കേരളത്തിൽ വോട്ടെടുപ്പ് തിയതി വെള്ളിയാഴ്ചയായത് കുറെ പ്രവർത്തകർക്ക് ബുദ്ധിമുട്ടായെന്നും, പോളിംഗ് ഏജന്റുമാർക്ക് അടക്കം അസൗകര്യമുണ്ടാകുന്ന സാഹചര്യമാണെന്നും തെരഞ്ഞെടുപ്പ് മാറ്റണം എന്ന് കെപിസിസി ആവശ്യപ്പെട്ടെന്നും ആക്ടിങ് പ്രസിഡന്റ് എംഎം ഹസ്സൻ പറഞ്ഞു. ഈ ആവശ്യം ഉന്നയിച്ച് കെപിസിസി തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകിയെന്നും അദ്ദേഹം പറഞ്ഞു.
പാലക്കാട് മേഴ്സി കോളേജിലെ ഹെലിപാഡിലിറങ്ങിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രകാശ് ജാവദേക്കർ ബിജെപി പാലക്കാട് ജില്ലാ പ്രസിഡന്റ് എൻ ഹരിദാസ്, പാലക്കാട് നഗരസഭാ അധ്യക്ഷ പ്രമീള ശശിധരൻ എന്നിവർ ചേർന്ന് സ്വീകരിച്ചു. തുടര്‍ന്ന് അഞ്ചുവിളക്കിലെത്തിയ മോദി. അവിടെ മുതൽ ഹെഡ് പോസ്റ്റ് ഓഫീസ് വരെയുള്ള ഒരു കിലോമീറ്റർ ദൂരത്തിൽ റോഡ് ഷോ നടത്തി. ഏകദേശം 50,000 പേര്‍ മോദിയുടെ റോഡ് ഷോയില്‍ അണിനിരന്നുവെന്ന് ബിജെപി ജില്ലാ നേതൃത്വം അവകാശപ്പെട്ടു.
വാട്‍സാപ്പിലെ മോദിയുടെ വികസിത് ഭാരത് സമ്പർക്ക് വാട്‍സാപ്പ് സന്ദേശത്തിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. സ്ഥാനാർത്ഥിയായിരിക്കെ മോദിയുടെ പേരില്‍ അയച്ച സന്ദേശം ചട്ടലംഘനമെന്ന് ടിഎംസി കുറ്റപ്പെടുത്തി. മൊബൈല്‍ നമ്പറുകള്‍ എവിടെ നിന്ന് ലഭിച്ചുവെന്ന് സർക്കാർ വ്യക്തമാക്കണമെന്നും എത്ര മൊബൈല്‍ നമ്പറുകളിലേക്ക് വാട്സപ്പ് സന്ദേശം അയച്ചുവെന്ന് വെളിപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് ടിഎംസി ഐടി മന്ത്രാലയത്തെയും സമീപിച്ചു.
പൗരത്വ നിയമ ഭേദഗതി നിയമം മതസ്വാതന്ത്ര്യത്തിന് എതിരെയുള്ളതാണെന്നും ഭാവിയിൽ മറ്റ് രാജ്യങ്ങളിൽ നിന്ന് വരുന്ന മുസ്ലിങ്ങൾക്ക് ഇന്ത്യയിൽ പൗരത്വം ലഭിക്കാൻ മതം മാറേണ്ടി വരുമെന്നും സുപ്രീം കോടതിയിൽ എഴുതി നൽകിയ വാദത്തിൽ ഡിവൈഎഫ്ഐ. വിഷയത്തിൽ ഡിവൈഎഫ്ഐക്ക് വേണ്ടി സീനിയര്‍ അഭിഭാഷകൻ അഡ്വ പിവി സുരേന്ദ്രനാഥാണ് സുപ്രീം കോടതിയിൽ സബ്‌മിഷൻ എഴുതി നൽകിയത്. പൗരത്വ നിയമഭേദഗതി നിയമം ചോദ്യം ചെയ്തുള്ള കേസുകള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ആകെ 236 ഹര്‍ജികളാണ് സുപ്രീം കോടതിയുടെ പരിഗണയിലുള്ളത്.
എംഎം മണി നടത്തിയത് നാടൻ പ്രയോഗമായി കണക്കാക്കാൻ കഴിയില്ലെന്ന് ഇടുക്കി യുഡിഎഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസ്. നേരത്തെയും തനിക്കെതിരെ ഇത്തരത്തിൽ പദപ്രയോഗങ്ങൾ നടത്തിയിട്ടുണ്ടെന്നും ഇങ്ങനെ പദപ്രയോഗം നടത്താൻ ലൈസൻസ് കിട്ടിയിട്ടുണ്ടെന്ന തെറ്റിദ്ധാരണയിലാണ് എംഎം മണി. തെറിക്കുത്തരം മുറിപ്പത്തൽ എന്നതാണ് സിപിഎം ആഗ്രഹിക്കുന്നതെങ്കിൽ എന്റെ ഭാഷാശൈലി അതല്ലെന്നും ഡീൻ വ്യക്തമാക്കി. ഇടുക്കി ഇപ്പോൾ അനുഭവിക്കുന്ന മുഴുവൻ ബുദ്ധിമുട്ടുകൾക്കും കാരണം ഇടതുസർക്കാരാണെന്നും എംഎം മണി മന്ത്രി ആയിരുന്ന കാലത്താണ് ബഫർ സോൺ ഉത്തരവും നിർമ്മാണ നിരോധനവും കൊണ്ടുവന്നതെന്നും ഡീൻ കുര്യാക്കോസ് കുറ്റപ്പെടുത്തി. ഇടുക്കി തൂക്കുപാലത്ത് അനീഷ് രാജൻ അനുസ്മരണ സമ്മേളനത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസിനെയും പി ജെ കുര്യനെയും വ്യക്തിപരമായി അധിക്ഷേപിക്കുന്ന പ്രസംഗമാണ് എംഎം മണി നടത്തിയത്.
അലോപ്പതി അടക്കമുള്ള ആരോഗ്യ ശാഖകളെ കളിയാക്കുന്നുവെന്നും തെറ്റിദ്ധരിപ്പിച്ച് ഉൽപ്പന്നങ്ങൾ വിൽക്കുന്നുവെന്നും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പതഞ്ജലിക്കെതിരെ പരാതി ഉന്നയിച്ചിരുന്നു. കൂടാതെ പതഞ്ജലി ഉൽപ്പന്നങ്ങളുമായി ബന്ധപ്പെട്ട പരസ്യങ്ങൾ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ നോട്ടീസ് നൽകിയെങ്കിലും ഇവരാരും പ്രതികരിച്ചിരുന്നില്ല. എന്നാൽ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് എതിരെ നൽകിയ കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകാത്തതിനെ തുടർന്ന് യോഗ ആചാര്യൻ ബാബ രാംദേവിനോടും പതഞ്ജലി എംഡി ആചാര്യ ബാൽ കൃഷ്ണനോടും നേരിട്ട് ഹാജരാകാൻ സുപ്രീം കോടതി ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി പത്തനംതിട്ടയിലെത്തിയ ദിവസം ബി.ജെ.പി ഭരിക്കുന്ന കുളനട പഞ്ചായത്തിൽ ജനറൽ കമ്മിറ്റി കൂടിയത് വിവാദമായി. കമ്മറ്റി നടത്തരുതെന്ന പാർട്ടി നേതൃത്വത്തിന്‍റെ നിർദ്ദേശം തള്ളിയാണ് യോഗം ചേർന്നത്. എന്നാൽ മുൻകൂട്ടി തീരുമാനിച്ച കമ്മറ്റിയാണെന്നും പ്രധാനമന്ത്രിയുടെ പരിപാടിയുടെ തീയതി മാറ്റിയതാണ് പ്രശ്നമായതെന്നുമാണ് പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ വിശദീകരണം.
2018 ലെ കർണാടക തെരഞ്ഞെടുപ്പിന് മുൻപായി പതിനഞ്ച് ദിവസത്തിനുള്ളിൽ ബോണ്ട് നൽകി പണം സ്വീകരിക്കണമെന്ന ചട്ടത്തിന് കേന്ദ്രം ഇളവ് നൽകി ബംഗ്ലൂരുവിൽ നിന്നും 10 കോടിയുടെ ബോണ്ട് ബിജെപി സ്വീകരിച്ചെന്ന് റിപ്പോർട്ട്. അതോടൊപ്പം ഇലക്ട്രല്‍ ബോണ്ട് അഴിമതിയാണെന്നും ബിജെപിക്ക് പണം ലഭിക്കുന്നതിന് അന്വേഷണ ഏജൻസികള്‍ എങ്ങനെ സഹായിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് വിമർശനം ഉന്നയിക്കുന്നത്. ഇലക്ട്രല്‍ ബോണ്ട് പ്രധാനമന്ത്രി ഹഫ്ത പിരിക്കൽ യോജനയെന്ന് ജയ്റാം രമേശ് പരിഹസിച്ചു.
ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ട ലംഘനം ഉള്‍പ്പെടെയുളള പരാതികളും ക്രമക്കേടുകളും പൊതുജനങ്ങള്‍ക്ക് സി-വിജില്‍ (cVIGIL) എന്ന ആപ്പ് വഴി അറിയിക്കാം. സുതാര്യമായ തിരഞ്ഞെടുപ്പ് പ്രക്രിയ ഉറപ്പാക്കുന്നതിനുളള സംവിധാനമാണിത്. ഇന്റര്‍നെറ്റ് സൗകര്യമുള്ള മൊബൈലിലെ പ്ലേ സ്റ്റോറില്‍/ ആപ്പ് സ്റ്റോറില്‍ cVIGIL എന്ന് സെര്‍ച്ച് ചെയ്താല്‍ ആപ്പ് ലഭ്യമാവും.
രാജ്യം ഭരണമാറ്റം ആഗ്രഹിക്കുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ. 2004ലെ ബിജെപിയുടെ ഇന്ത്യ തിളങ്ങുന്നു മുദ്രാവാക്യത്തിന്‍റെ അവസ്ഥയാകും മോദിയുടെ ഗ്യാരണ്ടി മുദ്രാവാക്യത്തിനെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ ഖര്‍ഗെ വിമര്‍ശിച്ചു.
മുൻ എസ്എഫ്ഐക്കാരനായിരുന്നു താനെന്നും, എംഎ ബേബിക്ക് ഇക്കാര്യമറിയാമെന്നും സുരേഷ് ഗോപി. കലാമണ്ഡലം ഗോപിയാശാനെ ഇനിയും കാണാൻ ശ്രമിക്കുമെന്നും, പ്രശാന്ത്, കെ.മുരളീധരൻ, വിജയകുമാർ, രാജഗോപാൽ അങ്ങനെ നിരവധി പേര്‍ തന്റെ വീട്ടിലേക്ക് വോട്ട് തേടി വന്നിട്ടുണ്ടെന്നും, താൻ അവരെയെല്ലാം സ്വീകരിച്ചു. ഗോപിയാശാൻ എന്നെ സ്വീകരിക്കാഞ്ഞത് അവരുടെ രാഷ്ട്രീയ ബാധ്യതയാണ്. അത് അവഗണനയായി കാണുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. കരുണാകരന്റെ ഭാര്യാ സഹോദരിയുടെ വീട്ടിൽ പോയതിൽ രാഷ്ട്രീയമില്ല. താൻ വോട്ട് അഭ്യര്‍ത്ഥിച്ചിട്ടില്ല. വോട്ട് ചെയ്യുന്നത് അവരുടെ സ്വാതന്ത്ര്യമാണ്. യോഗ്യമെന്ന് തോന്നുന്നതാണ് വ്യക്തികൾ ചെയ്യുക എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആലപ്പുഴയിൽ പുറക്കാട് മുതൽ തെക്കോട്ട് 300 മീറ്ററോളം ഭാഗത്ത് കടൽ ഉൾവലിഞ്ഞു. എന്താണ് ഇതിനു കാരണമെന്ന് വ്യക്തമല്ല. ഇതോടെ ആശങ്കയിലാണ് പ്രദേശത്തെ മൽസ്യത്തൊഴിലാളികൾ. ഇന്ന് രാവിലെ കടൽ ഉൾവലിഞ്ഞ നിലയിൽ കാണുകയായിരുന്നു. നേരത്തെ സുനാമിക്ക് മുമ്പും ചാകരയ്ക്ക് മുമ്പുമാണ് കടൽ ഉൾവലിഞ്ഞതായി കണ്ടിട്ടുള്ളത്. എന്നാൽ ഇത് ചാകരയ്ക്ക് മുമ്പുള്ള ഉൾവലിയലാണെന്ന നിഗമനത്തിലാണ് മത്സ്യത്തൊഴിലാളികൾ.
മൂന്നാറില്‍ ജനവാസമേഖലയിലിറങ്ങി നാശമുണ്ടാക്കുന്ന പടയപ്പ എന്ന കാട്ടാനയെ ഉള്‍കാട്ടിലേക്ക് തുരത്താൻ ഹൈറേഞ്ച് സിസിഎഫ് ആര്‍ എസ് അരുൺ നിര്‍ദ്ദേശം നല്‍കി. ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം ചേർന്ന ശേഷം തല്‍കാലം മയക്കുവെടി വെച്ച് പിടികൂടേണ്ടതില്ലെന്ന് തീരുമാനിച്ചു. ഡ്രോണ്‍ ഉപയോഗിച്ച് പടയപ്പയെ നിരീക്ഷിക്കും തുടർന്ന് ഉള്‍കാട്ടിലേക്ക് കൊണ്ടുവിടാന്‍ സാധിക്കുന്ന പ്രദേശത്തെത്തിയാല്‍ തുരത്താനാണ് നീക്കം. തീറ്റയും വെള്ളവും ലഭിക്കാത്തതിനാലാണ് ആന ജനവാസമേഖലയിലെത്തുന്നതെന്നാണ് വനംവകുപ്പിന്‍റെ നിഗമനം. അതിനാൽ തീറ്റയും വെള്ളവുമുള്ള ഉള്‍കാട്ടിലെത്തിച്ച് തിരികെ വരാതെ നോക്കാനാണ് ശ്രമം.
നൊച്ചാട് അനു കൊലക്കേസിൽ തെളിവുകൾ തേടി പ്രതി മുജീബിന്റെ വീട്ടിൽ പൊലീസെത്തും മുൻപ് തെളിവ് നശിപ്പിക്കാൻ പ്രതിയുടെ ഭാര്യയുടെ ശ്രമം. കൊല നടത്തിയ സമയത്ത് പ്രതി ധരിച്ച വസ്ത്രങ്ങൾ തേടിയാണ് മുജീബ് റഹ്മാന്റെ വീട്ടിൽ പൊലീസെത്തിയത്. ഈ വസ്ത്രങ്ങൾ പ്രതിയുടെ വീട്ടിൽ നിന്ന് കണ്ടെടുത്തെന്ന് പൊലീസ് പറഞ്ഞു. ഈ വസ്ത്രങ്ങൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും.
മുക്കോലയിൽ ടിപ്പറിൽ നിന്നും കല്ല് തെറിച്ച് വീണ് മുക്കോല സ്വദേശി അനന്തുവിന് ഗുരുതര പരിക്ക്. വിഴിഞ്ഞം തുറമുഖത്തിലേക്ക് ലോഡ് കൊണ്ടുവന്ന ടിപ്പറിൽ നിന്നാണ് കല്ലുതെറിച്ച് വീണത്. അനന്തുവിനെ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നാലെ തുറമുഖ കവാടം സംയുക്ത രാഷ്ട്രീയ കക്ഷികൾ ഉപരോധിക്കുകയാണ്. രാവിലെ 10 മണി വരെ അമിതഭാരം കയറ്റിയ വാഹനങ്ങൾക്ക് നിയന്ത്രണം ആവശ്യപ്പെട്ടാണ് ഉപരോധം നടക്കുന്നത്.
അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് തൊഴിലാളികളെയും ജോലിസ്ഥലവും ആരോഗ്യകരവും സുരക്ഷിതവുമായി നിലനിർത്തുന്നതിനുള്ള പ്രതിജ്ഞാബദ്ധതയ്ക്കുള്ള അംഗീകാരമായി ബ്രിട്ടീഷ് സേഫ്റ്റി കൗൺസിലിന്‍റെ 2023ലെ അന്താരാഷ്ട്ര സുരക്ഷാ അവാർഡ് നേടി. ജോലി സ്ഥലത്തെ സുരക്ഷ ഉറപ്പാക്കുന്നതിൽ മികവു തെളിയിച്ച സ്ഥാപനങ്ങളെയാണ് അവാർഡിനായി പരിഗണിക്കുന്നത്.
കടയ്ക്കലിൽ കാട്ടുപന്നി ബൈക്കിൽ ഇടിച്ച് മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മുക്കുന്നം സ്വദേശി മനോജാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിൽസയിലിരിക്കെയാണ് അന്ത്യം. മൂന്ന് ദിവസം മുൻപ് കടയ്ക്കൽ മുക്കുനത്തിനും കല്ലുതേരിക്കും ഇടയിൽ വെച്ച് മനോജ് സഞ്ചരിച്ചിരുന്ന ബൈക്കിൽ കാട്ടുപന്നി വന്നിടിക്കുകയായിരുന്നു.
കെഎസ്ആര്‍ടിസി ലോ ഫ്‌ളോര്‍ ബസിന്റെ പിൻചക്രം കാലിലൂടെ കയറിയിറങ്ങി ചാവടിനട സ്വദേശി ഉഷയ്ക്ക് പരിക്കേറ്റു. ബാലരാമപുരം റിലൈന്‍സ് പമ്പിന് സമീപത്തെ ബസ് സ്റ്റോപ്പിലാണ് അപകടം. കാലിന് ഗുരുതരമായി പരിക്കേറ്റ ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സ്കൂൾ കുട്ടികൾ റോഡ് ഷോയിൽ പങ്കെടുത്ത സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോയമ്പത്തൂരിലെ റോഡ് ഷോക്കെതിരെ ജില്ലാ കളക്ടറുടെ അന്വേഷണം. തൊഴിൽ-വിദ്യാഭ്യാസ വകുപ്പുകളോട് അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസർ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉചിതമായ നടപടി ഉണ്ടാകുമെന്നും കളക്ടർ വ്യക്തമാക്കി. സ്കൂൾ അധികൃതർ ആവശ്യപ്പെട്ടിട്ടാണ് വന്നതെന്ന് കുട്ടികൾ പറഞ്ഞിരുന്നു. ഇതാണ് പരാതിക്ക് കാരണമായത്. പിന്നാലെ അന്വേഷണം തുടങ്ങുകയായിരുന്നു.
അറബിക്കടലിൽ ഏഴ് ബൾഗേറിയൻ പൗരന്മാരുൾപ്പെടെ 17 ജീവനക്കാരുമായി തട്ടിക്കൊണ്ടുപോയ ചരക്ക് കപ്പലായ എംവി റൂണിൽ വിജയകരമായി രക്ഷാപ്രവർത്തനം നടത്തിയതിന് ബൾഗേറിയൻ പ്രസിഡൻ്റ് റുമെൻ റാദേവ് ഇന്ത്യൻ നാവികസേനയോട് നന്ദി രേഖപ്പെടുത്തി. അതോടൊപ്പം നാവിഗേഷൻ സ്വാതന്ത്ര്യം സംരക്ഷിക്കാനും ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ കടൽക്കൊള്ളയും ഭീകരവാദവും ചെറുക്കാനും ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി മോദി അദ്ദേഹത്തിന് മറുപടി നൽകി.
ജെഡിഎസിനെ അവഗണിക്കരുതെന്നും അവഗണിച്ചാൽ പ്രത്യാഘാതങ്ങളുണ്ടാകുമെന്നും ജെഡിഎസ് നേതാവ് എച്ച് ഡി കുമാരസ്വാമി. ഒരു സഖ്യമായാൽ അങ്ങോട്ടും ഇങ്ങോട്ടും മാന്യമായ ഇടപെടൽ വേണം. ഏഴോ എട്ടോ സീറ്റല്ല, മൂന്ന് സീറ്റുകളാണ് ജെഡിഎസ് ചോദിച്ചത്. അതിന് ജെഡിഎസ്സിന് അർഹതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മഹാരാഷ്ട്രയിലെ ഗഡ്ചിറോളിയിലുണ്ടായ ഏറ്റുമുട്ടലിൽ സർക്കാർ തലയ്ക്കു 36 ലക്ഷം വിലയിട്ട നാല് മാവോയിസ്റ്റ് നേതാക്കൾ കൊല്ലപ്പെട്ടു. തെലങ്കാനയിൽ നിന്നും മഹാരാഷ്ട്രയിലേക്ക് കടക്കാൻ ശ്രമിക്കവേ ഇന്ന് പുലർച്ചെയോടെയാണ് പൊലീസ് സിആർപിഎഫ് വിഭാഗവുമായി മാവോയിസ്റ്റുകൾ ഏറ്റുമുട്ടിയത്. ഇവരിൽ നിന്നും ലഘുലേഖകളും തോക്കുകളും പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു.
പാക് വ്യോമ സേന നടത്തിയ ആക്രമണത്തില്‍ എട്ട് മരണം. ഇന്നലെ പുലര്‍ച്ചെയാണ് അഫ്ഗാനിസ്ഥാന്‍റെ അതിര്‍ത്തി കടന്ന് പാകിസ്ഥാന്‍ വ്യോമാക്രമണം നടത്തിയത്. മൂന്ന് കുട്ടികളും അഞ്ച് സ്ത്രീകളുമാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പാകിസ്ഥാന്‍റെ അതിര്‍ത്തി ചെക്ക് പോസ്റ്റ് ആക്രമിച്ച് ഏഴ് സൈനികരെ കൊലപ്പെടുത്തിയതിന്‍റെ പ്രതികാരമാണ് പാക് നടപടിയെന്നാണ് വിലയിരുത്തൽ.
ഗുജറാത്തിലെ കച്ച് ജില്ലയിൽ ദിവസക്കൂലിക്ക് ജോലി ചെയ്യുന്ന തൊഴിലാളികളുടെ വീടുകൾക്ക് തീയിട്ട മുഹമ്മദ് റഫീഖ് കുംഭാർ എന്നയാൾ അറസ്റ്റിലായി. കുടിലുകൾ പൂർണ്ണമായും കത്തിനശിച്ചെങ്കിലും സംഭവത്തിൽ ആർക്കും പരിക്കില്ല. തൊഴിലാളികളെ ഇയാൾ ജോലിക്ക് കൊണ്ടുപോകാറുണ്ടായിരുന്നു. എന്നാൽ അവർക്ക് കൂലി നൽകാറില്ല. ഇതിനെ തുടർന്ന് തൊഴിലാളികൾ പിന്നീട് ജോലിക്ക് പോകാൻ വിസമ്മതിച്ചു. ഇതാണ് പകയ്ക്ക് കാരണം.