നിയമസഭ തെരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിന് പിന്നാലെ മുഖ്യമന്ത്രി ചർച്ചകൾക്കായി കോൺഗ്രസ് ഇന്ന് ദില്ലിയിൽ നിർണ്ണായക യോഗം ചേരും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ വൈകിട്ട് മൂന്ന് മണിക്കാണ് യോഗം ചേരുക. രാഹുൽ ഗാന്ധിയും കേരളത്തിൽ നിന്നെത്തുന്ന കെ സി വേണുഗോപാലും യോഗത്തില്‍ പങ്കെടുക്കും എന്നാണ് വിവരം.
മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച പിണറായി വിജയൻ തിരുവനന്തപുരത്തെത്തി. വി ശിവന്‍കുട്ടി, വി റോയ്, എ എ റഹീം എന്നിവര്‍ പിണറായി വിജയനെ സ്വീകരിക്കാനെത്തി. പാർട്ടി സെക്രട്ടറി എം വി ഗോവിന്ദൻ ഉപയോഗിക്കുന്ന വാഹനമാണ് പിണറായി വിജയനെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലെത്തിയത്.
നിയമസഭാ തെരഞ്ഞെടുപ്പിലെ മുന്നണിയുടെ തോല്‍വിക്ക് പിന്നാലെ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച പിണറായി വിജയന് ഇനി ചിന്താ ഫ്ലാറ്റിലായിരിക്കും മുറി. പിബി അംഗങ്ങൾക്ക് പാർട്ടി അനുവദിക്കുന്നതാണ് ചിന്ത ഫ്ലാറ്റിലെ മുറി.
സിപിഎം സംസ്ഥാന സെകട്ടേറിയറ്റ് നാളെ. തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണം ന്യൂനപക്ഷങ്ങളുടെ ഇടത് വിരുദ്ധ ഏകീകരണം മുൻകൂട്ടി കാണാനാകാതിരുന്നതും എസ്ഐആറിന് ശേഷമുണ്ടായ ഐക്യം ഇടത് വിരുദ്ധ തരംഗത്തിനിടയാക്കിയെന്നുമാണ് നിരീക്ഷണം.
നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ പാര്‍ട്ടിയില്‍ കടുത്ത വിമർശനം. സ്ഥാനാർത്ഥി നിർണയം പാളിയെന്നും, നേതൃത്വത്തിന്റെ പിടിവാശിയാണ് പരാജയ കാരണമായെന്നുമാണ് വിലയിരുത്തൽ. സെക്രട്ടറി മാറണമെന്ന ആവശ്യമുയർന്നേക്കും.
യുഡിഎഫിന്റെ വലിയ ഭൂരിപക്ഷം വലിയ ഉത്തരവാദിത്തം കൂടിയാണെന്ന് കെ മുരളീധരൻ. അതനുസരിച്ചു നേതാക്കൾ പെരുമാറണമെന്നും മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നത് ഉൾപ്പെടെ പ്രശ്നങ്ങൾ ഇല്ലാതെ നടക്കണമെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫിന്റേത് ഉമ്മൻ ചാണ്ടി എന്ന വലിയ മനുഷ്യന്റെ കൂടി വിജയമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ. ആ മനുഷ്യന്റെ ചോര ചീന്തിയവർക്ക് കാലം കരുതി വെച്ച മറുപടിയാണിതെന്നും രാഹുൽ ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നു.
കെ സി വേണുഗോപാലിൻ്റെ ഫ്ലക്സിൽ കരിഓയിൽ ഒഴിച്ച നിലയിൽ. കോട്ടയം നഗരത്തിൽ സ്ഥാപിച്ച ഫ്ലക്സിലാണ് കരിഓയിൽ ഒഴിച്ച നിലയിൽ കണ്ടെത്തിയത്. വിജയശിൽപി കെ സി വേണുഗോപാലെന്ന് എഴുതിയ ഫ്ലക്സ് ബോർഡ് ഇന്നലെയാണ് സ്ഥാപിച്ചത്.
മുഖ്യമന്ത്രിക്ക് എത്രത്തോളം ശത്രുവാണോ താന്‍ അത്ര തന്നെ ബിജെപിക്കും ശത്രുവാണെന്നും, ബിജെപി സിപിഎം ധാരണ മൂലമാണ് ബേപ്പൂരിൽ തോറ്റതെന്നും പി വി അൻവർ.
സിനിമാഭിനയം നിർത്തിയതായി നിയുക്ത എംഎൽഎ രമേഷ് പിഷാരടി. സ്‌റ്റേജ് ഷോകളും ചെയ്യില്ലെന്നും ഇനിയുള്ള 5 വർഷം പാലക്കാടിന് വേണ്ടി മാത്രമാണ് ജീവിതമെന്നും സിനിമാഭിനയം ജീവിത മാർഗ്ഗമാണെന്നും വരുമാനം കുറയുമ്പോൾ ലളിതമായി ജീവിക്കാനാണ് തീരുമാനമെന്നും രമേഷ് പിഷാരടി വ്യക്തമാക്കി.
തൃശൂർ മണലൂർ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥി ടിഎൻ പ്രതാപൻ 126 വോട്ടിന്റെ നേരിയ ഭൂരിപക്ഷത്തിൽ പരാജയപ്പെട്ടത് പ്രതാപന്റെ അപരൻ 184 വോട്ടുകൾ നേടിയത് കാരണമാണെന്ന് വിലയിരുത്തൽ. സമാനമായ സംഭവം ചിറ്റൂർ മണ്ഡലത്തിലും ആവർത്തിച്ചു.
ശബരിമല യുവതി പ്രവേശന കേസില്‍ യങ് ലോഴ്സ് അസോസിയേഷനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. നിങ്ങൾ ആരാണ് വിശ്വാസകാര്യങ്ങളിൽ ഇടപെടാനെന്ന് ജസ്റ്റിസ് നാഗരത്ന ചോദിച്ചു. യുവാക്കളായ അഭിഭാഷകരുടെ ക്ഷേമത്തിനായി പ്രവർത്തിക്കൂ എന്നും നാഗരത്ന യങ് ലോഴ്സ് അസോസിയേഷനെ പരിഹസിച്ചു.
സിനിമ സീരിയൽ താരം സന്തോഷ് കെ നായർ അപകടത്തിൽ അന്തരിച്ചു. സന്തോഷ് യാത്ര ചെയ്ത കാർ നിയന്ത്രണം തെറ്റി പാഴ്സൽ ലോറിയിൽ ഇടിക്കുകയായിരുന്നു. കാറിൽ ഒപ്പമുണ്ടായിരുന്ന ഭാര്യ രാജലക്ഷ്മി, പാർസൽ ലോറി ഡ്രൈവർ സുധീഷ് എന്നിവർക്ക് പരിക്ക് പറ്റിയിട്ടുണ്ട്. ഇപ്പോൾ പ്രദർശനത്തിലുള്ള മോഹിനിയാട്ടമാണ് അവസാന സിനിമ.
മോഹൻലാൽ, സുരേഷ് ഗോപി തുടങ്ങി ഒട്ടനവധി പേർ സന്തോഷിന് അനുശോചനം അറിയിച്ചു.
തമിഴ്നാട് രാഷ്ട്രീയം ഇപ്പോൾ ആരാധക കേന്ദ്രീകൃതമായി മാറിയിരിക്കുകയാണെന്ന വിമർശനവുമായി നടൻ പ്രകാശ് രാജ്. സമൂഹം രാഷ്ട്രീയമായി പ്രബുദ്ധരാകുന്നതിന് പകരം കേവലം ആരാധകർ മാത്രമായി ഒതുങ്ങുകയാണെന്നാണ് പ്രകാശ് രാജിന്‍റെ വിമർശനം.
തമിഴ്നാട്ടിലും പുതുച്ചേരിയിലുമായി മൂന്ന് പാർട്ടിയിൽ നിന്നായി മൂന്ന് സീറ്റുകൾ നേടി ലോട്ടറി വ്യവസായി സാൻറിയാഗോ മാർട്ടിന്റെ കുടുംബാംഗങ്ങൾ. മാർട്ടിൻ, മാർട്ടിന്റെ ഭാര്യ, മകൻ, മരുമകൻ എന്നിവർ മൂന്ന് വ്യത്യസ്ത രാഷ്ട്രീയ പാർട്ടികളെ പ്രതിനിധീകരിച്ച് മത്സരിച്ചു.
ലഹരിമരുന്ന് കടത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട സൗദി പൗരന്റെ വധശിക്ഷ സൗദി അറേബ്യയിൽ നടപ്പിലാക്കി. കിഴക്കൻ പ്രവിശ്യയിൽ ആംഫെറ്റാമൈൻ ഗുളികകൾ കടത്തിയ കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ ഖാലിദ് ബിൻ അലി ബിൻ മുഹമ്മദ് അൽ മാദിഹ് എന്ന പൗരന്‍റെ ശിക്ഷയാണ് നടപ്പിലാക്കിയത്.
മധ്യ ചൈനയിലെ ഹുനാൻ പ്രവിശ്യയിലുള്ള പടക്ക നിർമ്മാണശാലയിലുണ്ടായ സ്ഫോടനത്തിൽ 21 പേർ കൊല്ലപ്പെടുകയും 61 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തിങ്കളാഴ്ച വൈകുന്നേരം പ്രാദേശിക സമയം 4.40ഓടെയാണ് ദുരന്തമുണ്ടായത്.
അറബിക്കടലിൽ സാങ്കേതിക തകരാർ സംഭവിച്ച് കുടുങ്ങിപ്പോയ ഇന്ത്യൻ ചരക്കുകപ്പലിന് പാക് നാവികസേന സഹായമെത്തിച്ചു. കടലിൽ വെച്ച് എൻജിൻ നിലച്ച ‘എംവി ഗൗതം’ എന്ന കപ്പലിനാണ് പാക് നാവികസേനയുടെ നിരീക്ഷണ കപ്പൽ രക്ഷക്കെത്തിയത്.
വിദേശ ചാരപ്രവർത്തനം നടത്തിയെന്ന സംശയത്തെത്തുടർന്ന് വിയന്നയിലെ റഷ്യൻ എംബസിയിലെ മൂന്ന് ഉദ്യോഗസ്ഥരെ ഓസ്ട്രിയ പുറത്താക്കി. ഇന്റലിജൻസ് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് നടപടി.
യുഎഇയിലെ പ്രമുഖ എണ്ണ വ്യവസായ കേന്ദ്രമായ ഫുജൈറയിൽ ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ പൗരന്മാർക്ക് പരിക്കേറ്റ സംഭവത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യ. യുഎഇയിലെ ഫുജൈറ ഓയിൽ ഇൻഡസ്ട്രി സോണിന് നേരെ ഇന്നലെയാണ് ഇറാന്റെ ഡ്രോൺ ആക്രമണം ഉണ്ടായത്.
ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കാനുള്ള നീക്കത്തിനിടെ ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം മൂർച്ഛിക്കുന്നു. സിവിൽ കപ്പലുകളെ ലക്ഷ്യമിട്ട ആറ് ഇറാനിയൻ ബോട്ടുകൾ വെടിവെച്ച് തകർത്തെന്ന് അമേരിക്കൻ സൈന്യം അറിയിച്ചു.
ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കാനുള്ള പ്രൊജക്റ്റ് ഫ്രീഡം ഓപ്പറേഷനിടെ യുഎസ് സേന ഏഴ് ഇറാനിയൻ ബോട്ടുകൾ തകർക്കുകയും മിസൈലുകളും ഡ്രോണുകളും വെടിവെച്ചിടുകയും ചെയ്തെന്ന് അമേരിക്ക.
