Screenshot 20260331 1339472

വനിതാ സംവരണബില്ലുമായി ബന്ധപ്പെട്ട് ലോക്സഭയിൽ ഇന്നും നാളെയും ചർച്ച നടക്കും. അന്തരിച്ച ഗായിക ആശാ ബോസ്ലെക്കും അന്തരിച്ച മുൻ അംഗങ്ങൾക്കും സഭ ആദരാഞ്ജലി അർപ്പിച്ച ശേഷം സഭാനടപടികൾ തുടങ്ങിയെങ്കിലും ബില്ലിൽ പ്രതിഷേധം കടുപ്പിക്കുകയാണ് പ്രതിപക്ഷം.

 

ലോക്സഭയിൽ വനിതാ സംവരണ ബില്ലിനെതിരെ പ്രതിപക്ഷ പ്രതിഷേധം. സഭ തുടങ്ങിയതോടെ വനിതാസംവരണ ബില്ല് അവതരിപ്പിക്കാൻ സ്പീക്കർ നീക്കം നടത്തിയതോടെയാണ് പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇവരോട് സീറ്റിൽ ഇരിക്കാൻ സ്പീക്കർ നിർദേശം നൽകി.

 

വനിത സംവരണ ഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിക്കാൻ അനുമതി. വോട്ടെടുപ്പിലൂടെയാണ് അനുമതി നേ‌ടിയത്. പ്രതിപക്ഷ ആവശ്യം പരിഗണിച്ചായിരുന്നു വോ‌ട്ടെടുപ്പ്. ശക്തമായ വാക്പോരാണ് ഭരണ പ്രതിപക്ഷ അംഗങ്ങൾ ലോക്സഭയിൽ ന‌‌ടത്തിയത്. അനുകൂലിച്ച് 251 പേരും എതിർത്ത് 185 പേരും വോട്ട് ചെയ്തു.

 

ഇന്ന് രാജ്യം ചരിത്രപരമായ നടപടികൾ സ്വീകരിക്കാൻ പോകുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അമ്മമാരെയും സഹോദരിമാരെയും ആദരിക്കുന്നത് രാഷ്ട്രത്തിന്റെ ബഹുമതിയാണ്, ഈ ദിശയിൽ ശക്തമായി മുന്നേറുന്നുവെന്നും ആവേശത്തോടെയാണ് വനിത സംവരണത്തിൽ ഉറച്ചുനിൽക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

 

ഇന്ന് രാജ്യത്തിന് ചരിത്ര ദിനമെന്നും എല്ലാ പാർട്ടികളും ബില്ലിനെ പിന്തുണയ്ക്കുമെന്ന് കരുതുന്നുവെന്നും കേന്ദ്ര പാർലമെന്ററി കാര്യമന്ത്രി കിരൺ റിജിജു. വനിതാ സംവരണ ബില്ലിനെ പരാജയപ്പെടുത്താൻ പ്രതിപക്ഷം എന്തെങ്കിലും ഒഴിവു കഴിവ് പറയരുതെന്നും മണ്ഡല പുനർനിർണയത്തെ കുറിച്ച് തെറ്റായ പ്രചാരണങ്ങൾ നടത്തരുതെന്നും ദക്ഷിണേന്ത്യയിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുതെന്നും പ്രതിപക്ഷത്തോട് അഭ്യർത്ഥിക്കുന്നതായി കിരൺ റിജിജു പറഞ്ഞു.

 

വനിതാ സംവരണത്തിന്റെ മറവില്‍ രാജ്യത്തെ ഭരണം എല്ലാ കാലത്തും നിലനിര്‍ത്താനാണ് ബിജെപി വ്യാമോഹിക്കുന്നതെന്ന് എഐസിസി ജനറൽ‌ സെക്രട്ടറി കെ സി വേണുഗോപാൽ. വനിതാ സംവരണത്തെ എതിര്‍ക്കുന്നില്ല. പിന്തുണക്കാന്‍ തയാറാണ്. എന്നാല്‍ ബിജെപിയുടെ ലക്ഷ്യം മറ്റൊന്നാണെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു.

 

മണ്ഡല പുനർനിർണയത്തിനെതിരെ ശക്തമായ പ്രക്ഷോഭം ആരംഭിയ്ക്കാൻ ഡിഎംകെ. സംസ്ഥാന വ്യാപകമായി പ്രവർത്തകർ ബില്ല് കത്തിച്ച് പ്രതിഷേധിക്കും. കൂടാതെ കറുത്ത കൊടികൾ ഉയർത്തി പ്രതിഷേധിയ്ക്കാനും മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ആഹ്വാനം ചെയ്തു. ഇന്ന് മുതൽ മൂന്ന് ദിവസത്തേക്കാണ് കരിങ്കൊടി പ്രതിഷേധത്തിന് ആഹ്വാനം നൽകിയിരിക്കുന്നത്.

 

കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചയിൽ നേരിട്ട് ഇടപെടില്ലെന്നും ആർക്കും പരസ്യ പിന്തുണ ഇല്ലെന്നും മുസ്ലിം ലീഗ്. ഹൈക്കമാന്റിനെ മുസ്ലിം ലീഗ് നിലപാട് അറിയിക്കും. പരസ്യ ചർച്ചകളിൽ ലീഗിനും അതൃപ്തിയുണ്ട്. കൂടുതൽ കോൺഗ്രസ് നേതാക്കൾ പാണക്കാട്ടേക്ക് എത്തുന്നതിനിടെയാണ് നിർണ്ണായക നീക്കം.

 

മുഖ്യമന്ത്രി കസേരക്കായി കോൺഗ്രസിൽ പോരില്ലെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. ‌‌‌എല്ലാവരും വിജയ പ്രതീക്ഷയിലാണ്. മുഖ്യമന്ത്രി ചർച്ചയ്ക്ക് സമയം ആയിട്ടില്ലെന്ന് സണ്ണി ജോസഫ് പറഞ്ഞു.

 

മുഖ്യമന്ത്രി പദവിയുമായി ബന്ധപ്പെട്ട വിവാദങ്ങൾ അനാവശ്യമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വിവാദങ്ങൾ വിജയിപ്പിക്കാൻ കാത്തിരിക്കുന്ന ലക്ഷോപലക്ഷം ജനങ്ങളുടെയും പ്രവർത്തകരുടെയും മനോവീര്യം കെടുത്തുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

 

 

കോണ്‍ഗ്രസ് നേതാക്കളുടെ പരസ്യപോര് തള്ളി കെ മുരളീധരന്‍. മുഖ്യമന്ത്രി ആരാകണമെന്ന ചർച്ചകളുടെ ആവശ്യകത ഇല്ല, സംഘനൃത്തമാണ് ആവശ്യമെന്ന് രാഹുൽ ഗാന്ധി പറഞ്ഞത് ഇപ്പോൾ ഓർമ്മിപ്പിക്കുകയാണെന്നും, ഏതെങ്കിലും നേതാക്കന്മാരെ അനുകൂലിച്ച് ഇപ്പോൾ പോസ്റ്റിടുന്നത് ആര് ചെയ്താലും ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

 

ജനവിധി അറിയും മുമ്പേ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി കോൺഗ്രസിൽ ഉയരുന്ന പിടിവലിയിലും വിവാദങ്ങളിലും അതൃപ്തി പ്രകടമാക്കി കോൺഗ്രസ് നേതാവ് ബെന്നി ബെഹ്നാൻ. സോഷ്യൽ മീഡിയയിലുള്ളവരോ സൈബർ പോരാളികളോ അല്ല യുഡിഎഫിന്റെ മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടതെന്ന് ബെന്നി ബഹനാൻ അഭിപ്രായപ്പെട്ടു.

 

കേരളത്തിലെ വിവിധ ഭാഗങ്ങളിൽ അൾട്രാവയലറ്റ് വികിരണത്തിന്റെ അളവ് ആശങ്കാജനകമായ രീതിയിൽ ഉയരുന്നു. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കൊല്ലം, പാലക്കാട് എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ട് നിർദ്ദേശം പുറപ്പെടുവിച്ചു.

 

കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ ഡോ. റാമിനെതിരെ രക്ഷിതാക്കൾ. ഡോ റാം വളരെ മോശമായ ഭാഷയാണ് ക്ലാസിൽ ഉപയോഗിച്ചുകൊണ്ടിരുന്നത്. നിതിൻ്റെ കുടുംബം ഉന്നയിക്കുന്ന ആക്ഷേപങ്ങൾ നൂറ് ശതമാനം ശരിയാണെന്നും, നിതിൻ്റെ കുടുംബം നിയമനടപടി സ്വീകരിച്ചാൽ കൂടെ നിൽക്കുമെന്നും രക്ഷിതാക്കൾ പ്രതികരിച്ചു.

 

വയനാട് ടൗൺഷിപ്പിലെ നിർമ്മാണത്തിൽ അനിശ്ചിതത്വം തുടരുന്നു. ഫെയ്‌സ് വണ്ണിലെ 178 വീടുകൾ പോലും ഇനിയും താമസയോഗ്യമായില്ല.40 വീടുകൾ മാത്രമാണ് താമസയോഗ്യമായതെന്ന് ജില്ലാ ഭരണകൂടം ദുരന്തബാധിതരോട് വ്യക്തമാക്കി.

 

പീഡന കേസില്‍ ഐ ടി വ്യവസായി വേണു ഗോപാലകൃഷ്ണന് മുൻ‌കൂർ ജാമ്യം. കർശന ഉപാധികളോടെയാണ് സുപ്രീംകോടതി ജാമ്യം നൽകിയത്. കേസിലെ അതിജീവിതയെ സ്വാധീനിക്കാൻ പാടില്ല. അന്വേഷണ ഉദ്യോഗസ്ഥർ ആവിശ്യപ്പെട്ടാൽ ഹാജരാകണം എന്നിങ്ങനെയാണ് ഉപാധികൾ.

 

വിഷു ആഘോഷങ്ങൾക്കിടെ കയ്യിലിരുന്ന പടക്കം പൊട്ടി യുവാവ് മരിച്ചു. പാലക്കാട് ശ്രീകൃഷ്ണപുരം സ്വദേശിയായ ദിലീപാണ് മരിച്ചത്. 34 വയസ്സായിരുന്നു. ക്ലബിലെ അംഗങ്ങളെല്ലാവരും കൂടി പ‌ടക്കം പൊട്ടിക്കുന്നതിന് ഇടയിലാണ് ഇത്തരത്തിലൊരു ദുരന്തമുണ്ടാകുന്നത്.

 

ഇറാനിയൻ കപ്പലിൽ എഞ്ചിൻ ടെക്നീഷ്യനായ ആലപ്പുഴ പള്ളിപ്പാട് സ്വദേശി ജെറിൻ ജോർജ് നാട്ടിലേക്ക് മടങ്ങാനാകാതെ ഇറാനിൽ കുടുങ്ങികിടക്കുന്നതായി കുടുംബം. 45 ദിവസമായി ജെറിൻ ഉൾപ്പടെ 12 മലയാളികൾ വിവിധ കപ്പലുകളിലായി ഇറാനിലെ തുറമുഖത്ത് കുടുങ്ങികിടക്കുകയാണ്.

 

സുപ്രീം കോടതി വിധിയെ തുടർന്ന് സംസ്ഥാനത്തും, ക്രിമിനൽ കോടതികളിൽ ജാമ്യാപേക്ഷ സമർപ്പിക്കുന്നവർ സ്വന്തം പേരിലുള്ള മറ്റ് ക്രിമിനൽ കേസുകളുടെ വിവരങ്ങളും നൽകണമെന്ന നിബന്ധന വരുന്നു. ജാമ്യാപേക്ഷ നൽകുന്നവർക്ക് എതിരെ മറ്റ് കേസുകളുണ്ടോ, വാറന്‍റ് ഉൾപ്പെടെ നടപടികളുണ്ടോ, പ്രഖ്യാപിത കുറ്റവാളിയാണോ തുടങ്ങിയ കാര്യങ്ങൾ വെളിപ്പെടുത്തണമെന്ന വ്യവസ്ഥ നിർബന്ധമാക്കാൻ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിമാർക്ക് ഹൈക്കോടതി നോട്ടിസ് നൽകി.

 

തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ്‌ക്കെതിരെ വീണ്ടും കേസ്. പെരുമാറ്റച്ചട്ടം ലംഘിച്ചെന്നാരോപിച്ചാണ് മാമ്പലം പൊലീസ് കേസെടുത്തിരിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മാത്രമായിരുന്നു പൊലീസ് അനുമതി നൽകിയിരുന്നത് എന്നാൽ പിന്നീട് വിജയ്‌യുടെ റോഡ്ഷോ ആയി അത് മാറുകയായിരുന്നു. തിരഞ്ഞെടുപ്പ് ഫ്ലൈയിങ് സ്ക്വാഡാണ് പരാതി നൽകിയത്.

 

മഹാരാഷ്ട്ര നാസിക്ക് ടിസിഎസിലെ ലൈംഗികാതിക്രമ, മതപരിവർത്തന കേസുകളിലെ വിവരങ്ങൾ എൻഐഎയ്ക്ക് കൈമാറി പൊലീസ്. മതപരിവർത്തന ആരോപണങ്ങളിലാണ് വിവരങ്ങൾ കൈമാറിയത്. പ്രതികൾക്ക് തീവ്രവാദ പ്രസ്ഥാനങ്ങളുമായി ബന്ധമുണ്ടോ എന്ന സംശയത്തിലാണ് നടപടി.

 

ബാൾട്ടിക് കടലിലെ റഷ്യയുടെ പോർട്ടോവയ പ്ലാന്റിൽ നിന്ന് എൽ എൻ ജി കപ്പൽ ഇന്ത്യയിലേക്ക്. കുൻപെങ് എന്ന കപ്പൽ ദഹേജ് എൽഎൻജി ടെർമിനലിൽ എത്തും എന്നാണ് വിവരം. റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നത് നിർത്തിയെന്ന യുഎസ് അവകാശവാദത്തിന് ശേഷം റഷ്യയിൽ നിന്നുള്ള ആദ്യ എൽഎൻജി വിതരണമാണിത്.

 

ഹോർമുസ് തുറക്കണമെന്ന അന്താരാഷ്ട്ര താത്പര്യത്തിനൊപ്പമാണ് തങ്ങളെന്ന് ചൈന. ഇക്കാര്യം ഇറാനെ അറിയിച്ചു എന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ഇറാന്റെ സുരക്ഷയും പരമാധികാരവും മാനിക്കണം എന്നും ചൈന ചൂണ്ടിക്കാട്ടി.

 

ഹോർമുസ് കടലിടുക്കിൽ ഉപരോധം തുടർന്നാൽ അമേരിക്കൻ കപ്പലുകൾ മുക്കുമെന്ന് ഇറാൻ. ഇറാന്റെ പത്ത് എണ്ണക്കപ്പലുകൾ തടഞ്ഞെന്നാണ് അമേരിക്കയുടെ അവകാശവാദം. അമേരിക്ക-ഇറാൻ രണ്ടാംവട്ട ചർച്ചയുടെ ഭാഗമായി പാക് സൈനികമേധാവിയുടെ നേതൃത്വത്തിലുള്ള സംഘം ഇറാനിലെത്തി.

 

പശ്ചിമേഷ്യയിലേക്ക് കൂടുതൽ സൈനികരെ അയക്കാൻ അമേരിക്ക. 10,000 സൈനികർ കൂടി പശ്ചിമേഷ്യയിലെത്തുമെന്ന് ദ വാഷിങ്ടൺ പോസ്റ്റ്. വിമാനവാഹിനിക്കപ്പലായ ജോർജ് എച്ച് ഡബ്ല്യു ബുഷിൽ 6000 സൈനികരും ബോക്‌സർ ആംഫിബിയസ് റെഡി ഗ്രൂപ്പിന്റെ ഭാഗമായ 4200 സൈനികരുമാണ് എത്തുന്നത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *