്ടാം മിനിറ്റിൽ ഹാട്രിക് തികച്ച് ഫ്രാൻസിൻ്റെ ഉസ്മാൻ ഡെംബലെ. ലോകക്കപ്പിൽ ഏറ്റവും വേഗത്തിൽ ഹാട്രിക് നേടുന്ന രണ്ടാമത്തെ താരമാണ് ഡെംബലെ. ചെക്ക് റിപ്പബ്ലിക്കിനെതിരെ ഓസ്ട്രിയൻ താരം എറിച്ച് പ്രോബ്സ്റ്റ് 1954 ലെ ലോകക്കപ്പിൽ 24 മിനിറ്റിലാണ് ഹാട്രിക് തികച്ചത്.
ഗ്രൂപ് ജെ യിലെ തങ്ങളുടെ അവസാന മത്സരത്തിന് അർജന്റീന ഇറങ്ങുന്നത് മെസി ഇല്ലാതെ. ജോർദാൻ ആണ് അർജന്റീനയുടെ എതിരാളികൾ. നിലവിൽ രണ്ട് ജയത്തോടെ ഗ്രൂപ് ചാമ്പ്യന്മാരായാണ് അർജന്റീന നോക്ക്ഔട്ടിലേക്ക് കടന്നിരിക്കുന്നത്.
തുടര്‍ച്ചയായ രണ്ടാം ലോകകപ്പിലും മുന്‍ ചാമ്പ്യന്മാരായ ഉറുഗ്വെ ആദ്യ റൗണ്ടില്‍ പുറത്ത്. ഗ്രൂപ്പ് എച്ചില് സ്പെയ്നിനോട് എതിരില്ലാത്ത ഒരു ഗോളിന് തോറ്റതോടെയാണ് മുമ്പ് രണ്ട് വര്‍ഷം ചാമ്പ്യന്മാരായിട്ടുള്ള ഉറുഗ്വെ പുറത്തായത്.
ഗ്രൂപ്പ് എച്ച് ലെ മറ്റൊരു മൽസരത്തിൽ സൗദിയോട് സമനില വഴങ്ങിയകേപ് വെർദെ നോക്കൗട്ടിൽ കടന്ന് ചരിതമെഴുതി.പങ്കെടുത്ത ആദ്യ ലോകകപ്പിൽ തന്നെ നോക്കൗട്ടിലേക്ക് മുന്നേറാൻ കേപ് വെർദെയ്ക്കായി.
ഗ്രൂപ്പ് ജി യിലെ നിർണായക പോരാട്ടത്തിൽ ന്യൂസിലൻഡിനെ തകർത്ത് ബെൽജിയം ഗ്രൂപ്പ് ചാമ്പ്യന്മാരായി നോക്കൗട്ടിലേക്ക്. ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കായിരുന്നു ബെൽജിയത്തിന്റെ വിജയം.
ഗ്രൂപ്പ് ജിയിലെ മറ്റൊരു മൽസരത്തിൽ ഇറാൻ ഈജിപ്തിനോട് സമനില വഴങ്ങിയതോടെ കളിച്ച മൂന്ന് മത്സരത്തിലും ജയമില്ലാതെയായ ഇറാന്റെ നോക്കൗട്ട് പ്രവേശനത്തിന് ഇനിയും കാത്തിരിക്കേണ്ടിവരും.
