ഇറാനും അമേരിക്കയും വെടിനിര്‍ത്തല്‍ കരാറിലെത്തിയെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചു. പാകിസ്താന്റെ മധ്യസ്ഥതയിലും ചൈനയുടെ ഇടപെടലിലും രൂപപ്പെട്ട 10 പോയിന്റ് നിര്‍ദ്ദേശങ്ങള്‍ തുടര്‍ചര്‍ച്ചകള്‍ക്ക് പ്രായോഗികമായ നിര്‍ദ്ദേശങ്ങളാണെന്ന് ട്രംപ് വിലയിരുത്തി. ഇറാനിലെ പരമോന്നത നേതാവായ ആയത്തുള്ള മുജ്തബ ഖമേനിയാണ് ഈ വെടിനിര്‍ത്തല്‍ കരാറിന് ഔദ്യോഗികമായി അംഗീകാരം നല്‍കിയത്.
ഇറാൻ്റെയും അമേരിക്കയുടേയും വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി അടുത്ത രണ്ടാഴ്ചത്തേക്ക് കപ്പലുകള്‍ക്ക് സുരക്ഷിത പാത ഒരുക്കുമെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി അറിയിച്ചു. വെള്ളിയാഴ്ച പാകിസ്താനിലെ ഇസ്‌ലാമബാദില്‍ ഇരു രാജ്യങ്ങളുംതമ്മില്‍ നേരിട്ടുള്ള ചര്‍ച്ചകള്‍ ആരംഭിക്കും.
ഇറാനും അമേരിക്കയും തമ്മിലുള്ള വെടിനിർത്തൽ ധാരണയ്ക്ക് പിന്തുണ അറിയിച്ചെങ്കിലും രണ്ടാഴ്ചത്തെ വെടിനിർത്തലിൽ ലെബനൺ ഉൾപ്പെടില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അറിയിച്ചു. ഇറാൻ യുഎസ് വെടിനിർത്തലിന് മധ്യസ്ഥത വഹിച്ച പാകിസ്താൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന്റെ വാദങ്ങളെ തള്ളുന്ന നിലപാടാണ് നെതന്യാഹു സ്വീകരിച്ചിരിക്കുന്നത്.
അമേരിക്കയുമായുള്ള ഏറ്റുമുട്ടലിനൊടുവിൽ തങ്ങൾ ചരിത്രവിജയം നേടിയതായി ഇറാൻ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇറാൻ മുന്നോട്ടുവെച്ച പത്ത് ഇന പദ്ധതിയുടെ അടിസ്ഥാനത്തിൽ, രാജ്യത്തിന് മേൽ ചുമത്തിയിട്ടുള്ള പ്രാഥമികവും ദ്വിതീയവുമായ എല്ലാ ഉപരോധങ്ങളും നീക്കം ചെയ്യാൻ അമേരിക്ക തത്വത്തിൽ അംഗീകരിച്ചതായി സുപ്രീം കൗൺസിൽ വ്യക്തമാക്കി.
പശ്ചിമേഷ്യയിലെ താത്കാലിക വെടിനിർത്തലിന് വഴിവെച്ചത് പാകിസ്താന്റെ മധ്യസ്ഥതയിൽ നടന്ന സമാധാന ശ്രമങ്ങൾ. ചൈനയുടെ ഇടപെടലും നിർണായകമായി. 10 ഇന നിർദേശങ്ങൾ ഇറാൻ മുന്നോട്ട് വെച്ചു. വെടിനിർത്തലുമായി സഹകരിക്കാനാണ് ഇസ്രയേലിന്റെയും തീരുമാനം. എന്നാൽ ഇസ്രയേലിന് കടുത്ത അതൃപ്തിയെന്നും സൂചനയുണ്ട്.
കൊട്ടാരക്കര ശ്രീമഹാഗണപതി ക്ഷേത്ര പരിസരത്തിലുള്ള 31.8 സെന്റ് ഭൂമി സാംസ്കാരിക നിലയത്തിനായി നഗരസഭക്ക് പാട്ടത്തിന് നൽകാനുള്ള സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. കഴിഞ്ഞ ഫെബ്രുവരി 20ലെ റവന്യൂ വകുപ്പിന്റെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി സമർപ്പിച്ച ഹർജിയിലാണ് നടപടി.
സ്വകാര്യ ബസുകാർക്ക് ആശ്വാസം. ബസുകൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങളിലുള്ള അംഗീകാരമില്ലാത്ത ക്യാമറ മാറ്റി സ്ഥാപിക്കാത്തവർക്കെതിരേ ഉടൻ നടപടി വരില്ല. നേരത്തേ അനുവദിച്ച സമയം കഴിഞ്ഞെങ്കിലും ഇനി പുതിയ സർക്കാർ വന്നശേഷമേ ഉത്തരവിറങ്ങൂ. അതുവരെ തൽസ്ഥിതി തുടരാനാണ് അതോറിറ്റിയുടെ തീരുമാനം.
സ്ത്രീകളെ മാസത്തിൽ മൂന്ന് ദിവസം ‘തൊട്ടുകൂടാത്തവരായി’ കണക്കാക്കുന്ന മുൻകാല സാമൂഹിക ആചാരത്തെ ജസ്റ്റിസ് ബി.വി. നാഗരത്ന വിമർശിച്ചു. ശബരിമല ക്ഷേത്രത്തിൽ 10-50 പ്രായപരിധിയിലുള്ള സ്ത്രീകൾക്ക് പ്രവേശനം നിഷേധിക്കുന്ന ആചാരം, ആർട്ടിക്കിൾ 17 ന്റെ ലംഘനമാണെന്ന് ആരോപിച്ച് ‘ഇന്ത്യൻ യംഗ് ലോയർ അസോസിയേഷൻ vs കേരള’ കേസിൽ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ചോദ്യം ചെയ്തപ്പോഴായിരുന്നു നാഗരത്നയുടെ പരാമർശം.
കേരളം നാളെ പോളിങ്ങ് ബൂത്തിലെത്താനിരിക്കെ ഇന്ന് നിശബ്ദപ്രചാരണം. വോട്ടര്‍മാരെ നേരിട്ട് കണ്ട് അവസാനവട്ട വോട്ടുറപ്പിക്കാനുള്ള തിരക്കിലാണ് സ്ഥാനാര്‍ഥികള്‍. ഇതിനിടെ വിവിധ ബൂത്തുകളിലേക്കുള്ള പോളിംഗ് സാമഗ്രികളുടെ വിതരണം തുടങ്ങി. അതത് മണ്ഡലങ്ങളില്‍ സജ്ജീകരിച്ചിട്ടുള്ള വിതരണ കേന്ദ്രങ്ങളില്‍ രാവിലെ എട്ട്മണി മുതലാണ് വിതരണം ആരംഭിച്ചത്.
തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ച ഉദ്യോഗസ്ഥന് സസ്പെൻഷൻ. കാലിക്കറ്റ് സർവകലാശാല പബ്ലിക് റിലേഷൻസ് വകുപ്പ് താൽക്കാലിക വീഡിയോഗ്രാഫർ റിസ്വാൻ അമീറിനെയാണ് സസ്പെൻഡ് ചെയ്തത്. വയനാട് ദുരിതാശ്വാസനിധിയിലേക്ക് പണം പിരിച്ച് കോൺഗ്രസ് ജനങ്ങളെ വഞ്ചിച്ചു എന്ന വീഡിയോ തയാറാക്കി പ്രചരിപ്പിച്ചതിനാണ് നടപടി.
കേരളത്തിൽ നാളെ നടക്കുന്ന തെരഞ്ഞെടുപ്പിൽ ആര് വിജയിക്കുമെന്ന പ്രവചനവുമായി എഴുത്തുകാരൻ എൻ.എസ്. മാധവൻ. എൽഡിഎഫ് 75 സീറ്റുകൾ നേടി അധികാരത്തിൽ തുടരുമെന്നും യുഡിഎഫ് 65 സീറ്റുകൾ നേടുമെന്നും അദ്ദേഹം പ്രവചിച്ചു. ഭരണ വിരുദ്ധ വികാരം നേരിയ തോതിലേയുള്ളൂവെന്നും ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ 0-3 സീറ്റുകൾ നേടാൻ സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പാലക്കാട് ബിജെപി പ്രവർത്തകർ വോട്ടർമാർക്ക് പണം നൽകുന്നതായി ആരോപണം. പണം വിതരണം ചെയ്യുന്നതിൻ്റെ ദൃശ്യങ്ങൾ കോൺഗ്രസ് പുറത്ത് വിട്ടു. കണ്ണാടി പഞ്ചായത്തിൽ പണം വിതരണം ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇതോടെ നാളെ വോട്ടെടുപ്പ് നടക്കാനിരിക്കെ ബിജെപി കടുത്ത പ്രതിരോധത്തിലായിരിക്കുകയാണ്.
പാലക്കാട് ബിജെപി പ്രവർത്തകർ വോട്ടർമാർക്ക് പണം നൽകുന്നതായി ആരോപണത്തിൽ ഇടപെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ. പാലക്കാട് ജില്ലാ കളക്ടറോട് തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടി. ഫ്ലയിങ് സ്‌ക്വാഡ് ഉടൻ സ്ഥലത്ത് എത്തിയെന്നും അധികൃതര്‍ വ്യക്തമാക്കി. പണം വിതരണം ചെയ്യുന്നതിന്‍റെ ദൃശ്യങ്ങൾ കോൺഗ്രസാണ് പുറത്ത് വിട്ടത്.
പ്രളയം മനുഷ്യ നിർമിതമാണെന്ന ആരോപണങ്ങൾ ആവർത്തിച്ച് മാത്യു കുഴൽനാടൻ. 2019 മെയ് 31ന് ജല വിഭവ വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൻ്റെ വിശദാംശങ്ങൾ അദ്ദേഹം പുറത്തുവിട്ടു. മഴയെത്തും മുമ്പേ തോട്ടപ്പിള്ളി സ്പിൽവേക്ക് സമീപമുള്ള മണ്ണ് നീക്കം ചെയ്യണമെന്ന് ഉത്തരവിറക്കിയിരുന്നുവെന്നും പ്രളയത്തേക്കാൾ സർക്കാരിന് പ്രധാന്യം കരിമണലിൽ ആണെന്നും മാത്യു കുഴൽനാടൻ ആരോപിച്ചു.
2018ലെ പ്രളയം മനുഷ്യനിര്‍മിതമാണെന്നും തോട്ടപ്പള്ളി സ്പിൽവേ ഷട്ടര്‍ തുറക്കാതെ കരിമണൽ ലോബിക്കായി പ്രവര്‍ത്തിച്ചുവെന്നുമുള്ള മാത്യു കുഴൽനാടന്‍റെ ആരോപണങ്ങള്‍ വീണ്ടും തള്ളി മന്ത്രി കെ കൃഷ്ണൻകുട്ടി. തോട്ടപ്പള്ളി സ്പിൽവേയുടെ ഷട്ടറുകളെല്ലാം തുറന്നിരുന്നുവെന്നും പിന്നെന്തിന് ആരോപണമെന്നും കെ കൃഷ്ണൻകുട്ടി ചോദിച്ചു.
കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ ഉന്നയിച്ച ആരോപണം സത്യത്തെ ഭയന്ന് യുഡിഎഫ് നടത്തുന്ന കള്ളപ്രചാരണമെന്ന് മുൻ ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ്. 2018ലെ സംഭവത്തിൽ ആക്ഷേപം ഉന്നയിക്കുന്നത് 2026 ലെ തെരഞ്ഞെടുപ്പിലാണ്. യുഡിഎഫിന്‍റെ ആരോപണം നനഞ്ഞ ബോംബ് പോലെ ആണെന്നും അദ്ദേഹം പറഞ്ഞു.
തന്റെ ഭാര്യയുടെ ചിത്രങ്ങൾ ഉപയോഗിച്ച് ഹീനമായ അപവാദ പ്രചാരണം നടത്തുകയാണെന്ന പരാതിയുമായി എം. ബി. രാജേഷ്. സാമൂഹിക മാധ്യമങ്ങളിൽ പരിധിവിട്ട വ്യക്തിഹത്യയാണ് നടക്കുന്നത്. സൈബർ അധിക്ഷേപങ്ങൾക്കെതിരെ നിയമപരമായി മുന്നോട്ട് നീങ്ങാൻ ഒരു ഐടി സെല്ലിനെയും അഭിഭാഷക സംഘത്തെയും നിയോഗിച്ചിരിക്കുകയാണ് രാജേഷ്.
തെലങ്കാന മുഖ്യമന്ത്രിയുടെ പോ മോനെ വിജയാ പരാമർശത്തിൽ ഈ കേരളത്തിലെ ഏതെങ്കിലും രാഷ്ട്രീയ നേതാവിനെ അങ്ങനെ അഭിസംബോധന ചെയ്‌താൽ രേവന്ത് റെഡ്ഡിയുടെ പരിപ്പ് ഞങ്ങൾ എടുക്കുമെന്ന് സിപിഎം നേതാവ് എംവി നികേഷ് കുമാർ പ്രതികരിച്ചു. എന്നാൽ രേവന്ത് റെഡ്ഡിയുടെ പരിപ്പെടുക്കാൻ അച്ഛനെ കൊല്ലാൻ നടന്നവരുടെ പാളയത്തിൽ പാർട്ട് ടൈം ജോലി ചെയ്യുന്ന നികേഷ് കുമാർ വിചാരിച്ചാൽ എടുക്കാൻ പറ്റില്ലെന്ന് കോൺഗ്രസ് നേതാവ് ദീപ്തി മേരി വർഗ്ഗീസ് മറുപടി നൽകി.
ജോസ് കെ മാണിക്കെതിരെ ഗുരുതര ആരോപണവുമായി മാണി സി കാപ്പൻ. സ്വന്തം പാർട്ടിയുടെ സ്ഥാനാർത്ഥികൾക്ക് ജോസ് കെ മാണി സീറ്റ് വിറ്റെന്നും പിറവം അടക്കം സീറ്റുകൾക്കായി 9 കോടി രൂപ വാങ്ങിയെന്നും കൊട്ടിക്കലാശത്തിൽ മദ്യം കൊടുത്താണ് ആളുകളെ ഇറക്കിയതെന്നും അദ്ദേഹം പറഞ്ഞു.
നേമം മണ്ഡലത്തിൽ ബിജെപി വ്യാപകമായി പണവും മദ്യവും ഒഴുക്കുന്നുവെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി വി ശിവൻകുട്ടിയുടെ ഇലക്ഷൻ ഏജന്റ്. ആറ്റുകാൽ മേടമുക്കിലെ ബിജെപിയുടെ ബൂത്ത് ഓഫീസിൽ നിന്നാണ് എക്സൈസ് മദ്യം പിടിച്ചത്. ഇതിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ അടിയന്തരമായി ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
അടൂരിലെ യുഡിഎഫ് സ്ഥാനാർഥി സി വി ശാന്തകുമാറിനെ കൊലക്കേസ് പ്രതിയാക്കി ലഘുലേഖ വിതരണം ചെയ്ത സംഭവത്തിൽ മൂന്നു പേർ പിടിയിലായി. സിപിഐ പ്രവര്‍ത്തകരാണ് പിടിയിലായതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. പിടികൂടിയവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ചിറ്റയം ഗോപകുമാറും നേതാക്കളും പൊലീസ്സ്റ്റേഷനിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കർണാടകയിലെ പ്രമുഖ ക്ഷേമപദ്ധതികളുടെ ഫണ്ട് വിതരണം ചെയ്തതിൽ പെരുമാറ്റച്ചട്ട ലംഘനം ആരോപിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. വ്യാഴാഴ്ച വോട്ടെടുപ്പ് നടക്കാനിരിക്കുന്ന മണ്ഡലങ്ങളിൽ പുതിയതായി സാമ്പത്തിക ആനുകൂല്യങ്ങൾ അനുവദിച്ചതിനെക്കുറിച്ച് വിശദീകരണം നൽകാൻ ചീഫ് സെക്രട്ടറി ശാലിനി രജനീഷിനോട് കമ്മീഷൻ ആവശ്യപ്പെട്ടു.
കുട്ടനാട്ടിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥി റെജി ചെറിയാൻ വോട്ടർമാർക്ക് പണം കൊടുക്കുന്നുവെന്ന ആരോപണവുമായി എൽഡിഎഫ് സ്ഥാനാർഥി തോമസ് കെ. തോമസ്. തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് പരസ്യമായി പണം കൊടുത്തുവെന്നും സ്ഥാനാർത്ഥിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനേയും കോടതിയെയും സമീപിക്കുമെന്നും തോമസ് കെ തോമസ് പറഞ്ഞു.
പാകിസ്ഥാൻ പരാമര്‍ശത്തിലൂടെ താനൂരിനെ അപമാനിച്ചുവെന്നും ഇടതുപക്ഷത്തിന് തിരിച്ചടിയുണ്ടാകുമെന്നും താനൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പികെ നവാസ്. താനൂരിലെ ജനങ്ങളെയാണ് മന്ത്രി അബ്ദുറഹ്മാൻ അപമാനിച്ചതെന്നും ഉത്തരവാദിത്തപ്പെട്ട മന്ത്രിയിൽ നിന്ന് ഉണ്ടാവാൻ പാടില്ലാത്തതാണ് ഉണ്ടായതെന്നും പികെ നവാസ് പറഞ്ഞു.
കൊല്ലത്ത് യുഡിഎഫിന്റെ കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ കാറിടിച്ച് രണ്ട് പെണ്‍കുട്ടികള്‍ക്ക് ഗുരുതരമായി പരുക്കേറ്റ സംഭവത്തില്‍ വാഹനം ഓടിച്ചയാള്‍ക്കെതിരെ കേസെടുത്ത് പൊലീസ്. നെയ്യാറ്റിന്‍കര സ്വദേശി ദേവനന്ദനെതിരെയാണ് കേസെടുത്തത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ബിന്ദു കൃഷ്ണയുടെ മകന്റെ പേരിലുള്ള കാറാണ് അപകടത്തില്‍പ്പെട്ടത്.
വോട്ട് ചെയ്യാൻ ഇടക്കാല ജാമ്യം അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് സംവിധായകൻ രഞ്ജിത്ത് കോടതിയിൽ. രഞ്ജിത്തിൻ്റെ കസ്റ്റഡി അപേക്ഷ 3 മണിക്ക് പരിഗണിക്കാനിരിക്കെയാണ് ഇടക്കാല ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രഞ്ജിത്തിൻ്റെ അഭിഭാഷകൻ കോടതിയെ സമീപിച്ചിരിക്കുന്നത്
ബലാത്സംഗ കേസിൽ വിചാരണ നേരിടണമെന്ന കേരള ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് മോൻസൻ മാവുങ്കൽ നൽകിയ ഹർജിയിൽ സുപ്രീം കോടതി നോട്ടീസ്. കേസിൽ സംസ്ഥാന പൊലീസിൻ്റെ മറുപടി തേടി.വീട്ടുജോലിക്കാരിയുടെ മകളെ ബലാത്സംഗം ചെയ്തു എന്ന കുറ്റത്തിന് വിചാരണ നേരിടാനായിരുന്നു ഹൈക്കോടതി ഉത്തരവ്.
കുടകിൽ വനത്തിനുള്ളിൽ അകപ്പെട്ട മലയാളി യുവതിക്കെതിരെ പൊലീസ് അന്വേഷണം. നാദാപുരം സ്വദേശി ജിഎസ് ശരണ്യക്കെതിരെ നപോക്‌ലു പൊലീസ് സ്റ്റേഷനിൽ കുടകിലെ ബിജെപി പ്രവർത്തകരാണ് പരാതി നൽകിയത്. പ്രശസ്തി നേടാനായി നടത്തിയ നാടകമാണ് ശരണ്യയെ കാണാതായ സംഭവമെന്ന് സംശയിക്കുന്നതായാണ് ബിജെപി പ്രാദേശിക നേതാക്കളുടെ പരാതി.
വയനാട് പനമരത്ത് ജനവാസ മേഖലയിൽ ഇറങ്ങി ഭീതി പരത്തിയിരുന്ന പുലി ചത്തു. വനംവകുപ്പ് വല ഉപയോഗിച്ചാണ് പുലിയെ പിടികൂടിയത്. പുലിക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്ന് വനംവകുപ്പ് അറിയിച്ചു. മൂന്ന് ആടുകളെ പുലി കൊന്നിരുന്നു.
വാളയാര്‍ ആള്‍ക്കൂട്ട കൊലപാതക കേസിലെ പ്രതി തൂങ്ങിമരിച്ച നിലയില്‍. അട്ടപ്പളം സ്വദേശി വിനോദ് ആണ് മരിച്ചത്. കേസില്‍ വീണ്ടും ഹാജരാവാന്‍ ആവശ്യപ്പെട്ടതോടെ തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് വിവരം.
കോൺഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ മൊഹ്സിന കിദ്വായി അന്തരിച്ചു. 94 വയസ്സായിരുന്നു. രാജീവ് ഗാന്ധി മന്ത്രിസഭയിൽ നിരവധി വകുപ്പുകളുടെ ചുമതല വഹിച്ചിട്ടുണ്ട്. ഇന്ദിര ഗാന്ധി മന്ത്രിസഭയിലും അംഗമായിരുന്നു. ദീർഘകാലം എംഎൽഎയും എംപിയുമായിരുന്നു. കേരളത്തിൻ്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയായിരുന്നു.
ലോകപ്രശസ്ത പേപ്പർ ഉൽപ്പന്ന നിർമ്മാതാക്കളായ കിംബർലി-ക്ലാർക്കിന്റെ കാലിഫോർണിയയിലെ കൂറ്റൻ വെയർഹൗസ് തീവച്ച് നശിപ്പിച്ചു. ടോയ്‌ലറ്റ് പേപ്പർ, ടിഷ്യൂ പേപ്പർ തുടങ്ങിയവ സൂക്ഷിച്ചിരുന്ന 1.2 ദശലക്ഷം ചതുരശ്ര അടി വിസ്തീർണ്ണമുള്ള കെട്ടിടമാണ് അഗ്നിക്കിരയാക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് ഒരു ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു
സോഷ്യല്‍മീഡിയകളിലൂടെ പ്രശസ്തയായ ദില്ലി ‘വട പാവ് ഗേള്‍’ ചന്ദ്രിക ദീക്ഷിതിനെ കസ്റ്റഡിയില്‍ എടുത്ത സംഭവത്തില്‍ വിശദീകരണവുമായി പൊലീസ്. ചന്ദ്രികയുടെ പേരില്‍ കേസൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും ചില കാര്യങ്ങള്‍ ചോദിച്ചറിയാന്‍ വേണ്ടിയാണ് കസ്റ്റഡിയില്‍ എടുത്തതെന്നാണ് ദില്ലി പൊലീസിന്റെ വിശദീകരണം.
ഉത്തരകൊറിയൻ അതിർത്തി കടന്ന് ദക്ഷിണ കൊറിയൻ ഡ്രോൺ എത്തിയതിൽ പ്രസിഡന്റ് ലീ ജെയ്-മ്യുങ്ങിന്റെ ക്ഷമാപണത്തെ സ്വാഗതം ചെയ്ത് ഉത്തരകൊറിയൻ നേതാവ് കിം ജോങ്-ഉൻ. കിമ്മിന്റെ നടപടി അന്തർസംസ്ഥാന ബന്ധങ്ങളിൽ ഒരു പുതിയ ഘട്ടം അടയാളപ്പെടുത്തുന്നതാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
