ശബരിമലയിലെ സ്വർണ്ണപാളിയുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് ഹൈക്കോടതി. എഡിജിപി എച്ച് വെങ്കടേശിന്റെ നേതൃത്വത്തിലായിരിക്കും അന്വേഷണം. അഞ്ച് പേരായിരിക്കും അന്വേഷണ സംഘത്തിലുണ്ടാകുക. ഒരു മാസത്തിനുള്ളിൽ റിപ്പോര്‍ട്ട് നൽകണമെന്നും അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടരുതെന്നും ഹൈക്കോടതി വ്യക്തമാക്കി.
ശബരിമലയിലെ സ്വർണ്ണപാളിയുമായി ബന്ധപ്പെട്ടുള്ള അന്വേഷണ തീരുമാനം പൂർണ്ണമായും സ്വാഗതം ചെയ്യുന്നുവെന്ന് ദേവസ്വം മന്ത്രി വിഎൻ വാസവൻ വ്യക്തമാക്കി. കോടതി ഇടപെടലിൽ വലിയ സന്തോഷമുണ്ടെന്ന് പറഞ്ഞ മന്ത്രി പൂർണ്ണമായും സർക്കാർ സഹകരിക്കുമെന്നും ഉറപ്പു നൽകി. സർക്കാരിനോ ദേവസ്വം വകുപ്പിനോ ഒരു പങ്കും ഇല്ല. തീർത്ഥാടന കാലത്ത് സഹായം ലഭ്യമാക്കൽ മാത്രമാണ് ജോലി. ദേവസ്വം ബോർഡിനെ സാമ്പത്തികമായി സഹായിക്കാറേ ഉള്ളൂവെന്നും വാസവൻ ചൂണ്ടിക്കാട്ടി.
പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് നിർത്തിവെച്ച സഭ വീണ്ടും തുടങ്ങിയെങ്കിലും വീണ്ടും പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം. മുദ്രാവാക്യം വിളികളുമായിട്ടാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. ശബരിമലയിലെ സ്വർണപ്പാളി വിഷയത്തിലെ ചോദ്യോത്തര വേളയിലാണ് പ്രതിപക്ഷം ബാനറുമായി നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചത്. സർക്കാർ ചർച്ചയ്ക്ക് തയ്യാറെന്ന് എംബി രാജേഷ് വ്യക്തമാക്കി. സ്പീക്കറുടെ ഇരിപ്പിടത്തെ മറച്ചു കൊണ്ടാണ് പ്രതിപക്ഷം ബാനര്‍ ഉയര്‍ത്തിയത്. നടപടിയിൽ രോഷാകുലനായിട്ടാണ് സ്പീക്കര്‍ പ്രതികരിച്ചത്. നോട്ടീസ് നൽകാതെ പ്രതിപക്ഷം പ്രതിഷേധിക്കുന്നതെന്തിനെന്ന് സ്പീക്കര്‍ ചോദിച്ചു. സഭ ഇന്നത്തേക്ക് പിരിഞ്ഞു.
ശബരിമല സ്വർണ്ണപ്പാളി വിവാദത്തിൽ നക്ഷത്ര ചിഹ്നം ഇട്ട നാല് ചോദ്യങ്ങളാണ് പ്രതിപക്ഷം നിയമസഭയിൽ ഉന്നയിച്ചത്. എല്ലാ ചോദ്യത്തിനും ഹൈക്കോടതി നിരീക്ഷണത്തെ കൂട്ടു പിടിച്ചാണ് സർക്കാർ മറുപടി പറഞ്ഞത്. സ്വർണ്ണപ്പാളികളുടെ ഭാരക്കുറവ് ഹൈക്കോടതി ചൂണ്ടിക്കാട്ടിയത് ശ്രദ്ധയിൽപ്പെട്ടെന്ന് സർക്കാർ വ്യക്തമാക്കി. ദേവസ്വം ബോർഡ് വിജിലൻസ് ആണ് അന്വേഷണം നടത്തുന്നു എന്ന് ആവർത്തിച്ച് മറുപടിയും നൽകി.
ശബരിമലയിൽ സ്വര്‍ണപ്പാളിയിൽ നിന്ന് സ്വര്‍ണം കവര്ന്നുവെന് വിജിലൻസ് റിപ്പോര്‍ട്ട്. 2019ൽ കൊണ്ടുപോയത് ദ്വാരപാലക ശിൽപ പാളികളും രണ്ട് പാളികളുമെന്ന് റിപ്പോര്‍ട്ടിൽ വ്യക്തമാക്കുന്നു. ഒന്നരക്കിലോ സ്വര്‍ണമാണ് പൊതിഞ്ഞിരുന്നത്. ഉണ്ണിക്കൃഷ്ണൻ പോറ്റി കൊണ്ടുവന്നതിൽ 394 ഗ്രാം സ്വര്‍ണം മാത്രമെന്നും വിജിലൻസ് വ്യക്തമാക്കി.
ശബരിമല സ്വർണ്ണപ്പാളിയുമായി ബന്ധപ്പെട്ട് ഉണ്ണിക്കൃഷ്ണൻ പോറ്റി നൽകിയ മൊഴികളിൽ അടിമുടി ദുരൂഹതയെന്ന് ദേവസ്വം വിജിലൻസ്. വിഷയത്തിൽ വിശദ അന്വേഷണം ആവശ്യപ്പെട്ട് ദേവസ്വം വിജിലൻസ് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകും. വ്യാഴാഴ്ച റിപ്പോർട്ട് നൽകുമെന്നാണ് വിവരം. അതേസമയം, സംഭവത്തിൽ സ്പോൺസർ-ഉദ്യോഗസ്ഥ കൂട്ടുകെട്ട് ഉണ്ടായെന്നാണ് നിഗമനം.
ശബരിമല അയ്യപ്പന്റെ സ്വർണം കവർന്നത് 2022ൽ തന്നെ സർക്കാരിനും ദേവസ്വം ബോഡിനും അറിയാവുന്ന വിഷയമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഹൈക്കോടതി ഇടപെട്ടപ്പോഴാണ് വിവരം പുറത്തായത്. സർക്കാരും ദേവസ്വം ബോർഡും കള്ള കച്ചവടത്തിൽ പങ്കാളിയാണെന്നും സതീശൻ ആരോപിച്ചു. സ്വർണം കവർന്നെന്ന് ബോധ്യപ്പെട്ടിട്ടും അതേ സ്പോൺസറെ തന്നെ ഏൽപ്പിച്ചു വെച്ചും ഹൈക്കോടതിയുടെ നിരീക്ഷണത്തിൽ സിബിഐ അന്വേഷണം വേണമെന്നും അദ്ദേഹം കൂട്ടിചേർത്തു.
തിരുവോണം ബമ്പറായ 25 കോടിയുടെ ഒന്നാം സമ്മാനം അടിച്ചത് ആലപ്പുഴ തുറവൂർ സ്വദേശിക്ക്. എസ് ബി ഐ ശാഖയിൽ ടിക്കറ്റ് ഹാജരാക്കിയതോടെയാണ് കൊച്ചിയിലല്ല, ആലപ്പുഴയിലാണ് ബമ്പറടിച്ചതെന്ന് വ്യക്തമായത്. തുറവൂർ തൈക്കാട്ടുശേരി സ്വദേശിയായ ശരത് എസ് നായർക്കാണ് ബമ്പറടിച്ചത്. നിപ്പോൺ പെയിന്റ്സ് ജീവനക്കാരനായ ശരത് നെട്ടൂരിൽ നിന്നാണ് ടിക്കറ്റ് എടുത്തത്. നെട്ടൂരിലെ ലോട്ടറി ഏജന്റ് ലതീഷിൽ നിന്നാണ് ഒന്നാം സമ്മാനമടിച്ച ടിക്കറ്റെടുത്തത്.
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ കെഎസ്ആർടിസി ബസ് ഫ്ലാഗ് ഓഫ് ചെയ്തതിനെ ചൊല്ലി കോൺഗ്രസിൽ തർക്കം. തങ്ങളെ അറിയിക്കാതെ പരിപാടി നടത്തിയെന്ന് കോൺഗ്രസ് നേതാവും പാലക്കാട് നഗരസഭ കൗൺസിലറുമായ മൻസൂർ മണലാഞ്ചേരി പറഞ്ഞു. ബ്ലോക്ക് കോൺഗ്രസ് വാട്സ്ആപ്പ് ഗ്രൂപ്പിലാണ് മൻസൂർ ശബ്ദ സന്ദേശം ഇട്ടത്. എന്തുകൊണ്ട് തങ്ങളെ അറിയിച്ചില്ലെന്ന് വ്യക്തമാക്കണമെന്നും മൻസൂർ പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാടുനിന്നുള്ള കെഎസ്ആര്‍ടിസിയുടെ പുതിയ ബസ് സര്‍വീസ് ഫ്ലാഗ് ഓഫ് ചെയ്തതിൽ പ്രതിഷേധവുമായി ഡിവൈഎഫ്ഐയും കെഎസ്ആര്‍ടിസിയിലെ ഇടത് അനുകൂല തൊഴിലാളി സംഘടനയും. പാലക്കാട് ഡിടിഒയെ തടഞ്ഞ് ഡിവൈഎഫ്ഐ നേതാക്കള്‍ പ്രതിഷേധിച്ചു. കെഎസ്ആര്‍ടിസിയിലെ ഇടത് സംഘടനയെ പോലും അറിയിക്കാതെയാണ് പരിപാടി നടത്തിയതെന്ന് ആരോപിച്ച് കെഎസ്ആര്‍ടിഇഎ സംഘടനയും ഡിപ്പോക്ക് പുറത്ത് പ്രതിഷേധിച്ചു.
രാഹുൽ മാങ്കൂട്ടത്തിലിനെ പരിഹസിച്ച് ബിജെപിയും. രാഹുലിൻ്റേത് ഒളിസേവയെന്നാണ് ബിജെപി സംസ്ഥാന ട്രഷറർ ഇ കൃഷ്ണദാസ് പറഞ്ഞു. രാഹുൽ പരിപാടിയിൽ പങ്കെടുത്തത് ഇരുട്ടിൻ്റെ മറവിലാണന്നും ഒരാളെയും അറിയിക്കാതെയാണെന്നും കൃഷ്ണദാസ് പരിഹസിച്ചു.
പാലക്കാട് ജില്ലാ ആശുപത്രിയിലെ രണ്ട് ഡോക്ടർമാർക്ക് സസ്പെൻഷൻ. ഡോ. മുസ്തഫ, ഡോ. സർഫറാസ് എന്നിവർക്കെതിരെയാണ് നടപടി. ചികിത്സാ പ്രോട്ടോക്കോൾ ലംഘിച്ചെന്നു കണ്ടെത്തിയതിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. അതേ സമയം പാലക്കാട് ജില്ലാ ആശുപത്രിയിൽ ഉണ്ടായ ദൗർഭാഗ്യകരമായ സംഭവത്തിൽ ഡോക്ടർമാരെ സസ്പെൻഡ് ചെയ്ത സർക്കാർ നടപടിയിൽ ശക്തമായ പ്രതിഷേധം അറിയിക്കുന്നുവെന്ന് KGMOA വ്യക്തമാക്കി.. ചികിത്സയിൽ സംഭവിക്കാവുന്ന അപൂർവമായ സങ്കീർണതയെ, ചികിത്സാപ്പിഴവായി വ്യാഖ്യാനിച്ച് ഡോക്ടർമാരെ ബലിയാടാക്കാനുള്ള ശ്രമം ഒരുതരത്തിലും അംഗീകരിക്കാൻ ആവില്ലെന്നും KGMOA വ്യക്തമാക്കി.
മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണമില്ല. മാത്യു കുഴൽനാടന്റെ ഹർജി സുപ്രീം കോടതി തള്ളി. ഹർജിയിൽ ഇടപെടാനില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. രാഷ്ട്രീയ വിഷയങ്ങൾ കോടതിയിലേക്ക് കൊണ്ടുവരുതെന്നും ചീഫ് ജസ്റ്റീസ് വ്യക്തമാക്കി. സിഎംആർഎൽ എക്സാലോജിക് ഇടപാടില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടാണ് മാത്യു കുഴൽനാടൻ എംഎൽഎ സുപ്രീംകോടതിയെ സമീപിച്ചത്.
വയനാട്ടിലെ ബ്രഹ്മഗിരി ഡെവലപ്പ്മെന്റ് സൊസൈറ്റിയിലെ സാമ്പത്തിക തട്ടിപ്പിൽ ജനങ്ങളില്‍ നിന്ന് കോടികള്‍ വാങ്ങി പലിശ നല്‍കിയത് കടുത്ത നിയമലംഘനമാണെന്ന് കണ്ടെത്തൽ. കേന്ദ്ര ബഡ്സ് ആക്ടിന് വിരുദ്ധമായാണ് ബാങ്ക് പോലെ ബ്രഹ്മഗിരി പ്രവർത്തിച്ചത്. എന്നാൽ ചാരിറ്റബിള്‍ സൊസൈറ്റിയായാണ് ബ്രഹ്മഗിരി രജിസ്റ്റർ ചെയ്തിരിക്കുന്നത്. നടപടികളെല്ലാം നിയമവിരുദ്ധമാണെന്നാണ് റിപ്പോർട്.
സ്ഥാനാർത്ഥിയാകാൻ സമീപിച്ചെന്ന ട്വന്റി 20 നേതാവ് സാബു എം ജേക്കബിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി കുന്നത്തുനാട് എംഎൽഎ പി വി ശ്രീനിജിൻ. വില കുറഞ്ഞ രാഷ്ട്രീയ ആരോപണമെന്നാണ് ശ്രീനിജിന്റെ പ്രതികരണം. സാബുവിനെ വെല്ലുവിളിക്കുന്നുവെന്നും ശ്രീനിജൻ പറഞ്ഞു. നേരിട്ട് വന്ന് വികസനം കാണിച്ചു തരൂവെന്നും ശ്രീനിജിൻ ആവശ്യപ്പെട്ടു.
കാസർകോട് കുമ്പള ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപകർ കർട്ടൻ ഇട്ട് നിർത്തി വയ്പ്പിച്ച മൈം വിദ്യാർത്ഥികൾ വീണ്ടും അവതരിപ്പിച്ചു. പലസ്തീൻ ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള മൈം ആണ് കുട്ടികൾ അവതരിപ്പിച്ചത്. നേരത്തെ 10 മിനിറ്റ് ദൈർഘ്യമുണ്ടായിരുന്ന മൈം കലോത്സവ മാന്വൽ പ്രകാരം 5 മിനിറ്റിലേക്ക് ചുരുക്കിയായിരുന്നു അവതരണം.
കുമ്പള സ്കൂളിലെ പലസ്തീൻ ഐക്യദാര്‍ഢ്യ മൈം നിര്‍ത്തിവെപ്പിച്ച സംഭവത്തിൽ ഡിഡിഇ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കലോത്സവ മാനുവലിന് വിരുദ്ധമായാണ് മൈം അവതരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടിൽ പറയുന്നത്. സ്കൂളിൽ കുട്ടികൾ തമ്മിലുണ്ടായ സംഘർഷം കണക്കിലെടുത്താണ് കലോത്സവം നിർത്തിവെച്ചതെന്നുമാണ് റിപ്പോര്‍ട്ടിൽ പറയുന്നത്.
പാലിയേക്കരയിലെ ടോള്‍ പിരിവിനുള്ള വിലക്ക് വെള്ളിയാഴ്ച വരെ നീട്ടി. ടോൾ പാതയിലെ ഗതാഗത പ്രശ്നം ഒരു മാറ്റവുമില്ലാതെ തുടരുന്നുവെന്ന് തൃശൂർ ജില്ലകളക്ടർ കോടതിയെ അറിയിച്ചു. നാല് വരി പാത ചെറിയ സർവ്വീസ് റോഡിലേക്ക് ചുരുങ്ങുന്ന സ്ഥലങ്ങളിൽ ഇപ്പോഴും രൂക്ഷമായ ഗതാഗത കുരുക്കാണ്. അതേ സമയം
ഹൈകോടതിയുടെ തീരുമാനം സ്വാഗതാർഹമെന്ന് പരാതിക്കാരൻ ഷാജി കോടംകണ്ടത്ത് പ്രതികരിച്ചു.
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറം സ്വദേശിയായ ആറുവയസുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. ശനിയാഴ്ചയാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ കുട്ടിയെ പ്രവേശിപ്പിച്ചത്. ഇതോടെ രോഗം ബാധിച്ച് ആശുപത്രിയിലുള്ള കുട്ടികളുടെ എണ്ണം രണ്ടായി.
പിറവത്തും വിജയക്കൊടി നാട്ടി വീയ്യപുരം ചുണ്ടൻ. മറ്റു രണ്ടു ചുണ്ടൻ വള്ളങ്ങളെയും പിന്നിലാക്കി സെക്കന്റുകളുടെ വ്യത്യാസത്തിലാണ് ഇത്തവണത്തെ നെഹ്റു ട്രോഫി ജേതാക്കളായ വീയ്യപുരം ചുണ്ടൻ മൂവാറ്റുപുഴയാറിനെയും കീഴടക്കിയത്. കൈനകരി വില്ലേജ് ബോട്ട് ക്ലബ്ബാണ് വീയ്യപുരം ചുണ്ടൻ തുഴഞ്ഞത്. സെക്കന്റുകളുടെ വ്യത്യാസത്തിൽ മേൽപ്പാടം ചുണ്ടൻ രണ്ടാം സ്ഥാനവും നടുഭാഗം ചുണ്ടൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
തെരുവുനായ ശല്യത്തിനെതിരെ ബോധവത്കരണ ഏകാംഗ നാടകം അവതരിപ്പിക്കുന്നതിനിടെ നാടക പ്രവര്‍ത്തകനെ തെരുവുനായ ആക്രമിച്ചു. കണ്ണൂര്‍ കണ്ടക്കൈ സ്വദേശി പി രാധാകൃഷ്ണനെയാണ് തെരുവുനായ കടിച്ചത്. കണ്ണൂരിലെ വായനശാലയുടെ വരാന്തയിൽ ഒരുക്കിയ വേദിയിൽ നാടകം അവതരിപ്പിക്കുന്നതിനിടെ അവിടേക്ക് എത്തിയ തെരുവുനായ രാധാകൃഷ്ണനെ ആക്രമിക്കുകയായിരുന്നു.
സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റിന്റെ കളര്‍ പ്രിന്റ് തയ്യാറാക്കി കോപ്പി നല്കി പണം തട്ടിയെടുത്ത കേസില്‍ പ്രതി അറസ്റ്റില്‍. കടങ്ങോട് ഇയ്യാല്‍ മനക്കുന്നത്തു പ്രജിഷി (40) നെ യാണ് പോലീസ് അറസ്റ്റ് ചെയ്തത്. വടക്കാഞ്ചേരി മാരിയമ്മന്‍ കോവിലിന് സമീപത്തുള്ള ആരോണ്‍ ലോട്ടറി കടയിലാണ് കഴിഞ്ഞ മാസം 21ന് തട്ടിപ്പ് നടന്നത്. കട നടത്തുന്ന ലിജിയാണ് തട്ടിപ്പിന് ഇരയായത്.
പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. മട്ടാഞ്ചേരി ചക്കരയിടുക്ക് ഭാഗത്ത് CC 3/820 വീട്ടിൽ അൻസിൽ ഷാ (27), മട്ടാഞ്ചേരി ലോബോ ജംഗ്ഷനിൽ 6/670 അസ്രാജ് ബിൽഡിങ്ങിൽ ഷിനാസ് (28) എന്നിവരെയാണ് കൊച്ചി സിറ്റി പൊലീസ് അറസ്റ്റ് ചെയ്തത്. മയക്കുമരുന്ന് സംഘത്തെ കുറിച്ച് രഹസ്യ വിവരം ലഭിച്ച് പരിശോധനക്കായി എത്തിയ പൊലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്ന കേസിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.
ഇടുക്കി ചിന്നക്കനാൽ ചൂണ്ടലിൽ കാട്ടാന ആക്രമണത്തിൽ വയോധികൻ കൊല്ലപ്പെട്ടു. ചിന്നക്കനാൽ പന്നിയാർ സ്വദേശി ജോസഫ് വേലുച്ചാമി (62) ആണ് മരിച്ചത്. ഏലത്തോട്ടത്തിൽ വെച്ചാണ് ജോസഫിനുനേരെ കാട്ടാന ആക്രമണം ഉണ്ടായത്. ഏലത്തോട്ടത്തിൽ കാട്ടാനയുടെ ചവിട്ടേറ്റ് കിടക്കുന്ന നിലയിലാണ് ജോസഫിനെ കണ്ടെത്തിയത്.
ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്നുണ്ടാകും. വൈകീട്ട് നാല് മണിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ വാർത്താ സമ്മേളനം വിളിച്ചിട്ടുണ്ട്. ഈ വാർത്താ സമ്മേളനത്തിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടാകുമെന്നാണ് വ്യക്തമാകുന്നത്. ഈ മാസം 28 ന് അവസാനിക്കുന്ന വടക്കേന്ത്യയിലെ ഛാത്ത് പൂജക്ക് പിന്നാലെ തെരഞ്ഞെടുപ്പ് നടത്താനാണ് സാധ്യത.
ദില്ലിയിൽ കോളറ വ്യാപിക്കുന്നതായി റിപ്പോർട്ട്. വയറിളക്കം, നിർജലീകരണം, ഛർദി തുടങ്ങിയ രോഗലക്ഷണങ്ങളുമായി നിരവധി പേരാണ് ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടത്. മലിന ജലവും ശുചിത്വമില്ലായ്മയുമാണ് ഇതിന് കാരണമായി ആരോഗ്യ വകുപ്പ് അധികൃതർ ചൂണ്ടിക്കാട്ടുന്നത്. ദില്ലിയിലെ വിവിധ ആശുപത്രികളിലായി നിരവധിയാളുകൾ രോഗലക്ഷണങ്ങളുമായി പ്രതിദിനം ചികിത്സ തേടുന്നതായാണ് റിപ്പോർട്ടുകൾ.
ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിൽ തടവുകാരനായ ഗുണ്ടയുടെ പിറന്നാൾ ആഘോഷിച്ചു. കുപ്രസിദ്ധ ഗുണ്ട ഗു സീന എന്ന ശ്രീനിവാസന്റെ പിറന്നാളാണ് ജയിലിൽ കേക്ക് മുറിച്ച് ആഘോഷിച്ചത്. കൊലക്കേസിൽ ജയിലിൽ കഴിയുകയാണ് ശ്രീനിവാസ. ഇയാളുടെ അനുയായികളാണ് സാമൂഹിക മാധ്യമങ്ങളിൽ ആഘോഷത്തിന്റെ വീഡിയോ പങ്കുവെച്ചത്. തുടര്‍ന്ന് സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് ജയിൽ എഡിജിപി.
രാജസ്ഥാനിൽ ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ രോഗികളായ 6 പേർ വെന്തു മരിച്ചു. ജയ്പൂരിലെ എസ്എംഎസ് ആശുപത്രിയിലാണ് തീപിടുത്തം ഉണ്ടായത്. ഇന്നലെ രാത്രിയാണ് സംഭവം. ഷോർട്ട് സർക്യൂട്ട് ആണ് ദുരന്ത കാരണമെന്ന് പൊലീസ് പറയുന്നു. മരിച്ചവരിൽ 2 സ്ത്രീകൾ ഉൾപ്പെടുന്നതായി ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു. അതേസമയം, ആശുപത്രിയിൽ ഫോറൻസിക് ഉൾപ്പെടെയുള്ള പരിശോധനകൾ തുടരുകയാണ്.
സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് നേരെ കോടതി മുറിക്കുള്ളിൽ അതിക്രമ ശ്രമം. രാവിലെ കേസ് പരാമർശിക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസ് ബി ആര് ഗവായ്ക്ക് നേരെ ഷൂ ഏറിയാനുള്ള ശ്രമം നടന്നത്. സനാതന ധര്മ്മത്തിനെതിരായി ചീഫ് ജസ്റ്റിസ് പ്രവര്‍ത്തിക്കുന്നു എന്നാരോപിച്ച് ഒരു അഭിഭാഷകന് എത്തുകയും മുദ്രാവാക്യം വിളിച്ചുകൊണ്ട് ഷൂ എറിയാന്‍ ശ്രമിച്ചു എന്നുമാണ് റിപ്പോര്‍ട്ട്.
തമിഴ്നാട് ചെങ്കൽപെട്ട് വാണ്ടല്ലൂർ മൃഗശാലയിലെ സിംഹത്തെ കാണാനില്ലെന്ന് പരാതി. അഞ്ച് വയസ്സുള്ള ആൺ സിംഹം ഷേർയാറിനെയാണ് കാണാതായത്. 50 ഏക്കറിലെ സഫാരി മേഖലയിൽ തുറന്നുവിട്ടതിന് പിന്നാലെയാണ് സിംഹത്തെ കാണാതായതെന്ന് അധികൃതർ പറയുന്നു. സിംഹത്തെ കണ്ടെത്താനായി ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ നേതൃത്വത്തിൽ പ്രത്യേക ദൗത്യത്തെ നിയോഗിച്ചു.
ഡാര്‍ജിലിങ്ങിലുണ്ടായ കനത്തമഴയിലും മണ്ണിടിച്ചിലിലും മരണസംഖ്യ 23 ആയി ഉയര്‍ന്നു. കഴിഞ്ഞദിവസങ്ങളില്‍ പെയ്ത മഴയില്‍ മിരിക്, സുഖിയ പോഖ്റി എന്നിവിടങ്ങളിലാണ് മണ്ണിടിച്ചിലുണ്ടായത്. പോലീസും പ്രാദേശിക ഭരണകൂടവും രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. മുഖ്യമന്ത്രി മമത ബാനര്‍ജി ഇന്ന് ഡാര്‍ജിലിങ് സന്ദര്‍ശിച്ചേക്കുമെന്നാണ് സൂചന.
ഒഡീഷ കട്ടക്കിൽ ദുർഗാപൂജയ്ക്കിടെ ഉച്ചത്തിൽ പാട്ട് വയ്ക്കുന്നതിനെ ചൊല്ലിയുള്ള സംഘർഷം രൂക്ഷമായതിനെ തുടർന്ന് കട്ടക്കിൽ ഇന്റർനെറ്റ് റദ്ദാക്കി. കൂടാതെ 36 മണിക്കൂർ കർഫ്യൂ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ദർഗ ബസാർ മേഖലയിലാണ് സംഘർഷമുണ്ടായത്. ഘോഷയാത്രയ്ക്ക് നേരെയും കല്ലേറുണ്ടായി. സംഘർഷത്തിൽ ഡിസിപിക്കും പരിക്കേറ്റിരുന്നു. ഇതിന് പിന്നാലെ നഗരത്തിൽ വിഎച്ച്പി റാലി നടത്തിയത് വീണ്ടും സംഘർഷത്തിനിടയാക്കി. അക്രമത്തെ ശക്തമായി അപലപിച്ച് മുഖ്യമന്ത്രി മോഹൻ ചരൺ മാജിയും മുൻ മുഖ്യമന്ത്രി നവീൻ പട്നായിക്കും രംഗത്തെത്തി.
അമേരിക്കയിൽ സർക്കാർ ചിലവുകൾക്ക് ആവശ്യമായ ധന അനുമതി ബില്ലിൽ ഇന്നും സെനറ്റിൽ വോട്ടെടുപ്പ് നടക്കും. എന്നാൽ ഷട്ട് ഡൗൺ അവസാനിപ്പിക്കാൻ ആവശ്യമായ പിന്തുണ ലഭിക്കില്ലെന്നാണ് സൂചന. അങ്ങനെയെങ്കിൽ അടച്ചു പൂട്ടൽ തുടരും. അമേരിക്കയിൽ തുടരുന്ന ഷട്ട് ഡൗൺ ജനജീവിതത്തെ തന്നെ സ്തംഭിപ്പിച്ചിരിക്കുകയാണ്.
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാറിൽ ഇനിയും സമവായം ആയിട്ടില്ലെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. വ്യാപാര കരാറിൽ പല കാര്യങ്ങളിലും തർക്കം തുടരുകയാണെന്നും പലതും ചുവന്ന വരയ്ക്കപ്പുറം തന്നെയെന്നും അദ്ദേഹം വെളിപ്പെടുത്തി. ഇന്ത്യയുടെ ‘ചുവന്ന വരകൾ’ അമേരിക്ക മാനിക്കണമെന്നും ഇരു രാജ്യങ്ങൾക്കും എല്ലാത്തരത്തിലും അംഗീകരിക്കാനാകുന്ന കരാർ യാഥാർത്ഥ്യമാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും വിദേശകാര്യ മന്ത്രി വിവരിച്ചു.
ജെഎഫ്-17 തണ്ടർ ബ്ലോക്ക് -III യുദ്ധവിമാനങ്ങളിൽ സംയോജിപ്പിക്കുന്നതിനായി റഷ്യ പാകിസ്ഥാന് ആർഡി-93എംഎ എഞ്ചിനുകൾ നൽകുമെന്ന വാർത്ത റഷ്യ തള്ളിയതായി റിപ്പോർട്ട്. അഭ്യൂഹങ്ങൾ ഇന്ത്യയിൽ രാഷ്ട്രീയ പ്രശ്നമായി മാറിയിരുന്നു. പ്രധാനമന്ത്രി മോദിയുടെ വ്യക്തിപരമായ നയതന്ത്ര പരാജയമായി റഷ്യയുടെ നീക്കത്തെ കോൺഗ്രസ് ചൂണ്ടിക്കാട്ടി. എന്നാൽ റഷ്യയ്ക്ക് അത്തരമൊരു പദ്ധതിയില്ലെന്ന് ഏറ്റവും പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ചെസ് ലോക ചാമ്പ്യൻ ഇന്ത്യയുടെ ഡി ഗുകേഷിനെ തോല്പിച്ചശേഷം ഗുകേഷിന്റെ രാജാവിനെ കാണികള്‍ക്കിടയിലേക്ക് വലിച്ചെറിഞ്ഞ യുഎസ് ഗ്രാന്‍ഡ് മാസ്റ്റര്‍ ഹികാരു നകാമുറക്കെതിരെ വിമര്‍ശനം. ഇന്നലെ നടന്ന ഇന്ത്യയുടെയും യുഎസിന്റെയും താരങ്ങള്‍ തമ്മിലുള്ള ചെക്ക്മേറ്റ് പ്രദര്ശൻ മത്സരത്തിലാണ് നകാമുറ ഗുകേഷിനെ 5-0ന് തോല്പിച്ചത്.
