Screenshot 20260423 140814

സംസ്ഥാന സ്‌കൂൾ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്‌ത്‌ മുഖ്യമന്ത്രി വി ഡി സതീശൻ. ഒന്ന് മുതല്‍ 12 വരെ ക്ലാസുകളിലായി 42 ലക്ഷത്തോളം കുട്ടികളാണ് ഇന്ന് സ്‌കൂളുകളിലേക്ക് എത്തിയത്. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങുകള്‍ പട്ടം ജിഎസ്എസ് സ്‌കൂളില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വഹിച്ചു.

‎കുട്ടികളുടെ കഴിവുകൾ അധ്യാപകരും രക്ഷിതാക്കളും പരസ്പരം പങ്കുവെക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. വിദ്യാഭ്യാസത്തിന്റെ ഡെസ്റ്റിനേഷൻ പോയിന്റ് ആയി കേരളത്തെ മാറ്റുകയാണ് ലക്ഷ്യം. അത് കേരളത്തിൽ ഉണ്ടാകും എന്ന് വാക്ക് നൽകുന്നു. കൂട്ടുകാരെ മയക്കുമരുന്നിൽ നിന്ന് പിന്തിരിപ്പിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

‎സിഎംആര്‍എല്‍ എക്‌സാലോജിക് മാസപ്പടി കേസില്‍ ഇ ഡി അന്വേഷണം തുടരാമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിന് സ്റ്റേ ഇല്ല. അന്വേഷണത്തിന് തടസമില്ലെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അറിയിച്ചു.

‎സംസ്ഥാനത്തെ നാഷണല്‍ ഹെല്‍ത്ത് മിഷനില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ സേവന കാലാവധി വെട്ടിച്ചുരുക്കി സര്‍ക്കാര്‍. ഒരു വര്‍ഷത്തേക്ക് പുതുക്കാനുള്ള കാലാവധി മൂന്നുമാസമായി ചുരുക്കിയെന്നാണ് വിവരം.

‎ആഭ്യന്തരമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് ആലപ്പുഴ കാർത്തികപ്പള്ളിയിൽ എസ്എഫ്ഐ പ്രവർത്തകരെ കരുതൽ തടങ്കലിലാക്കി. പ്രതിഷേധസാധ്യത കണക്കിലെടുത്താണ് നടപടിയെന്ന് പൊലീസ് വ്യക്തമാക്കി. പ്രവേശനോത്സവത്തിന് മിഠായി വിതരണം ചെയ്യാൻ എത്തിയവരെയാണ് കരുതൽ തടങ്കലിൽ ആക്കിയത്.

‎സംസ്ഥാനത്ത് ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ട്പ്രഖ്യാപിച്ചു. കാലവർഷം കേരളത്തിലേക്ക് പ്രവേശിക്കുന്നതിനുള്ള അനുകൂല സാഹചര്യമാണെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

‎തിരുവനന്തപുരം നഗരത്തിൽ വെള്ളക്കെട്ട് ഉണ്ടാകാനുള്ള കാരണം പരിശോധിച്ച് അടിയന്തര റിപ്പോർട്ട് സമർപ്പിക്കണമെന്ന് മന്ത്രി മോൻസ് ജോസഫ് ജലസേചന വകുപ്പ് ചീഫ് എൻജിനീയർക്ക് നിർദ്ദേശം നൽകി. പ്രശ്നം പരിശോധിക്കാൻ നാളെ ഉന്നതതല യോഗം ചേരും.

‎കാട്ടാന ആക്രമണം പരിശോധിക്കാൻ വാഴച്ചാലിൽ എത്തിയ വനംമന്ത്രിയുടെ വാഹന വ്യൂഹത്തിന്‍റെ വഴിമുടക്കി കാട്ടാന. ഫോറസ്റ്റ് ഗസ്റ്റ് ഹൗസിലേക്ക് പോവുകയായിരുന്ന വനം മന്ത്രി ഷിബു ബേബി ജോണിന്റെയും സംഘത്തിന്റെയും വഴിമുടക്കിയാണ് ചാർപ്പയിൽ കാട്ടാന നിന്നത്.

‎മരട് കൊട്ടാരം ജങ്ഷനിൽ മുഖ്യമന്ത്രി വി ഡി സതീശനെ അഭിനന്ദിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റി സ്ഥാപിച്ചിരുന്ന ഫ്ലക്സ് ബോർഡ് തകർത്തത് വിവാദമായതോടെ സിപിഎമ്മിന്റെ ചെലവിൽ തന്നെ പുതിയ ബോർഡ് സ്ഥാപിച്ചു. മേയ് 27ന് നടന്ന സിപിഎം പ്രകടനത്തിനിടെയാണ് ഫ്ലക്സ് നശിപ്പിക്കപ്പെട്ടത്.

‎പാലക്കാട്ട് സിപിഎമ്മിൽ നിന്ന് പുറത്താക്കിയ പി.കെ. ശശിയുടെ പാർട്ടിയായ ഡിഎംഎഫ് സിഎംപിയിൽ ലയിക്കുകയോ ഒരുമിച്ച് നിൽക്കുകയോ ചെയ്തേക്കും. ഇത് സംബന്ധിച്ച ചർച്ചകൾ അവസാനഘട്ടത്തിലെന്ന് പി.കെ. ശശി പറഞ്ഞു.

‎ആലപ്പുഴയില്‍ നവകേരള യാത്രയ്ക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച കേസില്‍ പ്രതികളായ ഗണ്‍മാന്‍മാര്‍ ഒളിവിലെന്ന് പ്രത്യേക അന്വേഷണസംഘം. അഞ്ചുപേരുടേയും മൊബൈല്‍ ഫോണുകള്‍ സ്വിച്ച്ഡ് ഓഫ് ആണ്. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയതോടെ ആലപ്പുഴ ജില്ലാ കോടതി വളപ്പില്‍ നിന്നാണ് പ്രതികള്‍ ഒളിവില്‍ പോയത്.

‎തുഷാർ വെള്ളാപ്പളളി – മുഖ്യമന്ത്രി വി ഡി സതീശൻ കൂടിക്കാഴ്ചയെ വിമർശിച്ച് കോണ്‍ഗ്രസ് വക്താവ് അനൂപ് വി ആർ. സീനിയർ വെള്ളാപ്പള്ളി ആയാലും ജൂനിയർ വെള്ളാപ്പള്ളിയെ ആയാലും ചർച്ചക്ക് ഇരുത്തി ‘ലെജിറ്റിമിസി’ ഉണ്ടാക്കികൊടുക്കുന്നത് അധികാരത്തിൽ ഇരിക്കുന്ന ആരുടെ ഭാഗത്ത് നിന്നായാലും അംഗീകരിക്കാൻ കഴിയില്ലെന്ന് അനൂപ് പ്രതികരിച്ചു.

‎നടി അൻസിബ ഹസനേയും തന്നേയും പോലീസ് സ്റ്റേഷനിൽ മൂന്ന് മണിക്കൂർ പിടിച്ചിരുത്തി എന്ന അൻസിബയുടെ വാദം തെറ്റാണെന്ന് ലക്ഷ്മിപ്രിയ. ഇതുമായി ബന്ധപ്പെട്ട് അന്ന് നടന്ന കാര്യങ്ങളുടെ ഡിജിറ്റൽ തെളിവുകൾ പോലീസിന് കൈമാറിയിട്ടുണ്ടെന്നും ലക്ഷ്മിപ്രിയ പറഞ്ഞു.

‎തിരുവനന്തപുരം നെടുമങ്ങാട് പനവൂരിലെ ഒന്നരവയസ്സുകാരന്റെ കൊലപാതകത്തില്‍ പ്രതികളായ അമ്മ അഖിലയേയും രണ്ടാനച്ഛന്‍ അഷ്‌കറിനെയും നെടുമങ്ങാട് സെക്കന്‍ഡ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. അഷ്‌കറിന് എതിരെ കൊലപാതകക്കുറ്റം ചുമത്തി.

‎വാഹനാപകടത്തില്‍ മരിച്ച കണ്ണൂര്‍ സ്വദേശിയായ 23 കാരനായ എം കെ അര്‍ജുന്റെ ഹൃദയം ഉള്‍പ്പെടെയുള്ള അവയവങ്ങള്‍ നാലുപേര്‍ക്ക് പുതുജീവനേകും. മലപ്പുറം സ്വദേശിയായ 48 കാരനാണ് അർജുൻ്റെ ഹൃദയം മാറ്റിവയ്ക്കുന്നത്.

‎സിബിഎസ്ഇ പുനർ മൂല്യനിർണയത്തിന് അപേക്ഷ നൽകാനുള്ള സൈറ്റിൽ തകരാർ. അതേസമയം സിബിഎസ്ഇയിൽ വൻ സുരക്ഷാ വീഴ്ചയുണ്ടായെന്നും ആരോപണമുയർന്നു. വിദ്യാർഥികളുടെ വ്യക്തിഗത വിവരങ്ങൾ ഇൻ്റർനെറ്റിൽ സുലഭമാണെന്ന വെളിപ്പെടുത്തലുമായി ആക്ടിവിസ്റ്റുകൾ രംഗത്തെത്തി.

‎ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബിൽ ചർച്ച വീണ്ടും സജീവമാക്കാൻ ബിജെപി. മണ്ഡല പുനർ നിർണയ ബില്ല് വീണ്ടും കൊണ്ടുവരാനും ആലോചന. ഈ വിഷയങ്ങളിൽ ഡിഎംകെയുമായി സർക്കാർ അനൗദ്യോഗിക ചർച്ചകൾ നടത്തുന്നതായി റിപ്പോർട്ട് പുറത്തുവന്നു.

‎മമത ബാനർജി വിളിച്ച എംഎൽഎമാരുടെ യോഗത്തിൽ ഭൂരിപക്ഷവും പങ്കെടുക്കാത്തതിൽ നേതൃത്വത്തിന് ആശങ്ക. യോഗത്തിൽ പങ്കെടുത്തത് 80ൽ 20പേർ മാത്രമാണ്. എം എൽഎമാർ പലരും പ്രതിഷേധ സ്ഥലങ്ങളിലെന്നാണ് ന്യായീകരണം.

‎വിദ്യാർത്ഥികൾക്ക് കാവി ഷോളുകൾ വിതരണം ചെയ്തു ശ്രീറാം സേനേ. കർണാടകയിലെ ഹുബ്ബള്ളിയിൽ ആണ് ശ്രീറാം സേനേയുടെ നടപടി. കോളേജിലേക്ക് പോയ കുട്ടികൾക്കാണ് കാവി ഷോളുകൾ നൽകിയത്.

‎സുപ്രീം കോടതിയിലേക്ക് അഞ്ച് പുതിയ ജഡ്ജിമാരെ രാഷ്ട്രപതി നിയമിച്ചു. ചീഫ് ജസ്റ്റിസുമായി നടത്തിയ ഔദ്യോഗിക കൂടിയാലോചനകൾക്ക് ശേഷമാണ് ഭരണഘടനയുടെ ആർട്ടിക്കിൾ 124, ക്ലോസ് (2) നൽകുന്ന അധികാരപ്രകാരം ഈ നിയമനങ്ങൾ പൂർത്തിയാക്കിയത്.

‎വോട്ടർമാർക്ക് നന്ദി പറയാൻ തമിഴ്നാട് മുഖ്യമന്ത്രി വിജയ് ഇന്ന് തിരുച്ചിറപ്പള്ളിയിൽ എത്തും. വൈകീട്ട് നാലിന് തിരുച്ചിറപ്പള്ളി. സെന്‍റ് ജോസഫ്സ്‌ കോളേജിൽ നടക്കുന്ന പൊതുയോഗത്തിൽ പ്രസംഗിക്കും. QR കോഡ് പതിപ്പിച്ച ടിക്കറ്റ് ഉള്ള 5000 പേർക്കാണ് പ്രവേശനം.

‎ഇന്ത്യന്‍ പ്രദേശങ്ങള്‍ കയ്യേറി എന്ന നേപ്പാള്‍ പ്രധാനമന്ത്രിയുടെ പ്രസ്താവന വിവാദത്തിൽ. അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്ന കാലാപനിയെ കുറിച്ച് ചോദ്യമുയര്‍ന്ന ഘട്ടത്തിലാണ് ബലേന്ദ്ര ഷയുടെ പാര്‍ലമെന്‍റിലെ പരാമർശം.

‎അമേരിക്കയുടെ വ്യോമതാവളം തകർത്തെന്ന് ഇറാൻ. തെക്കൻ ഹോർമുസ്ഗാൻ പ്രവിശ്യയിലുള്ള സിരിക് ദ്വീപിൽ ടെലി കമ്മ്യൂണിക്കേഷൻ ടവർ തകർത്തതിന് തിരിച്ചടിയായി അമേരിക്കയുടെ എയർ ബേസ് തകർത്തു എന്നാണ് റിപ്പോർട്.

‎ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയാൻ രാജിവയ്ക്കുമെന്ന അഭ്യൂഹം തള്ളി അദ്ദേഹത്തിന്‍റെ ഓഫീസ്. ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് പെസഷ്കിയാൻ രാജി വയ്ക്കുന്നു എന്നായിരുന്നു റിപ്പോർട്ടുകൾ.

‎ഐപിഎല്‍ 2026 സീസണിലെ അവാര്‍ഡുകള്‍ ഒന്നടങ്കം തൂത്തുവാരി രാജസ്ഥാന്‍ റോയല്‍സിന്റെ വൈഭവ് സൂര്യവംശി. സീസണിലെ ഏറ്റവും മൂല്യമേറിയ താരം, എമര്‍ജിംഗ് പ്ലെയര്‍ ഓഫ് ദി സീസണ്‍, സൂപ്പര്‍ സ്‌ട്രൈക്കര്‍ ഓഫ് ദി സീസണ്‍, സൂപ്പര്‍ സിക്‌സസ് ഓഫ് ദി സീസണ്‍ എന്നിങ്ങനെ നാല് പ്രധാന വ്യക്തിഗത പുരസ്‌കാരങ്ങളാണ് സൂര്യവംശി സ്വന്തമാക്കിയത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *