20251128 141206 0000

വോട്ടര്‍ പട്ടിക പരിഷ്ക്കരണത്തില്‍ അടിയന്തര ചര്‍ച്ച വേണമെന്ന പ്രതിപക്ഷ ആവശ്യം പാര്‍ലമെന്‍റില്‍ സര്‍ക്കാര്‍ തള്ളി. 48 ബിഎല്‍ഒമാര്‍ മരിച്ച് വീണെന്നും ഇന്ന് തന്നെ ചര്‍ച്ച വേണമെന്നും രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ ആവശ്യപ്പെട്ടു. പഴയ ചെയര്‍മാനെ പോലെ ഭരണപക്ഷത്തെ മാത്രം പരിഗണിച്ചാല്‍ പോരെന്ന് സിപി രാധാകൃഷ്ണന് മുന്നറിയിപ്പും നല്‍കി. തുടര്‍ന്ന് സഭ നേതാവ് ജെപി നദ്ദയോട് മറുപടി നല്‍കാന്‍ സിപി രാധാകൃഷ്ണന്‍ നിർദ്ദേശിച്ചു. പ്രതിപക്ഷ നേതാക്കളുമായി ചര്‍ച്ച ചെയ്ത് സമയം നിശ്ചയിക്കാമെന്ന് നദ്ദ പറഞ്ഞു.എന്നാല്‍ ഉടന്‍ ചര്‍ച്ച നടത്താന്‍ കഴിയില്ലെന്ന് പാര്‍ലമെന്‍ററി കാര്യമന്ത്രി കിരണ്‍ റിജിജു തിരുത്തി. കാര്യോപദേശക സമിതി നിര്‍ദ്ദേശം പോലെ ചര്‍ച്ച നടക്കുമെന്നും മന്ത്രി പറഞ്ഞു.

 

സഞ്ചാർ സാഥി ആപ്പില്‍ വ്യക്തത വരുത്തി കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. ആപ്പ് വേണ്ടെങ്കിൽ ഉപഭോക്താക്കൾക്ക് ഡിലീറ്റ് ചെയ്യാമെന്നും സൈബർ സുരക്ഷ മുൻ നിർത്തിയാണ് നടപടി, ആപ്പിന്‍റെ കാര്യത്തിൽ ഒരു നിർബന്ധവുമില്ലെന്നും മന്ത്രി വ്യക്തമാക്കി. പുതിയ മൊബൈലുകളിൽ സഞ്ചാർ സാഥി ആപ്പ് നിർബന്ധമാക്കിയ കേന്ദ്രസർക്കാർ നടപടിക്കെതിരെ പ്രതിഷേധം ശക്തമായിരുന്നു.

 

ഇന്ത്യയിൽ വിൽക്കുന്ന എല്ലാ പുതിയ മൊബൈൽ ഹാൻഡ്‌സെറ്റുകളിലും സഞ്ചാർ സാഥി ആപ്പ് ഇൻസ്റ്റാൾ ചെയ്യണമെന്ന കേന്ദ്ര സർക്കാർ നിർദേശത്തിൽ പ്രതികരിച്ച് ജോൺ ബ്രിട്ടാസ് എംപി. പൗരൻ്റെ സ്വകാര്യതയ്ക്ക് മേലുള്ള ഗൗരവകരമായ കടന്നു കയറ്റമാണിതെന്നും പൗരന്മാരുടെ തലയിൽ ചിപ്പ് ഘടിപ്പിക്കാൻ കൂടിയേ ബാക്കിയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ ഒരു നിരീക്ഷണ രാഷ്ട്രമായി മാറുകയാണ്. പെഗാസസ് ഒക്കെ ചെലവ് ഉള്ള പരിപാടി എന്ന് തിരിച്ചറിഞ്ഞാണ് 120 കോടി ഫോണുകളിൽ സഞ്ചാർ സാഥി ആപ്പ് സ്ഥാപിക്കാൻ ഉള്ള തീരുമാനമെന്നും എം പി പറ‍ഞ്ഞു.

 

കാട്ടാക്കട നെട്ടുകാൽത്തേരി തുറന്ന ജയിലിന്റെ ഭൂമി കേന്ദ്ര സ്ഥാപനങ്ങൾക്ക് നൽകാൻ അനുവദിക്കണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചു. ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ ബെഞ്ചിൻ്റേതാണ് തീരുമാനം. ബ്രഹ്മോസ്, എസ് എസ് ബി, ദേശീയ ഫോറൻസിക് സർവകലാശാല എന്നിവയ്ക്കാണ് 257 ഏക്കർ ഭൂമി അനുവദിക്കുക. ആകെയുള്ള 457 ഏക്കറിൽ 200 ഏക്കർ ഭൂമി ജയിലിന്റെ ആവശ്യങ്ങൾക്കായി നിലനിർത്തും.തുറന്ന ജയിലുകളുടെ ഭൂമി മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിൽ കോടതി ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ ഹർജിയുമായി സുപ്രീംകോടതിയെ സമീപിച്ചത്.

 

കെഎസ്ആർടിസി ഡ്രൈവറെ തടഞ്ഞ കേസിൽ നിന്ന് മേയർ ആര്യ രാജേന്ദ്രനെയും ഭർത്താവ് സച്ചിൻ ദേവ് എംഎൽഎയേയും കുറ്റപത്രത്തിൽ നിന്നും ഒഴിവാക്കി. മേയറുടെ സഹോദരൻ അരവിന്ദ് മാത്രമാണ് കേസിൽ പ്രതി. മേയറും എംഎൽഎയും ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തുകയോ അസഭ്യം പറയുകയോ ചെയ്തിട്ടില്ല. യദു നൽകിയ സ്വകാര്യ ഹർജി പരിഗണിച്ച് കോടതി നേരിട്ട് കേസ് എടുക്കാൻ നിർദ്ദേശിച്ചത് അനുസരിച്ചാണ് കേസ് എടുത്തത്.

 

ബലാത്സംഗ കേസിൽ നാളെ മുൻകൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെ പുതിയ ഹര്‍ജിയുമായി രാഹുൽ മാങ്കൂട്ടത്തിൽ. നാളെ അടച്ചിട്ട കോടതി മുറിയിൽ മുൻകൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കണമെന്നാവശ്യപ്പെട്ടാണ് തിരുവനന്തപുരം സെഷൻസ് കോടതിയിൽ ഹര്‍ജി നൽകിയത്.

 

പാലക്കാട് തുടരുന്ന എസ്ഐടി സംഘം വീണ്ടും രാഹുൽ മാങ്കൂട്ടത്തിലിന്‍റെ ഫ്ലാറ്റിലെത്തി കെയര്‍ടേക്കറുടെ മൊഴി രേഖപ്പെടുത്തി. സിസിടിവി ദൃശ്യങ്ങൾ കെയർടേക്കറെ സ്വാധീനിച്ച് രാഹുലും സംഘവും നശിപ്പിച്ചെന്ന നിഗമനത്തിലായിരുന്നു എസ്ഐടി. ഇക്കാര്യങ്ങളിലടക്കം കൂടുതൽ വിവരങ്ങള്‍ തേടുന്നതിനായാണ് കെയര്‍ ടേക്കറുടെ മൊഴിയെടുത്തത്. എന്നാൽ കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് 4.30 ന് ഫ്ലാറ്റിൽ നിന്ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോയെന്നും രാഹുൽ വ്യാഴാഴ്ച വൈകിട്ട് ഫ്ലാറ്റിൽ എത്തിയതിനെ കുറിച്ച് അറിയില്ലെന്നുമാണ് കെയര്‍ടേക്കറുടെ മൊഴി.

 

രാഹുൽ മാങ്കൂട്ടത്തിൽ രക്ഷപ്പെടാൻ ഉപയോഗിച്ച ചുവന്ന പോളോ കാര്‍ സൂക്ഷിച്ചത് രാഹുലിന് വേണ്ടി ഗ്രൂപ്പ് യോഗം നടന്ന നേതാവിന്‍റെ വീട്ടിലാണെന്ന് ബിജെപി നേതാവ് പ്രശാന്ത് ശിവൻ. സിപിഎം നേതൃത്വം പൊലീസിനെ നിയന്ത്രിക്കുന്നുണ്ടോയന്ന് സംശയമുണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ ഒളിച്ചുകളിക്കുകയാണെന്നും പ്രശാന്ത് ശിവൻ ആരോപിച്ചു. പാലക്കാട്ടെ കോണ്‍ഗ്രസ് നേതാക്കള്‍ രാഹുലിനെ സഹായിക്കുകയാണ്. രാഹുലിനെ കോണ്‍ഗ്രസ് നേതാക്കളുടെ വീട്ടിലാണ് ഒളിപ്പിച്ചിരിക്കുന്നതെന്ന് സംശയിക്കേണ്ടിയിരുക്കുന്നുവെന്നും പ്രശാന്ത് ശിവൻ പറഞ്ഞു.

 

നിരാഹാര സമരം ആരംഭിച്ച രാഹുൽ ഈശ്വറെ സെൻട്രൽ ജയിലിലെ ഡോക്ടർ പരിശോധിക്കും. ഡോക്ടർ ജില്ലാ ജയിലിൽ എത്തിയാണ് പരിശോധിക്കുക. ആരോഗ്യ നില വിലയിരുത്തിയായിരിക്കും പിന്നീടുള്ള തീരുമാനം. വെള്ളം കുടിക്കുന്നത് കൊണ്ട് മറ്റു പ്രശ്നങ്ങൾ ഇല്ലെന്നു ജയിൽ അധികൃതർ പറയുന്നു. അതേസമയം, രാഹുൽ ഈശ്വർ നാളെ ജാമ്യാപേക്ഷ നൽകും.

 

അതീജീവിതയെ രാഹുൽ ഈശ്വർ അപമാനിച്ചിട്ടില്ലെന്നും, സ്റ്റേഷനിൽ ഹാജരാകാൻ രാഹുലിന്‌ നോട്ടീസ് ലഭിച്ചിരുന്നില്ലെന്നും പറഞ്ഞ വാക്കുകൾ പലരും പല രീതിയിൽ വ്യാഖ്യാനിക്കുകയായിരുന്നെന്നും ആവർത്തിച്ച് ഭാര്യ ദീപ രാഹുൽ ഈശ്വർ. പൊലീസ് വീട്ടിൽ വന്നപ്പോൾ നോട്ടീസ് തന്നിരുന്നില്ല എന്നാൽ, നോട്ടീസ് തന്നിട്ടും കൈപ്പറ്റാൻ വിസമ്മതിച്ചതായാണ് പൊലീസ് ഇന്നലെ കോടതിയിൽ പറഞ്ഞത്. എല്ലാ കാര്യങ്ങളും കള്ളമാണെന്നും തുടർനടപടികളിലേക്ക് കടക്കാനാണ് നിലവിലെ തീരുമാനമെന്നും ദീപ പറ‍ഞ്ഞു.

 

ടെലിവിഷൻ ചാനലുകളുടെ വ്യൂവർഷിപ് നിർണയിക്കുന്ന ബാർക്ക് ഡാറ്റയിൽ തിരിമറി നടത്തിയെന്ന പരാതിയിൽ റിപ്പോർട്ടർ ചാനലിനെതിരെ പൊലീസ് കേസെടുത്തു. 24 ന്യൂസ് ചാനൽ സീനിയർ വൈസ് പ്രസിഡന്‍റ് സി ഉണ്ണികൃഷ്ണൻ നൽകിയ പരാതിയിലാണ് ബാർക്ക് സീനിയർ മാനേജർ പ്രേംനാഥ് ഒന്നാം പ്രതിയും റിപ്പോർട്ടർ ചാനൽ ഉടമ രണ്ടാം പ്രതിയുമായി കളമശ്ശേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

 

ശബരിമല സ്വര്‍ണകൊള്ള കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നും ഇതിനു പിന്നിൽ രാഷ്ട്രീയ നേതാക്കളുണ്ടെന്നും വൻ ഗൂഢാലോചനയുണ്ടെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍. സ്വര്‍ണകൊള്ള മറച്ചുവെക്കാൻ പിണറായി സര്‍ക്കാര്‍ എന്തും ചെയ്യുമെന്നും സ്വര്‍ണം മോഷ്ടിച്ചത് ഉണ്ണികൃഷ്ണൻ പോറ്റിയോ വാസുവോ മാത്രമാണെന്ന് ആരും വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

 

കഠിനംകുളത്ത് പ്രചാരണം കഴിഞ്ഞെത്തിയ സ്ഥാനാർഥിയെയും ഭർത്താവിനേയും അക്രമിക്കാൻ ശ്രമിച്ച സംഘത്തിലെ മൂന്ന് പേർ പിടിയിൽ. കഠിനംകുളം സ്വദേശികളായ ആദികേശവ്(19), സന്ദീപ്(19), ഹരീഷ്ബാബു(29) എന്നിവരാണ് അറസ്റ്റിലായത്. പുതുക്കുറുച്ചി വാർഡിലെ എൽഡിഎഫ് സ്ഥാനാർഥി എയ്ഞ്ചലിനെയും ഭർത്താവിനേയും തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആക്രമിച്ച കേസിലാണ് അറസ്റ്റ്.

 

കോഴിക്കോട് കാരശ്ശേരി ബാങ്കിൽ ഭരണം പിടിക്കാന്‍ വഴിവിട്ട നീക്കങ്ങളെന്ന പരാതിയെ തുടർന്ന് ഭരണസമിതി മരവിപ്പിച്ചു. ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് നിയന്ത്രണത്തിലാക്കി. രാത്രിയിൽ ആരുമറിയാതെ 829 മെമ്പര്‍മാരെ ബാങ്കിൽ ചേര്‍ക്കാനുള്ള നീക്കം വിവാദമായിരുന്നു. ബാങ്ക് ചെയർമാന്‍റെ പിന്തുണയോടെ ഭരണം പിടിക്കാനാണ് സിപിഎം നീക്കമെന്നാണ് യുഡിഎഫിന്‍റെ ആരോപണം. കെപിസിസി അംഗം എൻകെ അബ്ദുറഹ്മാൻ ആണ് ബാങ്കിന്‍റെ ചെയര്‍മാൻ. മെമ്പര്‍മാരെ ചേര്‍ക്കാന്‍ തങ്ങളുടെ ഐഡിയും പാസ് വേഡും ദുരുപയോഗം ചെയ്തെന്നാണ് ജീവനക്കാരുടെ പരാതി. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.

 

കാപ്പാ കേസ് പ്രതിക്ക് ഉള്‍പ്പെടെ വിവരം ചോര്‍ത്തി നൽകിയ സംഭവത്തിൽ എഎസ്ഐയ്ക്ക് സസ്പെന്‍ഷൻ. തിരുവല്ല പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്തിരുന്ന എഎസ്ഐ ബിനു കുമാറിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. കോടതിയിൽ ഹാജരാക്കുന്നതിന് മുന്‍പ് പ്രതികൾക്ക് ജാമ്യം കിട്ടാൻ സഹായിക്കുന്ന രീതിയിൽ റിമാൻഡ് റിപ്പോർട്ട് വിവരം ഉൾപ്പെടെ ചോർത്തി നൽകിയെന്നാണ് കണ്ടെത്തൽ.

 

അന്തരിച്ച കൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീലയുടെ ഖബറടക്കം ഇന്ന്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം രാവിലെ സിപിഎം നേതാക്കള്‍ ഏറ്റുവാങ്ങി. രാവിലെ എട്ട് മുതല്‍ പത്ത് വരെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനത്തിന് വെച്ചു. പിന്നീട്, കൊയിലാണ്ടി ടൗണ്‍ ഹാളിലും തലക്കുളത്തൂരിലെ കണ്‍വെന്‍ഷന്‍ സെന്‍ററിലും ചോയിക്കുളത്തെ വീട്ടിലും പൊതു ദര്‍ശനമുണ്ട്. അത്തോളി കുനിയില്‍ കടവ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ വൈകിട്ട് അഞ്ചു മണിക്കാണ് ഖബറടക്കം.

 

തൃശൂരിൽ ഹോണടിച്ചതിനെ ചൊല്ലിയുള്ള തര്‍ക്കത്തിൽ മൂന്നുപേര്‍ക്ക് കുത്തേറ്റു. തൃശൂർ പേരാമംഗലത്ത് ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ഹോണടിച്ചതിന്‍റെ പേരിലുള്ള തർക്കത്തിനിടെ അച്ഛനും മകനും സുഹൃത്തിനുമാണ് കുത്തേറ്റത്. മുണ്ടൂർ സ്വദേശി ബിനീഷ് (46) , മകൻ അഭിനവ് (19) , സുഹൃത്ത് അഭിജിത്ത് (29) എന്നിവർക്കാണ് കുത്തേറ്റ് സാരമായി പരിക്കേറ്റത്. ഇവരെ ആക്രമിച്ച കേച്ചേരി സ്വദേശി കൃഷ്ണ കിഷോർ സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. തമിഴ് നാട്ടിലേയ്ക്കു കടന്ന അക്രമിയ്ക്കായി അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

 

കണ്ണൂര്‍ സെന്‍ട്രൽ ജയിലിൽ റിമാന്‍ഡിൽ കഴിയുന്ന പ്രതി ജീവനൊടുക്കി. കത്തികൊണ്ട് കഴുത്തറുത്ത് മരിച്ച നിലയിലാണ് പ്രതിയെ കണ്ടെത്തിയത്. വയനാട് കേണിച്ചിറ സ്വദേശി ജിൽസണ്‍ ആണ് മരിച്ചത്. മുന്‍പും ജിൽസണ്‍ ആത്മഹത്യാശ്രമം നടത്തിയിരുന്നു. തുടര്‍ന്ന് കൗണ്‍സിലിങ് അടക്കം നൽകിയിരുന്നു. ഭാര്യയെ കൊലപ്പെടുത്തിയ കേസിലാണ് ജിൽസണ്‍ ജയിലിലായത്.

 

ഡിറ്റ്‌വാ ചുഴലിക്കാറ്റ് കനത്ത നാശം വിതച്ച ശ്രീലങ്കയിലേക്ക് സഹായവുമായി പോയ പാക് വിമാനത്തിന് ഇന്ത്യൻ വ്യോമാതിർത്തിയിൽ കടക്കാൻ ഇന്ത്യ അതിവേഗം അനുമതി നൽകി. എന്നാൽ പാകിസ്‌ഥാൻ ഭരണകൂടത്തിൽ നിന്നുള്ള ഉന്നതരെ ഉദ്ധരിച്ച് പാക് മാധ്യമങ്ങളിൽ, ഈ വിമാനത്തിന് ഇന്ത്യൻ വ്യോമാതിർത്തിയിൽ പ്രവേശിക്കാൻ ഇന്ത്യ അനുമതി നിഷേധിച്ചെന്നായിരുന്നു വാർത്ത. ഇതിനെ ശക്തമായ ഭാഷയിൽ ഇന്ത്യ അപലപിച്ചു.

 

ഇന്ത്യൻ സൈന്യവുമായി ബന്ധപ്പെട്ട വിവരങ്ങൾ പാക് ചാരസംഘടനയായ ഐഎസ്ഐക്ക് ചോർത്തി നൽകിയെന്ന കണ്ടെത്തലിന് പിന്നാലെ പഞ്ചാബ് സ്വദേശിയായ യുവാവിനെ രാജസ്ഥാനിലെ ശ്രീ ഗംഗാനഗറിൽ നിന്നും അറസ്റ്റ് ചെയ്തു. പ്രകാശ് സിങ് (ബാദൽ – 34) ആണ് അറസ്റ്റിലായത്. സാമ്പത്തിക നേട്ടം ലക്ഷ്യമിട്ട് അതിർത്തിയിലെ സുപ്രധാന വിവരങ്ങൾ പാക് ചാര സംഘടനയ്ക്ക് കൈമാറിയെന്ന കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

 

കശ്മീരിൽ നിയന്ത്രണ രേഖയ്ക്ക് സമീപം 69 ലോഞ്ച് പാഡുകളിലായി 120 ഭീകരർ നിലയുറപ്പിച്ചിട്ടുണ്ടെന്നും ഇവർ നിരീക്ഷണത്തിലാണെന്നും ബിഎസ്എഫ് വ്യക്തമാക്കി. ഓപ്പറേഷൻ സിന്ദൂറിന്റെ ഒന്നാം ഘട്ടത്തിന് പിന്നാലെ നിയന്ത്രണ രേഖയ്ക്ക് സമീപത്തുനിന്ന് ഭീകരർ മാറിയിരുന്നു. ഭീകരരുടെ ഭാഗത്ത് നിന്ന് നുഴഞ്ഞു കയറ്റത്തിന് ശ്രമമുണ്ടായാൽ കർശന നടപടിക്കാണ് തീരുമാനമെന്നും ജമ്മു കശ്മീരിൻ്റെ ചുമതലയുള്ള ബിഎസ്എഫ് ഐജി അശോക് യാദവ് വ്യക്തമാക്കിയിട്ടുണ്ട്.

 

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആരോഗ്യ നില മികച്ചതെന്ന് വൈറ്റ് ഹൗസിലെ ആരോഗ്യ വിദഗ്ധർ. എംആർഐ പരിശോധനകൾക്ക് ശേഷമാണ് വൈറ്റ്ഹൗസ് ഡോക്ടർമാരുടെ പ്രതികരണം. 79കാരനായ ട്രംപിന്റെ ഹൃദയം, വയറ് എന്നിവയുടെ വിശദമായ പരിശോധനാഫലമാണ് കഴിഞ്ഞ ദിവസം പൂർത്തിയായത്. പ്രസിഡന്റ് പൂർണ ആരോഗ്യവാനാണെന്നും ആശങ്കപ്പെടേണ്ട കാര്യങ്ങളില്ലെന്നുമാണ് വൈറ്റ് ഹൗസ് ആരോഗ്യ വിദഗ്ധർ വിശദമാക്കുന്നത്.

 

 

കനത്ത മഴയെ തുടർന്ന് ചെന്നൈയിൽ നിന്ന് പുറപ്പെടേണ്ട 12 വിമാന സർവീസുകൾ റദ്ദാക്കി. കൊച്ചി – ചെന്നൈ വിമാനവും റദ്ദാക്കിയ വിമാസ സർവീസുകളിൽ ഉൾപ്പെടുന്നു. ചെന്നൈ ഉൾപ്പെടുന്ന വടക്കൻ തമിഴ്നാട്ടിൽ ഇന്നും മഴ തുടരുമെന്നാണ് അറിയിപ്പ്. ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം അടക്കം 7 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.ചെന്നൈയിലും തിരുവള്ളൂരിലും പുലർച്ചയോളം പല സ്ഥലങ്ങളിലും മഴ തുടർന്നു. രണ്ട് ജില്ലകളിലും ഇന്നലെ കേന്ദ്ര ജല കമ്മീഷൻ പ്രളയ മുന്നറിയിപ്പും നൽകിയിരുന്നു.

 

അമേരിക്കയില്‍ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് പ്രതിസന്ധിയില്‍. അമേരിക്കയുടെ പുതിയ വിസാ നയമാണ് പ്രതിസന്ധിക്ക് കാരണം. അടുത്ത വര്‍ഷം ജൂണ്‍ ജൂണ്‍ 11 മുതല്‍ ജൂലൈ 19 വരെ അമേരിക്കയും കാനഡയും മെക്‌സിക്കോയും സംയുക്തമായി വേദിയാവുന്ന ഫിഫ ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് നിശ്ചയിച്ചിരിക്കുന്നത് വെള്ളിയാഴ്ച വാഷിംഗ്ടണിലാണ്. ലോകകപ്പിന് യോഗ്യത നേടിയ ഇറാന്റെയും ഹെയ്തിയുടെയും പ്രതിനിധി സംഘങ്ങള്‍ക്ക് വിസ അനുവദിക്കില്ലെന്ന നിലപാടിലാണ് അമേരിക്ക. നറുക്കെടുപ്പ് ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് ഇറാനും നിലപാട് വ്യക്തമാക്കി.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *